Wednesday, 30 August 2023

മഴ മാറിയ കര്‍ക്കടകം; ഒഴുക്ക് നിലച്ച് ചാലക്കുടിപ്പുഴ

 ലേഖനം

 

കേരളത്തിലെ ശരാശരി മഴയുടെ അളവ് 2018.7 മില്ലീമീറ്ററാണ്. എന്നാൽ  ഈ വര്ഷം  ഇതുവരെ ലഭിച്ച മഴയുടെ അളവ് 877.1 മില്ലീമീറ്റർ മാത്രമാണ്.  ഈ നില തുടർന്നാൽ ഈ വർഷം ശരാശരിയുടെ പാതിപോലും ലഭിക്കാൻ സാധ്യതയില്ല. ചാലക്കുടി പുഴയുടെ കാര്യം മഹാകഷ്ടമാണ്. പെരിങ്ങൽകുത്ത്  ഡാമിലോ  ഷോളയാർ ഡാമിലോ ഇപ്പോൾ ആവശ്യത്തിന് പോലും വെള്ളമില്ല. 

 

 

ഇടവപ്പാതി, കർക്കടകം തുടങ്ങിയ രാശികള്‍ മാറ്റി വരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വരണ്ടുണങ്ങിയ കർക്കടകമാണ് ഇത്തവണ കടന്നുപോയത്. കാർമേഘത്താൽ കറുത്തിരുളുന്ന കർക്കടകം ഇപ്പോൾ വെളിച്ചത്തിൽ വിളറി നില്കുന്നു.ശാസ്ത്ര സാങ്കേതിക രംഗത്ത് നാം നേടിയെടുത്ത പുരോഗതികള്‍ തന്നെ  വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുകയാണോ?. മഴയൊഴിഞ്ഞ നാടായി കേരളം മാറുകയാണോ?. 

സാധാരണ ജൂൺ മാസത്തിൽ കാലങ്ങളായി കിട്ടികൊണ്ടിരുന്നത് ശരാശരി 648.3 മില്ലീമീറ്റർ ആയിരുന്നുവെങ്കിൽ ഈ വർഷം ജൂണിൽ അകെ കിട്ടിയത് 260.4 മാത്രം. അതായത് 60% കുറവ്. ജൂലൈയിൽ, അല്പം കൂടി എങ്കിലും കഴിഞ്ഞ തവണത്തെ അത്ര ലഭിച്ചില്ല (ലഭിച്ചത് 653.4 -591.6 മില്ലീമീറ്റർ മാത്രം. 9%കുറവ്). ആഗസ്റ്റ് 15 വരെ 240.2 മില്ലീമീറ്റർ ലഭിക്കാറുള്ളത്  ഈ വര്ഷം, വെറും 25.0 മില്ലീമീറ്റർ മാത്രം. അതായത് 90% കുറവ്!.  ഈ തരത്തിൽ ആണ് കാലാവസ്ഥ  എങ്കിൽ  കടുത്ത ജലക്ഷാമവും വൈദ്യുതി ഉത്പാദനത്തിൽ ഗണ്യമായ കുറവും ഉണ്ടാകും. 


കേരളത്തിലെ ശരാശരി മഴയുടെ അളവ് 2018.7 മില്ലീമീറ്ററാണ്. എന്നാൽ  ഈ വര്ഷം  ഇതുവരെ ലഭിച്ച മഴയുടെ അളവ് 877.1 മില്ലീമീറ്റർ മാത്രമാണ്.  ഈ നില തുടർന്നാൽ ഈ വർഷം ശരാശരിയുടെ പാതിപോലും ലഭിക്കാൻ സാധ്യതയില്ല. ചാലക്കുടി പുഴയുടെ കാര്യം മഹാകഷ്ടമാണ്. പെരിങ്ങൽകുത്ത് ഡാമിലോ ഷോളയാർ ഡാമിലോ ഇപ്പോൾ ആവശ്യത്തിന് പോലും വെള്ളമില്ല. മഴയുടെ കുറവും കൂടി ആകുമ്പോൾ പുഴ വരളും. മൺസൂൺ മഴയുടെ കുറവ് ഇത്തവണ കൃഷിക്കും ബാധിക്കും. മഴയൊഴിയുന്ന  കേരളമെന്നപോലെ വെള്ളമൊഴിഞ്ഞ ചാലക്കുടി പുഴ എന്ന് പറയേണ്ടി വരും.16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ 44 നദികളുടെ ഈ സംസ്ഥാനത്ത് കടുത്ത ജലക്ഷാമം നേരിടുന്നു എങ്കിൽ നമുക്കെവിടെയോ പിഴച്ചിട്ടുണ്ട് എന്നുറപ്പ്.  ഒരു മഴയിൽ നാം മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്നുവെങ്കിൽ നമ്മുടെ ആസൂത്രണങ്ങളില്‍ പാകപ്പിഴകള്‍ സംഭവിച്ചു എന്നുറപ്പിക്കാം.

