Saturday, 21 June 2014

തനിയാവര്‍ത്തനം

മിനിക്കഥ 

കലെ  ആകാശത്തില്‍ ഇരുന്ന്‍ അമ്മ വിളിക്കുന്നുണ്ടോ? അതേ അത് അമ്മ തന്നെ, കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയിലും അമ്മ തിളങ്ങി തന്നെ നിന്നു, എങ്ങും കേള്‍ക്കാത്ത ശബ്ദത്തില്‍ അമ്മ വിളിക്കുണ്ടോ? അദൃശ്യമായ ഒരു കൈ എന്നെ തലോടുന്നോ? അതോ എന്റെ തോന്നലോ? 

ഈ ഏകാന്തതയില്‍ ആരാലും കൂട്ടില്ലാതെ, എന്തിനായിരുന്നു എല്ലാം? ഒറ്റക്കിരുന്നിരുന്ന അമ്മയെ ഒരിക്കലെങ്കിലും കാണാന്‍ അന്നെന്താ എനിക്കു തോന്നാതിരുന്നത്. ഓരോ അവധിയും ഓരോ സുഖവാസ കേന്ദ്രങ്ങള്‍ കവര്‍ന്നെടുത്തപ്പോള്‍ ഇപ്പോള്‍ വരുമെന്ന പ്രതീക്ഷയില്‍ എത്ര തവണ അമ്മ ഉമ്മറപ്പടിയില്‍ വന്ന്‍ ഇടവഴിയുടെ അറ്റത്തേക്ക് നോക്കിയിട്ടുണ്ടാകും...

ഇപ്പോഴിതാ നീണ്ട അവധി ..... ഒന്നും ചെയ്യാനില്ലാതെ. ജീവിച്ചിരിക്കുമ്പോള്‍ ഒന്നു തീര്‍ഞ്ഞു നോക്കാന്‍  ...

മക്കളുടെ  ശബ്ദം ഒന്നു കേള്‍ക്കാന്‍   തോന്നി, മൊബൈല്‍ എടുത്തു നമ്പര്‍ അടിച്ചുനോക്കി 

'ഈ നമ്പര്‍ ഇപ്പോള്‍ തിരിക്കിലാണ് അല്പ സമയം കഴിഞ്ഞു വിളിക്കുക' ..........

ഇല്ല അവര്‍ തിരക്കിലാകും,  അവരുടെ അവധിക്കാലങ്ങള്‍ അങ്ങനെ തിരക്കില്‍ തന്നെ, ഒരിക്കലെങ്കിലും ഞാന്‍ ആ...   മുറിഞ്ഞു ഇല്ലാതാകുന്ന വാക്കുകള്‍...

പാവം, 
എത്ര ഞാന്‍ അവഗണിച്ചിട്ടും അമ്മായിതാ ആകാശത്തിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്നു
                                       ******************************* 

Wednesday, 11 June 2014

പുഴ

കവിത


കുട്ടീ
ഒരിയ്ക്കലും
നിനക്കെന്നെ
സ്നേഹിക്കാനാകില്ല.
ഒരിക്കലെ
നിനക്കെന്നെ
കാണാനാകൂ.
ഒരിക്കലെ
നിനക്കെന്നില്
നീരാടാനാകൂ.
നിരന്തരം
ഞാന്‍
മാറികൊണ്ടിരിക്കും.


ഒരിക്കല്‍ മാത്രം
കാണുയതിനെ,
കേള്‍ക്കുന്നതിനെ,
അനുഭവിക്കുന്നതിനെ,
നീ
പ്രണയിച്ചാല്‍
ഞാനെങ്ങനെ
കടലില്‍
ലയിക്കും.


നിന്റെ പ്രണയത്തെ
ഞാന്‍ നിരസിക്കുന്നില്ല.
എങ്കിലും
എനിക്കു പോയേ പറ്റൂ.
കടലമ്മ
എന്റെ
തലോടലിനായി
കാത്തിരിക്കുന്നു.

Thursday, 5 June 2014

ഉയരേണ്ടത് സമുദ്രനിരപ്പല്ല, നമ്മുടെ ശബ്ദമാണ്

ഭൂമി അതിന്റെ ഏറ്റവും വിനാശകരമായ ഒരു കാലത്തിലൂടെയാണ് കടന്നു പോയികോണ്ടിരിക്കുന്നത്പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.ഒട്ടനവധി ദിനങ്ങള്‍ക്കിടയില്‍ ഇതാ ഈ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി വീണ്ടുമെത്തുന്നു.  ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം 'നിങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തേണ്ടത് : സമുദ്രനിരപ്പല്ല'  എന്നാണ്. ഭയപ്പെടുത്തുന്ന തരത്തില്‍ പ്രകൃതി മാറികൊണ്ടിരിക്കുന്നുആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്,    ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല, തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം എന്ന അവസ്ഥയില്‍ ഈ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ട്. എന്നാല്‍ ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ വികസന ഭീകരതയെ സ്വീകരിച്ച് പ്രകൃതിയെ അമിത ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍. ചിന്തിച്ചു തുടങ്ങിരിക്കുന്നു.

