Wednesday, 8 July 2020

ഇതിഹാസത്തിലെ ട്രോജൻ കുതിര


ചിത്ര പരിചയം

ജിയോവന്നി ഡൊമെനിക്കോ ടിപോളോ യുടെ (Giovanni Domenico Tiepolo) പ്രശസ്തമായ ചിത്രമാണ് ട്രോയിയിലെ ട്രോജൻ കുതിരയുടെ ഘോഷയാത്ര. 1760കളിലാണ് ഈ ചിത്രം വരച്ചത്. ഒരു വലിയ തടി കുതിരയെ തങ്ങളുടെ നഗരത്തിലേക്ക് വലിച്ചിടുമ്പോൾ അത് ദേവന്മാരുടെ സമ്മാനമാണെന്ന് വിശ്വസിച്ച് ട്രോജന്മാർ സന്തോഷിക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ ഒരു കൂട്ടം ഗ്രീക്ക് പട്ടാളക്കാരെ അതിന്റെ മറവിൽ ഒളിയയ്ക്കുന്നു എന്ന തന്ത്രം കൂടിയായിരുന്നു. ഈ വലിയ ട്രോജൻ കുതിര നഗരത്തിൽ പ്രവേശിച്ചാൽ അതൊരു ദുരന്തമാകുമെന്നു പ്രവചിച്ചതിന് ട്രോയ് രാജാവിന്റെ മകളായ കസാന്ദ്രയെ അറസ്റ്റ് ചെയ്യുന്നു. കുതിരയുടെ മറവിൽ ഗ്രീക്ക് പട്ടാളം കടന്നുകയറി ട്രോയിയുടെ നിയന്ത്രണമേറ്റെടുക്കും എന്ന ഭയമായിരുന്നു രാജകുമാരിക്ക്. പക്ഷെ അതുതന്നെ സംഭവിച്ചു. ഒരു ഇതിഹാസ കഥയെ കാൻവാസിലേക്ക് പകർത്തുമ്പോൾ ടിപോളോയുടെ സൂക്ഷ്മത നോക്കൂ. അങ്ങകലെ ട്രോയ് നഗരത്തിന്റെ ഉയർന്ന മതിലുകളും കുത്തനെ കുറയുന്ന സ്ഥലവും ചിത്രത്തിൽ വ്യെക്തമായി കാണാം അതിന്റെ ദൂരവും എല്ലാമറിയാം ഒപ്പം തന്നെ ട്രോജന് കുതിരയെ ഉന്തികൊണ്ടുപോകുന്ന മനുഷ്യരുടെ പേശികളും പ്രവർത്തനത്തിന്റെ ശക്തിയും വെക്തം.
റോമിലെ പുരാതന കെട്ടിടങ്ങളെയും കോട്ടകളെയും അടിസ്ഥാനമാക്കിയാണ് ടൈപോളോ ഈ പെയിന്റിങ് ചെയ്തിട്ടുള്ളത്.


Tuesday, 7 July 2020

കോവിഡും പ്രവാസികളുടെ പിടയുന്ന മനസ്സും

ലേഖനം

കൊറോണാനന്തരം ലോകം നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ഒട്ടേറെ  ചർച്ചകൾ നടന്നു കഴിഞ്ഞു. സ്ലാവോജ് സിസെക്കിന്റെ നിരീക്ഷണത്തിൽ 'മുതലാളിത്തത്തിന്റെ അവസാനം' എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ അത്തരമൊരു മാറ്റത്തിലേക് ലോകം പോകുന്നതിന് മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയവരും പ്രവാസികളും ആയവരിൽ ഉണ്ടാകുന്ന അല്ലെങ്കിൽ അവരിലേക്ക് ഉണ്ടാക്കിയെടുക്കുന്ന മാനസിക വിഭ്രാന്തിയെ കുറിച്ച്  സമഗ്രമായ പഠനം നടത്തേണ്ട സമയമാണിത്. അപ്രതീക്ഷിതമായ ഈ കോവിഡ് കാലം എല്ലാവരിലും ഒരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമങ്ങനെയായിരിക്കും എന്ന പ്രവചനം അസാധ്യമാണ് എങ്കിലും സാധാരണക്കാരായ ജനങ്ങളിലും ദരിദ്രജനപക്ഷത്തും ഉണ്ടാക്കിയ ഭീതിയും തളർച്ചയും ഒരു യാഥാർഥ്യമാണ്‌. മൂലധന ശക്തികളുടെ അത്യാഗ്രഹത്തിന്റെ ഭാരം പേറികൊണ്ടിരുന്ന ജനങ്ങൾക്ക് മീതെ കൊറോണയുണ്ടാക്കിയ  പ്രത്യാഘാതത്തിന്റെ ആഴം വളരെ വലുതാണ്.
നഗ്നമായ  ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള
തകർച്ചയുടെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം തന്നെ തൊഴിൽ നഷ്ടപ്പെട്ടു.
ജീവിക്കാൻ പെടാപ്പാട് പെടുന്ന വലിയൊരു ജനപക്ഷം ഇന്ത്യയിൽ ഉണ്ട്. കൂടാതെ കാര്യമായ നീക്കിയിരിപ്പ് ഇല്ലാത്ത ലക്ഷക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നു. വിനാശകരമായ  ഈ വൈറസ് ഉണ്ടാക്കിയ  ദുരന്താവസ്ഥക്കിടയിൽ അതത് ഭരണകൂടങ്ങൾ അവരുടെ അധികാരമുറപ്പിക്കാൻ കോർപറേറ്റ് പിന്തുണ തേടി പോകുന്നു. ഈ ദുരന്ത കാലത്ത്  ദിവസങ്ങളായി തുടരുന്ന ഇന്ധനവില വർദ്ധനവ് കോർപ്പറേറ്റുകൾക്ക് സഹായമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്നു. കോവിഡ് മരണം കൂടുന്നു.. ഇതാണ് സമകാലിക അവസ്‌ഥ.
ജീവിതത്തിന്റെ വലിയൊരു ഭാഗം പുറംലോകത്ത് മറ്റൊരു സാഹചര്യത്തിനോട് പൊരുതി ജീവിച്ചു ശീലിച്ച പ്രവാസികളുടെ  തിരിച്ചു വരവിൽ  അവരിൽ ഈ പ്രത്യേക സാഹചര്യത്തിൽ  ഉണ്ടാകുന്ന മാനസികാവസ്ഥ തിരിച്ചറിയപ്പെടുമോ എന്നത് പ്രധാന പ്രശ്നമാണ്. കോവിഡിന് മുമ്പ് പോലും തിരിച്ചു വരുന്ന പ്രവാസികളോട്  കുടുംബം മുതൽ ഗവണ്മെന്റ് വരെ അവഗണിക്കുന്നു എന്ന പരാതി പലതവണ നമ്മൾ കേട്ടതാണ്. അപ്പോൾ കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യമോ വിഷാദമോ എങ്ങനെയായിരിക്കും പ്രവാസികളെ ബാധിക്കുക?. മഹാമാരിയുടെ അരാജകത്വം ഉണ്ടാക്കുന്ന അവസ്ഥയിൽ തിരിച്ചു വരുന്ന പ്രവാസികളോടുള്ള സമീപനം എന്തായിരിക്കും.?
അല്ലെങ്കിൽ തന്നെ ഇതിനകം  ചരിത്രം കരുണ കാട്ടാതെ പോയ ഒരു വിഭാഗമാണ് പ്രവാസികൾ. സമ്പത്ത് ഇരട്ടിപ്പിക്കാൻ പോയവരെന്ന നാട്ടു പറച്ചിലിന് ആ അവഗണനയുടെ ഉപ്പുണ്ട്. ആ പശ്ചാത്തലത്തെ കുറച്ചൊക്കെ മാറ്റിയിരുന്നത് കുടുംബത്തിനായാലും നാടിനായാലും പ്രവാസികൾ പ്രത്യേകിച്ച് ഗൾഫ് മേഖലയിലുള്ള പ്രവാസികൾ നൽകി വരുന്ന സാമ്പത്തിക പിന്തുണയായിരുന്നു. ഒന്നര ലക്ഷം യുജിസി സ്കെയിലിൽ ശമ്പളം വാങ്ങികുന്ന സഹോദരൻ 50000 രൂപ നൽകിയാൽ അത് മഹാ മനസ്കസ്തയും വലിയ സഹായവും ആകുമ്പോൾ, 1500 ദിർഹം (അതായത്
