Wednesday, 24 October 2012

കരിമണല്‍ ഖനനവും കറുത്ത ലാഭങ്ങളും



ണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുക എളുപ്പമല്ല കാരണം ഈ ബന്ധം മനുഷ്യന്റെ ജീവിതമുമായി ഇഴകിച്ചേര്‍ന്ന വൈകാരിക തലമാണ്. എന്നാല്‍ ഇത് തന്നെ വിപണനവും ആണ് എന്നത്‌ ഇതിന്റെ മറ്റൊരു വശം. മണ്ണ് കച്ചവടത്തിലെ കറുത്ത ലാഭത്തിനു വേണ്ടി മാഫിയകള്‍ തന്നെ വാഴുന്ന ഇടങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ പോലുമുണ്ട്. മണല്‍ മാഫിയ നിറഞ്ഞാടുന്ന കേരളത്തിലെ മറ്റൊരു മണ്ണ് കച്ചവടത്തിന്റെ കറുത്ത കഥയാണ് കരിമണല്‍ ഖനനം. ഇനിയുണ്ടാവില്ല എന്ന് കരുതി സമര കാഹളങ്ങള്‍ ഒതുങ്ങിയ കരിമണല്‍ ഖനനം വീണ്ടുമിതാ വരുന്നു. ആലപ്പുഴ തീരദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രതിബദ്ധതയുള്ള അപൂര്‍വ്വം ചില രാഷ്ട്രീയപ്രവര്‍ത്തരും ചേര്‍ന്ന് നടത്തിയ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഖനനം വേണ്ടെന്നു വെച്ച് പോയതാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഏറ്റവും പുതിയ അവസരം തേടി മാറിനിന്ന മാഫിയകള്‍ വീണ്ടും ഒന്നിക്കുകയാണ്. ഇത് വില്പനയുടെ മന:ശാസ്ത്രമറിയുന്നവരുടെ രാഷ്ട്രീയ തന്ത്രമാണിത്. ഇത്തരം കാര്യങ്ങളില്‍ സമരമുഖത്ത്‌ എത്തുന്നവരെ തളര്‍ത്താന്‍ കാര്യങ്ങള്‍ അല്പം വൈകിച്ചും സാങ്കേതികമായി പുതിയ സാധ്യത ഉണ്ടാക്കിയെടുത്തും സര്‍ക്കാര്‍ കാണിക്കുന്ന അമിതോല്സാഹങ്ങള്‍ സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് എന്ന് ഏവര്‍ക്കും അറിയാം. അന്ന് കെ.എം.ആര്‍.എം.എല്ലിന് നല്‍കിയ എന്‍. ഒ. സി ആയിരുന്നില്ലെന്നും കരിമണല്‍ ഖനനത്തിന് 20 വര്‍ഷത്തെ പാട്ടത്തിനുള്ള അനുമതിയാണെന്ന് പുറത്ത് വന്നപ്പോളാണ് ഇതിനു പിന്നിലെ ഗൂഡാലോചനയുടെ വ്യാപ്തി ജനങ്ങള്‍ തിരിച്ചറിഞ്ഞത്‌. അതുവരെ സമരം ചെയ്തവരെ ഞെട്ടിച്ച അറിവായിരുന്നു അത്. എന്നാല്‍ അന്ന് വ്യവസായ വകുപ്പ്‌ ചോദിച്ച ചോദ്യം ഇന്നുമവര് ആവര്‍ത്തിക്കുന്നു "വെറുതെ കിടക്കുന്ന കരിമണല്‍ വില്‍ക്കാനും അനുവദിക്കില്ല എന്തിനും ഏതിനും സമരം തന്നെ" ഈ വിലാപം നടത്തിയവര്‍ തന്നെയാണ് വീണ്ടും ഈ മണ്ണിനെ വില്‍ക്കാന്‍ മുന്നോട്ട് വരുന്നത്. ഇത്തരം വില്പനകളെ വികസനത്തിന്റെ ലേബല്‍ ഒട്ടിച്ച് ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്. ഈ വില്‍പ്പനയുടെ അനന്തരഫലം ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഖാതം സൃഷ്ടിക്കും എന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയി, അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു. ഈ പഴുതിലൂടെ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ കച്ചവട സാധ്യത വര്‍ധിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. സര്‍ക്കാര്‍ അതിനെ കണ്ണടച്ച് സഹായിച്ചു ഈ അവസരത്തിലാണ് അപകടം തിരിച്ചറിഞ്ഞ ചിലര്‍ ഖനനം പാടില്ലെന്ന് പറഞ്ഞുകൊണ്ട് സമരം തുടങ്ങുന്നത്.

