(ഫൈസൽ ബാവയുടെ *“പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത"* എന്ന കഥയേകുറിച്ച് സിന്ധുല രഘു കഥായുവത്വത്തിൽ എഴുതുന്നു)
സിന്ധുല രഘു
______________________
"ഫുട്‌ബോളിനെ ചരിത്രം സൗന്ദര്യത്തിൽനിന്ന് തൊഴിലിലേക്കുള്ള ദുഃഖഭരിതയാത്രയാണ്.കളി കച്ചവടമായപ്പോൾ കളിയുടെ ആനന്ദം വിരിയിക്കുന്ന ലാവണ്യം വേരോടെ പിഴുതെറിയപ്പെട്ടു.ഏതാനും നായകർക്കും ഒരുപാട് കാണികൾക്കുമൊപ്പം സോക്കർ കാണാനുള്ളതു മാത്രമായി.ലോകത്തിലെ ഏറ്റവും ലാഭകരമായ കാഴ്ചവ്യവസായം.പ്രൊഫഷണൽ കളി സാങ്കേതികത്വത്തിൻറെ പേരിൽ സാഹസികതയെ നിയമവിരുദ്ധമാക്കി. എങ്കിലും ചില തല തെറിച്ചവർ ഔദ്യോഗികതിരക്കഥ മാറ്റിമറിച്ച് വിലക്കപ്പെട്ട സാഹസികതയുടെ സ്വാതന്ത്ര്യം ആലിംഗനം ചെയ്യാറുണ്ട്.വല്ലപ്പോഴും ഒരിക്കലാണെങ്കിലും നരകീയാനന്ദത്തിൻറെ ആ കാഴ്ച്ച യഥാർത്ഥ ഫുട്‌ബോൾ സൗന്ദര്യം കാംക്ഷിക്കുന്നവരെ വിസ്മയിപ്പിക്കാറുണ്ട്", 'സോക്കർ ഇൻ സൺ ആൻഡ് ഷാഡോ' എന്ന കൃതിയിൽ പ്രശസ്ത ഉറുഗ്വൻ എഴുത്തുകാരൻ എഡ്‌വേർഡോ ഗലിയാനോ സോക്കർ എന്നുകൂടി വിളിക്കപ്പെടുന്ന കാൽപ്പന്തുകളിയുടെ ഇന്നത്തെ അവസ്ഥ വിവരിക്കുന്നത് ഇങ്ങനെയാണ്. അത്തരം തല തെറിച്ചവർ അത്യാവശ്യത്തിന് കൽപ്പന്തുജ്വരമുള്ള മലയാളിയെ ആകർഷിക്കുന്നത് സ്വാഭാവികമാണല്ലോ.ഒരു നല്ല ഫുട്‌ബോൾ ജേർണലിസ്റ്റ് കൂടിയായ എൻ എസ് മാധവൻ അത്തരം തല തെറിച്ചൊരാളെക്കുറിച്ച് എഴുതിയിട്ടുള്ള കഥയാണ് ഹിഗ്വിറ്റ. ഫൈസൽ ബാവ "പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത" എന്ന തൻറെ കഥയ്ക്ക് എൻ എസ് മാധവനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എൻ എസ് മാധവനും ഫൈസൽ ബാവയും എങ്ങനെ കഥാവിഷയമാക്കിയിരിക്കുന്നു എന്നന്വേഷിക്കുന്നത് രസകരമായിരിക്കും എന്നു കരുതുന്നു.അതിന് ആദ്യം നമുക്ക് എൻ എസ് മാധവൻറെ കഥയിലേക്ക് ഒന്നു പോയിവരാം.