ശരാശരി 30000 ഇന്ത്യൻ രൂപ) രണ്ടു ലക്ഷം കൊടുത്താലും മതിവരാത്ത കുടുംബം മുതൽ ഭരണകൂടം വരെ ഇന്നലെ വരെ ഉണ്ടായിരുന്ന ഒരിടത്തേക്കാണ് ഈ പ്രവാസി തിരിച്ചു വരുന്നത്.
എങ്ങനെ സ്വീകരിക്കും എന്ന ആകുലത ഓരോ പ്രവാസിയിലും ഉണ്ട്.
"ഈ കൊടുങ്കാറ്റ് കടന്നുപോകും. എന്നാൽ ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകൾ വരും വർഷങ്ങളിൽ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും" എന്ന യുവാൻ ഹാരാരിയുടെ അഭിപ്രായം ഇവിടെയും പ്രസക്തമാണ്. പ്രവാസികളോട് കുടുംബവും സമൂഹവും സർക്കാരും എടുക്കുന്ന സമീപനം പോലെയിരിക്കും തിരിച്ചെത്തുന്ന പ്രവാസികളുടെ ഭാവി.  കൊടുങ്കാറ്റിന് ശേഷം വിഷാദരോഗികളുടെ
ഒരു ഭൂപടം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ ആവശ്യമാണ്.
മനുഷ്യരാശി ഇപ്പോൾ നേരിടുന്ന ആഗോള പ്രതിസന്ധിക്കൊപ്പം 
 ഒരുപക്ഷേ കേരളം പോലുള്ള സംസ്ഥാനത്തെ ജനങ്ങളും പ്രവാസികളും  നേരിടുന്ന 
ഏറ്റവും വലിയ പ്രതിസന്ധി ഈ മനസികാവസ്ഥയായിരിക്കും.
വലിയ തോതിലുള്ള സാമൂഹിക പരീക്ഷണങ്ങളിലെ ഗിനിപന്നികളെപോലെ  പ്രവാസികൾ ഇരകളാകുന്ന ആവർത്തനം കാലങ്ങളായി തുടരുന്നു. ഒരുപക്ഷേ ഇതിനൊന്നും ഇടനല്കാതെ സ്വയം ഇല്ലാതായി കൊണ്ടിരിക്കുന്നവർ കൂടിവരികയാണ്. ഒപ്പം ഈ മഹാമാരി ആഴത്തിൽ മാനസികമായി മുറിവേല്പിച്ച പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചുകഴിഞ്ഞു. വിഷാദ രോഗത്താൽ പലരും ജീവിതം കൈവിട്ട അവസ്‌ഥയിൽ ആയിക്കഴിഞ്ഞു. ഈ മനസികാവസ്ഥ ഇനി തന്റെ കുടുംബവും നാടും തിരിച്ചറിയാതെ പോയാൽ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും. കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ
പോരാട്ടത്തിൽ നിരവധിപേര് രംഗത്തുണ്ട്.  സർക്കാരുകൾ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പോലീസ്.... ഇങ്ങനെ സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവർ ഉണ്ട്. അത്രതന്നെ വിദേശത്തും മലയാളികളായ സന്നദ്ധ പ്രവർത്തകർ സ്വന്തം ജീവൻ നോക്കാതെ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. പക്ഷെ അക്കാര്യത്തെ വേണ്ടവിധത്തിൽ അവരുടെ പ്രവർത്തനത്തെ അടയാളപ്പെടുത്തിയോ? 
 ഇതിനകം മുന്നൂറോളം മലയാളികൾ വിദേശത്തു നിന്നും ഈ ലോകത്തോട് വിടപറഞ്ഞു കഴിഞ്ഞു. എന്നാൽ ആ മരണങ്ങൾ വേണ്ട വിധത്തിൽ തിരിച്ചറിഞ്ഞോ?  സ്വന്തം നാട്ടിൽ പോലുമെത്താതെ ഈ മരുഭൂവിൽ മണൽത്തരിയായി  മാറേണ്ടി വരുമോ എന്ന ഭീതിയിൽ കഴിയുന്ന വലിയൊരു കൂട്ടം ഗൾഫ് മേഖലയിൽ ഉണ്ട് എന്നും ഇതിനോട് ചേർത്തു വായിക്കണം. ഈ ഒരു മാനസികാവസ്ഥ തിരിച്ചറിയപ്പെടുക തന്നെ വേണം. ഒപ്പം പ്രതിസന്ധി സമയത്താണ് പരിഹാരം ഉണ്ടാവേണ്ടത്. അത് അവകാശമാണ്. ജോലി തേടി നാടുവിട്ടു  എന്നത് കൊണ്ട് ഇന്ത്യക്കാരൻ അല്ലാതാകുന്നില്ല എന്ന് ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നർ തിരിച്ചറിയണം.
_____


