മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തി കൊണ്ടുവരാന്‍ അഹോരാത്രം ശ്രമിക്കുന്ന വലിയൊരു പക്ഷം നമ്മുടെ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണ വര്‍ഗ്ഗത്തിലും ഉണ്ട്. ഭരണാധികാരികള്‍ തന്നെ മുതലാളിത്ത ദല്ലാളന്മാര്‍ ആകുന്ന അവസ്ഥ ദയനീയം തന്നെ. ആഗോളവല്‍ക്കരണത്തിന്റെ പ്രകടമായ ഒരു കാര്യം മൂന്നാംലോക രാജ്യങ്ങളിലെ ഭരണ കൂടങ്ങളെ എളുപ്പത്തില്‍ വലവീശി പിടിക്കുന്നു എന്നതാണ്. ഏറെ വാഗ്ദാനങ്ങളും, കുറെ സ്വപ്നങ്ങളും നിറച്ചുകൊണ്ട് വലവീശുമ്പോള്‍ അധികാര സുഖം നുണയാന്‍, അതിനെ നിലനിര്‍ത്താന്‍ അവര്‍ തരുന്ന എന്തും തന്‍റെ ജനങ്ങള്‍ക്കുമീതെ കേട്ടിവെക്കുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് നമുക്ക് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്. ആഗോള കുത്തക കമ്പനികള്‍ ഇന്ത്യന്‍ വിപണി കൈയടക്കുന്നതിനെ വലതുപക്ഷ രാഷ്ട്രീയ ഭാഷയില്‍ ഇന്ത്യ ലോകത്തിന്‍റെ നെറുകയിലേക്ക് മുന്നേറി കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നിരവധി തവണ ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങളും പ്രസ്താവനകളും ഇന്ത്യന്‍ ജനത കേട്ട് കഴിഞ്ഞതാണ്. വര്‍ഷാവര്‍ഷം ഇന്ത്യയുടെ കടബാധ്യത വര്‍ദ്ധിച്ചുവരുന്നതല്ലാതെ ഇതുവരെ കുറഞ്ഞു വന്നതായി കണ്ടിട്ടില്ല. ഇപ്പോഴിതാ വ്യവസായിക ഉത്പാദനത്തിന്റെ ഇടിവ് ഏറ്റവും താഴേക്ക് പോയി നെഗറ്റിവില്‍ എത്തിനില്‍ക്കുന്നു. 1992 മുതല്‍ ഇന്ത്യ സ്വീകരിച്ചു വന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ പരിണിതഫലമാണ് ഈ തകര്‍ച്ച. ഈ തകര്‍ച്ച കോര്‍പ്പറേറ്റ് ശക്തികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കത്തുന്ന പുരയുടെ കൈക്കോല്‍ ഊരുന്ന നിലപാടാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റ് കുത്തകകളും നടത്തുന്നത്. അതിന്റെ ഭാഗമാണ് 2ജി സ്പെക്ട്രം പോലുള്ള വലിയ അഴിമതികള്‍.
