Sunday, 17 September 2017

മുള്ളൊടിഞ്ഞ കള്ളിമുള്‍ചെടികള്‍

അനുഭവക്കുറിപ്പ് 



















"വീടിനെക്കുറിച്ചുള്ള ഒരു നീണ്ട സ്വപ്നമാണ് പ്രവാസം"
                                                                         -: വിക്ടര്‍ ഹ്യൂഗോ

ട്ടകകുഞ്ഞിനെ അതിന്റെ അമ്മയില്‍ നിന്നും അകറ്റുന്ന ഹൃദയഭേദകമായ കാഴ്ച മരുഭൂമിയിലെ ഒട്ടക കൂടുകള്‍ക്കരികില്‍ നിന്നും നമുക്ക്‌ കാണാവുന്നതാണ്. അമ്മയുടെ വാല്‍സല്യം തേടി അടുത്തേക്ക് ഓടിയടുക്കുന്ന കുഞ്ഞിനെ അതിന്റെ അരികില്‍ നിന്നും ആട്ടിപ്പായിച്ചുകൊണ്ട് ബന്ധത്തിന്റെ നേര്‍രേഖ മുറിക്കുന്ന പ്രക്രിയ. വേദനയോടെ ഒട്ടകയമ്മ തന്റെ കുഞ്ഞിനെ തിരിഞ്ഞു നോക്കി നടക്കുമ്പോള്‍ സ്വന്തം കുഞ്ഞുമായുള്ള അകലമാണ് വര്‍ദ്ധിക്കുനതെന്ന് ആ പാവം അറിയാതെ പോകുന്നു. നിരവധി തവണ ഈ പ്രക്രിയ തുടരുന്നതോടെ അമ്മയും കുഞ്ഞും അപരിചിതരായി മാറുന്നു. നാലു മാസക്കാലം മാത്രമേ ഒരമ്മയുടെ ലാളന ലഭിക്കാനുള്ള ഭാഗ്യം ഒട്ടകത്തിനു വിധിച്ചിട്ടുള്ളൂ എന്ന് നമുക്കിതിനെ ലളിതവല്‍ക്കരിക്കാനാകും. ഇതുപോലൊരു വേരറത്തുമാറ്റലിന്റെ വേദന പേറിതന്നെയാണ് ഓരോ പ്രവാസിയും വീടുവിട്ടിറങ്ങുന്നത്.


ഇശാ ബാങ്ക് വിളിയുടെ പശ്ചാത്തലത്തില്‍ ആണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. നിരവധി യാത്രകള്‍ക്ക് ഒടുവില്‍ വിദേശത്തേക്ക് വിസയും മടക്കിവെച്ച് ഉള്ള ആ ഇറക്കത്തില്‍ മനസ്സില്‍ അത്രയൊന്നും സന്തോഷം തോന്നിയിരുന്നില്ല. ഉള്ളില്‍ നിരാശയും പ്രതികാരവും നിറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം അലിയിച്ചു കളയുന്ന വിധം മഞ്ഞുവീണു നനഞ്ഞ കാറിന്റെ പിന്‍ചില്ലിലൂടെ ഉമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ വണ്ടി അകലും തോറും എന്നിലേക്ക് അടുക്കുകയായിരുന്നു. ഉപ്പ മുന്‍ സീറ്റില്‍ ഉള്ളില്‍ ഉരുട്ടിവെച്ച മുഴുവന്‍ വിഷമങ്ങളും കഷ്ടപെട്ട് അവിടെ തന്നെ ഒതുക്കി ഡ്രൈവറോട് കൃത്രിമമായി മറ്റു വിഷയത്തിലേക്ക് എടുത്തു ചാടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ശബ്ദം ഇടറാതെ നോക്കുന്നതും കണ്ണുകള്‍ നിറയാതെ നോക്കുന്നതും കണ്ണാടിയിലൂടെ ഞാന്‍ കണ്ടു. യാത്രയുടെ ആ ഓര്‍മ ഏറെക്കുറെ എല്ലാ പ്രവാസികള്‍ക്കും സമാനമായിരിക്കും. തീവണ്ടിയുടെ ഉള്ളിലേക്ക് കയറാന്‍ നിമിഷം ഉപ്പയെന്നെ ചേര്‍ത്തുപിടിച്ചു. ഉള്ളില്‍ കടലോളം സങ്കടം അലയടിക്കുന്നത് ഞാന്‍ അറിഞ്ഞു, ഇടറുന്ന ശബ്ദത്തില്‍ മോനെ എന്ന വിളിയും കെട്ടിപിടിച്ചുള്ള ഉമ്മയും എന്നെ സങ്കടകടലില്‍ മുക്കി. അതുവരെ നിവര്‍ത്തിവെച്ച എന്‍റെ ധൈര്യത്തിന്റെ പായ ചുരുണ്ട് പോകുകയും ഉള്ളില്‍ സങ്കടത്തിന്റെ തീമഴ പെയ്യാനും തുടങ്ങി. തീവണ്ടിയിലേക്ക് നടന്നു നീങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ തോന്നിയില്ല, ആ തിരിഞ്ഞു നോട്ടം എന്‍റെ അഞ്ചാം വയസില്‍ മുറ്റത്ത് വന്നിറങ്ങിയ ഉപ്പയെ ഓടിച്ചെന്നു കേട്ടിപിച്ചപോലെ ഞാന്‍ തിരിച്ചോടുമോ എന്ന് തോന്നി, ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു. കീശയില്‍ മടക്കിവെച്ച വിസയില്‍ കൈവെച്ച് ആ അഞ്ചു വയസുകാരന്‍ ആയിട്ടാണ് ഞാന്‍ തീവണ്ടിയിലേക്ക് നടന്നു കയറിയത്. സങ്കടങ്ങളും ദേഷ്യങ്ങളും എല്ലാം ഉള്ളില്‍ കിടന്നു പിടഞ്ഞു. ബോംബെ നഗരത്തിന്റെ ആകര്‍ഷണീയതയോ വിമാനത്തിന്റെ അത്ഭുതങ്ങളോ ആദ്യയാത്രയുടെ പരിഭ്രമങ്ങളോ എന്നില്‍ സ്പര്‍ശിച്ചില്ല, ബോംബെ എന്ന അത്ഭുത നഗരം നടന്നു കണ്ട ഓര്‍മ്മകളോ ഗല്ലികളിലൂടെ വരച്ചുനടന്ന കാലമോ മനസ്സില്‍ ഓടിയെത്തിയതുമില്ല. 22 വര്‍ഷം മുമ്പത്തെ ഈ യാത്ര ഇന്നും ഒരു കനല്‍ പോലെ കിടക്കുന്നു. എന്നില്‍ നിന്നും പറന്നുപോയ പ്രണയിനിയുടെ നീറുന്ന ഓര്‍മകളില്‍ പിടയാന്‍ അനുവദിക്കാതെ മണ്ണില്‍ നിന്നും പറന്നുയരുമ്പോള്‍ ഈ ലോകത്തിനോട് തന്നെ വെറുപ്പായിരുന്നു.