കണ്ണാടി ഓൺലൈൻ  മാഗസിനിൽ 3/7/2020 
http://kannadimagazine.com/article/1504

Sunday, 5 April 2020

ലൈഫ് പോർട്രെയ്റ്റ് (കവിത)



വാൻഗോഗ്,
ഹെമിങ്‌വേ,
കൃഷ്ണകുമാർ,
സുബ്രഹ്മണ്യദാസ്,
ഗുഹൻ,
രാജലക്ഷ്മി.... 
പിന്നെയും എത്രയോ പേർ.

കണ്ണടച്ചു തുറക്കുമ്പോൾ 
ഇവർ മാടി വിളിക്കുന്ന 
മിന്നൽ ചിത്രങ്ങൾ.

വാൻഗോഗ്  ചെവി മുറിച്ച
രക്തംകൊണ്ടു ചുവന്ന 
സൂര്യകാന്തി വരയ്ക്കുന്നു.

ഹെമിങ്‌വേ കടൽ 
തീരത്ത് തോക്കുമായി 
അലറിവിളിച്ചു പായുന്നു.
കൃഷ്ണകുമാർ 
ശില്പത്തിനു തീകൊടുത്ത്
കത്തുന്ന കണ്ണുകളോടെ
നോക്കി നിൽക്കുന്നു.

സുബ്രഹ്മണ്യദാസ് 
തോറ്റ ജനതയെ നോക്കി 
ഓറഞ്ചു മരച്ചോട്ടിൽ
നിൽക്കുന്നു.

ഗുഹൻ
കവിതയിലെ കത്തുന്ന 
അക്ഷരങ്ങൾ തിരയുന്നു.

രാജലക്ഷ്മി
കഥയിലെ ജീവിതത്തെ
ബാക്കിവെച്ച്  ആകാശം തേടുന്നു.

ഏതേതു വഴിയിലൂടെ
പോയാലും
എത്തിച്ചേരുന്ന വഴികളൊന്ന്.

‘ഇല്ലായ്മയുടെ ആശയ’ത്തോടുള്ള
വന്ധ്യമായ പോരാട്ടമല്ലെന്നു'* 
ജീവിതം കൊണ്ടു പറഞ്ഞിട്ടും 
എത്രപേർ വിശ്വസിച്ചു?.

തോറ്റു പോയതല്ലെന്നു
പറയാൻ ശ്രമിച്ചതൊക്കെ
പാഴ്മൊഴിയായി.

വാക്കുകൾ 
കാറ്റിൽ പറന്നുപോയി,
ചിതറിയ കവിതയിൽ
ജീവിതം പിറക്കുന്നു.

മുറിച്ച ചെവി കയ്യിൽ 
കിടന്നു പിടയുന്നു.

കൈത്തോക്ക് നെറ്റിക്കു 
നേരെ നോക്കി ചിരിക്കുന്നു.

ശില്പത്തിന്റെ അസ്ഥിയിൽ
ചോരത്തുള്ളികൾ.

വിലങ്ങു വീണ 
കൈകളിൽ കിടന്നു 
പിടയുന്ന മുദ്രാവാക്യം.

കവിതയിൽ 
പിടയുന്ന ജീവൻ.

കഥയിലെ കടലിൽ 
മുങ്ങി മരിച്ച ജീവിതം.

എൻറെയലച്ചിൽ മാത്രമെന്തേ 
ഒരു നിറത്തിലും
വരക്കാനാവാതെ
വെറും മിന്നൽ 
ചിത്രം മാത്രമായി
ബാക്കിയാവുന്നു.
.......................
*ഒട്ടോ റെനോ കാസ്റ്റില്ലോയുടെ കവിതയിലെ വരികൾ
__________________________________________
Published by Siraj Njayarazhcha 05/april/2020

ചുറ്റും ? (കവിത)


റുത്തു പോകുന്നു ചുറ്റും...
നിസ്സാഹയതയുടെ
ഒച്ചവെയ്ക്കാനാവാത്ത
കരച്ചിൽ.

കണ്ണീരിറ്റി
മറ്റൊയൊരാൾക്ക്
പടരാതിരിക്കാൻ
തുള്ളികൾ
തിരിച്ചെടുത്ത്
വരണ്ടു കരയുന്ന
കണ്ണുകൾ.

കരച്ചിലൊന്നും
പുറത്തറിയാതിരിക്കട്ടേയെന്ന
കരുതലുള്ള
സങ്കടം.

ചില്ലുജാലകത്തിനപ്പുറം
ദൂരക്കാഴ്ചയിൽ
ഒതുങ്ങുന്ന
നോട്ടങ്ങൾ.

ചില്ല് മുറിച്ചു കടക്കുന്ന
ഫിൽറ്റർ ചെയ്ത സ്നേഹം.

ദൂരെയല്ലാതെ
കാത്തുനിൽക്കുന്ന
മരണം.

ദുസ്സഹമായ
ഈ കാത്തിരിപ്പുണ്ടല്ലോ..

എല്ലായിടത്തേക്കും
ഒരു നൂൽപ്പാലം പണിത്
നടന്നോളൂ
എന്നുപറയുന്ന
ആ അവസ്‌ഥയുണ്ടല്ലോ...

കാത്തിരിപ്പിന്റെ
ആ കറുത്ത ചിരി
കാണാനും
കേൾക്കാനും
വയ്യ.

