Sunday 4 September 2016

കപ്പിത്താള്‍: കഥകളുടെ പുതിയാഖ്യാനം.

വായനാനുഭവം-2 
ബിജു സിപിയുടെ ‘കപ്പിത്താൾ‘ എന്ന കഥാ സമാഹാരത്തെ കുറിച്ചുള്ള വായനാനുഭവമാണ് ഇത്തവണ വായന എന്ന കോളത്തിൽ

ല്ല കഥകൾ ആയിട്ടും എന്തുകൊണ്ടോ അത്രയൊന്നും ശ്രദ്ധ കിട്ടാതെ പോയ സമാഹാരമാണ് കപ്പിത്താൾ. ചെറുകഥയുടെ പതിവ് രീതി യിൽ നിന്നും കുതറി മാറാനും ഓരോന്നും വ്യത്യസ്ത മാക്കുവാനും കഥാകൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ “വരും കാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാള സാഹിത്യത്തില്‍ മുന്‍നിരയില്‍ കസേര വലിച്ച്ച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു” എന്നെഴുതിയത്. കഥകൾ വായിച്ചു കഴിഞ്ഞപ്പോൾ ഈ വിലയിരുത്തൽ ശരിയാണ് എന്ന് തോന്നി. ഓരോ കഥയുടെയും ആഖ്യാനത്തിൽ കാണിച്ചിട്ടുള്ള സൂക്ഷ്മത അതിനു തെളിവാണ്. ഈ കഥ എങ്ങനെയല്ലാം സംവദിക്കുന്നു എന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ ആർ മീര ‘ആഴങ്ങൾക്കുളമേലുള്ള പ്ലവനം’ എന്ന അവതാരികയിൽ ഏറ്റവും ഭംഗിയായും കൃത്യമായും സൂചിപ്പിച്ചിട്ടുണ്ട്. അതിനേക്കാൾ ഭംഗിയായി എനിക്കവതരിപ്പിക്കാൻ കഴിയാത്തതിനാൽ ആ വരികൾ തന്നെ കുറിക്കട്ടെ
“പാമ്പു കടിക്കുന്നത് ഇറച്ചി തിന്നാനല്ല. ശത്രുവിന്റെ നാഡികൾ തളർത്തി കൊള്ളാൻ വേണ്ടി തന്നെയാണ്. ബിജുവിന്റെ കഥകൾ വായിക്കുന്നവരോട് ഒരു വാക്ക്- ജാഗ്രത! ഈ കഥകൾ ‘പരിമിതി കളുടെ വിളംബരങ്ങൾ’ അല്ല. ‘മനുഷ്യരെയും സമൂഹത്തെയും മുഖ്യചേരുവകളാക്കിയ പാചകപരിപാടി’യുമല്ല. സത്യത്തിൽ ഇവ ‘ചെറു’കഥകളല്ല, മനുഷ്യരെ അന്യഗ്രഹജീവികളാക്കുന്ന ബെൻടെന്റെ വാച്ച് കണക്കെ, വായനക്കാരെ ലിറ്റിൽ ഗ്രീൻ ഫ്രോഗുകൾ ആക്കാൻ ശേഷിയുള്ള ഓംനിട്രിക്സ് ഉപകരണങ്ങളാണ്. ലാഘവത്തോടെയാണ് പറയുന്നതെങ്കിലും ഈ കഥ കേട്ടുകഴിയുമ്പോൾ നാം വല്ലാത്തൊരു വിങ്ങലിന്റെ ഹോർലിക്സ് കുപ്പിക്കുള്ളിൽ അടയ്ക്കപ്പെടും. നിഷ്ടൂരമായൊരു സത്യസന്ധതയുടെ ബ്ലെയ്ഡ് കൊണ്ട് വയറു നെടുകെ കീറിമുറിക്കപ്പെടുന്നതിന്റെ വേദന അനുഭവിക്കും. നമ്മുടെതന്നെ നിഴലുകള്‍ കണ്ട് അസ്വസ്ഥത തോന്നുന്നതാണ് സമകാലിക ജീവിതത്തിലെ ഏറ്റവും വലിയ തമാശയെന്ന ആത്മനിന്ദയില്‍ പുളയും” 


