Tuesday, 19 September 2017

സ്വപ്നങ്ങളുടെ ഭാരം

കവിത 
ഹിന്ദി പരിഭാഷയും
















(Painting by TMGand)


നിന്നെയോര്ക്കുന്ന
നിമിഷങ്ങളില്
പിറക്കുന്ന
എണ്ണമറ്റ
നിറമാര്ന്ന
സ്വപ്നങ്ങളെ
വഹിച്ചു പറക്കാന്
കഴിയാതെയീ
ചിറകുകളിതാ
തളര്ന്നു പോവുന്നു.


ഭാരം കൊണ്ടാവും
ചില്ലകളോരോന്നും
ഇടംതരാന്
ഭയക്കുന്ന പോലെ.

ചിറകു കുടഞ്ഞു
പറത്തി വിട്ടു
ചിലതൊക്കെ.

മോഹമഴയില്
കുതിര്ന്നു പോയി
പേര് വിളിക്കാത്ത
പലതും.

പായാരം പറഞ്ഞു വന്ന
കാറ്റും
അടര്ത്തി മാറ്റിയിത്തിരി.

വേനലിന്‍ തീഷ്ണതയില്
വെന്തു പോയി
പകുതി കൊരുത്ത

ചിലതൊക്കെ
കടലാഴങ്ങളില്
ഉപേക്ഷിച്ചു.

കനവുകണ്ട ചെടികള്ക്കും
കടം കൊടുത്തു
ഒരു പിടി.

ഇനിയും സ്വപ്ങ്ങള്
ബാക്കിതന്നെ.

സ്വപ്നങ്ങളില്ലാതെ
പറന്നാലോ?
ദിശയറിയാതെ
ശൂന്യതയിലേക്ക്
ഊതിവിട്ട
അപ്പൂപ്പന്‍ താടിയുടെ
അലസത!

ഒടുവില്
തിരിച്ചറിഞ്ഞു.
എത്ര ഭാരമാകിലും
നിന്നെനിറച്ച 
സ്വപ്നങ്ങള്
കൂടെയില്ലെങ്കില്‍ 
 ചിറകുകള്‍ 
നിശ്ചലമെന്ന്.
===========


'സ്വപ്നങ്ങളുടെ ഭാരം' എന്ന കവിത ഹിന്ദി അദ്ധ്യാപികയായ ഡോ: ഷീനുജ ഹുസ്സൈൻ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി ഹിന്ദി ടെക്സ്റ്റ് വായിക്കാം 


सपनों का भार

==========
तुझे याद करती
पलों में उपजती
असंख्य रंगीले 
सपनों को लेकर
उड़ने में असमर्थ
मेरे पंख
थकती जा रही है 
शायद भार
के कारण
मुझे जगह 
देने में
डरती होगी
शाखियाँ 
पंखें छिड़काकर
कुछ सपनों को
उड़ा दिया मैं ने 
मोह की बारिश
में भीग गयी
कुछ बेनाम
सपने I
बकती हुई
आयी हवा भी
अलग कर दिया
कुछ सपनों को I
तपती गर्मी में
जल गयी कुछ  
चंद सपने गिर
पड़े सागर की
गहराइयों में I
पौधों को
भी उधार में
दे गये कुछ l
सपने बाकी है
अब भी 
बिना सपनों के
उड़ जायें तो ?
दिशाहीन
शून्यता में
उड़ी हुई
अलसाई
धूल समान 
अंत में
पहचान लिया 
भार जितना भी हो ,
तुम से भरे सपने
साथ  हो तो
निश्चल हो जाएगी 
मेरी पंखें I


कवि (मलयालम) : फैसल बावा अनुवाद: डॉ. षीनुजा मोल एच. एन

Sunday, 17 September 2017

മുള്ളൊടിഞ്ഞ കള്ളിമുള്‍ചെടികള്‍

അനുഭവക്കുറിപ്പ് 



















"വീടിനെക്കുറിച്ചുള്ള ഒരു നീണ്ട സ്വപ്നമാണ് പ്രവാസം"
                                                                         -: വിക്ടര്‍ ഹ്യൂഗോ

