Thursday 10 February 2022

നോവിന്റെ പച്ചകുത്ത്

 


മസ്ഹറിന്റെ 'പച്ചകുത്ത്' എന്ന കഥാസമാഹാരത്തിലൂടെ
പുസ്‌തകം, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
പച്ചകുത്ത് എന്നത് ചരിത്രപരമായി കടുത്ത വേദനയുടെ വാക്ക് കൂടിയാണ്, അടിമകളിൽ ചുട്ടുപൊള്ളുന്ന അക്കങ്ങൾ ആയി പച്ചകുത്തപ്പെട്ട ചരിത്ര യാഥാർഥ്യങ്ങളിൽ നിന്നുള്ള പൊള്ളൽ ഇന്നും നാം തിരിച്ചറിയുന്നു. ഇത്തരം പൊള്ളലുകളിലൂടെയാണ് മസ്ഹർറിന്റെ പച്ചകുത്ത് എന്ന സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും കടന്നുപോകുന്നത്. സമകാലിക രാഷ്ട്രീയ അവസ്ഥകളിൽ ഇരകളാക്കപ്പെടുന്ന പാർശ്വവല്കരിക്കപ്പെട്ടവരോടൊപ്പം എഴുത്ത് ചേർന്ന് നിൽക്കുന്നു. ട്രയാങ്കിൾ, ആകാശക്കണ്ണ്, മാരിയപ്പൻ കാഴ്ചകൾ, ശിരോലിഖിതത്തിലെ മുദ്രകൾ, പച്ചകുത്ത്, നീതൂഷ, സുബൈത്ത, തുളച്ചുകയറുന്നത്, നോമാൻസ് ഏരിയ ആർക്കും പാർക്കാൻ വേണ്ടാത്തിടം, ഘടികാരസൂചിയിൽ തൂങ്ങിയാടുന്നത്, വിശുദ്ധരുടെ ആവർത്തന പുസ്തകം എന്നീ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
"കുന്നുമ്മൽ ദാറുൽ ഹുദാ മദ്രസയിൽ എപ്പോഴും ശകാരിക്കുകയും തുണിപൊക്കി അടിവസ്ത്രമിടാത്ത ചന്തിയിൽ തുരു തുരാ അടിക്കുകയും ചെയ്ത മൊയ്ദ്ദീൻ മുസ്ല്യാരെ ജീവിതത്തിലാദ്യമായി മനസ്സിൽ നമിച്ചു. അലിഫും ബായും അടിച്ചു പരത്തി പഠിപ്പിച്ച ഗുരുനാഥാ- നിനക്ക് ആതി ഖുമുൽ ആഫിയ!".
'ട്രയാങ്കിൾ' എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. പഴമ ഇഷ്ടപ്പടുന്ന മാനുകുട്ടി പക്ഷെ തന്റെ ഒറ്റു ജീവിതം കൊണ്ട് മുന്നോട്ടു പോകുന്നു. ഒറ്റുകാരന്റെ വേഷം തനിക്ക് ചേർന്നു കഴിഞ്ഞപ്പോൾ പിന്നെയാ വേഷം കെട്ടാൻ അയാൾക്ക് ബുദ്ധിമുട്ടില്ല. കഥയിലെ മാനുക്കുട്ടി എന്നാൽ സമൂഹത്തിലെ ഇത്തരം ഒറ്റുകാരുടെ പ്രതീകമാണ്. ഇൻഫോർമർ എന്നു ആലങ്കാരികമായി പറയുന്ന ഈ ഒറ്റുജീവിതത്തിൽ അയാൾ ഏറ്റവും അധികം ആനന്ദിക്കുന്നത് താൻ ഒറ്റിയവരുടെ വാതിൽ ചിവിട്ടിപൊളിച്ചു സി.ഐ.ഡി അകത്തു കടക്കുന്നത് അറിയുമ്പോഴാണ്.
പ്രവാസ ജീവിതത്തിൽ ഇത്തരം ഒറ്റു ജീവിതത്തിലൂടെ പോകുന്നവരുടെ സ്വന്തം ജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തങ്ങൾ പറയാതെ പറയുന്നു. അയാളുടെ ഒറ്റിന്റെ ഫലമായി സൗമിനിയുടെ ജീവിതം ചിതറുമ്പോൾ അയാളുടെ ഉള്ളിൽ എന്തോ പിടയ്ക്കുന്നുണ്ട്. ട്രയാങ്കിൾ എന്ന കഥ യാഥാർഥ്യത്തെ ചൂണ്ടി
നിലപാടുകൾ ഇല്ലാത്ത എന്നാൽ ഇരുതല മൂർച്ചയുള്ള കത്തിപോലെയുളള മാനുക്കുട്ടിയുടെ ഒറ്റുജീവിതം ഇരുവശത്തേക്കും ഇരുവരിൽ നിന്നും വേണ്ടുവോളം നേടി അവരെ തന്നെ ഒറ്റുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്.