എൻ എസ് മാധവൻറെ വളരെ ശ്രദ്ധേയമായ ചെറുകഥയാണ് ഹിഗ്വിറ്റ. ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടി പ്രസിദ്ധനായ കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയുടെ പേരാണ് കഥയ്ക്ക്. കഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതൻ ഗീവർഗീസച്ചൻ പഴയ ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ പ്രേമിയുമാണ്. "പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത" എന്ന ജർമ്മൻ നോവലിനെക്കുറിച്ച് സാഹിത്യസ്നേഹിയായ മറ്റൊരു പുരോഹിതനിൽനിന്നു കേട്ടപ്പോൾമുതൽ ഹിഗ്വിറ്റയുടെ സാഹസികത നിറഞ്ഞ ശൈലി അച്ചൻ ശ്രദ്ധിക്കാൻ തുടങ്ങി. ഗോളികളുടെ അടിസ്ഥാനസ്വഭാവമായ ദൃക്സാക്ഷിത്വംകൊണ്ട് തൃപ്തിപ്പെടാതെ മൈതാനത്തിൻറെ മധ്യത്തിലേക്ക് പന്ത് ഇടംവലം പായിച്ച് കുതിക്കുന്ന ഹിഗ്വിറ്റ.താണ്ഡവത്തിന് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീളന് ചുരുണ്ട മുടിയും കറുത്ത കരിങ്കല്മുഖവും നേരിയ മീശയുമായി രണ്ടു കൈകളും വായുവില് വീശി ഒരു മ്യൂസിക് കണ്ടക്ടറെപ്പോലെ പെനാല്റ്റി കിക്ക് നേരിടുന്നതും എതിര് ഗോള്മുഖം ലക്ഷ്യമാക്കി സ്‌പോട്ട് കിക്കെടുത്ത് ഗോളാക്കുന്നതും എൻ എസ് മാധവൻ വർണ്ണിക്കുന്നുണ്ട്.
ഗീവർഗീസച്ചന്റെ ഇടവകക്കാരിൽ ഒരാളായിരുന്നു ആദിവാസി ലൂസി മരണ്ടി. പഞ്ഞമാസങ്ങളിൽ ആദിവാസിപ്പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്തു ദില്ലിയിലേക്ക് കൊണ്ടുവരിക പതിവാക്കിയിരുന്ന ജബ്ബാർ എന്നയാളാണ് ലൂസിയെ അവിടെയെത്തിച്ചത്. പറഞ്ഞിരുന്നതുപോലെ അയാൾ അവൾക്ക് ഒരു വീട്ടിൽ ജോലി വാങ്ങിക്കൊടുത്തെങ്കിലും അയാളുടെ പ്രധാന പദ്ധതി മറ്റൊന്നായിരുന്നു. അതനുസരിച്ച്, ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് സൂത്രത്തിൽ വിളിച്ചിറക്കി ഒരുദിവസം അയാൾ അവളെ വലിയ ഹോട്ടലുകളിലൊന്നിൽ ഒരു സേഠിൻറെ മുറിയുടെ വാതിൽക്കൽ എത്തിച്ചു. കാര്യം മനസ്സിലാക്കിയപ്പോൾ രക്ഷപ്പെട്ടോടാൻ ശ്രമിച്ച അവളെ പിടികൂടി സ്വന്തം വീട്ടിൽ കൊണ്ടുപോയി അയാൾ പീഡിപ്പിച്ചു. അവിടെനിന്നു രക്ഷപ്പെട്ട് അയാൾ അറിയാത്ത മറ്റൊരു വീട്ടിൽ ജോലി സമ്പാദിച്ചു.