(ജോജിത വിനീഷിന്റെ 'ദേജാ വൂ', 'പ്രാണദ്യൂതം' എന്നീ കഥാസമാഹാരങ്ങളിലൂടെ)
കഥകളിലെ അപരിചിത ഇടങ്ങളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണ് ജോജിത വിനീഷ്.
ദേജാ വൂ, പ്രാണദ്യൂതം എന്നീ സമാഹാരങ്ങളിലെ കഥകളെല്ലാം തന്നെ ഇത്തരത്തിൽ വേറിട്ട ഇടങ്ങളിലൂടെ ആരും പറയാൻ തയാറാകാത്ത വിഷയങ്ങൾ തന്റെതായ ഒരാഖ്യാന ശൈലിയിലൂടെ പറയാൻ ശ്രമിക്കുന്നു.
പെണ്ണെഴുത്ത് എന്ന ചട്ടക്കൂടിനെ കവച്ചുവെക്കാനുള്ള ധൈര്യവും എഴുത്തിൽ കാണാം. അതുകൊണ്ടുതന്നെ വയനക്കാരെ രസിപ്പിക്കുകയല്ല പകരം അവരിൽ അനുഭവത്തിന്റെ ഇടിമുഴക്കം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എഴുത്തിൽ എല്ലാവരിൽ നിന്നും വേറിട്ടു നിൽക്കാൻ ശ്രമിക്കുന്ന എഴുത്തുകാരി ആശയത്തെ വായനക്കാരുടെ ഉള്ളിലേക്ക് ആഴ്ത്തിയിറക്കി അതിൽ നിന്നും കഥകൾ ഖനനം ചെയ്തെടുക്കുകയാണ്.
രതിയും പ്രണയവും പ്രതികാരവും, സ്വവർഗ്ഗ പ്രണയവുമെല്ലാം ഉൾചേർന്ന
കഥകളിൽ ആരും സഞ്ചരിക്കാത്ത വഴികളിലേക്കും കഥാകാരി സഞ്ചരിക്കുന്നു. ഓരോ കഥയും വേറിട്ടു നിൽക്കുന്ന തരത്തിൽ ഒരു ആഗോള തലം കഥകളിൽ കാണാം. അതിനാൽ തന്നെ സ്ഥലകാല ഭേദമില്ലാതെ കഥകളെ വായിച്ചെടുക്കുവാനും അതത് കാലത്തെ ചേർത്തുവെക്കാനും സാധിക്കും.
ദേജാ വു എന്ന സമാഹാരത്തിൽ 'പുൽവാമയിലെ രക്തപുഷ്പങ്ങൾ, ശവഭോഗി, പേഷ്വാർ...ഒരോർമ, ശില്പി, ഓക്സിടോസിനുകൾ, ലിമാകോങ് ഒഴുകുന്നില്ല, കനൽപെരുക്കങ്ങൾ, ലൗ ജിഹാദ്, ദേജാവു, ബാലറ്റുപെട്ടിയും ഞാനും, ഒരു മുറൈ വന്ത് പാറായോ, സബ് മറൈൻ എന്നീ പന്ത്രണ്ട് കഥകളാണ് ഉള്ളത്.
തലക്കെട്ടുകൾ തന്നെ കഥകളുടെ വൈവിധ്യമാർന്ന തലങ്ങളെ വിളിച്ചുപറയുന്നുണ്ട്.
അതിർത്തിയിലെ പട്ടാള ജീവിതത്തിന്റെ പ്രണയ നൊമ്പരം തീവ്രമായി ആവിഷ്കരിക്കുന്നതാണ് 'പുൽവാമയിലെ രക്തപുഷ്പങ്ങൾ' എന്ന കഥ. "ഭാരതീയമായ ഏതൊരാളുടെ മനസ്സിലും അത്യാഘാതം ഏൽപിച്ച ആ വാർത്ത അഥീനയെ പോലെ ഒരു മിലിറ്ററി നഴ്‌സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഘനീഭവിച്ച ഐസ്‌കട്ടകൾ നെഞ്ചിലേക്ക് ഭാരമെറിയാൻ തുടങ്ങി. ഒരു കാരമുള്ളിന്റെ കഠിന്യത്തോടെ കണ്ണുകൾ ഉറക്കെ അടച്ചു തുറന്ന്, ഒരു ഫെയ്‌സ് മാസ്‌ക് എടുത്ത് വച്ച്, വലിയ ബഹളത്തിനിടയിലൂടെ കൊണ്ട് വരുന്ന സ്‌ട്രെക്ച്ചറിനടുത്തേക്ക് നീങ്ങി..."
ചോര ചിതറിയ ഭൂമികയിൽ ശരീരങ്ങൾക്കൊപ്പം ചിതറിയ പ്രണയവും അതിർത്തികളിൽ പിടയുന്ന ജീവനുകളും അതിന്റെ രാഷ്ട്രീയതും ഒക്കെ ചേർത്തുവെച്ചുള്ള കഥയിൽ തീവ്രമായ നൊമ്പരം അനുഭവിക്കാനാവും.