ആലപ്പുഴയുടെ തീരത്ത്‌ പലയിടത്തും കടലിനെയും കായലിനെയും വേറിട്ട്‌ നിര്‍ത്തുന്ന മണല്‍ത്തിട്ടയുടെ അകലം വെറും 20 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ മാത്രമാണ്. ഖനനത്തിലൂടെ ഈ തിട്ടകള്‍ ഇല്ലാതാകുകയും അതോടെ കായലുകളെ കടല്‍ എടുക്കുകയും ചെയ്യും. ഇത് വന്‍ പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ മണല്‍ തിട്ടകളില്‍ സമൃദ്ധമായി കണ്ടുവരുന്ന ഇല്മനേറ്റ് മാത്രമെടുത്ത്‌ മണല്‍ തിരിച്ചു നിക്ഷേപിക്കാം എന്ന തികച്ചും അശാസ്ത്രീയമായ ഒരു ബദല്‍ മാര്‍ഗ്ഗമാണ് പകരം മുമ്പോട്ട് വെക്കുന്നത്. സ്വകാര്യ കമ്പനികളുടെ താല്പര്യത്തിലൂന്നി കരിമണല്‍ വില്‍ക്കനോരുങ്ങുന്നതിനു മുമ്പ്‌ എന്താണ് കരിമണല്‍ എന്നും ഇതിന്റെ അശാസ്ത്രീയമായ ഖനനം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്താണെന്നും സത്യസന്ധമായി പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കരിമണല്‍ എന്നാല്‍ കറുത്ത മണല്‍ മാത്രമല്ല. ഇല്മനേറ്റ് അടങ്ങിയ ധാതുമണലാണ് റഷ്യയിലെ ഇല്മണ്‍ മലനിരകളില്‍ നിന്നാണ് ധാതുസമ്പത്തായ ഇല്മനേറ്റ് ആദ്യമായി കണ്ടെത്തിയത്‌. ഇല്മനേറ്റ് ധാരാളം അടങ്ങിയതാണ് ആലപ്പുഴ തീരങ്ങളില്‍ കണ്ടുവരുന്ന കരിമണല്‍. വിലമതിക്കാനാവാത്ത മൂല്യമുണ്ടിതിന്. ഈ തിരിച്ചറിവ് സ്വകാര്യ കമ്പനികള്‍ക്ക് ഉണ്ടായതിനാലാണ് പലരും ഇതിനായി രംഗത്ത്‌ വന്നത്. ഇതിനു പിന്നിലെ ലാഭം ആരെയും മോഹിപ്പിക്കുന്നതാണ്. 50ശതമാനം ഇല്മനേറ്റ് അടങ്ങിയ ധാതുമണല്‍ ഖനനം ചെയ്യാന്‍ ഒരു തത്വദീക്ഷയുമില്ലാതെ അനുമതി നല്‍കുമ്പോള്‍ വലിയൊരു സമ്പത്താണ് അവര്‍ വളരെ എളുപ്പത്തില്‍ സ്വന്തമാക്കുക. ഇന്ന് ലോകത്തില്‍ ഒരിടത്തും 25ശതമാനത്തില്‍ അധികം ഇല്മനേറ്റ് അടങ്ങിയ ധാതുമണല്‍ ഇല്ലെന്നതാണ് സത്യം. ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയതും 0.1ശതമാനം മോണോസൈറ്റ് അടങ്ങിയതുമായ ഈ ധാതുമണലില്‍ അണുബോംബിന്റെ നിര്‍മാണത്തിനാവശ്യമായ തോറിയം അടങ്ങിയിടുണ്ട്. സര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടത്തില്‍ അല്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് ഖനാനാനുമതി നല്‍കുക വഴി നിയന്ത്രിതമാല്ലാത്ത ഖനനം നടക്കുകയും അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട തോറിയം പോലുള്ളവ സ്വകാര്യ കമ്പനികളുടെ കൈകളില്‍ യഥേഷ്ടം എത്തുകയും അത് നമ്മുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിയേക്കാം. സ്വകാര്യ കൈകളില്‍ വിലമതിക്കാനാവാത്ത ഈ ധാതുസമ്പത്ത്‌ സുലഭമാകുന്നതോടെ ഇതെല്ലാം കറുത്ത മാര്‍ഗ്ഗങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പറയാനാവില്ല. ഇത് സുരക്ഷിതമല്ലാത്ത അവസ്ഥ സംജാതമാക്കും. ഖനനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 14 ഏജന്‍സികളില്‍ നിന്നും അനുമതി വാങ്ങണമെന്നാണ്. മുമ്പ് ഖനനാനുമാതിക്കായി സര്‍ക്കാര്‍ നടത്തിയ നാടകങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ് ഖനനത്തിനെതിരെ വി.ബി മിനറല്സിന്റെ കേസ്‌ ഹൈകോടതിയില്‍ പരിഗണനയിലിരിക്കെ സര്‍ക്കാര്‍ തന്നെ ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കുകയും അവര്‍ മനപൂര്‍വ്വം ഖനനത്തിന് അനുമതി നല്‍കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കലും നാം കണ്ടതാണ്. ജസ്റ്റിസ്‌ ജോര്‍ജ്ജ് മാത്യു അധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഖനനം ആറാട്ടുപുഴ പ്രദേശത്തെ പരിസ്ഥിതിക്ക് ഹാനികരമാകില്ലെന്നു കണ്ടെത്തിയപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ ഈ സാങ്കേതികതയില്‍ തൂങ്ങി വേഗത്തില്‍ ഖനനാനുമതി നല്‍കാന്‍ തിടുക്കം കാട്ടുന്നത് നാം കണ്ടതാണ്. ജസ്റ്റിസ്‌ ജോര്‍ജ്ജ് മാത്യുവിനെ കൂടാതെ ആറ്റമിക്‌ എനര്‍ജ്ജി കമ്മീഷന്‍ റിട്ടേര്‍ഡ് ഡയറക്ടര്‍ കെ.കെ.ദ്വിവേദി, ജിയോളജിക്കല്‍ സര്‍വേ സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബി.ഇ. ബോഡര്‍, ഖനനത്തെ ആദ്യവസാനം വരെ ശക്തിയായി അനുകൂലിച്ച മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്‌ ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. ഖനന സ്ഥലം പോലും സന്ദര്‍ശിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌ എന്ന് അന്ന് തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഈ വിദഗ്ദ്ധ സമിതിയെയും റിപ്പോര്‍ട്ടിനെയും അന്ന് സമര രംഗത്തുള്ളവര്‍ തള്ളിക്കളഞ്ഞിരുന്നു. സ്വകാര്യ കമ്പനികളുടെ താല്പര്യത്തെ സംരക്ഷിക്കാന്‍ വേണ്ടി അഹോരാത്രം ശ്രമിച്ച അന്നത്തെ ഭരണാധികാരികള്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴേക്കും വീണ്ടും കരിമണല്‍ കച്ചവട താല്പര്യക്കാര്‍ വീണ്ടുമെത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഗൂഡാലോചന ഇതിലൂടെ വ്യക്തമാണ്. മുമ്പും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സര്‍ക്കാര്‍ തന്നെ വീണ്ടും രംഗത്ത്‌ വന്നാല്‍ ഈ തന്ത്രങ്ങള്‍ വീണ്ടും മെനെഞ്ഞെടുക്കാന്‍ മടിക്കാണിക്കില്ല.

നമ്മുടെ വികസനങ്ങള്‍ പലതുമിങ്ങനെയാണ്. പല താല്‍പര്യങ്ങളിലൂന്നിയാണ് വികസന രേഖകള്‍ പിറക്കുന്നതുതന്നെ. അതിനാല്‍ സമര്‍ത്ഥമായി പ്രയോഗത്തില്‍ വരുത്തേണ്ട പല പദ്ധതികളും സര്‍ക്കാരിന്റെ അലംഭാവമോ മറ്റു നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഹൈജാക്ക്‌ ചെയ്യപെടുന്നു. അത്തരം ഒരവസ്ഥയിലേക്ക് കരിമണല്‍ ഖനനവും നീങ്ങുകയാണ്. സര്‍ക്കാരിനു എന്താണിത്ര തിടുക്കം ഈ ധാതുമണല്‍ രാജ്യത്തിന്റെ പൊതു സ്വത്താണ് അത് കച്ചവട കണ്ണോടെ വിനിമയം നടത്താനുള്ളതല്ല. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തോടെ അതീവ ജാഗ്രതയോടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ ഒരു ഖനന സാധ്യതയാണ് തേടേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ക്ക് മുന്നില്‍ രാജ്യസുരക്ഷയോ പരിസ്ഥിതി പ്രശ്നങ്ങളോ, തീരദേശ വാസികളുടെ പ്രശ്നങ്ങളോ വരുന്നില്ല. പകരം തികച്ചും ലാഭം മാത്രം പ്രതീക്ഷിക്കുന്ന കച്ചവടക്കാര്‍ക്ക് കരിമണല്‍ വീതിച്ചു നല്‍കാനാണ് സര്‍ക്കാരിനു താല്പര്യം. ഇങ്ങനെ നമ്മുടെ വികസനങ്ങള്‍ കറുത്ത കരങ്ങളിലൂടെ മാറിമറിഞ്ഞു പോയികൊണ്ടിരിക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് തങ്ങള്‍ക്കനുകൂല മായ വിദഗ്ധരെ കൊണ്ട് റിപ്പോട്ടുകള്‍ തയ്യാറാക്കി വികസന ഭീകരതയെ നാം യഥേഷ്ടം സ്വീകരിക്കുന്നു. കരിമണല്‍ ഖനനവും ഇത്തരത്തില്‍ കറുത്ത കരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എമര്‍ജിംഗ് കേരളയില്‍ ഒരു കണ്ണ് ഈ കരിമണലില്‍ ആണ്. പണ്ടേ നോട്ടമിട്ട പലരും ഇന്ന് അവിടെ തന്നെ ഇരിക്കുന്നുണ്ട്, പലരും അധികാരത്തിലും. നമ്മുടെ വികസനത്തിന്റെ ഒരു പ്രധാന തകരാറും അതാണ്‌ ഇത്തരക്കാര്‍ മുന്നോട്ട് വെക്കുന്ന നയങ്ങളെ സംസ്ഥാനത്തിന്റെ വലിയ വികസനം എന്ന് വരുത്തി തീര്‍ക്കാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. വികസനം നമ്മുടെ മണ്ണിനും മനുഷ്യനും വേണ്ടിയാകണം, എന്നാല്‍ ഈ എമര്‍ജിംഗ് കേരളകള്‍ ഉണ്ടാകുമ്പോള്‍ കരിമാനാലും വെള്ളവും കാടും എല്ലാം വില്‍പ്പനയുടെ കണ്ണുകളിലൂടെ മാത്രം എന്നതാണ് കഷ്ടം. ഇനിയും വിറ്റു മുടിക്കാന്‍ വെട്ടിയെടുക്കാന്‍ നമ്മുടെ കേരളത്തില്‍ ഒന്നും ബാക്കിയില്ല. കരിമണലും ഇത്തരത്തില്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ് എന്ന കാര്യം ഓര്‍ക്കുക.

