Wednesday 7 August 2019

നദിയുടെ അടയാളങ്ങൾ, ജീവിതത്തിന്റെയും

നദിയുടെ അടയാളങ്ങൾ, ജീവിതത്തിന്റെയും



(ബഷീർ മേച്ചേരിയുടെ നദിയുടെ അടയാളങ്ങൾ എന്ന നോവലിന്റെ വായനാനുഭവം)

മലയാളിയുടെ ദേശങ്ങൾ താണ്ടിയുള്ള യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്തെ വിവിധ ഇടങ്ങളിലേക്ക് നടത്തിയ ഈ പ്രയാണം ജീവിതം കൂടുതൽ മെച്ചപ്പെട്ടരീതിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു, അതുകൊണ്ടു തന്നെ ഇവരെ എല്ലാം സ്വദേശസമ്പദ് വ്യവസ്ഥയുടെ അഭയാർത്ഥികൾ എന്നു വിളിക്കാം. അത്തരം പ്രവാസത്തിന്റെ അഭയാർഥികൾ ഇന്ന് കേരളത്തിൽ സാമൂഹികമായും സാമ്പത്തികമായും ഒട്ടേറെ മാറ്റങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രവാസമാണ് ഗൾഫ് മേഖലയിലേക്ക് അറുപത്‌കളിൽ തുടങ്ങി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ത്യാഗോജ്ജലമായ ഈ  ജീവിതം നമ്മുടെ സാഹിത്യത്തിൽ വളരെ വിരളമായെ സപർശിച്ചിട്ടുള്ളൂ, ഏറ്റവും അടിസ്ഥാന വിഭാഗത്തിൽ പെട്ടവരുടെ ജീവിതം ആടുജീവിതത്തിൽ നജീബിലൂടെ ബെന്യാമിൻ വരച്ചുവെച്ചു. എന്നാൽ. മധ്യവർഗ്ഗത്തിൽ പെട്ടവരുടെ ജീവിതം എവിടെയും സ്പര്ശിക്കാതെ പോകുന്നു. അത്തരം ജീവിത പരിസരത്തെ സാഹിത്യത്തിലേക്ക്  പറിച്ചു നടുമ്പോൾ ഉണ്ടായേക്കാവുന്ന പരിമിതി ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവിത പശ്ചാതലത്തെയാണ്  കൊണ്ടുവരുന്നത് എന്നതാണ്. അത് മനസിലാക്കിപ്പിക്കുവാൻ  ബുദ്ധിമുട്ടേറിയതാണ്. ബഷീർ മേച്ചേരി തന്റെ നദിയുടെ അടയാളങ്ങൾ എന്ന നോവലിലൂടെ പറയുന്നതും ഇത്തരം ജീവിതത്തെയാണ്.

മരുഭൂമിയുടെ മുരൾച്ച കേൾക്കാത്തവർ ഉണ്ടാകുമോ? ചിലർക്കത് മനസിലായെന്ന് വരില്ല അതൊരു അകൽച്ചയാണ് തൊട്ടടുത്ത് ഉണ്ടായിട്ടും മനസിലാക്കാൻ ആകാത്ത വിധം ഒരു അകൽച്ച. പ്രവാസമെന്നോ ദേശങ്ങൾ താണ്ടിയുള്ള ജീവിതമെന്നോ ഒക്കെ വിളിക്കാവുന്ന ഈ അവസ്ഥയുടെ നേർചിത്രമാണ് ബഷീർ മേച്ചേരിയുടെ നദികളുടെ അടയാളങ്ങൾ എന്ന നോവൽ. സൂരജ് എന്ന കഥാപാത്രത്തിലൂടെ പ്രവാസ ജീവിതത്തിന്റെ വരൾച്ചയും ആർദ്രതയും നമുക്കീ നോവലിൽ കാണാം. ഇത്തരത്തിൽ ഒട്ടനവധി പേരുടെ  ഒരു പ്രതിനിധിയാണ് സൂരജ് എന്ന ഈ കഥാപാത്രം. ആത്മാംശത്തെ ഉൾച്ചേർത്തു രചിച്ച ഈ നോവലിൽ ജീവിതത്തിന്റെ നോവുകൾ കൃത്യമായി വരച്ചിടുന്നു. അതിനൊരു യൂണിവേഴ്‌സൽ മാനവും ഉണ്ട്. നൂറ്റി അമ്പതിലധികം രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങൾ അവരുടെ ഉള്ളിലെ സംഘർഷങ്ങലെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ അനുഭവിപ്പിക്കുന്നുണ്ട്. മലയാളിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പല കഥാപാത്രങ്ങളും നോവലിൽ ഇടക്കിടക്ക് കയറിവന്നു നമ്മുടെ നെഞ്ചിലേക്ക് കയറിപോകുന്നു. സൂരജിന്റെ ജീവിതത്തിലൂടെ ഒരു ഭൂമിക തീർക്കുകയും അതിലേക്ക് ഓരോ കഥാപാത്രങ്ങളും കയറിയിറങ്ങിപോകുന്ന തരത്തിൽ ഒരു യാത്രാനുഭവം പോലെ
തോന്നിപ്പിക്കും. പ്രവാസം തന്നെ അത്തരത്തിൽ ഒരു ബസ് യാത്രയാണല്ലോ, ഒരു ദീര്ഘയാത്ര. 'ഈ മരുഭൂമിയിൽ എളുപ്പമല്ല ജീവിതം' എന്ന് നോവലിൽ തന്നെ ഒരിടത്ത് പറയുന്നുണ്ട്. എന്നാൽ ഈ പ്രയാസങ്ങൾ ഈ ജീവിതം അനുഭവിക്കാത്തവരെ സംബന്ധിച്ച് ഒരു കേൾവിക്കപ്പുറം കൗതുകം
ഉണ്ടാകാറില്ല.

