Tuesday 20 August 2019

മനുഷ്യത്വത്തിൻ്റെ ഓട്ടമത്സരത്തിലാണ് ഞാൻ

അനുഭവം

ഞാനൊരു ഓട്ടമത്സരത്തിൽ ആണ്, 
പക്ഷെ ഈ മത്സരത്തിൽ എനിക്ക് തോൽക്കാനാണ് ഇഷ്ടം. മത്സരത്തിൽ നോക്കുമ്പോൾ ഹുസ്സൈൻ ബോൾട്ട് ആണ് മുന്നിൽ അയാളുടെ യഥാർത്ഥ പേര് നൗഷാദ്, അദ്ദേഹവുമായി എങ്ങനെ ഓടിയെത്താനാണ്, പിന്നെയതാ ആന്റോ ചേട്ടൻ, തോളിൽ പഴക്കുല തൂക്കി അശോകേട്ടൻ. എന്നും ഓട്ടമത്സരത്തിൽ എന്നെ തോൽപ്പിക്കാറുള്ള നർഗീസ് ബീഗം, ഒരു ബറ്റാലിയനുമായി അതാ മൊയ്ദുപ്പ മാഷ്. അനീഷ്, അജയ്, പിറന്നാൾ മരച്ചോട്ടിൽ നിന്നും രഞ്ജിനി........ നോക്കുമ്പോൾ മുന്നിൽ കുറെ പച്ചമനുഷ്യരുടെ ആൾക്കൂട്ടം ഇവരോട് എങ്ങനെ ഓടിജയിക്കാനാണ് അതുമാത്രമല്ല ഇവരോട് തോല്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖമുണ്ട്, അർഹരായവരുടെ വിജയമാണ്  പരാജിതനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുക.. 
ഇപ്പോൾ ഇവരൊക്കെ നിലമ്പൂരും വയനാട്ടിലും ഓടിക്കൊണ്ടിരിക്കുന്നു. അവിടുത്തെ ജീവിതം വഴി മുട്ടിയ മനുഷ്യരുടെ കൈ കോർത്ത് പിടിച്ചു ഫിനിഷിങ് പോയന്റിൽ എത്താൻ. അതെ ഇത് മനുഷ്യർക്കായുള്ള ഓട്ടമാണ്, തോറ്റുപോകാത്ത കേരളത്തിനു വേണ്ടി... നമ്മളെങ്ങനെ തോൽക്കും, ആരാധനാലയമായ പള്ളി  മോർച്ചറിയാക്കാനും അവിടെ മൃതദേഹങ്ങൾ വെക്കാനും  തയ്യാറുള്ള ഒരു ജനത, പെരുന്നാൾ ജുമുഅഃ നടത്തേണ്ട പള്ളി തകർന്നപ്പോൾ ശ്രീ നാരായണ മന്ദിരത്തിൽ സ്ഥലം വിട്ടുകൊടുത്തവർ,  തെരുവ് കച്ചവടക്കാരൻ കുന്നോളം സാധനങ്ങൾ സൗജന്യമായി  നൽകുന്ന ജനത, കാറ്റെടുത്ത് കാർഷിക വിഭവങ്ങളിൽ വിൽക്കാനായി ബാക്കി വെച്ച മുഴുവൻ പച്ചക്കറിയും എടുത്ത് കൊടുത്ത കർഷകൻ, കട മുഴുവൻ നൽകിയ കച്ചവടക്കാരൻ... മുന്നിലുള്ള റോഡിലൂടെ ശവം കൊണ്ടുപോയാൽ ആരാധാനാലയത്തിന്റെ പരിശുദ്ധി നഷ്ടപ്പെടും എന്ന് പറഞ്ഞു ഒരു കലാകാരന്റെ  ശവം കൊണ്ടുപോകുന്നത് തിരിച്ചു വിട്ട കേരളത്തിൽ ഇങ്ങനെ കേൾക്കുമ്പോൾ മനുഷ്യത്വത്തിന്റെ പ്രകാശം നിറയുകയാണ്, വർഗീയതയുടെ ഇരുട്ടിനെ അകറ്റാൻ ഈ ജനതയ്ക്ക് ആകും എന്നുറപ്പുണ്ട്, അത് കൊണ്ട് തന്നെ എല്ലാവർക്കും  എന്നെ തോല്പിക്കുന്നവർ ആകട്ടെ, ഞാനൊരു മരുഭൂമിയിൽ നിന്നാണ് ഓടുന്നത് ചുട്ടുപഴുത്ത മണലിൽ നിന്നും എന്നാലും ഇവരോടൊപ്പം തോല്കക്കാനാണ് എങ്കിലും ഓടിക്കൊണ്ടിരിക്കും, പിറന്നാൾ മരച്ചോട്ടിൽ നിന്നാണ് എന്റെ സ്റ്റാർട്ടിങ് പോയന്റ് ഇപ്പോൾ നട്ട ഒരു ചെടിയാണ്  രണ്ടിലകളെ ഉള്ളൂ മേല്പറഞ്ഞവർ മഹാ വൃക്ഷങ്ങളാണ് അത്രേം ശിഖരങ്ങളും ഇലകളും00 പൂക്കളയും ഫലങ്ങളും ഉണ്ടാവണം എങ്കിൽ ഇനിയും എത്രയോ വളരണം. 
ഓട്ട  മത്സരം ഇനിയും നടക്കട്ടെ, എല്ലാവരും തോല്പിച്ച് ഓടട്ടെ എന്നാലും കഴിയുന്ന പോലെ ഓടിക്കൊണ്ടിരിക്കും, 
മുന്നിലെ നന്മകളെ പിന്തുടർന്ന്... തോൽക്കാത്ത കേരളത്തിന് വേണ്ടി ആരെങ്കിലും തോൽപിക്കാൻ ഒരുങ്ങിയാൽ ഇതാ മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ ഒറ്റക്കെട്ടായ ഒരു ജനതയായി ഞങ്ങൾ തോല്പിക്കാനാവാത്ത ഹുസ്സൈൻ ബോൾട്ട്മാരായി ഒറ്റ ടീമായി ഞങ്ങൾ ഓടിവരുന്നു. 
ഓട്ടം തടസടപെടുത്തി ഈ ഒത്തൊരുമയെ തകർക്കാൻ ഒരുങ്ങുന്ന ഒരു കൂട്ടരുണ്ട്, അവർക്ക് മനുഷ്യരെ വിഭജിക്കാൻ പല വഴികളുണ്ട്, ഭക്ഷണം പോകും അവർക്ക് വർഗീയതയുടെ വജ്രായുധമാണ്. മൃതദേഹം ആധനലത്തിന് മുണമിലൂടെ പോയാൽ ആശുദ്ധമാകും എന്നു പറഞ്ഞത്, അവർ തന്നെയാണ് ഗാന്ധിജിയെ കൊന്നതും. എന്നാൽ  നിങ്ങൾക്ക് ഞങ്ങൾക്ക് മുന്നിലെത്താൻ ആകില്ല ആകാൻ ഞങ്ങൾ സമ്മതിക്കില്ല. അതാണ് കേരളം. മഹാ പ്രളയത്തെ അതിജീവിക്കാൻ കഴിഞ്ഞവർക്ക് ഈ ഓടയിലെ ഒഴുക്ക് ഒരു തടസ്സമേ അല്ല. നിങ്ങൾ ആ ഓടയിൽ തന്നെ ആയിരിക്കും തുടക്കവും ഒടുക്കവും അവിടെ തന്നെ.  ഒരിക്കലും ജീവിതത്തിന്റെ സുഗന്ധം നുകരാൻ നിങ്ങൾക്കാവില്ല, കാരണം ഇവിടെ ഞങ്ങൾ വിരിയുന്നത് മനുഷ്യത്വത്തിന്റെ പൂക്കളുടെ സുഗന്ധമാണ്, നിങ്ങളിൽ നിന്നും ചോർന്നുപോയതും അതാണ്. 
