Saturday 5 October 2013

പ്രതിരോധത്തിന്റെ നാരങ്ങാമണം

സിനിമ

പലസ്തീന്‍ കഥകളത്രയും അതിജീവനഗന്ധിയാവുന്നതിന്റെ പൊരുള്‍ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ അവിടെ നിന്നും വരുന്ന സിനിമകള്‍ക്കും ഈ അതിജീവനത്തിന്റെ കഥകള്‍ പറയാനുണ്ടാകും അത്തരത്തില്‍ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ലെമണ്‍ ട്രീ' അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിലൊരാളായ എറാന്‍ റിക്ലിസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഒരു സിനിമ എങ്ങനെ ലളിതമാവാം എന്ന് ഈ സിനിമ മനസിലാക്കി തരുന്നു.
പാരമ്പര്യമായി ലഭിച്ച തന്റെ ചെരുനാരങ്ങാതോട്ടം നോക്കി അതില്‍നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നീക്കുയാണ് സല്‍മ സിദാന്‍ എന്ന 45 വയസുള്ള പലസ്തീന്‍കാരിയാണ് നായിക. വിശാലമായ നാരങ്ങാ തോട്ടം അവരുടെ ജീവിതം തന്നെയാണ്. ഒരു ദിവസം തുടങ്ങുന്നതും ഈ തോട്ടതില്‍ നിന്നാണ്. നാരങ്ങ ചെടിയില്‍ പഴുത്തു നില്ക്കുന്ന ചെറുനാരങ്ങ അതിരാവിലെ ഇവര്‍ തന്നെ പറിച്ചെടുക്കുന്നു, അവ വിവിധ മാര്‍ക്കറ്റില്‍ എത്തിക്കുന്നു. ഇവര്‍ക്ക് ഭര്‍ത്താവ് ഇല്ല. ആകെയുള്ള ഒരു മകന്‍ അമേരിക്കയില്‍ ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുകയാണ് അവനും അമ്മയുടെ കൃഷിയോട് താല്പര്യമില്ല. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി പ്രദേശത്താണ് ഈ തോട്ടം ഉള്ളത്. എപ്പോഴും അക്രമത്തിന്റെ ചുവയുള്ള മണ്ണില്‍ എപ്പോള്‍ വേണമെങ്കിലും അക്രമം ഉണ്ടാകാം, വെടിയൊച്ച മുഴങ്ങാം. ഇതാണ് സിനിമയുടെ പശ്ചാത്തലം.
സംഘര്‍ഷഭരിതമായ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. പ്രതിസന്ധിയുടെ ചെറുതായ ദൃശ്യങ്ങള്‍ നമുക്കും കാണാന്‍ ആകുന്നുണ്ട് എന്നാല്‍ വലിയ സംഘര്‍ഷ ഭാരം കാഴ്ചക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല എന്ന പ്രത്യേകത ഉണ്ട്. പറയുന്നതത്രയും ലളിതമായി തന്നെ അതിന്റെ യാഥാര്‍ത്യത്തെ ചോര്‍ത്തികളയാതെ പറയുന്നു. ഇങ്ങനെ പ്രതിസന്ധികളിലൂടെ തന്റെ ജീവിതം മുന്നോട്ട് നയിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്തിനടുത് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍നോവോന്റെ വീട് ഈ അതിര്‍ത്തിക്കരികില്‍ വരികയാണ്. അതോടെ സുരക്ഷയുടെ പേരില്‍ നാരങ്ങ തോട്ടം നീക്കണമെന്ന ആവശ്യവും ഉയരുന്നു. അതിനെതിരെ ആ സ്ത്രീ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു.

