Thursday 9 June 2011

പി. കെ. നാണുവിന്റെ കഥകളിലൂടെ

ലേഖനം
എഴുപതുകളില്‍ രാഷ്ട്രീയ പ്രസക്തിയുള്ള കഥകളെഴുതി യു. പി ജയരാജിനും എം. സുകുമാരനുമൊപ്പം തന്റെ സാന്നിദ്ധ്യമറിയിച്ച കഥാകൃത്താണ് പി. കെ. നാണു. ഇദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത വളരെ ലളിതമായി കഥ പറയുകയും, എന്നാല്‍ ഒരോ കഥയും അതാത് തലത്തിലൂടെ സഞ്ചരിക്കുമ്പോഴും സമകാലികപ്രസക്തി ഒട്ടും ചോര്‍ന്നുപോകാതെ തന്റെ രാഷ്ട്രീയം പറയുന്നു എന്നതാണ്. ഒ. ഹെന്‍റിയുടെ കഥാന്ത്യങ്ങളില്‍ ചെറിയൊരു ട്വിസ്റ്റിലൂടെ അമ്പരപ്പിക്കുന്നത് പോലെ നാണുവിന്റെ ചില കഥകള്‍ അമ്പരപ്പിക്കും വിധം തിരിച്ചുവിടുന്നുണ്ട്. വാണിജ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികമൂല്യങ്ങളെ പിടയുന്ന മനസ്സോടെ കഥാകൃത്ത് നോക്കികാണുന്നു. ഇതിനിടയിലെ ആശങ്കകളും വീണ്ടുവിചാരങ്ങളും ആത്മപരിഹാസം കലര്‍ന്ന ആക്ഷേപഹാസ്യവും നിറഞ്ഞതാണ് പി.കെ നാണുവിന്റെ കഥകള്‍. നാണുവിന്റെ ലോകവീക്ഷണം കീഴാളന്റെ അദ്ധ്വാനവും കിതപ്പും ഭാവനയും നിറഞ്ഞ അതിശങ്ങളിലൂടെ വ്യാപിക്കുന്നവയാണ്. പ്രത്യയശാസ്ത്രപരമായ പരാജയത്തെ, അതിന്റെ നോവിനെ ധര്‍മ്മസങ്കടത്തോടെയാണ് കഥാകൃത്ത്‌ നേരിടുന്നത്. സഖാവ് കുഞ്ഞിരാമേട്ടന് പാര്‍ട്ടിയെ ധിക്കരിക്കേണ്ടിവരുന്നത് സങ്കടത്തോടെയാണെങ്കിലും 'നൂറ് പൂക്കള്‍ വിരിയട്ടെ' എന്ന കഥയില്‍ ധീരമായ തീരുമാനമെടുക്കുന്ന സഖാവിനെയാണ് വരച്ചുകാട്ടുന്നത്. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അതിലൂടെ ഒരു ബദല്‍ശക്തിയുണ്ടാകണമെന്നും പറയുന്ന സത്യനാഥനോട് സഖാവ് കുഞ്ഞിരാമേട്ടന്‍ തന്റെ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരണതീരുമാനം തുറന്നു പറയുന്നുണ്ട്. “സഖാവ് കുഞ്ഞിരാമനൊരു കളിപ്പാവയാണെന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. അല്ലെങ്കില്‍ നാളെ ഇവര്‍ക്ക്‌ പുസ്തകമെഴുതാനായി പരീക്ഷിക്കപ്പടേണ്ട ഗിനിപ്പന്നിയോ?” സഖാവ് കുഞ്ഞിരാമേട്ടന്റെ ഈ ചോദ്യം ഒരു വിമര്‍ശനശരമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലേക്ക്‌ പാഞ്ഞുവരികയാണ്.
ആധുനികതാവാദികളുടെ കേവലസൗന്ദര്യവാദത്തെ പാടെ നിരാകരിക്കുകയും ഇവരിലൂടെ പിറക്കുന്ന അരാഷ്ട്രീയമായ രാഷ്ട്രീയത്തെ നാണു കഥകളിലൂടെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഭാഷ സാധാരാണക്കാരോട് സംവദിക്കാന്‍ പാകത്തിലായിരിക്കണം എന്ന ബോധം തന്നിലുള്ളതിനാണ് നിലം തൊടാതെയുള്ള ആഖ്യാനത്തേയും അത്തരത്തിലുള്ള ഭാഷയും പാടെ നിരാകരിച്ച് ലളിതമായ ഭാഷയില്‍ കഥപറഞ്ഞ് വായനക്കാരെ അമ്പരപ്പിക്കുന്നത്. തന്റെ കഥകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് ഉത്തമമെന്നും കഥകള്‍ മാത്രമെഴുതിയാല്‍ മതി എന്നും അതിനെ പറ്റി പറയേണ്ടത്‌ ആവശ്യമില്ലാത്ത കാര്യമാണെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. പ്രശസ്ത നിരൂപകന്‍ ഇ. പി. രാജഗോപലന്‍ നാണുവിന്‍റെ കഥകളെപ്പറ്റി ഇങ്ങനെ പറയുന്നു. “നാണു കേരളത്തിന്റെ പൊതുമനസ്സിലൂടെ ഇടറികൊണ്ടാണെങ്കിലും നില്ക്കാതൊഴുകുന്ന ഒരാഖ്യാനസമ്പ്രദായത്തിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും കോലക്കാരനാണ്”