ട്ടകകുഞ്ഞിനെ അതിന്റെ അമ്മയില്‍ നിന്നും അകറ്റുന്ന ഹൃദയഭേദകമായ കാഴ്ച മരുഭൂമിയിലെ ഒട്ടക കൂടുകള്‍ക്കരികില്‍ നിന്നും നമുക്ക്‌ കാണാവുന്നതാണ്. അമ്മയുടെ വാല്‍സല്യം തേടി അടുത്തേക്ക് ഓടിയടുക്കുന്ന കുഞ്ഞിനെ അതിന്റെ അരികില്‍ നിന്നും ആട്ടിപ്പായിച്ചുകൊണ്ട് ബന്ധത്തിന്റെ നേര്‍രേഖ മുറിക്കുന്ന പ്രക്രിയ. വേദനയോടെ ഒട്ടകയമ്മ തന്റെ കുഞ്ഞിനെ തിരിഞ്ഞു നോക്കി നടക്കുമ്പോള്‍ സ്വന്തം കുഞ്ഞുമായുള്ള അകലമാണ് വര്‍ദ്ധിക്കുനതെന്ന് ആ പാവം അറിയാതെ പോകുന്നു. നിരവധി തവണ ഈ പ്രക്രിയ തുടരുന്നതോടെ അമ്മയും കുഞ്ഞും അപരിചിതരായി മാറുന്നു. നാലു മാസക്കാലം മാത്രമേ ഒരമ്മയുടെ ലാളന ലഭിക്കാനുള്ള ഭാഗ്യം ഒട്ടകത്തിനു വിധിച്ചിട്ടുള്ളൂ എന്ന് നമുക്കിതിനെ ലളിതവല്‍ക്കരിക്കാനാകും. ഇതുപോലൊരു വേരറത്തുമാറ്റലിന്റെ വേദന പേറിതന്നെയാണ് ഓരോ പ്രവാസിയും വീടുവിട്ടിറങ്ങുന്നത്.


ഇശാ ബാങ്ക് വിളിയുടെ പശ്ചാത്തലത്തില്‍ ആണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. നിരവധി യാത്രകള്‍ക്ക് ഒടുവില്‍ വിദേശത്തേക്ക് വിസയും മടക്കിവെച്ച് ഉള്ള ആ ഇറക്കത്തില്‍ മനസ്സില്‍ അത്രയൊന്നും സന്തോഷം തോന്നിയിരുന്നില്ല. ഉള്ളില്‍ നിരാശയും പ്രതികാരവും നിറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം അലിയിച്ചു കളയുന്ന വിധം മഞ്ഞുവീണു നനഞ്ഞ കാറിന്റെ പിന്‍ചില്ലിലൂടെ ഉമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ വണ്ടി അകലും തോറും എന്നിലേക്ക് അടുക്കുകയായിരുന്നു. ഉപ്പ മുന്‍ സീറ്റില്‍ ഉള്ളില്‍ ഉരുട്ടിവെച്ച മുഴുവന്‍ വിഷമങ്ങളും കഷ്ടപെട്ട് അവിടെ തന്നെ ഒതുക്കി ഡ്രൈവറോട് കൃത്രിമമായി മറ്റു വിഷയത്തിലേക്ക് എടുത്തു ചാടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ശബ്ദം ഇടറാതെ നോക്കുന്നതും കണ്ണുകള്‍ നിറയാതെ നോക്കുന്നതും കണ്ണാടിയിലൂടെ ഞാന്‍ കണ്ടു. യാത്രയുടെ ആ ഓര്‍മ ഏറെക്കുറെ എല്ലാ പ്രവാസികള്‍ക്കും സമാനമായിരിക്കും. തീവണ്ടിയുടെ ഉള്ളിലേക്ക് കയറാന്‍ നിമിഷം ഉപ്പയെന്നെ ചേര്‍ത്തുപിടിച്ചു. ഉള്ളില്‍ കടലോളം സങ്കടം അലയടിക്കുന്നത് ഞാന്‍ അറിഞ്ഞു, ഇടറുന്ന ശബ്ദത്തില്‍ മോനെ എന്ന വിളിയും കെട്ടിപിടിച്ചുള്ള ഉമ്മയും എന്നെ സങ്കടകടലില്‍ മുക്കി. അതുവരെ നിവര്‍ത്തിവെച്ച എന്‍റെ ധൈര്യത്തിന്റെ പായ ചുരുണ്ട് പോകുകയും ഉള്ളില്‍ സങ്കടത്തിന്റെ തീമഴ പെയ്യാനും തുടങ്ങി. തീവണ്ടിയിലേക്ക് നടന്നു നീങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ തോന്നിയില്ല, ആ തിരിഞ്ഞു നോട്ടം എന്‍റെ അഞ്ചാം വയസില്‍ മുറ്റത്ത് വന്നിറങ്ങിയ ഉപ്പയെ ഓടിച്ചെന്നു കേട്ടിപിച്ചപോലെ ഞാന്‍ തിരിച്ചോടുമോ എന്ന് തോന്നി, ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു. കീശയില്‍ മടക്കിവെച്ച വിസയില്‍ കൈവെച്ച് ആ അഞ്ചു വയസുകാരന്‍ ആയിട്ടാണ് ഞാന്‍ തീവണ്ടിയിലേക്ക് നടന്നു കയറിയത്. സങ്കടങ്ങളും ദേഷ്യങ്ങളും എല്ലാം ഉള്ളില്‍ കിടന്നു പിടഞ്ഞു. ബോംബെ നഗരത്തിന്റെ ആകര്‍ഷണീയതയോ വിമാനത്തിന്റെ അത്ഭുതങ്ങളോ ആദ്യയാത്രയുടെ പരിഭ്രമങ്ങളോ എന്നില്‍ സ്പര്‍ശിച്ചില്ല, ബോംബെ എന്ന അത്ഭുത നഗരം നടന്നു കണ്ട ഓര്‍മ്മകളോ ഗല്ലികളിലൂടെ വരച്ചുനടന്ന കാലമോ മനസ്സില്‍ ഓടിയെത്തിയതുമില്ല. 22 വര്‍ഷം മുമ്പത്തെ ഈ യാത്ര ഇന്നും ഒരു കനല്‍ പോലെ കിടക്കുന്നു. എന്നില്‍ നിന്നും പറന്നുപോയ പ്രണയിനിയുടെ നീറുന്ന ഓര്‍മകളില്‍ പിടയാന്‍ അനുവദിക്കാതെ മണ്ണില്‍ നിന്നും പറന്നുയരുമ്പോള്‍ ഈ ലോകത്തിനോട് തന്നെ വെറുപ്പായിരുന്നു.

