| ലേഖനം |
| http://malayalanatu.com/index.php/-/1212-2011-12-26-03-43-34 |
| തിങ്കള്‍, 26 ഡിസംബര്‍ 2011 09:12 |
ജീവന്റെ നിലനില്‍പ്പു തന്നെ ജലമാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ശുദ്ധ ജലത്തിനായി കേഴുന്നവരുടെ നിര ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ഒപ്പം ജല വിനിയോഗത്തിന്റെ ധൂര്‍ത്തും ജല വിപണിയും. വെള്ളം വിപണന വസ്തുവായി മാറുന്നതോടെ ഏറെ പ്രതിസന്ധികള്‍ നെരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജല വിതാനം വര്‍ഷത്തില്‍ ഒരു മീറ്റര്‍ വെച്ച് താഴുകയാണെന്ന ഞെട്ടിക്കുന്ന സത്യം നില നില്‍ക്കെയാണ് ജല വിപണി സജ്ജീവമാകുന്നത്. ആഗോളവല്‍ക്കരണത്തിന് സായുധ രൂപം ഉണ്ടായതോടെ ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങും. കടം വാങ്ങി വിധേയത്വം സീകരിച്ചു കഴിഞ്ഞ മൂന്നാം ലോക രാജ്യങ്ങള്‍ക്കു മേലെ ഉയരുന്ന നിയന്ത്രണങ്ങള്‍ കോടി ക്കണക്കിന് ദരിദ്ര ജനങ്ങളെ ഇരകളാക്കും. അധിനിവേശത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഇതൊരു എളുപ്പ വഴിയാകും. വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാകും എന്ന പ്രവചനം ശരിയാകുന്ന തരത്തിലേക്കാണ് ലോകം പോയി കൊണ്ടിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ജല തര്‍ക്കങ്ങള്‍ കൂടി വരികയാണ്. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ മറി കടന്ന് ഒഴുകി കൊണ്ടിരിക്കു ന്നുണ്ടെന്നത് ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. വെള്ളത്തിനു വേണ്ടി ഇസ്രയേല്‍ നടത്തുന്ന ഗൂഡ തന്ത്രം അമേരിക്ക ഇറാഖിലൂടെ സഫലീകരിച്ചു കൊടുക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ശുദ്ധ ജലം ഒഴുകുന്ന ഒരേയൊരു രാജ്യം ഇറാഖ് ആണെന്നും അവിടെ എണ്ണ മാത്രമല്ല എന്നും, ടൈഗ്രീസും യൂഫ്രട്ടീസും ഒഴുകുന്ന ഇറാഖിലെ ജല സമ്പത്ത് ചെറുതല്ലെന്നും ഉള്ള കാര്യം അധിനിവേശം നടത്തുന്നവര്‍ക്ക് നന്നായി അറിയാം. കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്തിനായി മത്സരിക്കുകയാണ്. മൊണ്‍സാന്റൊ, മിത്സുബിഷി, ഹൊയണ്ടായ്, ന്യൂയസ് ലിയോനായിസ് ഡിയോക്സ്, വിവന്റി, അക്വാഡി ബാഴ്സിലോണ, തേംസ് വാട്ടര്‍, ആംഗ്ലിയന്‍ വാട്ടര്‍, ബെക്ടെല്‍ തുടങ്ങിയ ആഗോള കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്ത് ലക്ഷ്യമിട്ട് ചതിയുടെ സഹായ ഹസ്തങ്ങള്‍ നീട്ടുമ്പോള്‍ അതത് രാജ്യങ്ങളിലെ ഭരണ കൂടങ്ങള്‍ വികസനം എന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിവിധ തരത്തിലുള്ള പദ്ധതികളായി അവതരിപ്പിക്കുകയും പദ്ധതിയുടെ യഥാര്‍ഥ ഗുണ ഭോക്താക്കള്‍ കുത്തക കമ്പനികളാകുന്നു. കുത്തക കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ അതത് ഭരണ കൂടങ്ങള്‍ ജല വില്‍പ്പനക്ക് കൂട്ടു നില്‍ക്കുന്നു. ലോകത്ത് ആകമാനം നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ഉദാര വല്‍ക്കരണ ത്തിന്റെ ഭാഗമായി ചില കൈകളില്‍ മാത്രം സമ്പത്ത് കുന്നു കൂടുകയും വലിയൊരു വിഭാഗം ദരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ ഈ ചൂഷണത്തിനു മുന്നില്‍ മൂന്നാം ലോക രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ സുഖ സൌകര്യങ്ങക്കായി ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന അവസ്ഥ വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിക്ക് അനുസൃതം അല്ലാത്ത പദ്ധതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അടിച്ചേല്‍പിച്ച് അവിടെ വിഭവ ത്തകര്‍ച്ച സൃഷ്ടിച്ച് വിപണി കണ്ടെത്തുകയാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. മുതലാളിത്ത രാജ്യങ്ങളില്‍ ഒരാള്‍ ‘ഫ്ലഷ്’ ചെയ്തു കളയുന്ന ജലം പോലും മൂന്നാം ലോക രാജ്യത്തെ ഒരാളുടെ മുഴുവന്‍ ആവശ്യത്തിനു പോലും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധങ്ങളും ജല മലിനീകരണവും മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ ഒട്ടനവധിയാണ്. ഓരോ യുദ്ധങ്ങളും നോക്കുക, ജല സംഭണികള്‍ തകര്‍ക്കുക എന്നത് ഒരു യുദ്ധ ലക്ഷ്യമാണ് . ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ അവിടുത്തെ ജല സംഭരണികള്‍ ബോംബിട്ട് തകര്‍ത്തത് നാം കണ്ടതാണ്. ആദ്യ ബോംബ് സദ്ദാമിന്റെ കൊട്ടാരത്തെ ലക്ഷ്യമാക്കി ആയിരുന്നെങ്കില്‍ രണ്ടാമത്തെ ബോംബ് ശുദ്ധ ജല സംഭരണിക്കു നേരെ ആയിരുന്നു. ഈ ശുദ്ധ ജല പ്ലാന്റ് തകര്‍ത്തതിലൂടെ ജല വിതരണം മുടക്കി യുദ്ധ മുന്നേറ്റം നടത്തിയ അമേരിക്ക യുദ്ധാനന്തരം ഇറാഖിലെ ജല വിതരണത്തിന് ബെക്ടെല്‍ എന്ന കുത്തക കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. ആഗോള വല്‍ക്കരണത്തിന്റെ ഭീകര മുഖമാണ് ഇവിടെ നാം കണ്ടത്. ഇത്തരത്തില്‍ തകര്‍ക്കുക: പുനര്‍നിര്‍മ്മിക്കുക എന്ന മുതലാളിത്ത തന്ത്രം വെള്ള കച്ചവടത്തിലും വന്നിരിക്കുന്നു. യുദ്ധങ്ങള്‍ മൂലമുണ്ടാകുന്ന ജല മലിനീകരണത്തിന് വന്‍ ശക്തികളല്ലാതെ മറ്റാരാണ് ഉത്തരവാദി? വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആകുമെന്നത് ഏറെ ക്കുറെ ശരിയായി തുടങ്ങിയിരിക്കുന്നു. ജലം ഇല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ആഗോള വല്‍ക്കരണ നയങ്ങള്‍ക്കൊപ്പം ഓടാന്‍ വെമ്പുന്ന നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇന്ത്യയില്‍ കുത്തകള്‍ക്ക് വിപണി ഒരുക്കി കൊടുക്കുകയാണ്. 