(പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ അസദ് ഹസൻ മൻതോ യുടെ കഥകളിലൂടെ)
കഥ ജീവിതങ്ങളുടെ ആഴമേറിയ ഇടങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അത് എക്കാലത്തെയും പ്രതിനിധീകരിക്കും. ചരിത്ര മുഹൂർത്തങ്ങളിലേക്കുള്ള സർഗാത് മക ഇടപെടൽ കൂടിയാകുമ്പോൾ അതിന്റെ ആഴവും പരപ്പും വര്ധിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കും. ഇന്ത്യ നേരിട്ട ഏറ്റവും വിഷമകരവും വേദനാജനകവുമായ കാലഘട്ടമായിരുന്നു ഇന്ത്യാ-പാക് വിഭജനം. ഒട്ടേറെ ജീവനുകൾ നഷ്ടമാക്കിയ, മതത്തിന്റെ പേരിൽ മനുഷ്യരുടെ ചോര ചീന്തിയ കാലം. വിഭജനത്തിന്റെയും വർഗ്ഗീയതയുടെയും. പേരിൽ ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ കണ്ണീരിന്റെയും ചോരയുടെയും പൊള്ളുന്ന കഥകളെഴുതിയ പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ സാദത്ത് ഹസൻ മൻതോയുടെ കഥകൾക്ക് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ അവസ്‌ഥയിൽ ഏറെ പ്രാധാന്യം ഉണ്ട്. “ഇന്ത്യയെ രക്ഷിക്കണമെന്ന് പറയുന്ന ആളുകളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട് എന്നതാണ് വസ്തുത.” സാദത്ത് ഹസൻ മൻതോയുടെ ഈ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാണ്.
തോബാ ടേക്സിങ് എന്ന കഥ തുടങ്ങുന്നത് തന്നെ ഇന്ത്യാ പാക് വിഭജനകാലത്തെ കുറിച്ചുള്ള വ്യത്യസ്തമായ ചിന്തയിൽ നിന്നാണ്.
"ഇന്ത്യാ-പാക് വിഭജനം കഴിഞ്ഞു രണ്ടുമൂന്നു വർഷത്തിനു ശേഷം പാകിസ്ഥാൻ സർക്കാരിനും ഇന്ത്യാ സർക്കാരിനും ഒരു ബോധോദയമുണ്ടായി: തടവുപുള്ളികളെ കൈമാറിയപോലെ ഭ്രാന്തന്മാരെയും പരസ്പരം കൈമാറേണ്ടതല്ലേ? ഇന്ത്യൻ ഭ്രാന്താലയത്തിലെ മുസല്മാൻ ഭ്രാന്തന്മാരെ പാകിസ്ഥാനിലേക്കും, പാകിസ്താനിൽ കഴിയുന്ന ഹിന്ദു-സിക്ക് ഭ്രാന്തന്മാരെ ഇന്ത്യയിലേക്കും ഏല്പിച്ചുകൊടുക്കണം"
