Sunday, 24 September 2023

ഗൗരിലങ്കേഷ്:കൊലപ്പെടുത്താനാകാത്ത പോരാട്ട വീര്യം‌

 (സെപ്റ്റംബർ 5 ഗൗരി ലങ്കേഷ് ഓർമ്മ ദിനം) 


 

 

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമർശകയായിരുന്ന  ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയിട്ട് സെപ്റ്റംബർ അഞ്ചിന്  ആറു വർഷം  തികയുന്നു.  ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും  വര്‍ഗീയത അജണ്ടയാക്കി പ്രവർത്തിക്കുന്ന ഭരണകൂടത്തേയും അതിന്റെ   രാഷ്ട്രീയത്തെയും ജാതീയതയെയും തന്റെ എഴുത്തിലൂടെ തീവ്രമായി എതിര്‍ത്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്, അതിനുവേണ്ടി ഗൗരി ലങ്കേഷ് പത്രികെ'യിലൂടെ ശക്തമായ വിമർശനങ്ങൾ പൊതു സമൂഹത്തിലേക്ക് പറത്തിവിട്ടു.  പത്രാധിപ എന്ന നിലയിൽ ജനാധിപത്യത്തിന്റെ നാലാം തൂണെന്നതിനെ അതിന്റെ ഗൗരവത്തിൽ തന്നെ കാണുകയും പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത മാധ്യമ പ്രവർത്തക.  അതിന്റെ പ്രതിഫലനയിരുന്നു 2017 സെപ്റ്റംബർ 5ന്   അക്ഷരങ്ങളെ ഭയക്കുന്നവരുടെ വെടിയുണ്ടയിൽ ആ ജീവൻ പിടഞ്ഞു വീണത്. 

തീവ്രഹിന്ദുത്വസംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനായ  പരുശുറാം വാഗമോറെയാണ് ആ വെടിയുതിർത്തത്. ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ  സമാനമായ മൂന്നു കൊലപാതകങ്ങൾക്ക് ശേഷമുള്ള കൊലപാതമനയിരുന്നു ഇത്.  വെറുപ്പിന്റെ രാഷ്ട്രീയത്തെ ജനമനസ്സുകളിൽ ഉറപ്പിച്ച അങ്ങനെ അധികാരം തുടരാമെന്ന് തെളിയിച്ച ഭരണകൂടത്തിന്റെ നിശബ്ദ പിന്തുണയും ഇതിനുണ്ടായിരുന്നു എന്നത് ഭയത്തിന്റെ ആഴിയിലേക്ക്  നയിക്കുന്നു.  ആള്‍ക്കൂട്ടകൊലയും കലാപവും ഇന്ന് സാധാരണമായതിനു  പിന്നിൽ ഈ ഭരണകൂട  പിന്തുണയാണ്. 'ലങ്കേഷ് പത്രികെ' എന്ന ടാബ്ലോയ്ഡ് ഉയർത്തിവിട്ട അക്ഷരങ്ങളെ ഭയപ്പെട്ടു എന്നത് ഈ കൊലപാതകത്തിലൂടെ തെളിഞ്ഞു. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതിയുടെ ബാക്കിപത്രമാണ് മേല്പറഞ്ഞവരൊക്കെ എങ്കിൽ അവർ കൊളുത്തിയ പ്രതിരോധത്തിന്റെ അലകൾ ഈ വർഗീയ കോമരങ്ങളെ നെഞ്ചുറപ്പോടെ നേരിട്ടുകൊണ്ടിരിക്കും എന്ന ഒരപ്പെടുത്തലാണ്  ലങ്കേഷിന്റെ ഈ  ദിനം ഉണർത്തുന്നത്,  ഇനിയും ഗൗരി ലങ്കേഷ്മാർ ഇവിടെ വെടിയേറ്റ് വീഴാനുള്ള സാധ്യത ഇപ്പോൾ ഏറെയാണ്. മണിപ്പൂരിലും ഹരിയാനയിലും  ഉണ്ടായ കലാപങ്ങളും കൊലപാതങ്ങളും തുടർച്ചയാകാത്തരിയക്കാൻ ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്റെ ഓർമ്മപ്പെടുത്തലാണ് സെപ്തംബർ 5 ഗൗരി ലങ്കേഷ് ഓർമ്മ ദിനം.

 

 

Tuesday, 5 September 2023

ഒരു ഇന്ത്യൻ കർഷകന്റെ യാത്ര

 സിനിമാ പരിചയം

 

 

 

 

ഹ്രസ്വ സിനിമ : JOURNEY OF AN INDIAN FARMER (16Minut)
സംവിധാനം: ജോഷി ജോസഫ്


 

"ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" :- ഗാന്ധിജി


മുളകൾ ഉരയുന്ന ശബ്ദത്തോടെയാണ് ഒരു ഇന്ത്യൻ കർഷകന്റെ യാത്ര എന്ന  ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്. ഒരു തീവണ്ടിയാത്രയിലൂടെ ഒരു ഇന്ത്യൻ കര്ഷകനോടുള്ള ഇന്ത്യൻ മധ്യവർഗത്തിന്റെ കാഴ്ചപാട് എങ്ങിനെയാണ് എന്ന് ജോസി ജോസഫിന്റെ ഈ 16 മിനുട്ടുള്ള ഹ്രസ്വ ചിത്രത്തിലൂടെ കാണിച്ചുതരുന്നു. ഇന്ത്യൻ കർഷക സമൂഹത്തിന്റെ ചുമലിലാണ് ഇക്കാലമത്രയും ഇന്ത്യ സഞ്ചരിച്ചത് എന്ന യാഥാർഥ്യത്തെ ഇന്ത്യൻ ജനത അത്ര കാര്യമായി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ് ഭൂരിപക്ഷം വരുന്ന ഗ്രാമീണ കർഷകരുടെ വിയർപ്പും അധ്വാനവും അതിനനുസരിച്ച രീതിയിൽ ആദരിക്കപ്പെടുന്നുണ്ടോ?  

ഈ ഹ്രസ്വ ചിത്രത്തിൽ രാഷ്ട്രപതി ക്ഷണിച്ചു ചെല്ലുന്ന വൃദ്ധരായ കർഷക ദമ്പതിമാരുടെ ഡൽഹിയിലേക്കുള്ള  യാത്രയാണ്.  തീവണ്ടിക്കകത്ത് ഉള്ള മറ്റുള്ളയാത്രക്കാർ  ഇവരെ  കാണുന്നത് ഏതോ അപരിഷ്കൃത മനുഷ്യർ എന്ന നിലയിലാണ്. മധ്യവർഗ്ഗത്തിന്റെ കാപട്യവും നമുക്കതിൽ കാണാം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യാത്രികന് വരുന്ന ഫോണിന് മറുപടി നൽകുന്നത് ഞാനിപ്പോൾ  വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലെന്നാണ്. ഫോർക്കും സ്പൂണും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന മറ്റു യാത്രക്കാർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന കർഷക ദമ്പതികളെ അറപ്പോടെ നോക്കുന്നുണ്ട്.