കാലക്രമേണ ആ കോപമോക്കെ അലിഞ്ഞില്ലാതാവുകയും മരുഭൂമിയുടെ ചൂടും തണുപ്പും ജീവിതത്തോട് ലയിച്ചുചേര്‍ന്നു. ഒരേ സമയം നൂറിലധികം രാജ്യങ്ങളുടെ സാംസ്കാരിക സാമൂഹിക ബന്ധങ്ങള്‍ മനസിലാക്കാനും നാം കണ്ടുപരിചയിച്ച ഒരു ലോകത്ത് നാം കേട്ടറിഞ്ഞ പലതും അങ്ങനെയല്ല എന്ന് തിരിച്ചറിയാനും ഈ കാലയളവ്‌ ഗുണകരമായി. അതിലുപരി ഞാന്‍ എന്തൊക്കെയോ ആയിരുന്നു എന്ന അഹന്ത ഉള്ളില്‍ പേറിയിരുന്നു. ആ അഹങ്കാരം കുടഞ്ഞുകളയാനും സാധിച്ചു. ഇപ്പോള്‍ അനുഭവത്തിന്റെ തീച്ചൂളയില്‍ ജീവിതത്തെ ചുട്ടെടുത്തപ്പോള്‍ ഇത്രയെങ്കിലും സാധിച്ചല്ലോ എന്ന തോന്നല്‍ പേറി ജീവിക്കുന്നു. എന്നാല്‍ ചുട്ടുപൊള്ളുന്ന അനേകം ജീവിതം കണ്ടു ശീലിച്ചതിനാല്‍ തന്നെ ഇപ്പോള്‍ ഉള്ള ജീവിതം എത്രസുന്ദരമെന്നും എനിക്ക് താഴെ ചുട്ടെടുക്കുന്ന കുറെ ജീവിതങ്ങള്‍ ഉള്ളപ്പോള്‍ ഈ ജീവിതമെത്രയോ അധികമാണെന്നും തിരിച്ചറിയാന്‍ കഴിയുന്നു. ആദ്യ യാത്രയുടെ ഓര്‍മയില്‍ വിങ്ങുന്ന ഉമ്മയുടെ നോട്ടവും ഉപ്പയുടെ ഇടറുന്ന ശബ്ദവും അവരില്ലാത്ത ശൂന്യതയും ഒക്കെ വേദനിപ്പിക്കുന്ന ചിത്രങ്ങളായി ഹൃദയഭിത്തികളില്‍ പതിഞ്ഞുകിടക്കുന്നു. ഏതൊരു യൂനിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചതിനെക്കാള്‍ അധികം ഈ മണ്ണില്‍ നിന്നും പഠിച്ചു എന്ന് പറയാം. ജീവിതം പഠിപ്പിച്ച ഈ ഭൂമികയില്‍നിന്നും ഇനിയും പലതും പഠിക്കാനുണ്ട്. അതിനായി കാത്തിരിക്കുന്നു. എത്ര ചൂടിനേയും അതിജീവിച്ച് കരുത്തോടെ നില്‍ക്കുന്ന കള്ളിമുള്‍ ചെടിയെ പോലെ, മുള്ള് ഉണ്ടെന്നേ ഉള്ളൂ ഉള്ളില്‍ അത്രയൊന്നും കടുപ്പമില്ല. മുള്ളുകള്‍ ഒരു കവചം മാത്രം ഉള്ളില്‍ ഏറെ മാര്‍ദ്ദവമേറിയതിനെ സംരക്ഷിക്കാന്‍ ഉള്ള രക്ഷാ കവചം. എന്നിട്ടും നിങ്ങള്‍ക്ക് ഓടിഞ്ഞുപോയ മുള്ളുകള്‍ കാണാം. അതാണ് ഓരോ പ്രവാസിയും. അത് തിരിച്ചറിയാന്‍ ആര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് ഒട്ടുമിക്ക പ്രവാസിയും പ്രയാസിയായി മാറുന്നത്. ഈ തനിയാവര്‍ത്തനം ദശകങ്ങള്‍ ആയി തുടരുന്നു. അതിലെ ഒരു കള്ളിമുള്‍ചെടിയായി ഞാനും.....
                                                             ======================
(സിറാജ് ഞായറാഴ്ച 17/ 09 / 2017)
 