ഇന്ത്യാ പാക് വിഭജനകളത്തിന്റെ പൊള്ളിക്കുന്ന കഥകളാണ് സാദത്ത് ഹസൻ മൻതോയുടേത്. അതിൽ പെടുന്ന കഥയാണ് തോബാ ടേക്സിങ്. സത്യത്തിൽ ഭ്രാന്തന്മാർക്ക് വിഭജനം എന്നത് എന്താണെന്നു പോലും തിരിച്ചറിയാതെ മുസൽമാനും സിക്കനും ഹൈന്ദവനും പരസ്പരം കെട്ടിപിടിക്കുന്ന കാഴ്ചകാണാം. കഥയിൽ ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്, ലാഹോറിൽ നിന്നുള്ള ഹിന്ദുവക്കീൽ തന്റെ പ്രേമ പരാജയത്തെ തുടർന്ന് ഭ്രാന്തനാകുകയിരുന്നു. കാമുകി അയാളെ ഉപേക്ഷിച്ചു എങ്കിലും അയാൾ അവളെ ഓർത്തു കരഞ്ഞുകൊണ്ടിരുന്നു ഇന്ത്യയെ വെട്ടിമുറിച്ചു ഇന്ത്യയും പാകിസ്ഥാനും ആക്കിയ നേതാക്കളെ ശകാരം പറഞ്ഞുകൊണ്ടിരുന്നു . തോബാ ടേക്സിങ് എന്ന് വിളിക്കുന്ന വിശൻസിങ്ങും ഒരു ഭ്രാന്തൻ ആയിരുന്നു, കഥയിൽ സ്വയം തോബാ ടേക്സിങ് എവിടെയെന്നു അന്വേഷിച്ചു നടന്നുകൊണ്ടിരുന്ന ഒരാൾ. കഥയിൽ താൻ സ്വയം ദൈവം എന്ന് പറഞ്ഞു നടന്നിരുന്ന ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു. തോബാ ടേക്സിങ്ങും ആ ദൈവമെന്നു പറയുന്ന ഭ്രാന്തനും തമ്മിലുള്ള സംസാരം കഥയുടെ പ്രാധാന്യമുള്ള ഭാഗമാണ്. ഒരിക്കൽ വിശൻ സിങ് എന്ന തോബാ ടേക്സിങ് ദൈവമെന്ന ആ ഭ്രാന്തനോട് "തോബാ ടേക്സിങ് പാകിസ്ഥാനിലോ അതോ ഹിന്ദുസ്ഥാനിയിലോ? താന്റെ സ്വാഭികമായ പൊട്ടിച്ചിരിയോടെ അയാൾ മറുപടി പറഞ്ഞു "അവൻ പാകിസ്ഥാനിലുമല്ല ഹിന്ദുസ്ഥാനിലുമല്ല അത്കൊണ്ട് നാം ആജ്ഞ നല്കിയതുമില്ല" ഭ്രാന്തില്ലാത്തവരുടേ മത-രാഷ്ട്രീയ വിചാരങ്ങൾ മനുഷ്യരെ പരസ്പരം ചുട്ടുകൊല്ലുമ്പോൾ നമ്മൾ അസാധാരണരെന്നും, ഭ്രാന്തരെന്നു പറന്നയുവരിൽ ഉണ്ടാകുന്ന മാനവികത പോലും നമ്മളിൽ ഉണ്ടാകാറില്ല എന്ന യാഥാർഥ്യം എന്ന കൃത്യമായ വിമർശനം ഇതിലൂടെ വായിച്ചെടുക്കാം. ഭ്രാന്തന്മാരെ ലോറിയിൽ കയറ്റി പരസ്പരം കൈമാറുന്ന രംഗം വൈകാരികതയോടെ വായിച്ചെടുക്കുമ്പോൾ ഭ്രാന്തുള്ളവരുടെ മനസികാവസ്ഥയ്ക്കൊപ്മാണ് എഴുത്തുകാരൻ സഞ്ചരിക്കുന്നത്. നമുക്കൊന്നും ഭ്രാന്തില്ല എന്നത് തന്നെയല്ലേ ഇന്നീ ലോകത്തിന്റെ പ്രശ്‌നം എന്നത് കഥ വായിക്കുന്നവരിൽ ഉണ്ടാകാം.
മൻതോയുടെ ഏറെ ചർച്ചചെയപ്പെട്ട കഥയാണ്
തുറക്കൂ (കോൽദോ). ഈ കഥയിലെ തന്റെ ഏക മകളായ സക്കീനയെ വിളിച്ചു തെരഞ്ഞു അവശനായി ക്യാംപിൽ തളർന്നു വീണ വൃദ്ധനായ സിറാജുദ്ദീന്റെ മുഖത്തിന് ഇന്ന് ഒരു അസാമീസ് വൃദ്ധന്റെ ഛായ തോന്നുന്നില്ലേ?
