Friday 20 July 2012

വാടിക്കരിഞ്ഞ മുല്ലപ്പൂ

മഷിനോട്ടം



ടുണീഷ്യയിലെ ഒരു തെരുവ് കച്ചവടക്കാരന്‍ കാണിച്ച ധീരമായ ചെറുത്തുനില്‍പ്പ്‌, പ്രതിഷേധം അയാളുടെ ജീവന്‍ നല്കികൊണ്ടായിരുന്നു. അറബ് മണ്ണില്‍ പുതു ചരിത്രമെഴുതുന്നതായിരുന്നു ഈ ആത്മഹത്യ. പതിറ്റാണ്ടുകളായി ഏകാധിപത്യത്തിന്റെ തടവില്‍ കഴിഞ്ഞിരുന്ന ആഫ്രിക്കന്‍ അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ആണികല്ലിലിളക്കാന്‍ ഈ ആത്മഹത്യ ഒരു കാരണമായി. കാലങ്ങളായി ഒരു വന്യ മൃഗത്തിന്റെ ആമാശയത്തിനുള്ളിലെന്ന പോലെ കഴിഞ്ഞ ഒരു ജനതയെ തുറസായ ഒരു സ്ഥലത്തേക്ക് തുറന്നു വിടാന്‍ സഹായിച്ചു. ടുണീഷ്യയില്‍ തുടങ്ങിയ ഈ കാറ്റ് ഈജിപ്തിലാണ് സംഹാര താണ്ടവം ആടിയത്. തഹ്രീര്‍ ചത്വരത്തില്‍ എത്തുമ്പോള്‍ ആ വിപ്ലവത്തിന് പുതിയ മാനം വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാസങ്ങള്‍ ആ മൈതാനത്ത്‌ താമസിച്ച് നടത്തിയ സമരം ഹുസ്നി മുബാറക്‌ എന്ന ഏകാധിപതിയെ അധികാര കസേരയില്‍ നിന്നും പുറത്താക്കും വരെ എത്തി. വിവര സാങ്കേതിക വിദ്യയുടെ പുതു രൂപങ്ങളില്‍ ഒന്നായ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഉണ്ടാക്കിയെടുത്ത വിനിമയ മാര്‍ഗ്ഗം വളരെ കൃത്യമായി ഉപയോഗിച്ചതാണ് ഈ വിപ്ലവത്തിന്റെ പ്രത്യേകത. യമന്‍, ടുണീഷ്യ, ലിബിയ, എന്നിവിടങ്ങളിലെല്ലാം ഈ അലയൊലി കൃത്യമായ മാറ്റങ്ങള്‍ക്കു വഴി വെച്ചു. അതില്‍ ലിബിയയില്‍ ഉണ്ടായത്‌ ഒരു അധിനിവേശം തന്നെയായിരുന്നു. അതിനായി ആ രാജ്യത്തെ അസംതൃപ്തരായ ജനതയെ അമേരിക്ക വളരെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു. സിറിയയില്‍ സമാന സ്ഥിതി ഇപ്പോഴും തുടരുന്നു.