110 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ വലിയൊരു വിപണിയാണെന്ന് അവരും മനസിലാക്കിയിരിക്കുന്നു. കുപ്പി വെള്ളം വാങ്ങി കുടിക്കുക എന്നത് മാന്യതയായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ ജല ചൂഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും കാലം വെള്ളത്തിനായി പൊരുതേണ്ടി വരുമോ? ജല യുദ്ധങ്ങള്‍ വരുന്ന വഴി നാം തന്നെ വെട്ടി കൊടുക്കണോ? ഇതിനിടയിലാണ് ജലത്തര്‍ക്കം മുല്ലപെരിയാറിലൂടെ നാം അനിഭവിച്ചു കൊണ്ടോരിക്കുന്നത്. കുറച്ച് മുമ്പ് തമിഴ്നാട് തര്‍ക്കിച്ചത് കര്‍ണാടകയുമായിട്ടായിരുന്നു അന്ന് കാവേരിയിലെ ജലമാണ് തര്‍ക്ക വിഷയമെങ്കില്‍ ഇന്ന് മുല്ലപെരിയാറില്‍ അണക്കെട്ട് കെട്ടുന്നതിനെ സമ്പന്ധിച്ച തര്‍ക്കമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പരസ്പരം പോരടിക്കുന്ന തരത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. ഇടുക്കി എന്ന ജില്ലയെ ആസൂത്രണമില്ലാത്ത വിവിധ പദ്ധതികളാല്‍ അണകെട്ടി ഈ അപകടാവസ്ഥയില്‍ എത്തിച്ചത് മറ്റാരുമല്ല. ലോകം ജലത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന കാലം വരുമെന്ന ദീര്‍ഘവീക്ഷണം നമുക്ക് പണ്ടേ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഇനി അണക്കെട്ട് കേട്ടുകയല്ലാതെ മറ്റുവഴിയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചതും മറ്റാരുമല്ല. നമ്മുടെ അരുവികളും തോടുകളും കുളങ്ങളും പുഴകളും സംരക്ഷിക്കാന്‍ ഇന്നും നമുക്കൊരു ആസൂത്രണമില്ല എന്ന അവസ്ഥയെ ഇതിനോട് ചേര്‍ത്ത് വായിക്കണം. അതായത് മുല്ലപെരിയാര്‍ പ്രശ്നം പരിഹരിച്ചാലും നാം നേരിടാന്‍ പോകുന്ന കടുത്ത ജലക്ഷാമത്തേയും, വെള്ളകച്ചവടത്തേയും അതിജീവിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. മുല്ലപെരിയാര്‍ ഇന്ന് രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. ആകുലത പേറിയ വലിയൊരു ജനപഥം അണക്കെട്ടിനു താഴെ ജീവിക്കുന്നു. ഒരു ഭൂമികുലുക്കമോ മറ്റോ കേരളത്തിന്‍റെ ഭൂമിശാസ്ത്രം തന്നെ മാറ്റിമറിക്കുന്ന തരത്തില്‍ ദുരന്തം ഉണ്ടായാല്‍ അതില്‍ അത്ഭുതപെടേണ്ട. ഈ പേടിപ്പെടുത്തുന്ന അവസ്ഥയക്ക് പരിഹാരം കാണാന്‍ തടസ്സമായി നില്‍ക്കുന്നത് കേവലം പ്രാദേശിക രാഷ്ട്രീയ വാശിമാത്രമാണ് എന്നതാണ് ദുരവസ്ഥ. ഇതിന്റെ മറുവശം മലയാളി മറക്കരുത് വേപ്പില മുതല്‍ ഓണത്തിന് പൂക്കളമിടാന്‍ പൂവും, സദ്യക്ക് വാഴയില വരെ തരുന്നത് തമിഴരാണ്. നാമിന്നും കറിവേപ്പില വരെ കൃഷി ചെയ്യാന്‍ തയ്യാറായിട്ടില്ല. പകരം റിയല്‍ എസ്റ്റേറ്റ് ബിസിനസിനും റിസോര്‍ട്ടുകള്‍ക്കും വേണ്ടി ഇന്നും നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യാന്‍ നമുക്കൊരു മടിയിമില്ല. വെട്ടിവെളുപ്പികുമ്പോള്‍ ഒന്നും നാം ജലത്തെ പറ്റിയോ പ്രകൃതിയെ ഒന്നും നാം ചിന്തിക്കുന്നില്ല. തമിഴ്നാടിന്റെ രാഷ്ട്രീയ വാശിയേ ഇവിടെ അംഗീകരിക്കുന്നില്ല. അതിനോടൊപ്പം മേല്പറഞ്ഞ നമ്മുടെ കുറവുകളെ പറ്റിയും നാം ചിന്തിക്കണം. ജലത്തെ പറ്റിയുള്ള ചിന്ത ലോകം മുഴുമന്‍ വ്യാപിക്കുകയാണ് എന്നാല്‍ നമുക്കിടയില്‍ മുല്ലപെരിയാര്‍ മാത്രമാണ് വിഷയം. അതും പുതിയ അണക്കെട്ട് കെട്ടുന്നതോടെ ആ പ്രശ്നവും തീരുമെന്ന് അര്‍ഥം. അവിടെ നില്‍ക്കരുത് കാര്യങ്ങള്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. കൊക്കോകോള കമ്പനി പ്ലാച്ചിമടയിലെ ജലമൂറ്റി ഒരു പ്രദേശത്തെ മുഴുവന്‍ കൊടും വരള്‍ച്ചയിലേക്ക് നയിച്ചതിനെതിരെ നമ്മുടെ ഭരണ കൂടങ്ങള്‍ എടുത്ത സമീപനം ഓര്‍ക്കുക ഇപ്പോള്‍ പ്ലാച്ചിമട സമരത്തിന്റെ ഫലം എന്തായിരുന്നു. കമ്പനി പൂട്ടിപോയി എന്നതിലപ്പുറം എന്തു ഗുണമാണ് ഇരകള്‍ക്ക് ലഭിച്ചത്. നഷ്ടം നഷ്ടമായി തുടരുന്നു. പെരിയാര്‍ നദിയെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ മലിനീകരണം തുടരുന്ന നമ്മുടെ വ്യവസായിക വികസനത്തെ കേരള ജനത ഇതുവരെ ഏറ്റെടുത്തതോ? ചക്കംകണ്ടം അടക്കം കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ തരത്തില്‍ ജലമലിനീകരണം തുടരുന്നത് നാം കാണുന്നില്ലേ? ശുദ്ധജല സ്രോതസ്സായ വനങ്ങളും കുന്നുകളും ദിനം പ്രതി ഇല്ലാതാകുന്നത് നമ്മുടെ കണ്മുമ്പില്‍ തന്നെയല്ലേ? ആറുമാസം മണ്‍സൂണ്‍ കനിഞ്ഞ് തുടര്‍ച്ചയായി മഴ ലഭിക്കുകയും 44 നദികള്‍ ഒഴുകുകയും ചെയ്യുന്ന കേരളത്തിലെ ഒടുമിക്ക പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും ജൂണ്‍ കഴിയുന്നതോടെ തന്നെ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുന്ന അവസ്ഥയെ പറ്റി ഇന്നും നാം ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ? ഈ ചിന്തകള്‍ കൂടി നമുക്കിടയിലൂടെ കടന്നു പോകേണ്ടാതല്ലേ? എന്നാല്‍ അതുണ്ടാകുന്നില്ല എന്നതാണ് ഏറെ ദു:ഖകരം. ജലയുദ്ധം നമുക്കിടയില്‍ വന്നു കഴിഞ്ഞു... മുല്ലപെരിയാറും, ചക്കംകണ്ടവും, പ്ലാച്ചിമടയും, പെരിയാര്‍ നദിയുടെ മലിനീകരണവും. പമ്പയുടെ ശോഷണവും, വറ്റിവരണ്ട നിളയും നല്‍കുന്ന സൂചന അതാണ്. ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി ഇടപെടുകയും ചെയ്യുന്ന സമീപനവും ഇനിയെങ്കിലും നമുക്കുണ്ടാവണം. ഉടനെ തീരുമാനമെടുക്കേണ്ട മുല്ലപെരിയാറും, അതോടൊപ്പം ഇനിയെങ്കിലും പരിഹാരത്തിനായി ശ്രമിക്കേണ്ടവയാണ് മേല്‍ സൂചിപ്പിച്ച പലതും... ജലത്തെ പറ്റിയുള്ള ആകുലത ലോകം മുഴുവന്‍ വ്യാപിക്കുമ്പോള്‍ നമുക്കായി മാറി നില്ക്കാന്‍ ആവില്ല. ഇനിയെങ്കിലും നമ്മുടെ വികസന സങ്കല്‍പ്പത്തില്‍ മാറ്റം ഉണ്ടാവട്ടെ. “കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ - മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍ ആറുകളില്‍ കുടി വെള്ളം വിഷമായ് മാറുകയാം കെടു രാസ ജലത്താല്‍” കൊന്നപ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്. |
Showing posts with label globalization. Show all posts
Showing posts with label globalization. Show all posts
Sunday, 1 January 2012
ജല യുദ്ധങ്ങള്‍ വരുന്ന വഴി!
