കഥ
'പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത ' ഇങ്ങനെയൊരു പേരിൽ ഒരു നോവൽ ഉണ്ടെന്നു അറിഞ്ഞത് എൻ എസ് മാധവന്റെ 'ഹിഗ്വിറ്റ' എന്ന കഥയിൽ നിന്നാണ്. ചിലിയുടെ ഗോളി ക്ലോഡിയോ ബ്രാവോ തന്റെ ജീവിതത്തിൽ ഇത്തരത്തിൽ നിരവധി മുഹൂർത്തങ്ങൾ നേരിട്ടിരിക്കാം എന്നാൽ ഇതൊന്നു വേറെ തന്നെ. 46 ഇഞ്ച് എൽ ഈ ഡി ടിവിയിൽ കളി നടന്നുകൊണ്ടിരിക്കുന്നു. അർജന്റീനയുടെ ജെയ്‌ഴ്‌സി അണിഞ്ഞ മെസ്സിയുടെ ആരാധകർക്ക് നടുവിലാണ് ഞാൻ ഇരിക്കുന്നത്. തൊട്ടടുത്ത് സുനിലും. ഓരോ നീക്കവും പിഴക്കുമ്പോൾ സുനിൽ തന്റെ കൈകൾ ശക്തിയിൽ കുടഞ്ഞു. കൈകൾ ഊരിത്തെറിക്കുമോ എന്നെനിക്കു തോന്നി.
കളിയിൽ ഇരുപത് പേരുടെ പോരാട്ടങ്ങൾ മുറുകുമ്പോൾ ഒരു പെട്ടിക്കകത്ത് പെട്ടപോലെയുള്ള ഗോളിയുടെ ആ നിൽപ്പ്, തൊണ്ണൂറുമിനുറ്റ് കഴിഞ്ഞിട്ടും തീരുമാനം ആകാതെ വരുമ്പോൾ ഗ്യാലറികളിലെ കണ്ണുകൾ ആ ചതുരത്തിലേക്ക് നീളും. രണ്ടറ്റത്തും അസ്വസ്ഥതയോടെ കൈകൾ ചുരുട്ടിയിടിച്ച് ഇടക്ക് ഉച്ചത്തിൽ ശബ്ദിച്ച്, വെല്ലുവിളിത് പല്ലുകൾ കടിച്ച്... അപ്പോഴാകും പതിനായിരക്കണക്കിന് കണ്ണുകൾ കൂട്ടിലിട്ട ഈ സിംഹങ്ങളെ ശ്രദ്ധിക്കുക.
ഗാലറിയിൽ മെസ്സി... മെസ്സി... എന്ന ആർപ്പുവിളികൾ, റഫറി പെനാൽറ്റി ബോക്ക്സിൽ പെനാൽറ്റി പോയന്റിൽ പന്ത് വെച്ചപ്പോൾ നെഞ്ചിടിപ്പുകൾ കൂടി സ്റ്റേഡിയം ഒരു വലിയ ഹൃദയമായി മാറി സെക്കൻന്റിൽ അഞ്ചോ ആറോ തവണ മിടിച്ചുകൊണ്ടിരുന്നു.
റഫറി വിസിൽ ഊതുന്നതിന്റെയും മെസ്സിയുടെ കാലുകൾ പന്തിൽ പതിക്കുന്നതിന്റെയും ഇടയിലുള്ള നിമിഷങ്ങളിൽ ബ്രാവോ എന്തായിരിക്കും ചിന്തിക്കുക? ആരവങ്ങൾ എല്ലാം നിലച്ചു എല്ലാവരുടെയും തൊണ്ടകളിൽ ആർപ്പുവിളികളും ആകുലതകളും താഴേക്കും മേലോട്ടും പോകാതെ തങ്ങിക്കിടന്നു.
ബ്രാവോ കൂർപ്പിച്ച നോട്ടത്തോടെ മുട്ടുകൾ അൽപ്പം വളച്ചു കൈകളും നിവർത്തി അല്പം മുന്നോട്ടാഞ്ഞു കാത്തുനിന്നു. പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എത്ര ഭീകരമായിരിക്കും എന്നു തോന്നി?. തന്റെ മുന്നിലതാ ഒരു ലോകം തന്നെ ഒരു പന്തായി ഏതാനും വാരകൾക്കകലെ കാത്ത് നിൽക്കുന്നു. ഒറ്റ വിസിൽ പിന്നെ കൊടുങ്കാറ്റിന്റെ വേഗത്തിൽ! ...
