തോമസ് ടെന്റില്‍ത്തന്നെ കിടന്നുറങ്ങുകയാണ്. വണ്ടി വരുന്നത് വരെ വെറുതെ എന്തിനു ഉറക്കം കളയണമെന്നാണ് അവന്റെ വാദം. യശ്പാല്‍ സിഗരറ്റും വലിച്ചുകൊണ്ട് ടെന്റിന്റെ മൂലയിലിരിപ്പുണ്ട്. ഞാന്‍ മരുഭൂമിയെ നോക്കി ചാരിയിരുന്നു. വീട്ടിലെ ഓരോ മുഖങ്ങളും മനസ്സിലുണ്ട്. മുത്തശ്ശി പറഞ്ഞ പഴഞ്ചൊല്ല് ഓര്‍മ്മയില്‍ തടഞ്ഞു. 'ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ'.. എല്ലാം മറക്കാന്‍ ശ്രമിച്ച് പണ്ട് മദ്രാസില്‍ ബംഗാളി സുഹൃത്തുക്കളുമൊത്ത് പാടാറുള്ള ബംഗ്ലാപാട്ട് പാടാന്‍ ശ്രമിച്ചു.
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രായേണ് കോത്താ.....
യശ്പാല്‍ എന്നെ തന്നെ നോക്കിയിരിപ്പാണ്. ഇയാള്‍ക്കെന്തോ വട്ടായോ എന്നായിരിക്കും അയാള്‍ ചിന്തിക്കുന്നത്. ഒരു പരിഹാസച്ചിരി ചുണ്ടില്‍വിരിയുമ്പോഴേക്കും അയാളത് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. തന്റെ മേലുദ്യോഗസ്ഥനാണ് മുന്നിലിരുന്നു പാടുന്നതെന്ന് അയാള്‍ക്കോര്‍മ്മവന്നു കാണും. ഞാന്‍ വീണ്ടും പാടി
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രായേണ് കോത്താ.....
"ഭായ് പ്രായേണ് കോത്താനഹിയെ പ്രാണേര് കോത്താ"... ഒരു വെളിപാടുപോലെ പിന്നില്‍നിന്നും പറഞ്ഞുകൊണ്ട് ഒരാള്‍ വന്നു, അതെ പാട്ട് പാടാന്‍ തുടങ്ങി.
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രാണേര് കോത്താ ഷേകി ബുലാ ജയ്....."
ചിതറിക്കിടക്കുന്ന ആട്ടിന്‍കൂട്ടത്തില്‍ നിന്നാണ് അവന്‍ വന്നത്. പിന്നിലങ്ങനെ ആട്ടിന്‍കൂട്ടം ഉണ്ടായിരുന്നെന്ന് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
"ആപ് കൈസാ ഹെ?" എന്നോടാണ് ചോദിച്ചതെന്ന് രണ്ടാം വട്ടവും ആവര്‍ത്തിച്ചപ്പോഴാണ് ഞാന്‍ ബോധവാനായത്. ഇരുപതോ ഇരുപത്തിരണ്ടോ അതിലധികം അവനായിട്ടില്ല.
"മെ അച്ചാ ഹും" ഞാന്‍ മറുപടി പറഞ്ഞു.
"ആപ് കൊ ബംഗ്ലാ മാലൂം ഹെ?"
"മേരെ കൊ ബംഗ്ല സബാന്‍ നഹി മാലൂം, ലെകിന്‍ എ ഗാനാ മാലൂം ഹെ!"
"എ രബീന്ദ്രസംഗീത് ഹെ"
"ജി ഹാ"
അവന്‍ വീണ്ടും പാടാന്‍ തുടങ്ങി. ഒട്ടിയ കവിളില്‍നിന്നും പാട്ട് നിറഞ്ഞ് പുറത്തേക്കൊഴുകി. വരണ്ടകാറ്റില്‍ മധുരസ്വരം നിറഞ്ഞു.
"ധോടി തേരി ദക്ഷിണിക്കിയുനാ.... തേരോ...
എക്ല ചലോ എക്ല ചലോ .... എക്ല ചലോരെ...."
