Sunday, 13 August 2023

കിമ്മിന്റെ സ്വപ്നം

 സിനിമ

 

 

ലോകത്ത് ഏറ്റവും കൂടുതൽ ചര്ച്ച ചെയ്യപ്പെട്ട സംവിധായകരിൽ ഒരാളാണ് തെക്കൻ കൊറിയയിൽ നിന്നുള്ള കിം കി ഡുക്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒക്കെ തന്നെ വളരെ വ്യത്യസ്തമായ വിഷയതിലൂടെയുള്ള തീനടത്തമാണ് . 25 വയസു വരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലാത്ത ഒരാളാണ് 1996 ൽ ക്രൊക്കൊഡേൽ എന്ന സിനിമയിലൂടെ ലോകത്തെ ഞെട്ടിച്ചത്. സ്പ്രിംഗ് സമ്മർ ഫാൾ വിന്റെർ ആൻഡ്‌ സ്പ്രിംഗ് എന്ന എക്കാലത്തെയും ക്ലാസിക്ക് സിനിമയും കിമ്മിൽ നിന്നും ലഭിച്ചു. കിമ്മിന്റെ ഡ്രീം (Bi-mong)  ഇതിവൃത്തംകൊണ്ട് ഏറെ  ശ്രദ്ധേയമായ ചിത്രമാണ് . 2008ന്റെ അവസാനത്തിലാണ് കിമ്മിന്റെ ഈ ചിത്രം ഇറങ്ങുന്നത്. ഒരാള്‍ കാണുന്ന സ്വപ്നം അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകുന്നു. ഇതാണ് പുതിയ ചിത്രത്തിന്റെ വിഷയം. നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 'ഡ്രീ'മിന്റെ കഥ കിം കിഡുക്ക് പറയുന്നത്. ദുഃസ്വപ്നങ്ങള്‍ കാണുന്ന ജിന്‍ എന്ന ശില്പിയാണ് മുഖ്യ കഥാപാത്രം. ഈ യുവാവിന്റെ സ്വപ്നങ്ങളെല്ലാം ഫലിക്കുന്നത് ലിറാന്‍ എന്ന യുവതിയുടെ ജീവിതത്തിലാണ്. ഫാഷന്‍ ഡിസൈനറായ ലിറാന്‍ നിദ്രാടനക്കാരിയാണ്. താന്‍ ചെയ്യുന്നതൊന്നും അവള്‍ അറിയുന്നില്ല. ശില്പിയുടെ മുന്‍ കാമുകിയും അവളുടെ ഇപ്പോഴത്തെ കാമുകനുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങള്‍. രണ്ടോ മൂന്നോ  പോലീസുദ്യോഗസ്ഥരും സ്വപ്നവിശകലനത്തില്‍ വിദഗ്ധയായ ഒരു ഡോക്ടറും കൂടിയുണ്ട് ഈ ചിത്രത്തില്‍. ഇരുട്ടില്‍ വെളിച്ചത്തിന്റെ വര്‍ണപ്പൊട്ടുകള്‍ കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്.

 ജിന്‍ സ്വപ്നം കാണുകയാണ്. ഒരു കാറപകടം. ഉറക്കം ഞെട്ടിയുണര്‍ന്ന അവന്‍ സ്വപ്നത്തില്‍കാറപകടം നടന്ന സ്ഥലത്തെത്തുന്നു. അത്ഭുതം. സ്വപ്നത്തില്‍ കണ്ടതുപോലുള്ള അപകടം അവിടെ നടന്നിട്ട് നിമിഷങ്ങളേ ആയിട്ടുള്ളൂ. അപകടം വരുത്തിയ കാറോടിച്ചത് ലീ റാന്‍ ആണ്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രംനോക്കി പോലീസ് അവളെ അറസ്റ്റുചെയ്യുന്നു. പക്ഷേ, അവള്‍ കുറ്റം നിഷേധിച്ചു. താന്‍ ആ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് അവളുടെ വാദം. ജിന്നിന് കുറ്റബോധം തോന്നുന്നു. താനാണ് യഥാര്‍ഥ കുറ്റവാളിയെന്ന് അവന്‍ പോലീസിനോടു പറയുന്നു. ''സ്വപ്നംവേറെ, യാഥാര്‍ഥ്യം വേറെ'' എന്നു പറഞ്ഞ് പോലീസ് അവനെ വിരട്ടുന്നു.


ജിന്നിനും ലീറാനും ഒരേസമയത്താണ് അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ജിന്‍ സ്വപ്നം കാണുന്നു. ലീ റാന്റെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായിത്തീരുന്നു. സ്വപ്നങ്ങളില്‍ ജിന്‍ തേടുന്നത് തന്റെ പഴയ കാമുകിയെയാണെന്ന് ഡോക്ടര്‍ വ്യാഖ്യാനിക്കുന്നു. തന്നെ ഉപേക്ഷിച്ചിട്ടും അവനവളെ മറക്കാനാവുന്നില്ല. താനുപേക്ഷിച്ച കാമുകന്റെ മുഖമാണ് ലീ റാന്‍ സ്വപ്നത്തില്‍ത്തേടുന്നത്. അവള്‍ക്ക് പക്ഷേ, അവനോട് ഒട്ടും സ്നേഹമില്ല. ജിന്നും ലീയും ഒന്നാണെന്നും എന്തുകൊണ്ട് ഇരുവര്‍ക്കും സ്നേഹിച്ചുകൂടായെന്നും ഡോക്ടര്‍ ചോദിക്കുമ്പോള്‍ കഥ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.

രണ്ടുപേരും ഒരേസമയത്ത് ഉറങ്ങുകയാണെങ്കിലേ സ്വപ്നം കാണലും യാഥാര്‍ഥ്യമാകലും സംഭവിക്കൂവെന്ന് ജിന്നും ലീറാനും മനസ്സിലാക്കുന്നു. ഒരേസമയം ഉറങ്ങുന്നത് ഒഴിവാക്കാനാണ് പിന്നെ അവരുടെ ശ്രമം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഉണര്‍ന്നിരിക്കും. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് നിദ്രയെ മറികടക്കാനാവുന്നില്ല. കാമുകനെ കൊന്ന കുറ്റത്തിന് ലീറാന്‍ ജയിലിലാവുന്നു. പിന്നെ നമ്മള്‍ കാണുന്നത് ലീറാന്റെയും ജിന്നിന്റെയും ആത്മഹത്യയാണ്. അതിനുമുമ്പ് അവനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നുണ്ടവള്‍. പുനര്‍ജനിയുടെയോ പ്രതീക്ഷയുടെയോ പ്രതീകമായ ഒരു പൂമ്പാറ്റയുടെയും പരസ്പരംകോര്‍ത്ത രണ്ട് കൈകളുടെയും ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. പതിവുപോലെ, പ്രേക്ഷകന്റെ വ്യാഖ്യാനത്തിനു വിട്ടുകൊടുത്താണ് കിം സിനിമ അവസാനിപ്പിക്കുന്നത്. തന്റെ സിനിമകളില്‍ കൃത്യമായ ഒരവസാനം ഉണ്ടാകാറില്ലെന്ന് കിം തന്നെ പറഞ്ഞിട്ടുണ്ട്.    സിനിമ പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ മനസ്സിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

-------------------------------------------------------




No comments:

Post a Comment