Wednesday, 21 September 2016

പുതുവായനയുടെ ജലത്തിന്‍റെ ത്രികോണങ്ങള്‍

വായനാനുഭവം 3 

 ജലത്തിന്‍റെ ത്രികോണങ്ങള്‍ 
(കഥാസമാഹാരം) 
എജെ മുഹമ്മദ്‌ ഷഫീര്‍ 

വീനമായ വായനയിലേക്കുള്ള ക്ഷണക്കുറിപ്പാണ് എജെ മുഹമ്മദ്‌ ഷഫീറിന്റെ കഥകള്‍. ഗതാനുഗതികമല്ലാത്ത ഭാവുകത്വ പരിസരം ആനയിക്കുന്ന കഥകള്‍ പതിവില്‍ നിന്നും മാറി നില്‍ക്കുന്നു. എജെ മുഹമ്മദ്‌ ഷഫീര്‍ ഒരു കവിയാണ്‌ അത് കൊണ്ട് തന്നെ കഥകളില്‍ ഇടക്ക് കാവ്യ ബിംബങ്ങള്‍ എത്തി നോക്കുന്നതായി കാണാം. 
ഖരങ്ങളുടെ ഉടമ്പടി, ഏഴു നിറങ്ങളില്‍ ഒരു സ്ത്രീ, അയഥാര്‍ത്ഥമായ ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്, ഹ്വിയാങ്ങ്  എഴുതിയ കവിതകള്‍, തെരുവുകളിലെ മരങ്ങളെ വെള്ളികടലാസില്‍ പൊതിഞ്ഞ ഈ നഗരത്തിന് എന്നോടെന്താണ് പറയുവാനുള്ളത്?, ദിക്കുകള്‍ നിലവിളിക്കുമ്പോള്‍, പ്രകാശത്തിന്റെ കടല്‍, കൊച്ചവിരായുടെ കുലപരമ്പരകള്‍, ജലത്തിന്‍റെ ത്രികോണങ്ങള്‍, കാന്തികജലാശയം എന്നിങ്ങനെ അത്ര വലുതല്ലാത്ത പത്ത് കഥകള്‍ അടങ്ങിയതാണ് ഈ ചെറുപുസ്തകം.

പ്രൊഫസര്‍ സഹാക്കിന്റെ അതി നിഗൂഡവും അന്വേഷണാത്മകവുമായ ജീവിതത്തിലൂടെ ഒരു യാത്രയാണ് ജലത്തിന്‍റെ ത്രികോണങ്ങള്‍ എന്ന കഥ.  ഇതേ ശീര്‍ഷകത്തില്‍ തന്നെയാണ് ഈ സമാഹാരവും. കൂടെ പഠിക്കുന്ന വരുമായി ജ്യാമതീയ രൂപങ്ങളെയും ജലത്തിലൂടെ സഞ്ചരിക്കുന്ന പ്രകാശത്തിന്റെ പ്രവേഗ വ്യതിയാനങ്ങളെ കുറിച്ചും നിരന്തരം ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നവന് തീര്‍ച്ചയായും പ്രൊഫ; സഹാക്ക് ഒരത്ഭുതമാണ് ആ അന്വേഷണമാണ്  ഈ കഥ 
"അന്നുരാത്രി, കരിങ്കല്ലില്‍ തീര്‍ത്ത ദുര്ഗ്ഗമമായ പ്രേതകുടീരമെന്ന പ്രതീതി യുണര്‍ത്തുന്ന പ്രഫസറുടെ പരീക്ഷണ ശാലയിലേക്ക് രഹസ്യമായി പ്രവേശിച്ചുകൊണ്ട് അതിന്റെ ഒന്നാം കവാടത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഫലകത്തില്‍ കൊത്തിയ വാചകങ്ങള്‍ ഞാന്‍ പണിപ്പെട്ടു വായിച്ചെടുത്തു: "ഇന്ദ്രിയങ്ങളാല്‍ പ്രപഞ്ചത്തെക്കുറിച്ചും ജീവ രഹസ്യങ്ങളെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനു വേണ്ടി നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു". ആര്?, ഞാന്‍ സ്വയം ചോദിച്ചു: ദൈവം?? എന്നാല്‍, ഫലകത്തിലെ വാചകങ്ങള്‍ക്കിടയില്‍ നിഗൂഡമായ മറ്റൊരുത്തരം മറഞ്ഞുകിടക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ആ കരിങ്കല്‍ക്കോട്ടയ്ക്കു പുറത്തെ രാത്രിയോടു ലയിച്ചുകിടന്നിരുന്ന നിശ്ശബ്ദതയോടെ സ്പഷ്ടവും വിഹ്വലവുമായ ഒന്ന്; ഒരു പ്രഹേളിക."