ഇടക്ക് പാട്ടുനിറുത്തി ഒരു ക്ഷമ ചോദിക്കലിന്റെ ഭാവത്തോടെ അവന്‍ നിന്നു. എന്റെ മുഖത്ത് പുഞ്ചിരി കണ്ടപ്പോള്‍ അവന്റെ മുഖം തെളിഞ്ഞു. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യതയിലേക്ക് വലിഞ്ഞു കയറിയ കുറ്റബോധം അവനില്‍ ഉണര്‍ന്നിരിക്കാം. പക്ഷെ എല്ലാം എന്റെ പുഞ്ചിരിയില്‍ ലയിച്ചമര്‍ന്നു.
"ആപ് മലബാരി ഹെ?"
"എ ഹം മലബാരി!"
"മേരാ ദാദ* മലബാരി ഹെ" പിന്നെ അവന്‍ ഏതോ പൂര്‍വ്വകാലസ്മൃതിയില്‍ ലയിച്ചു ചേര്‍ന്നു. ഓര്‍മ്മയുടെ തുണ്ടുകള്‍ കോര്‍ത്തിണക്കാനൊരു ശ്രമം. പിന്നെ വീണ്ടും ഓര്‍മ്മയില്‍ പുറത്തേക്കിറങ്ങി അതീവസന്തോഷത്തോടെ അവന്‍
"ഹം കൊ മലബാരി മാലൂം" എന്നിട്ട് എന്തോ നേടിയെടുത്ത പോലെ നിന്നു. അപ്പോഴവന്‍ വെറും അഞ്ചുവയസ്സുള്ള കുട്ടിയായി മാറി. ഞാനവന്റെ പുറത്ത് മെല്ലെ തട്ടി. സ്നേഹത്തോടെയുള്ള തലോടല്‍ അനുഭവിച്ചുകൊണ്ട് അവന്റെ കണ്ണുകള്‍ വിടര്‍ന്നു.
"നിനക്ക് മലയാളം അറിഞ്ഞിട്ടാണോ ഇത്രേം നേരം"
"സാറ് മലയാളിയാണോന്നൊരു സംശയം"
"ഇപ്പൊ സംശയം തീര്‍ന്നില്ലേ?"
"തീര്‍ന്നു! പിന്നെ ആ പാട്ട് കേട്ടപ്പോ"
"ഓ... ആ പാട്ട് പണ്ട് മദ്രാസ്സില്‍ നിന്നു പഠിച്ചതാ, അന്ന് കുറെ ബംഗ്ലാദേശ് കൂട്ടുകാരുണ്ടായിരുന്നു"
"ഈ പാട്ട് മുഴുവനും അറിയോ?"
"കുറെയൊക്കെ! പിന്നെ മറന്നുപോയി, ആട്ടെ! മലയാളമെങ്ങനെ പഠിച്ചു?"
"ഞാനിവിടെ ആറുവര്‍ഷമായി. കൂടെ എല്ലാവരും മലയാളികളും. പിന്നെ ആദ്യമേ വീട്ടിലും കുറച്ചൊക്കെ"
"ഓ.. ഒരംശം മലയാളിത്തമുണ്ടല്ലേ"
"അതെ, ഒരു ഭാഗ്യം"
"പേര് ചോദിക്കാന്‍ വിട്ടു"
"സക്കീര്‍ ഹുസൈന്‍"
"ആരോക്കെയുണ്ട്"
"എല്ലാവരും! പിന്നെ അഞ്ചു വയസ്സുവരെ വളര്‍ന്നതും ദാദയ്ക്കൊപ്പം കേരളത്തിലാ"
"കേരളത്തില്‍ എവിടെ?"
"പാവറട്ടിയില്‍ - ഗുരുവായൂര്‍ അടുത്ത്"
"ഓ.. അറിയാം"
ഇടക്ക് ചിതറിപ്പോകുന്ന ആടുകളെ തെളിക്കാനായി അവന്‍ ഓടി. വീണ്ടും എന്റെയരികില്‍ വന്നിരുന്നു. പിന്നെ വീണ്ടും പാടാന്‍ തുടങ്ങി. ബംഗ്ലാപാട്ടുകള്‍, ഹിന്ദി, മലയാളം... കൂട്ടില്‍ നിന്നും തുറന്നുവിട്ട കിളിയെപ്പോലെ അവന്‍ പാട്ടുപാടി ഉല്ലസിക്കുകയാണ്.
യശ്പാല്‍ ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയാണ്, തോമസ് സുഖനിദ്രയിലും, അവനു ഇതൊന്നും പ്രശ്നമല്ല, ജോലി കഴിഞ്ഞാല്‍ സുഖമായി ഒന്നുറങ്ങണം.