ചുറ്റും കറുത്തു പോകുന്നു.
_______

അച്ഛന്റെ ജീവിതം തിരയുന്ന കുട്ടി (സിനിമ)

സിനിമ

El Sur (The* South) സ്പാനിഷ്
സംവിധാനം: വിക്റ്റർ എറിസ് (Victor Erice)

സ്പാനിഷ് സംവിധായകൻ വിക്റ്റർ എറിസി (Victor Erice) സിനിമയാണ് ദി സൗത്ത് (El Sur). ഇതിനകം തന്നെ The Spirit of the Beehive (El espíritu de la colmena),എന്ന സിനിമയിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം ഓരോ സിനിമകൾക്കിടയിലും പത്തു വർഷത്തെ ഇടവേളയുണ്ട് The Spirit of the Beehive ഇറങ്ങുന്നത് 1973ലാണ് അതിനു ശേഷം ഈ സിനിമ വരുന്നത് 1983ലും മൂന്നാമത്തെ സിനിമ El Sol del Membrillo (The Quince Tree Sun) ഇറങ്ങുന്നത് 1992ലും Adelaida García Moralesയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് വിക്ടർ എറിസ് ദി സൗത്ത് എന്ന സിനിമ ചെയ്തത്. ഫാന്റസിപോലെയാണ് കഥപറയാൻ ഉപയോഗിച്ച ആഖ്യാനരീതി സ്‌പെയിനിന്റെ വടക്കൻ ഭാഗത്ത് താമസിക്കുന്ന എസ്‌ട്രെല്ല എന്ന എട്ടുവയസുകാരിയുടെ മാനസിക വിചാരങ്ങളിലൂടെ കഥ പറയുന്നത്. തന്റെ അച്ഛന്റെ നിഗൂഢമായ ഒരു ലോകത്തെ മനസിലാക്കാനും തെക്കുഭാഗം ഇത്തരം നിഗൂഢതകളാൽ നിറഞ്ഞതാണ് എന്നും അതിനെ കുറിച്ചുണ് അന്വേഷണവും എന്നാൽ പിതാവിന് അവിടെ ഒരു കാമുകിയുണ്ടെന്നും അവരുമായി കടുത്ത പ്രണയത്തിലുമാണ് എന്നുമവൾ മനസിലാകുന്നു ഒരു രാജ്യത്തിൻറെ തെന്നെ രണ്ടു ഭാഗങ്ങളിൽ ഉള്ള വ്യത്യസ്തമായ കാര്യങ്ങളിലൂടെ സിനിമ നന്നായി മുന്നോട്ട് പോകുന്നു എസ്‌ട്രെല്ല യുടെ വേഷത്തിൽ അഭിനയിച്ച എട്ടുവയസുകാരി Sonsoles Aranguren ഉം മുതിർന്ന എസ്‌ട്രെല്ലയായി വേഷമിട്ട Icíar Bollaín (ഇവർ അറിയപ്പെടുന്ന നടിയും സംവിധായികയുമാണ്) ഇവരുടെ അച്ഛനായി വേഷമിട്ട Omero Antonuttiവും വികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

ഓർമ്മകളുടെ നനവുള്ള കഥകൾ

(അഹ്മദ് മുഈനുദ്ദീന്റെ *ഒടുവിൽ ബാക്കിയാകുന്നത്* എന്ന കഥാ സമാഹാരത്തിന്റെ വായനാനുഭവം)

അഹ്മദ് മുഈനുദ്ദീന്റെ കഥകൾ അതി തീക്ഷ്ണമായ ഓർമകളുടെ ശേഷിപ്പുകൾ ആണ്. *"ഓർമ്മകളാണ് കാലത്തേയും ചരിത്രത്തേയും നനവുള്ളതാക്കി മാറ്റുന്നതും പച്ചപ്പുകൾക്ക് ഇടമൊരുക്കുന്നതും"* അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രൻ അഹ്മദ് മുഈനുദ്ദീന്റെ കഥകളെ കുറിച്ചും കഥയിലെ മനുഷ്യ ബന്ധങ്ങളെ കുറിച്ചും വിശദമായി പറയുന്നുണ്ട്. ഓർമകളുടെ  നനവുള്ള 17 ചെറിയ കഥകളാണ് ഈ സമാഹാരത്തിലുളളത്.