ആ വീട് കണ്ടെത്തിയ ജബ്ബാർ അവിടെയും ശല്യവും ഭീഷണിയും തുടർന്നപ്പോൾ ലൂസി ഗീവർഗീസച്ചൻറെ സഹായം തേടി. പലവട്ടം പരാതിയുമായി സമീപിച്ച അവളോട് "എല്ലാം ശരിയാകും ലൂസി" എന്ന് ആശ്വാസവചനങ്ങൾ പറഞ്ഞ് , പോലീസിൽ പരാതി പറയാൻ ഉപദേശിച്ചു. പോലീസിനെ അവൾക്ക് ജബ്ബാറിനേക്കാൾ ഭയമായിരുന്നു..അടുത്ത തവണ ജബ്ബാറിനെക്കുറിച്ച് പരാതിയുമായെത്തിയ ലൂസി, അയാൾ തന്റെ മുഖത്ത് ആസിഡ് ബൾബെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാൽ അയാൾ പറയുന്നിടത്തേക്ക് ഒപ്പം ചെല്ലാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അറിയിച്ചു. അതുകേട്ട ഗീവർഗീസച്ചൻ, ഹിഗ്വിറ്റയെ അനുകരിച്ച് ഗോൾമുഖം വിട്ട് മൈതാനത്തേക്കു കടന്നു കളിക്കാൻ തീരുമാനിച്ചു. സ്വന്തം മുറിയിൽ പോയി പുരോഹിതന്റെ ളോഹയും ജപമാലയും ഊരിവച്ച് സാധാരണവസ്ത്രത്തിൽ മടങ്ങിയെത്തിയ അദ്ദേഹം സ്കൂട്ടറിനു പിന്നിൽ ലൂസിയെ ഇരുത്തി ജബ്ബാറിന്റെ താമസസ്ഥലത്തെത്തി വാതിലിൽ മുട്ടി. ലൂസിയെ കണ്ട് സന്തോഷിച്ച് അവളോട് വീട്ടിലേക്ക് കയറാൻ ആവശ്യപ്പെട്ട ജബ്ബാറിനെ അദ്ദേഹം അടിച്ചവശനാക്കി.മൈതാനമദ്ധ്യത്തിലെ ഇടപെടൽ കഴിഞ്ഞ് യാതൊരു ഗൃഹാതുരത്വവും ഇല്ലാതെ തനിക്കു ചുമതലപ്പെട്ട ഗോൾ മുഖത്തേക്കു മടങ്ങുന്ന ഹിഗ്വിറ്റയെപ്പോലെ, ലൂസിയെ അവൾ ജോലിചെയ്തിരുന്ന വീട്ടിൽ ഇറക്കി വിട്ടിട്ട് നിർവികാരനായി സ്വന്തം മുറിയിലേക്കു മടങ്ങുന്ന ഗീവർഗീസച്ചനെ ചിത്രീകരിച്ചാണ് കഥ അവസാനിക്കുന്നത്.
ഫൈസൽ ബാവ പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന മറ്റൊരു പ്രശസ്ത ഗോളിയെയാണ് തൻറെ കഥയിൽ അവതരിപ്പിക്കുന്നത്.ക്ലോഡിയോ ആന്ദ്രെസ് ബ്രാവോ മുനോസ്. ഒരു ചിലിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ബ്രാവോ. അലക്സിസ് സാഞ്ചസ്സിനൊപ്പം ചിലിക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ് ബ്രാവോ. 