വിപി ശിവകുമാർ എന്ന മലയാളത്തെ അതിശയിപ്പിച്ച എഴുത്തുകാരന്റെ കഥകൾ മലയാളത്തിൽ വ്യത്യസ്തമായി അന്നും ഇന്നും നിലനിൽക്കുന്നു. ദേശത്തിന്‍റെയും കാലത്തിന്‍റെയും പുരാവൃത്തങ്ങലിലൂടെ കറുത്ത ഹാസ്യത്തിൽ കുറുക്കി മലയാളിയുടെ ഭാവനയുടെ ലോകത്തേക്ക് വിതറി വളരേ പെട്ടന്നു തന്നെ അരങ്ങൊഴിഞ്ഞ പ്രതിഭയായിരുന്നു വിപി ശിവകുമാർ.
"നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയാക്കി മാറ്റുകയും അതിലെല്ലാം വക്രിച്ച ചിരി ചേര്‍ക്കുകയും ആധുനികതയുടെ ഗൃഹാതുരവായനയെ ഹാസ്യപ്രധാനമായ കണ്ടുപിടുത്തങ്ങളിലൂടെ ധിക്കരിക്കുകയും ചെയ്ത കഥാകൃത്ത്' എന്നാണ് വിപി ശിവകുമാറിനെ കെപി അപ്പന്‍ വിശേഷിപ്പിച്ചത്.
അമ്മ വന്നു എന്ന കഥ മാത്രം എടുത്താൽ മതി പ്രതിഭയുടെ ആഴം തിരിച്ചറിയാൻ. സ്‌ക്ലീറോഡെർമ എന്ന അപൂർവ രോഗം ബാധിച്ച കുട്ടിയുടെയും അമ്മയുടെയും അവസ്ഥകളെ ആഴത്തിൽ സ്പർശിക്കാൻ കഥയ്ക്ക് ആകുന്നു.
ഗാന്ധർവ്വം എന്ന കഥ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്
"അയലത്തെ അശോകമിത്രൻ അവന്റെ ക്ലാസ്സിൽ പഠിക്കുന്ന അംബുജത്തെ ബലാൽസംഗം ചെയ്‌തെന്നു കേട്ട് അടുത്ത വീട്ടിലെ പത്തമ്പതു കൊച്ചുമക്കളുള്ള ഒരമ്മൂമ്മയ്ക്ക് തന്നെയും ആരെങ്കിലും ബലാൽസംഗം ചെയ്തിരുന്നെങ്കിൽ എന്ന് ഒരാഗ്രഹം തോന്നി. ആഗ്രഹ സാധ്യത്തിനായി അവർ ഒരു മന്ത്രവാദിയെ സമീപിച്ചു"
പ്രായം തെറ്റിയുള്ള ഇതുപോലെ ആഗ്രഹം മനസിൽ സൂക്ഷിക്കുന്ന ഒരമ്മൂമ്മയെ ഇതിനു മുമ്പോ ശേഷമോ മലയാള കഥ കണ്ടിട്ടില്ല. ശിവകുമാർ തന്റെ കഥകളെ കുറിച്ചു പറഞ്ഞിട്ടുള്ളത് കയ്പൻ കഥകൾ എന്നാണ്. എന്നാൽ വായനാന്തരം മധുരിക്കും എന്ന് ഈ കഥ വായിച്ചാൽ മനസിലാകും.
പാര എന്ന കഥയും കറുത്ത ഹാസ്യത്തിന്റെ ഉയർന്ന തലമാണ്. മരിച്ചു കഴിഞ്ഞാൽ തന്റെ മൂലത്തിലൂടെ ഒരു നീളമുള്ള പാര കയറ്റി അതിനു മുകളിൽ വേണം വെളുത്ത തുണിയിടണമെന്ന മക്കളോട് ഒസ്യത്ത് പറയുന്ന ഒരച്ഛനെ വിപി ശിവാക്യമാറിന്റെ കഥയിൽ അല്ലാതെ വേറെ എവിടെയും കണ്ടെത്താൻ ആകില്ല.
ജീവിച്ച കാലമത്രയും എഴുത്തിലൂടെ അതിശയിപ്പിച്ച ആ കഥാകൃത്തിന്റെ ഓരോ കഥകളിലേക്കും ഇറങ്ങിച്ചെന്ന് പരിശോധിക്കുമ്പോൾ ഒന്ന് മറ്റൊന്നിൽ നിന്നും തെന്നിമാറി പോകുന്ന വ്യത്യസ്തമായ പ്രമേയങ്ങളാണ് കാണാൻ കഴിയുക.
