Thursday 10 February 2022

തക്കാളിയേറിന്റെ രാഷ്ട്രീയം

 

ടി അരുൺകുമാറിന്റെ ലാ-ടൊമാറ്റിനാ എന്ന കഥയിലൂടെ
‎'‎കഥായുവത്വം -116 തക്കാളിയേറിൻ്റെ രാഷ്ട്രീയം ടൊമാറ്റിന ש›ാ ടി.അരുൺകുമാറിൻ്റെ കഥയിലൂടെ ഫൈസൽ ബാവ‎' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ്‎ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
കഥായുവത്വത്തിന്റെ ഒരു ലക്കം കൂടി ഇതാ, ചെറിയൊരു ഇടവേള ആവശ്യമായിരുന്നു. കഥകളുടെ വസന്തകാലം ഉണ്ടാകുമ്പോൾ കഥായുവത്വം തരിശാകാൻ പാടില്ലല്ലോ, അതിനാൽ വീണ്ടും തുടങ്ങുന്നു. പുതിയകാലത്തിന്റെ കഥകളെ പരിചയപ്പെടുത്തുമ്പോൾ എന്തുകൊണ്ടും ചേർത്തുവെക്കേണ്ട പേരാണ് ടി.അരുൺകുമാർ എന്ന എഴുത്തുകാരന്റേത്. 'ചീങ്കണ്ണി കനലിൽ ചുട്ടത്' എന്ന സമാഹാരം കൊണ്ട് തന്നെ മലയാള കഥാലോകത്ത് ഇടം നേടിയ കഥാകൃത്താണ് അരുൺകുമാർ. അദ്ദേഹത്തിന്റെ ലാ-ടൊമാറ്റിനാ എന്ന കഥ സിനിമായാകാൻ പോകുന്നു എന്നും അറിഞ്ഞു. ഇത്തവണ കഥായുവത്വത്തിൽ ലാ-ടൊമാറ്റിനാ എന്ന കഥയാണ്
"തലയറ്റൊരു കരിങ്കോഴി, ഇടത് ചിറകൊടിഞ്ഞൊരു മാടപ്രാവ്, മുതുകത്ത് വടിവാൾവെട്ടിനാൽ മുറിപ്പെട്ടൊരു തെരുവ് പട്ടി - അവസാന കാഴ്ചയിൽ തെരുവിൽ അവശേഷിച്ചിരുന്നത് ഇവർമാത്രയുമായിരുന്നു" ഇങ്ങനെയാണ് കഥ തുടങ്ങുന്നത് ചിലത് കാണുമ്പൊൾ പിടയുന്ന മനസുകളിൽ നിന്നും ഉണ്ടാകുന്ന പ്രതിഷേധവും പ്രതിരോധവും നമുക്കിതിൽ കാണാം. എഴുത്തുകാരന്റെ നിയോഗമാണ് രാഷ്ട്രീയ അവസ്ഥകളെ സർഗാത്മകമാക്കി അവതരിപ്പിക്കുക എന്നത്. ശക്തമായ എഴുത്തിലൂടെ ഈ കഥയിലും രാഷ്ട്രീയം കൊണ്ടുവരാൻ കഥാകൃത്തിനാവുന്നു. ഇന്നത്തെ അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും ആരെയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെകൂടിയാണ് കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്. മനഃശാസ്ത്രപരമായ ഒരു വായനകൂടി ആവശ്യപ്പെടുന്ന കഥയാണ് ലാ-ടൊമാറ്റിനാ.
രാഷ്ട്രീയത്തെ ചൂണ്ടികാണിക്കുകമാത്രമല്ല രാഷ്ട്രീയബോധത്തെ ഉണർത്തുവാനും ശ്രമിക്കുന്നു എന്നതാണ് പ്രത്യേകത. തക്കാളിയേറിന്റെ രാഷ്ട്രീയം തുറന്നു കാട്ടുന്നതും സമകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ തന്നെയാണ്. എന്നാൽ കഥയ്ക്ക് ഒരു ആഗോള തലവും നിലനിൽക്കുന്നു.
"തലങ്ങും വിലങ്ങും ആരോ ചുവപ്പിന്റെ ഗോളങ്ങളെ മുട്ടകളെന്നപോലെ പൊട്ടിച്ചൊഴിച്ചിരിക്കുകയാണ്. അടിവസ്ത്രം മാത്രം ധരിച്ചൊരുസ്ത്രീയുടെ മുഴുത്ത മാറിടങ്ങളിലേക്ക് ഒരു വെളുത്ത മനുഷ്യൻ രണ്ട് ചുവപ്പ് ഗോളങ്ങളെ എറിഞ്ഞുപൊട്ടിക്കുന്നു അവ സ്തനാഭിഷേകങ്ങളാകുന്നു. എന്താണത്? ആ, അത് മറ്റൊന്നല്ല, തക്കാളിയാണ്. പഴുത്തുലഞ്ഞു സ്വയം പൊട്ടിവിതുമ്പുന്ന തക്കാളികൾ. " ലാ-ടൊമാറ്റിനാ എന്ന താക്കാളിയേറുത്സവം മെഡിറ്ററേനിയൻ ദൃശ്യമാണ് എങ്കിലും അതിന്റെ രാഷ്ട്രീയ മാനങ്ങൾ പലതാണ്
