Tuesday, 26 June 2012

അറബി പെണ്‍കഥകള്‍ക്ക് നിറച്ചാര്‍ത്ത്

  • ഭാരതവും അറേബ്യന്‍ രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാഹിത്യത്തിലൂടെയും ചിത്രകലയിലൂടെയും മറ്റു വിവിധ കലാരൂപങ്ങളിലൂടെയും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന ഈ ബന്ധത്തിന്റെ കാതല്‍ ഇന്ത്യന്‍-അറേബ്യന്‍ പ്രദേശങ്ങളിലെ സാംസ്കാരിക അകക്കാമ്പ് തന്നെയാണ്. വലിയൊരു സാംസ്കാരിക ചരിത്രമാണ് ഈ ഭൂമികയില്‍ നിലനിന്നിരുന്നത്. ഇത്തരത്തില്‍ പരസ്പരം കൈമാറിക്കൊണ്ടിരുന്ന സാംസ്കാരിക വിനിമയം അതാത് കാലത്തിന്റെ കൈയൊപ്പ് ചാര്‍ത്തി നിലനിന്നുപോന്നു. അതിനാലാണ് "ആയിരത്തൊന്ന് രാവുകളും", "കലീന വദിം"യും, ജിബ്രാന്റെ മാസ്മരിക കൃതികളും ഒമര്‍ ഖയ്യാമിന്റെ പ്രണയാതുരമായ കാവ്യങ്ങളും നിസ്സാര്‍ ഖബ്ബാനിയുടെ കവിതകളും നജീബ് മഹ്ഫൂസിന്റെ കൃതികളും എന്നിങ്ങനെ അറേബ്യന്‍ ദേശങ്ങളില്‍ പിറന്ന നിരവധി ക്ലാസിക്കുകള്‍ നമ്മുടെതെന്നപോലെ നാം കൊണ്ടാടുന്നത്. ഈ സാംസ്കാരിക വിനിമയത്തിന്റെ തുടര്‍ച്ച നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഉണ്ടാകുന്നു എന്നതിന് തെളിവാണ് അറബി പെണ്‍കഥകളുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റം.

  • മുപ്പത് സമകാലിക അറബ് പെണ്‍കഥകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി രണ്ടു പ്രദേശങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ദൃഢപ്പെടുത്തിയത് പ്രമുഖ ഇന്തോ-അറബ് സാഹിത്യകാരനായ എസ് എ ഖുദ്സിയാണ്. ഇദ്ദേഹം മലയാള വിവര്‍ത്തന സാഹിത്യത്തിനു നല്‍കിയ സംഭാവനയെ ആദരിച്ചുകൊണ്ട് യു എ ഇയിലെ ചിത്രകാരന്മാരും ചിത്രകാരികളും ചേര്‍ന്ന് നല്‍കിയ നിറച്ചാര്‍ത്ത് വിസ്മയകരമായ അനുഭവം നല്‍കുന്നതായിരുന്നു. നിറങ്ങളുടെ ആഘോഷങ്ങളില്‍ വന്യമായ ഒരു സത്യസന്ധത നിറഞ്ഞുനില്‍ക്കാറുണ്ട്. അധ്വാനത്തിന്റെ ചായക്കൂട്ടുകള്‍ ഉണ്ടാക്കിയെടുത്ത ചിത്രങ്ങള്‍ ഏറെ സാംസ്കാരിക പൈതൃകമുള്ള അറേബ്യന്‍ മണ്ണിലെ പെണ്‍കഥകളെ ആസ്പദമാക്കിയുള്ളതാകുമ്പോള്‍ അതിനു തിളക്കം കൂടും. ഇത്തരത്തില്‍ ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 25 അറേബ്യന്‍ പെണ്‍കഥകളെ മനസ്സിലേറ്റി കലാകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ സര്‍ഗാത്മക ഇടപെടലിന്റെ ആവിഷ്കാരമായിരുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ചിത്രമായിരുന്നു ഒമാനിലെ പ്രശസ്ത എഴുത്തുകാരിയായ ബുഷ്റ ഖല്ഫാന്റെ "ബന്ധനസ്ഥര്‍" എന്ന കഥക്ക് ആര്‍ടിസ്റ്റ് ഇ ജെ റോയിച്ചന്‍ വരച്ച ചിത്രം.