ഭൂമുഖത്തു നിന്നും ആദ്യം അപ്രത്യക്ഷം ആകാന്‍ ഇടയുള്ള നൌമിയ എന്ന ചെറു ദ്വീപിനെ പറ്റി  നാം ഏറെ ചര്ച്ച ചെയ്തിട്ടുള്ളതാണ് 
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല

പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലഖളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, കാലാവസ്ഥയുടെ ചെറു മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ചെറു ദ്വീപുകള്‍ക്ക് ഇത് വന്‍ ഭീഷണിയാണ്. തുവാലു, മാലി ദ്വീപ്, ലക്ഷ ദ്വീപ്, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകല്‍ തിടങ്ങിയ ദ്വീപുകളും ജപ്പാന്‍, തായ്‌വാന്‍, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാര്‍, വിയറ്റ്നാം, ബഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും, ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ, ഹോങ്കോംഗ്, ടോകിയോ, സിംഗപൂര്‍, കൊല്‍കൊത്ത തുടങ്ങിയ നിരവധി മഹാ നഗരങ്ങളുടെയും ഭാവി തുലാസിലാണ്. നാല്പതോളം രാജ്യങ്ങള്‍ക്ക് കനത്ത നാശം വരുത്തി വെക്കുന്ന ആഗോള താപന വര്‍ദ്ധനവു മൂലം നിലവിലെ ഒട്ടുമിക്ക പ്രദേശങ്ങളും മരുഭൂമിയായി മാറിയാലും അത്ഭുതപ്പെടാനില്ല
ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ കാലാവസ്ഥ യിലുണ്ടായ മാറ്റത്തിന്റെ ഫലമായി കടല്‍ നിരപ്പ് 10-25 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി വരുന്ന പത്ത് വര്‍ഷം ഇത് ഇരട്ടിയിലധികം ആകുമെന്ന് പറയുമ്പോള്‍ മേല്‍ പറഞ്ഞ രാജ്യങ്ങളുടെ ഭാവി എന്തായിരിക്കും?
ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു. 

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.
അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.
ഭൂമി മാത്രമല്ല ശ്യൂന്യാകാശവും കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കര മലിനമാക്കപ്പെടുന്നതോടൊപ്പം കടലും അമിതമായ മലിനീകരണ ഭീഷണി നേരിടുന്നു, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,
കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ വികസനം ജീവിക്കാനുള്ള ഈ ജീവന്റെ ഗ്രഹത്തിനു ഭീശനിയാണെങ്കില്‍ എന്തിന് നാം ഈ നയങ്ങളുമായി മുന്നോട്ട് പോകണം പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഈ ദിനം  ഓര്‍മപ്പെടുത്തുന്നത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും.

വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ മാത്രമേ  ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. അതിനാല്‍ ഉയരേണ്ടത്സമുദ്ര നിരപ്പല്ല നമ്മുടെ ശബ്ദമാണ്,  നിരവധി ദിനങ്ങള്‍ക്കിടയില്‍  പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറാതെ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഇന്നെങ്കിലും ഈ   ഓര്‍മ്മകള്‍ നമ്മളില്‍ ഉണ്ടാകട്ടെ .

