Tuesday, 2 May 2023

രോഗം - അനുഭവം - എഴുത്ത്

 രോഗാഖ്യാനങ്ങൾക്ക് ഇന്ന് സാഹിത്യശാഖയിലും പ്രമുഖമായ ഒരു സ്ഥാനമുണ്ട്. രോഗങ്ങളെ പറ്റിയുള്ള ചില ആത്മാഖ്യാനങ്ങളിൽ പൊതുവായി ഉയർന്നു വന്നിട്ടുള്ള അനുഭവങ്ങളെ വായിച്ചെടുക്കാനാണ് ഈ പഠനങ്ങളിലൂടെ ശ്രമിക്കുന്നത്.


My love is as a fever longing still, For that which longer nurseth the disease; Feeding on that which doth preserve the ill, The uncertain sickly appetite to please." :- William Shakespeare

രോഗാനുഭവങ്ങൾ, അതിനെ കുറിച്ചുള്ള പഠനങ്ങൾ, എഴുത്തുകൾ അങ്ങനെ ഒട്ടേറെ വായനകളിലൂടെ ഇതിനകം നാം കടന്നുപോയിട്ടുണ്ടാകും. ഇത്തരത്തിൽ ആദ്യം മനസ്സിൽ ഓടിവരുന്നത് കെപി അപ്പന്റെ രോഗവും സാഹിത്യ ഭാവനയും എന്ന പുസ്തകമാണ്. രോഗങ്ങൾ പ്രജ്ഞയെയും പ്രതിഭയെയും ഭാവനയെയും അവിചാരിതമേഖലകളിലേക്ക് ആനയിക്കുന്നതെങ്ങനെ എന്ന അന്വേഷണമായ, എഴുത്തുകാരുടെ രോഗങ്ങളും അവരുടെ കൃതികളിൽ അവയുണ്ടാക്കിയ സർഗ്ഗവിസ്മയങ്ങളും വെളിപ്പെടുത്തികൊണ്ട് വ്യത്യസ്തമായ  കൃതി. ലോകത്ത് ഇത്തരം പുസ്തകങ്ങൾ ഏറെ വായിക്കപ്പെട്ടിട്ടുണ്ട്. 'എയ്ഡ്സും അതിന്റെ രൂപകങ്ങളും',  എന്ന സൂസൻ സൊൻടാഗിന്റെ പുസ്തകവും സോൾ ഷെനിത്സന്റെ 'കാൻസർ വാർഡും' അടക്കം ധാരാളം കൃതികൾ നമുക്ക് മുന്നിൽ ഉണ്ട്. മലയാളത്തിലെ എഴുത്തുകാരുടെ രോഗാവസ്ഥയും സർഗ്ഗവിസ്മയ ലോകവും വായിക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും. ഈ പുസ്തകത്തിലെ "ചങ്ങമ്പുഴയുടെ ക്ഷയരോഗവും 'കളിത്തോഴി' പ്രവചിച്ചിരുന്നു" എന്ന അധ്യായവും ബഷീറിനെ കുറിച്ചുള്ള  "ബഷീറിന്റെ ഭ്രാന്തും എന്റെ കിറുക്കുകളും" എന്ന അധ്യായവും ശ്രദ്ധേയം. 