എന്നാല്‍ ഈ വിപ്ലവം എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു എന്ന് പരിശോധിച്ചാല്‍ കൃത്യമായ ഒരു ആശയത്തിന്റെ പിന്‍ബലമില്ലായ്മ കാണാന്‍ കഴിയും. അസംതൃപ്തരായ ജനപഥം അവരുടെ വൈകാരിക തലത്തില്‍ ഉണ്ടായ പ്രതിഷേധം എന്നതിലുപരി മുന്നോട്ട് പോയോ എന്ന് സംശയമാണ്. മാത്രമല്ല ഈ മുല്ലപ്പൂ വിപ്ലവം കഴിഞ്ഞ പലയിടത്തും അധികാരം ലഭിച്ചവര്‍ ഇനി ജനാധിപത്യം നിലനിര്‍ത്താന്‍ പാകത്തില്‍ ഉള്ളവരാകുമോ? ഇക്കാര്യത്തില്‍ സംശയം ഉണ്ട്. ലിബിയയില്‍ ഇപ്പോളും സമാധാനമോ ഒരു സര്‍ക്കാരോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല, ഈജിപ്തില്‍ അത്ര ജനാധിപത്യ മര്യാദ പാലിക്കപെടാതെ പോയി, കൂടുതല്‍ മതാധിഷ്ടിതമായ കക്ഷിക്ക് ഭരണത്തില്‍ മേല്‍ കൈ നേടുന്നു. അപ്പോള്‍ ആ രാജ്യത്തിന്റെ സമീപ ഭാവി നമുക്ക് ഊഹിക്കാം. മുല്ലപ്പൂ വിപ്ലവാനന്തര ഈജിപ്തില്‍ നടന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ വിവാദത്തില് കലാശിക്കുകയായിരുന്നു. അവസാനം മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി അധികാരമേറ്റു. മാത്രമാല്ല കാഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഈജിപ്തിനെ അടക്കി വാണ ഹുസ്നി മുബാറക്കിനെ പിന്തുണക്കുന്ന അഹമ്മദ് ശഫീഖിന്റെ കക്ഷി രണ്ടാമത്‌ എത്തിയതും അത്ര ആശാവഹമല്ല. തികച്ചും ഒരു ആശയത്തിന്റെ പിന്തുണ ഇല്ലായ്മ ഈജിപ്തിനെ പിടിച്ചുലക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും ഈ പ്രശ്നം നേരിടുന്നു. ഒരു ഭരണകൂടത്തെ കടപുഴക്കി കളഞ്ഞു എങ്കിലും കേവലം കുറെ ജനങ്ങള്‍ ഒത്തുകൂടിയാല്‍ മാത്രം അതിനെ വിജയകരമായ ഒരു നീക്കം എന്ന് പറയാന്‍ കഴിയില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രച്ചരിപ്പിക്കപെട്ട ആശയങ്ങള്‍ ആണ് ഇവരുടെ പിന്തുണയും ശക്തിയും. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കിനെ തന്നെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വ രാജ്യങ്ങളാണ് എന്ന സത്യം മറച്ചു വെക്കുന്നില്ല. (ഈ വല പലപ്പോഴും അവരുടെ കയ്യില്‍ നിന്നും പൊട്ടി പോയിട്ടുമുണ്ട്.) പക്ഷെ ഇത് മാത്രം ഒരു ആശയ രൂപീകരണത്തിനു തക്ക കാരണമല്ല. അവിടെ വ്യക്തമായ രാഷ്ട്രീയം ഉരിത്തിരിയണം. ജനാധിപത്യം ഉണ്ടാകണം. നിലവില്‍ മുല്ലപ്പൂ വിപ്ലവം അരങ്ങേറിയ ഒരിടത്തും അതുണ്ടായില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വലിയ വസന്തം വിരിച്ച്‌ ഉണ്ടായ മുല്ലപ്പൂ വളരെ പെട്ടന്ന് വാടിക്കരിഞ്ഞത്.

കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടായ ഈ സമയത്ത്‌ ലോകത്താകമാനം പുതിയ വിപ്ലവ ചിന്തകള്‍ ഉണ്ടാകുന്നു എന്നത് ആശാവഹമാണ്. വാള്‍ സ്ട്രീറ്റില്‍ നടന്ന സമരമുറ ആ അര്‍ത്ഥത്തില്‍ പുതു പ്രതീക്ഷകള്‍ തരുന്നു. മുതലാളിത്തത്തിന്റെ വികലമായ നയങ്ങള്‍ ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടുന്ന തരത്തില്‍ ആയപ്പോഴാണ് ജനങ്ങള്‍ തന്നെ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായത്‌. ഇതിന്റെ എല്ലാം പ്രചോദനം അറബുദേശങ്ങളില്‍ ഉരിത്തിരിഞ്ഞു വന്ന മുല്ലപ്പൂ വിപ്ലവത്തില്‍ നിന്നാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല. ലോകം കൂടുതല്‍ കൂടുതല്‍ ചുരുങ്ങുകയാണ്. അതാണ്‌ പലയിടങ്ങളിലും പോരാട്ടങ്ങള്‍ തുടരുന്നത്. പോരാടാതെ അവകാശങ്ങളും സ്വാതന്ത്ര്യവും നേടാന്‍ കഴിയില്ലെന്ന കാര്യം ഇന്ന് ലോക ജനത കൂടുതല്‍ മനസിലാക്കിയിരിക്കുന്നു. മാത്രമല്ല ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നും തെളിയിക്കപെട്ടിരിക്കുന്നു. ഇനി കൃത്യമായ ഒരു ആശയ രൂപീകരണത്തിലൂടെ മാത്രമേ ലോകം മുന്നോട്ട് നയിക്കപെട്ടാന്‍ സാധിക്കൂ. അതില്‍ ഭൂമിയുടെ രാഷ്ട്രീയം കൃത്യമായി ഉള്‍പ്പെടുകായും വേണം. ഈ വാടിയ മുല്ലപ്പൂ വീണ്ടും വസന്തം വിരിക്കാന്‍ ഉതകുന്ന തരത്തില്‍ ഒരു ജനാധിപത്യ ചിന്ത വളരാന്‍ കഴിയട്ടെ....
============================

മലയാള സമീക്ഷയില്‍ മഷിനോട്ടം എന്ന എന്റെ പക്തിയില്‍ നിന്ന്
 ലിങ്ക് ഇതാ...
http://www.malayalasameeksha.com/2012/07/blog-post_8072.html
 

No comments:

Post a Comment