തോൽക്കാനിഷ്ടമില്ലാത്ത ഒരു യുവ സമൂഹം ഇവിടെ വളരുന്നുണ്ട് അവർക്ക് മുന്നിൽ ഉള്ളത്  ആഗോളഇടങ്ങൾ ആണ്, അത് ഇടുങ്ങിയ ഇടവഴികൾ അല്ല, വിരലമർത്തി അവർ മനുഷ്യത്വത്തെ തൊട്ടു തലോടുന്നു, ഒരാഴ്ചയായി അവർ പലരും ഉറക്കമില്ലാതെ തെരുവിലാണ്, മുട്ടോളം ചെളിയിൽ നിന്ന് അത് വാരിയെടുത്ത് കളയുന്നു, ജീവിതം വഴിമുട്ടി എന്ന് കരുതുന്നവരെ കരുണയോടെ നോക്കി നിങ്ങൾക്കിതാ ഞങ്ങൾ വഴിവെട്ടിത്തരുന്നു എന്ന് കാണിച്ചു കൊടുക്കുന്നു, നേരിട്ടെത്താൻ കഴിയാത്തവർ  ആഗോള തലത്തിൽ അതിനു സാദ്ധ്യതകൾ  തെരയുന്നു,  സോഷ്യൽ മീഡിയ അതിന്റെ ഏറ്റവും പോസറ്റിവ് ആയ ഇടപെടലിന്റെ തലമാണ് എന്ന് ലോകത്തിനു കാണിച്ചു കൊടുക്കുന്നു. 
പാതി വെളളത്തിൽ വഴിയറിയാതെ കുടുങ്ങിയ ആംബുലൻസിന് ദിശ തെറ്റാതിരിക്കാൻ അരക്കൊപ്പം വെള്ളത്തിലൂടെ ഓടുന്നത് പത്തു വയസോളം പ്രായമുള്ള കുട്ടിയാണ് നിങ്ങൾക്ക് ഇവരെയൊക്കെയാണ് ഓടി തോല്പിക്കേണ്ടത്.  തോൽവിയുടെ സുഖം അനുഭവിക്കുന്നത് ഇവരൊക്കെ ഓടി ജയിക്കുന്ന സന്തോഷത്തിൽ ആണെങ്കിൽ നിങ്ങൾക്ക് മത്സരിക്കാൻ പോലും ആവാതെ  തോൽക്കുന്നത് മനുഷ്യത്വത്തോട് ആണ്. ഞങ്ങൾ മനുഷ്യന്മാർ ഓടുകയാണ്, നിങ്ങൾക്ക് ഇടമില്ലാത്ത, ഒരു സാധ്യതയും ഇല്ലാത്ത ട്രാക്കിലൂടെ. ഞങ്ങളിലെ ഏറ്റവും പിന്നിലുള്ള ആളെ പോലും കാണാനാകാത്ത അത്രയും വ്യത്യാസത്തിൽ ആണ് ഞങ്ങളും നിങ്ങളും.  നന്മ നിങ്ങളിൽ അവശേഷിക്കുന്നു എങ്കിൽ ഞങ്ങളോടൊപ്പം ഓടിത്തുടങ്ങുക ഞാൻ ഒരു കൈ നീട്ടാം ഹുസ്സൈൻ ബോൾട്ടുമാരോടൊപ്പമാണ്  ഓടാൻ ഉള്ളതെന്ന് ഓർക്കുക,  ഉണ്ടെങ്കിൽ പോരൂ ഈ തോൽവിക്കും ഒരു സുഖവും ആശ്വാസവും ഉണ്ടാകും. ട്രാക്കിലാതെ അലയുന്നതിനേക്കാൾ നല്ലതാണ്. നന്മയാണ് മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ഗുണം അത് തിരിച്ചറിയുക, അത്രേ വേണ്ടൂ. വിഷ ചിന്തകൾ താനേ ഇല്ലാതായിക്കോളും. അങ്ങനെ സംഭവിക്കട്ടെ, പ്രതീക്ഷയോടെ കേരളത്തെ ജയിപ്പിക്കാം

No comments:

Post a Comment