Sunday, 25 December 2011
വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നുമ്പോള്‍
മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തി കൊണ്ടുവരാന്‍ അഹോരാത്രം ശ്രമിക്കുന്ന വലിയൊരു പക്ഷം നമ്മുടെ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണ വര്‍ഗ്ഗത്തിലും ഉണ്ട്. ഭരണാധികാരികള്‍ തന്നെ മുതലാളിത്ത ദല്ലാളന്മാര്‍ ആകുന്ന അവസ്ഥ ദയനീയം തന്നെ. ആഗോളവല്‍ക്കരണത്തിന്റെ പ്രകടമായ ഒരു കാര്യം മൂന്നാംലോക രാജ്യങ്ങളിലെ ഭരണ കൂടങ്ങളെ എളുപ്പത്തില്‍ വലവീശി പിടിക്കുന്നു എന്നതാണ്. ഏറെ വാഗ്ദാനങ്ങളും, കുറെ സ്വപ്നങ്ങളും നിറച്ചുകൊണ്ട് വലവീശുമ്പോള്‍ അധികാര സുഖം നുണയാന്‍, അതിനെ നിലനിര്‍ത്താന്‍ അവര്‍ തരുന്ന എന്തും തന്‍റെ ജനങ്ങള്‍ക്കുമീതെ കേട്ടിവെക്കുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് നമുക്ക് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്. ആഗോള കുത്തക കമ്പനികള്‍ ഇന്ത്യന്‍ വിപണി കൈയടക്കുന്നതിനെ വലതുപക്ഷ രാഷ്ട്രീയ ഭാഷയില്‍ ഇന്ത്യ ലോകത്തിന്‍റെ നെറുകയിലേക്ക് മുന്നേറി കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നിരവധി തവണ ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങളും പ്രസ്താവനകളും ഇന്ത്യന്‍ ജനത കേട്ട് കഴിഞ്ഞതാണ്. വര്‍ഷാവര്‍ഷം ഇന്ത്യയുടെ കടബാധ്യത വര്‍ദ്ധിച്ചുവരുന്നതല്ലാതെ ഇതുവരെ കുറഞ്ഞു വന്നതായി കണ്ടിട്ടില്ല. ഇപ്പോഴിതാ വ്യവസായിക ഉത്പാദനത്തിന്റെ ഇടിവ് ഏറ്റവും താഴേക്ക് പോയി നെഗറ്റിവില്‍ എത്തിനില്‍ക്കുന്നു. 1992 മുതല്‍ ഇന്ത്യ സ്വീകരിച്ചു വന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ പരിണിതഫലമാണ് ഈ തകര്‍ച്ച. ഈ തകര്‍ച്ച കോര്‍പ്പറേറ്റ് ശക്തികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കത്തുന്ന പുരയുടെ കൈക്കോല്‍ ഊരുന്ന നിലപാടാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റ് കുത്തകകളും നടത്തുന്നത്. അതിന്റെ ഭാഗമാണ് 2ജി സ്പെക്ട്രം പോലുള്ള വലിയ അഴിമതികള്‍.
നടന്നു കഴിഞ്ഞ ഉച്ചകോടികളും നടക്കാനിരിക്കുന്ന ഉച്ചകോടികളും മുതലാളിത്ത താല്പര്യത്തെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാട് സ്വീകരിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ലോക ജനതയ്ക്ക് മനസിലായിക്കഴിഞ്ഞു. അതാണ് വാള്‍സ്ട്രീറ്റിലും, ബോസ്റ്റണിലും, മോസ്ക്കോയിലും തുടങ്ങി പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. മുതലാളിത്ത താല്പര്യങ്ങള്‍ സാധാരണക്കാരനെ പരിഗണിക്കുന്നില്ല എന്ന സത്യം ഇവര്‍ക്ക് മനസിലായതോടെ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങി. സമരം ചെയ്യേണ്ട നിര്‍ബന്ധിതാവസ്ഥ ലോകത്ത് ഉരിത്തിരിയുന്ന സാഹചര്യത്തിലാണ് നമ്മുടെ ചെറുകിട വ്യാപാര മേഖല കുത്തകള്‍ക്ക് കൈമാറാന്‍ ശ്രമിച്ചത്. ഈ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 1991 ല്‍ മന്മോഹന്‍ സിംഗ് ധനമന്ത്രിയായി വന്ന അന്ന് മുതല്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്റണ്‍, ഇപ്പോഴത്തെ പ്രസിഡന്‍റ് ബരാക് ഒബാമ എന്നിവരും മറ്റു യു. എസ് ഉദ്ദ്യോഗസ്തരും ഇതിനു വേണ്ടി മാത്രം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വാള്‍ മാര്‍ട്ട് ഇന്ത്യയില്‍ കണ്ണുവെച്ച് പ്രധാന മന്ത്രിയെ കൂട്ടുപിടിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കച്ചവടത്തെ ഇത്രയും കാലം ഒരു പരിധി വരെ ഇടതുപക്ഷം പ്രതിരോധിച്ചു പോന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷമാകുന്ന ഏതു സാഹചര്യത്തിലും ഈ കച്ചവടം നടക്കുമെന്ന് ഉറപ്പാണ്. സ്വതന്ത്ര വിപണി തുറന്നുകൊടുക്കുക എന്ന മുതലാളിത്ത ആശയത്തെ എങ്ങിനെയെങ്കിലും നടപ്പിലാക്കുവാനുള്ള തന്ത്രപ്പാടിലാണ് നമ്മുടെ പ്രധാനമന്ത്രിയും കൂട്ടരും. ഇന്ത്യയിലെ ചെറുകിട ചില്ലറ വ്യാപാര മേഖല ആഗോളീകരിക്കുക എന്നത് കൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നത് കുത്തക കമ്പനികള്‍ക്കായി വാതില്‍ തുറന്നിടുക എന്നതാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഏറെ ആഘാതം സൃഷ്ടിക്കാവുന്ന ഈ നയത്തെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ തന്നെ അനുകൂലിക്കുന്നു. 2010 ലെ കണക്ക് പ്രകാരം ഏതാണ്ട് 14000 കോടി രൂപയുടെ ക്രയവിക്രയം ചില്ലറ വ്യാപാരത്തിലൂടെ നടന്നു കഴിഞ്ഞു എന്നാണ്. ഇതിനകം തന്നെ വിവിധ തന്ത്രങ്ങളിലൂടെ ചെറുകിട ചില്ലറ വ്യാപാര മേഖലയുടെ മൂന്നു ശതമാനത്തിലധികം കുത്തക കമ്പനികളുടെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞു ബിനാമി വഴിയും മറ്റു സ്രോതസ്സുകള്‍ ഉപയോഗിച്ചും നിരന്തരം ഇന്ത്യന്‍ വിപണിയെ കയ്യടക്കി ലാഭം കൊയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഈ കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാന മന്ത്രി വാദിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല ഒരു സുരക്ഷിത വിപണിയാണ് എന്നുമാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ കടപുഴകി വീഴാവുന്ന പല ബഹുരാഷ്ട്ര കുത്തക കമ്പനികളുടെയും പ്രതീക്ഷയാണ് ഇന്ത്യന്‍ വിപണി. ഇന്ത്യയിലെ തന്നെ കുത്തക കമ്പനികള്‍ ഈ രംഗത്തേക്ക് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. കെട്ടിപ്പൊക്കിയ ഊഹക്കച്ചവടം തലയ്ക്കു വലിയ ഭാരമായി നില്‍ക്കുമ്പോള്‍ അവര്‍ക്കും പ്രതീക്ഷ ചെറുകുട വിപണി തന്നെയാണ്. ഇതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കുക എന്ന ഗൂഡലക്ഷ്യത്തെ ചെറുതായി കണ്ടുകൂടാ. നിലവില്‍ ചെറുകിട വ്യാപാര-വ്യവസായ മേഖല സാധാരണക്കാരില്‍ ചുറ്റിപറ്റി പന്തലിച്ചു കിടക്കുന്നതാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ വഴി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇതിന്റെ ലാഭ വിഹിതം പങ്കിടപ്പെടുന്നു. കേന്ദ്രം ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുമ്പോളും ഈ പങ്കിടല്‍ സാധ്യമാകില്ല. പകരം ജനങ്ങള്‍ക്ക് തൊഴില്‍ വേതനം മാത്രം നല്‍കപ്പെടുമ്പോള്‍ ലാഭ വിഹിതം മുഴുവന്‍ ഒന്നോ രണ്ടോ കുത്തക കമ്പനികള്‍ മാത്രമായിരിക്കും. ഈ മുഖ്യ ലഭോക്താവ് മറ്റാരുമല്ല വിപണിയെ ആദ്യം കയ്യടക്കുന്ന ഏതെങ്കിലും കുത്തക കമ്പനികളാവും. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പ്രലോഭനങ്ങളെ മറികടക്കാനുള്ള കഴിവില്ലയ്മയെ ഇവര്‍ ചൂഷണം ചെയ്യും. മികച്ച പരസ്യ തന്ത്രങ്ങളിലൂടെ സാധാരണക്കാരെ ആകര്‍ഷിക്കുവാനും വേര് ഒരു ഉപഭോക്താവ് മാത്രമായി ചുരുക്കി കൊണ്ടുവരാനും എളുപ്പത്തില്‍ കുത്തക കമ്പനികള്‍ക്ക് സാധിക്കും. ഇതിന്‍റെ ആദ്യ ചുവടുകള്‍ നമുക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. ഇന്ന് ഷോപ്പിംഗ് എന്നത് സാധാരണക്കാരന് പോലും ഇന്ന് ഹോബിയായി മാറിയത് അതിനാലാണ്. ലാഭത്തിന്റെ ഒരു ശതമാനം പോലും വരാത്ത സമ്മാന മഴയില്‍ ആകൃഷ്ടരായി നാം ഈ ഷോപ്പിംഗ് സംസ്കാരത്തെ അറിയാതെ പ്രോത്സാഹിപ്പിക്കുമ്പോള്‍ പെട്ടിക്കട നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളുടെ ജീവിതം നാമറിയാതെ ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒട്ടനവധി ജീവിതങ്ങളെ മുരടിപ്പിക്കുന്ന 'ഒരു കുടക്കീഴില്‍ എല്ലാമെന്ന' മുതലാളിത്ത ആശയം എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ഒന്നായതിനാല്‍ ആരും ഈ കെണിയില്‍ വേഗത്തില്‍ വീഴും. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചെറുകിട വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളുടെ പങ്കാളിത്തം നടപ്പിലായാല്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും വലിയ ഷോപ്പിംഗ് മാളുകള്‍ ഉണ്ടാകും. ഇതിനെയും വികസനമായി കാണുന്നവര്‍ ചെറുകിട കച്ചവടക്കാരന്‍റെ തകര്‍ച്ച കാണാത്തവരോ, കണ്ടില്ലെന്നു നടിക്കുന്നവരോ ആണ്. ചെറുകിട വ്യാപാരം മുഴുവനായി കുത്തകകളുടെ നിയന്ത്രണത്തില്‍ ആകുന്നതോടെ വിപണിയിലെ വില നിയന്ത്രണവും അവരുടെ കൈകളിലാകും. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം അതാത് കമ്പനികള്‍ക്ക് നല്‍കിയതോടെ ഉണ്ടായ വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്. ഉത്‌പന്നങ്ങള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധനവ് ഉണ്ടാകാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും.
നിലവിലെ പരസ്പരം സഹകരിച്ചു കൊണ്ടുള്ള സാമൂഹികാന്തരീക്ഷത്തില്‍ ചെറുകിട വ്യാപാരത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നമ്മുടെ വിപണിയുടെ സ്വഭാവം മാറ്റപ്പെടാം. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ സാമൂഹിക സമ്പര്‍ക്കം നിലനിര്‍ത്തുന്ന പാരസ്പര്യവും വിശ്വാസവും തകരും അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. ഈ പാരസ്പര്യവും ആത്മബന്ധവും നിലനിര്‍ത്താല്‍ ഈ ആഗോള കുത്തകള്‍ക്ക് സാധിക്കുകയില്ല എന്ന് മാത്രമല്ല ജനതയോടുള്ള സാമൂഹിക പ്രതിബദ്ധത ഇവര്‍ക്കുണ്ടാവാന്‍ സാധ്യതയുമില്ല. വലിയ കേട്ടിട സമുച്ചയങ്ങളും ഷോപ്പിംഗ് മാളുകളുമാണ് വികസനത്തിന്‍റെ മുഖമെന്ന് തെറ്റിദ്ധരിക്കപെട്ട ഒരു ജനതയ്ക്ക് മീതെയാണ് ഭരണകൂടം ഇത്തരം നയങ്ങള്‍ വിതറുന്നതെന്ന ഭയാനകമായ വസ്ഥയെ തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇനിയും നമ്മളില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു നയം രൂപീകരിക്കുമ്പോള്‍ സാധാരണ ജനപക്ഷത്തെ അവഗണിക്കുകയും വന്‍കിട മുതലാളിത്ത കമ്പനികളുടെ താല്പര്യത്തെ വേണ്ടവിധം സംരക്ഷിക്കുകയും ചെയ്യുന്ന ഇന്നത്തെ ഭരണകൂടം ഇന്ത്യയെ തന്നെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. "ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ ബാധിക്കും എന്നുനോക്കി തീരുമാനമെടുക്കുക" എന്ന് പറഞ്ഞ ഗാന്ധിജിയുടെ അനുയായികള്‍ തന്നെയാണോ ഈ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നത്? ഇതാണോ മന്മോഹന്‍ സിംഗ് സാമ്പത്തിക നയങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കുമെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം? ഇത് സാധാരണക്കാരന്‍റെയോ ദരിദ്രന്‍റെയോ മുഖമല്ലെന്നും കോട്ടും സ്യൂട്ടുമണിഞ്ഞ മുതലാളിത്തത്തിന്‍റെ മുഖമാണെന്നും ഈ ഭരണകൂടം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുതലാളിത്തത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ സാധാരണക്കാരായ ജനങ്ങളെ പാടെ മറക്കുന്നു. ഭയപ്പെടുത്തുന്ന ഒട്ടനവധി തീരുമാനങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടായി. ആഗോളവല്‍ക്കരണത്തിന്‍റെ ഭയാനകമായ നയങ്ങളെ ഭരണകൂടം തന്നെ പ്രോത്സാഹനം നല്‍കുമ്പോള്‍ ജനങ്ങള്‍ വലയുമെന്നതിനു തെളിവാണ് ഗാട്ട്, ആണവ കരാറുകളും ഒപ്പിട്ടപ്പോള്‍ നാം കണ്ടത്ത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്ക് വഴിവെച്ച ഗാട്ട് കരാറും, ഇന്ത്യയുടെ സമ്പത്തിനും പ്രകൃതിക്കും മനുഷ്യര്‍ക്കും ഒരുപോലെ നാശം വിതക്കുന്ന ആണവ കരാറും ഇതേ ഭരണ നേതൃത്വങ്ങള്‍ തന്നെ ജനതയ്ക്കു തലയില്‍ കേട്ടിവെച്ചത്. ഫുക്കുഷിമയിലെ ദുരന്തമൊന്നും മനസിലാക്കാതെ കൂടംകുളം ആണവനിലയത്തിനായി വാദിക്കുന്നതും ഇവര്‍ തന്നെ. രണ്ടാം ഹരിത വിപ്ലവത്തിന് തയ്യാറാവാന്‍ പറഞ്ഞതും ഇതേ പ്രധാനമന്ത്രി തന്നെ. ഈ സമയം ഒന്നാം ഹരിത വിപ്ലവത്തിന്‍റെ ഗുണഭോക്താക്കള്‍ ആരായിരുന്നെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. രാസവള കമ്പനികളും കീടനാശിനി കമ്പനികളും ലാഭം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ഷകര്‍ ദിനംപ്രതി ദുരിതത്തില്‍ നിന്നും കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കപെടുകയാണ് ഉണ്ടായത്. ഒന്നാം ഹരിത വിപ്ലവത്തിന്റെ പോരായ്മകള്‍ ചര്‍ച്ച ചെയ്യാതെ വീണ്ടും കുത്തക കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍ ഉണ്ടാകുകയാണ്. നമ്മുടെ കാര്‍ഷിക മേഖല തകര്‍ന്നതോടെയാണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങിയതും. ഗാട്ട് കരാറും പേറ്റന്റ് നിയമങ്ങളും മുതലാളിത്ത താല്പര്യത്തിന് അനുസരിച്ച് നടപ്പിലാക്കിയത് പോലെ സ്വതന്ത്ര വിപണി തുറന്നു കൊടുത്ത് ചെറുകിട വ്യാപാര മേഖലയെ കൂടി ആഗോള താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കുവാനാണ് നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സഖ്യകക്ഷികളുടെ എതിര്‍പ്പുകള്‍ മറികടക്കനാവാതെ താല്‍കാലികമായി ഇതിനെ മാറ്റി വെച്ച് എങ്കിലും ഇപ്പോഴും ഈ ബില്‍ അതി ശക്തിയായി തിരിച്ചുവരാം. ഇപ്പോള്‍ എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളായ സഖ്യ കക്ഷികള്‍ക്ക് തക്കതായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ അവര്‍ ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങിയേക്കാം. ആണവ കരാറിന്‍റെ സമയത്തും അഹു തന്നെയാണല്ലോ സംഭവിച്ചത്. വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നു തീര്‍ക്കട്ടെ എന്ന് തന്നെയാണ് ഇതിനര്‍ത്ഥം. അതിന് നമ്മുടെ ഭരണകൂടം തന്നെ ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇത്തരം നയങ്ങള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ പേറുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണെന്ന സത്യം നമ്മുടെ ഭരണാധികാരികള്‍ മറക്കുന്നു. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയം നമുക്കുണ്ടായില്ലെങ്കില്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതായിരിക്കും.