കമ്പോള ശക്തികളുടെ സ്വാധീനത്തില്‍ വഴുതിവീണു കൊണ്ടിരിക്കുന്ന/കഴിഞ്ഞ ഒരു സമൂഹത്തിന്റെ ആകുലതകള്‍ പേറിയാണ് പല കഥകളും സഞ്ചരിക്കുന്നത്. വിപ്ലവപ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാലസഞ്ചാരത്തെയും ആഗോളവല്‍ക്കരണത്തെയും സ്വാഗതമോതി ദാര്‍ശനികാടിത്തറ നല്കുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും കറുത്ത ചിരിയോടെ നാണു തന്റെ കഥകളില്‍ വരച്ചുകാട്ടുന്നു.
'സാധനം' എന്ന കഥയില്‍ അണുകുടുംബം എന്ന സങ്കല്പം അനാഥമാക്കിയ വാര്‍ദ്ധക്യത്തെയാണ് വരച്ചുക്കാട്ടുന്നത്. തിരക്കേറിയ ഉദ്യാഗസ്ഥരും ബിസിനസ്സുകാരുമായ മക്കളുടെ ഇടയില്‍ വാര്‍ദ്ധക്യം നല്കിയ ഭാരം പേറി മാധവന്‍ മാഷ്‌ സ്വയം പായയില്‍ ചുരുട്ടിക്കെട്ടുന്നത് യാഥാര്‍ത്ഥ്യത്തെയും ചേര്‍ത്തുവെച്ചുകൊണ്ടാണ്.
'ബുച്ചയ്യ നൃത്തം ചെയ്യുന്നു' എന്ന കഥയിലെ ബുച്ചയ്യ നല്ല സ്വപ്നങ്ങള്‍ കാണുന്ന ദരിദ്രപ്രതിനിധിയാണ്. മുതലാളിത്തം എന്ന ഹിംസയെ അയാള്‍ ചങ്കൂറ്റത്തോടെ നേരിടുന്നുണ്ട്. ജീവിതത്തിനുമീതെ നിരന്തരം തടസ്സങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കുന്ന ഭൂപതി റെഡ്ഢിയെന്ന മുതലാളിയുടെ മുന്നില്‍ അയാള്‍ക്കുണ്ടാവുന്ന അസാധാരണമായ കരുത്ത്‌ ചങ്കൂറ്റം കൊണ്ട് ഹിംസയെയും വിപത്തുകളെയും നേരിടാനാവുമെന്ന് ചൂണ്ടികാട്ടുന്നു. ദാരിദ്ര്യവും വരള്‍ച്ചയും പേറി നാടുവിടേണ്ടി വരുന്ന ബുച്ചയ്യ നേരിടുന്നതെല്ലാം മുതലാളിത്തം വരുത്തിവെച്ച യാഥാര്‍ത്ഥ്യങ്ങളാണ്. “എന്തു പണി കിട്ടാനാ നിനക്കിവിടെ, നിന്റെ കയ്യില്‍ എന്തുണ്ട് വില്ക്കാന്‍. നടുവൊടിഞ്ഞ അദ്ധ്വാനശേഷിയോ? വരണ്ടു വിണ്ടുകീറിയ ഹൃദയമോ? അതൊന്നും ആര്‍ക്കും വേണ്ടാതായിരിക്കുന്നു." ബുച്ചയ്യ നേരിടുന്ന ഈ ചോദ്യം നാം ഓരോരുത്തരും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്.
'ഒരു കുറ്റാന്വേഷണ കഥയി'ല്‍ നാഗേന്ദ്രഡു അമ്പരക്കുന്നത് പോലെ തന്നെയാണ് വായനക്കാരും അമ്പരക്കുന്നത്. അതുവരെ പറഞ്ഞുവെച്ചതില്‍നിന്നും ഞൊടിയിടയിലാണ് കഥാന്ത്യത്തിലെ വ്യതിചലനം. ഇത്തരം ട്വിസ്റ്റുകള്‍ നാണുവിന്റെ പല കഥകളിലും കാണാം. വിശക്കുന്നവന്റെ വേദാന്തം, കൈകള്‍ക്കുള്ളിലെ ലോകം, ഇലപൊഴിയും കാടുകളില്‍, എന്നിങ്ങനെ വായനക്കാരന്റെ ഹൃദയഭിത്തികളില്‍ ചെന്നടിക്കുന്ന നിരവധി മികച്ചകഥകള്‍ പി. കെ. നാണു മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. അത്യാലങ്കാരികതയുടെ ചുവടുകളില്ലാതെ അതിലളിതമായി കഥ പറയുമ്പോഴും ഓരോ കഥയും വേറിട്ടുനില്ക്കുന്നു. എന്നാല്‍ മലയാളം എത്രകണ്ട് നാണുവിന്റെ കഥകള്‍ ചര്‍ച്ചക്കെടുത്തു എന്ന കാര്യം നാം പുന:പരിശോധന നടത്തേണ്ടതുണ്ട്. പി. കെ നാണു എന്ന കഥാകൃത്ത്‌ മുഖ്യധാരയില്‍ നിന്നും എത്രയോ അകലെയാണ്. കഥയ്ക്കപ്പുറത്ത് അദ്ദേഹം നിശബ്ദനായതാകാം ഇതിനു കാരണം. ലോകം ശബ്ദിക്കുന്നവരെ മാത്രം ശ്രദ്ധിക്കുന്ന കാലമാണല്ലോ! “കഥയെഴുത്തില്‍ വേറിട്ടൊരു വഴിപിടിച്ച് നടന്നവനാണ് യു. പി. ജയരാജ്‌. വേറിട്ട്‌ നടന്നവരെ തള്ളികളയുകയോ, നിസ്സാരമാക്കുകയോ ചെയ്യുന്നതാണല്ലോ നമ്മുടെയൊക്കെ ശീലം.” ഇത് തന്റെ സമകാലിനകഥാകൃത്തായ യു. പി. ജയരാജിനെപറ്റി പി. കെ. നാണുതന്നെ പറഞ്ഞ വാക്കുകളാണ്. ഇത് ഇദ്ദേഹത്തെയും ബാധിക്കുകയാണോ?
പി. കെ നാണുവിന്റെ കഥകളെപ്പറ്റി ഇനിയും നല്ല പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് ഈ ആകുലതയെ സാധൂകരിക്കുന്നു.

