Friday 3 November 2023

കെന്‍ സാരോ വിവ: കവിയും പോരാളിയ

 

വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി

"പുലരി വാനിന്റെ നിലത്തിരശ്ശീലയ്ക്കു മുന്നിൽ
പടരുന്ന നേർത്ത നവംബർ മഞ്ഞിൽ
നിന്റെ വത്സലാകാരം മുഴുവൻ ഉയരവും
കാണിച്ചുയർന്നു നിന്നു
ഇനിയും പാടാത്ത പാട്ടുകൾ"

ഇതുപോലൊരു നവംബർ 10-നാണ് ഇതെഴുതിയ നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ടെലിവിഷന്‍ നിര്‍മ്മാതാവും "ഗോള്‍ഡ്‌മാന്‍ എന്‍‌വിറോണ്മെന്റല്‍ പ്രൈസ്" ജേതാവുമാണ്‌ കെന്‍ സാരോ വിവ എന്ന കെനുല്‍ കെന്‍ ബീസന്‍ സാരോ വിവയെ നൈജീരിയന്‍ ഭരണകൂടം പരസ്യമായി തൂക്കികൊന്നത്. നൈജീരിയയിലെ ഒഗോണി വര്‍ഗത്തിന്റെ മോചനത്തിനായി പോരാടി ജീവന്‍ ത്യജിച്ച കവി. അദ്ദേഹം എഴുതി

"സുരക്ഷാഭടന്റെ ശാസനകൾ
നടപ്പാക്കേണ്ടി വരുന്നതാണത്.
നീതിരഹിതമെന്ന് അറിഞ്ഞിട്ടും
പുസ്തകത്താളുകളിൽ
മജിസ്ട്രേറ്റ് കുറിക്കുന്ന ശിക്ഷകളാണത്.
അനുസരണയുടെ മുഖംമൂടിയണിഞ്ഞ്
നിന്ദ്യരായ ആത്മാക്കളിലേയ്ക്ക്
ആഴ്ന്നിറങ്ങുന്ന ഭീരുത്വവും
ഉടുവസ്ത്രങ്ങളെ മലിനമാക്കുന്ന ഭയവും
സ്വന്തം മൂത്രം കഴുകാനറയ്ക്കുന്ന
ധൈര്യഹീനതയുമാണത്.
അതാണ് അതാണ്.
പ്രിയ സുഹൃത്തേ, നമ്മുടെ
സ്വതന്ത്രലോകത്തെ
മടുപ്പിക്കുന്ന
തടവറയാക്കുന്നത്."

ഈ വാക്കുകളൊക്കെ ഭരണകൂടത്തിന്റെ ശിരസിലേക്കുള്ള അമ്പുകളായിരുന്നു. നൈജീരിയയിലെ  ഒഗോണി വംശത്തില്‍ പിറന്ന കെന്‍ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിനും വന്‍ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.


കെന്‍ സാരോ വിവ

ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍" (MOSOP) എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ഒപ്പം കവിതയിലൂടെ കീറി മുറിച്ചു.

"ഭൂമി മുഴുവൻ ആക്രമിക്കുന്ന
വൻകക്കകളുടെ ആകാരം ധരിച്ച്
എണ്ണവണ്ടികൾ
അശമമായ ദാഹത്തോടെ
വഴികളിലിരമ്പിപ്പാഞ്ഞു
കരിനൊച്ചിമരങ്ങൾ
വരാനിരിക്കുന്ന ഹേമന്തമോർത്ത്
ഇല പൊഴിച്ചു
കാതൽ മരവിച്ചു നിന്നു
ലഗോണികളുടെ ആകാശത്തിൽ
അസാധരണമായ ഒരടയാളവും ഇല്ലായിരുന്നു"

ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു. ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്തു.