"സമൂഹത്തിൽ ഭ്രഷ്ടനാക്കപ്പെട്ടവൻ കൂടുതൽ വ്യക്തമായി സമൂഹത്തെ കാണുന്നു. ഭ്രാന്ത് സ്വയംഭ്രഷ്ടനാകാനുള്ള മാർഗ്ഗമാണ്. അത് പ്രതിഭയുടെ ആവശ്യവുമാണ്. ഭ്രാന്തിനു ശേഷം രോഗലക്ഷണങ്ങൾ പൂർണ്ണമായും വിട്ടുമാറുന്നില്ല. അപ്പോൾ എഴുത്തുകാരൻ കൂടുതൽ കരുത്താനാകുന്നു. ജ്ഞാനിയാകുന്നു. ജ്ഞാനിയുടെ ഫലിതം പറയാൻ തുടങ്ങുന്നു." കെപി അപ്പന്റെ വരികളാണിത്. എഴുത്തുകാരന്റെ വീക്ഷണകോണിലൂടെയും രോഗികളായ എഴുത്തുകാരുടെ അനുഭവങ്ങൾ ഇത്തരത്തിൽ പലവിധത്തിൽ വന്നിട്ടുണ്ട്. കൂടാതെ  ചിത്രകാരന്മാരുടെ വരകൾ അതുമായി ബന്ധപ്പെട്ട എഴുത്തുകൾ, സിനിമകൾ  അങ്ങനെ പലതും  രോഗവുമായി ബന്ധെപ്പട്ട സൃഷ്ടികൾ രൂപപ്പെട്ടിട്ടുണ്ട്. നോർവീജിയൻ ചിത്രകാരൻ എഡ്വാർഡ് മഞ്ച് (Edvard Munch) ന്റെ ചിത്രങ്ങൾ നിരീക്ഷിച്ചാൽ ഒരു ഒരു കാര്യം മനസിലാക്കാം, ജീവിതം രോഗാതുരവും  ദാരുണവുമായിരുന്നു എന്ന് ഓരോ ചിത്രവും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ The Scream, The Sick Child, Death in the Sickroom എന്നീ മൂന്നു ചിത്രങ്ങളും രോഗാനുഭവവുമായി  ബന്ധപ്പെട്ട അനുഭവസാക്ഷ്യങ്ങളാണ്. എഴുത്തുകാർക്കും ആർട്ടിസ്റ്റുമാർക്കും മറ്റും എഴുത്തുലൂടെ നിറങ്ങളിലൂടെ സിനിമകളിലൂടെ ഒട്ടനവധി അനുഭവസാക്ഷ്യങ്ങൾ നാം കണ്ടും വായിച്ചും കഴിഞ്ഞു. അത്തരത്തിൽ ഈയിടെ ഇറങ്ങിയ പുസ്തകമാണ് 'രോഗാനുഭവപഠനങ്ങൾ', ഡോ.ജി. ഉഷാകുമാരിയും ഡോ.വി.കെ അബ്ദുൽ അസീസും ചേർന്ന് എഡിറ്റ് ചെയ്ത്  പുല്ലൂറ്റ്  കെ.കെ.ടി.എം ഗവ: കോളേജും ദയ പബ്ലിക്കേഷനും ചേർന്ന്  ഇറക്കിയ പുസ്തകത്തിൽ വിവിധ മേഖലകളിൽ സ്പർശിക്കുന്ന രോഗാനുഭവങ്ങളുടെ പതിനൊന്നു പഠനങ്ങളാണ്  ഉള്ളത്. 

"ആധുനിക മെഡിക്കൽ മുന്നേറ്റങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിച്ചിട്ടുണ്ട്. ഈ മെച്ചപ്പെടുത്തലുകൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് പതിറ്റാണ്ടുകളായി മെഡിക്കൽ ഗവേഷണത്തിൽ നില്കുന്നവരെയാണ് " ഐകെ സ്കെൽട്ടൺന്റെ  വരികളാണിത്. മോഡേൺ മെഡിസിന്റെ വളർച്ചയാണ് ഇന്ന് ലോകത്തിന്റെ നിലനിൽപ്പ് തന്നെ. ഇന്നത്തെ മോഡേൺ മെഡിസിനിലേക്ക് എത്തപ്പെട്ട ചരിത്ര വഴികൾ പ്രധാനമാണ് അത്തരം ഒരു അന്വേഷണമാണ് ഇതിലെ പല പഠനങ്ങളും  രോഗത്തിന്റെ ആഖ്യാനത്തിൽ തീർച്ചയായും അതനുഭവിക്കുന്ന രോഗിക്ക് വലിയ പങ്കുണ്ട്. അവർ പറയുന്നതറിയുന്നത് മറ്റു രോഗികൾക്കും ചികിത്സകർക്കും സഹായകമാവും. രോഗാഖ്യാനങ്ങൾക്ക് ഇന്ന് സാഹിത്യശാഖയിലും പ്രമുഖമായ ഒരു സ്ഥാനമുണ്ട്. രോഗങ്ങളെ പറ്റിയുള്ള ചില ആത്മാഖ്യാനങ്ങളിൽ പൊതുവായി ഉയർന്നു വന്നിട്ടുള്ള അനുഭവങ്ങളെ വായിച്ചെടുക്കാനാണ് ഈ പഠനങ്ങളിലൂടെ ശ്രമിക്കുന്നത്. 