മലയാളിയുടെ ആത്മബോധത്തെ ആഗോളമാനത്തിൽ അടയാളപ്പെടുത്തുന്ന ആഖ്യാന രീതി ചെറിയ ഒരു കഥയാണ് *ചക്കമണം* മലയാളിയുടെ ജീവിതങ്ങളെ സ്വാധീനിച്ച മരമാണ് പ്ലാവ്. ഗൃഹാതുരത്വത്തോടെ ചക്കയെ കുറിച്ചോർക്കാത്ത ഒരു മലയാളിയും ഉണ്ടാകാനിടയില്ല. എന്നാൽ വന്മാരാമെന്ന കാരണത്താലും ഏറ്റവും നന്നായി ഉപയിഗിക്കാൻ പാകത്തിലുള്ള തടിയെന്ന തിനാലും മലയാള മണ്ണിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന മരമാണ് പ്ലാവ്. വീടുപണി എന്ന ചിന്ത ഉണ്ടാവുമ്പോൾ തന്നെ കണ്ണുകൾ ആദ്യം പതിയുക പറമ്പിലെ പ്ലാവിലായിരിക്കും. ചക്കമണം എന്ന കഥ തുടങ്ങുന്നത് തന്നെ ഈ വിഷയത്തോടെയാണ്. 
 *"വീട് പണിക്കാവശ്യമായ  മരം പുറത്ത് നിന്ന് വങ്ങേണ്ടിവരില്ലെന്ന് ഏട്ടൻ പറഞ്ഞപ്പോഴേ ഞാൻ തടഞ്ഞു. വേണ്ട തെക്കേ മുറ്റത്തെ വരിയ്ക്കപ്ലാവ് മുറിക്കേണ്ട. ഇവന്റെ പ്രാന്ത് ഇപ്പോഴും മാറീട്ടില്ലെന്ന് ഏടത്തിയോട് മുരുമുരുക്കുന്നത് ഞാനും കേട്ടു."* ശരാശരി മലയാളിയുടെ ചിന്തയിൽ നിന്നും ഉയരുന്നതാണ് തന്റെ ജേഷ്ഠനിൽ നിന്നും അയാൾ കേട്ടത്. എന്നാൽ അയാളിൽ പ്ലാവ് ഒരു മരം മാത്രമല്ല *"വൈക്കപ്ലാവിന്റെ സമൃദ്ധിയിൽ മാത്രം ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഏട്ടൻ മറന്നതാവില്ല. പച്ചപ്പില്ലാത്ത ഓർമ്മകളായത്കൊണ്ട് പിന്തിരിഞ്ഞ് നോക്കാത്തതാവാം."*
നാടിവിട്ടു മറ്റു രാജങ്ങളിലെ വൈവിധ്യമാർന്ന പഴങ്ങൾ കഴിക്കുമ്പോളും അയാളിൽ പ്ലാവ് നൽകിയ വിശപ്പിന്റെ ആശ്വാസം പിടക്കുന്നുണ്ട്
 *"ഇവിടെ വന്നതിനുശേഷം ഏതെല്ലാം രാജ്യങ്ങളിലെ പഴങ്ങള്‍ കഴിക്കാൻ അവസരമുണ്ടായി. എന്നിട്ടും വരിയ്ക്കചക്കയുടെ കടുംമാധുരം നാവിൽ നിന്ന് തേഞ്ഞുപോയിട്ടില്ല. വിശപ്പിന്റെ വേദനയിലാണ്  പ്ലാവ് താങ്ങും തണലുമാകുന്നത്. നെഞ്ചില്‍ അതിനു കാര്ന്നവരുടെ സ്ഥാനമാണ്."* ആൻഡ്രൂ ഫിലിപ്പ് എന്ന ഫ്രഞ്ചു കാരനെ പരിചയപ്പെടുന്നതോടെ ചക്ക എന്നതിന് ഒരു ആഗോളമാനം കൈവരിക്കുന്നു. 
ലളിതമായി പറയുന്ന കഥയുടെ ആഴം വളരെ വലുതാണ്. വിശപ്പിന്റെ കുട്ടിക്കാലവും വർത്തമാനകാലവും കൂട്ടിച്ചേർത്തു കഥ പറയുന്ന ഓർമ്മകളുടെ നനവും ഇന്നിന്റെ യാഥാർഥ്യവും ചേർത്തു വെച്ച മനോഹാരമായ രചന.
 *മഴ* എന്ന കഥ മഴപോലെ നമ്മളിൽ പെയ്തിറങ്ങും. ശരിക്കും പ്രണയമഴ നനഞ്ഞ അനുഭവത്തിലേക്ക് കൊണ്ടുപോകും. 
*"ജനലിലൂടെ തണുത്ത കാറ്റ് വരുന്നു. ഒരു മഴയുടെ തുടക്കമാണ്. ചാറൽ മഴയുടെ സംഗീതം ആദ്യമായ് "കേൾപ്പിച്ച് തന്നത് അപ്പുവാണ്". മഴ നനഞ്ഞു നടക്കുമ്പോൾ അപ്പു കൂടെയുണ്ട്‌. ഇരുട്ട് നാക്ക് നീട്ടിയ ഇടവഴികളിലും  അവന്റെ ശരീരത്തിന്റെ ഗന്ധമുണ്ട്. ഇപ്പോൾ അപ്പുവിനോട് സംസാരിക്കാം, സംവാദിക്കാം, കലാഹിക്കാം"*  മഴ നനഞ്ഞ പ്രണയത്തിന്റെ തീവ്രത കഥയിൽ അറിയാം. അപ്പുവിന്റെ പഴയ കാമുകിയായ റോസ്മേരിയെ അന്വേഷിച്ചു ചെല്ലുന്ന ശ്രീലത കഥയുടെ ആഴവും പ്രണയ തീവ്രതയും കഥയിൽ വായിക്കാം.  