ഇന്ത്യയുടെ ആത്മാവ്  ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞത് ഈ കർഷകരെ കണ്ടാണ്, അവരാണ് അവർ മണ്ണിൽ കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് നാം ഭക്ഷിക്കുന്നത്.
ഇന്ത്യയുടെ നട്ടെല്ലാണ് കർഷകർ. എന്നാൽ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ഇന്നും അവർക്ക്  തൊണ്ടകീറി ചോദിക്കേണ്ടി വരുന്നു.   ഇന്ത്യയുടെ ആത്മാവും അതിന്റെ സ്പന്ദനവും ഇപ്പോഴും ഗ്രാമങ്ങളിലെ കര്‍ഷകരിലാണ് എന്നൊക്കെ നാം പലവട്ടം പറയുകയും എഴുതുകയും ചെയ്യുമെങ്കിലും അവരെ നാം എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്.  ദേബ്ജ്യോതി മിസ്രയുടെ മനോഹരമായ പശ്ചാത്തല സംഗീതമാണ് ഈ സിനിമയിലെ മറ്റൊരു ആകർഷണം. മുളയുടെ ശബ്ദവും തീവണ്ടിയുടെ ശബ്ദവുമൊക്കെ അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒരു യാത്രയിൽ നിന്ന് തന്നെ  നേർചിത്രം ആണ് ഈ സിനിമ,  രാഷ്ടപതിയുടെ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച മലയാളത്തിന് അഭിമാനമായ കൽക്കത്തയിൽ പ്രവർത്തിക്കുന്ന ജോഷി ജോസഫിന്റെ ഈ ഹ്രസ്വ സിനിമ വളരെ കുറഞ്ഞ സമയംകൊണ്ട് ഇന്ത്യൻ കർഷകനെയും അവരോടുള്ള ജനങ്ങളുടെ സമീപനവും കൃത്യമായി അവതരിപ്പിച്ചു.




 

 

 03/09/2023 ചന്ദ്രിക വാരാന്ത്യ പ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നു

 

 

 


Friday, 1 September 2023

തകർന്നുകിടക്കുന്ന ലോകത്തിന്റെ ഛായാചിത്രങ്ങൾ

 പ്രശസ്ത പോളിഷ് ആർട്ടിസ്റ്റ് പാവെൽ കുചിൻസ്കി (Paweł Kuczyński)യുടെ ഗ്രാഫിക്സ് കാർട്ടൂണുകളിലൂടെ, ആസ്വാദനം. 


"Being famous on Social media  is basically the same thing as being rich on Monopoly".

പുതിയ കാലത്തിന്റെ  സാമൂഹിക മാധ്യങ്ങളുടെ വളർച്ചക്കൊപ്പം അവയുടെ  ശക്തമായ വിമർശനങ്ങൾ വരയിലൂടെ പ്രതിഫലിപ്പിക്കുന്ന പോളിഷ് ആർട്ടിസ്റ്റാണ് പാവെൽ കുചിൻസ്കി (Pawel Kuczynski). സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അതിശക്തമായി അദ്ദേഹം ആവിഷ്കരിച്ചു. സാമൂഹിക മാധ്യമങ്ങൾ, ഇൻറർനെറ്റ്, മൊബൈൽ ഫോണുകൾ തുടങ്ങിയവയോടുള്ള ആസക്തി എന്നിവയാണ് പാവലിന്റെ ചിത്രീകരണത്തിന്റെ പൊതുവായ വിഷയങ്ങൾ. ഇലക്‌ട്രോണിക് മീഡിയയുടെ ദുരുപയോഗത്തെ അദ്ദേഹം കൃത്യമായി വരച്ചുകാട്ടുന്നു, പ്രത്യേകിച്ച് ലോകത്താകമാനം വ്യാപിച്ചുകഴിഞ്ഞ സാമൂഹിക മാധ്യമങ്ങളുടെയും അതിന്റെ എഡിറ്റർ ഇല്ലാത്ത ലോകത്തെയും  അടിമത്ത മനോഭാവത്തേയുമൊക്കെ കുചിൻസ്കിയുടെ ചിത്രങ്ങൾക്ക് വിഷയമാകുന്നു. ഒപ്പം യുദ്ധവും വിശപ്പുമൊക്കെ കടന്നുവരുന്നു.  . പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരൻ കാരവാജിയോയാണ് പാവെൽ കുചിൻസ്കിക്ക്  പ്രചോദനമായത്. എന്നാൽ അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നും ഏറെ അകലം പാലിക്കുന്നു പാവെൽ കുചിൻസ്കി എന്നത് മറ്റൊരു കാര്യം. വർത്തമാന കാലത്തിന്റെ സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിമർശനാത്മകമായി കാണുകയും ചെയ്യുന്ന ഗ്രാഫിക് കാർട്ടൂൺ ശൈലിയാണ് പാവെൽ കുചിൻസ്കിയുടെ ചിത്രങ്ങളുടെ പ്രത്യേകത. 

 


നമ്മളൊക്കെ നിരന്തരം ഉപയോഗിക്കുന്നു എങ്കിലും അതിനെ വേറിട്ട രീതിയിൽ കാണുകയാണ് കുചിൻസ്കി. സോഷ്യൽ മീഡിയയിൽ മുൻപന്തിയിൽ നിൽക്കുന്ന ഫേസ്ബുക്കാണ് അദ്ദേഹത്തിന്റെ  രചനകളിൽ മിക്കവയ്ക്കും വിഷയമായത്. ഈ ചിത്രങ്ങളിലെ സാമൂഹിക മാധ്യമ വിമർശനത്തിലൂടെ പാവൽ കുസിൻസ്കി നൽകുന്ന ഊന്നൽ എന്താണ് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സാമൂഹിക മാധ്യമങ്ങൾ എഡിറ്റർമാരുടെ ഇടപെടൽ ഇല്ലാത്ത ഒരു ലോകത്തെ നമുക്ക് മുന്നിൽ  തുറന്നു വെച്ചപ്പോൾ, ആധുനിക കാലത്തെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ആവിഷ്കാരങ്ങൾക്ക് തുറന്ന ജനാധിപത്യ  സ്വഭാവം ഉണ്ടായി. എന്നാൽ അതോടൊപ്പം തന്നെ വ്യാജ നിർമിതികളും കടന്നു കൂടി. അത് മാധ്യമ രംഗത്തെ മലീമസമാക്കി. 

കൂടാതെ സാമൂഹിക മാധ്യമങ്ങൾ പൊതു ഇടങ്ങളിലെ ജനസമ്പർക്കങ്ങൾ പരിമിതപ്പെടുത്താൻ ഹേതുവാകുകയും ആളുകൾ നാലു ചുമരുകൾക്കുള്ളിലിരുന്നു കൊണ്ട് ലോകത്തെ കാണുവാനും സാമൂഹിക ഉത്തരവാദിത്തത്തിന് വിരുദ്ധമായ, യാഥാർഥ്യ ബോധം തൊട്ടുതീണ്ടാത്ത, നിക്ഷിപ്ത താല്പര്യത്തോടുകൂടിയ അഭിപ്രായങ്ങൾ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും തുടങ്ങി. തല കുനിച്ചു സ്‌ക്രീനിൽ മാത്രം കണ്ണും നട്ടിരിക്കുന്നവരായി നമ്മൾ മാറി എന്ന വസ്തുത വിളിച്ചോടുകയാണ് കുചിൻസ്കിയുടെ കൺട്രോൾ എന്ന ചിത്രം.