2004 ൽ അരങ്ങേറ്റം മുതൽ 115 മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. രണ്ട് ലോകകപ്പ്, ഫിഫ കോൺഫെഡറേഷൻ കപ്പ്, അഞ്ച് കോപ്പ അമേരിക്ക കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ബ്രാവോ ചിലിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ 2015 ലും 2016 ലും ചിലിയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് ബ്രാവോ നയിച്ചു
ബ്രാവോയും ഫുട്‌ബോൾ ഇതിഹാസം മെസ്സിയും നേർക്കുനേർ വന്ന ഒരു രംഗമാണ് ഫൈസൽ ബാവ തൻറെ കഥയിൽ അവതരിപ്പിക്കുന്നത്.തൻറെ സുഹൃത്ത് സുനിലിനോടൊപ്പം 46 ഇഞ്ച് എൽ ഈ ഡി ടിവിയിൽ മെസ്സിയുടെ ആരാധകർക്ക് നടുവിലിരുന്ന് കളി കാണുന്ന ദൃശ്യം ബാവ അവതരിപ്പിക്കുന്നതു നോക്കാം. "ഓരോ നീക്കവും പിഴക്കുമ്പോൾ സുനിൽ തന്റെ കൈകൾ ശക്തിയിൽ കുടഞ്ഞു. കൈകൾ ഊരിത്തെറിക്കുമോ എന്നെനിക്കു തോന്നി." അത് സുഹൃത്തിൻറെ ഭാവം.ഇനി കളിക്കളത്തിലെ കാഴ്ച്ച എന്താണ്? " കളിയിൽ ഇരുപത് പേരുടെ പോരാട്ടങ്ങൾ മുറുകുമ്പോൾ ഒരു പെട്ടിക്കകത്ത് പെട്ടപോലെയുള്ള ഗോളിയുടെ ആ നിൽപ്പ്, തൊണ്ണൂറുമിനുറ്റ് കഴിഞ്ഞിട്ടും തീരുമാനം ആകാതെ വരുമ്പോൾ ഗ്യാലറികളിലെ കണ്ണുകൾ ആ ചതുരത്തിലേക്ക് നീളും. രണ്ടറ്റത്തും അസ്വസ്ഥതയോടെ കൈകൾ ചുരുട്ടിയിടിച്ച് ഇടക്ക് ഉച്ചത്തിൽ ശബ്ദിച്ച്, വെല്ലുവിളിച്ച് പല്ലുകൾ കടിച്ച്... അപ്പോഴാകും പതിനായിരക്കണക്കിന് കണ്ണുകൾ കൂട്ടിലിട്ട ഈ സിംഹങ്ങളെ ശ്രദ്ധിക്കുക"
ഏകാന്തതയിൽ ഒറ്റപ്പെട്ടുപോകുന്ന ഗോളിയുടെ അവസ്ഥ ഫൈസലിൻറെ വിജ്ഞാനത്തെ പ്രയോജനപ്പെടുത്തുന്നതിലേറെ ഒരു വ്യക്തിയുടെ മാനസികതലങ്ങളിലേക്കുള്ള വിശകലനമായിട്ടാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്.വേദനകൾ , വീർപ്പുമുട്ടലുകൾ എവിടെയുണ്ടോ അവിടേയ്ക്കു ചായുന്ന മനസ്സാണ് ഒരെഴുത്തുകാരനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്.കളിക്കാരന്റെ മനസ്സിലേക്കു മാത്രമല്ല കളി കാണുന്നവരിലേക്കും അവൻ സഞ്ചരിക്കുന്നു. "റഫറി പെനാൽറ്റി ബോക്ക്സിൽ പെനാൽറ്റി പോയന്റിൽ പന്ത് വെച്ചപ്പോൾ നെഞ്ചിടിപ്പുകൾ കൂടി സ്റ്റേഡിയം ഒരു വലിയ ഹൃദയമായി മാറി സെക്കൻന്റിൽ അഞ്ചോ ആറോ തവണ മിടിച്ചുകൊണ്ടിരുന്നു."