Thursday, 7 September 2017

പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത

കഥ

'പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത '  ഇങ്ങനെയൊരു പേരിൽ ഒരു നോവൽ ഉണ്ടെന്നു അറിഞ്ഞത്  എൻ എസ് മാധവന്റെ 'ഹിഗ്വിറ്റ' എന്ന കഥയിൽ നിന്നാണ്. ചിലിയുടെ ഗോളി ക്ലോഡിയോ ബ്രാവോ തന്റെ ജീവിതത്തിൽ ഇത്തരത്തിൽ നിരവധി മുഹൂർത്തങ്ങൾ നേരിട്ടിരിക്കാം എന്നാൽ ഇതൊന്നു വേറെ തന്നെ. 46 ഇഞ്ച് എൽ ഈ ഡി ടിവിയിൽ കളി നടന്നുകൊണ്ടിരിക്കുന്നു. അർജന്റീനയുടെ ജെയ്‌ഴ്‌സി അണിഞ്ഞ മെസ്സിയുടെ ആരാധകർക്ക് നടുവിലാണ് ഞാൻ ഇരിക്കുന്നത്. തൊട്ടടുത്ത് സുനിലും. ഓരോ നീക്കവും പിഴക്കുമ്പോൾ സുനിൽ തന്റെ കൈകൾ ശക്തിയിൽ കുടഞ്ഞു. കൈകൾ ഊരിത്തെറിക്കുമോ എന്നെനിക്കു തോന്നി. 

കളിയിൽ ഇരുപത് പേരുടെ പോരാട്ടങ്ങൾ മുറുകുമ്പോൾ ഒരു പെട്ടിക്കകത്ത് പെട്ടപോലെയുള്ള ഗോളിയുടെ ആ നിൽപ്പ്, തൊണ്ണൂറുമിനുറ്റ് കഴിഞ്ഞിട്ടും തീരുമാനം ആകാതെ വരുമ്പോൾ ഗ്യാലറികളിലെ കണ്ണുകൾ ആ ചതുരത്തിലേക്ക് നീളും. രണ്ടറ്റത്തും അസ്വസ്ഥതയോടെ കൈകൾ ചുരുട്ടിയിടിച്ച് ഇടക്ക് ഉച്ചത്തിൽ ശബ്ദിച്ച്, വെല്ലുവിളിത്‌ പല്ലുകൾ കടിച്ച്... അപ്പോഴാകും പതിനായിരക്കണക്കിന് കണ്ണുകൾ കൂട്ടിലിട്ട ഈ സിംഹങ്ങളെ ശ്രദ്ധിക്കുക.

ഗാലറിയിൽ മെസ്സി... മെസ്സി... എന്ന ആർപ്പുവിളികൾ, റഫറി പെനാൽറ്റി ബോക്ക്സിൽ പെനാൽറ്റി പോയന്റിൽ പന്ത് വെച്ചപ്പോൾ നെഞ്ചിടിപ്പുകൾ കൂടി സ്റ്റേഡിയം ഒരു വലിയ ഹൃദയമായി മാറി സെക്കൻന്റിൽ അഞ്ചോ ആറോ തവണ മിടിച്ചുകൊണ്ടിരുന്നു. 

റഫറി വിസിൽ ഊതുന്നതിന്റെയും മെസ്സിയുടെ കാലുകൾ പന്തിൽ പതിക്കുന്നതിന്റെയും ഇടയിലുള്ള നിമിഷങ്ങളിൽ ബ്രാവോ എന്തായിരിക്കും ചിന്തിക്കുക? ആരവങ്ങൾ എല്ലാം നിലച്ചു എല്ലാവരുടെയും തൊണ്ടകളിൽ ആർപ്പുവിളികളും ആകുലതകളും താഴേക്കും മേലോട്ടും പോകാതെ തങ്ങിക്കിടന്നു. 

ബ്രാവോ കൂർപ്പിച്ച നോട്ടത്തോടെ മുട്ടുകൾ  അൽപ്പം വളച്ചു കൈകളും നിവർത്തി അല്പം മുന്നോട്ടാഞ്ഞു കാത്തുനിന്നു.  പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എത്ര ഭീകരമായിരിക്കും എന്നു തോന്നി?. തന്റെ മുന്നിലതാ ഒരു ലോകം തന്നെ ഒരു പന്തായി ഏതാനും വാരകൾക്കകലെ കാത്ത് നിൽക്കുന്നു. ഒറ്റ വിസിൽ പിന്നെ കൊടുങ്കാറ്റിന്റെ വേഗത്തിൽ! ...