ബെണ്ടനും പോച്ചയും, നാലു പെണ്ണുങ്ങള്‍, ചുരുട്ടിയെറിഞ്ഞത്, അതെ കഥയുടെ പുതിയഖ്യാനം, കപ്പിത്താള്‍, ഒരു കുട്ടിക്കഥ (മുതിര്‍ന്നവര്‍ക്ക് മാത്രം), വല്ലാര്‍പ്പാടത്തമ്മ, വിരേചനത്തിന്റെ ധ്യാന പാഠങ്ങള്‍, സത്താവാദപരമായ ചില സന്ദേശങ്ങള്‍, യാത്രാവിവരണം, മലബന്ധദേശം, ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരിത്താഴംകാരന്‍ എന്നീ പന്ത്രണ്ട് കഥകള്‍ അടങ്ങിയതാണ് ഈ കപ്പിത്താള്‍ എന്ന സമാഹാരം
ബെണ്ടനും പോച്ചയും എന്ന കഥ സമകാലിക യാഥാർഥ്യവും മലയാളിയയുടെ ജീവിതവുമായി ഏറെ ബന്ധപെട്ടു കിടക്കുന്നു. മലയാളിയുടെ ജീവിതത്തെ പിളർത്തിവെച്ച് അതിനു നടുവിലൂടെ യാണ് ഈ കഥ നടന്നു നീങ്ങുന്നത് ബി സനാതനൻ നായർ എന്ന സനുകുട്ടൻ തന്റെ പേര് ബെണ്ടനെന്നാക്കിയത് ഒരു കാർട്ടൂൺ കഥാപാത്രത്തെ അനുകരിച്ചുകൊണ്ടാണ്. ബെൻടെൻ എന്ന പ്രശസ്തമായ ഈ കഥാപാത്രം മലയാള ഇളംമനസുകളിൽ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് ഈ കഥയിൽ വരച്ചു കാട്ടുന്നു ഇതിൽ പോച്ച എന്നത് നമ്മുടെ ചുറ്റുവട്ടത് നിന്നും നാം നിരന്തരം ആട്ടിയോടിക്കാൻ വെമ്പുന്ന അന്യസംസ്ഥാനത്തിൽ നിന്നും എത്തിയ അനാഥ ബാലനാണ് ഇവരുടെ സൗഹൃദം ആണ് ഈ കഥ എങ്കിലും അവിശ്വസനീയമായ ഒരു അന്ത്യത്തിൽ കഥയെ കൊണ്ടുപോകാൻ ബിജുവിനാകുന്നു. ലാബിലെ മേശയിൽ നാല് മുള്ളാണികളിൽ കാലുകൾ ബന്ധിച്ചു യേശുവിനെ പോലെ കിടക്കുന്ന തവളയെ കീറിമുറിക്കുന്ന ലാഘവത്തോടെ ഒരു മനുഷ്യകുട്ടിയുടെ വയറു കീറിമുറിക്കാൻ തയ്യാറാവുന്ന അവസ്ഥ. നിലവിൽ അനാഥമായി അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രതീകമാണ് ഇവിടെ പോച്ചയെന്ന ബാലനും . ഇനിയും പോച്ചമാരുടെ വയറുകൾ ബെണ്ടന്മാർ കീറിമുറിച്ചേക്കാം…സമകാലിക രാഷ്ട്രീയത്തെയും സാമൂഹികാവസ്ഥയെയും മേശയിൽ കിടത്തി കീറിമുറിക്കാൻ കഥാകൃത്തിനാവുന്നു.
