സന്തോഷ് എച്ചിക്കാനത്തിന്റെ കഥകളിലൂടെ
ഒരു വിവരണത്തിന്റെ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം ശ്രദ്ധേയമായ ഒട്ടേറെ കഥകൾ എഴുതി മലയാള കഥാ ലോകത്ത് തലയുയർത്തി നിൽക്കുന്ന എഴുത്തുകാരൻ.ഏച്ചിക്കാനത്തിന്റെ കഥകളെ കുറിച്ച് പ്രശസ്ത സാഹിത്യ നിരൂപകൻ പറഞ്ഞ വാക്കുകൾ പ്രസക്തമാണ്, *"അതിജീവിക്കലാണ് സന്തോഷ് ഏച്ചിക്കനത്തിനും കഥപറച്ചിൽ, വെറുതെയല്ലാതെ കഥപറയാൻ പുറപ്പെടുന്ന, കഥയിൽ സംഗതി ചേർത്തു, കഥിക്കുന്ന എല്ലാ കഥപറച്ചിലുകാരുടെയും വിധിയും ബാധ്യതയും. ഷെഹ്‌റസാദുമായുള്ള ജനനാന്തരസൗഹൃദം കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡത്തെ, മരണത്തെ, ഭാഷയെ, ശരീരത്തെ, എഴുതപ്പെട്ട കഥകളെ, വ്യവസ്ഥാപിതമായ ആഖ്യാനരീതിയെ എല്ലാം അതിജീവിക്കാൻ സന്തോഷ് ശ്രമിക്കുന്നു. സന്തോഷിന്റെ ഒട്ടേറെ കഥകളിൽ കടന്നുവരുന്ന അതിജീവനം എന്ന പ്രമേയം ഇരട്ടമുഖമാണ്. ഒരേ സമയം അത് ജീവിതത്തിലെയും കലയിലെയും, അതിജീവനെ പറ്റി സംസാരിക്കുന്നു"* സന്തോഷിന്റെ *ആട്ടം* എന്ന കഥയിൽ തെയ്യം കെട്ടുന്നത് ഇതര സംസ്ഥാന തൊഴിലായയായ ബംഗാളിയാണ് പാമ്പര്യകളുടെ അതിജീവനനും ജീവിതത്തിന്റെ അതിജീവനവും കൂടി കലർന്ന കഥപറച്ചിൽ രാഷ്ട്രീയം കൂടിയാണ്. ഹുവാൻ റൂൾഫോയുടെ പെഡ്രോ പെരാമയിലെ *കൊമാല* എന്ന സങ്കൽപദേശത്തെ മലയാളകരയിലെ ആത്മഹത്യ പ്രവണതയെയാണ് സൂചിപ്പിക്കുവാൻ വേണ്ടി എടുത്തപ്പോൾ കഥപറച്ചിൽ എന്നത് ഒരേ സമയം അതിജീവനവും ജീവിതം വഴിമുട്ടിനിൽകുന്നവരുടെ സമകാലിക മുഖവുമാണ്. മലയാളത്തിൽ പതിവിൽ നിന്നും വിപരീതമായി മലയാളത്തിൽ കഥ ഒരു ചർച്ചയാകുകഎന്ന പ്രവണതക്ക് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകൾ കാരണമാകുന്നു കൊമാല എന്ന കഥയെ പോലെ തന്നെ ചർച്ചയായ കഥയാണ് *'ബിരിയാണി'* കഥകൾ വായിച്ച് അതിന്റെ കാണാതലങ്ങൾ തേടി അലയുന്നവരുടെ എണ്ണവും കൂടുന്നു. സമൂഹത്തിൽ വന്ന പുതിയ മാറ്റത്തിന്റെ അലയൊലി അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് കഥാപാത്രങ്ങളുടെ ജാതി, മതം, എഴുത്തുകാരന്റെ ജാതി, മതം, പ്രസിദ്ധീകരണത്തിന്റെ നിലപാടുകൾ, ഇതൊക്കെ കൂട്ടിയോജിപ്പിച്ച് കണ്ടുത്തുന്ന തുണ്ടുകൾ വെച്ച് വായിക്കുക എന്നത് ഒരു കഥയെ സംബന്ധിച്ച്, അതും സാഹിത്യത്തിൽ ഒട്ടും ഭൂഷണമല്ല.