നടന്നു കഴിഞ്ഞ ഉച്ചകോടികളും നടക്കാനിരിക്കുന്ന ഉച്ചകോടികളും മുതലാളിത്ത താല്പര്യത്തെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാട് സ്വീകരിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ലോക ജനതയ്ക്ക് മനസിലായിക്കഴിഞ്ഞു. അതാണ് വാള്‍സ്ട്രീറ്റിലും, ബോസ്റ്റണിലും, മോസ്ക്കോയിലും തുടങ്ങി പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. മുതലാളിത്ത താല്പര്യങ്ങള്‍ സാധാരണക്കാരനെ പരിഗണിക്കുന്നില്ല എന്ന സത്യം ഇവര്‍ക്ക് മനസിലായതോടെ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങി. സമരം ചെയ്യേണ്ട നിര്‍ബന്ധിതാവസ്ഥ ലോകത്ത് ഉരിത്തിരിയുന്ന സാഹചര്യത്തിലാണ് നമ്മുടെ ചെറുകിട വ്യാപാര മേഖല കുത്തകള്‍ക്ക് കൈമാറാന്‍ ശ്രമിച്ചത്. ഈ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 1991 ല്‍ മന്മോഹന്‍ സിംഗ് ധനമന്ത്രിയായി വന്ന അന്ന് മുതല്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്റണ്‍, ഇപ്പോഴത്തെ പ്രസിഡന്‍റ് ബരാക് ഒബാമ എന്നിവരും മറ്റു യു. എസ് ഉദ്ദ്യോഗസ്തരും ഇതിനു വേണ്ടി മാത്രം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വാള്‍ മാര്‍ട്ട് ഇന്ത്യയില്‍ കണ്ണുവെച്ച് പ്രധാന മന്ത്രിയെ കൂട്ടുപിടിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കച്ചവടത്തെ ഇത്രയും കാലം ഒരു പരിധി വരെ ഇടതുപക്ഷം പ്രതിരോധിച്ചു പോന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷമാകുന്ന ഏതു സാഹചര്യത്തിലും ഈ കച്ചവടം നടക്കുമെന്ന് ഉറപ്പാണ്. സ്വതന്ത്ര വിപണി തുറന്നുകൊടുക്കുക എന്ന മുതലാളിത്ത ആശയത്തെ എങ്ങിനെയെങ്കിലും നടപ്പിലാക്കുവാനുള്ള തന്ത്രപ്പാടിലാണ് നമ്മുടെ പ്രധാനമന്ത്രിയും കൂട്ടരും. ഇന്ത്യയിലെ ചെറുകിട ചില്ലറ വ്യാപാര മേഖല ആഗോളീകരിക്കുക എന്നത് കൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നത് കുത്തക കമ്പനികള്‍ക്കായി വാതില്‍ തുറന്നിടുക എന്നതാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഏറെ ആഘാതം സൃഷ്ടിക്കാവുന്ന ഈ നയത്തെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ തന്നെ അനുകൂലിക്കുന്നു. 2010 ലെ കണക്ക് പ്രകാരം ഏതാണ്ട് 14000 കോടി രൂപയുടെ ക്രയവിക്രയം ചില്ലറ വ്യാപാരത്തിലൂടെ നടന്നു കഴിഞ്ഞു എന്നാണ്. ഇതിനകം തന്നെ വിവിധ തന്ത്രങ്ങളിലൂടെ ചെറുകിട ചില്ലറ വ്യാപാര മേഖലയുടെ മൂന്നു ശതമാനത്തിലധികം കുത്തക കമ്പനികളുടെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞു ബിനാമി വഴിയും മറ്റു സ്രോതസ്സുകള്‍ ഉപയോഗിച്ചും നിരന്തരം ഇന്ത്യന്‍ വിപണിയെ കയ്യടക്കി ലാഭം കൊയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഈ കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാന മന്ത്രി വാദിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല ഒരു സുരക്ഷിത വിപണിയാണ് എന്നുമാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ കടപുഴകി വീഴാവുന്ന പല ബഹുരാഷ്ട്ര കുത്തക കമ്പനികളുടെയും പ്രതീക്ഷയാണ് ഇന്ത്യന്‍ വിപണി. ഇന്ത്യയിലെ തന്നെ കുത്തക