കളിയുടെ മുറുക്കത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടാനും കഥാകൃത്ത് മറക്കുന്നില്ല. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ബൂട്ടുകൾ ചവിട്ടിമെതിച്ച ചിലി എന്ന പ്രയോഗത്തിലൂടെ ചിലിയുടെ സ്വാതന്ത്ര്യസസമരചരിത്രം മുഴുവൻ കഥാകൃത്ത് ആവാഹിച്ചുണർത്തുന്നു. ഇപ്പോഴിതാ മഹാ മാന്ത്രികനായ ഒരാളുടെ അത്ഭുതപാദുകമാണ് ചിലിയുടെ അഭിമാനത്തിനുനേരെ ആവേശത്തോടെ അടുത്തുകൊണ്ടിരിക്കുന്നത്. കഥാകാരനെ പൊതിഞ്ഞിരിക്കുന്ന കാണികൾക്കാകട്ടെ ചിലിയുടെ അഭിമാനത്തിലൊന്നും തീരെ താൽപ്പര്യമില്ല.കൂട്ടുകാരൻ സുനിലിൻറെ ചേഷ്ടകൾ അതിനു തെളിവാണ്." അവന്റെ നെഞ്ച് പിടക്കുക്കുകയാണ്. കണ്ണുകളിൽ തീ... മെസ്സി... അർജന്റീന... മെസ്സി... അർജന്റീന... എന്ന ആർപ്പുവിളിക്കായ് സുനിൽ കാത്തിരുന്നു. ഹാളിനകത്ത് ഓരോരുത്തരുടെയും ഉള്ളിൽ നിന്നും പതിഞ്ഞ സ്വരത്തിൽ മെസ്സി മെസ്സി എന്ന മാത്രം വീണുകൊണ്ടിരുന്നു." ബ്രാവോയുടെ കാത്തിരിപ്പിനെ ഇല്ലാതാക്കി പന്ത് ഉയരങ്ങളിലേക്ക് പറന്നതോടെ ഗാലറി അക്ഷരാർത്ഥത്തിൽ അത്ഭുതത്താൽ നിശബ്ദമായി. സുനിലിന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന എന്തോ തടസ്സം ഇറങ്ങി.മെസ്സി ചുണ്ടു കടിച്ച് ആകാശത്തേക്കു നോക്കി.തലകുനിച്ചു കണ്ണീരോടെയുള്ള മടക്കം കാണാൻ സുനിലിലായില്ല. ചിലിയൻ ആരാധകരുടെ ആർപ്പുവിളി മുഴങ്ങിയെങ്കിലും ആരും ബ്രാവോ... ബ്രാവോ... എന്നു വിളിച്ചു പറഞ്ഞില്ല.
എൻ എസ് മാധവൻ ഒരു ഫുട്ബാൾ ഇതിഹാസതാരത്തിലൂടെ ചരിത്രത്തിലേക്ക് സ്വയം കാൽ വെച്ചുകയറുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കച്ചവടം ചെയ്യപ്പെടുന്ന ഇന്ത്യൻ സ്ത്രീത്വത്തെത്തന്നെ ചർച്ചയാക്കാൻ ശ്രമിക്കുമ്പോൾ ഫൈസൽ ബാവ സംഘബോധത്തിൻറെ അടിമത്തം നിറഞ്ഞ പരിണാമത്തിലേക്കാണ് വെളിച്ചം വീശുന്നത്.എൻ എസ് മാധവൻറെ ഗീവർഗീസച്ചൻ കളത്തിലിറങ്ങി കളിക്കുന്ന ഒരാളാവുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ബാവയുടെ സുനിൽ മറ്റൊരാശയലോകത്തിലേക്കാണ് ആസ്വാദകനെ കൊണ്ടുപോകുന്നത്.അതിനായി തികച്ചും ഗ്രാമീണമായ ഒരു ബിംബത്തെ ബാവ നഗരമധ്യത്തിൽ പറിച്ചുനടുന്നു.ടെറസ്സിൽ വളർത്തിയിട്ടുള്ള ഒരമരപ്പന്തൽ.