Saturday, 22 September 2012

ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?


ലോകം ആണവ ഭീതിയില്‍ കഴിയുകയുമ്പോള്‍ നമ്മുടെ ആണവ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സ്വന്തം ജനതയെ തന്നെ കൊല്ലുന്നു, ആട്ടി പായിക്കുന്നു, അതാണ്‌ കൂടംകുളത്ത് നാം കണ്ടു കൊണ്ടിരിക്കുന്നത്. ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാ‍രം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് നമ്മുടെ ഭരണകൂടം തന്നെ പറയുന്നു എന്ന് മാത്രമല്ല അതിനായി പുതിയ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കുന്നു. തദ്ദേശ വാസികളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ ഈ അപകടകാരിയായ ഊര്‍ജ്ജത്തെ മഹാ വികസനമായി ഭരണകൂടം ഉയര്‍ത്തുമ്പോള്‍ പുരോഗമന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും മൌനം പാലിക്കുന്നു, ഒപ്പം ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും ഇതിനായി വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്.
ഭരണകൂടവും വികലമായ വികസന ബോധം തലക്കു പിടിച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണവോ ര്‍ജ്ജം മതിയായെ തീരൂ എന്ന വാശിയിലാണ്. എന്നും സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തി പോന്നിട്ടുള്ള ഇന്ത്യയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴു മെടുത്തിട്ടുള്ള തീരുമാനങ്ങള്‍ സാമ്രാജ്യത്വ താല്പര്യത്തെ മുന്‍നിര്‍ത്തി യിട്ടുള്ളതായിരുന്നു. തൊണ്ണൂറുകളില്‍ ഉദാര വല്‍ക്കരണം നടപ്പിലാക്കി കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ തേരോടാന്‍ അവസരമൊ രുക്കി കൊടുത്ത അന്നത്തെ ധനമന്ത്രി ഇന്ന് പ്രധാന മന്ത്രിയാ യപ്പോള്‍ സാധാരണക്കാരനെ പാടെ മറക്കുന്നു എന്ന് മാത്രമല്ല സാമ്രാജ്യത്വ ആശയങ്ങള്‍ ഒരു മടിയുമില്ലാതെ ജനതയ്ക്ക് മീതെ അടിച്ചേല്‍പ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. എന്നാല്‍ ജനകീയ സമരങ്ങള്‍ അതിന്റെ ശക്തി ദിനം പ്രതി കൂടി വരുന്നതിന്റെ തെളിവാണ് നാം കൂടംകുളത്ത് കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും രാവും പകലും സമരപന്തലില്‍ ചെലവഴിക്കുന്നു. ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിനെതിരെ ഭരണകൂടം നിരന്തരം അക്രമം അഴിച്ചു വിടുന്നു. സമരത്തിനു നേതൃത്വം നല്ക്ക ഉദയകുമാറിന് നേരെ നൂറോളം കേസുകളാണ് പോലിസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. (മുംബൈ ഭീകരാക്രമണ കേസില്‍ തടവില്‍ കഴിയുന്ന അജ്മല്‍ കസബിനു പോലും ഇത്രയധികം കേസ് ഇല്ല)
വര്‍ദ്ധിച്ച ഊര്‍ജ്ജാ വശ്യങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ആണവോ ര്‍ജ്ജം കൂടിയേ തീരൂ എന്നാണ് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വാദിക്കുന്നത്. ഗാട്ട് കരാറിന്റെ കാര്യത്തിലും പേറ്റന്റ് നിയമങ്ങളുടെ കാര്യത്തിലും പ്രധാന മന്ത്രിക്ക് കര്‍ഷക താല്പര്യം പ്രശ്നമായി രുന്നില്ല. എന്തിന് ആയിര ക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും പ്രധാന മന്ത്രി ഒട്ടും ഞെട്ടിയിരുന്നില്ല എന്നാല്‍ ഊഹ കച്ചവടമായ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയില്‍ മുതലാളിമാരുടെ മനോവേദന എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ധന മന്ത്രിയും ഉള്‍കൊണ്ടതും ആകുലനായതും. സാമ്പത്തിക പരിഷ്കാര ങ്ങള്‍ക്ക് മാനുഷിക മുഖമെന്നത് ഓഹരി കമ്പോളത്തിലെ മുതലാളിത്ത മുഖമായിരിന്നു എന്നത് ഇന്ന് സത്യമായിരിക്കുന്നു. ആണവ നിലയത്തിനായി വാദിക്കുന്ന രാഷ്ട്രീയ നേതൃത്വം ഒരു കാര്യം പാടെ മറക്കുന്നു.


നമ്മെക്കാള്‍ സാങ്കേതിക മേന്മ അവകാശപ്പെടുന്ന ജപ്പാന്‍ പോലും ഈ അപകടകാരിയായ ഊര്‍ജ്ജത്തെ ഒഴിവാകാന്‍ ശ്രമിക്കുകയാണ്. ഫുക്കുഷിമ ദുരന്തം അവര്‍ക്കൊരു പാഠമായി അവര്‍ എടുത്തപ്പോള്‍ നമുക്കതോന്നും വിഷയമേ അല്ല. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്. ശാസ്ത്ര ലോകത്തിന്റെ സ്വപ്നം സൌരോ ര്‍ജ്ജത്തിലും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലും കേന്ദ്രീകരിക്കുന്ന ഇക്കാ‍ലത്ത് നാമെന്തിനാണ് ആണവോ ര്‍ജ്ജത്തിനു പിന്നില്‍ പായുന്നത് ? 1976-ല്‍ ഇറ്റലിയിലെ സെവസോയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി, 1979-ല്‍ അമേരിക്കയിലെ പെന്‍സില്വാനിയ ത്രീമെന്‍ ഐലന്റിലെ ന്യൂക്ലിയര്‍ അപകടം, 1984-ല്‍ പതിനായിര ക്കണക്കി നാളുകളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ദുരന്തം, 1986-ല്‍ ഉക്രെയ്നിലെ ചെര്ണോബില്‍ ന്യൂക്ലിയര്‍ പ്ലാ‍ന്റിന്റെ തകര്‍ച്ച, നാഗസാക്കിയെ ചാരമാക്കിയ ന്യൂക്ലിയര്‍ ബോംബ് നിര്‍മ്മിച്ച കാലിഫോര്‍ണി യയിലെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷനില്‍ 1997-ല്‍ ഉണ്ടായ രാസ വിസ്ഫോടനം (ഇന്ന് ഈ സ്ഥലം പാരിസ്ഥിതിക അത്യാഹിത മേഖലയാണ്. Environmental Disaster Area), അവസാനം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഫുക്കുഷിമയില്‍ ഉണ്ടായ ആണവ നിലയത്തിന്റെ തകര്‍ച്ച. 