മൂന്നു കുരങ്ങൻമാർ എന്ന കഥ നോക്കുക. "ബോധോദയം ലഭിക്കാനുള്ള പഴയ നടപടിക്രമം ഇതാണ്: പത്മാസനത്തിൽ തപസ്സിരിക്കുക. ഒരു മരച്ചുവട്ടിലായാൽ ഏറെ നന്ന്. അനേകനാൾ കഴിഞ്ഞാൽ കുണ്ഡലിനി ഉണരും. തലയ്ക്കുള്ളിൽ നാദബ്രഹ്മം കുഴലൂതും. വല്ലാത്ത പണച്ചെലവും സമയ നഷ്ടവും ഉണ്ടാക്കും എന്നതിനാൽ ഈ മാർഗ്ഗം ബുദ്ധിമുട്ടാണ്.
ഇത് മത്സരത്തിന്റെ കാലമാണല്ലോ"
ജീവിതത്തെ മുഴുവൻ ന്യായീകരിച്ചു കൊണ്ടിരിക്കുന്നവരോട് നിങ്ങൾ കണ്ട യാഥാർത്ഥ്യം ഏതെന്ന് ചോദിക്കുന്ന വിമർശനാത്മകമായ കഥ. മൂന്നു കുരങ്ങന്മാർ നമ്മുടെ ജീവിതത്തെ നോക്കി വിമർശിക്കുന്നു. അവർ കണ്ണും കാതും ചെവിയും പൊത്തിയിട്ടില്ല, മതങ്ങളെയും വ്യവസ്ഥിതികളെയും തുറന്നു കാട്ടുന്നത്. കഥ അവസാനിക്കുമ്പോൾ ഒരു പ്രസ്താവന പോലെ കഥാകൃത്ത് ഇങ്ങനെ പറയുന്നു. "മതങ്ങൾ എപ്പോഴും വാസ്തവത്തെ വളച്ചൊടിക്കുന്നു. ഡ്രോയിങ്റൂമുകളിൽ വയ്ക്കാറുള്ള മൂന്നു കുരങ്ങന്മാരെത്തന്നെ തിന്മക്കെതിരായ വക്കീലന്മാരായാണ് നാമറിയുന്നത്. ബോധോദയം അവിടെ തലയ്ക്കു പിന്നിൽ ആർക്കും തൂക്കിയിടാവുന്ന ആറിഞ്ചു വ്യാസമുള്ള സ്വർണ്ണനിറം മാത്രം" കഥ തീരുമ്പോൾ മൂന്ന് കുരങ്ങന്മാർ ജീവിതത്തിന് മുന്നിൽ കാത്തിരിക്കുന്നു.
'കുളി' എന്ന കഥ ആറ്റുവക്കത്തെ ഭാരതിയുടെ ജീവിതത്തിലൂടെ പറയുന്ന ക്രൂരമായ പരിഹാസമാണ്, 'കാന്താരി' എന്ന കഥയിലെ ഗൗരി ശാപവലയത്തിൽ പെട്ടവളാണ്. 'മന്ത്', 'കുടുംബപുരണങ്ങൾ', 'മരിച്ചവരുടെ ലോകത്ത് മിച്ചമെന്ത്', 'യക്ഷി', 'സ്മാരകക്കല്ലുകൾ'. 'പന്ത്രണ്ടാം മണിക്കൂർ'. 'പ്രതിഷ്ഠ'.. ഇങ്ങനെ എത്ര കഥകൾ. കഥാ പ്രപഞ്ചത്തെ അതിശയിപ്പിച്ച ഈ എഴുത്തുകാരൻ നാല്പത്തിയാറാം വയസ്സിൽ ഒരു ജൂലൈ 27ന് പെട്ടെന്നു യാത്ര പറഞ്ഞു പോയി. വിപി ശിവകുമാറിന്റെ കഥകളുടെ ലോകം വിശാലമാണ് ഗബ്രിയേൽ ഗാർസ്യ മാര്കേസിനെയും ബോർഹസിനെയും മലയാളത്തിനായി വിശദമായി പരിചയപ്പെടുത്തി. നല്ല വിവർത്തനങ്ങൾ, തന്ന ഇടനെഞ്ചിൽ നീറ്റലുണ്ടാക്കിപ്പോയ കഥകളുടെ ആ കഥാകാരൻ വിട പറഞ്ഞിട്ട് 24 വർഷങ്ങൾ. ഓർമ്മകളുടെ നീറ്റലിനെ കറുത്ത ചിരിയുടെ സാമൂഹിക യാഥാർഥ്യങ്ങളെ സൂക്ഷ്മതലത്തിൽ നിർവചിച്ച വിപി ശിവകുമാറിന്റെ കഥകൾ മലയാളത്തെ അന്നും ഇന്നും അതിശയിപ്പിക്കുന്നു.
--------------------------------------------------------------
തത്സമയം വെള്ളിയാഴ്ചയിൽ 26/07-2019
No comments:
Post a Comment