ഈ പഠനത്തിലെ ആദ്യ അദ്ധ്യായം ഡോ. ജയശ്രീ എകെ എഴുതിയ 'രോഗം: അനുഭവവും അറിവും' ആണ്. ഒരാളിൽ രോഗം വന്നു കഴിഞ്ഞാൽ അയാളിൽ സ്വായം രൂപപ്പെടുന്ന ഒരു അനുഭവതലവും അതുമായി രൂപപ്പെടുന്ന അറിവും ഉണ്ട്. "സ്വന്തം ശരീരാനുഭവങ്ങളുടെ ആഖ്യാതാവ് അതേ ആൾ തന്നെ ആകണമല്ലോ, സമാനമായ അനുഭവങ്ങൾ ഉണ്ടാകുന്നവർക്ക് ഈ ആഖ്യാനങ്ങൾ കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകും. പലരും പല രീതിയിലാണ് രോഗത്തെ സ്വീകരിക്കുന്നത്. രോഗാനുഭവത്തെ കുറിച്ചുള്ള ആഖ്യാനങ്ങൾ ഇപ്പോൾ നമുക്ക് പരിചിതമാണ്. 

വാർദ്ധക്യത്തിലും മഹാമാരിക്കാലത്തുമൊക്കെ നമ്മൾ രോഗം പ്രതീക്ഷിക്കാറുണ്ട്. എങ്കിലും അവയുടെ അനുഭവങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും" എയ്ഡ്‌സ് രോഗിയായ അവിവാഹിതനായ യുവാവുവിന്റെ രോഗാനുഭവത്തിലൂടെയാണ് തുടങ്ങുന്നത്. 

തൊണ്ണൂറുകളിൽ എയ്ഡ്‌സ് ബാധിച്ചവരെ  കേരളം എങ്ങനെയെയാണ് ട്രീറ്റ് ചെയ്തത് എന്ന് പലർക്കും ഓർമ്മയുണ്ടാകും, സമൂഹത്തിൽ നിന്നും പൂർണമായും അകറ്റി നിർത്തി പരമാവധി അപമാനിച്ചത് നാം കണ്ടതാണ്. ഇന്ന് ആ മനോഭാവം മാറി.  അനുഭവത്തിന്റെ അറിവാണ് ആ മനോഭാവം മാറ്റാൻ കാരണം. മറ്റൊരു രോഗിയുടെ രോഗാനുഭവവും അവരുടെ തന്നെ പുസ്‌തകവും വെച്ചുകൊണ്ടാണ് പറയുന്നത് രണ്ട് രാജ്യങ്ങൾക്കിടയിൽ - തകർന്ന ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പേരിൽ അമേരിക്കയിൽ താമസിക്കുന്ന സുലൈഖ ജോവാദ് എഴുതിയ പുസ്തകത്തിലൂടെ അനുഭവത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു, എന്തായിരിക്കും എന്റെ രോഗം? എന്ന ബോധ്യത്തെ ഓർമ്മപെടുത്തുകയും രോഗത്തിനൊപ്പം നീങ്ങുമ്പോൾ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകൾ, ബന്ധങ്ങളും കരുതലും ഇങ്ങനെ ഓരോ തലത്തെയും കൃത്യമായി സ്പർശിച്ചു കൊണ്ടാണ് ഈ അദ്ധ്യായം പോകുന്നത്. വിചിത്രമായ പദങ്ങളുടെ പുതിയ ലോകം, ആശുപത്രിവാസസ്ഥലമാകുമ്പോൾ, പ്രിയപെട്ടവരുടെ പ്രതികരണങ്ങൾ, മറ്റ് ചികിത്സകൾ ഉണ്ടോ, വിപുലമായ ഗാഡബന്ധങ്ങൾ, ചികിത്സയിൽ രോഗിയുടെ പങ്ക്, അതിജീവനം ഇങ്ങനെ ഉപശീർഷകങ്ങളിൽ എല്ലാ വിഷയങ്ങളെയും തൊടുന്നു. "രോഗാനുഭവങ്ങൾ ആത്മാഖ്യാനങ്ങളുടെ വെളിച്ചത്തിൽ' എന്നതാണു  പുസ്തകത്തിന്റെ കേന്ദ്രബിന്ദു.