ഭൂപടത്തിലെ വേദനിക്കുന്ന പാടുകളുണ് അഭയാർത്ഥി ക്യാമ്പുകൾ. കണ്ണീരും ചോരയും കുതിർന്ന വേദനയുടെ ആ മണ്ണാണ് 'ആകാശക്കണ്ണ്' എന്ന കഥയുടെ പശ്ചാത്തലം. "നിന്റെ രാജ്യത്തിനു ദിക്കുകൾ പോലുമില്ലല്ലോ. കുഞ്ഞേ" എന്ന സംഭാഷണത്തിൽ നിന്നുതന്നെ ആ ആഴം തിരിച്ചറിയാനാകും. കിനാക്കൾ വറ്റിയ കുഞ്ഞുങ്ങളുടെ ഉള്ളിൽ മെഴുകുതിരിപോലെ കത്തിത്തീരാൻ അവൻ ആഗ്രഹിക്കുന്നില്ല. അതിനു മുന്നേ നക്ഷത്രമാകണം എന്ന ചിന്ത യുദ്ധഭൂമിയുടെ കണ്ണീരു കൂടിയാണ്. ഒരു യുദ്ധവും നീതിയല്ല അനീതിയാണ് എന്നത് കൊണ്ട് ഹുമൈദ് ഖാൻ പന്ത്രണ്ടു വയസുകരന്റെ ജീവിതവും തോന്നലുകളും ഇക്കാലത്തും എക്കാലത്തും പ്രസക്തമാണ്. ദേശീയതയുടെ ഇരകളാകേണ്ടിവരുന്നവരുടെ പക്ഷത്തു നിൽക്കുന്ന ഈ കഥയുടെ രാഷ്ട്രീയം തന്നെയാണ് ആഖ്യാനത്തിന്റെ കരുത്തും.
പ്രവാസ ജീവിതത്തിന്റെ വേവുനിലങ്ങളിലെ വെന്തു പോകുന്ന ഭക്ഷണത്തെ പോലെ ചൂടോടെയുള്ള
ജീവിതചുവ നിറയുന്നതാണ് 'മാരിയപ്പൻ കാഴ്‌ചകൾ' എന്ന കഥ.
കഥയുടെ ട്വിസ്റ്റ് നന്നായിട്ടുണ്ട്.
ഓരോ ജീവിതവും ഓരോ പച്ചകുത്താണ്. മതമോ, ജാതിയോ, രാഷ്ട്രീയമോ, മറ്റേതെങ്കിലും തരത്തിലുള്ള ആശയമോ പച്ചകുത്തുന്ന ഒരവസ്ഥയുടെ ചുറ്റുവട്ടത്ത് സഞ്ചരിക്കുന്നവരായിരിക്കും ഭൂരിപക്ഷവും. ഈ സമാഹാരത്തിൽ ആഖ്യാനം കൊണ്ട് ഏറെ വേറിട്ടു നിൽക്കുന്ന കഥയാണ് പുസ്തകത്തിന്റെ ശീർഷകം കൂടിയായ 'പച്ചകുത്ത്'. വിശ്വാസവും കമ്മ്യൂണിസവും തമ്മിലുള്ള ആശയപരമായ സംഘട്ടനങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നത്. .
"നജീബ് അകത്തിരിപ്പുണ്ട്. മകനാണ്, അതിനാൽ വളരെ ശബ്ദം താഴ്ത്തി മാത്രമേ എനിക്ക് നിങ്ങളോട് സംസാരിക്കാൻ കഴിയൂ. തീവണ്ടി, നെഞ്ചിടിപ്പ്, മകൻ. ഒരു അൻപത് വയസ്സുള്ള അച്ഛനാണ് നിങ്ങളെങ്കിൽ വളരെയൊന്നും ആയാസപ്പെടാതെ തന്നെ നിങ്ങൾക്കെന്നെ അനുധാവനം ചെയ്യാൻ കഴിയും" ഇങ്ങനെ കഥ പറഞ്ഞുപോകുന്ന രീതിയിൽ തന്നെ ഏറെ വ്യത്യസ്തമാണ്. കമ്യുണിസ്റ്റ്കാരനായ അയാൾ തീവ്രമായ രാഷ്ട്രീയ ചിന്താഭാരം പേറിയ മനസ്സുമായാണ് നടന്നത്. "സിഗരറ്റ് നല്ലോണം വലിക്കുന്ന ശീലമുണ്ടായിരുന്നു എനിക്ക്. ഇപ്പോഴയാണെങ്കില് ചെറുതായി ആസ്തമയുടെ വലിവുമുണ്ട്. സംസാരം കൂടുതലയാൽ കിതക്കും. വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ട് മഴനനഞ്ഞ യൗവനത്തിൽ പോലീസുകാരുടെ കൈയിൽനിന്ന്. കിട്ടിയ ഇടിയും ലാത്തികൊണ്ടുള്ള അടിയും ഇടയ്ക്കൊക്കെ അസ്ഥികൾ നുറുങ്ങുന്ന വേദനയായി തികട്ടിവരും" ഇങ്ങനെ കഥ ഓരോരോ തലത്തിലേക്ക് തെന്നി മാറുമ്പോൾ വഴുതി വീഴാനുള്ള സാധ്യതകളെ ആഖ്യാനത്തിന്റെ കരുത്തുകൊണ്ട് മാറ്റിമറിക്കുന്നു. സമകാലിക വിദ്യാർത്ഥി രാഷ്‌ട്രീയ സമരങ്ങൾക്കൊപ്പം ഈ കഥയും നിൽക്കുന്നു. ഇങ്ങനെ വ്യത്യസ്തമായ ആഖ്യാനങ്ങളാൽ സമ്പന്നമായ പതിനൊന്നു കഥകളുടെ സമാഹാരമാണ് പച്ചകുത്ത്.

No comments:

Post a Comment