കമ്പനികള്‍ ഈ രംഗത്തേക്ക് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. കെട്ടിപ്പൊക്കിയ ഊഹക്കച്ചവടം തലയ്ക്കു വലിയ ഭാരമായി നില്‍ക്കുമ്പോള്‍ അവര്‍ക്കും പ്രതീക്ഷ ചെറുകുട വിപണി തന്നെയാണ്. ഇതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കുക എന്ന ഗൂഡലക്ഷ്യത്തെ ചെറുതായി കണ്ടുകൂടാ. നിലവില്‍ ചെറുകിട വ്യാപാര-വ്യവസായ മേഖല സാധാരണക്കാരില്‍ ചുറ്റിപറ്റി പന്തലിച്ചു കിടക്കുന്നതാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ വഴി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇതിന്റെ ലാഭ വിഹിതം പങ്കിടപ്പെടുന്നു. കേന്ദ്രം ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുമ്പോളും ഈ പങ്കിടല്‍ സാധ്യമാകില്ല. പകരം ജനങ്ങള്‍ക്ക് തൊഴില്‍ വേതനം മാത്രം നല്‍കപ്പെടുമ്പോള്‍ ലാഭ വിഹിതം മുഴുവന്‍ ഒന്നോ രണ്ടോ കുത്തക കമ്പനികള്‍ മാത്രമായിരിക്കും. ഈ മുഖ്യ ലഭോക്താവ് മറ്റാരുമല്ല വിപണിയെ ആദ്യം കയ്യടക്കുന്ന ഏതെങ്കിലും കുത്തക കമ്പനികളാവും. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പ്രലോഭനങ്ങളെ മറികടക്കാനുള്ള കഴിവില്ലയ്മയെ ഇവര്‍ ചൂഷണം ചെയ്യും. മികച്ച പരസ്യ തന്ത്രങ്ങളിലൂടെ സാധാരണക്കാരെ ആകര്‍ഷിക്കുവാനും വേര് ഒരു ഉപഭോക്താവ് മാത്രമായി ചുരുക്കി കൊണ്ടുവരാനും എളുപ്പത്തില്‍ കുത്തക കമ്പനികള്‍ക്ക് സാധിക്കും. ഇതിന്‍റെ ആദ്യ ചുവടുകള്‍ നമുക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. ഇന്ന് ഷോപ്പിംഗ് എന്നത് സാധാരണക്കാരന് പോലും ഇന്ന് ഹോബിയായി മാറിയത് അതിനാലാണ്. ലാഭത്തിന്റെ ഒരു ശതമാനം പോലും വരാത്ത സമ്മാന മഴയില്‍ ആകൃഷ്ടരായി നാം ഈ ഷോപ്പിംഗ് സംസ്കാരത്തെ അറിയാതെ പ്രോത്സാഹിപ്പിക്കുമ്പോള്‍ പെട്ടിക്കട നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളുടെ ജീവിതം നാമറിയാതെ ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒട്ടനവധി ജീവിതങ്ങളെ മുരടിപ്പിക്കുന്ന 'ഒരു കുടക്കീഴില്‍ എല്ലാമെന്ന' മുതലാളിത്ത ആശയം എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ഒന്നായതിനാല്‍ ആരും ഈ കെണിയില്‍ വേഗത്തില്‍ വീഴും. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചെറുകിട വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളുടെ പങ്കാളിത്തം നടപ്പിലായാല്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും വലിയ ഷോപ്പിംഗ് മാളുകള്‍ ഉണ്ടാകും. ഇതിനെയും വികസനമായി കാണുന്നവര്‍ ചെറുകിട കച്ചവടക്കാരന്‍റെ തകര്‍ച്ച കാണാത്തവരോ, കണ്ടില്ലെന്നു നടിക്കുന്നവരോ ആണ്. ചെറുകിട വ്യാപാരം മുഴുവനായി കുത്തകകളുടെ നിയന്ത്രണത്തില്‍ ആകുന്നതോടെ വിപണിയിലെ വില നിയന്ത്രണവും അവരുടെ കൈകളിലാകും. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം അതാത് കമ്പനികള്‍ക്ക് നല്‍കിയതോടെ ഉണ്ടായ വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്. ഉത്‌പന്നങ്ങള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധനവ് ഉണ്ടാകാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും.