ഡോ.ജി. ഉഷാകുമാരി

'ചരിത്രം, ഐതിഹ്യം, ജീവിതം: കൂടിക്കുഴയലുകളുടെ വർണ്ണഭൂമികയും ആധികാരികതയും' എന്ന അദ്ധ്യായത്തിലൂടെ ഡോ: കെ.പി. ഗിരിജ പറയുന്നത്. കേരള ആയുർവേദ ചരിത്രത്തിലൂടെ പ്രധാനപ്പെട്ട വൈദ്യന്മാരിലൂടെ അവരുടെ സംഭാവനകളെ വിലയിരുത്തികൊണ്ടുള്ള എഴുത്ത്. 

ഷഹാന കെ.ടിയുടെ "ജീവശരീരത്തിൽ ആലേഖനം ചെയ്യപ്പെടുന്ന നാനാർഥങ്ങൾ മാധവിക്കുട്ടിയുടെ ആത്മകഥകളിലെ രോഗവും ആഖ്യാനവും' എന്ന അദ്ധ്യായം തികച്ചും വെത്യസ്തമായ ഒന്നാണ്. ഒരാള്‍ എപ്പോഴാകും ആത്മകഥ എഴുതുക? എന്ന പ്രസക്തമായ ചോദ്യം ഇതിനോട് ചേർത്തുവായിക്കാം, മരണം ഒരു നിഴൽപോലെ കൂടെ നടക്കുന്നത് നാം തിരിച്ചറിയുമ്പോൾ,  അപ്പോൾ  ഭയം ഒരു നിശാവസ്ത്രം പോലെ നമ്മളിൽ ചേർന്ന് കിടക്കും, ഈ തിരിച്ചറിവിൽ നിന്നും അവനവനിലേക്ക് തന്നെയുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ആത്മകഥ. പലപ്പോഴും അങ്ങനെ തിരിഞ്ഞുനോട്ടം ഉണ്ടാവാറ് നമ്മുടെ ശരീരത്തിലേക്ക് ഏതേതെങ്കിലും തരത്തിൽ രോഗം കടന്നു വരുമ്പോഴാണ്. ഇനിയധികം ദൂരം താണ്ടാനാകില്ലല്ലോ എന്ന ബോധ്യം നമ്മളിൽ കയറിക്കൂടും, ഇനിയും പറയാതെ പോകാത്തരുതെന്ന നിശ്ചയം നമ്മെ പൊതിയും, നമ്മളിലത് വിമ്മിഷ്ടം ഉണ്ടാക്കും, അത്തരത്തിൽ സ്വയമേ എഴുതിപ്പോകുന്ന ഒന്നായിരിക്കണം ആത്മകഥ എന്ന് പറയാം. 