നോവലിൽ പ്രധാന കഥാപാത്രമായ സൂരജിനെ കൂടാതെ ഇടക്ക് വന്നു ഒന്നെത്തിനോക്കി പോകുകയും എന്നാൽ നമ്മുടെ ഉള്ളിൽ തീ കോരിയിടുന്ന ചില കഥാപാത്രങ്ങൾ ഉണ്ട് അവരുടെ ജീവിത പശ്ചാത്തലം എന്നത് ഈ ഭൂമികയിലെ ഇത്തരത്തിൽ എങ്ങും അടയാളപ്പെടുത്താത്ത ആരുടെ കണ്ണിലും പതിയാതെ പോകുന്ന വേദനിപ്പിക്കുന്ന കഥാപാത്രങ്ങളാണ്.  ഫ്രൈഡ്ഡി അത്തരത്തിൽ ഒരു കഥാപാത്രമാണ് അങ്ങേതലക്കൽ ആരുമില്ലാഞ്ഞിട്ടും  മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്ന ഫ്രൈഡ്ഡി നമ്മെ വല്ലാതെ അലോസരപ്പെടുത്തികടന്നു പോകും.
"ഫ്രെഡി മൊബൈല്ഫോണ് ചെവിയോട് ചേർത്ത് നിർത്താതെ ഭാര്യയുമായി സംസാരംതുടങ്ങി. മുറിയിലെ മറ്റു തമാസക്കാരുമായോ, പുറത്തുകണ്ടുമുട്ടുന്ന പരിച്ചയക്കാരുമായോ ഒന്നും മിണ്ടാട്ടമില്ല. തോന്നുമ്പോൾ ഫോണെടുത്തു സംഭാഷണം തുടങ്ങും. ഇടയ്ക്കിടെ മുറിയിൽ നിന്നിറങ്ങി ധൃതിയിൽ റോഡരികിലെ ഫോണ്ബൂത്തിൽ ചെല്ലും. ഫോണ് കാർഡൊന്നും കയ്യിലുണ്ടാകില്ല. റിസീവറെടുത്ത് നിരന്തരമായ സംസാരംതന്നെ. സിം ഇല്ലാത്ത മൊബൈൽ ഫോണ് ചത്ത ഒരു ഉപകരണമായി കുപ്പായകീശയിൽ കൊണ്ടുനടക്കുകയാണ്"
ഫ്രെഡി എന്ന ഈ കഥാപാത്രം വളരെ കുറച്ചേ നോവലിൽ വന്നുപോകുന്നുള്ളൂ മറ്റാരോ ആയി ഓളിച്ചോടിപ്പോയ ഭാര്യക്കാണ് അയാൾ വിളിക്കുന്നത്. ഒരിക്കലും അങ്ങേതലക്കൽ ഒരു ശബ്ദം കേൾക്കില്ലെന്നു അറിഞ്ഞിട്ടും അയാൾ സംസാരിച്ചു കൊണ്ടിരിക്കുന്നു ചത്ത മൊബൈൽ ഫോണിലും കാർഡ് ഇടാതെ ഫോണ് ബൂത്തിലും ഒക്കെ അയാൾ നിരന്തരം സംസാരിക്കുന്നു. ഈ കഥാപാത്രത്തെ നോവലിൽ കുറച്ചുകൂടി വിശാലമായി കൊണ്ടുപോകേണ്ടതായിരുന്നു എന്നു തോന്നി.