ഇങ്ങനെ അനുഭവത്തിലുള്ള വ്യവസായ വല്‍കൃത രാജ്യങ്ങള്‍ ആണവോ ര്‍ജ്ജത്തിനു വേണ്ടി ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യറല്ലാത്ത ഇക്കാലത്ത് നാമെന്തിനാണ് ഈ ദുരന്ത സാദ്ധ്യതകളെ കൈ നീട്ടി വാങ്ങുന്നത്. അതും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടും നഷ്ട പരിഹാരം ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നമുക്കെങ്ങനെ വന്‍ശക്തിയായ അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ചോദിക്കാനാവുക. ആണവോര്‍ജ്ജമേ വേണ്ട എന്ന ധീരമായ തീരുമാനത്തി ലെത്താന്‍ ഇടതു പക്ഷത്തിനു പോലും കഴിയുന്നില്ല. അത്യന്തം അപകട കരമായ ആണ വോര്‍ജ്ജം വേണമെന്നു തന്നെയാണ് പ്രകാശ് കാരാട്ടും ബുദ്ധദേവും പറയുന്നത്. എല്ലാവര്‍ക്കും തീയുണ്ട വേണം തരുന്നതാ രാണെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം. തീവ്രവാദി ഭീഷണിയും നമ്മുടെ ആണവ റിയാക്ടറുകളുടെ എങ്ങനെ ബാധിക്കുമെന്നത് ചിന്തിക്കേ ണ്ടിയിരിക്കുന്നു. ഉത്തര്‍പ്ര ദേശിലെ നറോറയില്‍ ഗംഗയുടെ തീരത്തുള്ള ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ വൈകല്യത്തിന്റെ (Seismic Fault) മുകളിലാണ്. നമ്മുടെ നിലവിലുള്ള ആണവ റിയാക്ടറുകള്‍ തന്നെ അപകട ഭീഷണിയിലാണ്. അത് പോരതെയാണ് കൂടംകുളത്തും ആണവ നിലയം നിര്‍മ്മിച്ചത്. അതും ആയിരക്കണക്കിനു തദ്ദേശ വാസികളെ ആട്ടി പായിച്ചുകൊണ്ട്. ഇപ്പോഴിതാ ഒരാളെ കൊന്നിരിക്കുന്നു. ഒരു ജനതയെ നിരന്തരം പീഡിപ്പിക്കുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുന്നു ഭരണകൂട ഭീകരതയുടെ ഏറ്റവും കറുത്ത മുഖം നമുക്കിവിടെ കാണാം. ഏറ്റവും വില കൂടിയ ആണവോ ര്‍ജ്ജവത്തി ലൂടെയാണ് നമ്മുടെ തകര്‍ന്നു കഴിഞ്ഞ കാര്‍ഷിക മേഖലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ആണവ വികിരണം മൂലം വായു, ജലം, മണ്ണ്, എന്നിവ മലിനീകരി ക്കപ്പെടുമെന്നത് തെളിയിക്ക പ്പെട്ടതാണ്. മറ്റു നിലയങ്ങളെ പോലെ പ്രവര്‍ത്തനം ആണവ നിലയങ്ങള്‍ നിറുത്തി വെക്കനോ അടച്ചു പൂട്ടുവാനോ സാധിക്കുകയില്ല. തുടര്‍ച്ചയായ റേഡിയേഷന്‍ ആ പ്രദേശത്തെ നിത്യ ദുരിതത്തിലാക്കും. ആണവാ വശിഷ്ടങ്ങള്‍ എങ്ങനെ സംസ്കരിക്ക ണമെന്നത് ഇന്നും ഒരു ചോദ്യ ചിച്നമാണ്. ആണവാ വശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഒരു ബാധ്യതയാകും.

ഖനനം, സമ്പുഷ്ടീകരണം, ഉപയോഗം എന്നീ എല്ലാ അവസ്ഥകളിലും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സൃഷ്ടിക്ക പ്പെടുന്നുണ്ട്. ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാ വശിഷ്ടങ്ങളാണ് പുറംതള്ളുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലില്‍ തള്ളാറാണ് പതിവ്. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണ കര്‍ത്താക്കള്‍. എന്തിനാണ് നമുക്കീ അപകടം പിടിച്ച ഊര്‍ജ്ജം. വന്‍ ശക്തികള്‍ ആണവ ശേഖരം കൂട്ടി വെക്കുന്നു,മറ്റു രാജ്യങ്ങള്‍ ആണവ ശക്തിയാവാന്‍ തിരക്കു കൂട്ടുന്നു, തങ്ങള്‍ക്കും വേണമെന്ന് തര്‍ക്കിക്കുന്നു, ചിലര്‍ യാചിക്കുന്നു. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്. എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് അപകട കാരിയായ ആണവായുധ ശേഖരത്തില്‍ ആണെന്ന സത്യത്തെ ഭയത്തോടെ വേണം കാണുവാന്‍.
                                                          ***********************
(മലയാളസമീക്ഷയിലെ മഷിനോട്ടം എന്ന എന്റെ പംക്തി)
http://www.malayalasameeksha.com/2012/09/blog-post_6226.html

Monday, 27 August 2012

ഓണം പ്രകൃതിയുടെ ആഘോഷം



“ഉത്സവം ഒരു നേരമ്പോക്കോ വിനോദോപാധിയോ അല്ല. പകരം, അത് ഒരു പുനര്‍നിര്‍മാണമാണ്” - ഒക്ടോവിയോ പാസ്