    വാന്‍ഗോഗ് ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള കടുത്ത മഞ്ഞ നിറങ്ങള്‍ ഉപയോഗിച്ചുള്ള രീതി ചിത്രത്തിന്റെ തീവ്രമായ സ്വാതന്ത്ര്യബോധം വരച്ചുകാട്ടുന്നതായിരുന്നു. ഉള്ളില്‍ പതഞ്ഞുകിടക്കുന്ന വിപ്ലവ ബീജത്തെ അടക്കിവച്ച വേദനയാണ് കഥയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മരണം കൈയടക്കിയ ശരീരം അടക്കാനായി കെട്ടി വച്ചപ്പോളും ആത്മാവ് സ്വാതന്ത്ര്യത്തിനായി അലയുകയാണ്. നിറങ്ങളുടെ സാന്നിധ്യം ഈ അലച്ചിലിനെ സാധൂകരിക്കുന്നു. ഒരു കഥയും മരണത്തില്‍ അവസാനിക്കുന്നില്ല. അറിയാത്ത അന്വേഷണ തലങ്ങള്‍ തേടിയലയലാണ് കഥയെന്ന് ഹെമിങ്വേ പറഞ്ഞിട്ടുണ്ട്. ബന്ധനസ്ഥര്‍ ഇതിനെ അന്വര്‍ഥമാക്കുന്നു. ഒപ്പം കഥക്കായ് ഒരുക്കിയ ചിത്രവും. ചരിത്രം മനഃപൂര്‍വം ഉണ്ടാക്കിയെടുത്ത കറുത്ത അധ്യായങ്ങളിലെ ഇരകളാണ് പലസ്തീന്‍ ജനത. അര നൂറ്റാണ്ടിലധികമായി നിരന്തരം സാമ്രാജ്യത്വ വേട്ടനിലമായി ദുരിതമനുഭവിക്കുന്ന വേദന. ഈ മണ്ണിലെ എഴുത്തുകാരിയാണ് ലയാന ബദര്‍. ആട്ടിപ്പായിക്കപ്പെട്ട അനുഭവങ്ങളുടെ നേര്‍ ചിത്രങ്ങളാണ് ഇവരുടെ കഥകള്‍. ഇവരുടെ "നിറങ്ങള്‍" എന്ന കഥ നല്‍കുന്ന അനുഭവവും മറ്റൊന്നല്ല. മരണമെന്തെന്നു ഊഹിക്കാന്‍ പോലും ആവാത്ത ജീവിതത്തെ നയിക്കുന്ന രോഗിയായ ഉമ്മ തന്റെ മാസ്മരികമായ വിരലുകള്‍കൊണ്ട് ക്യാന്‍വാസില്‍ അത്ഭുതകരമായ ചിത്രങ്ങള്‍ തീര്‍ക്കുമ്പോള്‍ വിസ്മയിച്ചു നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയും, കടുത്ത യാതനകള്‍ അനുഭവിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളും ഇവരുടെ നിറങ്ങളുടെ ലോകവുമാണ് കഥ. ഇരുണ്ട നിറങ്ങളിലൂടെ വേദന പങ്കുവയ്ക്കാന്‍ അമൂര്‍ത്തതയെക്കാള്‍ യോജിച്ചത് മറ്റൊന്നില്ല എന്നതിനാലാകണം ശശിന്‍സ് ഈ കഥക്കായ് വരച്ച ചിത്രത്തില്‍ അമൂര്‍ത്തമായ ബിംബങ്ങളും ഇരുണ്ട നിറങ്ങളും നിറഞ്ഞുനിന്നത്. ജനലിനുള്ളിലൂടെ കണ്ട പ്രകൃതി ദൃശ്യം ചിത്രകാരന്‍ ഇരുളില്‍ ഒളിപ്പിക്കുന്നതും അതിനാലാകാം. വലിച്ചെറിയപ്പെടുന്ന വാര്‍ധക്യം ലോകത്തിന്റെ എല്ലായിടത്തും ഒരുപോലെയാണ്. പുതിയ ജീവിത യാഥാര്‍ഥ്യം സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് ഒരു ശല്യമാണ് എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇന്നും ലോകത്തുണ്ട്. ഇത്തരത്തില്‍ പഴയകാല ജീവിതം തുടരുന്ന ഒരു വൃദ്ധയുടെ ജീവിതപരിസരത്തെ വരച്ചുകാട്ടുന്ന യു എ ഇ യിലെ യുവ എഴുത്തുകാരിയായ മറിയം അല്‍ സഈദിയുടെ  "കിഴവിത്തള്ള" എന്ന കഥക്ക് രണ്ട് ചിത്രകാരികളാണ് ക്യാന്‍വാസില്‍ നിറച്ചാര്‍ത്ത് ഒരുക്കിയത്. സിറിയയില്‍ നിന്നുള്ള പ്രശസ്ത ചിത്രകാരി ഇമാല്‍ നവലാതിയും മലയാളിയായ കൊച്ചു കലാകാരി ഐശ്വര്യ ഗൗരീ നാരായണനും. തികച്ചും റിയലിസ്റ്റിക്കായ ഒരു രീതിയാണ് ഇമാല്‍ നവലാതി സ്വീകരിച്ചത്. അറേബ്യന്‍ പ്രകൃതി നിറഞ്ഞുനിന്ന ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കൊച്ചു ചിത്രകാരി ഐശ്വര്യ ഗൗരീ നാരായണന്‍ ദുഖത്തിന്റെയും സന്തോഷത്തിന്റെയും ഭിന്ന മുഖങ്ങള്‍ നിറങ്ങളുടെ വൈവിധ്യമാര്‍ന്ന കൂട്ടിച്ചേര്‍ക്കലില്‍ മികവുറ്റതാക്കി. ഈ കഥ എഴുതിയ മറിയം അല്‍ സഈദിയുടെ സാന്നിധ്യം ഇവര്‍ക്ക് ഏറെ പ്രോത്സാഹനമായി. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സാഹചര്യത്തെയും ഭൂമിശാസ്ത്രത്തെയും മാറ്റിമറിച്ച ഒരു കടന്നാക്രമണമായിരുന്നു ഇറാഖിന്റെ കുവൈത്ത് അധിനിവേശം. അതി സമ്പന്നതയില്‍ കഴിഞ്ഞിരുന്ന ഒരു ജനപഥത്തിന്റെ ജീവിത ഗതി മാറ്റിമറിച്ച വേദനാജനകമായ ഓര്‍മപ്പെടുത്തലാണ് പ്രമുഖ എഴുത്തുകാരി ലൈല അല്‍ ഉസ്മാന്റെ ശ്രദ്ധേയമായ കഥ "തിരിച്ചറിയല്‍ കാര്‍ഡ്". രശ്മി സലീല്‍ എന്ന ചിത്രകാരി കടുത്ത നീല വര്‍ണത്തില്‍ തീര്‍ത്ത ദുഃഖം നിറഞ്ഞ സ്ത്രീയുടെ തിരിഞ്ഞു നടത്തം തന്റെ ഐഡന്‍ന്റിറ്റി ചവിട്ടിമെതിച്ച അധിനിവേശ സേനയോടുള്ള കടുത്ത പ്രതിഷേധമാണ് സൂചിപ്പിക്കുന്നത്. ഇതേ കഥക്ക് തന്നെ ഷാജഹാന്‍ വരച്ചത് സിമ്പോളിക് ആയ ബിംബങ്ങളെയാണ്.