നോവലിൽ ജീവിതത്തിന്റെ അടയാളങ്ങൾ തേടുന്നത് പോലെ തന്നെ മരുഭൂമിയുടെ അടയാളങ്ങളും തേടാൻ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. പ്രകൃതിയെ വളരേ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ഓരോ ചലങ്ങളെയും ജീവിതത്തോട് കൂട്ടികെട്ടുകയും ചെയ്യുന്നു. സൂരജിന്റെ ഓരോ യാത്രയും, വെറുതേയുള്ള നടത്തംപോലും ഇതെല്ലാം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു ഗവേഷണ വിദ്യാർത്ഥിയുടെ മനസ്‌പോലെ അലയുന്നുണ്ട്.
"സൂരജ് മരച്ചുവട്ടിലെ കോണ്ക്രീറ്റ് ബെഞ്ചിൽത്തന്നെയിരുന്നു. കഴിഞ്ഞ കൊല്ലവും ഈ ചെറുപക്ഷികളെ ധാരാളമായി കണ്ടിരുന്നു. രാത്രിയിലും മരങ്ങളിലായിരുന്നു കലമ്പികൊണ്ടിരുന്നു. ഇവയ്ക്ക് ഉറക്കമില്ലേ? കഴിഞ്ഞ വർഷം ഒരു ദിവസം അയാൾ പാതിരാത്രി കഴിഞ്ഞ് ഇതേ മരച്ചുവട്ടിൽ വന്നുനോക്കിക്കിയിരുന്നു. അന്നേരം അവ കലമ്പൽ നിർത്തിയിരുന്നു. അയാൾ മരച്ചില്ലകളിലേക്ക് സൂക്ഷിച്ചു നോക്കി. ആ കിളികൾ കൂടുകൾ ഉണ്ടാക്കിയിട്ടില്ലെന്നു അയാൾ കണ്ടുപിടിച്ചു. ഒരു പക്ഷി അയാളെ നോക്കി ഉറങ്ങാത്ത രണ്ടു ജീവികളുടെ സമാഗമം. ഇപ്പോൾ ഇവിടെയിരുന്നപ്പോൾ അതൊക്കെ സൂരജിനു ഓർമ്മ വന്നു
മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നും പറന്നുവരുന്ന നീ, വീണ്ടും ഇതേ മരത്തിൽ, ഇതേ ചില്ലയിൽതന്നെ വന്നിരിക്കുമെന്നറിയുന്നതിനാൽ എന്റെ പക്ഷീ, ഞാൻ കാത്തിരിക്കുന്നു, ഈ മരച്ചുവട്ടിൽ." എഴുത്തുകാരന്റെ പ്രകൃതിയോടും കിളികളോടുമുള്ള ഒരാത്മ ബന്ധം നമുക്കിവിടെ കാണാം. ലോകത്തിൽ എടെയാണെങ്കിലും മുമ്പ് വന്നിരുന്ന അതേ ഇടത്തിൽ അതേ ചില്ലയിൽ വന്നിരിക്കുന്ന ആ  പക്ഷിയെ നോക്കിയുള്ള കാത്തിരുപ്പ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളിൽ പറയുന്ന കാലുമുറിഞ്ഞ തത്തയെ ഓർമ്മിപ്പിക്കുന്നു.
മറ്റൊരിടത്ത് "വെളിമ്പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരുതരം നാട്ടുമരങ്ങൾ 'ഗാഫ്‌ മരങ്ങൾ' എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞിലകൾ നിറഞ്ഞ് പച്ചപിടിച്ചിരുന്ന അവയിപ്പോൾ ഉണങ്ങിപോയിരിക്കുന്നു. മരം പട്ടു പോയോ? അങ്ങനെ സംശയിക്കാം. സൂക്ഷിച്ചു നോക്കിയാൽ ഗാഫ് മരത്തിന്റെ ശിഖരങ്ങളും വസന്തത്തിന്റെ കിരീടം ചൂടിയിരിക്കുന്നതായി കാണാം. നാട്ടിലെ തൊട്ടാവാടിച്ചെടികളിൽ  വിടരുന്ന തരം  ഓമനത്തമുള്ള കൊച്ചുപൂക്കൾ ഇളം മഞ്ഞനിറത്തിൽ അവയുടെ ശിഖരങ്ങളിൽ വിരിഞ്ഞിരിക്കുന്നു. തേനീച്ചകളുടെ നിരന്തര സാന്നിദ്ധ്യവുമുണ്ട്." ഇങ്ങനെ മരുഭൂമിയിലെ പ്രകൃതിയെ സൂഷ്മായി നിരീക്ഷിക്കുന്നു. നാട്ടിൽ നിന്നും വിലയിരുത്തുമ്പോൾ ഇതൊക്കെ ഒരു കാഴ്ചയാണോ എന്നു തോന്നിയേക്കാം എന്നാൽ ഇവിടെ ഗാഫ് മരത്തിന്റെ ചെറിയ പച്ചപ്പിന്റെ കുനിപ്പ് വസന്തത്തിന്റെ കിരീടമയാണ് എഴുത്തുകാരൻ കാണുന്നത്. പ്രവാസ ജീവിതവും ഇതേ രീതിയിൽ തന്നെയാണ് കാണുന്നത്. പ്രത്യേകിച്ചു നമ്മൾ മധ്യവർഗ്ഗ മെന്നു വിശേഷിപ്പിച്ചു മാറ്റി നിർത്തി ജീവിതത്തെ കാണുന്ന പ്രവാസികളുടെ. പല കണ്ണുകളോടെയും സംശയത്തോടെയും, ചിലർ പുച്ഛത്തോടെയും ഒക്കെ കാണുന്ന മധ്യവർഗ്ഗമെന്ന എന്നാൽ പ്രതിസന്ധികളുടെ നടുക്കടലിൽ കര തേടി നീന്തുന്നവരെയാണ് സൂരജിലൂടെ, സൂരജിന്റെ കാഴ്ചയിലൂടെ വരച്ചുകാണിക്കുന്നത്. വിവരിച്ചു മനസിലാക്കാൻ എളുപ്പമല്ലാത്ത, ഇക്കാലമാത്രയും മനസിലാക്കാതെ മാഞ്ഞുപോയ, പോയിക്കൊണ്ടിരിക്കുന്ന പ്രവാസ ജീവിതങ്ങളെ സൂരജിലൂടെയും ഒപ്പം നോവലിൽ വരുന്ന മറ്റു കഥാപാത്രങ്ങളിലൂടെയും ലളിതമായ ആഖ്യാനത്തിലൂടെ ആഴത്തിൽ അവതരിപ്പിക്കാൻ നോവലിന് ആയിട്ടുണ്ട്.