(തര്ജനിയില്‍ വന്നതാണ് ഈ ലേഖനം) 
http://chintha.com/node/107301

2 comments:

  1. ലബ്ദപ്രതിഷ്ടരായ പല എഴുത്തുകാരേയും പിന്നിലാക്കുന്ന രചനാതന്ത്രം കൊണ്ട് വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു പി.കെ നാണു. ഒരു കാലത്ത് ആവേശപൂര്‍വ്വം വായിച്ച എഴുത്തുകാരനാണ് അദ്ദേഹം. പിന്നീട് പുസ്തക സ്റ്റാളുകളിലൊന്നും അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങള്‍ കാണുകയുണ്ടായില്ല. വ്യവസ്ഥിതിയുടെ പൊയ് മുഖങ്ങളുമായി സന്ധി ചെയ്യാന്‍ തയ്യാറലലാതിരുന്നതുകൊണ്ടും, കഥക്കപ്പുറത്ത് അദ്ദേഹം സൂക്ഷിച്ച നിശ്ശബ്ദതകൊണ്ടുമൊക്കെയാവാം, മുഖ്യധാരാ സാഹിത്യ ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വ്വം തമസ്കരിക്കപ്പെട്ടത്....

    വളരെ നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍. പി.കെ നാണുവിന്റെ കഥാ സമാഹരങ്ങള്‍ ഇപ്പോള്‍ ലഭ്യമാവുന്ന ഇടങ്ങളെക്കുറിച്ചുള്ള വിവരം കൂടി ഇതോടൊപ്പം ചേര്‍ക്കാമായിരുന്നു എന്നു തോന്നി.

    ReplyDelete
  2. പി. കെ. നാണുവിന്റെ കഥകള്‍ വായിച്ചതായി ഓര്‍മ്മയില്ല. പക്ഷെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്. നന്ദി ഈ പോസ്റ്റിനു

    ReplyDelete