Monday, 13 January 2014

പ്രകാശം പരത്തിയ പെണ്‍കുട്ടി

സിനിമ

'ഔള്‍ ആന്റ് ദി സ്പാരോ 
സംവിധാനം:സ്റ്റെഫാന്‍ ഗോജര്‍


അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ദുരന്ത വഴിയിലൂടെ ഏറെ സഞ്ചരിക്കുകയും ജനങ്ങളുടെ പോരാട്ടത്തിലൂടെ അതിജീവിക്കുകയും ചെയ്ത രാജ്യമാണ് വിയറ്റ്നാം. അമേരിക്കന്‍ അധിനിവേശത്തിന്റെയും അവര്‍ വര്‍ഷിച്ച നാപാം ബോംബുകളുടെയും ദുരന്ത ഭൂമികയായിരുന്നു വിയറ്റ്നാം. ആ ഭൂമികയിലെ കഥ പറയുന്ന വിയറ്റ്‌നാമീസ്‌ ചിത്രമാണ് അമേരിക്കക്കാരനായ സ്റ്റെഫാന്‍ ഗോജര്‍ സംവിധാനം ചെയ്ത ഔള്‍ ആന്റ് ദി സ്പാരോ. പ്രിതൃ സഹോദരന്റെ ക്രൂരതയില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി വീട് വിട്ടിറങ്ങുന്ന അനാഥയായ പത്തുവയസുകാരി തോയി എന്ന പെണ്‍കുട്ടിയിലൂടെയാണ് കഥ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ കണ്ണീര്‍ കഥ പറയാനല്ല സംവിധായകന്‍ ശ്രമിക്കുന്നത്. തോയി എന്ന പെണ്‍കുട്ടി ഇതില്‍ ജീവിതത്തെ പ്രായോഗിയമായി എങ്ങനെ സമീപിക്കാം എന്ന്‍ ചിന്തിക്കുകയും അതിനനുസരിച്ച് ജീവിത മാര്‍ഗം കണ്ടെത്താനും ശ്രമിക്കുന്നു. അതുകൊണ്ടാണ് പ്രിതൃ സഹോദരന്റെ ഫാക്ടറിയില്‍ നിന്നും ജീവിതം തേടി സെയിഗോണ്‍ നഗരത്തിലേക്ക് അവള്‍ പുറപ്പെടുമ്പോള്‍ അവള്‍ ഉണ്ടാകിയ സമ്പാദ്യവും ചെറുതാണെങ്കില്‍ പോലും അതും കയ്യില്‍ കരുതുന്നത്.
നഗര വല്‍ക്കരണത്തിന്റെ എല്ലാ കറുത്ത വശങ്ങളും ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന നഗരമാണ് സെയിഗോണ്‍ . അതിനാല്‍ അധിജീവനം എന്നത് ഈ പെണ്‍കുട്ടിക്ക് ഇവിടെയും പ്രശ്നമാകുന്നു. കയ്യിലുള്ള പണം കൊണ്ട് അവള്‍ തുടങ്ങുന്ന വിവിധ ചിത്രങള്‍ അടങ്ങിയ പിക്ചര്‍ കാര്ഡ് വില്‍പ്പന നഷ്ടത്തില്‍ കലാശിക്കുന്നു. എന്നാല്‍ അവള്‍ക്ക് സ്വന്തം നന്മയില്‍ അവള്‍ക്ക്‌ വിശ്വാസമുണ്ട്‌. അവള്‍ പുതിയ വഴി തേടുന്നു നഗരത്തില്‍ റോസ്സാപൂ വില്‍പ്പന തുടങ്ങിയതോടെ അവളുടെ ജീവിതത്തില്‍ പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാകുന്നു. താന്‍ ബന്ധപ്പെടുന്നവരെ യൊക്കെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ കഴിയുന്ന ഒരാകര്‍ഷീയണത ഈ പെണ്‍കുട്ടിക്ക് ഉണ്ട്. അങ്ങിനെ അവള്‍ രണ്ടു കൂട്ടുകാരെ കണ്ടെത്തുന്നു. അതിലൊരാളാണ് ഹായ് എന്ന മൃഗസ്നേഹിയായ എന്ന യുവാവ്. മൃഗശാലയില്‍ വെച്ച് തോയി ആനക്ക് റോസാപ്പൂ നല്‍കുന്നത് കണ്ടാണ് ഹായ് എത്തുന്നത് ആനകള്‍ക്ക് പൂവള കരിമ്പാണ് വേണ്ടതെന്ന് അവന്‍ പറഞ്ഞു കൊടുക്കുകയും കരിമ്പിന്‍ തണ്ട് തോയിയെ കൊണ്ട് തന്നെ ആനക്ക് നല്കുകയും ചെയ്യുന്നു. അതോടെ അവര്‍ കൂട്ടുകാരാകുന്നു
അയാള്‍ ദു:ഖിതനാണ് താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന ആനക്കുട്ടി തന്നില്‍ നിന്നും നഷ്ടപ്പെടാന്‍ പോകുകയാണ്. ആ ആനക്കുട്ടിയെ ഒരു ഇന്ത്യന്‍ മൃയശാലയ്ക്ക് വില്‍ക്കാനുള്ള കരാറില്‍ ഉടമസ്ഥന്‍ ഒപ്പിട്ടുകഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹായുടെ പ്രിയപ്പെട്ട ആനക്കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ഈ വേദന പേറിയാണ് ഹായ് എന്ന കൂട്ടുകാരന്‍ തോയിയുടെ കൂടെ കൂടുന്നത്. ഇങ്ങനെ മറ്റൊരു കൂട്ടുകാരനെ കൂടി തോയിക്ക് ലഭിക്കുന്നുണ്ട് വിമാന ജോലിക്കാരിയായ ലാന്‍. ഇവരുടെ അഞ്ചു ദിവസമാണ് സിനിമക്കായി കാല പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. വിമാന ജോലിക്കാരിയായ ലാന്‍ സുന്ദരിയാണ് എന്നാല്‍ അവള്‍ക്കൊരു കാമുകനെ കിട്ടുന്നില്ല പലരും തന്റെ ശരീരം ആഗ്രഹിച്ചു വരുന്നവര്‍ മാത്രമാണ് അത്തരത്തില്‍ ഒരാള്‍ ചതിച്ചു പോകുന്ന ഭാഗവും സിനിമയില്‍ കാണിക്കുന്നുണ്ട് ഈ വേദനകള്‍ക്കിടയിലാണ് എന്നും അര്‍ദ്ധരാത്രി റസ്റ്റോറന്‍റില്‍ ഇരിക്കുന്ന ലാനെ തോയി കണ്ടുമുട്ടുന്നത് തോയി ഉറങ്ങുന്നത് ന് നദിയുടെ തീരത്ത് ഒരു തുറസ്സായ സ്ഥലത്താണ് എന്നറിഞ്ഞതോടെ തോയിയെ താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകുന്നു.