ബിജുവിന്റെ കഥകളിലെ പെണ്ണുകൾ അബലകളല്ല. അവർക്ക് യഥാ സമയങ്ങളിൽ അസാമാന്യ ശക്തിയും പ്രതികരണ ശേഷിയും നൽകിയിട്ടുണ്ട്. നാല് പെണ്ണുങ്ങൾ എന്ന കഥ പ്രാദേശിക ഭാഷയുടെ നല്ല പരീക്ഷണമാണ്. ബാക്കിയുള്ള സ്ത്രീധനം കൊണ്ടുവരാത്ത തന്റെ ഭാര്യ നിമ്മിയെ ഭർത്താവ് മാത്തുക്കുട്ടി മർദ്ദിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് മാത്തുക്കുട്ടിയുടെ ഇളയ പെങ്ങളായ എണ്ണയാണ്. അന്നക്കൊച്ചിന്റെ ഇടപെടൽ ഈ കഥയെ വ്യത്യസ്തമാക്കുന്നു. ആക്രമകാരിയായ മാത്തുകുട്ടിയെ കയ്യുംകാലും കെട്ടി മുറ്റത്ത് ഇടുവാനുള്ള ധൈര്യം പോലും കാണിക്കുന്നു.
കൊച്ചി നഗരത്തെ ചുറ്റിപറ്റി കേരളത്തിന്റെ സാമൂഹികാവസ്ഥയും രാഷ്ട്രീയവും തുറന്നു കാട്ടുന്ന കഥയാണ് ‘ചുരുട്ടിയെറിഞ്ഞത്’. ഈ കഥയിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു പ്രധാന സാന്നിധ്യമാണ്. ബംഗാളില്‍ നിന്നും ജോലി തേടി എത്തിയ ബസുവും ഭാര്യ ദുര്‍ഗ്ഗയും മകള്‍ അമര്‍ത്യയും അവര്‍ പുറമ്പോക്കില്‍ കെട്ടപൊക്കാന്‍ ഒരുങ്ങുന്ന ജീവിതവും അതിനിടയില്‍ അവര്‍ക്കുണ്ടാവുന്ന ദുരന്തവുമാണ് ഈ കഥ. വണ്ടി വിളിക്കാന്‍ പണമില്ലാതെ അസുഖം മൂര്‍ച്ചിച്ച കുട്ടിയെ എടുത്ത് കിലോമീറ്ററുകള്‍ നടക്കുകയും അതിനിടയില്‍ കുഞ്ഞ് മരിക്കുകയും ആംബുലന്‍സ് പോലും അനുവദിക്കാതെ ശവമുമായി നടന്നതും ഇന്ത്യന്‍ യാതാര്‍ത്ഥ്യം ആണെന്ന കാര്യം നമ്മള്‍ വായിച്ചു മറക്കാനുള്ള സമയം പോലും ആയിട്ടില്ല ഈ കഥയും അത്തരം ദാരിദ്ര്യത്തിന്റെ യാതാര്‍ത്ഥ്യം മകളുടെ മരണവും ഇതേ അവസ്ഥയും വരുന്നുണ്ട്, ഈ കഥ നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നത് വലിയ തലങ്ങളിലേക്കുള്ള ചര്‍ച്ചകളാണ് ജീവിതമാണ്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ എല്ലാം ക്രിമിനലുകള്‍ ആണെന് വാദിക്കുന്നവര്‍ അവരുടെ ജീവിതാവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല കുറഞ്ഞ പക്ഷം മലയാളിയുടെ കാപട്യം മറച്ചു പിടിക്കാനെങ്കിലും ഈ വാദം ചിലർ പറയാറുണ്ട്
“മൂന്നു ദിവസമായി പെയ്യുന്ന മഴ ഇനിയും നീണ്ടാല്‍ കയ്യിലുള്ള കാശ് തീര്‍ന്നുപോകുമല്ലോഎന്ന് ബസു പേടിച്ചു. രാത്രിയില്‍ ഉള്ള റോഡ്‌ പണിക്കു പോയാല്‍ നാനൂറു രൂപ കിട്ടും. ഒരു നേരം കഴിക്കാനുള്ള പൊറോട്ടയും പകല്‍ കിടന്നുറങ്ങാം ഒന്നും കഴിക്കേണ്ട അത്രയും പൈസ ലാഭം” ഇതവര്‍ നേരിടുന്ന ജീവിത യഥാര്‍ത്ഥ്യമാണ് ആരെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ എല്ലാ പാതകങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ തലയില്‍ കെട്ടിവെക്കുന്നവര്‍ക്ക് ഈ കഥയുടെ അന്ത്യം ഒരു മറുപടിയാണ് ആ ചുരുട്ടിയെറിയല്‍ നമ്മുടെ മുഖത്തേക്ക് തന്നെയാണ്. എന്നാല്‍ ആ ചുരുട്ടിയെറിഞ്ഞ ഇരുപത് രൂപ തിരയുന്നതാണ് നമ്മുടെ സാമൂഹികാവസ്ഥയുടെ നേര്‍ചിത്രം ഈ സമാഹാരത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കഥയാണിത്.