"ആത്മത്തെ രൂപപ്പെടുത്തുന്നതിൽ ശരീരത്തിന് പ്രധാനപ്പെട്ട പങ്കുണ്ടെന്ന തിരിച്ചറിവാണ് സമകാല ധൈഷണിക സമൂഹത്തിൽ നിലനിൽക്കുന്നത്. അതിനാൽത്തന്നെ ആത്മകഥയെക്കുറിച്ചുള്ള പഠനത്തിൽ ശരീരത്തെ കുറിച്ചുള്ള ആലോചനകൾ പ്രധാനമാണ്. പ്രാഥമിക ഘട്ടം മുതൽ ഇന്നുവരെയുള്ള തത ചിന്താചരിത്രത്തിൽ ശരി എന്ന സങ്കല്പനത്തിൽ നിരവധിയായ പരിണാമ ങ്ങൾ സംഭവിക്കുന്നുണ്ട്. ശരീരം-ആത്മാവ് എന്ന ദ്വന്ദ്വത്തെ നിർമിക്കുകയും അധമപദവിയിൽ ശരീരത്തെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടാണ് അതിന്റെ ആരംഭം തന്നെയും. ശരീരത്തിന് കുറെക്കൂടി സങ്കീർണമായ വസ്തുപദവി കല്പിച്ചു നൽകുകയാണ് ആധുനികശാസ്ത്രവും ചിന്തയും ചെയ്തത്. ഞാന ം ശരീരവും, അകവും പുറവും എന്ന മട്ടിൽ പരസ്പരം മുറിഞ്ഞുനിൽക്കുന്നു. വെന്ന കാഴ്ചപ്പാടിലാണ് അറിവിനെക്കുറിച്ചുള്ള ശാസ്ത്രം സാധ്യമാകുന്നത്. അകം പുറത്തെക്കുറിച്ച് നടത്തുന്ന ആലോചനയായി ചിന്ത തിരിച്ചറിയപ്പെട്ടു. ആധുനിക വ്യവഹാരങ്ങളുടെയെല്ലാം കേന്ദ്രമായ കാർട്ടീഷ്യൻ സിദ്ധാന്തം ചിന്തിക്കുന്ന വ്യക്തിയാണ് എല്ലാ അറിവിന്റേയും കേന്ദ്രമെന്ന് കരുതി. "ഞാൻ എന്ന വിഷയിക്ക് നോക്കിക്കാണാനും വിശകലനം ചെയ്യാനും കഴിയുന്ന വി ഷയമായി ശരീരം തിരിച്ചറിയപ്പെട്ടു"(മധു, 2011 61). എനിക്ക് വിഷയമാകാൻ കഴിയാത്ത ഞാൻ അശരീരിയാണ്. അത് തിരിച്ച് പുറമില്ലാത്ത അകമാണ്. ഈ അകത്തെ എല്ലാ വൃത്തിയുടെയും കർത്തൃസ്ഥാനമായി അടയാളപ്പടുത്തുകയാണ് കാർട്ടീഷ്യൻ ചിന്ത ചെയ്തതത് ആധുനിക വൈദ്യശാസ്ത്രവും പിന്തുടരുന്നത് ദെക്കാർത്തിന്റെ ഈ ആശയത്തെയാണ്" ഗഹനമായ അർത്ഥതലത്തിൽ തുടർന്ന് പോകുന്ന ഈ എഴുത്ത് ശരീരത്തിന്റെ ഭിന്ന നിലകളെയും, ദ്രവശരീരമെന്നതിനെയും ശരീരങ്ങളുടെ പകരംവെയ്പ്പും ഒപ്പം ആധുനിക വൈദ്യശാസ്ത്രത്തോടുള്ള വിമർശനവും ചേർത്ത് എഴുതുന്നു.