യഥാർത്ഥ തടവറ എന്ന കവിതയിൽ കെൻ സാരോ വിവ ഇങ്ങനെ എഴുതുന്നു 

"ഇരുണ്ട്, നാറുന്ന മുറികളുടെ
ചോരുന്ന മേൽക്കൂരയോ
കൊതുകുകളോ അല്ല
നിങ്ങളെ മുറിയിലിട്ടു പൂട്ടുമ്പോൾ
വാർഡന്റെ കയ്യിൽ
കിലുങ്ങുന്ന താക്കോൽക്കൂട്ടമല്ല.
മനുഷ്യനോ മൃഗമോ
കഴിക്കാനറയ്ക്കുന്ന
വൃത്തി ഹീനമായ ഭക്ഷണമല്ല
രാവിന്റെ നിരർത്ഥകതയിലേയ്ക്ക
വഴുതിയിറങ്ങുന്ന
ദിനത്തിന്റെ ശൂന്യതയുമല്ല.
അതല്ല, അതല്ല,
അതൊന്നുമല്ല, തടവറ.
ഒരൊറ്റ തലമുറയ്ക്കായി
നിങ്ങളുടെ കാതുകളിൽ
പെരുമ്പറ മുഴക്കുന്ന
നുണകളാണത്."

കവിതയുടെ ശക്തിയും സമരവീര്യവും ഭരണകൂടത്തെ വെറുതെയിരുത്തിയില്ല. പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി. തന്റെ കൊലക്കയർ മുന്കൂട്ടിക്കണ്ടുകൊണ്ട് അദ്ദേഹം എഴുതി.

"കഴുത്തിൽ കയർ പതുക്കെപ്പതുക്കെ മുറുകുന്നതറിഞ്ഞ്
നിന്റെ ഹൃദയം ഉടലിൽ നിന്നു പുറത്തുചാടി
ഓരോ ശവക്കുഴിയിലും മുട്ടി വിളിക്കുന്നു"

ഓഗോണികൾക്കായി നടത്തിയ പോരാട്ടം ലോകം മുഴുവൻ അംഗീകരിച്ചു. ഒരേ സമയം കവിയും ആക്ടിവിസ്റ്റും ആയി സ്വന്തം ജീവൻ പോലും നോക്കാതെ പൊരുതി. ഒഗോണികൾക്കായി അദ്ദേഹം പ്രാർത്ഥനാപൂർവം  എഴുതിയ കവിതയാണ്  'ഒഗോണി ഗീതം' 

"ഒഗോണിയുടെ സ്രഷ്ടാവേ 
ഔന്നിത്യത്തിന്റെയും
സമ്പന്നതയുടെയുംമണ്ണേ
നിന്റെ സമാധാനവും
അവസാനിക്കാത്ത സ്നേഹവും
ഞങ്ങൾക്കു തരിക.
നമ്മുടെ ഭൂമിയിൽ നീതി വിതയ്ക്കുക.
നമ്മുടെ ശത്രുക്കളെ
ലജ്ജിപ്പിക്കാൻ
വിവേകവും ശക്തിയും തരിക
ഓഗാണിയുടെ സ്രഷ്ടാവേ,
ഔന്നിത്യത്തിന്റെയും
സമ്പന്നതയുടെയും മണ്ണേ 
ഗാകാനകൾക്കും ഘാനകൾക്കും
എലമെകൾക്കും തായ്മകൾക്കും
ബബ്ബേകൾക്കും
ഒടുങ്ങാത്ത വരങ്ങൾ തരിക.
ഉന്നതമായ ഒഗോണി മണ്ണേ 
ഒടുങ്ങാത്ത അനുഗ്രഹങ്ങൾ തരിക."

ഓഗോണികൾക്ക് മാത്രമല്ല ദുരിതം പേറുന്ന ആഫ്രിക്കൻ കറുത്ത മക്കൾക്കെല്ലാം വേണ്ടി കഴുത്തിൽ  കയറു മുറുകും വരെ ധീരതയോടെ കവിത ചൊല്ലിക്കൊണ്ടിരുന്നു. പോരാളിയായ ഈ കവിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ കൂപ്പുകൈ.

___________________________________________________________________


Published on wtplive.in at  : Issue 183   2 November 2023 11:10 AM 

https://wtplive.in/Niroopanam-Vimarshanam/faizal-bava-about-ken-saro-wiwa-5255?fbclid=IwAR28AdDHljUOoZcxTeYdj7vnFViEtW3Bo2wsFsooRe3z42xtnnrMeF6ySIc

No comments:

Post a Comment