ഒരു വെയിലിൽ വരളുകയും  ഒരു മഴയിൽ മുങ്ങുകയും ചെയ്യുന്ന ഇടമായി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് മാറിക്കഴിഞ്ഞു. 'മഴപെയ്താൽ പുഴയറിയും' എന്നൊരു പഴഞ്ചൊല്ലണ്ട്. പുഴയറിയാതെ ഒരു മഴയും പെയ്തിട്ടില്ല. എന്നാൽ പുഴകളൊക്കെയിങ്ങനെ നീർച്ചാലായാൽ നാളെയെന്താകും അവസ്ഥ?. ചാലക്കുടി പുഴയെ ഈ കർക്കടകമാസത്തിൽ പോലും നിറയ്ക്കാൻ മഴക്കായില്ല എന്നത് ഏറെ ഭയപ്പെടുത്തുന്നു. ആർത്ത് ഉല്ലസിച്ചു പതഞ്ഞൊഴുകിയ വാഴച്ചാൽ വെള്ളച്ചാട്ടം ഇന്ന് നീർച്ചാലായി കിതച്ചാണ് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വീഴുന്നത്. പാൽ നിറത്തിൽ പതഞ്ഞു വേഗത്തിൽ ഓടിപ്പോകാൻ വെമ്പിയ ആ തിടുക്കം ഇപ്പോൾ വാഴച്ചാലിൽ നിന്നും നമുക്ക് കാണാനാകുന്നില്ല.

 പുഴകളൊക്കെയിങ്ങനെ നീർച്ചാലായാൽ നാളെയെന്താകും അവസ്ഥ?. ചാലക്കുടി പുഴയെ ഈ കർക്കടകമാസത്തിൽ പോലും നിറയ്ക്കാൻ മഴക്കായില്ല എന്നത് ഏറെ ഭയപ്പെടുത്തുന്നു. ആർത്ത് ഉല്ലസിച്ചു പതഞ്ഞൊഴുകിയ വാഴച്ചാൽ വെള്ളച്ചാട്ടം ഇന്ന് നീർച്ചാലായി കിതച്ചാണ് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി വീഴുന്നത്

 

 ഉയരത്തിൽ നിന്നും എടുത്തു ചാടിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നൂലുപോലെ താഴേക്ക് നീണ്ടുകിടക്കുന്നുണ്ട്, അതിരപ്പിള്ളിയെ സ്നേഹുക്കുന്നവർക്ക് വേദനക്കാഴ്ച്ച. ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നു  നമ്മള്‍ മറന്നുപോകുന്നു. നശിപ്പിക്കുവാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്നവയെങ്കിലും എന്തു വില കൊടുത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കുവാനാണ് നാം അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത്.

 

“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”


കൊന്നപ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നു. കാടുകള്‍ വെട്ടിത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍, വരുംകാലം ജലത്തിനു വേണ്ടി ഏറെ പൊരുതേണ്ടി വരുമെന്ന് മറക്കുകയാണ്!. ജലത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രകൃതിയെ പരിഗണിക്കുന്ന കാര്യത്തിൽ നമ്മുടെ പ്രബുദ്ധതയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നു തോന്നുന്നു. പാരിസ്ഥിതിക അവബോധം ചോര്‍ന്നു പോയി കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞിട്ടുണ്ട്‌: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

 

 ---------------------------------------------------------------

ആത്മ  ഡോട്ട് കോമിൽ 21 August 2023 പ്രസിദ്ധീകരിച്ചു 

link

https://bahuswara.in/politics/f/%E0%B4%AE%E0%B4%B4-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95%E0%B4%82-%E0%B4%92%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4

No comments:

Post a Comment