ഈ സമാഹാരത്തിലെ മികച്ച കഥയാണ് കപ്പിത്താള്‍, പുരുഷ കേസരികളുടെ കുത്തകയായ കപ്പല്‍ ജോലിയും ക്യാപ്റ്റന്‍ പദവിയും ഒരു സ്ത്രീ എത്തിപെട്ടാല്‍ ഉണ്ടാവാനിടയുല്‍ അവസ്ഥ നമുക്കൂഹിക്കാം എന്നാല്‍ ബിജുവിന്റെ കഥകളിലെ പെണ്ണുങ്ങള്‍ താരതമ്യേന ശക്തിയുള്ളവരും തന്റേടം ഉള്ളവരുമാണ്‌ കഥയിലെ ഭാഷ ശ്രദ്ധേയമാണ് കഥ തുടങ്ങുന്നത് തന്നെ ഉള്‍ക്കടലിനെ ഒരു ഗര്‍ഭിണിയുമായ് ഉപമിച്ചു കൊണ്ടാണ്
“തുറമുത്തേക്ക് ഒരു കപ്പല്‍ അടുക്കാന്‍ തുടങ്ങുമ്പോള്‍ ഉള്‍ക്കടല്‍ ഗര്‍ഭിണിയെപ്പോലെയാകും. പ്രസവകട്ടിലില്‍ കാലുകള്‍ കവച്ച് ജനനേന്ദ്രിയമുഖം വിശാലമായി തുറന്ന്, അമുക്കി മുക്കിക്കൊണ്ട് ചാഞ്ഞു മലര്‍ന്നു കിടക്കുന്ന ഗര്‍ഭിണിയെ പോലെ. അഴിമുഖം ഭേദിച്ച് ചെറുകപ്പലുകളുടെ കടന്നുവരവ് ഒരു കുഴച്ചക്കയുടെ ചുളയില്‍ നിന്നും കുരു തെന്നിച്ചെടുക്കുന്നതുപോലെ അനായാസമാണ്. പക്ഷെ വലിയ കപ്പലുകളുടെ വരവോ! അത് തുറമുഖത്തിനു കൊടിയ പ്രസവവേദനയേകും. എന്നാല്‍ ഒരമ്മ എല്ലാ മക്കളെയും ഒരുപോലെ കാണുംപോലെയാണ് കടല്‍ എല്ലാ കപ്പലുകളേയും ഒരേപോലെ പരിഗണിക്കുന്നത്. അമ്മ ഒരു കടല്‍ പോലെ വിശാലമാണെന്നുംഅമ്മയുടെ ആഴങ്ങള്‍ക്കുമേലുള്ള ഒരു പ്ലവനം മാത്രമാണ് എല്ലാ കപ്പലോട്ടങ്ങളുമെന്ന് ശര്‍മിളയ്ക്ക് തോന്നിയിരുന്നു”
കപ്പല്‍ ജോലിയും ജീവിതവും സ്ത്രീകള്‍ക്ക് അന്യമാനെന്നതിനെ ശര്‍മിള പൊളിച്ചെഴുതുകയാണ്. എല്ലാ എതിര്‍പ്പുകളും വേട്ടനോട്ടങ്ങളും തരണം ചെയ്ത് ശര്‍മിള മുന്നേറുന്നു ഒരു സമയം എല്ലാവരെയും അതിശയിപ്പിച്ച് കപ്പല്‍ കൊള്ളക്കായി എത്തിയ കൊള്ളക്കാരന്റെ വൃഷണങ്ങള്‍ ഇടിച്ചു പരത്തി, തന്റെ ജന്മനഗരമായ കൊച്ചിക്ക് അടുത്ത് ഇങ്ങനെ ഒരു കടല്കൊള്ളക്കാരനെ അവള്‍ക്ക് ഇല്ലാതാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.