Tuesday, 29 November 2011
മുതലാളിത്തം പ്രലോഭനങ്ങളുടെ പരസ്യവല നെയ്യുമ്പോള്‍
"ധന സമ്പാദനം ലക്ഷ്യം വെച്ച് വളരെ നീണ്ട കാലത്തേക്ക് മനുഷ്യബുദ്ധിയെ അറസ്റ്റ് ചെയ്യുന്ന കലയാണ് പരസ്യം"
-:സ്റ്റീഫന്‍ ലീക്കൊക്ക്.
എല്ലാ അതിരുകളും ലംഘിച്ച്, കച്ചവടത്തിനപ്പുറം മാനസികാധിനിവേശത്തിന് ഇടം നല്‍കുന്ന ഒന്നായി പരസ്യങ്ങള്‍ മാറുകയാണ്. ഒരു ഉല്പന്നവും പരസ്യത്തിന്‍റെ പിന്‍ബലമില്ലാതെ ഉപയോഗിക്കുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരസ്യത്തിലൂടെ നല്‍കിവരുന്ന മാതൃകകളാണ് സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പാരമ്പര്യമായി നാം സ്വീകരിച്ചുപോരുന്ന ഭക്ഷണ രീതി പോലും പരസ്യങ്ങള്‍ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. പരസ്യങ്ങളിലൂടെ ബഹുരാഷ്ട്രകുത്തകകമ്പനികളുടെ ഭക്ഷ്യ ഉല്പന്നങ്ങള്‍ നമ്മുടെ അടുക്കളയിലും ആമാശയത്തിലും ഇടം നേടിക്കഴിഞ്ഞു. ലോകത്തിന്‍റെ ഓരോ ഇരുപതു മീറ്ററിലും ഒരു കെന്റക്കിയെങ്കിലും ഉണ്ടായിരിക്കണമെന്ന കച്ചവട വാശി ലോകത്ത് ഏറെക്കുറെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ജൈവ സാങ്കേതിക വിദ്യ വികസിച്ചതോടെ നമുക്ക് മുന്നില്‍ തുറന്നിട്ട സാദ്ധ്യതകള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് വേണ്ട വിധത്തില്‍ ഉപയോഗിച്ചത്. തല്‍ഫലമായി അതാത് പ്രദേശങ്ങളില്‍ നിലനിനിരുന്ന പ്രാദേശിക ഭക്ഷണരീതിയെപോലും ഹൈജാക്ക് ചെയ്തുകൊണ്ട് ബഹുരാഷ്ട്രകുത്തകകളുടെ ഉല്പന്നങ്ങള്‍ മൂന്നാം ലോക ജനതയ്ക്ക് മീതെ അടിച്ചേല്‍പ്പിക്കുന്നതിന് പരസ്യങ്ങള്‍ ഏറെ സഹായിച്ചു. അതി ഉപഭോകൃത സംസ്കാരം പേറുന്ന കേരളത്തില്‍ മൈദ ഉല്പന്നങ്ങള്‍ ഭക്ഷണത്തിന്‍റെ പ്രധാന ഭാഗമായത് ഇത്തരത്തില്‍ ചില ഇടപെടലുകളാണ്. പുതിയ ഭക്ഷണ രീതി സ്വീകരിച്ചതിന്‍റെ ഫലമായി ആരോഗ്യ രംഗത്ത് ഉണ്ടായ പ്രശ്നങ്ങള്‍ മറച്ചു പിടിക്കുകയും, പകരം സമയലാഭത്തെയും, ഉപയോഗ സുഖത്തെയുംഅമിത പ്രാധാന്യം നല്‍കി തന്ത്രപരമായി മനസ്സുകളെ കീഴടക്കുകയാണ് ഒട്ടുമിക്ക പരസ്യങ്ങളും.
ട്രെന്റുകള്‍ സൃഷ്ടിക്കുകയും അതിന്‍റെ മറവില്‍ വിപണനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ പ്രതിരോധങ്ങളെയും, ബദല്‍ സാധ്യതകളെയും പരസ്യങ്ങള്‍ തന്ത്രത്തില്‍ നിര്‍വീര്യമാക്കി സാമൂഹിക പ്രശനങ്ങളിലേക്കുള്ള സത്യസന്ധമായ ഇടപെടലുകളെ തട്ടിയകറ്റുന്നു. ഉല്‍പന്നങ്ങളുടെ ഗുണമേന്മ മാത്രം പെരുപ്പിച്ചു കാണിക്കുകയും ദോഷകരമായ എല്ലാ കാര്യങ്ങളെയും മറച്ചുവെക്കുകയും ചെയ്യുന്ന തന്ത്രപരമായ ഇടപെടലാണ് പരസ്യങ്ങള്‍. ചോദ്യം ചോദിക്കുക എന്ന യുക്തിയെ മറവിയുടെ ലോകത്തേക്ക് തള്ളിവിടാന്‍ പരസ്യങ്ങള്‍ക്കാവുന്നു. സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാത്ത അവസ്ഥയേയും ചില കമ്പനികള്‍ പരസ്യങ്ങളിലൂടെ തന്ത്രപരമായി ഉപയോഗിക്കാറുണ്ട്. ഒരേ നുണയെ തന്നെ നിരവധി തവണ അവതരിപ്പിച്ച് അതിനെ സത്യമാക്കി മാറ്റുന്ന ഗീബല്‍സിയന്‍ തന്ത്രം പലരും മനസിലാക്കാതെ പോകുന്നു. ആഗോളവല്‍ക്കരണത്തിന്റെ പ്രകടമായ പ്രത്യേകത ഓര്‍മ്മകളെ തുരത്തി പകരം കമ്പോള താല്പര്യത്തിലൂന്നിയ മനസ്സുകളെ സൃഷ്ടിക്കുക എന്നതാണല്ലോ. ഇന്ന് സമൂഹത്തിലെ മാന്യത എങ്ങിനെ നിര്‍ണ്ണയിക്കണമെന്നു പലപ്പോഴും പരസ്യങ്ങളാണ് തീരുമാനിക്കുന്നത്. തങ്ങള്‍ ഉയര്‍ത്തി കാട്ടുന്ന ഉല്പന്നം ഉപയോഗിച്ചില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്ക് മാന്യനാകാന്‍ കഴിയില്ല എന്ന പരസ്യ വാചകത്തിന് മുന്നില്‍ എത്രപേരാണ് മുട്ടുമടക്കുന്നത്. സംസ്കാരത്തെ ഒരു വിനിമയ ചരക്കാക്കി ചുരുക്കികാട്ടുകയും ആ വഴിയിലേക്ക് ചിന്തിപ്പിക്കുകയുമാണ് ഒട്ടുമിക്ക പരസ്യങ്ങളുടെയും ദൗത്യം. അതിനു വിവര സാങ്കേതികത വിദ്യയുടെ വളര്‍ച്ചയെ ഒരു ചവിട്ടു പടിയാക്കുകയാണ് പരസ്യങ്ങള്‍. ആധുനികതയുടെ ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ട ടെലിവിഷന്‍ സാങ്കേതികതയുടെ മികവില്‍ മാധ്യമ രംഗത്ത് മേല്‍കൈ നേടിയതോടെയാണ് പരസ്യ വിപണിയും കൂടുതല്‍ സജീവമായത്. ഉല്പന്നങ്ങളുടെ വിപണി മാത്രം ലക്ഷ്യമിട്ട് ഒട്ടനവധി പരസ്യങ്ങളും മറ്റു പരിപാടികളും നിരന്തരം സാറ്റലൈറ്റുകള്‍ വഴി അന്തരീക്ഷത്തില്‍ വിതറികൊണ്ടിരിക്കുകയാണ്. ഇന്‍റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുന്നതും പരസ്യവിപണി തന്നെയാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ അതാതു മേഖലകളിലെ താരമൂല്യത്തെ ഉപയോഗിച്ചുകൊണ്ട് പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതോടെ അവ അതിവേഗത്തില്‍ ജനമനസുകളില്‍ ചേക്കേറുന്നു. ഇവിടെ മൂല്യങ്ങള്‍ മാറ്റിവെക്കുകയും കൂടുതല്‍ ഒത്തുതീര്‍പ്പുകളിലേക്ക് നാം ഓരോരുത്തരും അടുക്കുന്നു. ഈ ഇടം നല്‍കല്‍ ബഹുരാസ്ത്ര കുത്തകളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. സദാചാര്യമര്യാദയെ മാറ്റിവെച്ചുകൊണ്ട് ശരീരത്തെ വെറും പ്രദര്‍ശനവസ്തു മാത്രമാക്കി ചുരുക്കിയതോടെ സ്ത്രീ ശരീരം പരസ്യ ഉപഭോഗത്തിന്‍റെ ചൂഷണത്തിനു വിധേയമാകാന്‍ തുടങ്ങി. അങ്ങിനെ ശരീരത്തെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒരു വേദിയായി പല പരസ്യങ്ങളും. പുരുഷന്‍മാര്‍ മാത്രം ഉപയോഗിക്കുന്ന വസ്തു പോലും വിപണിയിലെത്തിക്കുവാന്‍ അര്‍ദ്ധനഗ്നമേനി പ്രദര്‍ശിപ്പിക്കുന്ന സുന്ദരിമാരെ വേണ്ടിവന്നു. ശരീര ഭാഷയും സൌന്ദര്യത്തെയും വെറും കാഴ്ച്ചവസ്തുവാക്കി ചുരുക്കുകയും അവ കൂടുതല്‍ 'പ്രോജക്ട്' ചെയ്യുന്നതിന് വേണ്ടി വിപണിയില്‍ അതിനനുസരിച്ച വസ്ത്രങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിറഞ്ഞു. വിപണിയുടെ ഈ സാധ്യതയെയാണ് ശരീര പ്രദര്‍ശനത്തിലൂടെ മുതലെടുക്കുന്നത്.
ഒരു പഠനത്തില്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ മൊത്തം പരിപാടിയുടെ 40 ശതമാനം മുതല്‍ 60 വരെ വരുമെന്നാണ് സൂചിപ്പിക്കുന്നത്. അതായത് നാം അധികവും പരസ്യങ്ങളാണ് ദിനംപ്രതി നാം കണ്ടു തീര്‍ക്കുന്നത് എന്ന് സാരം. ചില ചാനലുകളുടെ പൂര്‍ണ്ണ നിയന്ത്രണം പോലും പരസ്യ ദാതാക്കള്‍ക്കാണ്. ടെലിമാര്‍ക്കറ്റ് എന്ന പേരില്‍ നമ്മുടെ സ്വീകരണമുറിയില്‍ കടന്നു കയറി കച്ചവടം നടത്തുന്ന നൂറുകണക്കിന് ചാനലുകളും, അതിനനുസരിച്ച പരിപാടികളുമാണ് നമുക്ക് മുന്നിലുള്ളത്. ചില കമ്പനികള്‍ നടത്തുന്ന പരിസ്ഥിതി മലിനീകരണവും, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും പൊതുജനമധ്യത്തില്‍ എത്താതിരിക്കാന്‍ ഇവര്‍ പരസ്യങ്ങളിലൂടെയാണ് ചാനലുകളെ സ്വാധീനിക്കുന്നത്. പരസ്യങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭത്തെ തട്ടിമാറ്റിക്കൊണ്ട് സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങളെ തുറന്നു കാണിക്കുവാന്‍ ഇവരുടെ സ്വാധീനത്തില്‍ അകപെട്ട മാധ്യമങ്ങള്‍ തയ്യാറായെന്നു വരില്ല. ഇത്തരത്തില്‍ പരസ്യ ദാതാക്കളുടെ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ശക്തികളുടെ ഇംഗിതത്തിനു വഴങ്ങി വാര്‍ത്തകളെ അവരുടെ വഴികളിലേക്ക് തിരിച്ചു വിടുന്ന മാധ്യമങ്ങളും നമുക്ക് മുന്നിലുണ്ട്. {പ്രലോഭനങ്ങളില്‍ പെടാതെ സത്യം പുറത്ത് കൊണ്ടുവന്നമാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരേയും ഇവിടെ വിസ്മരിക്കുന്നില്ല}.
കുട്ടികളെയും യുവതീയുവാക്കളെയും ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കുക വഴി തങ്ങളുടെ 'ബ്രാന്‍ഡ് നെയിം' മനസ്സുകളില്‍ പതിപ്പിച്ചെടുക്കാനുള്ള മല്‍സരം പരസ്യവിപണിയില്‍ മുറുകുകയാണ്. അതാത് കാലത്തിന്‍റെ പ്രവണതക്ക് അനുസരിച്ച് നിര്‍മ്മിക്കുന്ന പരസ്യങ്ങള്‍ തീര്‍ത്ത വലയില്‍ നിന്നും രക്ഷ നേടാനാകാതെ കുഴങ്ങുകയാണ് കലാരംഗവും. സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ചലച്ചിത്ര-കായിക താരങ്ങള്‍ അണിനിരക്കുന്ന പരസ്യങ്ങള്‍ ചാനലുകളില്‍ നിറയ്ക്കപ്പെട്ടുകഴിഞ്ഞു. വന്‍കിട കമ്പനികളുടെ സ്വാധീനവും സാങ്കേതിക മികവും തന്നെയാണ് ഇവിടെയും വിജയം വരിക്കുന്നത്. സമ്പന്നമായ താരമൂല്യത്തെ ഇവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്നു. ഇതിനിടയില്‍ ചെറുകിട മേഖല തളരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നയത്തിന്‍റെ ഭാഗമായി ചില്ലറ വ്യാപാര രംഗത്തേക്കും കുത്തക കമ്പനികള്‍ ചേക്കേറുന്ന അവസ്ഥ ഉണ്ടായാല്‍ ഇപ്പോള്‍ തന്നെ തകര്‍ച്ച നേരിടുന്ന ചെറുകിട മേഖല ഇനിയും വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്താം. ചെറുകിട മേഖലയുടെ ഈ തളര്‍ച്ച തന്നെയാണ് മുതലാളിത്തം ആഗ്രഹിക്കുന്നതും.