അങ്ങനെ തോയി എന്ന കൊച്ചു കൂട്ടുകാരിയിലൂടെ ഹായ് എന്ന മൃഗസ്നേഹിയേയും കൂട്ടുകാരനായി ലഭിക്കുന്നു. ഇവര്‍ തമ്മിലുള്ള സൌഹൃദത്തിന്‍റെ വലയം ശക്തിപ്പെടുന്നത് നമുക്ക് കാണാം. ലോകത്താകമാനം പറന്നു നടക്കുന്ന ലാനും മൃയാസ്നേഹിയായ ഹായും അതിജീവിതത്തിനായി കുട്ടിയായിരിക്കെ തന്നെ നാടുവിട്ടെത്തിയ തോയിയും തമ്മിലുള്ള ബന്ധം സിനിമയെ വളര്‍ത്തുന്നു. ഒരു നഗരം അതിന്റെ വളര്‍ച്ചയില്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ ഒക്കെ തന്നെ സെയ്ഗോന്‍ നഗരവും നേരുടുന്നു ആഗോളീകരണത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന നഗരമാണ് സെയ്ഗോന്‍. കൂട്ടുകാരികള്‍ക്കൊപ്പം റോസാപ്പൂ വില്‍ക്കുമ്പോള്‍ എളുപ്പത്തില്‍ ചിലര്‍ക്ക് പൂ വില്‍ക്കുന്നത് കണ്ട് ആദ്യ ദിവസം തന്നെ തോയി ചോദിക്കുന്നുണ്ട് എങ്ങനെ നീയിത് എത്ര എളുപ്പത്തില്‍ വില്‍ക്കുന്നു എന്ന്. പെണ്‍കുട്ടികളാണ് വില്‍ക്കുന്നത് എങ്കില്‍ ചിലര്‍ പെട്ടെന്നു വാങ്ങും എന്നവള്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് തന്‍റെ ലിപ്സ്റ്റിക് ഇടുന്നത് കണ്ട് ലാന്‍ അവളെ വഴക്കു പറയുന്നുണ്ട്. ലിപ്സ്റ്റിക്ക് ഇവിടെ ഒരു പ്രതീകമാണ്. പെണ്ണൊരു ശരീരം മാത്രമായി വികസിക്കുന്ന ഇടമാണ് നഗരമെന്ന് ഇവിടെ പറയാതെ പറയുന്നു.
വളരാനിരിക്കുന്ന തോയി എന്ന പെണ്‍കുട്ടിയിയും ഈ നഗരത്തില്‍ ഇതേ ഭീഷണി നേരിടേണ്ടി വരും എന്ന് ലാന്‍ ഈ ഭയത്തിലൂടെ ചൂണ്ടികാണിക്കുന്നു. തോയി നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ചെറിയച്ഛന്‍ തോയിയെ തേടി വരികയും ഒരു അനാഥാലയത്തില്‍ വെച്ച് കണ്ടുതുകയും ചെയ്യുന്നു എന്നാല്‍ അവളെ സ്വന്തമാക്കാന്‍ എത്തിയ ലാനും ഹായ്കും അവരും തോയിയും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ ആകുന്നില്ല അതോടെ ചെറിയച്ഛന്‍ തന്നെ തോയിയെ തന്റെ ഫാക്ടറിയിലേക്ക് തന്നെ കൊണ്ട് പോകുന്നു വീണ്ടും ദുരിത കാലം. കൂലി നാല്‍കാതെയുള്ള ജോലി. എന്നാല്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ തോയി ആഗ്രഹിക്കുണ്ട് അതിനവല്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ തനിക്ക് തരാതെ ഒളിപ്പിച്ചു വെച്ച പണം എടുത്ത് അവള്‍ വീണ്ടും സെയിഗോണ്‍ നഗരത്തിലേക്ക് തന്നെ രക്ഷപ്പെടുന്നു. അവള്‍ സ്വരൂപിച്ച പണം മുഴുവന്‍ ഹായ്ക്കു കൈമാറി തന്‍റെ പ്രിയപ്പെട്ട ആനക്കുട്ടിയെ സ്വന്തമാക്കാന്‍ പറയുന്നു എന്നാല്‍ ഈ പണം നിന്റെ ചെറിയച്ഛനു തന്നെ തിരിച്ചു നല്കണമെന്ന് ഹായ് നിര്‍ദ്ദേശിക്കുന്നു. ഹായ് ആ പണം അയാള്‍ക്ക് തന്നെ തിരിച്ചു നല്കുന്നു. അതോടെ ഹായും തായും ഒരുമിച്ച് സെയ്ഗോന്‍ നഗരത്തില്‍ ജീവിക്കുന്നു.
ലാനും ഹായും ഒരുമിക്കണം എന്നുള്ളത് തോയിയുടെ ആഗ്രഹമാണ് അതിനായി അവള്‍ നടത്തുന്ന ശ്രമവും അവരുടെ സമാഗമവുമാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. ചിത്രം മുഴുവന്‍ പ്രകാശം പരത്തിയ തോയ് എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായി ജീവിച്ചത് പാം ജിയ ഹാന്‍ എന്ന മിടുക്കി കുട്ടിയാണ്. ലാന്‍ ആയി കാറ്റ് ലിയും ഹായിയുടെ വേഷത്തില്‍ ലി തെ ഹുയും എത്തുന്നു. സംവിധായകന്‍ സ്റ്റെഫാന്‍ ഗോജര്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. പീറ്റര്‍ ഗ്യൂയെന്‍ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 2007ല്‍ ഇറങ്ങിയ ഈ ചിത്രം നിരവധി ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