മലമടക്കുകൾ കാണുമ്പോൾ വിവിധ രൂപങ്ങളായി വിവിധ ശബ്ദങ്ങൾ പുറത്തുവിടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന സൂരജിന്റെ ജീവിത പശ്ചാത്തലം വളരെ പ്രാധാന്യം അർഹിക്കുന്നു. അടിയന്തിരാവസ്‌തയുടെ കാലത്ത് കലാലയ വിദ്യാർത്ഥിയായിരുന്ന ഒരാളുടെ മനസികാവസ്തയിൽ നിന്നും രൂപം കൊണ്ട ആശയങ്ങളുടെ ബാക്കിപത്രം ഇപ്പഴും അയാളിൽ പിടക്കുന്നുണ്ട്. മനുഷ്യരോടും പ്രകൃതിയോടും സൂരജിനുള്ള അടുപ്പം എങ്ങനെ എന്നു മനസിലാക്കാം. കവാബാത്തയുടെ മലയുടെ ശബ്‌ദം വായിച്ചതിന്റെ സ്വാധീനവും നോവലിൽ രേഖപ്പെടുത്തുന്നു. "അമ്മമലയും  കുഞ്ഞുങ്ങളും. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമലകൾ..!" മലകളെ നോക്കി സൂരജ് ശൈലജയോട് പറയുന്നതാണ്. "മലകൾ തൊട്ടരികെത്തന്നെ യുണ്ടെന്ന ഇത്തിരി ആഹ്ലാദം അവർക്കുള്ളിൽ നിറഞ്ഞു. ഭൂമിയുടെ കിടക്കപ്പായായിൽ നവജാത ശിശുക്കളെപ്പോ ലെ അവർ മയങ്ങിക്കിടന്നു. അമ്മമലയുടെ രണ്ടു കുഞ്ഞുങ്ങൾ...!"