ഇന്റർനെറ്റിന്റെ ആഴമേറിയ ഇടത്തിൽ ചെല്ലാതെ അതിന്റെ സാധ്യതകളെ തിരിച്ചറിയാതെ, ആഴം കുറഞ്ഞ കുളത്തിൽ തുഴയുന്നവരാണ് നമ്മളിൽ അധികവും. മാത്രമല്ല എഴുത്തിന്റെ, വാക്കുകളുടെ അനുഭവ സമുദ്രത്തെ അവഗണിക്കുകയും ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്ന ഒന്നിലേറെ ചിത്രങ്ങൾ ഉണ്ട്. പുസ്‌തകത്തിലെ കടൽത്തിരയെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കുട്ടിയാണ് ഓഷ്യൻ എന്ന ചിത്രത്തിലെങ്കിൽ, പുസ്തകത്തിൽ ഒതുങ്ങിയ കടലും, എന്നാൽ ടാബ്ലെറ്റ് തന്നെ ബാത്ടബ്ബ് ആയി ചിത്രീകരിക്കപ്പെട്ട ബാത് എന്ന കാർട്ടൂൺ സമകാലിക യാഥാർഥ്യത്തെ വിളിച്ചോതുന്നു.  അമിതമായ സാങ്കേതികവൽക്കരണത്തെ പ്രതിരോധിക്കുന്ന വിമർശകൻ ആകുകയാണ് ഇവിടെ ചിത്രകാരൻ.

വീഡിയോ ഗെയിമുകളിൽ അമിതമായി വ്യാപൃതരാകുന്നതുമൂലം ശാരീരിക പ്രവർത്തനങ്ങൾ പരിമിതപ്പെടുന്നതും അതിന്റെ ഭാഗമായി ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്നതും വിമർശിക്കപ്പെടുന്നു. വീഡിയോ ഗെയിമിന്റെ ലോകത്തെയും ചങ്ങലക്കിടാതെ തന്നെ ഉപഭോക്താവിനെ അടിമകളാക്കുന്ന അതിന്റെ കെണിവിദ്യകളെയും പൊക്കിമാൻ എന്ന ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു

 

കഴുതയുടെ കണ്ണിനു മീതെ സ്മാർട്ട് ഫോൺ വെച്ചുകെട്ടിയ ചിത്രം മറ്റൊരു ശക്തമായ വിമർശനമാണ്. ഇവിടെ കഴുത മനുഷ്യരുടെ തന്നെ പ്രതിരൂപമാണ്. അമിത സാങ്കേതികതയാൽ മനുഷ്യർ അന്ധരായിരിക്കുന്നു, സ്വയം കണ്ടുപിടിച്ച സാങ്കേതിക വിദ്യ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാൻ വിധിക്കപെട്ടവരോ അടിമപ്പെട്ടവരോ ആണ് മനുഷ്യർ എന്ന് സൂചിപ്പിക്കുന്ന ബ്ലിങ്കേഴ്സ് എന്ന ചിത്രം തികഞ്ഞ പരിഹാസമാണ്. 

ട്വിറ്റർ  ലോഗോയുടെ രൂപത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വരുമ്പോൾ നിങ്ങൾ പ്രശസ്തനോ പണക്കാരനോ ആണെങ്കിൽ നിങ്ങൾക്ക് എന്തും ആകാം, നീതി വളരെ അന്ധമാണ് എന്ന രാഷ്ട്രീയ യാഥാർഥ്യം തുറന്നു വെക്കുന്നു. ഇതിനെ പ്രസിഡന്റ്‌ എന്ന ചിത്രത്തിലൂടെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു. എലോൺ മസ്‌ക്ക് വിലക്ക് വാങ്ങിയ ശേഷം പക്ഷിയുടെ രൂപത്തിൽ നിന്നും X എന്ന ലോഗോയിലേക്ക് ട്വിറ്ററിന്  മാറ്റം സംഭവിച്ചെങ്കിലും ഈ ചിത്രം ആ കാലത്തിന്റെ രാഷ്ട്രീയ ചിത്രമായി നിലനിൽക്കും.


ബെർത്ത് ചിത്രത്തിലും വരുന്നത് ട്വിറ്റർ ലോഗോ തന്നെ. ഒരു മനുഷ്യകുഞ്ഞിനെ തൊട്ടിലോടുകൂടി എടുത്ത് പറക്കുന്നത് യഥാർത്ഥ പക്ഷിയാണ് എങ്കിൽ ട്വിറ്റർ പക്ഷി  ഫോണാണ് എടുത്തു പറക്കുന്നത്. നാചുറാലിറ്റിയും സാങ്കേതികതയും തമ്മിലുള്ള പാരസ്പര്യവും അനിവാര്യതയും എന്നാൽ സാങ്കേതികതയുടെ മേല്കോയ്മയും നമുക്കതിൽ കാണാനാവും. 

 

 


എലോൺ എന്ന ചിത്രത്തിലെ ഏകാന്തത ഭീകരമാണ്. ആയിരക്കണക്കിന് തരംഗങ്ങൾക്കിടയിൽ അയാൾ എങ്ങനെ ഏകാന്തനാകും എന്ന ചോദ്യം ബാക്കി നില്കുന്നു. ഭീമാകാരമായ ഒരു പൂച്ചയുടെ പൃഷ്ഠം ഫോട്ടോ എടുക്കുവാൻ കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രം കാണുമ്പൊൾ സമകാലികമായ പലതിനോടും കൂട്ടികെട്ടാവുന്ന ഒന്നായി മാറുന്നു.

 

 

കുചിൻസ്കിയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് 'പെർഫെക്ട് ഗാർഡൻ.' ഗ്രാസ്സ് കട്ടിങ് ഡ്രില്ലർ കൊണ്ട് മനുഷ്യർക്ക്‌ മീതെ ഓടിച്ചു എല്ലാം വെട്ടി സമമാക്കുകയാണ്. അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന തലകൾ യഥേഷ്ടം വെട്ടിമാറ്റപ്പെടും. ബാക്കിയുള്ളവർ തലകുനിച്ച് സ്മാർട്ട് ഫോണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ചുറ്റുമുള്ളത് അറിയുന്നില്ല.

 

 

 

 

 

 

ഫേസ്ബുക്ക് എന്ന ശീർഷകത്തിൽ ഒന്നിലേറെ  ചിത്രങ്ങൾ ഉണ്ട്. കുമ്പസാരക്കൂട് ഫേസ്ബുക്ക് ലോഗോയാകുന്നു. കുമ്പസാരിക്കുന്നതത്രയും ലോകം മുഴുവൻ വിതറി, സ്വകാര്യതയിലേക്കു നടത്തുന്ന സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം ഇവിടെ വിമർശിക്കപ്പെടുന്നു. കൂടാതെ അന്തർവാഹിനിയുടെ കുഴലായും ഒളിച്ചിരുന്ന് വീക്ഷിക്കുന്ന ടെലസ്കോപ്പായും ഫേസ്ബുക്ക് ലോഗോയെ വക്രീകരിച്ച് ചിത്രീകരിക്കുമ്പോൾ കുചിൻസ്കി നൽകുന്ന മുന്നറിയിപ്പും ശ്രദ്ധിക്കപ്പെടാതെ പോകരുത്.

 

 

 

ഫെയ്ക് ന്യൂസ് എന്ന ചിത്രം ശക്തമായ മറ്റൊരു രാഷ്ട്രീയ വിമർശനമാണ്. തോക്കിൻ കുഴലിന്റെ അറ്റം സ്മാർട്ട് ഫോണായാണ് അതിൽ ചിത്രീകരിക്കുന്നത്. ട്രിഗർ ട്വിറ്റർ ലോഗോയും. വ്യാജവാർത്താ നിർമിതിയിലൂടെ പ്രതിച്ഛായ വളർത്തി അധികാരം നേടുന്ന ഭരണാധികാരികൾക്ക് നേരെയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരെയുമാണ് ഈ തോക്ക് ചൂണ്ടപ്പെടുന്നത്.