നിലവിലെ പരസ്പരം സഹകരിച്ചു കൊണ്ടുള്ള സാമൂഹികാന്തരീക്ഷത്തില്‍ ചെറുകിട വ്യാപാരത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നമ്മുടെ വിപണിയുടെ സ്വഭാവം മാറ്റപ്പെടാം. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ സാമൂഹിക സമ്പര്‍ക്കം നിലനിര്‍ത്തുന്ന പാരസ്പര്യവും വിശ്വാസവും തകരും അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. ഈ പാരസ്പര്യവും ആത്മബന്ധവും നിലനിര്‍ത്താല്‍ ഈ ആഗോള കുത്തകള്‍ക്ക് സാധിക്കുകയില്ല എന്ന് മാത്രമല്ല ജനതയോടുള്ള സാമൂഹിക പ്രതിബദ്ധത ഇവര്‍ക്കുണ്ടാവാന്‍ സാധ്യതയുമില്ല. വലിയ കേട്ടിട സമുച്ചയങ്ങളും ഷോപ്പിംഗ് മാളുകളുമാണ് വികസനത്തിന്‍റെ മുഖമെന്ന് തെറ്റിദ്ധരിക്കപെട്ട ഒരു ജനതയ്ക്ക് മീതെയാണ് ഭരണകൂടം ഇത്തരം നയങ്ങള്‍ വിതറുന്നതെന്ന ഭയാനകമായ വസ്ഥയെ തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇനിയും നമ്മളില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു നയം രൂപീകരിക്കുമ്പോള്‍ സാധാരണ ജനപക്ഷത്തെ അവഗണിക്കുകയും വന്‍കിട മുതലാളിത്ത കമ്പനികളുടെ താല്പര്യത്തെ വേണ്ടവിധം സംരക്ഷിക്കുകയും ചെയ്യുന്ന ഇന്നത്തെ ഭരണകൂടം ഇന്ത്യയെ തന്നെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. "ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ ബാധിക്കും എന്നുനോക്കി തീരുമാനമെടുക്കുക" എന്ന് പറഞ്ഞ ഗാന്ധിജിയുടെ അനുയായികള്‍ തന്നെയാണോ ഈ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നത്? ഇതാണോ മന്മോഹന്‍ സിംഗ് സാമ്പത്തിക നയങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കുമെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം? ഇത് സാധാരണക്കാരന്‍റെയോ ദരിദ്രന്‍റെയോ മുഖമല്ലെന്നും കോട്ടും സ്യൂട്ടുമണിഞ്ഞ മുതലാളിത്തത്തിന്‍റെ മുഖമാണെന്നും ഈ ഭരണകൂടം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുതലാളിത്തത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ സാധാരണക്കാരായ ജനങ്ങളെ പാടെ മറക്കുന്നു. ഭയപ്പെടുത്തുന്ന ഒട്ടനവധി തീരുമാനങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടായി. ആഗോളവല്‍ക്കരണത്തിന്‍റെ ഭയാനകമായ നയങ്ങളെ ഭരണകൂടം തന്നെ പ്രോത്സാഹനം നല്‍കുമ്പോള്‍ ജനങ്ങള്‍ വലയുമെന്നതിനു തെളിവാണ് ഗാട്ട്, ആണവ കരാറുകളും ഒപ്പിട്ടപ്പോള്‍ നാം കണ്ടത്ത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്ക് വഴിവെച്ച ഗാട്ട് കരാറും, ഇന്ത്യയുടെ സമ്പത്തിനും പ്രകൃതിക്കും മനുഷ്യര്‍ക്കും ഒരുപോലെ നാശം വിതക്കുന്ന ആണവ കരാറും ഇതേ ഭരണ നേതൃത്വങ്ങള്‍ തന്നെ ജനതയ്ക്കു തലയില്‍ കേട്ടിവെച്ചത്. ഫുക്കുഷിമയിലെ ദുരന്തമൊന്നും മനസിലാക്കാതെ കൂടംകുളം ആണവനിലയത്തിനായി വാദിക്കുന്നതും ഇവര്‍ തന്നെ. രണ്ടാം ഹരിത വിപ്ലവത്തിന് തയ്യാറാവാന്‍ പറഞ്ഞതും ഇതേ പ്രധാനമന്ത്രി തന്നെ. ഈ സമയം ഒന്നാം ഹരിത വിപ്ലവത്തിന്‍റെ ഗുണഭോക്താക്കള്‍ ആരായിരുന്നെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. രാസവള കമ്പനികളും കീടനാശിനി കമ്പനികളും ലാഭം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ഷകര്‍ ദിനംപ്രതി ദുരിതത്തില്‍ നിന്നും കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കപെടുകയാണ് ഉണ്ടായത്. ഒന്നാം ഹരിത വിപ്ലവത്തിന്റെ പോരായ്മകള്‍ ചര്‍ച്ച ചെയ്യാതെ വീണ്ടും കുത്തക കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍ ഉണ്ടാകുകയാണ്. നമ്മുടെ കാര്‍ഷിക മേഖല തകര്‍ന്നതോടെയാണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങിയതും. ഗാട്ട് കരാറും പേറ്റന്റ് നിയമങ്ങളും മുതലാളിത്ത താല്പര്യത്തിന് അനുസരിച്ച് നടപ്പിലാക്കിയത് പോലെ സ്വതന്ത്ര വിപണി തുറന്നു കൊടുത്ത് ചെറുകിട വ്യാപാര മേഖലയെ കൂടി ആഗോള താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കുവാനാണ് നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സഖ്യകക്ഷികളുടെ എതിര്‍പ്പുകള്‍ മറികടക്കനാവാതെ താല്‍കാലികമായി ഇതിനെ മാറ്റി വെച്ച് എങ്കിലും ഇപ്പോഴും ഈ ബില്‍ അതി ശക്തിയായി തിരിച്ചുവരാം. ഇപ്പോള്‍ എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളായ സഖ്യ കക്ഷികള്‍ക്ക് തക്കതായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ അവര്‍ ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങിയേക്കാം. ആണവ കരാറിന്‍റെ സമയത്തും അഹു തന്നെയാണല്ലോ സംഭവിച്ചത്. വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നു തീര്‍ക്കട്ടെ എന്ന് തന്നെയാണ് ഇതിനര്‍ത്ഥം. അതിന് നമ്മുടെ ഭരണകൂടം തന്നെ ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇത്തരം നയങ്ങള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ പേറുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണെന്ന സത്യം നമ്മുടെ ഭരണാധികാരികള്‍ മറക്കുന്നു. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയം നമുക്കുണ്ടായില്ലെങ്കില്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതായിരിക്കും.
അവസരോചിതം ഈ കുറിപ്പ്.
ReplyDeleteഇന്ത്യന്‍ വിപണിയെ മുഴുവനായി ബഹുരാഷ്ട്രകുത്തകകള്‍ക്ക് അടിയറവ് വെക്കുന്ന നയം തിരുത്തപ്പെടുക തന്നെ വേണം.
എന്നാല്‍ അധികാര കേന്ദ്രങ്ങള്‍ക്ക് ഷണ്ഡത്വം ബാധിക്കുന്ന ഒരു കാലഘട്ടത്തില്‍ ഇത്തരം അധീശത്വങ്ങള്‍ ജനതയ്ക്കു മുകളീല്‍ അടിച്ചേല്പിക്കപ്പെടുന്ന കാഴ്ചയില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ചെറുത്ത് നില്പല്ലാതെ ഇന്ത്യന്‍ ജനതയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല. ഇന്നു ചെറുത്തു നില്‍ക്കാതെ മടിച്ചു നിന്നാല്‍ നാളെ ഇന്ത്യ എന്ന സ്വതന്ത്ര രാജ്യം ഒരു മിഥ്യ ആയിരിക്കും.
ithu pande angene alle .. oru puthiya karyamalla.
ReplyDeletepariharikkatha pazhaya prasnam thanne
KRISHNAKUMAR
good one
ReplyDeleteലേഖനം നല്ല
ReplyDelete