ആ അമരപ്പന്തലിനു താഴെയിരുന്ന് മുൻപത്തെ ഒരു കളിയിലുണ്ടായ സമാനമായ നിരാശ സുനിൽ അയവിറക്കുന്നു. അന്നത്തെ നിരാശയിൽ സുനിൽ ഇട്ട പോസ്റ്റ് എല്ലാവരും ഏറ്റെടുത്തിരുന്നു."ആ നശിച്ച പേര് ഒരിക്കൽ കൂടി വെറുത്തുപോയി" ർമൻ ഫുട്‌ബോൾ കളിക്കാരനായ മാരിയോ ഗോഡ്‌സെയാണ് അന്ന് സുനിലിൻറെ ആവേശത്തെ കൊന്നുകളഞ്ഞ കളിക്കാരൻ.ആ നശിച്ച പേര് ഒരിക്കൽ കൂടി വെറുത്തുപോയി എന്ന പരാമർശം മറ്റു ചില ഓർമ്മകൾ നമ്മിലുണർത്തുന്നു.മാരിയോ ഗോഡ്‌സെ”യുടെ നാമം സാക്ഷാൽ നാഥുറാം ഗോഡ്‌സെയോടുള്ള ആദരസൂചകമായി ഇട്ടതാണ് എന്നാണ് ഫാസിസ്റ്റ് കണ്ടുപിടുത്തം.മാരിയോയുടെ പിതാവ് യുവാവ് ആയിരുന്നപ്പോൾ ഇന്ത്യൻ ചരിത്രം വായിച്ചു. ഗോഡ്സെയോട് കടുത്ത ആരാധന വന്നു.തനിക്ക് മകൻ ഉണ്ടായാൽ അവന് ഗോഡ്‌സെ എന്ന് പേരിടണം എന്ന് തീരുമാനിച്ചു.ജർമ്മൻ ആര്യവംശബോധത്തിൻറെ പിന്തുടർച്ചക്കാരായി ഫാസിസ്റ്റുകളും തിരിച്ചു ചിന്തിക്കുന്നുണ്ടല്ലോ.
ഒരു ഫുട്‌ബോൾക്കനവ് പറയുകയല്ല ഫൈസൽ ബാവയുടെ ഉദ്ദേശ്യം എന്നു വ്യക്തമാക്കാൻ കഥാന്ത്യംകൂടി വായിക്കണം. "അമരത്തണ്ടിൽ അതാ ഒരു ചുരുളൻ പുഴു അരിച്ചരിച്ച് തൂങ്ങിക്കിടക്കുന്ന അമരപയറിൻറെ തണ്ടിലേക്ക്.....ഇനി നടുവൊന്നു വളച്ച് തല മുന്നിലേക്ക് ആഞ്ഞുകൊത്തിയാൽ തൂങ്ങിക്കിടക്കുന്ന അമരപ്പയർ വായുവിലൂടെ.... . തലയോളം വലുപ്പമുള്ള പുഴുവിൻ കണ്ണുകൾ തിളങ്ങുന്നു, അതേ ആ കണ്ണുകൾ ബ്രാവോയുടേതുതന്നെ.സുനിൽ ചാടിയെഴുന്നേറ്റു. ഒരു പെനാൽറ്റി കിക്കിന്റെ ശക്തിയോടെ കൈവിരൽ മടക്കി ഒറ്റത്തട്ട്.
"ഒരു കോപ്പ .... കോപ്പ്..."
ടെറസ്സിൻറെ മതിലും കടന്ന് അതാ മെസ്സിയുടെ പെനാൽറ്റി കിക്കുപോലെ ഉയരങ്ങളിലേക്ക്"
സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന ബ്രാവൊയേക്കാൾ ആ സ്വാതന്ത്ര്യത്തെ ഷൂസിട്ട് ചവിട്ടിമെതിക്കാൻ വരുന്ന കാലിനോടുള്ള സംഘമനസ്സിന്റെ വിധേയത്വത്തെ ചിത്രീകരിക്കാനാണ് ബാവ ഈ കഥയിലൂടെ ശ്രമിക്കുന്നത്. അപ്പോൾ എൻ എസ് മാധവൻറെ കഥാപരിസരത്തിൽനിന്ന് ഈ കഥ വളരെ വ്യത്യസ്തമാകുന്നുണ്ട്. ലോകം മുഴുവൻ ആരാധകരുള്ള ഒരു കായികകാല എഴുത്തുകാർ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന് ഈ രണ്ടു കഥകളും തെളിയിക്കുന്നു.
No comments:
Post a Comment