ഡോ. വി.കെ അബ്ദുൽ അസീസ്

പുസ്തകത്തിലെ മറ്റൊരു  പ്രധാന പഠനമാണ് മനു.ബി എഴുതിയ കാൻസർ സാഹിത്യവും ഡാബോറിസ്കിയൻ മനഃശാസ്ത്ര ചിന്തകളും. രോഗവും സാഹിത്യവും എന്ന വിഷയത്തെ ആഴത്തിൽ പുതിയകാലത്തിന്റെ അടയാളങ്ങൾ കൂടി  ചേർത്ത് ഡാബോറിസ്കിയൻ സിദ്ധാത്നത്തിന്റെ പിന്തുണയോടെയുള്ള ഗഹനമായ പഠനമാണ് ഇത്. "സാഹിത്യസൃഷ്ടികളുടെ പുനർവായന എന്നതിന് അപ്പുറം പ്രസ്തുത വിഷയത്തിൽ മനഃശാസ്ത്രപരമായ സമീപനങ്ങൾക്ക് അനന്തസാധ്യതകളാ ണുള്ളത്. മനഃശാസ്ത്രപരമായ സമീപനങ്ങളും പഠനങ്ങളും എന്ന് കേൾ ക്കുമ്പോൾ സ്വമേധയാ മിക്കവരിലേക്കും ഉയർന്നു വരുന്നത് ഫ്രോയിഡിയൻ സിദ്ധാന്തങ്ങൾ തന്നെയായിരിക്കാം. എന്നിരിക്കിലും ഫ്രോയിഡാനന്തരം ചില സിദ്ധാന്തങ്ങളും സൈദ്ധാന്തികരും മനഃശ്ശാസ്ത്രത്തിൽ നടത്തിയ വ്യത്യസ്തവും വിചിത്രവുമായ സമീപനങ്ങൾ പഠനവിധേയമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഫ്രോയിഡിനോളം ചിരപരിചിതനല്ലാത്ത ഒരു സൈദ്ധാന്തികനാണ് പോളിഷ് ചിന്തകനായ കസിമിയേഴ്സ് ഡാബോവ്സ്കി (1902-1980) ഡാബോവ്സ്കിയുടെ ചിന്തയിൽ മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകൾ വരച്ചുകാട്ടുന്നതിലും ഉപരിയായി വ്യത്യസ്തരായ മനുഷ്യർക്കിടയിലെ അപാരമായ വ്യക്തിവൈഭവവും മറ്റും ഏത് പ്രതിസന്ധിഘട്ടത്തിലും അവരിൽ പോസിറ്റീവ് ആയ ഒരു പരിവർത്തനവും  തദ്ഫലമായിട്ടുള്ള വ്യക്തിത്വ വികസനവും സാധ്യമാക്കുന്നുള്ളതായി അദ്ദേഹം സമർത്ഥിക്കുന്നു. തന്റെ ഈയൊരുവാദത്തെ സെക്കൻഡറി ഇന്റഗ്രേഷൻ എന്നാണ് അദ്ദേഹം സൈദ്ധാന്തികമായി നിർണ്ണയിച്ചത്. ഡാബോവ്സ്കിയൻ മനഃശാസ്ത്ര വിശകലനത്തിലൂടെയുള്ള യാത്ര ഒട്ടേറെ അറിവിന്റെ ലോകത്തെ തുറന്നുതന്നു. 