- See more at: 
http://aksharamonline.com/movies/faisal-bava/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f#sthash.F2iMrOVr.dpuf

Friday, 13 December 2013

വെടിയൊച്ചകള്‍ക്കിടയിലെ ഒലീവ് തൈ

സിനിമ 

"പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
                                                                                 : റാല്‍ഫ് ചാപ്ലിന്‍

യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ് ഇസ്രയേലി സംവിധായകന്‍ ഏറാൻ  റിക്ലിസിന്റെ സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

ഫഹദ്  പട്ടാള ക്യാമ്പിൽ  കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. കയ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... 
സ്റ്റെഫാൻ  ഡോര്‍ഫാന് യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍ 

Saturday, 5 October 2013

പ്രതിരോധത്തിന്റെ നാരങ്ങാമണം

സിനിമ

പലസ്തീന്‍ കഥകളത്രയും അതിജീവനഗന്ധിയാവുന്നതിന്റെ പൊരുള്‍ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ അവിടെ നിന്നും വരുന്ന സിനിമകള്‍ക്കും ഈ അതിജീവനത്തിന്റെ കഥകള്‍ പറയാനുണ്ടാകും അത്തരത്തില്‍ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ലെമണ്‍ ട്രീ' അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിലൊരാളായ എറാന്‍ റിക്ലിസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഒരു സിനിമ എങ്ങനെ ലളിതമാവാം എന്ന് ഈ സിനിമ മനസിലാക്കി തരുന്നു.
പാരമ്പര്യമായി ലഭിച്ച തന്റെ ചെരുനാരങ്ങാതോട്ടം നോക്കി അതില്‍നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നീക്കുയാണ് സല്‍മ സിദാന്‍ എന്ന 45 വയസുള്ള പലസ്തീന്‍കാരിയാണ് നായിക. വിശാലമായ നാരങ്ങാ തോട്ടം അവരുടെ ജീവിതം തന്നെയാണ്. ഒരു ദിവസം തുടങ്ങുന്നതും ഈ തോട്ടതില്‍ നിന്നാണ്. നാരങ്ങ ചെടിയില്‍ പഴുത്തു നില്ക്കുന്ന ചെറുനാരങ്ങ അതിരാവിലെ ഇവര്‍ തന്നെ പറിച്ചെടുക്കുന്നു, അവ വിവിധ മാര്‍ക്കറ്റില്‍ എത്തിക്കുന്നു. ഇവര്‍ക്ക് ഭര്‍ത്താവ് ഇല്ല. ആകെയുള്ള ഒരു മകന്‍ അമേരിക്കയില്‍ ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുകയാണ് അവനും അമ്മയുടെ കൃഷിയോട് താല്പര്യമില്ല. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി പ്രദേശത്താണ് ഈ തോട്ടം ഉള്ളത്. എപ്പോഴും അക്രമത്തിന്റെ ചുവയുള്ള മണ്ണില്‍ എപ്പോള്‍ വേണമെങ്കിലും അക്രമം ഉണ്ടാകാം, വെടിയൊച്ച മുഴങ്ങാം. ഇതാണ് സിനിമയുടെ പശ്ചാത്തലം.
സംഘര്‍ഷഭരിതമായ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. പ്രതിസന്ധിയുടെ ചെറുതായ ദൃശ്യങ്ങള്‍ നമുക്കും കാണാന്‍ ആകുന്നുണ്ട് എന്നാല്‍ വലിയ സംഘര്‍ഷ ഭാരം കാഴ്ചക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല എന്ന പ്രത്യേകത ഉണ്ട്. പറയുന്നതത്രയും ലളിതമായി തന്നെ അതിന്റെ യാഥാര്‍ത്യത്തെ ചോര്‍ത്തികളയാതെ പറയുന്നു. ഇങ്ങനെ പ്രതിസന്ധികളിലൂടെ തന്റെ ജീവിതം മുന്നോട്ട് നയിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്തിനടുത് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍നോവോന്റെ വീട് ഈ അതിര്‍ത്തിക്കരികില്‍ വരികയാണ്. അതോടെ സുരക്ഷയുടെ പേരില്‍ നാരങ്ങ തോട്ടം നീക്കണമെന്ന ആവശ്യവും ഉയരുന്നു. അതിനെതിരെ ആ സ്ത്രീ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു.