കാലക്രമേണ ആ കോപമോക്കെ അലിഞ്ഞില്ലാതാവുകയും മരുഭൂമിയുടെ ചൂടും തണുപ്പും ജീവിതത്തോട് ലയിച്ചുചേര്‍ന്നു. ഒരേ സമയം നൂറിലധികം രാജ്യങ്ങളുടെ സാംസ്കാരിക സാമൂഹിക ബന്ധങ്ങള്‍ മനസിലാക്കാനും നാം കണ്ടുപരിചയിച്ച ഒരു ലോകത്ത് നാം കേട്ടറിഞ്ഞ പലതും അങ്ങനെയല്ല എന്ന് തിരിച്ചറിയാനും ഈ കാലയളവ്‌ ഗുണകരമായി. അതിലുപരി ഞാന്‍ എന്തൊക്കെയോ ആയിരുന്നു എന്ന അഹന്ത ഉള്ളില്‍ പേറിയിരുന്നു. ആ അഹങ്കാരം കുടഞ്ഞുകളയാനും സാധിച്ചു. ഇപ്പോള്‍ അനുഭവത്തിന്റെ തീച്ചൂളയില്‍ ജീവിതത്തെ ചുട്ടെടുത്തപ്പോള്‍ ഇത്രയെങ്കിലും സാധിച്ചല്ലോ എന്ന തോന്നല്‍ പേറി ജീവിക്കുന്നു. എന്നാല്‍ ചുട്ടുപൊള്ളുന്ന അനേകം ജീവിതം കണ്ടു ശീലിച്ചതിനാല്‍ തന്നെ ഇപ്പോള്‍ ഉള്ള ജീവിതം എത്രസുന്ദരമെന്നും എനിക്ക് താഴെ ചുട്ടെടുക്കുന്ന കുറെ ജീവിതങ്ങള്‍ ഉള്ളപ്പോള്‍ ഈ ജീവിതമെത്രയോ അധികമാണെന്നും തിരിച്ചറിയാന്‍ കഴിയുന്നു. ആദ്യ യാത്രയുടെ ഓര്‍മയില്‍ വിങ്ങുന്ന ഉമ്മയുടെ നോട്ടവും ഉപ്പയുടെ ഇടറുന്ന ശബ്ദവും അവരില്ലാത്ത ശൂന്യതയും ഒക്കെ വേദനിപ്പിക്കുന്ന ചിത്രങ്ങളായി ഹൃദയഭിത്തികളില്‍ പതിഞ്ഞുകിടക്കുന്നു. ഏതൊരു യൂനിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചതിനെക്കാള്‍ അധികം ഈ മണ്ണില്‍ നിന്നും പഠിച്ചു എന്ന് പറയാം. ജീവിതം പഠിപ്പിച്ച ഈ ഭൂമികയില്‍നിന്നും ഇനിയും പലതും പഠിക്കാനുണ്ട്. അതിനായി കാത്തിരിക്കുന്നു. എത്ര ചൂടിനേയും അതിജീവിച്ച് കരുത്തോടെ നില്‍ക്കുന്ന കള്ളിമുള്‍ ചെടിയെ പോലെ, മുള്ള് ഉണ്ടെന്നേ ഉള്ളൂ ഉള്ളില്‍ അത്രയൊന്നും കടുപ്പമില്ല. മുള്ളുകള്‍ ഒരു കവചം മാത്രം ഉള്ളില്‍ ഏറെ മാര്‍ദ്ദവമേറിയതിനെ സംരക്ഷിക്കാന്‍ ഉള്ള രക്ഷാ കവചം. എന്നിട്ടും നിങ്ങള്‍ക്ക് ഓടിഞ്ഞുപോയ മുള്ളുകള്‍ കാണാം. അതാണ് ഓരോ പ്രവാസിയും. അത് തിരിച്ചറിയാന്‍ ആര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് ഒട്ടുമിക്ക പ്രവാസിയും പ്രയാസിയായി മാറുന്നത്. ഈ തനിയാവര്‍ത്തനം ദശകങ്ങള്‍ ആയി തുടരുന്നു. അതിലെ ഒരു കള്ളിമുള്‍ചെടിയായി ഞാനും.....
                                                             ======================
(സിറാജ് ഞായറാഴ്ച 17/ 09 / 2017)
 


No comments:

Post a Comment