    എല്ലാ അധിനിവേശങ്ങളും നല്‍കുന്നത് വേദന മാത്രമാണെന്നും അത് സ്ത്രീകളിലാണ് ഏറെയും ബാധിക്കുന്നതെന്നും ചിത്രം പറയാതെ പറഞ്ഞു. ലബനന്‍ എഴുത്തുകാരിയായ ഹനാന്‍ അല്‍ ശൈഖിന്റെ  ബന്ധങ്ങളുടെയും വേര്‍പെടലിന്റെയും ഇടയിലെ ജീവിതം പറയുന്ന പേര്‍ഷ്യന്‍ കാര്‍പെറ്റ് എന്ന വളരെ പ്രശസ്തമായ കഥക്ക് ചിത്രകാരി നിഷ വര്‍ഗീസും ചിത്രകാരന്‍ സോജനും തീര്‍ത്ത ചിത്രങ്ങള്‍ മികവുറ്റതായിരുന്നു. യമന്‍ എഴുത്തുകാരി റംസിയ അബ്ബാസ് അല്‍ ഇര്‍യാനിയുടെ  "ഇടവഴിയിലെ പാവങ്ങള്‍" എന്ന കഥക്ക് രാജേഷ് ബാബു വരച്ച ചിത്രവും, ഇറാഖി എഴുത്തുകാരിയായ ഡെയ്സി അല്‍ അമീറിന്റെ "മരുന്നുശീട്ട് എന്ന കഥക്ക് നദീം മുസ്തഫയും, ഈജിപ്തില്‍ നിന്നുള്ള കഥാകാരി സഹര്‍ തൗഫീഖിന്റെ "ജിസായിലെ കര്‍പ്പൂര വൃക്ഷങ്ങള്‍" എന്ന കഥക്ക് ജോഷ് കുമാറും, റസ്വാ ആശൂര്‍ എന്ന ഈജിപ്ഷ്യന്‍ എഴുത്തുകാരിയുടെ "ഞാന്‍ ഈന്തപ്പനകള്‍ കണ്ടു" എന്ന കഥക്ക് ഷാഹുല്‍ കൊല്ലംകോടും, പലസ്തീനില്‍ നിന്നുള്ള എഴുത്തുകാരി ലൈല ഹലബിയുടെ "സലീനാസിലെ ജാര സന്തതി" എന്ന കഥക്ക് രഘു കാരിയാട്ടും അള്‍ജീരിയന്‍ എഴുത്തുകാരി സുഹൂര്‍ വനീസിയുടെ "പേടിപ്പെടുതുന്ന കടല്‍" എന്ന കഥക്ക് രാജീവ് മുളക്കുഴ എന്നിവര്‍ വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരി ശിഖ ശശിന്സ വരച്ചത് ഈജിപ്ഷ്യന്‍ എഴുത്തുകാരിയായ അലിഫ റിഫ്അത്തിന്റെ  "ഗൊബാഷി ഗൃഹത്തിലെ ആകസ്മിക സംഭവം" എന്ന കഥക്കാണ്.

