വായനാനുഭവം
(പ്രമോദ് രാമന്റെ "രതി മാതാവിന്റെ പുത്രൻ " എന്ന കഥാസമാഹാരത്തിലെ കഥകളിലൂടെ...)
പ്രമോദ് രാമന്റെ ‘രതിമാതാവിന്റെ പുത്രൻ’ കഥാ സമാഹാരത്തിലെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ വ്യത്യസ്തമായ ഒരു കഥാ പരിസരം തുറന്നു തരുന്നു. സപുംസകങ്ങളുടെ പത്ത് പടവുകൾ എന്ന കഥയെ പറ്റി ആർപി ശിവകുമാർ നടത്തിയ നിരീക്ഷണം പ്രസക്തമാണ്. "സ്വത്വസംബന്ധിയായ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം ലിംഗപരമാണ്. ഒന്നിൽനിന്ന് വേറിട്ടത് എന്ന അർത്ഥത്തിൽ ഭിന്നം, അപരം, അതല്ലാത്തത് എന്നൊക്കെയുള്ള സ്ഥിരവാക്കുകളെ ഒഴിവാക്കി താരാനാഥന്മാരുടെ ലിംഗപ്പകർച്ചയെ വർണ്ണിക്കാൻ പ്രമോദ് ‘സപുംസകം’ എന്ന വാക്ക് സ്വയം നിർമ്മിച്ചുപയോഗിക്കുന്നതിൽനിന് ന് കാലികമായ കാഴ്ചപ്പാടിനെ പ്രമോദിന്റെ കഥയുടെ ആശയമണ്ഡലം സ്വീകരിക്കുന്ന വഴി വ്യക്തമാണ്" പരമ്പരാഗത ആഖ്യാന രീതിയിൽ നിന്നും മാറി വ്യത്യസ്തമായ രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
സപുംസകങ്ങളുടെ പത്ത് പടവുകൾ, ഛേദാംശജീവിതം, രതിമാതാവിന്റെ പുത്രൻ, (ഒരു) ബ്രാക്കറ്റിൽ എത്തപെർക്കു ജീവിക്കാം?..., ചാരത്തൂവാല, റെഡ്ക്രോസ്" എന്നിങ്ങനെ ആറു കഥകളും പുതിയൊരു കഥാനുഭവം തരുന്നു
സപുംസകങ്ങളുടെ പത്ത് പടവുകൾ എന്ന കഥ ആണും പെണ്ണുമായി പരസ്പരം മാറി അഭിനയിച്ചു ജീവിതത്തിലുടനീളം ഒരു വ്യക്തി പല രീതിയിൽ മാറുന്ന അവസ്‌ഥയിലൂടെ രണ്ടു കുട്ടികളുടെ ശരീരത്തെ കുറിച്ചുള്ള അന്വേഷണമാണ് താരാനാഥനിലൂടെ പറയുന്നത്. ജീവൻ ജോബ് തോമസ് അനുബന്ധ കുറിപ്പിൽ ഇങ്ങനെ പറയുന്നു. "കുട്ടിക്കാലത്തെ ലൈംഗികാസ്വാദന ശ്രമങ്ങൾ മനുഷ്യന്റെ സ്വഭാവത്തിൽ ആഴത്തിൽ പതിഞ്ഞു പ്രായപൂർത്തിയായ ശേഷമുള്ള ആസ്വാദനശേഷിയെ പൂർണ്ണരൂപത്തിൽ സ്വാധീനിക്കുന്നതിന്റെ ചിത്രം മനോഹരമായി വരച്ചിടുന്നു ഈ കഥ" കുട്ടികളുടെ ബന്ധത്തെ വരച്ചുകാട്ടിയ ആഖ്യാനരീതിയിൽ കഥാകൃത്ത് തന്റെ വൈഭവം തെളിയിക്കുന്നു. *"കണ്ണുരുട്ടിയാലും കരഞ്ഞു പറഞ്ഞാലും നാഥൻ വീഴില്ല. അതുറപ്പാണ്. അത് തന്റെ വള്ളി ട്രൗസറുകളുടെ പിന്നിൽ ഉരഞ്ഞ് പിറന്ന അന്ധനേത്രങ്ങളുടെ നിർവികാരത പൂണ്ട വാശിയാണ്"
പ്രമേയത്തിന്റെ വ്യത്യസ്ഥത കൊണ്ടും, ഭാഷയുടെ മികവ് കൊണ്ടും ഈ കഥ വേറിട്ടു നിൽക്കുന്നു.
*"നേഹ, ഈ സെക്‌സ് ചെയ്ഞ്ച് ചെയ്തുകഴിയുമ്പഴേ, മുറിച്ചെടുക്കുന്ന സാധനം എവിടെ കളയും" ഛേദാംശജീവിതമെന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്
ചന്ദ്രൻ എന്ന കൂട്ടുകാരന്റെ പെണ്ണാവാൻ വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായ മഞ്ജിത് മേനോൻ എന്ന മഞ്ജുവിന്റെയും നേഹ എന്നീ കൂട്ടുകാരുടെ കഥയാണ് ഇത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിയ മഞ്ജുവിനു പിന്നീട് നേഹയിൽ താൽപര്യം കൂടുന്നു.
രതിയുടെ ഭർത്താവ് ജീവന്റേയും ദാമ്പത്യ ബന്ധത്തെയും ജീവന്റെ ലൈംഗിക പ്രശ്നങ്ങളെയും രതിമാതാവിന്റെ പുത്രൻ’ എന്ന കഥയിൽ വളരെ നന്നായി അവതരിപ്പിക്കുന്നു. ഇവർക്കിടയിൽ രത്തൻ എന്നൊരു കഥാപാത്രവും ഈ കഥയിൽ ഉണ്ട്. എന്നാൽ ജീവൻ രതിയ്ക്ക് ആണും രത്തനു പെണ്ണുമാണ്. ഈ കഥകൾ കൂടാതെ ഇങ്ങനെ വ്യത്യസ്തമായ കഥാപരിസരത്തിലൂടെ കൊണ്ടുപോകുന്ന (ഒരു) ബ്രാക്കറ്റിൽ എത്തപെർക്കു ജീവിക്കാം?..., ചാരത്തൂവാല, റെഡ്ക്രോസ് എന്നീ മൂന്നു കഥകൾ കൂടിയുണ്ട് ഈ സമാഹാരത്തിൽ.
പ്രണയത്തെയും രതിയുടെയും കൃത്യമായ അതിരുകൾക്കുള്ളിൽ തളച്ചിടുന്ന ലളിതവ്യാഖാനങ്ങളുടെ ഇടുങ്ങിയ ലോകത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവരുടെ കൂടെ നടക്കുന്ന കഥകളാണ് പ്രമോദ് രാമന്റേത്. മലയാള സാഹിത്യത്തിൽ വ്യതിരിക്തമായ ഒരു സ്ഥാനം പ്രമോദ് രാമൻ എന്ന കഥാകൃത്ത് അടയാളപ്പെടുത്തിട്ടുണ്ട്.
No comments:
Post a Comment