“ദിസീസ് മൈ ഹോം ടൌണ്‍. ഐ ഷാല്‍ മാനേജ്”
എന്ന് ധീരതയോടെ പറഞ്ഞ ശര്‍മിളയെ എന്തിനാണ് കഥാകൃത്ത് ഉടനെ തന്നെ വിയര്‍ത്തു വിറങ്ങലിപ്പിച്ചത്. പെണ്ണ് എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ പിടയുന്നുണ്ടാകുമോ?
“വൃഷണങ്ങള്‍ ഞെരിഞ്ഞ്‌ ബോധമറ്റ്‌ കിടക്കുമ്പോഴും ഞെളിപിരികൊണ്ടിരുന്ന കള്ളനെ എന്തു ചെയ്യണമെന്ന് അവള്‍ക്കും അറിയില്ലായിരുന്നു.
‘ചത്തുപോയാല്‍ എടുത്തു കടലിലെറിയാം’ എന്ന് പറഞ്ഞത് അവള്‍തന്നെയാണെങ്കിലും അത് കേട്ടപ്പോള്‍ അവള്‍ വിയര്‍ത്തു വിറങ്ങലിച്ചു.
കരുത്തുറ്റ തന്റെ ജീവിതം ശര്‍മിള ഒരാണ്‍തുരുത്തില്‍ അടുപ്പിച്ചപ്പോള്‍ ക്യാപറ്റന്‍സി സമ്മാനമായി
“കല്യാണത്തിനു മുമ്പ് എന്തൊക്കെ പറഞ്ഞിരുന്നെങ്കിലും കപ്പല്ജീവിതം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നു അയാള്‍ പിന്നെയും പിന്നെയും അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇനി കടലില്‍ പോകേണ്ട എന്നും പോര്ട്ടിലേക്ക് മാറണമെന്നും അവളുടെ ഭര്‍ത്താവ് നിര്‍ബന്ധം പറഞ്ഞു. ‘ആണുങ്ങള്‍ അനന്തമായ കടല്‍സഞ്ചാരത്തില്‍ മുഴുകുമ്പോള്‍ പെണ്ണുങ്ങള്‍ ഒരു തുറമുഖത്ത് നങ്കൂരമിട്ടു കിടക്കണം അല്ലെ’ എന്ന് ശര്‍മിള വാശിപിടിച്ചത് അമ്മയെയും അച്ഛനെയും കൂടി അതിശയിപ്പിച്ചു”
ഇതുപോലെ അതിശയിപ്പിക്കുന്ന കഥയാണ് ഇത്.
ഈ സമാഹാരത്തിലെ തന്നെ മികച്ച മറ്റുയാത്രാവിവരണവും, കഥകളാണ് വല്ലാര്‍പ്പാടത്തമ്മയും, ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരിത്താഴംകാരനും ഓരോ കഥയും വ്യത്യസ്തത കൊണ്ടും ആഖ്യാന ഭംഗി കൊണ്ടും, കഥകള്‍ക്ക് അനുയോജ്യമായ നാട്ടുഭാഷകള്‍ വഴിയും മികച്ച വായനാസുഖം തരുന്ന കൃതിയാണ്. ഇത് എന്നാല്‍ രു കുട്ടിക്കഥ (മുതിര്‍ന്നവര്‍ക്ക് മാത്രം), വിരേചനത്തിന്റെ ധ്യാന പാഠങ്ങള്‍, എന്നീ കഥകൾ ഇതിനിടയിൽ മുഴച്ചു നിൽക്കുന്നതായി തോന്നി.