മലയാള സാഹിത്യ ലോകത്ത് നിന്നും വേദനയോടെ വിടപറഞ്ഞ എഴുത്തുകാരിയാണ് ഗീതാ ഹിരണ്യൻ. രോഗം അവരെ വളരെ വേഗത്തിൽ കൊണ്ടുപോയപ്പോൾ മലയാളത്തിന് നഷ്ടമായത് ഒരു മികച്ച എഴുത്തുകാരിയെയാണ്. അവരുടെ രോഗാതുരമായ ജീവിതത്തിലൂടെയുള്ള വേദനിപ്പിക്കുന്ന യാത്ര കൂടിയാണ് കെ.സജിമോൻ എഴുതിയ 'ഇനിയും വിടാത്ത ഹൃദയത്തിന്റെ കടം ഗീതാഹിരണ്യന്റെ ജീവിതം.' എന്ന അദ്ധ്യായം. "പഠിച്ചതൊന്നും പ്രയോഗിക്കാനിട നൽകാതെ മീതെക്കു മീതെ പുതുപാഠങ്ങളെടുത്ത് പോർഷൻ തീർക്കാനുള്ള തത്രപ്പാടിലായിരുന്നു ജീവിതാധ്യാപകൻ " ഗീത മരണത്തിന്റെ കൃതിയെ നേരത്തെ കുറിച്ചു വെച്ചിട്ടുണ്ടായിരുന്നു. വാക്കുകൾ മുഴുമിക്കുംമുന്നേ ഗീതയ്ക്ക് മടങ്ങേണ്ടിവന്നു." മാഡം ക്യുറിയായി പുനർജനിക്കണം എന്ന് ഉള്ളിൽ ആശപേറി അകാലത്തിൽ പൊലിഞ്ഞുപോയ ഗീതാ ഹിരണ്യന്റെ ജീവിതത്തിലൂടെ വേദനയോടെ പോകുന്ന ഒരധ്യായം. 

ഇവയെ കൂടാതെ രോഗം, റഹീമ തീം ഒ. യും ഡോ. വിനോദ് ബാലകൃഷ്ണനും ചേർന്നെഴുതിയ  'ശരീരം, മനസ്സ് രോഗാനുഭവാഖ്യാനങ്ങളെ പുനർവായിക്കുമ്പോൾ, കാൻസർ എന്ന അനുഗ്രഹം എന്ന കൃതിയെ മുൻനിർത്തിയുള്ള പഠനം'. ഫെൽബിൻ ആന്റണിയുടെ 'ആത്മാഖ്യാനങ്ങളിലെ കാൻസർ അറിവുകൾ തെരഞ്ഞെടുത്ത ആത്മകഥകളെ മുൻനിർത്തിയുള്ള പഠനം', ലീലാമേനോന്റെ 'നിലയ്ക്കാത്ത സിംഫണി'യെ ആസ്പദമാക്കി  രമ്യ വി ആർ എഴുതിയ 'രോഗവും അതിജീവന പാഠങ്ങളും' എന്ന പഠനം, തെരെഞ്ഞെടുത്ത ആത്മകഥകളെ മുൻനിർത്തി അഞ്ജലി മോഹൻ എം ആർ എഴുതിയ അർബുദവും ആത്മകഥാവായനയും, ദിവ്യ ഐ എഴുതിയ 'രോഗാഖ്യാനം ഇവൻ എന്റെ പ്രിയ സിജെയിൽ', ഇന്നസെന്റിന്റെ ക്യാൻസർ വാർഡിലെ ചിരി എന്ന കൃതിയെ ആസ്പദമാക്കി സിന്റോ കോങ്കോത്ത് എ തയ്യാറാക്കിയ 'രോഗവും മനോഭാവവും' തുടങ്ങിയ പഠനങ്ങൾ അടങ്ങിയതാണ് 'രോഗാനുഭവപഠനങ്ങൾ' എന്ന പുസ്തകം. ഇത്തരത്തിൽ രോഗവും അതുമായി ബന്ധപ്പെട്ട എഴുത്തുകളും ചേർത്തുവെച്ച ഇത്ര സമഗ്രമായ ഇതുപോലുള്ള  പുസ്തകം മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല എന്ന് പറയാം. 

 =================================

wtplive link (25-April-2023)

https://wtplive.in/Niroopanam-Vimarshanam/faizal-bava-about-roganubavapadanangal-edited-by-dr-g-ushakumari-and-dr-vk-abdul-azeez-4630



No comments:

Post a Comment