ബ്രാവോ ഒന്നു കണ്ണു ചിമ്മി. ലോകത്തിന്റെ മുഴുവൻ ശക്തിയും കൊടുങ്കാറ്റായി വരുന്നതിനെയാണ് തട്ടി മാറ്റേണ്ടത്. ലോക ഭൂപടത്തിൽ ഒരു ചരടുപോലെ നീണ്ടു കിടക്കുന്ന ചിലിയുടെ അഭിമാനം ഇതാ കുറച്ചു വാരകൾക്ക് അകലെ !... ഇതാ നിമിഷങ്ങൾ മാത്രം ബാക്കി അതും മഹാ മാന്ത്രികനായ ഒരാളുടെ അത്ഭുതപാദുകം ഏതു രൂപത്തിൽ ഏതു ഭാവത്തിലാണ് വരുന്നതെന്ന് പ്രവചനാതീതം. അഗസ്റ്റോ  പിനോഷെയുടെ ഏകാധിപത്യ ബൂട്ടുകൾ ചവിട്ടിമെതിച്ച ചിലിയിന്ന്  കോപ്പയുടെ  വിജയമാവർത്തിക്കാൻ! അതേ  ഇനി ബ്രാവോ എന്ന വിളി മാത്രം ബാക്കി. ഈ നിമിഷങ്ങൾ മാറി മറിയുമ്പോൾ ഏതു വിളിയാകും ബാക്കിയാകുക മെസ്സി..മെസ്സി ... അതോ ബ്രാവോ... ബ്രാവോ ...
 
ഇങ്ങനെ ഒരു വിളിയുയർന്നാൽ  ബ്രാവോയുടെ ഉള്ളൊന്നു കുളിരുകോരി. അതേ മെസ്സി എന്ന മഹാ മാന്ത്രികൻ തൊടുത്തുവിടുന്ന കൊടുങ്കാറ്റിനെ തടുത്തിടുക. ബ്രാവോ തയ്യാറെടുത്തു ഈ ഒരൊറ്റഷോട്ട്. ബ്രാവോയുടെ കണ്ണുകൾ  തിളച്ചു. 
 
"ഹേ മഹാ മന്ത്രികാ എല്ലാ മാന്ത്രികതയും അടങ്ങിയ ആ കൊടുങ്കാറ്റ് ഇതാ ഈ കൈകളിലേക്ക്!... ഇവിടേക്ക് ഇവിടേക്ക് തന്നെ!"
 
ബ്രാവോ മനസ്സിലിങ്ങനെ പറയുണ്ടാകും. ഞാൻ സുനിലിനെ നോക്കി അവന്റെ  നെഞ്ചുകൾ പിടക്കുക്കുകയാണ്. കണ്ണുകളിൽ തീ... മെസ്സി... അർജന്റീന... മെസ്സി... അർജന്റീന... എന്ന ആർപ്പുവിളിക്കായ് സുനിൽ കാത്തിരുന്നു.  ഹാളിനകത്ത് ഓരോരുത്തരുടെയും ഉള്ളിൽ നിന്നും പതിഞ്ഞ സ്വരത്തിൽ മെസ്സി മെസ്സി എന്ന മാത്രം വീണുകൊണ്ടിരുന്നു. 
 
അപ്പോൾ ബ്രാവോ, അയാൾ കൊടുങ്കാറ്റിനെ തടുക്കാൻ തയ്യാറായി കഴിഞ്ഞു. ലോകം വെട്ടിപ്പിടിച്ച അലക്‌സാണ്ടർ ചക്രവർത്തി വാളുയർത്തി കുതിരപ്പുറത്ത് കത്തുന്ന കണ്ണുകളോടെ വരുന്ന അതേ ഭാവത്തിൽ. പിടിച്ചെടുക്കുമെന്ന ഉറപ്പോടെ, മെസ്സിയുടെ മാന്ത്രികതയെ കുടത്തിലടക്കുമെന്ന നിശ്ചയ ദാർഢ്യത്തോടെ ബ്രാവോ ഇരുകൈകളും നിവർത്തി. ലോകം രണ്ടു പോസ്റ്റുകൾക്കിടയിൽ ബ്രാവോയുടെ കയ്യെത്താ ദൂരത്തതാ. ഒരു കുതിപ്പ് ഒരു കാലിൽ ഉരച്ച് മറ്റ് കാലുകൊണ്ട് കൈകൾ നീട്ടിപ്പിടിച്ചങ്ങനെ കടലിൽ ഇരയെ വെള്ളത്തിനു മുകളിലൂടെ ചാടി വെട്ടിപ്പിടിക്കുന്ന സ്രാവിനെ പോലെ ...