"കമാല്‍, പാനി ലേകി ആ"
സക്കീര്‍ ഹുസൈന്‍ പിന്നിലേക്ക് തിരിഞ്ഞു വിളിച്ചുപറഞ്ഞു. കൊക്കക്കോളയുടെ വലിയ ബോട്ടിലില്‍ വെള്ളവുമായി ഒരു കൊച്ചുകുട്ടി ഓടിയെത്തി. പ്രായം ആറിലധികം ആവാനിടയില്ല. ആ കുട്ടി ഞങ്ങളുടെ മുന്നില്‍ വന്ന് ഒരത്ഭുതവസ്തുവിനെപോലെ എന്നെ നോക്കികൊണ്ടിരുന്നു. മരുഭൂമിയിലെ ഈ കൊടുംചൂടില്‍ കൊച്ചുബാലന്‍. എനിക്കൊന്നും മനസ്സിലാവാത്തതിനാല്‍ സക്കീര്‍ ഹുസൈനോട് തന്നെ കാര്യങ്ങള്‍ തിരക്കി.
"ഈ കുട്ടി?"
"ബംഗാളി തന്നെ"
"ഇവിടെ?"
"ഒട്ടകപ്പുറത്തിരുത്താന്‍ തന്നെ"
"ഈ കുട്ടിയോ?"
"അതെ സര്‍" മറ്റെന്തെല്ലാമോ അവനു പറയാനുമുണ്ടായിരുന്നു എങ്കിലും ഏതോ തടസ്സങ്ങള്‍ അവനു മുന്നില്‍ നീണ്ടുകിടന്നു.
കുസൃതിയും വികൃതിയും നിറഞ്ഞ കണ്ണുകള്‍ എന്നോ അവനില്‍ നിന്നും നഷ്ടപ്പെട്ടതായി തോന്നി. ഒട്ടിയ കവിള്‍ത്തടം, നീണ്ടുമെലിഞ്ഞ കൈകാലുകള്‍ ടി. വിയില്‍ ഇപ്പോഴും കാണിക്കാറുള്ള ദരിദ്രരാജ്യങ്ങളെ ഓര്‍മ്മിപ്പിച്ചു. ആ കുട്ടി വീണ്ടും ആട്ടിന്‍കൂട്ടത്തില്‍ ലയിച്ചുചേര്‍ന്നു.
ഞാന്‍ കാമറ എടുത്ത് പരന്നുകിടക്കുന്ന മരുഭൂമിയും സക്കീറിനെയും ചിതറിയ ആട്ടിന്‍ കൂട്ടത്തെയും പകര്‍ത്തി. ഇലകൊഴിഞ്ഞ മരച്ചുവട്ടില്‍ ഇരുന്നു കമാല്‍ മണ്ണിലെന്തോ വരച്ചു കളിക്കുകയാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബാല്യകാലം ആ നിമിഷങ്ങളിലൂടെ അവന്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. അവനെ ഞാന്‍ അടുത്തേക്ക് വിളിച്ചു. പോക്കറ്റില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ അവനു നീട്ടി. പക്ഷെ അത് വാങ്ങിക്കുവാന്‍ ആ കൊച്ചു കരങ്ങള്‍ ഉയരുന്നില്ല. അപ്പോഴേക്കും സക്കീര്‍ ഹുസൈന്‍ ഓടിയെത്തി.
"വേണ്ട സര്‍"
"ഉം, എന്തെ"
"അത് പ്രശ്നമാണ്, അറിഞ്ഞാല്‍"
ഞാനാകെ വല്ലാതായി. പിന്നെ സ്നേഹപൂര്‍വ്വം അവന്റെ പുറത്ത് ഞാന്‍ തലോടി. അവന്‍ ആടുകള്‍ക്കിടയിലേക്ക് ഓടിപ്പോയി. ഓലപ്പമ്പരം തിരിച്ചു ഓടിനടന്ന കാലം ഓര്‍മ്മയില്‍ തടഞ്ഞു. എന്തൊരു സ്വതന്ത്ര്യമായിരുന്നു, ചോദിച്ചതെല്ലാം വാങ്ങിത്തന്നിരുന്ന കാലം. എത്ര സുന്ദരമായിരുന്നു.
"സാറ് ഇവടെത്തന്നെ"
"അല്ല. കമ്പനി ദുബായിലാണ്. ഇന്നത്തോടെ ഇവിടുത്തെ പണി കഴിഞ്ഞു"
"അപ്പൊ പിന്നെ?"