പട്ടാളം പറിച്ചെറിഞ്ഞ നാരങ്ങ ചെടികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയര്‍ത്തി കാട്ടി 'ഇതെന്റെ ജീവിതമാണ് ഇതിനെ ഇതുപോലെ പിഴുതു മാറ്റാന്‍ സാധ്യമല്ല' എന്നവര്‍ പറയുന്നുണ്ട്. വീണുകിടക്കുന്ന നാരങ്ങകള്‍ മന്ത്രിയും മറ്റുള്ളവരും നോക്കി നില്‍ക്കെ തന്നെ അവര്‍ക്കുനേരെ വലിച്ചെറിയുന്നുണ്ട്. മന്ത്രി പത്‌നിക്ക് അവരോട് സഹതാപം ജനിക്കുന്നു. അതിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാതെ അവര്‍ സല്‍മയുടെ വീട്ടില്‍ എത്തുന്നു. എന്നാല്‍, ഇവരുടെ കൂടിക്കാഴ്ച നടക്കുന്നില്ല അതിനു മുമ്പേ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തിരികെ കൊണ്ട് പോകുന്നു. സുരക്ഷാ സേന സല്‍മയുടെ വീട് കടന്നാക്രമിക്കുന്നു. തന്റെ ഫയലുകളും വീട്ടുസാമാഗ്രികളും വലിച്ചുവാരിയിട്ടത് നോക്കിയിരുന്ന് അവര്‍ കരയുന്ന രംഗമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അവരില്‍ കൂടുതല്‍ പോരാട്ട വീര്യം ഉണ്ടാക്കുകയാണ്.
തന്റെ നാരങ്ങ തോട്ടം നിലനിര്‍ത്താനായി അവര്‍ നിയമ നടപടികള്‍ തുടരുന്നു. അതിനായി അവരെ സഹായിക്കാന്‍ ഒരു വക്കീല്‍ എത്തുന്നു. അവര്‍ക്കിടയില്‍ പ്രണയം ഉറവപൊട്ടുന്നുണ്ട്. കേസിന്റെ കാര്യങ്ങള്‍ക്കായി അവര്‍ ഒരുമിച്ചു പല തവണ സഞ്ചരിക്കുന്നു. അയാളെ തേടി ഒരു ദിവസം ഓഫിസില്‍ എത്തിയപ്പോള്‍ അടക്കും ചിട്ടയും ഇല്ലാത്ത വക്കീലിന്റെ ഓഫിസ് സല്‍മ തന്നെ അടക്കിയൊതുക്കി വെക്കുന്നുണ്ട്. ആരും സ്‌നേഹിക്കാനില്ലാത്ത സല്‍മയുടെ ജീവിതത്തിലേക്ക് സ്‌നേഹത്തിന്റെ പ്രതീക്ഷയുടെ കവാടം തുറക്കുകയാണ്. അവര്‍ക്കിടയില്‍ എങ്ങിനെയോ പ്രണയത്തിന്റെ നേര്‍ത്ത രേഖകള്‍ പിറക്കുന്നു. എന്നാല്‍ അതിന്റെ ആയുസ്സ് വളരെ കുറവായിരുന്നു. അയാളുടെ ലക്ഷ്യം പ്രണയം മാത്രമായിരുന്നില്ല. സല്‍മയുടെ ശരീരം തന്നെയായിരുന്നു എന്നവര്‍ കൃത്യമായി തിരിച്ചറിഞ്ഞതോടെ അയാളെ അവര്‍ തന്റെ ജീവിതത്തില്‍ നിന്നും അകറ്റി ഔദ്യോഗിക കാര്യങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നു.
മന്ത്രി മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തോട്ടത്തിലേക്ക് കടത്തി വിടാത്ത തരത്തില്‍ പ്രതിരോധ മതില്‍ തീര്‍ത്തതോടെ അവര്‍ ഒറ്റപെട്ട പോലെ ആയി. തന്റെ പിതാവിന്റെ സുഹൃത്തും അവരോടൊപ്പം കൃഷി കാര്യങ്ങളില്‍ സഹായിക്കുന്ന വൃദ്ധന്‍ ഇവരുടെ അവസ്ഥയില്‍ സമാധാനിപ്പിക്കുനുണ്ട് പക്ഷെ വലിയൊരു മതിലിനു പിറകെ നിന്നാണ് തന്റെ പ്രതിരോധത്തിന്റെ മുറവിളി അത് വളരെ ചെറുതായി മാത്രമേ അധികൃതരുടെ ചെവികളില്‍ എത്തൂ എന്നൊക്കെ അവര്‍ മനസിലാക്കുന്നുണ്ട്. എങ്കിലും താന്‍ സത്യതോടൊപ്പം ആണെന്നും നന്മയും നീതിയും എന്നായാലും വിജയിച്ചേ മതിയാകൂ എന്നവര്‍ക്ക് ഉറപ്പുണ്ട്. അതിനവര്‍ കഠിന പ്രയത്‌നം തന്നെ നടത്തുന്നു. ഇവരുടെ പോരാട്ടം ലോക ശ്രദ്ധ നേടുന്നു അമ്മയുടെ പോരാട്ടം മകന്‍ അമേരിക്കയില്‍ റെസ്‌റ്റോറന്റില്‍ ജോലിക്കിടെ ടിവി വാര്‍ത്തയിലൂടെ കാണുന്ന രംഗമുണ്ട്. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടവും വിജയവും ഈ സിനിമയെ മികച്ചതാക്കുന്നു. ഹിയാം അബ്ബാസ് ആണ് സല്‍മ സിദാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഈ സിനിമയെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നു. മന്ത്രിയായി എത്തിയ ഡോരോണ്‍ ടാരോവി, റോണ ലിപാസ് മിഷേല്‍ തുടങ്ങിയവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ നാരങ്ങാമണം നല്‍കുന്ന ഈ ചിത്രമാവട്ടെ ഈ മാസം നിങ്ങള്‍ കാണാനായി തിരഞ്ഞെടുക്കുന്നത്.