 ഈ കഥയുടെ തുടക്കം തന്നെ വായിച്ചാല്‍ തന്നെ പ്രൊഫസര്‍ സഹാക്കിന്റെ നിഗൂഡമായ ലോകത്തെ വ്യക്തമായി വരച്ചു കാണിക്കുന്നതു മനസിലാക്കാം.  പ്രൊഫസറുടെ നിഗൂഡമായ ആ വീട്ടിലേക്കു കടന്നു ചെല്ലാനുള്ള ആഗ്രഹം ഉള്ളില്‍ പേറി നടക്കുകയാണ്.  
"നാളുകള്‍ക്ക് ശേഷം ഒരു രാത്രിയില്‍, പഠനമുറിയില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ കരിങ്കല്ലില്‍ തീര്‍ത്ത കൊത്തളങ്ങള്‍ നിറഞ്ഞ പ്രൊഫസറുടെ വീട് - കോട്ട - എന്നെ സ്തബ്ധമാക്കുന്ന രീതിയില്‍ പൊടുന്നനെ നിശ്ശബ്ദമായതായി. എനിക്ക് തോന്നി. അപ്പോള്‍, ജീവന്റെ കണ്ണാടികളില്‍ പ്രതിബിംബിക്കപ്പെട്ടുറങ്ങുന്ന സ്ഥിരപ്രതിമകള്‍ നിറഞ്ഞ കൊത്തുപണികള്‍ക്കുള്ളിലൂടെ എനിക്ക് മീതെ ഒലിച്ചിറങ്ങിയ ജലത്തില്‍, ഓക്സൈഡ്കളുടെയും സള്‍ഫേറ്റ്കളുടെയും ഗന്ധം കലര്‍ന്നിരുന്നു. പെട്ടെന്ന്, മുകളിലെ മുറി, അതിവിചിത്രമായ ഒരു രസതന്ത്ര പരീക്ഷണശാല തന്നെയാണെന്ന് ഞാന്‍ തീരുമാനിച്ചു. ഒരിക്കല്‍ പ്രൊഫസറുടെ കണ്ണുവെട്ടിച്ച് ഞാനതിനുള്ളില്‍ അതിക്രമിച്ചു കയറുകതന്നെ ചെയ്യും" 

പ്രൊഫസറുടെ പരികല്പനകള്‍  ഇതില്‍ നിന്നും വായിച്ചെടുക്കാം തന്ത്രത്തില്‍ കിട്ടുന്ന പ്രൊഫസറുടെ ഡയറിയില്‍ ഹീബ്രുഭാഷയില്‍ കുറിക്കപെട്ട വാക്കുകളുടെ അര്‍ത്ഥം തേടി പോയപ്പോള്‍ ചരിത്രത്തിലെ നിഗൂഡതയും അതില്‍ ഇഴചേര്‍ന്നു കിടക്കുന്ന രാഷ്ട്രീയവും കാണാന്‍ കഴിയും.  ഈ രാസമാറ്റങ്ങള്‍ ഒക്കെ തന്നെ വലിയ രാഷ്ട്രീയത്തിന്റെ ഉള്ളറകളിലൂടെ ഇറങ്ങി നടക്കാനുള്ളതാണെന്ന് മനസിലാവും. ചരിത്ര സ്മാരകങ്ങളായി രൂപാന്തരപെട്ട വിജനമായ യാഹൂദത്തെരുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രൊഫസറുടെ മനോനിലയില്‍ സംശയം തോന്നുന്നത് കാലാകാലങ്ങളായി  ഒളിഞ്ഞു കിടക്കുന്ന ചരിത്രത്തിന്റെ നിഗൂഡതയാണ്. വിഷയത്തില്‍ കാണിക്കുന്ന നിഗൂഡതയുടെ ശക്തി കൂട്ടാന്‍ ഭാഷയിലും ലളിത വല്‍ക്കരണം മാറ്റി വെച്ചിട്ടുണ്ട്. ഒട്ടുമിക്ക കഥകളും ആ രീതിയില്‍ തന്നെയാണ് മുന്നോട്ട്പോകുന്നതും 