"ആശയറ്റ് ഇരുണ്ട ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്ന സിറാജുദ്ദീൻ ദൃഷ്ടി സൂര്യനുമായി ഏറ്റുമുട്ടി. ശക്തമായ പ്രകാശം അയാളുടെ അസ്തിത്വത്തിന്റെ ഓരോ അണുവിലും ആണ്ടിറങ്ങി. അയാൾ ഉണർന്നു. അയാളുടെ ബുദ്ധിയിൽ ചില ചിത്രങ്ങൾ മിന്നിമറഞ്ഞു. കൊള്ള, തീവെപ്പ്, ഓട്ടം, സ്റ്റേഷൻ, വെടിയുണ്ട, രാത്രി, പിന്നെ സക്കീന... സിറാജുദ്ദീൻ പെട്ടെന്നു എഴുനേറ്റു തനിക്കു ചുറ്റും കൂടിനിന്ന മനുഷ്യ സമുദ്രത്തിൽ ഒരു ഭ്രാന്തനെപോലെ പരതാൻ തുടങ്ങി" കഥയിലെ സക്കീനമാർ ധാരാളം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. വിഭജനകാലത്തെ സക്കീനമാർക്ക് ശേഷം പിന്നെയത് ഗുജറാത്ത് കലാപകാലത്ത് കേട്ടു, ഇപ്പോൾ വീണ്ടും കേട്ടുതുടങ്ങുന്നു സിറാജുദ്ദീൻമാർ മകളുടെ ശവമേന്തി കാതങ്ങൾ താണ്ടുന്ന വീഡിയോകൾ സാധാരമാണമായി കോൽദോ എന്ന കഥ എന്നത്തേയും ഇന്നത്തെയും യാഥാർഥ്യത്തെ തുറന്നു കാണിക്കുന്നു. അത്ര സുഖകരമായ കാഴ്ചയല്ല, വേദനയില്ലാതെ മറ്റൊന്നും അതിലില്ല. സഹായിക്കാനെന്ന് പറഞ്ഞു വരുന്ന സന്നദ്ധപ്രവത്തകരായ എട്ട് യുവാക്കൾ സീനത്തിനെ ലോറിയിൽ കൊണ്ടുപോകുമ്പോൾ സിറാജുദ്ദീൻ അതറിയാതെ സക്കീനയെ കുറിച്ച് ചോദിക്കുന്ന ഭാഗം വല്ലാതെ വേദനിപ്പിക്കും, വിഭജനം നൽകിയ വേദനിപ്പിക്കുന്ന നേർചിത്രങ്ങൾ എന്നേ ഈ കഥയെ പറയാൻ സാധിക്കൂ
കാലിൽ വെടിയേറ്റ് വീട്ടിലേക്ക് ഏന്തിവലിച്ചു കേറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ ഭാര്യയുടെ മൃതദേഹം കണ്ടാൽ ഏതൊരാൾക്കും സമനില തെറ്റില്ലേ? ശരീഫൻ എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോൾ പൗരത്വ ബില്ലിന്റെപേരിൽ യുപിയിൽ വെടിയേറ്റ് വീണവരുടെ കരച്ചിൽ കേൾക്കുന്നു എങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ? വർഗീയ കലാപങ്ങൾ പലപ്പോഴും സ്ത്രീകളെയാണ് ഇരകളാക്കുക, ഭാര്യയും ശരീഫൻ എന്ന മകളും ക്രൂരമായി കൊല്ലപ്പെട്ട വേദനിക്കുന്ന കാഴ്ചയിലൂടെ ചോരച്ചാലിലൂടെ നടക്കേണ്ടിവരുന്ന കഥയാണ് ശരീഫൻ "പുറത്തിറങ്ങിയ അയാൾ സ്വന്തം ഭാര്യയുടെ ശവത്തിലേക്കും നോക്കിയില്ല. ഒരുപക്ഷേ, ശരീഫന്റെ നഗ്നമായ ശവം കണ്ണിൽ നിറഞ്ഞിരിക്ക കാരണം ഭാര്യയുടെ ശവം കണ്ണിൽപെടാതിരിക്കുന്നതുമാവാം. മൂലയിൽ ചാരിവെച്ചുള്ള കോടാലിയെടുത്ത് അയാൾ പുറത്തേക്കിറങ്ങി" കാസിം ഒരു ഭ്രാന്തനെപ്പോലെ മുന്നിൽ കണ്ടവരെയൊക്കെ കോടാലികൊണ്ടു വെട്ടി. വിജനമായ തെരുവിലൂടെ അയാൾ തെറിവിളിച്ചു കോടാലി വീശി നടന്നു... പതിനാലുകാരിയെ അയാൾ കഥ വല്ലാത്ത ഒരവസ്ഥയിൽ അവസാനിക്കുമ്പോൾ മതഭ്രാന്ത് എത്രകണ്ട് മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്നു കാണാം.