ബ്രാവോ ഒന്നു കണ്ണു ചിമ്മി. ലോകത്തിന്റെ മുഴുവൻ ശക്തിയും കൊടുങ്കാറ്റായി വരുന്നതിനെയാണ് തട്ടി മാറ്റേണ്ടത്. ലോക ഭൂപടത്തിൽ ഒരു ചരടുപോലെ നീണ്ടു കിടക്കുന്ന ചിലിയുടെ അഭിമാനം ഇതാ കുറച്ചു വാരകൾക്ക് അകലെ !... ഇതാ നിമിഷങ്ങൾ മാത്രം ബാക്കി അതും മഹാ മാന്ത്രികനായ ഒരാളുടെ അത്ഭുതപാദുകം ഏതു രൂപത്തിൽ ഏതു ഭാവത്തിലാണ് വരുന്നതെന്ന് പ്രവചനാതീതം. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ബൂട്ടുകൾ ചവിട്ടിമെതിച്ച ചിലിയിന്ന് കോപ്പയുടെ വിജയമാവർത്തിക്കാൻ! അതേ ഇനി ബ്രാവോ എന്ന വിളി മാത്രം ബാക്കി. ഈ നിമിഷങ്ങൾ മാറി മറിയുമ്പോൾ ഏതു വിളിയാകും ബാക്കിയാകുക മെസ്സി..മെസ്സി ... അതോ ബ്രാവോ... ബ്രാവോ ...
ഇങ്ങനെ ഒരു വിളിയുയർന്നാൽ ബ്രാവോയുടെ ഉള്ളൊന്നു കുളിരുകോരി. അതേ മെസ്സി എന്ന മഹാ മാന്ത്രികൻ തൊടുത്തുവിടുന്ന കൊടുങ്കാറ്റിനെ തടുത്തിടുക. ബ്രാവോ തയ്യാറെടുത്തു ഈ ഒരൊറ്റഷോട്ട്. ബ്രാവോയുടെ കണ്ണുകൾ തിളച്ചു.
"ഹേ മഹാ മന്ത്രികാ എല്ലാ മാന്ത്രികതയും അടങ്ങിയ ആ കൊടുങ്കാറ്റ് ഇതാ ഈ കൈകളിലേക്ക്!... ഇവിടേക്ക് ഇവിടേക്ക് തന്നെ!"
ബ്രാവോ മനസ്സിലിങ്ങനെ പറയുണ്ടാകും. ഞാൻ സുനിലിനെ നോക്കി അവന്റെ നെഞ്ചുകൾ പിടക്കുക്കുകയാണ്. കണ്ണുകളിൽ തീ... മെസ്സി... അർജന്റീന... മെസ്സി... അർജന്റീന... എന്ന ആർപ്പുവിളിക്കായ് സുനിൽ കാത്തിരുന്നു. ഹാളിനകത്ത് ഓരോരുത്തരുടെയും ഉള്ളിൽ നിന്നും പതിഞ്ഞ സ്വരത്തിൽ മെസ്സി മെസ്സി എന്ന മാത്രം വീണുകൊണ്ടിരുന്നു.
അപ്പോൾ ബ്രാവോ, അയാൾ കൊടുങ്കാറ്റിനെ തടുക്കാൻ തയ്യാറായി കഴിഞ്ഞു. ലോകം വെട്ടിപ്പിടിച്ച അലക്‌സാണ്ടർ ചക്രവർത്തി വാളുയർത്തി കുതിരപ്പുറത്ത് കത്തുന്ന കണ്ണുകളോടെ വരുന്ന അതേ ഭാവത്തിൽ. പിടിച്ചെടുക്കുമെന്ന ഉറപ്പോടെ, മെസ്സിയുടെ മാന്ത്രികതയെ കുടത്തിലടക്കുമെന്ന നിശ്ചയ ദാർഢ്യത്തോടെ ബ്രാവോ ഇരുകൈകളും നിവർത്തി. ലോകം രണ്ടു പോസ്റ്റുകൾക്കിടയിൽ ബ്രാവോയുടെ കയ്യെത്താ ദൂരത്തതാ. ഒരു കുതിപ്പ് ഒരു കാലിൽ ഉരച്ച് മറ്റ് കാലുകൊണ്ട് കൈകൾ നീട്ടിപ്പിടിച്ചങ്ങനെ കടലിൽ ഇരയെ വെള്ളത്തിനു മുകളിലൂടെ ചാടി വെട്ടിപ്പിടിക്കുന്ന സ്രാവിനെ പോലെ ...
റഫറി വിസിൽ ഊതി. ഗാലറി നിശബ്ദമായി വരണ്ടുണങ്ങിയ തൊണ്ടകളിൽ നിന്നു നെടുവീർപ്പുകൾ കൂട്ടിമുട്ടി. മെസ്സിയതാ താളത്തിൽ മുന്നോട്ടാഞ്ഞു, ബ്രാവോ തന്റെ കൈകൾ കൂടുതൽ നിവർത്തി പിടിക്കാൻ ശ്രമിച്ചു. എല്ലാ കണ്ണുകളും ഒരേ പോയന്റിൽ. മെസ്സിയുടെ പാദങ്ങൾ പന്തിൽ പതിച്ചു നിമിഷങ്ങൾ ഏകാന്തതയിൽ കലമ്പി.