സമൃദ്ധിയുടെ നാളുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോയി. മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നു കിടക്കുന്ന ഈ ഉത്സവ നാളുകള്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഓരോ രാജ്യത്തേയും, ഓരോ പ്രദേശങ്ങളെയും, അവിടെയുള്ള വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും കോര്‍ത്തി ണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ കേരളീയന്റെ ജീവിതത്തില്‍ ഏറെ ഉന്‍മേഷമേകുന്ന ഒരു ആഘോഷമാണ് ഓണം. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പ്. മാനസിക - സാമ്പത്തികാ ന്തരീക്ഷത്തില്‍ വരുന്ന മാറ്റവും പ്രകൃതിയിലെ വസന്തവും സമൃദ്ധിയും ചേര്‍ന്നതാണ് ഓണക്കാലം. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യ പ്പെടുന്നതാണ് ഈ നാളുകളുടെ പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നു. പ്രകൃതിയോ ടിണങ്ങി ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണിത്. ഓണത്തിന്റെ പ്രധാന ഇനങ്ങളി ലൊന്നായ പൂക്കളം അതിന് മികച്ച ഉദാഹരണമാണ്. പ്രകൃതിയേയും ഭൂമിയേയും അടുത്തറിയാന്‍ സാധിക്കുന്ന വളരെ വിശാലമായ ഒരു അര്‍ത്ഥ തലമാണ് പൂക്കളത്തിനുള്ളത്. മുറ്റത്ത് പൂക്കളമിടുക എന്നത് കുട്ടികളുടെ അവകാശമാണ്. അതിനായി അവര്‍ പൂക്കള്‍ തേടിയലയുന്നു. കുട്ടികള്‍ക്ക് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിലൂടെ കഴിയുന്നു. അവരെ ഒട്ടും നിര്‍ബന്ധിക്കാതെ തന്നെ, ഒരു പാഠ്യ വിഷയമാക്കാതെ തന്നെ ഇത് സാധിക്കുന്നത് ചെറിയ കാര്യമല്ല. ഓണത്തിന് അത്ത ക്കളമിടാന്‍ ഉപയോഗിക്കുന്ന കുഞ്ഞു പൂക്കള്‍ മിക്കവയും നല്ല ഔഷധ ഗുണമുള്ളതാണ്. വളരെ ചെറിയ പൂക്കളായ തുമ്പയും മുക്കുറ്റിയും തേടി പറമ്പില ലയുമ്പോള്‍ അവരില്‍ മികച്ച ക്ഷമാ ശീലമാണ് ഉണ്ടാകുന്നത്.
അത്തം തൊട്ട് പത്തു ദിവസങ്ങളിലായാണ് മുറ്റത്ത് പൂക്കളമിടാറ്, പരിശുദ്ധിയും എളിമയും ചൂണ്ടി ക്കാണിക്കു ന്നതിനാണ് തുമ്പ പൂവിന് ഓണ ക്കാലത്ത് ഏറെ പ്രാധാന്യം നല്‍കുന്നത്. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് സാധാരണ ഇടാറ്. തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ പൂക്കളത്തിന് സാധാരണ ഉപയോഗിക്കുന്ന പൂവുകള്‍ ഓണ ക്കാലത്ത് സമൃദ്ധമായി ഉണ്ടാകുന്നു. എന്നാല്‍, കാലാന്തരത്തില്‍ വന്ന മാ‍റ്റം ഓണത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ ആസൂത്രിത ഉദ്യാന നിര്‍മാണ രീതിക്കകത്ത് കേരളത്തില്‍ തനതായി കണ്ടു വരുന്ന പൂവുകള്‍ പലതും നമുക്കന്യമായി ക്കഴിഞ്ഞു. വളരെ വേഗതയേറിയ നമ്മുടെ ജീവിത സാഹചര്യങ്ങളാണ് അതിന് കാരണം. പണ്ട് ഇങ്ങനെ ആയിരുന്നില്ല എന്ന തോന്നല്‍ വര്‍ത്തമാന കാലത്തെ ഓര്‍മപ്പെടു ത്തുന്നുവെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാം ഇവയെല്ലാം പാടെ മറന്നു കളയുന്നു.

പ്രകൃതി നമുക്കു നല്‍കിയ സൌഭാഗ്യങ്ങളെ പല പേരില്‍ നാം ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. പഴയ കാല സമൃദ്ധിയെ ഓണ നാളുകളിലൂടെ ഓര്‍ത്തെടു ക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രകൃതിയെ വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടിയുണ്ടാകുന്നത് ഭാവി തലമുറക്ക് നാം നല്‍കുന്ന ഏറ്റവും നല്ല ഓണ സമ്മാനമായിരിക്കും. പ്ലാസ്റ്റിക്ക് വാഴയിലയില്‍ സദ്യയുണ്ണുന്ന ഇക്കാലത്ത് തമിഴ് നാടും കര്‍ണാടകയും കനിയുന്നതു കൊണ്ടാണ് നമുക്ക് പൂക്കളമൊരുക്കാനും, സദ്യയൊരുക്കാനും കഴിയുന്നതെന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. എല്ലാം റെഡിമേഡായി വാങ്ങിച്ചു കൊണ്ട് സമൃദ്ധിയുടെ നാളുകളെ ഓര്‍ത്തെടുക്കാനാണ് നാമിന്ന് ശ്രമിക്കുന്നത്. പ്രശസ്ത കലാ നിരൂപകന്‍ വിജയ കുമാര്‍ മേനോന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു “അനുപചാരികതയിലൂടെ ‘അത് പഠിക്കുന്നു’ എന്നറിയാതെ അതാര്‍ജിക്കുക എന്നതാണ് മിത്തുകളിലൂടെ ഒരുക്കുന്ന ഫോക് വിദ്യാഭ്യാസം. നിത്യ ജീവിതവും വിനോദവും ഭാവനയും കൂട്ടായ്മയും സാമ്പത്തിക ബോധവും എല്ലാമടങ്ങുന്ന ചില ആചാരങ്ങളിലൂടെ നൈതിക ബോധമുണ്ടാക്കുന്ന പ്രവണത ഓരോ ജനതക്കും ഉണ്ട്. ഇവയെല്ലാം ജന കലയുമാണ്. പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഓണത്തല്ലു മുതല്‍ വള്ളം കളി വരെയുള്ളതെല്ലാം അതിന്റെ ഭാഗമാണ് ”.
 എന്നാല്‍ പൂക്കളമിടാന്‍ ഇന്നെവിടെ പൂക്കള്‍? പൂക്കളത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നെത്തുന്ന പൂക്കളും, പ്ലാസ്റ്റിക് പൂക്കളും, കളര്‍ ചേര്‍ത്ത ഉപ്പും മറ്റുമാണ് പലരും പൂക്കളമാക്കുന്നത്.

ഓണം കേരളീയന്റെ ദേശീയ ഉത്സവമായി കൊണ്ടാടുമ്പോഴും അങ്ങേയറ്റം വാണിജ്യ വത്കരിക്കപ്പെട്ടു എന്നതാണ് ഏറെ ദു:ഖകരം. അതിനാല്‍, ‘മത്ത പൂത്താല്‍ ഓണം വന്നു’ എന്ന ചൊല്ല് വരും തലമുറക്ക് അറിയണമെന്നില്ല. മത്തപ്പൂവ് മാത്രമല്ല, വലിയ മത്തങ്ങ തന്നെ കാണാന്‍ കിട്ടാത്ത കാലം. മുറിച്ചു വെച്ച മത്തങ്ങ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണല്ലോ.
ഓണം എന്ന ആഘോഷം ഓര്‍മപ്പെടുത്തുന്നത് പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്. എന്നാല്‍ ഒരു സത്യം നാം മറക്കുന്നു പ്രകൃതി തന്ന സൌഭാഗ്യങ്ങളെ നാം ഒരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇന്ന് ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, കമ്പിത്താലം ഇങ്ങനെ ഓണത്തോട് ബന്ധപ്പെട്ട പലതും നമുക്കന്യമായി കഴിഞ്ഞു. പകരം റെഡിമെയ്ഡ് ഓണമാണ് നാമിന്ന് ആഘോഷിക്കുന്നത്. പ്രകൃതിയോ ടിണങ്ങാന്‍ പറയുന്ന ഇത്തരം ആഘോഷങ്ങളുടെ വിശുദ്ധി മനസ്സിലാ ക്കാതെയുള്ള ആഘോഷം പലപ്പോഴും വാണിജ്യ താല്പര്യത്തെ മാത്രമാണ് പ്രോത്സാഹി പ്പിക്കുന്നത്. കാലാന്തരത്തില്‍ വന്ന മാറ്റം ഓണത്തെ എത്ര കണ്ട് മാറ്റി മറിച്ചിരിക്കുന്നു വെന്നും ഇതിനിടയില്‍ നമുക്കെന്തെല്ലാം നഷ്ടപ്പെട്ടുവെന്നും ഓര്‍ത്തെടുക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഉപരിക്കട്ടെ.

http://www.malayalasameeksha.com/2012/08/blog-post_2197.html
 

Sunday, 29 July 2012

മലയാളത്തിന്റെ ഭരതൻ സ്പര്‍ശം


ലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ് ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട് ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം
jayabharathy-krishna-chandran
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍ എടുത്ത ആവാരംപൂ, കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക് രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം. ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു, ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം. ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.

 ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌ ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.

ഇത്തരത്തില്‍ ഒരുകാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ് ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര സിനിമകള്‍ക്ക് കഴിഞ്ഞു.

പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി, പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം, ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്‌), മാളൂട്ടി, വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ് ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ് ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
മലയാളത്തിന്റെ ഭരതൻ സ്പര്‍ശം
മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ
ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ
ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ
പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര
പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ
ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ
നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ്
ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ
പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ
തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം)
ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ
ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു.
പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ
ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന
അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ
പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ
ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം
ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം.
ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. ക
ൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും
കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ
പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട്
ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ
ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം,
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള
ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി
എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച
കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍
എടുത്ത ആവാരംപൂ, ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക്
രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍
യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല
എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത
മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു
വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും
അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം.
ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു,
ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ്
ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി
എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ
പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം.
ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ
ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.
ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌
ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ഇത്തരത്തില്‍
ഒരുകാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ്
ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി
തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ
സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള
സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര
സിനിമകള്‍ക്ക് കഴിഞ്ഞു.
പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി,
പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി,
പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം,
ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം,
ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,
നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം,
താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്‌), മാളൂട്ടി,
വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ്
ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര
പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ
എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ്
ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം
ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
 

Saturday, 28 July 2012

വിൻസന്റ് വാൻഗോഗ്: ആത്മക്ഷോഭത്തിന്റെ നിറങ്ങള്‍

vincent-van-gogh-epathram

ര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിൻസന്റ് വാൻഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു.  ആരാലും തിരിച്ചറിയപ്പെടാതെ പോയ ഈ ചിത്രകാരന്‍ പില്‍കാലത്ത് ലോകത്ത്‌ തന്നെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായി മാറുകയായിരുന്നു.
വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ വൈവിദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയിൽ നിർണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ്‌ തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായായാണ് അന്നുള്ളവര്‍ കണ്ടിരുന്നത്. വാൻ‌ഗോഗ് തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തു. അതോടെ മാനസിക രോഗങ്ങൾ കൂടിയ വാൻ‌ഗോഗിനെ ഒരു ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
അദ്ദേഹത്തിന്റെ സഹോദരന്‍ തിയോ മാത്രമാണ് വാന്‍ഗോഗിന്റെ ചിത്ര രചനയ്ക്ക് പ്രോത്സാഹനം നല്‍കിയത്‌. തിയോവും വാന്‍ഗോഗും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പില്‍കാലത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ ലോകം മുഴുവന്‍ അത് സ്വീകരിക്കപ്പെട്ടു. പോൾ ഗോഗിൻ എന്ന ചിത്രകാരനുമൊത്ത് വാൻ‌ഗോഗിനുണ്ടായിരുന്ന സൗഹൃദം വളരെ ആഴമേറിയതായിരുന്നു. ഈ രണ്ടു പ്രഗല്‍ഭരായ കലാകാരന്‍മാരുടെ ഒത്തുചേരല്‍ പ്രശസ്തമാണ്. അവര്‍ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് വലുതായിരുന്നു.

പോസ്റ്റ്‌ ഇംപ്രഷണിസം ചിത്രകലയില്‍ കൊണ്ടു വന്ന ഈ മഹാനായ ചിത്രകാരന്‍ വരച്ച ദി പോട്ടാറ്റൊ ഈറ്റേഴ്സ്, സൺഫ്ലവർ, ദി സ്റ്റാറി നൈറ്റ്, ഐറിസസ്, അവസാന കാലത്ത് വരച്ച ഭ്രാന്താലയത്തിലെ ഡോക്ടർ ഗാചെറ്റ് , ഒരു കർഷകന്റെ ഛായാചിത്രം, മൾബറി മരം, ഗോതമ്പ് വയല്‍ എന്നീ ചിത്രങ്ങള്‍ വളരെ പ്രശസ്തമാണ്.
1890 ജൂലൈ 30ന് തന്റെ 37 ആമത്തെ വയസ്സിൽ തോക്കു കൊണ്ട് സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
വിൻസന്റ് വാൻഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ ‘ജീവിതാസക്തി’ (Lust for life) എന്ന നോവല്‍ അതേ പേരില്‍ വിന്സെന്റ് മിന്നെല്ലി സിനിമയാക്കിയിട്ടുണ്ട്. കിര്‍ക്ക് ഡഗ്ലസാണ് അതില്‍ വാന്‍ഗോഗിന്റെ വേഷം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. കൂടാതെ വിഖ്യാത സംവിധായകന്‍ അകിര കുറോസോവയുടെ ‘ഡ്രീംസ് ‘ എന്ന ചിത്രത്തിലും ഒരു സ്വപ്നം വാന്‍ഗോഗിന്റെ ജീവിതമാണ്. ഇങ്ങനെ മരണാന്തരം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും, പ്രതിപാദിക്കപ്പെടുകയും, ഇപ്പോഴും ഒരുപാടു പേരെ സ്വാധീനിക്കുകയും ചെയ്ത കലാകാരനാണ് വിൻസന്റ് വാൻഗോഗ്.

താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻ‌ഗോഗിന്റെ പ്രശസ്തി മരണ ശേഷം നാൾക്കു നാൾ വർദ്ധിച്ചു വരികയായിരുന്നു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻ‌ഗോഗ് ചിത്രങ്ങൾ

