Tuesday 25 October 2016

വായനാനുഭവം: ഷീല ടോമിയുടെ ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’

ഷീല ടോമിയുടെ ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’  എന്ന കഥാ സമാഹാരത്തെ കുറിച്ചുള്ള ‘വായനാനുഭവം’
ഷീലാ ടോമിയുടെ ഈ പുസ്തകത്തിൽ ഉള്ള കഥകൾ അത്രയൊന്നും വലുതല്ല. കയ്പ്പും നീരും നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങളും നിറഞ്ഞ കഥകളാണെല്ലാം.

എല്ലാ കഥകളിലെയും സ്ത്രീ കഥാപാത്രങ്ങൾ ഭീതിയോടെയാണു ജീവിതത്തെ നേരിടുന്നത്‌. മുഖ മൊഴിയിൽ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്‌ ഇക്കാര്യം തുറന്നു എഴുതുന്നു.
“അവളവളെക്കുറിച്ചുള്ള ഉത്കണ്ഠകളായി വളരുന്നതും ഭയപ്പെടുത്തുന്നതും എങ്ങനെയെന്നു ഭ്രമാത്മകമായി എഴുതപ്പെട്ട കഥ” എന്നാണ് മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം എന്ന കഥയെ കുറിച്ച് വിലയിരുത്തുന്നത്.
ലളിതമായ ആഖ്യാനരീതിയിൽ സങ്കീർണ്ണതകൾ നിറഞ്ഞ മാനസികാവസ്ഥകളെ ആവിഷ്കരിക്കാൻ ഈ കഥാ സമാഹാരത്തിലെ കഥകൾക്ക് ആവുന്നുണ്ട്.

മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം. വറവുചട്ടിയിൽ നിന്ന് ഒരു സവാള, വൈടുകെ, കിളിനൊച്ചിയിലെ ശലഭങ്ങൾ, കാഴ്ച, ബ്രഹ്മഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ, മകൾ, മൃണാളിനിയുടെ കഥ താരയുടെയും, നിന്റെ ഓർമയ്ക്ക് എന്നീ ഒൻപത് കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
ഭീതി നിറഞ്ഞ ഒരു നോട്ടമോ, തിരിഞ്ഞു നോട്ടമോ,ഉത്കണ്ഠയോ ഒട്ടുമിക്ക കഥകളിലും നിഴലിക്കുന്നത് കാണാം. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയുന്ന എഴുത്തുകാരിയാണ് ഷീല ടോമി എന്ന് അവതാരികയിൽ പികെ ഗോപി പറയുന്നുണ്ട്. ദുരന്ത മുഖങ്ങൾ യാഥാർഥ്യ ബോധത്തോടെ തന്നെയാണ് കഥാകാരി നേരിടുന്നത്. വേണ്ടപെട്ടവരാരും ഇല്ലാത്ത ഒറ്റക്കുള്ള യാത്രകൾ ഇന്ത്യൻ അവസ്ഥയിൽ സ്ത്രീകൾക്ക് ഭീതി ജനിപ്പിക്കുന്ന ഒന്നാണ്. ചുറ്റുമുള്ള കണ്ണുകൾ, മുനവെച്ച നോട്ടങ്ങൾ, വെറുതെയുള്ള പിന്തുടരലുകൾ ഇങ്ങനെ ഭീതിയോടെ ചുറ്റും നോക്കാതെ സ്ത്രീകൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ ആകില്ല എന്ന യാഥാർഥ്യം ആദ്യആവസാനം നിറഞ്ഞു നിൽക്കുന്ന കഥയാണ് ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’. ഡാമിന്റെ പരിശോധനക്കായി പുതിയ ഡാം സ്പെഷലിസ്റ്റായി നിയമിക്കപെടുന്നത് അപ്രതീക്ഷിതവും ഭാഗ്യമുമായാണ് ഇസബെല്ല കാണുന്നത്. മക്കളെ പഠിപ്പിക്കാൻ ലോൺ എടുത്ത് ജീവിതം അത്ര സുഖകരമല്ലതെ മുന്നോട്ട് തള്ളി നീക്കുന്ന മംഗലത്ത് സെബാസ്ത്യാനോസിന് മകൾക്ക് കിട്ടിയ ഈ അവസരം ഒരു ആശ്വാസമാണ്. കടമെടുത്തു കൃഷിയും നഷ്ടത്തിലായ കാലത്ത് ഇതൊരു ആശ്വാസം തന്നെയാണ്. നിയമന ഉത്തരവ് കിട്ടിയ ഉടനെ മറ്റൊന്നിന്നും ആലോചിക്കാതെ ഇറങ്ങിത്തിരിച്ച ഇസബെല്ലയുടെ യാത്രയിലൂടെയാണ് കഥ തുടങ്ങുന്നത്.