പട്ടാളം പറിച്ചെറിഞ്ഞ നാരങ്ങ ചെടികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയര്‍ത്തി കാട്ടി 'ഇതെന്റെ ജീവിതമാണ് ഇതിനെ ഇതുപോലെ പിഴുതു മാറ്റാന്‍ സാധ്യമല്ല' എന്നവര്‍ പറയുന്നുണ്ട്. വീണുകിടക്കുന്ന നാരങ്ങകള്‍ മന്ത്രിയും മറ്റുള്ളവരും നോക്കി നില്‍ക്കെ തന്നെ അവര്‍ക്കുനേരെ വലിച്ചെറിയുന്നുണ്ട്. മന്ത്രി പത്‌നിക്ക് അവരോട് സഹതാപം ജനിക്കുന്നു. അതിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാതെ അവര്‍ സല്‍മയുടെ വീട്ടില്‍ എത്തുന്നു. എന്നാല്‍, ഇവരുടെ കൂടിക്കാഴ്ച നടക്കുന്നില്ല അതിനു മുമ്പേ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തിരികെ കൊണ്ട് പോകുന്നു. സുരക്ഷാ സേന സല്‍മയുടെ വീട് കടന്നാക്രമിക്കുന്നു. തന്റെ ഫയലുകളും വീട്ടുസാമാഗ്രികളും വലിച്ചുവാരിയിട്ടത് നോക്കിയിരുന്ന് അവര്‍ കരയുന്ന രംഗമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അവരില്‍ കൂടുതല്‍ പോരാട്ട വീര്യം ഉണ്ടാക്കുകയാണ്.
തന്റെ നാരങ്ങ തോട്ടം നിലനിര്‍ത്താനായി അവര്‍ നിയമ നടപടികള്‍ തുടരുന്നു. അതിനായി അവരെ സഹായിക്കാന്‍ ഒരു വക്കീല്‍ എത്തുന്നു. അവര്‍ക്കിടയില്‍ പ്രണയം ഉറവപൊട്ടുന്നുണ്ട്. കേസിന്റെ കാര്യങ്ങള്‍ക്കായി അവര്‍ ഒരുമിച്ചു പല തവണ സഞ്ചരിക്കുന്നു. അയാളെ തേടി ഒരു ദിവസം ഓഫിസില്‍ എത്തിയപ്പോള്‍ അടക്കും ചിട്ടയും ഇല്ലാത്ത വക്കീലിന്റെ ഓഫിസ് സല്‍മ തന്നെ അടക്കിയൊതുക്കി വെക്കുന്നുണ്ട്. ആരും സ്‌നേഹിക്കാനില്ലാത്ത സല്‍മയുടെ ജീവിതത്തിലേക്ക് സ്‌നേഹത്തിന്റെ പ്രതീക്ഷയുടെ കവാടം തുറക്കുകയാണ്. അവര്‍ക്കിടയില്‍ എങ്ങിനെയോ പ്രണയത്തിന്റെ നേര്‍ത്ത രേഖകള്‍ പിറക്കുന്നു. എന്നാല്‍ അതിന്റെ ആയുസ്സ് വളരെ കുറവായിരുന്നു. അയാളുടെ ലക്ഷ്യം പ്രണയം മാത്രമായിരുന്നില്ല. സല്‍മയുടെ ശരീരം തന്നെയായിരുന്നു എന്നവര്‍ കൃത്യമായി തിരിച്ചറിഞ്ഞതോടെ അയാളെ അവര്‍ തന്റെ ജീവിതത്തില്‍ നിന്നും അകറ്റി ഔദ്യോഗിക കാര്യങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നു.
മന്ത്രി മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തോട്ടത്തിലേക്ക് കടത്തി വിടാത്ത തരത്തില്‍ പ്രതിരോധ മതില്‍ തീര്‍ത്തതോടെ അവര്‍ ഒറ്റപെട്ട പോലെ ആയി. തന്റെ പിതാവിന്റെ സുഹൃത്തും അവരോടൊപ്പം കൃഷി കാര്യങ്ങളില്‍ സഹായിക്കുന്ന വൃദ്ധന്‍ ഇവരുടെ അവസ്ഥയില്‍ സമാധാനിപ്പിക്കുനുണ്ട് പക്ഷെ വലിയൊരു മതിലിനു പിറകെ നിന്നാണ് തന്റെ പ്രതിരോധത്തിന്റെ മുറവിളി അത് വളരെ ചെറുതായി മാത്രമേ അധികൃതരുടെ ചെവികളില്‍ എത്തൂ എന്നൊക്കെ അവര്‍ മനസിലാക്കുന്നുണ്ട്. എങ്കിലും താന്‍ സത്യതോടൊപ്പം ആണെന്നും നന്മയും നീതിയും എന്നായാലും വിജയിച്ചേ മതിയാകൂ എന്നവര്‍ക്ക് ഉറപ്പുണ്ട്. അതിനവര്‍ കഠിന പ്രയത്‌നം തന്നെ നടത്തുന്നു. ഇവരുടെ പോരാട്ടം ലോക ശ്രദ്ധ നേടുന്നു അമ്മയുടെ പോരാട്ടം മകന്‍ അമേരിക്കയില്‍ റെസ്‌റ്റോറന്റില്‍ ജോലിക്കിടെ ടിവി വാര്‍ത്തയിലൂടെ കാണുന്ന രംഗമുണ്ട്. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടവും വിജയവും ഈ സിനിമയെ മികച്ചതാക്കുന്നു. ഹിയാം അബ്ബാസ് ആണ് സല്‍മ സിദാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഈ സിനിമയെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നു. മന്ത്രിയായി എത്തിയ ഡോരോണ്‍ ടാരോവി, റോണ ലിപാസ് മിഷേല്‍ തുടങ്ങിയവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ നാരങ്ങാമണം നല്‍കുന്ന ഈ ചിത്രമാവട്ടെ ഈ മാസം നിങ്ങള്‍ കാണാനായി തിരഞ്ഞെടുക്കുന്നത്.

No comments:

Post a Comment