സോഷ്യൽ മീഡിയ കഴിഞ്ഞാൽ കുചിൻസ്കിയുടെ പ്രധാന വിഷയം യുദ്ധവും ഭീകരവാദവും വിശപ്പും രാഷ്ട്രീയവും ആണ്. ഭീകരവാദവുമായി   ബന്ധപ്പെട്ട കാര്യങ്ങളാണ് വയലിൻ എന്ന ചിത്രത്തിൽ. എക്സിക്ക്യൂഷൻ എന്ന ചിത്രം ഭീകരതയെ എടുത്തു കാണിക്കുന്നു. പാവൽ   കുചിൻസ്കിയുടെ കാർട്ടൂണുകൾ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളാൽ സമ്പന്നമാണ്.

 കലാലോകത്ത് ഇപ്പോഴും സജീവമായ പവൽ കുചിൻസ്കി പോളണ്ടിലാണ് ജനിച്ചതും പഠിച്ചതും. ഗ്രാഫിക്സിൽ പ്രഗത്ഭനായ ഈ കലാകാരൻ    കഴിഞ്ഞകുറച്ച് വർഷങ്ങളായി ആക്ഷേപഹാസ്യ ചിത്രീകരണത്തിനാണ് ഏറെ സമയവും നീക്കിവെച്ചിരിക്കുന്നത്. അതിലൂടെ അദ്ദേഹത്തെ ഒട്ടേറെ പുരസ്‌കാരങ്ങൾ തേടിയെത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളേയും പ്രശ്നങ്ങളും അതിന്റെ നിഷേധ വശങ്ങളെയും തുറന്നുകാട്ടുന്നു.


 

"തന്റെ ചിത്രങ്ങളിലൂടെ ഉയർന്നുവരുന്നത് തകർന്നുകിടക്കുന്ന ഒരു ലോകത്തിന്റെ ഛായാചിത്രമാണ്, ഒപ്പം സ്വയം വിമർശനവും" എന്നാണ് അദ്ദേഹം സ്വന്തം രചനകളെ വിലയിരുത്തുന്നത്. പാവെൽ കുചിൻസ്കിയുടെ ചിത്രങ്ങളിലെ സാമൂഹിക മാധ്യമ വിമർശനങ്ങൾക്ക് അതിനാൽ തന്നെ രാഷ്ട്രീയ സംബന്ധിയും ചരിത്രപരവുമായ പ്രാധാന്യമുണ്ട്.





-----------------------------------------------------------------------

wtplive.in | 2023 August 31 ലക്കം 174 🙏

ഈ ലിങ്കിൽ  വായിക്കാം 👇

https://wtplive.in/Niroopanam-Vimarshanam/faizal-bava-about-pawel-kuczynski-political-art-satire-on-social-media-5056





Thursday, 31 August 2023

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ.

 (ബാർട്ട് ഹൈലൻ എന്ന കലാകാരന്റെ ചിത്രങ്ങളിലൂടെ )

 
നുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ് ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen). സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവയ്‌ക്കായുള്ള തിരയലാണ് തന്റെ കലയെന്ന് അദ്ദേഹം പറയുന്നു.

പരമ്പരാഗത പെയിന്റിങ്ങിന്റെ പുനരുപയോഗം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കാണാം. എന്നാൽ ആ മേച്ചിൽപ്പുറത്തിന് ഒരു തരത്തിലുമുള്ള നൊസ്റ്റാൾജിയയും, ചരിത്രത്തിന്റെ ഒരു രുചിയും ഇല്ലാതെ തന്റെതായ ഒരു ശൈലിയിലേക്ക് കൊണ്ടുവരുമ്പോൾ കണക്കുകൾ വിചിത്രവും തിരിച്ചറിയാവുന്നതും സ്വയം ഏറ്റുമുട്ടുന്നതുമായി മാറുന്നു,
സാർവത്രികമായി മനുഷ്യനെന്ന ആശയത്തിനുവേണ്ടി കലഹിക്കുന്നവരാണ് കലാകാരന്മാർ. കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല" എന്ന് അദ്ദേഹം തന്നെ തന്നിലെ കലയെ കലാകാരനെ വിലയിരുത്തുന്നു 

എക്സ്‌പ്ലോഷൻ എന്ന ചിത്രം നമ്മെ വല്ലാതെ അസ്വസ്ഥമാക്കും, ചിന്തകൾ താറുമാറാക്കുമ്പോൾ ഒരാളിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയെ ആ ചിതറലിൽ കാണാം. ദി മെഡിറ്ററേനിയൻ ചിത്രത്തിൽ വറ്റിപ്പോയ സമുദ്രത്തിൽ ഉറച്ചു നിൽക്കുന്ന കപ്പലും നങ്കൂരവും കാണാം. ചരിത്രത്തിന്റെ തിരുശേഷിപ്പ് കാണാം. 
 
Bart Heijlen ന്റെ പ്രശസ്തമായ ചിത്രമാണ് Eros and Thanatos. സിഗ്മണ്ട് ഫ്രോയിഡിന്റെ ബിയോണ്ട് ദ പ്ലെഷർ പ്രിൻസിപ്പിൾ എന്ന ലേഖനത്തിന്റെ വായനയിൽ നിന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയത് എന്നു പറയുന്നു. ലൈംഗികതയും മരണവും കൈകോർത്തു കൊണ്ടുള്ള മനഃശാസ്ത്രപരമായ ഒരു സമീപനം ചിത്രത്തിൽ കാണാം.
The patch up princess എന്ന ചിത്രം ലോകത്തെ മുഴുവൻ തുന്നിക്കൂട്ടിയ ഒന്നാക്കി മാറ്റുന്നു. വാരി വലിച്ചെടുത്ത ലോകത്തിന്റെ ഭൂപടം കീറിയ ഇടങ്ങൾ തുന്നിച്ചേർക്കാൻ പാടുപെടുന്ന രാജകുമാരി. 
 
 

ഹെർകുലീസ് എന്ന ഡ്രോയിങ് വല്ലാതെ അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണ് മനുഷ്യകുലത്തെ മുഴുവൻ താങ്ങിനിൽക്കുന്ന ഹെർകുലീസ്. ആ ഗോളം നിറയെ മനുഷ്യരാണ്. വലയ്ക്കകത്ത് ഞെങ്ങി നിരങ്ങി കിടക്കുന്ന മനുഷ്യർ. ദി തിങ്കർ എന്ന ചിത്രം പുസ്തകങ്ങൾക്ക് മുകളിലിരിക്കുന്ന നഗ്നനായ മനുഷ്യൻ കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ചിത്രം. നർമ്മത്തെ കുറിച്ചു ചിത്രകാരന്റെ അഭിപ്രായം പ്രസക്തമാണ്. "എന്തിനേയും ഏറ്റവും കൂടുതൽ വിമർശിക്കുന്ന രീതിയിലാണ് നർമ്മം ഇരിക്കുന്നത്. നർമ്മം എന്നെ പരിരക്ഷിക്കുകയും എന്നിൽ വ്യാപിക്കുകയും ചെയ്യുന്നു. എന്റെ ചിന്തകളോട് അടുപ്പമുള്ളവ". മനുഷ്യാവകാശങ്ങൾ തീർച്ചപ്പെടുത്തുന്ന ചിത്രങ്ങളാണ് പലതും. ലസ്റ്റ് ഫോർ ലൈഫ് എന്ന ചിത്രം ആ തീവ്രതയിലേക്ക് നർമ്മത്തിലൂടെ അല്ലാതെ ഗൗരവമായി കടന്നു ചെല്ലുന്ന ചിത്രമാണ്. കുന്നുകൂടി കിടക്കുന്ന ഒരു പറ്റം മനുഷ്യർ അലറിവിളിച്ചു കരയുന്ന കുട്ടികൾ, വിജയാരവം മുഴക്കി ആട്ടവും പാട്ടുമായി എത്തുന്ന മറ്റൊരു സംഘം. എല്ലാ തരം അവസ്ഥയും അഭിമുഖീകരിക്കുന്ന തെരുവ്. ജീവിതാസക്തി തന്നെ എവിടെയും.