കലന്തൻ ഹാജി എന്ന എണ്‍പത് കടന്ന മുസ്‌ലിം വൃദ്ധന്റെ വീട്ടിൽ നടന്ന ഒരു സൽക്കാരവും അവിടെ നിത്യ ജോലിക്ക് വന്ന ഗോപാൽ യാദവ് എന്ന ബീഹാറിയുമാണ് കഥയുടെ കാതൽ എങ്കിലും കഥയിലെ സ്ഥലാഖ്യാനവും, വിശപ്പും, രണ്ടിങ്ങളിലെ സാമൂഹികവസ്ഥയും, ഭക്ഷണ ധൂര്‍ത്തും, പട്ടിണി മരണവും, ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. അവിടെയാണ് 'ബിരിയാണി' എന്ന കഥയുടെ പ്രസക്തി. സന്തോഷിന്റെ ഏറ്റവും മികച്ച കഥയിതാണോ ഇത് രണ്ടും എന്ന് ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയും, എന്ന് കരുതി ഇത് നല്ല കഥയല്ലാതാകുന്നുമില്ല . കാരണം അതിനേക്കാൾ മികച്ച കഥകൾ സന്തോഷ് തന്നെ എഴുതിയിട്ടുണ്ട്. ഗോപാൽ യാദവും കലന്തൻ ഹാജിയുടെ നമ്മുടെ സാമൂഹികാവസ്ഥയുടെ പ്രതീകങ്ങൾ ആണ്. ബിരിയാണി ഇന് സർവ്വസാധാരണമായ ഒരു ഭക്ഷണമായതിനാൽ നമുക്കത് ഒരു സംഭവം അല്ലാതിരിക്കാം എന്നാൽ ആംബുലൻസ് വിളിക്കാൻ കാശില്ലാത്തതിനാൽ ഭാര്യയുടെ ശവശരീരം താങ്ങി കിലോ മീറ്ററോളം നടക്കേണ്ടി വന്ന ഒരു സാധാരണക്കാരൻ വസിക്കുന്ന ഇന്ത്യയിൽ വിലകൂടിയ ബസുമതി അരി പ്രതീകമാകുന്നത് ഒരത്ഭുതമല്ല.
*"എന്നെ തിന്നുകഴിഞ്ഞാൽ പിന്നെ മരണം വരെ എന്തൊരേകാന്തതയായിരിക്കും നീ അനുഭവിക്കുക"* സന്തോഷിന്റെ ഏറ്റവും മികച്ച കഥകളിലൊന്നായ *ഉഭയജീവിതം* വ്യത്യസ്തവും ആഖ്യാന ഭംഗികൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യും. ഒരു തവളയും നീർക്കോലിയും ആണ് കഥയിൽ ആകെയുള്ള കഥാപാത്രങ്ങൾ ചില പ്രകൃതി നിയമങ്ങൾ ലംഘിച്ചുകൊണ്ട് അതിന്റെ നേർ വിപരീതമായി സംഭവിക്കുന്ന കഥയുടെ ക്ളൈമാക്സ്. *" ശരീരത്തിന്റെ പകുതിയോളം നീരൊഴുക്കിന്റെ ഇളം ചൂടിൽ ഇറക്കിവെച്ചു സാമാന്യം വലിപ്പമുള്ള ഒരു തവള നനഞ്ഞ പുൽനാമ്പുകൾക്കിടയിലൂടെ ശൈത്യകാലാരംഭത്തിലെ ആകാശത്തെ നോക്കുകയായിരുന്നു"* കഥയുടെ ഈ തുടക്കം മുതൽ നമ്മെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മലയാളത്തിലെ
മികച്ച കഥകളെ തെരെഞ്ഞെടുത്തത് അതിൽ ഉൾപ്പെടുന്ന കഥയാണ് ഉഭയജീവിതം
*ഉടലുകൾ വിഭവസമൃദ്ധിയിൽ* ഉപഭോഗസംസ്കാരം ജീവിതത്തിന്റെ ഭാഗമായ ലോകത്തിന്റെ ചില നേർ ചിത്രങ്ങളാണ് കഥ രുഗ്മിണി തന്നില്നിനും ആത്മാവിന് ഭാമ എന്ന് പേരിട്ടു നടത്തുന്ന സംവാദം സമൂഹത്തിൽ സ്ത്രീകൾ നടത്തുന്ന ആത്മഭാഷണം ആണ് അവർക്കെവിടെയും തുറന്നു പറയാൻ ആകാത്ത അവസ്ഥകളെ ഇത്തരം സംവാദങ്ങളിലൂടെ അവതരിപികുന്നു സൂപ്പർ മാർക്കറ്റിൽ ഒരു പെപ്സിയുടെ പേരിൽ ഉടൽ പരിശോധനാ വിധേയമാകേണ്ടിവരുമ്പോൾ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ സ്ത്രീകൾക്ക് നഷ്ടമാകുന്നത്പലതാണ് ഉടലുകൾ അത്രയും വിഭവങ്ങളാൽ സമൃദ്ധമാണ്
*കീറ്* ഒറ്റ വാക്കിൽ ഒരു എത്രകണ്ട് സ്ത്രീയെ അടിച്ചിരുത്താം എന്ന് ഈ ഒരൊറ്റ പദം കൊണ്ട് കഥയിൽ വിരിക്കുന്നു *"കീറ് എന്ന വാക്ക് മുകുന്ദന്റെ വായിൽ നിന്നും വീണതും നെടുനീളത്തിൽ വെട്ടിക്കീറിയ ശരീരവുമായി ഒരു സ്ത്രീ അലമുറയിടുന്നത് ഞാൻ കേട്ട്"* വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകുന്ന കഥ
പറയാൻ ഒട്ടനവധി കഥകൾ ഉണ്ട് ഒറ്റവാതിൽ, ചരമകോളം, പന്തിഭോജനം, ബേബീസ് ബ്രെത്ത്, ഒരു ചിത്രകഥയിലെ നായാട്ടുകാർ, വംശാവലി, ദിനോസറിന്റെ മുട്ട... മികച്ച കഥകളുടെ നീണ്ട നിരതന്നെയുണ്ട്. ചെറുകഥാ ലോകത്തേ ഉടലും ഉയിരുമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകൾ.
----------------------------------------------
കണ്ണാടി ഓൺ ലൈൻ മാഗസിനിൽ 22/03/2019 ൽ
No comments:
Post a Comment