എണ്‍പതുകളുടെ തുടക്കത്തോടെ നമ്മുടെ ഗ്രാമങ്ങളിലേക്ക് എത്തിയ ടെലിവിഷന്‍ തൊണ്ണൂറുകള്‍ ആയപ്പോഴേയ്ക്കും വ്യാപകമായി മാറി. ഈ മാറ്റം നമ്മുടെ കായിക സംസ്കാരത്തിലും വല്ലാതെ പ്രതിഫലിച്ചു. ബ്രിട്ടീഷ് ആധിപത്യം നിലനിന്നിരുന്ന രാജ്യങ്ങളില്‍ മാത്രമാണ് ക്രിക്കറ്റ് എന്നാ കായിക വിനോദം ഒരു ഭ്രാന്തായി മാറിയത്. അതോടെ ക്രിക്കറ്റിനു അമിത പ്രാധാന്യം നല്‍കികൊണ്ട് മറ്റു കായിക ഇനങ്ങളുടെ സാദ്ധ്യത ഇല്ലാതാക്കുന്ന തരത്തിലേക്ക് നമ്മുടെ കായിക സംസ്കാരം മാറി. ക്രിക്കറ്റിനു നല്‍കിവരുന്ന പ്രോത്സാഹനത്തിന്‍റെ നാലിലൊരു ഭാഗം മറ്റു കായിക ഇനങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ചില ഇനങ്ങളിലെങ്കിലും നമുക്കും നന്നായി തിളങ്ങാമായിരുന്നു. ഒരു ദിവസം മുഴുവന്‍ ടെലിവിഷന് മുന്നിലിരിക്കുന്ന ഈ കളിക്കിടയില്‍ നിരവധി തവണ ഇടവേളകള്‍ ഉള്ളതിനാലാണ് കുത്തകകമ്പനികളും ദൃശ്യമാധ്യമങ്ങളും ക്രിക്കറ്റിനെ വിടാതെ പിടിച്ചിരിക്കുന്നത്. എട്ടു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഒരു ഏകദിന മത്സരത്തിനിടയില്‍ ഓരോ ഓവര്‍ കഴിയുമ്പോഴും ബാറ്റ്സ്മാന്‍മാര്‍ പുറത്താകുന്ന ഇടവേളകളിലും മറ്റുമായി ഏകദേശം അഞ്ഞൂറോളം പരസ്യ ചിത്രങ്ങളാണ് ഒരു പ്രേക്ഷകന്‍ കണ്ടുതീര്‍ക്കുന്നത്. ക്രിക്കറ്റിലെ പുതിയ ട്രെന്റ് ആയ ട്വന്‍റി ട്വന്‍റി യിലും പരസ്യത്തിന്‍റെ ചാകരയാണ്. ഇതിനാലാണ് ഈ കായിക ഇനത്തെ മാധ്യമങ്ങളും ബഹുരാഷ്ട്രകുത്തകകമ്പനികളും പ്രോത്സാഹിപ്പിക്കുതിന്‍റെ രഹസ്യം.
ചരിത്രത്തെയും, യുക്തിയെയും നിഷേധിക്കുന്ന മുതലാളിത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചില മാധ്യമങ്ങള്‍ പരസ്യങ്ങളിലൂടെയും ഈ ദൗത്യം ഏറ്റെടുക്കുന്നുണ്ട് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പരസ്യ ഭാഷയില്‍ വന്ന മാറ്റം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കുറച്ചുകാലം മുമ്പ് ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളുടെയും ഗുണമേന്മ ശാസ്ത്രീയമായി തെളിയിക്കപെട്ടതാണ് എന്ന് പറഞ്ഞിരുന്നരീതി ഇന്ന് കുറഞ്ഞു വരികയും പകരം പാരമ്പര്യത്തിന്‍റെയും ഐതിഹ്യങ്ങളുടെയും പിന്‍ബലത്തോടെയാണ് പരസ്യങ്ങള്‍ ഇറങ്ങുന്നത്. ശാസ്ത്രജ്ഞനോ ഡോക്ടറോ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന രീതി ഇന്ന് കുറഞ്ഞു വരികയും പകരം മഹര്‍ഷിയോ ജോത്സ്യനോ ആണ് ഇന്ന് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഐതിഹ്യങ്ങളിലെ ഋഷിവര്യന്മാരും മറ്റുമാണ് (ഇവരുടെ വേശം കെട്ടിയ താരങ്ങള്‍) നമ്മുടെ ഉപഭോഗ മനസിനെ നിയന്ത്രിക്കുന്നത്. ജൈവ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ തിരിച്ചറിഞ്ഞ ജനങ്ങള്‍ അതിലേക്കു തിരിഞ്ഞതോടെയാണ് പരസ്യങ്ങളില്‍ പാരമ്പര്യത്തിന്‍റെ അംശങ്ങള്‍ കുത്തിതിരികിയതും 'ഹെര്‍ബല്‍' എന്ന വാക്ക് കൂട്ടിചേര്‍ത്തതും. മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങുന്നതിന്‍റെ അനിവാര്യതയെ ചൂഷണം ചെയ്തുകൊണ്ട് ഒരു കാലത്ത് അയിത്തം കല്‍പ്പിച്ചിരുന്ന ജൈവനാമങ്ങളാണ് ഇന്ന് പരസ്യങ്ങളില്‍ നിറഞ്ഞു കവിയുന്നത്. പരസ്യങ്ങളുടെ മനശ്ശാസ്ത്രപരമായ ഈ സമീപനം വില്‍പ്പനയെ ഏറെ സഹായിച്ചു. മാധ്യമങ്ങളുടെ സാമ്പത്തികവശം തിരിച്ചറിഞ്ഞ കുത്തക കമ്പനികള്‍ മദ്ധ്യവര്‍ഗ്ഗത്തിന്‍റെ ആടിയുലയുന്ന മനസിനെ കീഴടക്കാന്‍ ഇന്ന് പരസ്യങ്ങളെയാണ് ഉപയോഗിക്കുന്നത്. ഒരു പ്രേക്ഷകന്‍ എന്ത് കേള്‍ക്കണമെന്നും, എന്ത് കാണണമെന്നും, എന്ത് വാങ്ങിക്കണം, എങ്ങനെ ചിന്തിക്കണമെന്നും തീരുമാനിക്കുന്നത് പരസ്യങ്ങളിലൂടെയാണ് എന്ന അവസ്ഥയിലാണ് നാമിന്ന് ജീവിക്കുന്നത്. പരസ്യങ്ങളുടെ പ്രലോഭനങ്ങളില്‍ വിദ്യാസമ്പന്നരായവരാണ് വേഗത്തില്‍ അടിതെറ്റുന്നത്. പ്രബുദ്ധരും വിദ്യാ സമ്പന്നരുമായ മലയാളികള്‍ ആണല്ലോ തേക്ക്, ആട്, മാഞ്ചിയം, തുടങ്ങി ലിസ്, മണി ചെയിന്‍ തുടങ്ങിയ വിവിധ തരത്തിലുള്ള തട്ടിപ്പുകളില്‍ പെട്ടെന്ന് വീണുപോയത്. തന്ത്രപരമായ പരസ്യക്കെണിയില്‍ മലയാളിയെ എളുപ്പം വീഴ്ത്താനാവും എന്ന് പല വിരുതന്മാരും പലത്തവണ തെളിയിച്ചു കഴിഞ്ഞു. ഈ ആധുനിക പരസ്യവേട്ടക്കാര്‍ ഇന്ന് വൈദ്യ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും ഏറ്റെടുത്തതോടെ ഉണ്ടായ സാമൂഹ്യ മേഖലയിലെ പ്രത്യാഘാതംങ്ങള്‍ വളെ വലുതാണ്. ഔഷധ വ്യവസായ രംഗത്തിന്‍റെ വില്‍പ്പനയുടെ ബാധ്യത ഡോക്ടര്‍മാര്‍ ഏറ്റെടുത്തതോടെ പാവപ്പെട്ട രോഗികള്‍ക്ക് മീതെ അനാവശ്യ മരുന്നുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. അലോപ്പതി മരുന്ന് വ്യവസായ രംഗത്ത് പ്രതിവര്‍ഷ വില്‍പ്പന പതിനായിരം കോടിയിലധികമാണ്. ഇതിന്‍റെ ഇരുപത് ശതമാനത്തിലധികം പരസ്യങ്ങള്‍ക്ക് വേണ്ടിയാണ് ചെലവാക്കുന്നത്. ഗ്രാമങ്ങളില്‍ പോലും പഞ്ചനക്ഷത്ര ആശുപത്രികള്‍ ഉയരുകയും, അവയുടെ പരസ്യങ്ങള്‍ നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയുമാണ്. സേവന മേഖലയായി പ്രവര്‍ത്തിക്കേണ്ട ആരോഗ്യരംഗത്തിന്‍റെ ഈ ചുവടുമാറ്റം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസുന്തലിതാവസ്ഥ വളരെ വലുതാണ്. വഴിയോര കച്ചവടക്കാരന്‍ പല്ലുവേദന മുതല്‍ എയ്ഡ്സിനു വരെ ഉപയോഗിക്കാമെന്ന് അവകാശപ്പെടുന്ന ഒറ്റമൂലിയെ കുറിച്ചു തൊണ്ടകീറി വിളിച്ചുപറഞ്ഞ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അതേ രീതി തന്നെയാണ് ബിരുദങ്ങളുടെ ഭാരം പേറുന്ന നവ ഡോക്ടര്‍മാരും ചെയ്തു കൊണ്ടിരിക്കുന്നത്. ഇവിടെ അവര്‍ തെരുവിലിറങ്ങുന്നില്ല, പകരം ലക്ഷങ്ങള്‍ മുടക്കി പരസ്യങ്ങളിലൂടെ നമ്മുടെ സ്വീകരണ മുറിയിലേക്ക് നുഴഞ്ഞുകയറുന്നു എന്ന വ്യത്യാസം മാത്രം. ഇങ്ങനെ പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൊയ്യുന്ന ഒരു മേഖലയായി ആരോഗ്യരംഗം ചുരുങ്ങുന്നു. മുതലാളിത്തവും മരുന്ന് വ്യവസായവും തമ്മില്‍ലുള്ള ബന്ധത്തിന്‍റെ ആഴം മനസിലാകുമ്പോള്‍ ഇനിയും ഈ പ്രവണത കൂടാനാണ് സാധ്യത. വിദ്യാഭ്യാസ രംഗവും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്. പഞ്ചനക്ഷത്ര തലത്തില്‍ സൃഷ്ടിച്ച പുതിയ പല വിദ്യാഭ്യാസ സ്ഥാപങ്ങങ്ങളുടെയും പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞാടുകയാണ്. ആര്‍ട്ട് വിഷയങ്ങളെ പാടെ തഴഞ്ഞുകൊണ്ട് ആഗോളവല്‍ക്കരണ താല്പര്യത്തെ സംരക്ഷിക്കാന്‍ പാകത്തിലുള്ള ബിരുദങ്ങള്‍ക്ക് അന്തസ് കല്പ്പിച്ചു നല്‍കി നമ്മുടെ വിദ്യാഭാസ രംഗത്ത് മുതലാളിത്തം നടത്തിയ കടന്നുകയറ്റത്തിന്‍റെ ഇരകളായി നമ്മുടെ വിദ്യാര്‍ഥികള്‍. കമ്പോള താല്പര്യത്തെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ഗൂഡലക്ഷ്യമിട്ട് അവതരിക്കപ്പെട്ട ബിരുദക്കെണികളില്‍ കേരള ജനതയെ അതിവേഗത്തില്‍ വീഴ്ത്താനായി എന്നതാണ് സത്യം. ഇതില്‍ പരസ്യങ്ങളുടെ പങ്ക് വളരെ വലുതാണ്. പ്രബുദ്ധരായ ഒരു ജനതയെ പരസ്യങ്ങള്‍ക്കൊണ്ട് പറ്റിക്കാനാവില്ല എന്ന നിരീക്ഷണം ഇവിടെ തിരുത്തിക്കുറിച്ചു.