Curator animarum എന്ന ചിത്രം എങ്ങനെയും വായിക്കാം ആത്മാക്കളുടെ രോഗശാന്തി എന്നോ സമകാലിക രാഷ്ട്രീയത്തെയോ ചേർത്തുവെക്കാം പ്രത്യക്ഷത്തിൽ രാജാവ് നഗ്നനാണ് എന്ന് ലോകത്ത് എവിടെയും വിളിച്ചു പറഞ്ഞിട്ടുള്ളത് മുതിർന്നവർ അല്ല കുട്ടികൾ ആണ്. കുട്ടികൾക്കെ അതിനു കഴിയൂ രാജാധികാരം ഒരു ബുൾഡോസർ ആയി ഉരുണ്ടു വരുമ്പോൾ ഒരു നഗ്ന ബാലിക, കുരിശിൽ തറച്ച യേശു. ശക്തമായ രാഷ്ട്രീയ വിമർശനം.ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ.(ബാർട്ട് ഹൈലൻ എന്ന കലാകാരന്റെ ചിത്രങ്ങളിലൂടെ )
Circus Europe comes to town സർക്കസ് യൂറോപ്പിലേക്ക് വരുന്നു എന്ന ചിത്രവും garden of delights എന്ന ചിത്രവും തികച്ചും വ്യത്യസ്തമാണ്. ആനന്ദത്തിന്റെ സൃഷ്ടിയാണ് ഇവ.
ഒരു കലാകാരൻ തന്റെ കലയനുസരിച്ചുള്ള ജീവിത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിടണം. പല ഉപരോധങ്ങൾക്ക് വിധേയനാകണം. എന്നാൽ ഇദ്ദേഹം വാണിജ്യപരമായ പെയിന്റ് ചെയ്യാറുണ്ടായിരുന്നു. മ്യൂറൽ അലങ്കാരങ്ങൾ ചെയ്യാറുണ്ട്, ശക്തമായ ശില്പങ്ങൾ ചെയ്യാറുണ്ട്. പലതും പുരാതന സംസ്കാരത്തെ കലയിലൂടെ തിരിച്ചു പിടിക്കാൻ ഉള്ള ശ്രമങ്ങൾ. എന്നാൽ ഒരു കലാകാരൻ സ്വയം ഭരണാധികാരിയായിക്കാനും അന്യായങ്ങൾക്കെതിരെ ജീവൻ നൽകാനും നിരന്തരം കലഹിക്കാനും കഴിയുന്നവൻ ആകണം. കലയുടെ ചരിത്രം കണക്കെടുക്കുമ്പോൾ ആ കലഹങ്ങളുടെ പ്രതിഫലനങ്ങൾ കാണാം. നവോത്ഥാനത്തിന്റെ നട്ടെല്ലുകളാണ് കലാകാരന്മാർ. പ്രായോഗികതയും കലാമൂല്യവും ചേർത്തുവെച്ച കലാപ്രവർത്തനം എന്ന് അദ്ദേഹം തന്നെ പറയുന്നു.  
"സാർവത്രികമായി മനുഷ്യന് വേണ്ടിയുള്ള ആശയത്തിന് വേണ്ടി കലഹിക്കുന്നവർ. നിലവിലെ കലാകാരന്മാർക്ക് കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല" അദ്ദേഹത്തിന്റെ ഈ വാക്യങ്ങൾ പ്രസക്തമാണ്. അസ്വസ്ഥമായ കുറെയേറെ കലാ സൃഷ്ടികളാൽ സമകാലികമായ കുറെ ചോദ്യങ്ങൾ നിറച്ച കലഹങ്ങളാണ് ഓരോ സൃഷ്ടിയും
---------------------------------------------------------------

LINK

 : https://athmaonline.in/article-faisal-bava/

 

 

 

 

 

 

Wednesday, 30 August 2023

മഴ മാറിയ കര്‍ക്കടകം; ഒഴുക്ക് നിലച്ച് ചാലക്കുടിപ്പുഴ

 ലേഖനം

 

കേരളത്തിലെ ശരാശരി മഴയുടെ അളവ് 2018.7 മില്ലീമീറ്ററാണ്. എന്നാൽ  ഈ വര്ഷം  ഇതുവരെ ലഭിച്ച മഴയുടെ അളവ് 877.1 മില്ലീമീറ്റർ മാത്രമാണ്.  ഈ നില തുടർന്നാൽ ഈ വർഷം ശരാശരിയുടെ പാതിപോലും ലഭിക്കാൻ സാധ്യതയില്ല. ചാലക്കുടി പുഴയുടെ കാര്യം മഹാകഷ്ടമാണ്. പെരിങ്ങൽകുത്ത്  ഡാമിലോ  ഷോളയാർ ഡാമിലോ ഇപ്പോൾ ആവശ്യത്തിന് പോലും വെള്ളമില്ല. 

 

 

ഇടവപ്പാതി, കർക്കടകം തുടങ്ങിയ രാശികള്‍ മാറ്റി വരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വരണ്ടുണങ്ങിയ കർക്കടകമാണ് ഇത്തവണ കടന്നുപോയത്. കാർമേഘത്താൽ കറുത്തിരുളുന്ന കർക്കടകം ഇപ്പോൾ വെളിച്ചത്തിൽ വിളറി നില്കുന്നു.ശാസ്ത്ര സാങ്കേതിക രംഗത്ത് നാം നേടിയെടുത്ത പുരോഗതികള്‍ തന്നെ  വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുകയാണോ?. മഴയൊഴിഞ്ഞ നാടായി കേരളം മാറുകയാണോ?. 

സാധാരണ ജൂൺ മാസത്തിൽ കാലങ്ങളായി കിട്ടികൊണ്ടിരുന്നത് ശരാശരി 648.3 മില്ലീമീറ്റർ ആയിരുന്നുവെങ്കിൽ ഈ വർഷം ജൂണിൽ അകെ കിട്ടിയത് 260.4 മാത്രം. അതായത് 60% കുറവ്. ജൂലൈയിൽ, അല്പം കൂടി എങ്കിലും കഴിഞ്ഞ തവണത്തെ അത്ര ലഭിച്ചില്ല (ലഭിച്ചത് 653.4 -591.6 മില്ലീമീറ്റർ മാത്രം. 9%കുറവ്). ആഗസ്റ്റ് 15 വരെ 240.2 മില്ലീമീറ്റർ ലഭിക്കാറുള്ളത്  ഈ വര്ഷം, വെറും 25.0 മില്ലീമീറ്റർ മാത്രം. അതായത് 90% കുറവ്!.  ഈ തരത്തിൽ ആണ് കാലാവസ്ഥ  എങ്കിൽ  കടുത്ത ജലക്ഷാമവും വൈദ്യുതി ഉത്പാദനത്തിൽ ഗണ്യമായ കുറവും ഉണ്ടാകും. 