"അതെ ഇനി ഒരിക്കലും കണ്ടെന്നു വരില്ല. ആറുമണിക്ക് ഞങ്ങള്‍ക്ക് വണ്ടി വരും"
സക്കീറിന്റെ മുഖത്ത് മ്ലാനത പരന്നു. അതിവരെ സന്തോഷത്തോടെ പാട്ടുപാടിയിരുന്ന ആമുഖം പാടെ മാറിപോയി. പിന്നെ ദേഷ്യത്തോടെ കൂട്ടം തെറ്റിയ ഒരാടിനെ അടിച്ച് കൂട്ടത്തില്‍ ചേര്‍ത്തു. ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു.
"കമാലിന് ആരൊക്കെയുണ്ട് ?"
"എല്ലാവരും"
"പിന്നെന്താ ഇത്ര ചെറുപ്പത്തില്‍?"
"രണ്ടര വയസ്സുള്ളപ്പോള്‍ വിറ്റതാ"
"വിറ്റതോ?"
"അതെ"
ഞാന്‍ ചായ കുടിക്കില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ യശ്പാല്‍ ഒരു പാക്കറ്റ് പാലുമായി വന്നു. ഞാന്‍ കമാലിനെ അടുത്തേക്ക് വിളിച്ച് പാല് അവനു നീട്ടി.
"കമാല്‍ എ പിയോ"
"എ ദൂദ് ഹേ"
"ഹ എ ദൂദ് തും പിയോ"
"വേണ്ട സര്‍" സക്കീര്‍ ഓടിവന്നു തടഞ്ഞു
"ഉം എന്തേ"
"അവന്‍ പാല് കുടിക്കാന്‍ പാടില്ല"
"എന്ത് പാല് കുടിക്കാന്‍ പാടില്ലെന്നോ?" പണ്ട് വിപ്ലവചിന്തകളില്‍ മുഴുകിയ കാലത്ത് മാത്രമേ ഇത്തരം ഉറച്ച ചോദ്യങ്ങള്‍ എന്നില്‍ നിന്നും ഉയര്‍ന്നിട്ടുള്ളൂ.
"അത് ഖാനൂനാണ് സര്‍"
"എന്ത് ഖാനൂന്‍* ?"
"പാല് കുടിച്ചാല്‍ ഭാരം കൂടും അപ്പൊ ഒട്ടകത്തിന്റെ സ്പീഡ്..." അവന്‍ മുഴുവന്‍ പറയാതെ എന്റെ മുഖത്ത് നോക്കി പിന്നെ മുഖം താഴ്ത്തി "എന്ത് ചെയ്യാനാ സര്‍."
"ശ്ശെ.. എന്തൊരു..."
ഞാന്‍ കമാലിനെ നോക്കി അവന്‍ ആടുകള്‍ക്ക് പുല്ലു വിതറുകയാണ്. സക്കീര്‍ കൂടുതല്‍ മൌനിയായി. ഞങ്ങള്‍ക്കിടയിലെ ദൂരം വര്‍ദ്ധിക്കുന്നതായി തോന്നി.
"സക്കീര്‍ നമുക്കിവനെ ഇവടുന്നും രക്ഷപ്പെടുത്തിയാലോ"
ആ പറഞ്ഞത് സക്കീര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവന്‍ ദൂരേക്ക് നോക്കി. അവിടെ നിന്നും മണല്പരപ്പിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു നിസാന്‍ പെട്രോള്‍ കുതിച്ചു വരുന്നു. സക്കീര്‍ ഹുസൈന്‍ ഓടി ആടുകളെ തെളിക്കാന്‍ തുടങ്ങി. അതിനിടയില്‍ അവന്‍ വിളിച്ച് പറഞ്ഞു:
"കമാല്‍ അര്‍ബാബ് * ആയ ജല്‍ദി"
ചിതറിനടന്ന ആടുകള്‍ ഒറ്റക്കൂട്ടമായി, രണ്ടു മണല്‍കൂനകള്‍ക്കിടയിലൂടെ അവ അപ്രത്യക്ഷയമായികൊണ്ടിരുന്നു.
*ദാദ = മുത്തച്ചന്‍
ഖാനൂന്‍ = നിയമം
അര്‍ബാബ് = മുതലാളി
http://chintha.com/node/132436
No comments:
Post a Comment