ഏറെ കേട്ടതും അറിഞ്ഞതുമായ ഒരു വിഷയത്തെ തന്റേതായ ശൈലിയിൽ ചെറുകഥയുടെ പതിവ് രീതികളിൽ നിന്നും കുതറി മാറി വരും കാലത്ത് കഥയുടെ കണക്കെടുപ്പുകാര്ക്ക് അവഗണിക്കാന് പറ്റാത്ത നിലയില് ഭാഷകൊണ്ടും ആഖ്യാനം കൊണ്ടും വെത്യസ്തമാക്കുകയാണ് ഇവിടെ.
കഥയിലെ രാമകൃഷ്ണ അയ്യർ അത്തരത്തിൽ ഒരു രാഷ്ട്രീയ പ്രതീകം കൂടിയാണ്. ഇന്നിൻ്റെ രാഷ്ട്രീയ ഭീകരതയെ തുറന്നു കാട്ടുന്ന തരത്തിൽ ഫാസിസത്തിൻ്റെ തേരോട്ടവും ശൂലമുനകൊണ്ടുണ്ടാക്കുന്ന അവസ്ഥകളെയും കടുത്ത ഭാഷയിൽ കഥയിലൂടെ ഭീതിപ്പെടുത്തുന്ന ബിംബകല്പനകളിലൂടെ അവതരിപ്പിക്കുന്നു
"പാകത്തിന് എന്ന് പറയുമ്പോൾ അയ്യരുടെ പാചകക്കുറിപ്പിനനുസരിച്ച് അണുവിടമാറാതെ, കിറുകൃത്യമായി. പതിയെപ്പതിയെ ഒരാളിന്റെ തലച്ചോറിനെ ആ മരുന്നുകൾ അലിയിച്ചു തുടങ്ങുന്നു. പിന്നെ സമയവുമ്പോൾ ചോദ്യങ്ങൾകൊണ്ട് തലച്ചോറിന്റെ മുട്ടത്തോട് അനായാസം പൊട്ടിച്ചുകളയാം. സ്ഫടികപാത്രത്തിലേക്ക് വെള്ളവും മഞ്ഞയുമായി ആന്തരദ്രവം ഒഴുകിനിറയും. ശാന്തനും സസ്യഭുക്കുമായ രാമകൃഷ്ണഅയ്യർ അതിവിശിഷ്ടമായൊരു ഓംലൈറ്റ് കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു: ഒരു വൺസൈഡ് തലച്ചോർ ഓംലറ്റ് "
പതിവുരീതിയെ തിരസ്ക്കരിക്കുന്ന ആഖ്യാനത്തിലൂടെ കാലികമായൊരു ഭീതിയെ ആവിഷ്‌ക്കരിക്കുകയും അതിലോട്ട് ഇന്നിന്റെ രാഷ്ട്രീയ യാഥാർഥ്യങ്ങളെ ഏറ്റവും ഉറച്ച ശബ്ദത്തിൽ ചോദ്യം ചെയ്യുകയും ചെയ്യുന്നു. പുതിയ കാലത്തേ രാഷ്ട്രീയ ബുദ്ധിയിൽ ഉണ്ടാകുന്ന തന്ത്രങ്ങൾ പലപ്പോഴായി കഥയിൽ യാഥാർഥ്യങ്ങളെ കുന്തമുനയിൽ കുത്തി നിർത്തുന്നു
"രാമകൃഷ്ണൻ പറഞ്ഞു 'ഇനി നമുക്ക് ചായ കുടിച്ചിട്ടാകാം. ' എന്നിട്ടയാൾ സൈമണെ ശാസിച്ചു. 'അരുത് സൈമൺ നമ്മുടെ രീതി ഇതല്ല, ശക്തിയല്ല ബുദ്ധിയാണ് നമ്മുടെ ചൂണ്ട
പിന്നീടുള്ള രണ്ടോ മൂന്നോ ദിവസങ്ങൾ രക്തത്തിലും മൂത്രത്തിലും പഴുപ്പിലും മെഴുക്കിലും അതിനു ശേഷമെത്തുന്ന ഉണർത്തുചായയിലും ആവർത്തിച്ചു. ഈ അസംബന്ധത്തിന്റെ അവസാനവാക്യവും എല്ലായ്പ്പോഴും ഒന്ന് തന്നെയായിരുന്നു: അരുത് സൈമൺ നമ്മുടെ ചൂണ്ട ശക്തിയല്ല ബുദ്ധിയാണ്"
ഇന്നിൻ്റെ രാഷ്ട്രീയ കൂർമ്മ ബുദ്ധിയെയും ഭരണകൂടഭീകരതയെ തുറന്നു കാട്ടുകയെന്ന സർഗാത്മക ദൗത്യം കഥാകൃത്ത് നിർവഹിക്കുന്നു.
കഥയുടെ ദൃശ്യസാധ്യത തിചിരിച്ചറിഞ്ഞുകൊണ്ട് സിനിമയാകുന്നതിനാൽ
കഥയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഒരു മികച്ച ദൃശ്യാവിഷ്കാരം പ്രതീക്ഷിക്കുന്നു. കഥയുടെ ദൃശ്യ സാദ്ധ്യതകൾ അത്രമാത്രം വിപുലമാണ്.
അവിശ്വസനീയമായ ഒരു അന്ത്യത്തിൽ കഥയെ കൊണ്ടുപോകാൻ അരുണ്കുമാറിന് ആകുന്നു. മലയാള കഥാ ലോകത്തിന് പ്രതീക്ഷയാണ് ടി.അരുൺകുമാർ.
ഒന്നോ അതിലധികമോ ആളുകൾ, കണ്ണടകൾ, 'കഥായുവത്വം 116 ടി.അരുൺ കുമാർ ടി.അരുൺകുമാറിൻ്റെ 'ലാ ടൊമാറ്റിന എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

No comments:

Post a Comment