കേരളത്തിലെ ശരാശരി മഴയുടെ അളവ് 2018.7 മില്ലീമീറ്ററാണ്. എന്നാൽ  ഈ വര്ഷം  ഇതുവരെ ലഭിച്ച മഴയുടെ അളവ് 877.1 മില്ലീമീറ്റർ മാത്രമാണ്.  ഈ നില തുടർന്നാൽ ഈ വർഷം ശരാശരിയുടെ പാതിപോലും ലഭിക്കാൻ സാധ്യതയില്ല. ചാലക്കുടി പുഴയുടെ കാര്യം മഹാകഷ്ടമാണ്. പെരിങ്ങൽകുത്ത് ഡാമിലോ ഷോളയാർ ഡാമിലോ ഇപ്പോൾ ആവശ്യത്തിന് പോലും വെള്ളമില്ല. മഴയുടെ കുറവും കൂടി ആകുമ്പോൾ പുഴ വരളും. മൺസൂൺ മഴയുടെ കുറവ് ഇത്തവണ കൃഷിക്കും ബാധിക്കും. മഴയൊഴിയുന്ന  കേരളമെന്നപോലെ വെള്ളമൊഴിഞ്ഞ ചാലക്കുടി പുഴ എന്ന് പറയേണ്ടി വരും.16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ 44 നദികളുടെ ഈ സംസ്ഥാനത്ത് കടുത്ത ജലക്ഷാമം നേരിടുന്നു എങ്കിൽ നമുക്കെവിടെയോ പിഴച്ചിട്ടുണ്ട് എന്നുറപ്പ്.  ഒരു മഴയിൽ നാം മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്നുവെങ്കിൽ നമ്മുടെ ആസൂത്രണങ്ങളില്‍ പാകപ്പിഴകള്‍ സംഭവിച്ചു എന്നുറപ്പിക്കാം.

ഒരു വെയിലിൽ വരളുകയും  ഒരു മഴയിൽ മുങ്ങുകയും ചെയ്യുന്ന ഇടമായി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് മാറിക്കഴിഞ്ഞു. 'മഴപെയ്താൽ പുഴയറിയും' എന്നൊരു പഴഞ്ചൊല്ലണ്ട്. പുഴയറിയാതെ ഒരു മഴയും പെയ്തിട്ടില്ല. എന്നാൽ പുഴകളൊക്കെയിങ്ങനെ നീർച്ചാലായാൽ നാളെയെന്താകും അവസ്ഥ?. ചാലക്കുടി പുഴയെ ഈ കർക്കടകമാസത്തിൽ പോലും നിറയ്ക്കാൻ മഴക്കായില്ല എന്നത് ഏറെ ഭയപ്പെടുത്തുന്നു. ആർത്ത് ഉല്ലസിച്ചു പതഞ്ഞൊഴുകിയ വാഴച്ചാൽ വെള്ളച്ചാട്ടം ഇന്ന് നീർച്ചാലായി കിതച്ചാണ് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വീഴുന്നത്. പാൽ നിറത്തിൽ പതഞ്ഞു വേഗത്തിൽ ഓടിപ്പോകാൻ വെമ്പിയ ആ തിടുക്കം ഇപ്പോൾ വാഴച്ചാലിൽ നിന്നും നമുക്ക് കാണാനാകുന്നില്ല.

 പുഴകളൊക്കെയിങ്ങനെ നീർച്ചാലായാൽ നാളെയെന്താകും അവസ്ഥ?. ചാലക്കുടി പുഴയെ ഈ കർക്കടകമാസത്തിൽ പോലും നിറയ്ക്കാൻ മഴക്കായില്ല എന്നത് ഏറെ ഭയപ്പെടുത്തുന്നു. ആർത്ത് ഉല്ലസിച്ചു പതഞ്ഞൊഴുകിയ വാഴച്ചാൽ വെള്ളച്ചാട്ടം ഇന്ന് നീർച്ചാലായി കിതച്ചാണ് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വീഴുന്നത്

 

 ഉയരത്തിൽ നിന്നും എടുത്തു ചാടിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നൂലുപോലെ താഴേക്ക് നീണ്ടുകിടക്കുന്നുണ്ട്, അതിരപ്പിള്ളിയെ സ്നേഹുക്കുന്നവർക്ക് വേദനക്കാഴ്ച്ച. ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നു  നമ്മള്‍ മറന്നുപോകുന്നു. നശിപ്പിക്കുവാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്നവയെങ്കിലും എന്തു വില കൊടുത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കുവാനാണ് നാം അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത്.

 

“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”


കൊന്നപ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നു. കാടുകള്‍ വെട്ടിത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍, വരുംകാലം ജലത്തിനു വേണ്ടി ഏറെ പൊരുതേണ്ടി വരുമെന്ന് മറക്കുകയാണ്!. ജലത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രകൃതിയെ പരിഗണിക്കുന്ന കാര്യത്തിൽ നമ്മുടെ പ്രബുദ്ധതയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നു തോന്നുന്നു. പാരിസ്ഥിതിക അവബോധം ചോര്‍ന്നു പോയി കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞിട്ടുണ്ട്‌: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

 

 ---------------------------------------------------------------

ആത്മ  ഡോട്ട് കോമിൽ 21 August 2023 പ്രസിദ്ധീകരിച്ചു 

link

https://bahuswara.in/politics/f/%E0%B4%AE%E0%B4%B4-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95%E0%B4%82-%E0%B4%92%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4

Tuesday, 29 August 2023

ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ

 (പ്രശസ്‍ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)

 



 

 

 

 

 

 

 

“നിങ്ങൾ എപ്പോഴെങ്കിലും ശരിക്കും വിഷാദത്തിലാണെങ്കിൽ, ഒരു ടെറി അലൻ ആൽബം ഇടുക. അത് നിങ്ങളെ ചിരിപ്പിക്കും. അദ്ദേഹത്തിന്റെ നർമ്മബോധം, വാക്കുകളുടെ വഴി, അവൻ എഴുതുന്ന സാഹചര്യങ്ങൾ എന്നിവ വിലമതിക്കാനാവാത്തതാണ്" 

                                                                                                                : - ഗൈ ക്ലാർക്ക്





ടെറി അലൻ എന്ന അമേരിക്കൻ  കലാകാരന്റെ ലോകം വിപുലമാണ് ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ  ഗാനരചയിതാവ്,  എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം, അദ്ദേഹത്തിന്റെ സംഗീതലോകത്തെ കുറിച്ച് ധാരാളം പഠനങ്ങൾ  വന്നിട്ടുണ്ട്. റോഡ്‌നി ക്രോവൽ (Rodney Crowell) എഴുതിയ ലേഖനത്തിൽ അദ്ദേഹത്തിന്റെ   വിശാലമായ  കലാലോകത്തെ സ്പർശിക്കുന്നു. ടെറി  അലൻ തന്റെ ചുറ്റുപാടുകളെ സാധാരണമായി കാണുകയും എന്നാൽ  അർത്ഥവത്തായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അനുവദിക്കുന്ന വിധത്തിൽ തന്റെ കലാലോകത്തെ വിപുലപ്പെടുത്തി. ഒരർത്ഥത്തിൽ , കോർമാക് മക്കാർത്തിയുടെ  ആക്ഷേപഹാസ്യം എഴുതിയത് പോലെയാണ് തന്റെ  കഥാപാത്രങ്ങളും.  ഒരു വ്യക്തിയുടെ ജീവിതം ലൗകികമോ പ്രാധാന്യമോ ഉള്ളതാണെന്ന വ്യത്യാസമില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം. ഒരേ സമയം സംഗീതത്തിലും എഴുത്തിലും ചിത്ര ശില്പകലയിലും ഒരേപോലെ ശ്രദ്ധേയരായ വളരെ ചുരുക്കം പേരെ ലോകത്ത് ഉണ്ടായിട്ടുള്ളൂ അതിൽ ടെറി അലന്റെ സ്ഥാനം പ്രധാനമാണ്.    
  