    ഈ കൊച്ചു കരങ്ങളില്‍നിന്നും വിരിഞ്ഞ ശ്രദ്ധേയമായ ചിത്രം കഥയെ അങ്ങേയറ്റം മനസ്സിലേറ്റി വരച്ചതായിരുന്നു. മുപ്പത് അറബി പെണ്‍കഥകള്‍ ദേശാഭിമാനി ആഴ്ചപ്പതിപ്പിലൂടെ പരിഭാഷപ്പെടുത്തിയ എസ് എ ഖുദ്സിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ തീര്‍ത്തും വ്യത്യസ്തമായ ഈ ആദരം സംഘടിപ്പിച്ചത് പ്രസക്തി എന്ന സാംസ്കാരിക സംഘടനയായിരുന്നു. ആര്‍ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പിലെ ചിത്രകാരന്മാര്‍ ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ എഴുത്തുകാരി മറിയം അല്‍ സഈദി, സിറിയന്‍ ചിത്രകാരി ഇമാല്‍ നവലാതി എന്നിവരുടെ സാന്നിധ്യത്തില്‍ ഖുദ്സിക്ക് കൈമാറി. മറിയം അല്‍ സഈദിയുടെ കിഴവിത്തള്ള എന്ന കഥ പ്രസിദ്ധീകരിച്ചു വന്ന ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ കോപ്പി എസ് എ ഖുദ്സി മറിയം അല്‍ സഈദിക്ക് നല്‍കി. തുടര്‍ന്ന് പ്രശസ്ത കവി അസ്മോ പുത്തന്‍ചിറയുടെ നേൃത്വത്തില്‍ അറബി കവിതകളുടെ ചൊല്‍കാഴ്ചയും ഒ വി വിജയന്റെ കടല്‍തീരത്ത് എന്ന കഥയെ ആസ്പദമാക്കി നാടകസൗഹൃദം അബുദാബി അവതരിപ്പിച്ച നാടകവും അരങ്ങേറി.
  •                                                             (കടല്‍തീരത്ത് എന്ന നാടകത്തില്‍ നിന്ന് )

ദേശാഭിമാനി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത് (ജൂണ്‍ 30 - 2012 )

No comments:

Post a Comment