Monday 4 June 2012

ഭൂമിയുടെ മരണം ഒരു സാധ്യതയല്ല

 


വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്- ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചില ഓര്‍മ്മപ്പെടുത്തലുകള്‍. ഫൈസല്‍ ബാവ എഴുതുന്നു

http://www.nalamidam.com/archives/13095




“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്‍്റെ സമന്വയം ബോധനത്തിന്‍്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്‍്ത്തിയാക്കാനാകൂ. മനുഷ്യന്‍്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം                             (സരളാ ബഹന്‍:- Revive our Dying Planet)

ഫൈസല്‍ ബാവ


ജീവന്‍്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.
പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.
കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്‍്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. ആമസോണ്‍ മേഖല കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത പാരിസ്ഥിതികാഘാതമാണ് നേരിടുന്നത്.



വികസനത്തിന്‍്റെ വിളി കാത്ത് കിടക്കുകയാണ് സൈലന്‍്റ്വാലി. ബയോവാലി പോലുള്ള പാദ്ധതികള്‍ കാത്തു കിടക്കുന്നു. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്‍്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതി .
44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമമാണ്. കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരിക്കോരിയോഴിക്കുന്ന കീട നാശിനികള്‍, വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ് ലോബി കയ്യറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, പുത്തന്‍ രോഗങ്ങള്‍, ഇങ്ങനെ നീളുന്നു കേരളത്തിന്‍്റെ വികസന വിശേഷങ്ങള്‍.



നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ് ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹൈഡ് വളരെ മുന്‍പ് തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” പുരോഗതി തന്നെയാണ് തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടരുകയാണ്.
കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ നമ്മുടെ പടിപ്പുറത്താണ്. അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്‍്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്‍്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്‍്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്‍കീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

.

കാലാവസ്ഥ വ്യതിയാനത്തിന്‍്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ് കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും.
ജെയ്താപൂരിലും കൂടംകുളത്തും ആണവ നിലയം സ്ഥാപിച്ച േഅടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. ചെര്‍ണോബിലും, ത്രീമെന്‍ ഐലന്‍്റും നാം മറന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക് പിടിച്ചു കെട്ടാനാവുമെന്ന ചിന്ത എത്ര അപകടകരമാണ്. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവി ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ?
ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍.

No comments:

Post a Comment