http://epathram.com/world-2010/07/29/004015-vincent-van-gogh-epathram.html

Friday, 20 July 2012

വാടിക്കരിഞ്ഞ മുല്ലപ്പൂ

മഷിനോട്ടം



ടുണീഷ്യയിലെ ഒരു തെരുവ് കച്ചവടക്കാരന്‍ കാണിച്ച ധീരമായ ചെറുത്തുനില്‍പ്പ്‌, പ്രതിഷേധം അയാളുടെ ജീവന്‍ നല്കികൊണ്ടായിരുന്നു. അറബ് മണ്ണില്‍ പുതു ചരിത്രമെഴുതുന്നതായിരുന്നു ഈ ആത്മഹത്യ. പതിറ്റാണ്ടുകളായി ഏകാധിപത്യത്തിന്റെ തടവില്‍ കഴിഞ്ഞിരുന്ന ആഫ്രിക്കന്‍ അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ആണികല്ലിലിളക്കാന്‍ ഈ ആത്മഹത്യ ഒരു കാരണമായി. കാലങ്ങളായി ഒരു വന്യ മൃഗത്തിന്റെ ആമാശയത്തിനുള്ളിലെന്ന പോലെ കഴിഞ്ഞ ഒരു ജനതയെ തുറസായ ഒരു സ്ഥലത്തേക്ക് തുറന്നു വിടാന്‍ സഹായിച്ചു. ടുണീഷ്യയില്‍ തുടങ്ങിയ ഈ കാറ്റ് ഈജിപ്തിലാണ് സംഹാര താണ്ടവം ആടിയത്. തഹ്രീര്‍ ചത്വരത്തില്‍ എത്തുമ്പോള്‍ ആ വിപ്ലവത്തിന് പുതിയ മാനം വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാസങ്ങള്‍ ആ മൈതാനത്ത്‌ താമസിച്ച് നടത്തിയ സമരം ഹുസ്നി മുബാറക്‌ എന്ന ഏകാധിപതിയെ അധികാര കസേരയില്‍ നിന്നും പുറത്താക്കും വരെ എത്തി. വിവര സാങ്കേതിക വിദ്യയുടെ പുതു രൂപങ്ങളില്‍ ഒന്നായ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഉണ്ടാക്കിയെടുത്ത വിനിമയ മാര്‍ഗ്ഗം വളരെ കൃത്യമായി ഉപയോഗിച്ചതാണ് ഈ വിപ്ലവത്തിന്റെ പ്രത്യേകത. യമന്‍, ടുണീഷ്യ, ലിബിയ, എന്നിവിടങ്ങളിലെല്ലാം ഈ അലയൊലി കൃത്യമായ മാറ്റങ്ങള്‍ക്കു വഴി വെച്ചു. അതില്‍ ലിബിയയില്‍ ഉണ്ടായത്‌ ഒരു അധിനിവേശം തന്നെയായിരുന്നു. അതിനായി ആ രാജ്യത്തെ അസംതൃപ്തരായ ജനതയെ അമേരിക്ക വളരെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു. സിറിയയില്‍ സമാന സ്ഥിതി ഇപ്പോഴും തുടരുന്നു.



എന്നാല്‍ ഈ വിപ്ലവം എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു എന്ന് പരിശോധിച്ചാല്‍ കൃത്യമായ ഒരു ആശയത്തിന്റെ പിന്‍ബലമില്ലായ്മ കാണാന്‍ കഴിയും. അസംതൃപ്തരായ ജനപഥം അവരുടെ വൈകാരിക തലത്തില്‍ ഉണ്ടായ പ്രതിഷേധം എന്നതിലുപരി മുന്നോട്ട് പോയോ എന്ന് സംശയമാണ്. മാത്രമല്ല ഈ മുല്ലപ്പൂ വിപ്ലവം കഴിഞ്ഞ പലയിടത്തും അധികാരം ലഭിച്ചവര്‍ ഇനി ജനാധിപത്യം നിലനിര്‍ത്താന്‍ പാകത്തില്‍ ഉള്ളവരാകുമോ? ഇക്കാര്യത്തില്‍ സംശയം ഉണ്ട്. ലിബിയയില്‍ ഇപ്പോളും സമാധാനമോ ഒരു സര്‍ക്കാരോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല, ഈജിപ്തില്‍ അത്ര ജനാധിപത്യ മര്യാദ പാലിക്കപെടാതെ പോയി, കൂടുതല്‍ മതാധിഷ്ടിതമായ കക്ഷിക്ക് ഭരണത്തില്‍ മേല്‍ കൈ നേടുന്നു. അപ്പോള്‍ ആ രാജ്യത്തിന്റെ സമീപ ഭാവി നമുക്ക് ഊഹിക്കാം. മുല്ലപ്പൂ വിപ്ലവാനന്തര ഈജിപ്തില്‍ നടന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ വിവാദത്തില് കലാശിക്കുകയായിരുന്നു. അവസാനം മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി അധികാരമേറ്റു. മാത്രമാല്ല കാഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഈജിപ്തിനെ അടക്കി വാണ ഹുസ്നി മുബാറക്കിനെ പിന്തുണക്കുന്ന അഹമ്മദ് ശഫീഖിന്റെ കക്ഷി രണ്ടാമത്‌ എത്തിയതും അത്ര ആശാവഹമല്ല. തികച്ചും ഒരു ആശയത്തിന്റെ പിന്തുണ ഇല്ലായ്മ ഈജിപ്തിനെ പിടിച്ചുലക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും ഈ പ്രശ്നം നേരിടുന്നു. ഒരു ഭരണകൂടത്തെ കടപുഴക്കി കളഞ്ഞു എങ്കിലും കേവലം കുറെ ജനങ്ങള്‍ ഒത്തുകൂടിയാല്‍ മാത്രം അതിനെ വിജയകരമായ ഒരു നീക്കം എന്ന് പറയാന്‍ കഴിയില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രച്ചരിപ്പിക്കപെട്ട ആശയങ്ങള്‍ ആണ് ഇവരുടെ പിന്തുണയും ശക്തിയും. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കിനെ തന്നെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വ രാജ്യങ്ങളാണ് എന്ന സത്യം മറച്ചു വെക്കുന്നില്ല. (ഈ വല പലപ്പോഴും അവരുടെ കയ്യില്‍ നിന്നും പൊട്ടി പോയിട്ടുമുണ്ട്.) പക്ഷെ ഇത് മാത്രം ഒരു ആശയ രൂപീകരണത്തിനു തക്ക കാരണമല്ല. അവിടെ വ്യക്തമായ രാഷ്ട്രീയം ഉരിത്തിരിയണം. ജനാധിപത്യം ഉണ്ടാകണം. നിലവില്‍ മുല്ലപ്പൂ വിപ്ലവം അരങ്ങേറിയ ഒരിടത്തും അതുണ്ടായില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വലിയ വസന്തം വിരിച്ച്‌ ഉണ്ടായ മുല്ലപ്പൂ വളരെ പെട്ടന്ന് വാടിക്കരിഞ്ഞത്.

കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടായ ഈ സമയത്ത്‌ ലോകത്താകമാനം പുതിയ വിപ്ലവ ചിന്തകള്‍ ഉണ്ടാകുന്നു എന്നത് ആശാവഹമാണ്. വാള്‍ സ്ട്രീറ്റില്‍ നടന്ന സമരമുറ ആ അര്‍ത്ഥത്തില്‍ പുതു പ്രതീക്ഷകള്‍ തരുന്നു. മുതലാളിത്തത്തിന്റെ വികലമായ നയങ്ങള്‍ ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടുന്ന തരത്തില്‍ ആയപ്പോഴാണ് ജനങ്ങള്‍ തന്നെ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായത്‌. ഇതിന്റെ എല്ലാം പ്രചോദനം അറബുദേശങ്ങളില്‍ ഉരിത്തിരിഞ്ഞു വന്ന മുല്ലപ്പൂ വിപ്ലവത്തില്‍ നിന്നാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല. ലോകം കൂടുതല്‍ കൂടുതല്‍ ചുരുങ്ങുകയാണ്. അതാണ്‌ പലയിടങ്ങളിലും പോരാട്ടങ്ങള്‍ തുടരുന്നത്. പോരാടാതെ അവകാശങ്ങളും സ്വാതന്ത്ര്യവും നേടാന്‍ കഴിയില്ലെന്ന കാര്യം ഇന്ന് ലോക ജനത കൂടുതല്‍ മനസിലാക്കിയിരിക്കുന്നു. മാത്രമല്ല ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നും തെളിയിക്കപെട്ടിരിക്കുന്നു. ഇനി കൃത്യമായ ഒരു ആശയ രൂപീകരണത്തിലൂടെ മാത്രമേ ലോകം മുന്നോട്ട് നയിക്കപെട്ടാന്‍ സാധിക്കൂ. അതില്‍ ഭൂമിയുടെ രാഷ്ട്രീയം കൃത്യമായി ഉള്‍പ്പെടുകായും വേണം. ഈ വാടിയ മുല്ലപ്പൂ വീണ്ടും വസന്തം വിരിക്കാന്‍ ഉതകുന്ന തരത്തില്‍ ഒരു ജനാധിപത്യ ചിന്ത വളരാന്‍ കഴിയട്ടെ....
============================