 അദ്ദേഹത്തിന്റെ കോർപ്പറേറ്റ് ഹെഡ് എന്ന ശിൽപം തന്നെ കൃത്യമായി രാഷ്ട്രീയം പറയുന്നു. കോർപ്പറേറ്റ് കെട്ടിടത്തിലേക്ക് തല കയറ്റിവെക്കേണ്ട കോർപ്പറേറ്റ് ജീവനക്കാരനെ നമുക്ക് നമ്മളിൽ കൂടി കാണാം നാം ഓരോരുത്തരും ഇത്തരത്തില് നമ്മുടെ തലകൾ എവിടെയോ കോൺക്രീറ്റ് ചെയ്തു വെച്ചിരിക്കുന്നു എന്നതിലേക്കും ഇതിനെ ചേർത്ത് വായിക്കാം. ഇത്തരത്തിൽ അദ്ദേഹത്തിന്റെ പോലെ ശില്പങ്ങളിലും മുഖങ്ങൾ ഇല്ലാതാകുന്നത് കാണാം.  ഫിലിപ്പ് ലെവിന്റെ കവിതയുമായി  ഈ ശില്പത്തെ ചേർത്തുവായിക്കാം.  1980-കൾ പൊതുനന്മയുടെ അളവുകോലായി പണത്തിനു വേണ്ടിയുള്ള ഒരു ദശാബ്ദമായി അറിയപ്പെട്ടു. അക്കാലയളവിൽ  ഉപരിവർഗത്തിന് ഉദാരമായ നികുതി ആനുകൂല്യങ്ങൾ സർക്കാർ നൽകി, ഒപ്പം ജനക്ഷേമപ്രവർത്തനങ്ങളിൽ നിന്നും  സർക്കാർ പരിപാടികൾ ഇല്ലാതായികൊണ്ടിരുന്നു, സേവിംഗ്സ് ആന്റ് ലോൺ വ്യവസായത്തിന്റെ നിയന്ത്രണം എടുത്തുകളയൽ, ദേശീയ കടം നാലിരട്ടിയാക്കൽ ഇങ്ങനെ പല മാറ്റങ്ങളും ജനതയെ കാര്യമായി ബാധിച്ചു ഈ രാഷ്ട്രീയത്തെയാണ് കോർപറേറ്റ് ഹെഡ് എന്ന ശില്പത്തിലൂടെ  നിർവചിക്കാൻ ടെറി അലൻ ശ്രമിക്കുന്നത്  സഹായിച്ചു. ഈ പശ്ചാത്തലത്തിൽ റൊണാൾഡ്‌ റീഗൻ- ജോർജ്ജ് ബുഷ് ഭരണകാലയളവിനെ രാഷ്ട്രീയമായി കൊത്തിവെക്കുന്നു ഈ ശില്പം,   മൂല്യങ്ങളും ധാർമ്മികതയും ലക്ഷ്യമാക്കി ചെയ്തിട്ടുള്ള കോർപ്പറേറ്റ് ഹെഡ് എന്ന ശില്പം  വലുപ്പത്തിൽ താരതമ്യേന ചെറുതാണെങ്കിലും, കോർപ്പറേറ്റ് മാനസികാവസ്ഥയെ ശക്തമായി വിമർശിക്കുന്നു 
 Shioto Lounge Deer എന്ന ശില്പത്തിൽ മനുഷ്യ രൂപത്തിൽ കിടക്കുന്ന മാനിനെ കാണാം,  "മാൻ രോമങ്ങൾ" എന്നതിന്റെ ഷവോനി പദത്തിൽനിന്നാണ്  "സിയോട്ടോ" വരുന്നത്.  ഇക്കാര്യമാണ്  ടെറി അലൻ  ഈ സീരീസ് നിർമ്മിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്, ഇതോടെ   "മനുഷ്യവൽക്കരിക്കപ്പെട്ട" മാനുകളുടെ കഥാപാത്രം വരുന്ന ഒരു പരമ്പരതന്നെ ചെയ്തു, 



നഷ്ടപെടലുകൾ ആണ് ഒട്ടുമിക്ക ശില്പങ്ങളും, അത് രാഷ്ട്രീയ, 
കൂടിയാണെന്നതാണ് പ്രധാനം. തലകൾ നഷ്ടപെട്ടവരുടെ ഒരു സീരീസ് തന്നെ ഇൻസ്റ്റലേഷൻ ആയി ചെയ്തിട്ടുണ്ട്, പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം കെട്ടിപ്പൂട്ടിയ ഐടിമാനെ കാണിക്കുന്ന  ശിൽപം,   വായയിൽ ഷൂസ് തിരുകിയ കോർപ്പറേറ്റ്മാനെ കാണിക്കുന്ന ശിൽപം ഇതൊക്കെ മോഡേൺ കമ്മ്യൂണിക്കേഷൻ എന്ന സീരീസിൽ പെടുന്നു. ഇത്തരത്തിൽ ഈ കാലത്തേ രാഷ്ട്രീയത്തെ കൃത്യമായി തുറന്നു കാട്ടുന്ന ശില്പങ്ങളാണ് ടെറി അലന്റെത്. കോർപ്പറേറ്റ് വത്കരിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ നേർചിത്രങ്ങളാണ് തന്റെ ശില്പങ്ങൾ. തലയില്ലാതാകുന്ന ആധുനിക മനുഷ്യരായി കൊത്തി വെക്കുമ്പോൾ തന്നിലെ രാഷ്ട്രീയമാണ് കാണിക്കുന്നത്. മനുഷ്യന്റെ പ്രധാന അടയാളമായ  മുഖത്തെതന്നെ ഇല്ലാതാക്കികൊണ്ടാണ് ഇവിടെ ശില്പങ്ങളിലൂടെ പുതിയ കാലത്തിന്റെ കോർപ്പറേറ്റ് രാഷ്ട്രീയത്തെ പറ്റി പറയുന്നത്. ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ നഷ്ടമാകുന്നത് ലോകം തന്നെയാണ് എന്ന തിരിച്ചറിവിലേക്ക് ഈ ശില്പങ്ങൾ നമ്മെ എത്തിക്കുന്ന






 
-----------------------------------------------------------
തസ്രാക് ഡോട്ട് കോമിൽ ആഗസ്റ്റ് 2023 പ്രസിദ്ധീകരിച്ചു  
LINK
 
https://thasrak.com/%E0%B4%86%E0%B4%A7%E0%B5%81%E0%B4%A8%E0%B4%BF%E0%B4%95-%E0%B4%95%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%96%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE/?utm_source=copy&utm_medium=website&utm_campaign=Thasrak.com&fbclid=IwAR1j-5lGWWBAto3rnlZJnWee3JLwhHBNZfmbsyH-TFI-_woqf60DibOoziI