റഫറി വിസിൽ ഊതി. ഗാലറി നിശബ്ദമായി വരണ്ടുണങ്ങിയ തൊണ്ടകളിൽ നിന്നു നെടുവീർപ്പുകൾ കൂട്ടിമുട്ടി. മെസ്സിയതാ താളത്തിൽ മുന്നോട്ടാഞ്ഞു, ബ്രാവോ തന്റെ  കൈകൾ കൂടുതൽ നിവർത്തി പിടിക്കാൻ ശ്രമിച്ചു. എല്ലാ കണ്ണുകളും ഒരേ പോയന്റിൽ. മെസ്സിയുടെ പാദങ്ങൾ പന്തിൽ പതിച്ചു നിമിഷങ്ങൾ ഏകാന്തതയിൽ കലമ്പി.

അതാ ബ്രാവോയുടെ കാത്തിരിപ്പിനെ ഇല്ലാതാക്കി പന്ത് ഉയരങ്ങളിലേക്ക്... ഗാലറികൾ അക്ഷരാർത്ഥത്തിൽ ഒരു നിമിഷം അത്ഭുതത്താൽ നിശബ്ദമായതും സുനിലിന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന എന്തോ തടസ്സം ഇറങ്ങിയതും ഒപ്പമായിരുന്നു. 

ഇനിയുള്ള മെസ്സിയുടെ ചുണ്ടു കടിച്ചുള്ള ആകാശത്തേക്കുള്ള നോട്ടം, തലകുനിച്ചു കണ്ണീരോടെയുള്ള മടക്കം അതു കാണാൻ സുനിലിലായില്ല. അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.  ചിലിയൻ ആരാധകരുടെ ആർപ്പുവിളിയിൽ ഗാലറിക്കൊപ്പം ലോകവും കുലുങ്ങി.  ബ്രാവോ അന്തം വിട്ടു നിന്നു കൈകൾ ചുരുട്ടി ആകാശത്തേക്കെറിഞ്ഞു. ആരും ബ്രാവോ... ബ്രാവോ... എന്നു വിളിച്ചു പറഞ്ഞില്ല. ഒരു കൊടുങ്കാറ്റും കൈകളിൽ തടഞ്ഞേയില്ല. 
സുനിൽ പടിയിറങ്ങുമ്പോൾ  ട്രോഫി വിതരണം തുടങ്ങിയിരുന്നു. 

 
ടെറസ്സിൽ അമരപ്പയറിന്റെ പന്തലിനു കീഴെ ചാരുകസേരയിൽ സുനിൽ ഏറെ നേരം ഇരുന്നു. 
കഴിഞ്ഞ ലോകകപ്പിൽ അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ ഗോഡ്‌സെ വല ചലിപ്പിച്ചപ്പോൾ കമന്ററി ബോക്സിൽ നിന്നും ഗോഡ്സേ....സേ ... എന്നു ചീറി. അന്ന് ഉണ്ടായതായിനേക്കാൾ നിരാശ തോന്നി. ഫെയ്‌സ്ബുക്കിൽ അന്ന്  സുനിൽ ഇട്ട പോസ്റ്റ് എല്ലാവരും ഏറ്റെടുത്തിരുന്നു 
"ആ നശിച്ച പേര് ഒരിക്കൽ കൂടി വെറുത്തുപോയി" 
 
സെന്റർ ലൈനിനടുത്ത് നിന്നും എട്ടുപേരെ കബളിപ്പിച്ച് വളഞ്ഞു വന്ന പന്ത് ഗോൾ പോസ്റ്റിന്റെ ഇടത്തേ മൂലയിൽ ഗോൾക്കീപ്പർ ചാടിയെത്തുന്നതിനു ഇട നൽകാതെ വല ചലിപ്പിച്ച ആ വൈദഗ്ദ്യം ഇവിടെ? ഇതു അത്ര പോലും. 
 
അമരതണ്ടിൽ അതാ ഒരു  ചുരുളൻ പുഴു അരിച്ചരിച്ച് തൂങ്ങി കിടക്കുന്ന അമരപയറിന്റെ തണ്ടിലേക്ക്, ഇനി നടുവൊന്നു വളച്ച് തല മുന്നിലേക്ക് ആഞ്ഞു കൊത്തിയാൽ തൂങ്ങിക്കിടക്കുന്ന അമരപ്പയർ വായുവിലൂടെ.... .    തലയോളം വലുപ്പമുള്ള പുഴുവിൻ കണ്ണുകൾ തിളങ്ങുന്നു, അതേ ആ കണ്ണുകൾ ബ്രാവോയുടേത് തന്നെ, സുനിൽ ചാടിയെഴുനേറ്റു. ഒരു പെനാൽറ്റി കിക്കിന്റെ ശക്തിയോടെ കൈവിരൽ മടക്കി ഒറ്റ തട്ട്. 
"ഒരു കോപ്പ .... കോപ്പ്..."
ടെറസിന്റെ മതിലും കടന്ന് അതാ മെസ്സിയുടെ പെനാൽറ്റി കിക്ക് പോലെ ഉയരങ്ങളിലേക്ക്... 
****************************
 

കടപ്പാട്: ശീർഷകം എൻ എസ് മാധവന്റെ ഹിഗ്വിറ്റയിൽ നിന്നും
 
2017 ആഗസ്റ്റ്‌ നവനീതം മാസികയില്‍ പ്രസിദ്ധീകരിച്ചു
 

 


ദൈവത്തോട്

കവിത

തിയെങ്കിലീ
ജീവിതമെടുത്ത്

അസൂയാലുക്കളിൽ

ചേർക്കുക.