Wednesday, 4 September 2013

വിജനതയിലെ മരണദൂരം

 
അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക് കാണാം. ഇവിടെയും ജീവനെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന മനുഷ്യന്‍ തന്നെ ഒരു ജീവനെ മരണത്തിന് മുന്നില്‍ നിവര്‍ത്തി കിടത്തി ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ സിനിമ അവസാനിക്കുന്നു. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു. സിറയുടെ സ്ഥിതി ഇനി എന്തായിരിക്കും? വെളിച്ചം അകലുമ്പോള്‍ ഇരുട്ട് സിറയെ മൂടുകയാണ്. കയ്യിലുള്ള ഫോട്ടോ മുറുക്കെ പിടിച്ചു സിറ ഇരുട്ട് പടരുന്ന ആകാശത്തേക്ക് നോക്കി കിടക്കുന്നു.
ണ്ടു പട്ടാള ബാരക്കുകള്‍ക്കിടയിലെ ദൂരം മരണത്തെ എളുപ്പം അടുപ്പിക്കുന്നു അതിര്‍ത്തിയിലെ രണ്ടറ്റങ്ങള്‍ക്കും മരണത്തിന്റെ മണമാണ്. രാജ്യങ്ങള്‍ തമ്മില്‍ ശത്രുത കൂടുമ്പോള്‍ പട്ടാളക്കാരുടെ ജീവനു മീതെ മരണത്തിന്റെ മണം പരക്കും. പട്ടാള ജീവിതം എന്നാല്‍ ഒരു വശത്ത് വലിയ ഒരു സമൂഹത്തിന്റെ ജീവനും മറുവശത്ത് ഈ പട്ടാളക്കാരന്‍ എന്ന ഒറ്റ മനുഷ്യന്റെ ജീവനുമാണ്. രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം സ്വന്തം ജീവനേക്കാള്‍ അവര്‍ മറ്റു ജീവനുകളെ സ്‌നേഹിക്കുന്നു എന്നതാണ്. അവര്‍ക്കായി ജീവന്‍ നല്‍കാന്‍ തയ്യാറാകുന്നു എന്നതാണ്. മരണമുഖം കണി കണ്ടുണരുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ് നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്' എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന കികി, സിറ എന്നീ ബോസ്‌നിയന്‍ പട്ടാളക്കാരും നിനോ എന്ന സെര്‍ബ് പടയാളിയുമാണ് സിനിമയിലേ പ്രധാന കഥാപാത്രങ്ങള്‍. സെര്‍ബ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ആക്രമിക്കാന്‍ ഒരുങ്ങുന്ന ഒരു ബറ്റാലിയനിലെ അംഗങ്ങളാണ് കികിയും സിറയും. രാത്രി അവര്‍ വിജനമായ ഒരിടത്ത് മൂടല്‍ മഞ്ഞില്‍ ജാഗരൂകരായി ഇരിക്കുകയാണ്. തൊട്ടടുത്താണ് ശത്രു പാളയത്തിന്റെ ട്രഞ്ച്. അതിനപ്പുറം അവരുടെ പട്ടാള ബാരക്കും. രാത്രിയുടെ മറവില്‍ വളരെ ശ്രദ്ധയോടെ അവര്‍ മേജറുടെ നിര്‍ദ്ദേശം അനുസരിച്ച് നുഴഞ്ഞു നീങ്ങുന്നു. എന്നാല്‍, അപ്രതീക്ഷിതമായ അക്രമത്തില്‍ ബറ്റാലിയനിലെ നിരവധി പേര്‍ മരിച്ചു വീഴുന്നു. ബാക്കിയായവരില്‍ ചിലര്‍ തങ്ങളുടെ ബാരക്കിലേക്ക് പിന്‍വാങ്ങുന്നു. എന്നാല്‍ കികിയും സിറയും മുന്നോട്ട് കുതിക്കുന്നു. രണ്ടു പേരും വെടിയേറ്റ് ട്രഞ്ചിലേക്ക് വീഴുന്നു.
ട്രഞ്ചില്‍ അകപെട്ട രണ്ടു പട്ടാളക്കാരുടെ വളരെ അപകടം നിറഞ്ഞ നിമിഷങ്ങളാണ് ഈ സിനിമ. സഹപട്ടാളക്കാരനെ രക്ഷിക്കുന്നതെങ്ങനെ എന്ന വളരെ ബുദ്ധിമുട്ടും എന്നാല്‍ രക്ഷിച്ചേ തീരൂ എന്ന അവസ്ഥയും കൂടിച്ചേര്‍ന്ന് വല്ലാത്തൊരു അവസ്ഥയിലേക്കാണ് നമ്മളെ സിനിമ കൊണ്ടുപോകുന്നത്. കൈക്കും വയറിനും വെടിയേറ്റ കികി തന്റെ കയ്യിലുള്ള മരുന്ന് ഉപയോഗിച്ച് സ്വയം കെട്ടിവെക്കുന്നു. വെടിയേറ്റ് മരിച്ചു വീഴുന്ന തന്റെ സഹപ്രവര്‍ത്തകനായ സിറ ഇതേ ട്രഞ്ചില്‍ എവിടെയോ ഉണ്ടെന്ന കാര്യം കികിക്ക് അറിയാം എന്നാല്‍, അയാളുടെ അടുത്തേക്ക് നീങ്ങാന്‍ പറ്റാതെ നില്‍ക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലാണ് ഏറെ വേദന സഹിക്കുന്ന കികി. ഇതിനിടയില്‍ എതിര്‍ പാളയത്തില്‍ ട്രഞ്ച് നിരീക്ഷിക്കാനായി രണ്ടു പേരെ ചുമതലപ്പെടുത്തുന്നു. ഏറെ പരിചയ സമ്പന്നനായ ക്യാപ്റ്റനും പുതുതായി എത്തിയ നിനോയും ആയിരുന്നു അത്. അവര്‍ ട്രഞ്ചില്‍ എത്തുന്നതോടെയാണ് സിനിമ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത്.
സര്‍ബ് പട്ടാളം വികസിപ്പിച്ചെടുത്ത പ്രത്യക തരം മൈന്‍കുഴി കുഴിച്ച് അതിന്റെ വാല് മാത്രം മുകളില്‍ ആക്കി മരണപ്പെട്ടെന്ന് കരുതി സിറ എന്ന ബോസ്‌നിയന്‍ പടയാളിയെ അതിനു മുകളില്‍ കിടത്തുന്നു. സഹപട്ടാളക്കാരന്റെ മൃതദേഹം അന്വേഷിച്ചെത്തുന്ന ബോസ്‌നിയന്‍ പടയാളികള്‍ തന്റെ സഹപ്രവര്‍ത്തകന്റെ മൃതദേഹം പോക്കിയെടുക്കുമ്പോള്‍ മൈന്‍ പൊട്ടും. സെര്‍ബ് പട്ടാളക്കാരുടെ ഈ പ്രവൃത്തിയെ നിനോ എതിര്‍ക്കുന്നു. എങ്കിലും ഇതൊക്കെ പട്ടാള നിയമത്തിലെ അനുവദനീയമായ ചതിയാണ് എന്ന് ക്യാപ്റ്റന്‍ നിനോയെ മനസിലാക്കുന്നു. ഇതെല്ലാം കികി ഒളിച്ചിരുന്ന് കേള്‍ക്കുകയാണ്. ക്യാപ്റ്റനെ വെടിവെച്ചു വീഴ്ത്തി കികി അവിടം തന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. തുടര്‍ന്ന് സിറ മരിച്ചിട്ടില്ല എന്നു മനസിലാകുന്നതോടെ സിനിമ അതിന്റെ ഉദ്യേഗനിമിഷങ്ങളിലേക്ക് കടക്കുന്നു.


അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക് കാണാം. ഇവിടെയും ജീവനെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന മനുഷ്യന്‍ തന്നെ ഒരു ജീവനെ മരണത്തിന് മുന്നില്‍ നിവര്‍ത്തി കിടത്തി ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ സിനിമ അവസാനിക്കുന്നു. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു. സിറയുടെ സ്ഥിതി ഇനി എന്തായിരിക്കും? വെളിച്ചം അകലുമ്പോള്‍ ഇരുട്ട് സിറയെ മൂടുകയാണ്. കയ്യിലുള്ള ഫോട്ടോ മുറുക്കെ പിടിച്ചു സിറ ഇരുട്ട് പടരുന്ന ആകാശത്തേക്ക് നോക്കി കിടക്കുന്നു. കികിയായി അഭിനയിച്ച ബ്രാങ്കോ ദുരിച (Branko Ðuric-Ciki), നിനോ ആയി അഭിനയിച്ച റെനെ ബിറ്റൊറാജെച് (Rene Bitorajac-Nino), സിറയായി അഭിനയിച്ച ഫിലിപ്പ് സോവജോവിച് (Filip Sovagovic-Cera) എന്നിവരുടെ അവിസ്മരണീയ പ്രകടനം എടുത്തു പറയേണ്ടതാണ്. ഒട്ടും നാടകീയത കലരാതെ തന്മയത്വത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവര്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഡാനിസ് തനോവിച്ച് എന്ന സംവിധായന്റെ ഏറ്റവും മികച്ച സിനിമകില്‍ ഒന്നാണ് നോ മാന്‍സ് ലാന്‍ഡ് 2002ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്'നു ലഭിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇതിന്റെ രചനയും, സംഗീത സംവിധാനവും ചെയ്തിരിക്കുന്നത്. വള്തര്‍ വാന്‍ഡെന്‍ എന്‍ഡേയാണ് (Walther vanden Ende) ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചിത്രമായ ലഗാനും ഈ ചിത്രത്തോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നു ലഗാനും ഈ ചിത്രത്തോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നു.
==========================================================================

നെല്ല് ഡോട്ട് നെറ്റില്‍ 2013 സെപ്തംബര്‍ ലക്കത്തില്‍ വന്ന കോളം
http://www.nellu.net/component/content/article/780.html