എന്നാല്‍ മറ്റുകഥകളില്‍ തികച്ചും വ്യത്യസ്തമാണ് കാന്തികജലാശയം എന്ന കഥ. മത്സ്യം  പിടിച്ചു ജീവിക്കുന്ന മുക്കുവരുടെ ദ്വീപില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ  ഉദ്യോഗസ്ഥനാണ് ഹരി. ഹരിയുടെ പ്രവചനങ്ങള്‍ മുക്കുവരെ സംബന്ധിച്ച് ജീവിതം തന്നെയാണ്. എന്നാല്‍ ഒരു പ്രവചനം തെറ്റിയതോടെ വലിയ ദുരന്തത്തെയാണ് ഗ്രാമം ഏറ്റുവാങ്ങിയത്. ഹരിയുടെ പ്രവചനം വിശ്വസിച്ച് കടലിലിറങ്ങിയ ഇരുപത് പേരാണ് ജീവന്‍ വെടിഞ്ഞത്. അതോടെ പ്രകോപിതരായ ജനങ്ങളില്‍  നിന്നും ഹരി ഒളിക്കുന്നു ഭാര്യ ജയന്തി മാത്രമുള്ള വീട് വളഞ്ഞിരിക്കുകയാണ് ജനങ്ങള്‍. 
കാലാവസ്ഥ നിരീക്ഷകേന്ദ്രത്തില്‍ തന്നെയുള്ള ഒരു മുറിയില്‍ ഒളിച്ചിരിക്കുന്ന ഹരിയെ കിട്ടാതെ വന്നപ്പോള്‍ പ്രകോപിതരായ ജനങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തീയിടാന്‍ പോകുന്നു എന്ന വിവരം ഇവര്‍ക്കിടയില്‍ നിന്നും സഹായത്തിനു എത്തുന്ന ചെന്താമര ജയന്തിയെ അറിയിക്കുന്നു. പിന്നീട്  ചെന്താമരയാണ് ഇവരെ ആ ദ്വീപില്‍ നിന്നും ഏറെ കഷ്ടപ്പെട്ട് രക്ഷിക്കുന്നത്. ഇവര്‍ തമ്മിലുള്ള ആത്മബന്ധമാണ് ഈ കഥയുടെ കാതല്‍. മറ്റുകഥകളില്‍ നിന്നും വ്യത്യസ്തമായി ഈ കഥ വളരെ ലളിതമായി പറയുന്നു എന്നുള്ളതാണ് പ്രത്യേകത. 

എന്നാല്‍ അത്ര ലളിതമല്ലാത്ത ആഖ്യാന ശൈലിയാണ് ഖരങ്ങളുടെ ഉടമ്പടി, ഏഴു നിറങ്ങളില്‍ ഒരു സ്ത്രീ, എന്നീകഥകള്‍ക്ക് സ്വീകരിച്ചിട്ടുള്ളത്. കുടുംബ പാരമ്പര്യത്തിന്റെ കഥപറയുന്ന കൊച്ചവിരായുടെ കുലപരമ്പരകള്‍, ഹ്വിയാങ്ങ്  എഴുതിയ കവിതകള്‍ എന്നീ കഥകള്‍ ഇതില്‍ നിന്നും വ്യെത്യസ്തമായി നില്‍ക്കുന്നു. കഥാഗതിക്കനുസരിച്ച് വായനക്കാരനെ മറ്റൊരു നിഗൂഡമായ ലോകത്തേക്ക് കൊണ്ടുപോകാന്‍ എജെ മുഹമ്മദ്‌ ഷഫീറിന്റെ കഥകള്‍ക്ക് ആകുന്നുണ്ട്. മലയാളത്തില്‍ സമാനതകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്ത എഴുത്താണ് നമുക്ക് ദര്‍ശിക്കാനാകുക. ഒരു പുതിയ പാരായണ സുഖം നല്‍കാന്‍ കഥകള്‍ക്ക് ആകുന്നുണ്ട്. 



എഴുത്തുകാരനെ കുറിച്ച് 

എജെ മുഹമ്മദ്‌ ഷഫീര്‍ 

1973ല്‍ ജനനം, 1993 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം, അതെ വര്ഷം തന്നെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ ചെറുകഥയ്ക്ക് ഒന്നാം സ്ഥാനം. സമുദ്രത്തേക്കാള്‍ പഴക്കമേറിയ മരക്കപ്പല്‍, പ്രപഞ്ചത്തിന്റെ തുറമുഖങ്ങള്‍ എന്നിവയാണ് മറ്റു കൃതികള്‍.  





മലയാള മാധ്യമം വെബ് മാഗസിനില്‍ വന്ന വായനാനുഭവം 3
http://malayalamadhyamam.com/mmnews-readers-taste-3rd-faisalbava/

No comments:

Post a Comment