പ്രവാസ ജീവിതത്തിലെ വരൾച്ചയും അതുവഴി  ഉണ്ടാകുന്ന പ്രതിസന്ധികളും, അങ്ങനെ ആൾക്കൂട്ടത്തിൽ തനിയെ ആയിപോകുന്ന ജീവിതത്തിന്റെ നാൾ വഴികളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. തൊട്ടടുത്ത് കിടക്കുന്ന സ്വന്തം ഭാര്യപോലും മനസിലാക്കാത്ത വിവരണാതീതമായ ഒരേകാന്തതയുടെ ആൾക്കൂട്ടമാണ്  പ്രവാസ ജീവിതമെന്ന സത്യത്തിലേക്ക് ഉള്ള തുഴച്ചിലാണ് നദികളുടെ അടയാളങ്ങൾ എന്ന നോവൽ. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ജീവിതത്തെ ഒരു യന്ത്രസമാനമായ രൂപാന്തരപ്പെടുത്തുന്നവർ.  തന്നിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വാസ്ഥ്യം തൻെറ നാട്ടിൽ തന്നയാണ് എന്ന് തിരിച്ചറിവിലേക്കുള്ള പടിയിലൂടെ ഇറങ്ങിപോകാനാകാത്ത അവസ്‌ഥയിൽ എത്തിപ്പെടുന്നവർ. നഷ്ടമായ നാട്ടിപുറത്തിന്റെ നന്മയെ ഉള്ളിൽ നിറച്ച് എന്നും നേരിടേണ്ടി വരുന്ന അസ്വസ്ഥകളോട് പൊരുത്തപ്പെട്ടും സഹിച്ചും, പോരാടിയും തളർന്നുജീവിക്കുന്നവർ. പ്രധാന കഥാപാത്രമായ സൂരജ്മാരും, ബോധമണ്ഡലത്തിൽ നിന്നും യാഥാർഥ്യങ്ങളെ മായ്ച്ചു കളഞ്ഞു പൂർവകാലത്തെ ഓർമ്മകളെ തിരുകി ജീവിതത്തെ അപ്പൂപ്പൻ താടി പോലെ പറത്തിവിടുന്ന ഫ്രെഡിയും, ഈ സമ്മർദ്ദങ്ങളെ താങ്ങാനാവാതെ പതിനാലാം നിലയിൽ നിന്നും ജീവിതത്തെ വലിച്ചെറിയുന്ന ഹരിയും, കിട്ടിയ അവസരത്തെ പുറംകാലുകൊണ്ടു തട്ടിത്തെറിപ്പിച്ചുകൊണ്ട് ലക്ഷ്യമായ ജീവിതത്തിലേക്ക് വഴുതി പ്പോയ സൂരജിന്റെ അമ്മാവന്റെ മകൻ സന്ദീപും,  ഇങ്ങനെ മണൽ നഗരത്തിലെ ഓരോ ജീവിതങ്ങൾ ഒട്ടനവധി പേരെയാണ് പ്രതിനിധീകരിക്കുന്നത്. സൂരജിന്റെ ഇലക്ട്രോണിക് ഷോപ്പിലേക്ക് ഉപഭോക്താവായി വരുന്ന ലോകത്തെ വിവിധ രാജ്യങ്ങളിലുളളവരിലൂടെയും അവരുമായുള്ള ബന്ധവും, ഇടപെടലും, അവരുടെ ഒച്ചയും ദേഷ്യവുമൊക്കെ നോവലിൽ അലിയിച്ചു ചേർത്തു പറഞ്ഞിരിക്കുന്നു. ഒപ്പം കാലത്തിന്റെ മാറ്റങ്ങൾ ആഗോള രാഷ്ട്രീയ ഇടപെടലുകൾ മനുഷ്യത്വം നഷ്ടമാകുന്ന വിപണിയുടെ പടർന്നു കയറ്റം, ആഗോളവൽക്കരണ കുരുക്കുകൾ ഇങ്ങനെ പ്രവാസ ജീവിതത്തിന്റെ ഒട്ടുമിക്ക വിഷയങ്ങളിലൂടെ കടന്നുപോകുന്നു ബഷീർ മേച്ചേരിയുടെ ഈ നോവൽ. അത്ര എളുപ്പമല്ലാത്ത ഒരു വിഷയത്തെ വളരെ ലളിതമായി ഒതുക്കത്തോടെ പറയാൻ സ്വീകരിച്ച വഴിയാണ് നദിയുടെ അടയാളങ്ങൾ ജീവിതത്തിന്റെയും അടയാളങ്ങളാക്കി മാറ്റുന്നത്.


പ്രസാധകർ
കറന്റ് ബുക്ക്സ് തൃശ്ശൂർ
വില. 150₹
പേജ്. 148

No comments:

Post a Comment