Sunday, 13 August 2023

കിമ്മിന്റെ സ്വപ്നം

 സിനിമ

 

 

ലോകത്ത് ഏറ്റവും കൂടുതൽ ചര്ച്ച ചെയ്യപ്പെട്ട സംവിധായകരിൽ ഒരാളാണ് തെക്കൻ കൊറിയയിൽ നിന്നുള്ള കിം കി ഡുക്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒക്കെ തന്നെ വളരെ വ്യത്യസ്തമായ വിഷയതിലൂടെയുള്ള തീനടത്തമാണ് . 25 വയസു വരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലാത്ത ഒരാളാണ് 1996 ൽ ക്രൊക്കൊഡേൽ എന്ന സിനിമയിലൂടെ ലോകത്തെ ഞെട്ടിച്ചത്. സ്പ്രിംഗ് സമ്മർ ഫാൾ വിന്റെർ ആൻഡ്‌ സ്പ്രിംഗ് എന്ന എക്കാലത്തെയും ക്ലാസിക്ക് സിനിമയും കിമ്മിൽ നിന്നും ലഭിച്ചു. കിമ്മിന്റെ ഡ്രീം (Bi-mong)  ഇതിവൃത്തംകൊണ്ട് ഏറെ  ശ്രദ്ധേയമായ ചിത്രമാണ് . 2008ന്റെ അവസാനത്തിലാണ് കിമ്മിന്റെ ഈ ചിത്രം ഇറങ്ങുന്നത്. ഒരാള്‍ കാണുന്ന സ്വപ്നം അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകുന്നു. ഇതാണ് പുതിയ ചിത്രത്തിന്റെ വിഷയം. നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 'ഡ്രീ'മിന്റെ കഥ കിം കിഡുക്ക് പറയുന്നത്. ദുഃസ്വപ്നങ്ങള്‍ കാണുന്ന ജിന്‍ എന്ന ശില്പിയാണ് മുഖ്യ കഥാപാത്രം. ഈ യുവാവിന്റെ സ്വപ്നങ്ങളെല്ലാം ഫലിക്കുന്നത് ലിറാന്‍ എന്ന യുവതിയുടെ ജീവിതത്തിലാണ്. ഫാഷന്‍ ഡിസൈനറായ ലിറാന്‍ നിദ്രാടനക്കാരിയാണ്. താന്‍ ചെയ്യുന്നതൊന്നും അവള്‍ അറിയുന്നില്ല. ശില്പിയുടെ മുന്‍ കാമുകിയും അവളുടെ ഇപ്പോഴത്തെ കാമുകനുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങള്‍. രണ്ടോ മൂന്നോ  പോലീസുദ്യോഗസ്ഥരും സ്വപ്നവിശകലനത്തില്‍ വിദഗ്ധയായ ഒരു ഡോക്ടറും കൂടിയുണ്ട് ഈ ചിത്രത്തില്‍. ഇരുട്ടില്‍ വെളിച്ചത്തിന്റെ വര്‍ണപ്പൊട്ടുകള്‍ കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്.

 ജിന്‍ സ്വപ്നം കാണുകയാണ്. ഒരു കാറപകടം. ഉറക്കം ഞെട്ടിയുണര്‍ന്ന അവന്‍ സ്വപ്നത്തില്‍കാറപകടം നടന്ന സ്ഥലത്തെത്തുന്നു. അത്ഭുതം. സ്വപ്നത്തില്‍ കണ്ടതുപോലുള്ള അപകടം അവിടെ നടന്നിട്ട് നിമിഷങ്ങളേ ആയിട്ടുള്ളൂ. അപകടം വരുത്തിയ കാറോടിച്ചത് ലീ റാന്‍ ആണ്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രംനോക്കി പോലീസ് അവളെ അറസ്റ്റുചെയ്യുന്നു. പക്ഷേ, അവള്‍ കുറ്റം നിഷേധിച്ചു. താന്‍ ആ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് അവളുടെ വാദം. ജിന്നിന് കുറ്റബോധം തോന്നുന്നു. താനാണ് യഥാര്‍ഥ കുറ്റവാളിയെന്ന് അവന്‍ പോലീസിനോടു പറയുന്നു. ''സ്വപ്നംവേറെ, യാഥാര്‍ഥ്യം വേറെ'' എന്നു പറഞ്ഞ് പോലീസ് അവനെ വിരട്ടുന്നു.


ജിന്നിനും ലീറാനും ഒരേസമയത്താണ് അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ജിന്‍ സ്വപ്നം കാണുന്നു. ലീ റാന്റെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായിത്തീരുന്നു. സ്വപ്നങ്ങളില്‍ ജിന്‍ തേടുന്നത് തന്റെ പഴയ കാമുകിയെയാണെന്ന് ഡോക്ടര്‍ വ്യാഖ്യാനിക്കുന്നു. തന്നെ ഉപേക്ഷിച്ചിട്ടും അവനവളെ മറക്കാനാവുന്നില്ല. താനുപേക്ഷിച്ച കാമുകന്റെ മുഖമാണ് ലീ റാന്‍ സ്വപ്നത്തില്‍ത്തേടുന്നത്. അവള്‍ക്ക് പക്ഷേ, അവനോട് ഒട്ടും സ്നേഹമില്ല. ജിന്നും ലീയും ഒന്നാണെന്നും എന്തുകൊണ്ട് ഇരുവര്‍ക്കും സ്നേഹിച്ചുകൂടായെന്നും ഡോക്ടര്‍ ചോദിക്കുമ്പോള്‍ കഥ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.

രണ്ടുപേരും ഒരേസമയത്ത് ഉറങ്ങുകയാണെങ്കിലേ സ്വപ്നം കാണലും യാഥാര്‍ഥ്യമാകലും സംഭവിക്കൂവെന്ന് ജിന്നും ലീറാനും മനസ്സിലാക്കുന്നു. ഒരേസമയം ഉറങ്ങുന്നത് ഒഴിവാക്കാനാണ് പിന്നെ അവരുടെ ശ്രമം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഉണര്‍ന്നിരിക്കും. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് നിദ്രയെ മറികടക്കാനാവുന്നില്ല. കാമുകനെ കൊന്ന കുറ്റത്തിന് ലീറാന്‍ ജയിലിലാവുന്നു. പിന്നെ നമ്മള്‍ കാണുന്നത് ലീറാന്റെയും ജിന്നിന്റെയും ആത്മഹത്യയാണ്. അതിനുമുമ്പ് അവനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നുണ്ടവള്‍. പുനര്‍ജനിയുടെയോ പ്രതീക്ഷയുടെയോ പ്രതീകമായ ഒരു പൂമ്പാറ്റയുടെയും പരസ്പരംകോര്‍ത്ത രണ്ട് കൈകളുടെയും ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. പതിവുപോലെ, പ്രേക്ഷകന്റെ വ്യാഖ്യാനത്തിനു വിട്ടുകൊടുത്താണ് കിം സിനിമ അവസാനിപ്പിക്കുന്നത്. തന്റെ സിനിമകളില്‍ കൃത്യമായ ഒരവസാനം ഉണ്ടാകാറില്ലെന്ന് കിം തന്നെ പറഞ്ഞിട്ടുണ്ട്.    സിനിമ പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ മനസ്സിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

-------------------------------------------------------