രാഷ്ട്രീയ മുറിപ്പാടുകളുടെ കാലത്തെ ഓർമ്മിപ്പിക്കുന്ന *എഴുപത്കൾകിപുറത്ത്*. കമ്യുണിസ്റ്റ് പച്ചയെന്ന ബിംബത്തെ ചരിത്രത്തോട് ചേർത്തു വെച്ചു രാഷ്ട്രീയം പറയുന്ന *ലെനിൻ കുഞ്ഞഹമ്മദ്*.  തുടങ്ങി പതിനേഴ് കഥകളുടെ ഒടുവിൽ ബാക്കിയാവുന്നത് എന്ന അഹ്മദ് മുഈനുദ്ദീന്റെ കഥാ സമാഹാരം എന്തുകൊണ്ടോ കാര്യമായി ശ്രദ്ധിക്കാതെ പോയി എന്നത് പറയാതെ വയ്യ. മനുഷ്യ ബന്ധങ്ങളുടെ സരളവും തീവ്രവുമായി ആവിഷ്ക്കരിക്കുന്ന കഥകൾ.

അഹ്മദ് മുഈനുദ്ദീൻ


ജീവിതയാഥാർത്ഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകൾ

(എൻ.പി.ഹാഫിസ്മുഹമ്മദിന്റെ  കഥകളിലൂടെ)

*പ്രണയം, പ്രകൃതി, സമുദായം, സമൂഹം* എന്നിങ്ങനെ നാല് ഭാഗങ്ങളായി  തിരിച്ചിട്ടുള്ള  ഇരുപത്തിയഞ്ചു കഥകളുടെ സമാഹാരമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച *ഹാഫിസ്മുഹമ്മദിന്റെ കഥകൾ.* വൈയക്തികവും സമൂഹികവുമായ ജീവിത യാഥാർഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നാലു ഭാഗങ്ങളിലായി ജീവത്തിന്റെ എല്ലാ ഭാഗങ്ങളും സ്പര്ശിക്കുന്നത് കാണാം. *നിറമില്ലാത്ത പൂവ്, പ്രണയസഞ്ചാരം, ചാരനിറത്തിലുള്ള പൂവ്, എക്‌സ് വൈ ആൻഡ് സെഡ്, ചുവന്ന പൂവ്, അസ്റാഈൽ* എന്നിങ്ങനെ ആറു കഥകൾ അടങ്ങിയതാണ് പ്രണയം എന്ന ഭാഗത്തിൽ ഉള്ളത്. വ്യത്യസ്തമായ ഒരാഖ്യാനമാണ് നിറമില്ലാത്ത പൂവ് എന്ന കഥ. അയാളെ പിന്തുടരുന്ന വെളുത്ത് മെലിഞ്ഞ പെണ്കുട്ടി. അയാളെ അവൾ അയാൾ എത്തിപ്പെടുന്ന എവിടെയും കാണുന്നു. അയാളുടെ ഏറ്റവും സ്വാകാര്യ നിമിഷത്തിൽ അവൾ ചെവിയിൽ പറഞ്ഞു "മനസ്സിൽ വിരിഞ്ഞ പൂവുണ്ടല്ലോ, നന്നായിട്ടോ... നല്ല രസണ്ട്"... പ്രണയമൊരു നിറമില്ലാത്ത പൂവായ് അയാളിൽ ഇപ്പഴും പിടയുന്നുണ്ടാകും...