ജീവിതം അത്രയും

മാരകമെന്നു

നിനക്കറിയാഞ്ഞിട്ടല്ല,

എന്നിട്ടും

പരീക്ഷണ വസ്തു മാത്രം

നിനക്ക് ഞങ്ങൾ.


സമാധാനത്തിന്റെ

പ്രവാചകനെ

ഇനി കാണേണ്ട.


ബോധിമരം മുറിച്ചാണ്

അവരാദ്യം

കുന്തം പണിതത്.

അതിലാകും

ഞങ്ങളുടെ പൂർവികരെ

കുത്തിയെടുത്തതും.
 
ഇന്ന് ഇരുട്ട് പരത്തുന്ന

തോക്കും,

ഇരുട്ടിൽ മിന്നുന്ന

വാളും

ഞങ്ങൾക്ക്

വിശപ്പോളം

പരിചിതം.


നിന്നോടൊന്നുമേ

പറയാനില്ല,

കേഴാനും.

ബധിര മൂക സാക്ഷി നീ...



(റോയിൻഗ്യൻ മനുഷ്യർക്ക്) 

Sunday, 20 August 2017

കളിത്തോഴനായിരുന്ന ഞൊടിഞെട്ട

പരിസ്ഥിതി

ഓരോ നാട്ടിലും ഓരോ പേരുകള്‍ ചിലപ്പോള്‍ ഏറ്റവും അധികം വ്യത്യസ്ത പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന ചെടിയായിരിക്കും  ഞൊടിഞെട്ട,(ഇംഗ്ലീഷിൽ : Cape Gooseberry  , Little Gooseberry എന്നൊക്കെ  പറയും  ശാസ്ത്രീയനാമം: Physalis minima) 

ഓരോരോ ഇടങ്ങളിൽ ഇതിനു ഓരോരോ  അറിയപ്പെടുക  ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ,മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി ഇതൊക്കെ ഇതിന്റെ പേരുകളാണ് എന്റെ നാട്ടില്‍ ഞൊട്ടങ്ങ പറയും കുട്ടിക്കാലത്ത് ഇത് തേടി പറമ്പുകളില്‍ നടന്നവർക്ക് ഇന്നത് ഗൃഹാതുരത്വം ഓർമയാണ് . കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിച്ചവർ ഉണ്ടായിരിക്കും അതിനാലാണ് ഇതിന് ഞൊടിഞെട്ട എന്ന പേര് വന്നിട്ടുണ്ടാവുക . ബാല്യകാല സ്മരണകളില്‍ ഇത് നിറഞ്ഞു നില്‍ക്കുന്നു നിങ്ങള്‍ക്കും ഇത്തരം ബാല്യകാല ഓര്‍മകളില്‍ ഈ കുഞ്ഞു ചെടിയും കടന്നുവരും. നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ഹവായിൽ നിന്നാണ് ഇത് വന്നതെങ്കിലും നാടൻ ചെട്ടിയായാണ് നമ്മൾ ഇതിനെ കരുതിപ്പോരുന്നത്. അല്പം പുളിപ്പോടു കൂടിയ ഇതിന്റെ പഴുത്ത കായകൾ കുട്ടികൾ പൊട്ടിച്ചു കഴിക്കാറുണ്ട് ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ ഒരത്ഭുത പഴം പോലെ കൂടിയ വിലക്ക് വിൽക്കുന്നുമുണ്ട്.

 നമ്മുടെ പറമ്പുകളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുമ്പോൾ തന്നെ ഇത്തരം വിപണന സാദ്ധ്യതകൾ തിരിച്ചറിയുന്നവർ അവസരം മുതലാക്കുന്നു എന്ന് മാത്രം. നാട്ടിൻ പുറങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്നത് വർണ്ണ കടലാസ്സിൽ പൊതിഞ്ഞു നമുക്ക് തന്നെ തിരിച്ചു തരുന്ന വിപണന തന്ത്രം നാം തിരിച്ചറിയാതെ പോകുന്നുവോ?  കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്. അഞ്ചു മി.മീ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം. 