'ശവഭോഗി' എന്ന കഥയിലെ വേലുച്ചാമിയുടെ സിരകളെ ഉണർത്തുന്ന എംബാംമിംഗ് ഫ്ലൂയിഡ് ഗന്ധം വായനക്കാരെ ഞട്ടിപ്പിക്കുന്നു. മോർച്ചറിയുടെ നിഗൂഢതകൾ അപരിചിതമായ അന്വേഷണ സ്ഥലമാണ് എന്നാൽ ഈ കഥയിൽ ഓരോ മരണവും പറയുന്ന വ്യെത്യസ്തമായ കഥകളിലൂടെ ഒരു മനോ വൈകൃതത്തെ തുറന്നെഴുതിയപ്പോൾ "ആത്മാക്കൾ തേങ്ങിക്കരയാറുണ്ടോ? ഉറക്കെ പൊട്ടിച്ചി റിക്കാറുണ്ടോ? വികാരങ്ങൾ ബാക്കി നിൽക്കാറുണ്ടോ?" ഈ ആദ്യ വാചകങ്ങൾ നമ്മളിൽ ആഴത്തിൽ തുളച്ചു കയറും, തൂങ്ങിമരിച്ചയാളിന്റെ കഴുത്തിലെ നീല ഞരമ്പ് തലോടുന്ന വേലുച്ചാമിയുടെ കഥ മലയാളത്തിലെ അപൂർവമായ ആഖ്യാനമാണ്.
കടൽ, പ്രണയം എന്നിവയിലൂടെ സഞ്ചരിച്ചു രണ്ടുപേരുടെ സ്വവർഗ്ഗനുരാഗരതിയുടെ കഥയാണ് 'സബ്മറൈൻ' പറയുന്നത് എങ്കിലും, മനശാസ്ത്രപരമായ ഒരാഖ്യാന ശൈലികൂടി വായിച്ചെടുക്കാം. സമുദ്രയും അതിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന മുങ്ങികപ്പലും മനുഷ്യ മനസിന്റെ താളവും ഓളങ്ങളും വൈകാരികതയും അതിലെ അത്ഭുതങ്ങളും നിറഞ്ഞ കഥ.
"രണ്ടു മാസത്തോളമായി ഭൂമിയിലെ കാറ്റും കോളും മഴയും നിറഞ്ഞ ഈ സുന്ദര ജീവിതം എന്തെന്നനുഭവിച്ചറിയാതെ, പവിഴപ്പറ്റുകളും ഡോൾഫിനുകളും പാഞ്ചിയോ ഭുജിയോ പോലുള്ള കുഞ്ഞൻ മത്സ്യങ്ങളും നിറഞ്ഞ ജലനിരപ്പുകളിൽ ഒരു ഭീമൻ നീലതിമിംഗലരൂപം പൂണ്ട് മനുഷ്യേകാന്തവാസത്തിലായിരുന്നു, കാൽവരി. ഈ രണ്ടു മാസവും ലോകം മുഴുവൻ ജീവിതപശ്‌നങ്ങൾക്കു മേൽ ഉഴുതുമറിയുമ്പോൾ മണ്ണെന്തെന്നുമറിയാതെ ഒരുകൂട്ടർ. കടലിനടിയിൽ പവിഴപ്പുറ്റുകൾ തീർത്ത വസന്തത്തിലേക്ക് ആഴ്നിറങ്ങുന്ന പ്രണയജോഡികൾ. സബ്മറൈൻ എന്ന കഥ ചെന്നെത്തുന്ന അപരിചിത ഇടമൊരു അത്ഭുതമാണ്.
ദേജാ വുവിൽ നിന്നും പ്രാണദ്യൂതം എന്ന സമാഹാരത്തിൽ എത്തുമ്പോൾ എഴുത്തിനൊപ്പം കാത്തുവെച്ച നിഗൂഡയെ കുറച്ചൊക്കെ കുടഞ്ഞു കളഞ്ഞതായി തോന്നും. കൊറോണ മഹാമാരിയുടെ കറുത്ത വർത്തമാന കാലത്തെ കൂടി ചില കഥകളിൽ കടന്നുവരുന്നുണ്ട്. പതിനാറ് കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. അമേയ വേഴ്‌സസ് അമേയ@കൊറോണ.കോം എന്ന സമാഹാരത്തിലെ ആദ്യകഥ മുതൽ ഉയിർപേച്ച് എന്ന അവസാന കഥ വരെ ഓരോ കഥകളും വേറിട്ടു നില്ക്കുന്നു.
'ആറാം വിരൽ - ഒരു അഘോരദർശനം' എന്ന കഥയിലെ ഹരീന്ദ്രൻ എത്തിപ്പെടുന്ന അവസ്‌ഥയിലൂടെ പലതും പറയുന്നു.