പ്രകൃതി എന്ന ഭാഗത്ത് *കളളപ്പുഴ, അമ്മയിലെത്താതെ, ഏകം, നിശ്ചലം പുഴ, വേവലാതിയുടെ പുഴ, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യവും* എന്നീ കഥകളാണ് ഉള്ളത്.
 ആലിഹസ്സൻകുട്ടിയുടെ കുളത്തിലെ ചെറിയ മീനുകളെ ലക്ഷ്യമാക്കി വരുന്ന സായിപ്പിന്റെ ലക്ഷ്യം ചെറുമീനുകളെ തിന്നുന്ന വലിയ മീനുകളെ പ്രചരിപ്പിക്കുകയാണ്. ഈ കഥ പറയുന്ന രാഷ്ട്രീയം ആഗോളവൽക്കരണ കാലത്തിന്റെ യാഥാർഥ്യങ്ങൾ കൂടിയാണ്. ഗ്രാമീണമായ ചിന്തയിലേക്ക് കമ്പോളവത്കരിക്കപ്പെട്ട ആശങ്ങളെ തിരുകി കയറ്റാൻ എത്തുന്ന സായിപ്പ് ഒരു പ്രതീകമാണ്. മൽസ്യ കൃഷിയിലൂടെ ഗ്രാമങ്ങളിലെ സ്വാഭാവിതയെ തിന്നു തീർക്കുന്ന ചിന്തകളാണ് വലിയ മീനുകളായി വന്നു ചെറിയ മീനുകളെ തിന്നു തീർക്കുക എന്ന സത്യമാണ് ഈ കഥ. പ്രകൃത്യാലുളള സവിശേഷതകളെ തകിടം മറിക്കുന്ന ഇടപെടലുകൾ എന്നും കച്ചവട താൽപര്യത്തിലൂന്നിയായിരുന്നു. കഥ പറയുന്ന രഷ്ട്രീയവും അതുതന്നെ.

സമാഹാരത്തിലെ ഭാഗമായ സമുദായത്തിൽ ഉള്ളത് *പിതൃഭൂമി, സൂര്യനുതാഴേ അനാഥർ, അപ്പാവാണിഭം നേർച്ച, ഈ നില്ക്കുന്ന സ്ത്രീ, യാഗശാല, പച്ചയും കാവിയും* എന്നീ ആറു 
കഥകളാണ്. സമൂഹത്തിലെ വിവിധ ചിത്രങ്ങൾ വായിച്ചെടുക്കാനാവുന്ന വ്യത്യസ്തമായ കഥകൾ. 
സൂര്യനുതാഴേ അനാഥർ എന്ന കഥ തുടങ്ങുന്നത് തന്നെ *"ആകാശത്തോടുരുമ്മിക്കിടക്കുന്ന ഒരു കുന്നിന്റെ നെറുകയിലാണ്‌ അനാഥാലയം. കലാപത്തിന്റെ നാളുകളിൽ മുളപൊട്ടിയ അനാഥത്വം പരിച്ചുനട്ട്, ആർക്കും വേണ്ടാത്തഒരിടം കാരുണ്യത്തിന്റെ കുന്നാക്കിയെടുക്കാൻ പണിത സ്ഥാപനമാണ്. അന്നതിന്, ആഴത്തിൽ ഭൂമി തുരന്ന്‌ കിണർ കുത്തി; ആകാശം തുളച്ച് മിനാരം വെച്ച് പള്ളിയുണ്ടാക്കി. എമ്പാടും മുറികളുള്ള കെട്ടിടം പടച്ച് ഇളം പച്ചച്ചായം പൂശി....."* ഇതൊരു അനാഥാലയത്തിന്റെ കഥ മാത്രമല്ല. സമൂഹത്തിൽ പല്ലിളിച്ചു നിൽക്കുന്ന ചില യാഥാർഥ്യങ്ങളുടെ നേർചിത്രമാണ്. 
നാലാമത്തെ ഭാഗത്തിന് സമൂഹം  എന്നാണ് പേരിട്ടിരിക്കുന്നത്. *പിന്തുടരുന്നത്, കാലഭേതം, ചിഹ്നങ്ങൾ അഗ്നിയുടേത്, പിതൃവേഷം, സൈക്ക്ൾ യജ്ഞം, അത്ഭുതപരിണാമം, ആ നിൽക്കുന്ന സ്ത്രീ* എന്നീ ഏഴു 
കഥകളാണ് ഉള്ളത്. എല്ലാ കാലത്തും സംഭവിക്കാവുന്ന പല സംഭവങ്ങളുടെ വ്യത്യസ്തത ഓരോ കഥകളിലും നിറഞ്ഞു നിൽക്കുന്നു.

 മലയാളത്തിന്റെ ഇക്കാലത്തേയും നല്ല എഴുത്തുകാരിൽ ഒരാളായ എൻപി മുഹമ്മദിന്റെ മകൻ എൻപി ഹാഫിസ് മുഹമ്മദിന്റെ കഥകൾക്കും ജീവിതത്തിന്റെ ആഴവും പരപ്പും ഉള്ള കഥകളാണ്.