അതാ ബ്രാവോയുടെ കാത്തിരിപ്പിനെ ഇല്ലാതാക്കി പന്ത് ഉയരങ്ങളിലേക്ക്... ഗാലറികൾ അക്ഷരാർത്ഥത്തിൽ ഒരു നിമിഷം അത്ഭുതത്താൽ നിശബ്ദമായതും സുനിലിന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന എന്തോ തടസ്സം ഇറങ്ങിയതും ഒപ്പമായിരുന്നു.
ഇനിയുള്ള മെസ്സിയുടെ ചുണ്ടു കടിച്ചുള്ള ആകാശത്തേക്കുള്ള നോട്ടം, തലകുനിച്ചു കണ്ണീരോടെയുള്ള മടക്കം അതു കാണാൻ സുനിലിലായില്ല. അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചിലിയൻ ആരാധകരുടെ ആർപ്പുവിളിയിൽ ഗാലറിക്കൊപ്പം ലോകവും കുലുങ്ങി. ബ്രാവോ അന്തം വിട്ടു നിന്നു കൈകൾ ചുരുട്ടി ആകാശത്തേക്കെറിഞ്ഞു. ആരും ബ്രാവോ... ബ്രാവോ... എന്നു വിളിച്ചു പറഞ്ഞില്ല. ഒരു കൊടുങ്കാറ്റും കൈകളിൽ തടഞ്ഞേയില്ല.
സുനിൽ പടിയിറങ്ങുമ്പോൾ ട്രോഫി വിതരണം തുടങ്ങിയിരുന്നു.
ടെറസ്സിൽ അമരപ്പയറിന്റെ പന്തലിനു കീഴെ ചാരുകസേരയിൽ സുനിൽ ഏറെ നേരം ഇരുന്നു.
കഴിഞ്ഞ ലോകകപ്പിൽ അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ ഗോഡ്‌സെ വല ചലിപ്പിച്ചപ്പോൾ കമന്ററി ബോക്സിൽ നിന്നും ഗോഡ്സേ....സേ ... എന്നു ചീറി. അന്ന് ഉണ്ടായതായിനേക്കാൾ നിരാശ തോന്നി. ഫെയ്‌സ്ബുക്കിൽ അന്ന് സുനിൽ ഇട്ട പോസ്റ്റ് എല്ലാവരും ഏറ്റെടുത്തിരുന്നു
"ആ നശിച്ച പേര് ഒരിക്കൽ കൂടി വെറുത്തുപോയി"
സെന്റർ ലൈനിനടുത്ത് നിന്നും എട്ടുപേരെ കബളിപ്പിച്ച് വളഞ്ഞു വന്ന പന്ത് ഗോൾ പോസ്റ്റിന്റെ ഇടത്തേ മൂലയിൽ ഗോൾക്കീപ്പർ ചാടിയെത്തുന്നതിനു ഇട നൽകാതെ വല ചലിപ്പിച്ച ആ വൈദഗ്ദ്യം ഇവിടെ? ഇതു അത്ര പോലും.
അമരതണ്ടിൽ അതാ ഒരു ചുരുളൻ പുഴു അരിച്ചരിച്ച് തൂങ്ങി കിടക്കുന്ന അമരപയറിന്റെ തണ്ടിലേക്ക്, ഇനി നടുവൊന്നു വളച്ച് തല മുന്നിലേക്ക് ആഞ്ഞു കൊത്തിയാൽ തൂങ്ങിക്കിടക്കുന്ന അമരപ്പയർ വായുവിലൂടെ.... . തലയോളം വലുപ്പമുള്ള പുഴുവിൻ കണ്ണുകൾ തിളങ്ങുന്നു, അതേ ആ കണ്ണുകൾ ബ്രാവോയുടേത് തന്നെ, സുനിൽ ചാടിയെഴുനേറ്റു. ഒരു പെനാൽറ്റി കിക്കിന്റെ ശക്തിയോടെ കൈവിരൽ മടക്കി ഒറ്റ തട്ട്.
"ഒരു കോപ്പ .... കോപ്പ്..."
ടെറസിന്റെ മതിലും കടന്ന് അതാ മെസ്സിയുടെ പെനാൽറ്റി കിക്ക് പോലെ ഉയരങ്ങളിലേക്ക്...
****************************
കടപ്പാട്: ശീർഷകം എൻ എസ് മാധവന്റെ ഹിഗ്വിറ്റയിൽ നിന്നും
2017 ആഗസ്റ്റ് നവനീതം മാസികയില്‍ പ്രസിദ്ധീകരിച്ചു
No comments:
Post a Comment