ഹരി പിന്നീട് ഹരീന്ദ്രനായി ആഘോരിയുടെ രൂപമാറ്റം ആഘോരികളുടെ ജീവിതങ്ങളും അടങ്ങിയ അപരിചിത ദേശങ്ങളിലൂടെ സഞ്ചരിക്കുന്നു. ഏതു വേഷത്തിലും വിഷ്ണുവിന് ഹരിയെ തിരിച്ചറിയാം എന്നാൽ
"ഒരക്ഷരം പോലും ഉരിയിടാതെ സ്വാമി, മഞ്ഞുമലകൾക്കിടയിലൂടെ തെന്നിതെന്നിപ്പോകുന്ന കഴുതക്കൂട്ടങ്ങളെ നോക്കി നിസ്സംഗനായി ഇരിക്കുന്നത് കണ്ട് വിഷ്ണു അമ്പരന്നു. ഇങ്ങനെയുണ്ടോ മനുഷ്യർ...? വിഷ്ണു ചിന്തിച്ചു" ആറാം വിരൽ ഒരു അടയാളം മാത്രമല്ല. ആറാം വിരൽ ഒരു അഘോരദർശനം എന്ന കഥ ആഖ്യാനം കൊണ്ടും വെത്യസ്തമാകുന്നു.
'ഉയിർപേച്ച് എന്ന കഥയിൽ സർപ്പദംശനമേറ്റ് മരിച്ച പെണ്കുട്ടിയെ ഭോഗിക്കേണ്ടി വന്ന വിചിത്ര ആചാരത്തിൽ മനം നൊന്ത് നാട് വിട്ട യദു കൃഷ്‌ണൻ പിന്നീട് ആ പെണ്കുട്ടിയെ ഒരു പൂക്കാരിയിൽ ദർശിക്കേണ്ടി വരുമ്പോൾ.. ജി അരവിന്ദന്റെ ചിദംബരത്തിൽ ഭരത് ഗോപി സ്മിതാ പാട്ടീലിനെ കണ്ടുമുട്ടുന്ന രംഗമാണ് ഉള്ളിൽ വന്നത്.
പ്രാണദ്യൂതം എന്ന കഥയുടെ വിഷയത്തിൽ അത്ര പുതുമ തോന്നില്ല എങ്കിലും അതിന്റെ ആഖ്യാനത്തിന്റെ പുതുമകൊണ്ട് ഉത്സാഹത്തോടെയുള്ള വായനാസുഖം നൽകുന്നു. ലോകം ഉള്ള കാലത്തോളം ഇങ്ങനെ ഡോ:ജാൻ വില്യം പോലുള്ള സീരിയൽ കില്ലർമാരുടെ കഥകളും സിനിമകളും ഉണ്ടായിക്കൊണ്ടിരിക്കും.
അമേയ വേഴ്‌സസ് അമേയ @ കൊറോhttp://xn--pwc.com/ എന്ന കഥ ഒന്നര കൊല്ലത്തിലധിമായി ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരേ പേരുള്ള രണ്ടു രാജ്യക്കാരായ രണ്ടു സ്‌ത്രീകൾ അമേയ ലോറൻസ്, അമേയ രാമൻ ഒരു കപ്പലിൽ എത്തിപ്പെടുന്നതിൽ തുടങ്ങി രോഗം ഉണ്ടാക്കിയ വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ അവസ്‌ഥകളെ അവതരിപ്പിക്കുന്നു. ഈ സമാഹാരത്തിലെ മികച്ച കഥകളിൽ ഒന്നാണിത്.
ഇങ്ങനെ ശ്രദ്ധേയമായ 16 കഥകളുടെ സമാഹാരമാണ് പ്രാണദ്യൂതം.
ജോജിത വിനീഷിന്റെ എഴുത്തിനെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സക്കറിയ ഇങ്ങനെ പറയുന്നു.
"സ്ത്രീ സഹജം എന്ന് വിവരിക്കപ്പെടുന്ന പരമ്പരാഗത മുഖംമൂടികൾ മാറ്റിവെച്ചുകൊണ്ട് പാമ്പരാഗതമായി വിലക്കപ്പെട്ട മേഖലകളെ അവ അഭിസംബോധന ചെയ്യുന്നു. സാഹിത്യത്തിന്റെ വളർച്ചയെ സംബന്ധിച്ചിടത്തോളം ഈ അതിർത്തി ലംഘനങ്ങൾ പ്രധാനമാണ്. കാരണം ഇത്തരം വിലക്കുകൾ അതിലംഘിക്കപെടുമ്പോൾ സാഹിത്യത്തിന് വളർച്ചയുടെ മറ്റൊരു പാത തുറക്കപ്പെടുന്നു."
സക്കറിയ യുടെ ഈ വാക്കുകൾ ശരിവെക്കുന്ന കഥകളാണ് ദേജാ വു, പ്രാണദ്യൂതം എന്നീ സമാഹാരങ്ങളിൽ ഉള്ളത്.
No comments:
Post a Comment