നാട്ടിൻ പുറങ്ങളിൽ നിന്നും കിട്ടാക്കനിയാകുമ്പോൾ അത് തന്നെ വിപണിയിലെ മൂല്യം കൂടിയ വസ്തുവായി പരിണമിക്കുന്ന അവസ്ഥയിൽ ഞൊടിഞൊട്ടയുടെ കൃഷിയും വിപണിസാധ്യത ഇല്ലാതില്ല. ഗൃഹാതുരത്വം എന്നും നല്ല മാർക്കറ്റുള്ള വിപണി വാക്യവുമാണല്ലോ ഓർമ്മകൾ നമ്മെ മടി വിളിക്കുമ്പോൾ ഇടക്കൊക്കെ നമ്മളിൽ നിന്നും ഇതൊക്കെ ഇല്ലാതാവാനുള്ള കാരണത്തിലേക്കും ഓർമ്മകളെ ഇറക്കി വിടുന്നത്  നല്ലതാണ്. ഈ കുഞ്ഞു പഴവും അതിന്റെ പുളിപ്പോടെ ഈ ഓർമകളെ നൽകുന്നു. വിപണിയുടെ സാധ്യതയും. 

---------------------------------------------------------------------
20/08/2017 നു സിറാജ് ഞായറാഴ്ചയിലെ വീക്ഷണം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്   




Sunday, 6 August 2017

യാത്ര

കവിത
 
 
 
 
 
 
 
 
 
 
 
 
 
 
 
 
  
 
(Wolvevile Painting by Caarlo Salomoni)
 
പേമാരിയിൽ 
ഒലിച്ചുപോകുമെന്നെ 
ഒരിടത്തും 
തിരയേണ്ടതില്ല.
പാറക്കെട്ടുകളിൽ 
അലതല്ലിയിളകി 
അലിഞ്ഞില്ലാതായേക്കാം . 

കൊടുങ്കാറ്റിൽ 
ആടിയുലഞ്ഞു 
പാറിപോയേക്കാം. 

അക്ഷരങ്ങൾക്കിടയിൽ 
തൂങ്ങികിടന്നേക്കാം. 
 
ചന്ദ്രനെ പ്രണയിച്ചു 
പറന്നുയരും 
ചകോരത്തിൻ 
പ്രണയന്വേഷണമല്ലെൻ 
യാത്ര. 

വേടന്റെ 
അമ്പേറ്റ 
കിളിയുടെ 
വേദനയാണ്.

വരാനിരിക്കുന്ന 
പ്രഭാതം 
എനിക്ക് കാണേണ്ട, 

കൂരിരുട്ടിൽ 
ഞാനെന്നെ 
യാത്രയാക്കാൻ 
തപസ്സിലാണ് 
------------
ഞായറാഴ്ച, സിറാജ് ആഗസ്റ്റ്‌ 2017

Wednesday, 2 August 2017

കുരുതി

കവിത


The Sacrifice Painting by Ethan Harris



പെണ്ണേ, 
നിന്നെ 
ഞങ്ങള്‍ 
കുരിശില്‍ തറക്കുന്നു. 

അസഹ്യമായ 
വേദന തോന്നുമ്പോള്‍ 
കരയരുത്. 

അക്ഷരങ്ങളും 
കാമറകളും 
നിന്റെ 
ജീവിതത്തെ 
ചുറ്റി വരിയുമ്പോള്‍ 
നീ പിടയരുത്. 

എത്ര 
നീതി നിഷേധം 
കണ്ടാലും 
മിണ്ടരുത്. 

യൂദാസുമാരെ 
ചൂണ്ടിക്കാണിക്കരുത്. 
ഗീബല്സ്മാരെ 
ചൂണ്ടി പ്രതികരിക്കരുത്. 

നീതിയും, 
അനീതിയും, 
ഏതെന്നു 
നിന്റെ 
മേല്‍വിലാസത്തില്‍ 
ഞങ്ങള്‍ 
എഴുതി പിടിപ്പിക്കും. 

മേല്‍വിലാസത്തില്‍ 
ജാതിയും, 
മതവും, 
നിര്‍ബന്ധം. 

നീ കുരിശില്‍ 
കിടന്നു 
പിടയുന്നത് ''
നല്ല 
കാഴ്ചയാണ് 

ഭൂതകാലം 
നിന്നെ 
ചോദ്യം ചെയ്യും. 

വര്‍ത്തമാനം 
നിന്നെ 
ശിക്ഷിക്കും. 

ഭാവി 
നിനക്കൊരു 
ചോദ്യചിഹ്നമാകും

ആക്രോങ്ങള്‍ക്കിടയില്‍ 
നിന്റെ വിലാപങ്ങള്‍. 
കെട്ടടങ്ങും. 
കാരണം 
നീ വെറും പെണ്ണാണ്. 

നീ വീരപുത്രിയാകണം 
എങ്കില്‍ 
പിടഞ്ഞു തന്നെ 
മരിക്കണം.

ഞങ്ങളുടെ 
അഭിമാനം,
വികാരം, 
ആദര്‍ശം, 
എല്ലാം ഉടന്‍ ഉണരും 

ഉറവയായ് 
ഉണ്ടായത് 
കടലായ് 
അലയടിക്കും. 
_______________________________________________________________

ദേശാഭിമാനി വാരിക. 30 ജൂലായ് 2017