വാര്‍ത്തകളും ആയുധപരസ്യങ്ങളും.
ആഗോളീകരണത്തിന്‍റെ വിപണിയുടെ വ്യാപ്തി പരസ്യങ്ങളിലൂടെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അധിനിവേശ സാദ്ധ്യതകളും വര്‍ദ്ധിക്കുന്നുണ്ട് എന്ന ഭീകരാവസ്ഥയെ ലോകം നിസംഗതയോടെയാണ് നോക്കികാണുന്നത്. ഇന്ന് ഓരോ യുദ്ധങ്ങളും യുദ്ധപരസ്യങ്ങളും കൂടിയാവുകയാണ്. സാമ്രാജ്യത്വ രാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന മാരകമായ ആധുനിക ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും, പ്രവര്‍ത്തിക്കുവാനുമുള്ള ഒരു വേദിയായി യുദ്ധങ്ങള്‍ മാറുകയാണ്. ശത്രു പാളയത്തിലേക്ക് ഒരു മില്ലീമീറ്റര്‍ പോലും തെറ്റാതെ ചെന്ന് പതിക്കുന്ന മിസൈലുകള്‍ തൊടുത്തു വിടുന്നതോടൊപ്പം അതിന്റെ കൃത്യതയോടെയുള്ള പ്രവര്‍ത്തനവും അതുണ്ടാക്കുന്ന പ്രഹരത്തിന്‍റെ ശക്തിയും മുതലാളിത്ത മാധ്യമങ്ങള്‍ വിശദമായി വിളമ്പുന്നുണ്ട്.. വാര്‍ത്തകളിലൂടെയുള്ള ഈ പരസ്യ രീതിയിലൂടെ ആയുധ വിപണി സജ്ജീവമാക്കുവാനും, ആയുധ കച്ചവടം വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു. ഇതോടൊപ്പം അധിനിവേശ താല്പര്യവും ഇവര്‍ സംരക്ഷിക്കപ്പെടുന്നു.
സര്‍വ്വമേഖലകളിലുമുള്ള, ഒട്ടുമിക്കവരും പരസ്യങ്ങളുടെ പിടിയിലമരുന്നു. ഒട്ടുമിക്ക പരസ്യങ്ങളും സത്യത്തെ വക്രീകരിക്കുമ്പോള്‍ ഏറെ അസത്യങ്ങള്‍ നാം നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നിര്‍ബന്ധിതാവസ്ഥ സംജാതമാകുന്നു. ഈ ദൃശ്യമലിനീകരണം മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് അശ്ലീലത്തെ ശ്ലീലമാക്കിയും, മേനി പ്രദര്‍ശനം ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ഉള്‍പ്പെടുത്തിയും മുന്നേറുമ്പോള്‍ കച്ചവടലാഭം ലക്ഷ്യമിട്ട അവസ്ഥ സൃഷ്ടിക്കപെടുകയും സാധാരണക്കാരായ ജനങ്ങള്‍ എന്നും ഉപഭോക്താവ്മാത്രമായി ചുരുങ്ങുകയാണ് നല്ലത് എന്ന തെറ്റായ മാര്‍ഗ്ഗരേഖയാണ് ഒട്ടുമിക്ക പരസ്യങ്ങളും നമുക്ക് നല്കികൊണ്ടിരിക്കുന്നത്. വിപണിയും വിപണനവും സാമൂഹിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതാണെന്ന സത്യത്തെ അട്ടിമറിക്കുന്ന പരസ്യങ്ങളില്‍ നിന്നും നാം മോചനം നേടേണ്ടതുണ്ട്. ബഹുരാഷ്ട്രകുത്തകകളുടെയും മറ്റും എല്ലാതരത്തിലുള്ള പരസ്യ തന്ത്രങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ട് വിപണിയുടെ ശുദ്ധമായ അതിരുകളിലേക്ക് മൂന്നാം ലോക ജനത എത്തപ്പെടേണ്ടതുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ നമ്മളില്‍ അടിച്ചേല്‍പ്പിക്കാന്‍ പരസ്യങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയാനുള്ള സാമൂഹിക ബാധ്യത മൂന്നാം ലോക ജനത സ്വയം ആര്‍ജ്ജിക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യ കുടില്‍ വ്യവസായങ്ങളെ തകര്‍ത്തുകളഞ്ഞ അതേ തന്ത്രം മുതലാളിത്ത ആവനാഴിയില്‍ ഇനിയും വശേഷിക്കുന്നുണ്ടെന്ന ബോധം റിമോട്ട് കണ്‍ട്രോളില്‍ വിരലമര്‍ത്തുന്നതിന് മുമ്പ് ഓര്‍ക്കുന്നത് നന്നായിരിക്കും. വിരല്‍തുമ്പില്‍ നിന്നും വിരിയുന്ന വിസ്മയ കാഴ്ചയില്‍ ഭ്രാമിച്ചുകൊണ്ടിരുന്നാല്‍ ഒരു പൂമ്പാറ്റയായോ അപ്സരസായോ നമ്മുടെ മസ്തിഷ്ക്കത്തിലേക്ക് പരസ്യത്തിലൂടെ പ്രലോഭനങ്ങളുടെ വിഷവിത്തുകള്‍ മുലപ്പിച്ചെടുക്കാന്‍ ശ്രമിക്കും. ലോകമാകെ പരസ്യക്കെണികളുടെ നീണ്ട വളകള്‍ നെയ്തുകൊണ്ട് ഒരു ചിലന്തിയെപോലെ മുതലാളിത്തവും കാത്തിരിക്കുന്നുണ്ട്. ഈ വലയില്‍ കുടുങ്ങാതെ ജീവിക്കുവാനുള്ള രാഷ്ട്രീയ ബോധത്തെ വളര്‍ത്തുക മാത്രമാണ് നമുക്ക് മുന്നിലെ ഏക പോംവഴി. അങ്ങനെ പ്രലോഭനങ്ങളുടെ പരസ്യ മഴയെ ഒരു പരിധി വരെ നമുക്ക് തടയാന്‍ കഴിയും.
*****************************************************
ഫൈസല്‍ ബാവ
Subscribe to:
Posts (Atom)