ഈ പുസ്തകത്തെ പറ്റി പ്രശസ്ത എഴുത്തുകാരൻ എൻ ശശിധരൻ ഇങ്ങനെ പറയുന്നു. “ചെറുകഥയുടെ പതിവുരീതിയെ തിരസ്ക്കരിക്കുന്ന ആഖ്യാനമാണ് മിക്കവാറും എല്ലാ കഥകളിലും പരീക്ഷിച്ചു കാണുന്നത്. അനുഭവങ്ങളുടെ വ്യത്യസ്തവും വിപുലവുമായ ശ്രേണിയിലൂടെ പടർന്നൊഴുകി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു പുഴയുടെ പരപ്പും വേഗവുമാണ് അവ സാക്ഷ്യപ്പെടുത്തുന്നത്.” ഈ വേഗതയും പരപ്പും വായിക്കുന്നവർക്ക് നൽകാൻ കഥാകൃത്തിന് ആയിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയാം. നമുക്കൊപ്പം സഞ്ചരിച്ച് കഥയുടെ വേറിട്ട വഴിയിലേക്ക് വായനക്കാരെ നയിക്കാൻ ബിജു സിപിയുടെ കപ്പിത്താൾ എന്ന കഥാസമാഹാരത്തിനാവുന്നു.

മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്
2014ലെ ചെറുകഥക്കുള്ള അബുദാബി ശക്തി അവാർഡ്‌ ഈ സമാഹാരത്തിനായിരുന്നു
●●●●●●●●●●●●●●●●●●
കഥാകൃത്തിനെ കുറിച്ച്‌.
ബിജു സിപി
എറണാംകുളം പിറവത്തിനടുത്ത്‌ മുതുകുളം വടക്കേക്കരയിൽ ജനനം. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും മലയാളത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. പ്രസ്‌ അക്കാദമിയിൽ നിന്നും ജേണലിസം ഡിപ്ലോമ. 1997മുതൽ മാതൃഭൂമിയിൽ. ഇപ്പോൾ മാതൃഭൂമി ആരോഗ്യ മാസികയിൽ. പൊതുജന ആരോഗ്യ്‌ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള റീച്‌ ലിലി മീഡിയാ ഫെല്ലോഷിപ്പ്‌, ഇന്ത്യയിലെ മികച്ച പ്രാദേശിക ഭാഷാ ഹെൽത്‌ ജേണലിസ്റ്റിനുള്ള മീഡിയ പാർട്നർഷിപ്പ്‌ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. അമേരിക്കയിലെ നാഷനൽ പ്രസ്‌ ഫൗണ്ടേഷൻറെ ജെടുജെ ഫെല്ലോഷിപ്പോടെ ഫ്രാൻസിൽ നിന്നും ഹെൽത്‌ ജേണലിസത്തിൽ വിദഗ്ധപരിശീലനം നേടി. ചെറുകഥയ്ക്കുള്ള തോമസ്‌ മുണ്ടശേരി പുരസ്ക്കാരം, തകഴി പുരസ്കാരം, വൈക്കം മുഹമ്മദ്‌ ബഷീർ കഥാപുരസ്ക്കാരം, പൊൻകുന്നം വർക്കി പുരസ്ക്കാരം, അങ്കണം അവാർഡ്‌ തുടങ്ങിയ ഏതാനും പുരസ്കാരങ്ങൾ. ആദ്യ കഥാസമാഹാരമായ ചരക്ക്‌ എൻ.എൻ.പിള്ള അവാർഡും. ഇവിജി അവാർഡും നേടിയിരുന്നു. ചരക്ക്, പെലയസ്ഥാനം എന്നിവയാണ് മറ്റു കഥാ സമാഹാരങ്ങൾ.
_______________________
മലയാള മാധ്യമം വെബ് മാഗസിനില്‍ വന്ന വായനാനുഭവം 2 
http://malayalamadhyamam.com/mmnews-story-faisalbava-kappithal-readerstaste2/

No comments:

Post a Comment