Wednesday 26 June 2019

ഒറ്റപ്പെടുന്നവരുടെ വേദനകൾ

(മുസ്തഫ പെരുമ്പറമ്പത്തിന്റെ 'ഒറ്റക്കാള' എന്ന കഥാ സമാഹാരത്തിലൂടെ)

 


ഒറ്റപ്പെടുന്നവരുടെ വേദനകളാണ് മുസ്തഫയുടെ കഥകളിലെ കാതൽ. കാത്തിരിക്കുവാൻ ഒരു തീരം ഇല്ലെന്നറിഞ്ഞു നടുക്കടലിൽ അലയുന്ന ഒഴിഞ്ഞ തോണികളെപോലെയുള്ള ജീവിതങ്ങളിലേക്ക് ഊളിയിട്ടു ഇറങ്ങുകയാണ് ഓരോ കഥകളും ഇതിലെ കഥാപാത്രങ്ങൾക്കോ കഥകൾക്കോ ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചവരുമായോ ആയ ഏകാകികളുടെ സാദൃശ്യം ഉണ്ടെങ്കിൽ അത് മനപ്പൂർവ്വമോ യാദൃശ്ചികമോ അല്ലെന്നും സത്യമാണ് എന്നും കഥാകൃത്ത് തന്നെ പറയുന്നു.റിയാലിറ്റി, ചാതിക്കാരൻ, അഭയം, അവസ്ഥാന്തരം, കടവ്, അവിചാരിതം, ഒറ്റക്കാള, നരകത്തിലേക്കുള്ള വണ്ടി, തനിയെ, കൂട്ടുകാരൻ, മൂന്നാംനിലയിലെ താക്കോൽ, എന്നിങ്ങനെ ഒറ്റപ്പെട്ട മനുഷ്യരുടെ ഉൾവേവുകളാൽ പൊള്ളുന്ന പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
*റിയാലിറ്റി* എന്ന കഥ ജീവിതത്തെ മാറ്റിമരിക്കുന്ന ഷോകൾ അല്ല യാഥാർഥ്യം എന്ന തിരിച്ചറിവിന്റെ ലോകത്തെ തുറന്നു കാട്ടാനാണ് ശ്രമിക്കുന്നത്. പ്രവസലോകത്തെത്തി ഏറെക്കാലം ഈ മണ്ണിനോട് മല്ലിട്ട മനുഷ്യർക്കൊക്കെ അന്വേഷിച്ചു പോകാൻ ഒരു അയ്യൂബ്ബ് ഭായി ഉണ്ടാകും.. ജീവിതം മറ്റൊരു റിയലിറ്റിയായി അപ്പോഴേക്കും പല വഴികളിലൂടെ ഏറെ സഞ്ചരിച്ചിട്ടുണ്ടാകും. അതു തന്നെയാണ് റിയാലിറ്റി എന്ന കഥയും
*ചാതികാരൻ* അത്ര പരിചിതമായ വാക്കല്ല. മദ്ധ്യസ്ഥൻ എന്നതിന്റെ കൊളോകിയൽ വാക്ക്. ജോർജ്ജ് കുട്ട്യേട്ടന്റെ കഥ രണ്ടു കാലത്തെ ബന്ധിപ്പിക്കുന്ന ഒന്നാണ്. വഴിയിൽ വെച്ചു കണ്ടുമുട്ടുന്ന മുത്തച്ഛന്റെ കൂട്ടുകാരനെ മകൾക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ രണ്ടു കാലത്തിന്റെ വിടവ് നമുക്കു തിരിച്ചറിയാം. ഒരു വാക്ക് എങ്ങനെ ഒരു കഥയാകുന്നു എന്നും.

*ഒറ്റക്കാള* എന്ന കഥയുടെ ആഖ്യാനത്തിൽ കാണിച്ച ശ്രദ്ധ പ്രശംസനീയം തന്നെ. ഒരു ഗ്രാമത്തിന്റെ പച്ചപ്പിലേക്കും അവിടുത്തെ സാധാരണ ജീവിതത്തിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സാധിക്കുന്നു. ഭരണിനാളിലെ ഗ്രാമത്തിലെ ഉല്സവത്തിൽ ഒറ്റക്കാളയെ ഏറ്റുന്ന വേലപ്പനിലൂടെയാണ് കപ്പ്‌ളേങ്ങാട്ട് ഗ്രാമചരിതം പറയുന്നത്. *"പൊന്നാരെന്റെ ഉമ്മാരെ... വിളിച്ചാൽ വിളിപ്പൊറത്ത് വര്ണ ഒരു സക്തിയൊണ്ടെങ്കി.. അത് കപ്ളേങ്ങാട്ടമ്മന്നേണ് ട്ടാ... ! അദൊറപ്പാ.. എന്തിന് പറേണ് ഒരു മുസ്ല്യാരല്ലേ അമ്മേനവിടെ പ്രതിസ്ട്ടിച്ചേ.."* ഒറ്റക്കാളയിലൂടെ മനുഷ്യർക്കിടയിൽ അടുപ്പവും മതങ്ങളാൽ വേർതിരിക്കാത്ത ഒരു ഭൂതകാലത്തെ കൂടി വേലപ്പന്റെ ഈ പറച്ചിലിലൂടെ മനസിലാക്കിതരുന്നു. ഇക്കാലത്തു ആ ചുവടുറപ്പില്ലാതെ അടിതെറ്റി വീണുപോകുന്ന വേലപ്പൻമാരുടെ കാലവും.
നരകത്തിലേക്കുള്ള വണ്ടി പോലുള്ള നല്ല കഥകൾ അടങ്ങിയ ഈ സമാഹരം പ്രതീക്ഷ തരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങളിലൂടെ പോയ കാലത്തിലേക്ക് ആ പച്ചപ്പിലേക്ക് ഇറങ്ങിപ്പോകാൻ കഥകൾക്ക് ആകുന്നു.

No comments:

Post a Comment