ചുരം എത്തിയതോടെ ഇസബെല്ലയിൽ താൻ ഒറ്റക്കാണല്ലോ എന്ന ഭീതി നിറയുന്നു. കറുത്ത തടിച്ച ഡ്രൈവറെ അവൾ ഭയത്തോടെ കാണുന്നു. ഈ ഭീതിയിൽ നിന്നും പെട്ടെന്നുള്ള ട്വിസ്റ്റ് രസകരമാണ്. വഴിയരികിൽ കാണുന്ന വൃദ്ധയുടെ കുടിലിൽ ഇസബെല്ലയെ കാത്തിരിക്കുന്നത് മാസ്മരികമായ മറ്റൊരു ലോകമാണ്. ഈ ട്വിസ്റ്റ് തന്നെയാണ് കഥയുടെ ഭംഗിയും. ഇസബെല്ല പ്രകൃതിയോടും ഭൂമിയോടും ലയിക്കുന്നു. ഇസബെല്ല കഥാപാത്രമല്ല പ്രകൃതിയുടെ സ്പന്ദനം കൂടിയാണെന്ന് അവതാരികയിൽ പറയുന്നു. വിസ്മയകരമായ കഥയുടെ രാവ് അവസാനിക്കുമ്പോൾ ഭീതിയുടെ കെട്ടുമഴിയുന്നു. മെക്കണ്ടോയും മെൽക്വിയാഡിസിന്റെ ഓർമകളും വന്നു മറഞ്ഞു പോയതിനു ശേഷം വീണ്ടും ഭീതിനിറയുന്നു ഇസബെല്ലക്ക് ഓടേണ്ടി വരുന്നു പീഠഭൂമിയിലൂടെ ചതുപ്പിലൂടെ ഭീതിയുടെ നിഴലുകൾ പിന്നാലെയും, മുല്ലപ്പെരിയാർ ഭീതിയിലും കഥ നീങ്ങുന്നു. ഭയം നിറക്കുന്ന ഒരവസ്ഥയുടെ പ്രളയ തീരമാണ് ഈ കഥ. മൂടുപടമിട്ട സാമൂഹികാവസ്ഥയുടെ കറുത്ത രൂപകങ്ങളെ കണക്കിന് പരിഹസിക്കുന്നു. സങ്കല്പ രൂപകങ്ങളില്‍ ചുറ്റി മറുലോകത്തേ ചൂണ്ടുന്നു. പൊട്ടാറായ അണക്കെട്ടിനു താഴെ ഭീതിയോടെ നില്‍ക്കുന്ന ജന്മങ്ങളുടെ അസാധാരണ ഘടനയിലുള്ള ഈ കഥ തന്നെയാണ് സമാഹാരത്തിലെ മികച്ചതെന്നു നിസംശയത്തെ പറയാം …

മനസില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത വിപ്ലവഓര്‍മകളാല്‍ നിറയ്ക്കപെട്ട അണക്കെട്ടുകള്‍ ആണ് നാം ജലം വറ്റി മണല്‍ കൂനകള്‍ പൊന്തിയ വിപ്ലവ സ്വപ്‌നങ്ങള്‍ നിറവേറ്റപ്പെടാതെ പോയ ഈ ഓര്‍മകളെ യാണ് കിളിനോച്ചിയിലെ ശലഭങ്ങള്‍ എന്ന കഥ. രാഷ്ട്രീയമാണ് ഈ കഥയില്‍ പറയുന്നത് എങ്കിലും അതിനിടയില്‍ ഉറ്റു നോക്കുന്ന ജീവിതത്തിന്‍റെ തുടിപ്പ് തങ്ങി നിക്കുന്നത് കാണാം കാവേരി ലഷ്മി ഇത്തരം രാഷ്ട്രീയ ജിവിതത്തിന്റെ പ്രതീകമാണ്‌. എല്ലാം വറ്റിയ അഭയാര്‍ഥി ജീവിതത്തിലൂടെ ഇറ്റിറ്റായി വീഴുന്ന ജലാംശമാണ് ഈ കഥ. “അനുരാധപുരത്തെകുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കാനാണ് ഇന്ദു വീണ്ടും ലങ്കയിലെത്തുന്നത് പ്രാക്തന സംസ്കൃതിയുടെ കൊത്തുപണികളിലും ബുദ്ധ സ്തൂപങ്ങളിലും ചരിത്രം തേടുമ്പോള്‍ അവളായിരുന്നു മനസ് നിറയെ. കാവേരി ലക്ഷ്മി.” ജീവിതങ്ങള്‍ അനവധി വീണുടഞ്ഞു തകര്‍ന്ന ഒരിടത്തിന്റെ അന്വേഷണം വരലക്ഷിയിലൂടെ ഇന്ദു നടത്തുമ്പോള്‍ രാഷ്ട്രീയം നിറയാതെ തരമില്ലാതവിധം കൂടികുഴയുന്നു.
“ഒരു നിമിഷം… ഒരുനാളും മഴയെത്താത്ത മരുഭൂമിയിലെ ചുടുകാറ്റായി ലക്ഷ്മി.. കൊടുങ്കാറ്റായ് ലക്ഷ്മി…!
‘പുലികളാണ് പോലും! സോഷ്യലിസ്റ്റുകളാ അവര്. അടിമൈയാക്കപ്പെട്ടതാലതാന. അവങ്ക ഒന്ന സെര്‍ന്തങ്ക. അവരെ കൊന്നൊടുക്കിയാല്‍ തീരുമോ തമിഴരുടെ പ്രശ്നങ്ങള്‍?
ഈ ചോദ്യം അന്നും ഇന്നും നില്‍ക്കുന്നു. കഥയും
ബ്രഹ്മഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ, മൃണാളിനിയുടെ കഥ താരയുടെയും, തുടങ്ങിയ വ്യത്യസ്തവും പുതിയ തീരത്തിലൂടെ സഞ്ചരിക്കുന്നതുമായ കഥകള്‍ കൂടി ഈ സമാഹാരത്തില്‍ ഉണ്ട്. ജീവിതത്തിന്‍റെ കയ്പ്പും മധുരവും ചാലിച്ച് പുതിയ തലം സൃഷ്ടിക്കാനും അതിലൂടെ വായനക്കാരെ അമ്പരപ്പോടെ, ചിലപ്പോഴൊക്കെ ഭീതിയോടെ നടത്താന്‍ ഈ കഥകള്‍ക്ക് ആകുന്നു.

No comments:

Post a Comment