തലക്കുമീതെ തൂങ്ങികിടക്കുന യുദ്ധാന്തരീക്ഷത്തെ ഇരുണ്ട ഹാസ്യത്തിലൂടെ പറയുന്ന കഥയാണ് തമാശ, ഈ കഥയിലെ ഖാലിദ് എന്ന കുട്ടി നമ്മെ ചിന്തിപ്പിക്കുന്ന കഥാപാത്രമാണ്. ആകാശത്തുകൂടെ വിമാനങ്ങൾ പറക്കുന്നത് നമുക്കുനേരെ വെടിയുതിർക്കാനാണ് എന്നവൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. "രണ്ടുമൂന് നുദിവസമായി വിമാനങ്ങൾ കറുത്ത കഴുകന്മാരെപോലെ ചിറകു വിടർത്തി വെളിമ്പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നു" ഇങ്ങനെയാണ് കഥ തുടങ്ങുന്നത് തന്നെ. വിമാനത്തെ വെടിവെച്ചിടാനുള്ള പരിശീലനമാണ് മുറിക്കുളിലിരുന്ന് ഖാലിദ് എന്ന ആ കുട്ടിയുടെ കളി, വിമാനങ്ങളിൽ നിന്നും വെടിയുണ്ട വരുമെന്ന് കുട്ടിയോട് പറഞ്ഞു കൊടുത്തത് അവന്റെ അവന്റെ മാമനാണ്, അത് കേട്ടത്ത് മുതൽ അവൻ അക്കാര്യത്തെ പറ്റി മാത്രമായി ചിന്ത. കളി കാര്യമാകുമെന്നും തമാശയല്ല എന്നും ഉപ്പ കുട്ടിയെ ബോധ്യപ്പെടുത്തുന്നുണ്ട്
"ഖാലിദിന്റെ ഉപ്പ താൻറെ മകന്റെ അസാധാരണമായ സാഹസം കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു 'മാമ്മന് ഭ്രാന്താ. ഞാനവനോട് പറയും വീട്ടിൽ ഇത്തരം കാര്യങ്ങളൊന്നും പറയരുതെന്ന്. അവർ അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല വിശ്വസിക്ക്." ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളിൽ ജനിക്കുന്ന ഭീതിയുടെ ചിത്രം എത്ര ആഴമുള്ളതായിരിക്കും എന്നത് നമുക്ക് ഖാലിദിലൂടെ വായിച്ചെടുക്കാം
ഏതൊരു വിഭജനവും നൽകുന്നത് പൊള്ളുന്ന വേദനയാണ്, അന്ന് സാദത്ത് ഹസൻ മൻതോ പൊളളിച്ച കഥകളുടെ പൊള്ളൽ ഇന്നും അനുഭവിക്കേണ്ടി വരുമോ? ഈ കഥകളും സമകാലിക രാഷ്ട്രീയ അവസ്‌ഥയും ഒരുപോലെ പൊള്ളിക്കുന്നു. "സ്വാതന്ത്ര് യത്തിനുവേണ്ടി, രക്തസാക്ഷി, യോമേ ഇസ്തക് ലാൽ, രാം ഖേരാവൻ, മാനഹാനി" ഇങ്ങനെ ഒട്ടേറെ കഥകൾ സാദത്ത് ഹസൻ മൻതോയുടേതായി ഉണ്ട്. ഓരോ കഥയും ഈ കാലഘട്ടത്തിൽ വായിച്ചെടുക്കുമ്പോൾ അതിന്റെ പ്രസക്തി ഏറിവരികയാണ്. യുദ്ധത്തെ കുറിച്ച് മൻതോ തന്നെ പറഞ്ഞ വാക്കുകൾ ശ്‌മശാനത്തിൽ പോലും പണപ്പെരുപ്പം ഉണ്ടാക്കാനേ ഉതകൂ എന്നാണ്, മനുഷ്യന്റെ വേദന അവിടെ വിഷയമേ അല്ല. രാഷ്ട്രീയ തീരുമാനങ്ങൾക്ക് ആയാൽ പോലും മനുഷ്യന്റെ ജീവിതത്തെ പറിച്ചുകളയുന്ന ഏതൊരു തീരുമാനവും മനുഷ്യവിരുദ്ധമാണ് എന്ന യാഥാർഥ്യം അതിന്റെ ഏറ്റവും വേദന നിറച്ചുകൊണ്ടു തന്നെ കഥകളിൽ ഒരുക്കിയെന്നതാണ് ഈ കഥകളുടെ പ്രത്യേകത. വർഗീയതയും വംശീയതയും വലിയൊരു സാമൂഹ്യ പ്രശ്നമായി മനുഷ്യകുലത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ ആസുരകാലത്തിൽ സാദത്ത് ഹസൻ മൻതോയുടെ കഥകൾ വീണ്ടും വായിക്കേണ്ടത് അനിവാര്യമാണ്.
------------------------------ -----
Published by Gulf Siraj Njayarazhcha 02-02-2020
No comments:
Post a Comment