മലയാള സമീക്ഷയില്‍ മഷിനോട്ടം എന്ന എന്റെ പക്തിയില്‍ നിന്ന്
 ലിങ്ക് ഇതാ...
http://www.malayalasameeksha.com/2012/07/blog-post_8072.html
 

Friday, 13 July 2012

ബംഗാളിക്കുട്ടി


കഥ


 

മ്പനിവണ്ടി വരാന്‍ ഇനിയും മൂന്നു മണിക്കൂറുണ്ട് ചെയ്തു തീര്‍ക്കാനുള്ള എല്ലാ ജോലിയും കഴിഞ്ഞിരുന്നു. പറന്നുകിടക്കുന്ന മരുഭൂമിയില്‍ ടെന്റ് മുഴച്ചു നിന്നു. പൊടിക്കാറ്റ്‌ ആഞ്ഞു വീശി. ആകാശത്ത് നിന്നും ഒലിച്ചിറങ്ങിയ മേഘത്തുണ്ടുകള്‍ അകലെ മലമുകളില്‍ തൊട്ടുനിന്നു. അങ്ങിങ്ങായി ഇലകൊഴിഞ്ഞ മരങ്ങള്‍ ചിതറിനിന്നു. ദൂരെ മരുഭൂമിയെ പിളര്‍ന്നുകൊണ്ട് നാലുവരിപ്പാത നീണ്ടുനിവര്‍ന്നുകിടക്കുന്നു. അതിലൂടെ വാഹങ്ങള്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ഏറെ പ്രതീക്ഷകളേറി ആകാശത്തിലൂടെ പറന്നുവരുമ്പോള്‍ മനസ്സില്‍ വരച്ചത് ഇങ്ങനെ ഒരു ചിത്രമായിരുന്നില്ല. പിന്നെ എല്ലാം സഹിക്കാനുള്ള കരുത്ത്‌ എങ്ങിനെയോ ഉണ്ടായി, അല്ലെങ്കില്‍ ഈ പെരുംചൂടില്‍....
തോമസ്‌ ടെന്റില്‍ത്തന്നെ കിടന്നുറങ്ങുകയാണ്. വണ്ടി വരുന്നത് വരെ വെറുതെ എന്തിനു ഉറക്കം കളയണമെന്നാണ് അവന്റെ വാദം. യശ്പാല്‍ സിഗരറ്റും വലിച്ചുകൊണ്ട് ടെന്റിന്റെ മൂലയിലിരിപ്പുണ്ട്. ഞാന്‍ മരുഭൂമിയെ നോക്കി ചാരിയിരുന്നു. വീട്ടിലെ ഓരോ മുഖങ്ങളും മനസ്സിലുണ്ട്. മുത്തശ്ശി പറഞ്ഞ പഴഞ്ചൊല്ല് ഓര്‍മ്മയില്‍ തടഞ്ഞു. 'ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ'.. എല്ലാം മറക്കാന്‍ ശ്രമിച്ച് പണ്ട് മദ്രാസില്‍ ബംഗാളി സുഹൃത്തുക്കളുമൊത്ത് പാടാറുള്ള ബംഗ്ലാപാട്ട് പാടാന്‍ ശ്രമിച്ചു.
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രായേണ് കോത്താ.....
യശ്പാല്‍ എന്നെ തന്നെ നോക്കിയിരിപ്പാണ്. ഇയാള്‍ക്കെന്തോ വട്ടായോ എന്നായിരിക്കും അയാള്‍ ചിന്തിക്കുന്നത്. ഒരു പരിഹാസച്ചിരി ചുണ്ടില്‍വിരിയുമ്പോഴേക്കും അയാളത്‌ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. തന്റെ മേലുദ്യോഗസ്ഥനാണ് മുന്നിലിരുന്നു പാടുന്നതെന്ന് അയാള്‍ക്കോര്‍മ്മവന്നു കാണും. ഞാന്‍ വീണ്ടും പാടി
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രായേണ് കോത്താ.....
"ഭായ്‌ പ്രായേണ് കോത്താനഹിയെ പ്രാണേര് കോത്താ"... ഒരു വെളിപാടുപോലെ പിന്നില്‍നിന്നും പറഞ്ഞുകൊണ്ട് ഒരാള്‍ വന്നു, അതെ പാട്ട് പാടാന്‍ തുടങ്ങി.
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രാണേര് കോത്താ ഷേകി ബുലാ ജയ്‌....."
ചിതറിക്കിടക്കുന്ന ആട്ടിന്‍കൂട്ടത്തില്‍ നിന്നാണ് അവന്‍ വന്നത്. പിന്നിലങ്ങനെ ആട്ടിന്‍കൂട്ടം ഉണ്ടായിരുന്നെന്ന് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്.
"ആപ് കൈസാ ഹെ?" എന്നോടാണ് ചോദിച്ചതെന്ന് രണ്ടാം വട്ടവും ആവര്‍ത്തിച്ചപ്പോഴാണ് ഞാന്‍ ബോധവാനായത്. ഇരുപതോ ഇരുപത്തിരണ്ടോ അതിലധികം അവനായിട്ടില്ല.
"മെ അച്ചാ ഹും" ഞാന്‍ മറുപടി പറഞ്ഞു.
"ആപ് കൊ ബംഗ്ലാ മാലൂം ഹെ?"
"മേരെ കൊ ബംഗ്ല സബാന്‍ നഹി മാലൂം, ലെകിന്‍ എ ഗാനാ മാലൂം ഹെ!"
"എ രബീന്ദ്രസംഗീത്‌ ഹെ"
"ജി ഹാ"
അവന്‍ വീണ്ടും പാടാന്‍ തുടങ്ങി. ഒട്ടിയ കവിളില്‍നിന്നും പാട്ട് നിറഞ്ഞ് പുറത്തേക്കൊഴുകി. വരണ്ടകാറ്റില്‍ മധുരസ്വരം നിറഞ്ഞു.
"ധോടി തേരി ദക്ഷിണിക്കിയുനാ.... തേരോ...
എക്ല ചലോ എക്ല ചലോ .... എക്ല ചലോരെ...."
ഇടക്ക് പാട്ടുനിറുത്തി ഒരു ക്ഷമ ചോദിക്കലിന്റെ ഭാവത്തോടെ അവന്‍ നിന്നു. എന്റെ മുഖത്ത്‌ പുഞ്ചിരി കണ്ടപ്പോള്‍ അവന്റെ മുഖം തെളിഞ്ഞു. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യതയിലേക്ക് വലിഞ്ഞു കയറിയ കുറ്റബോധം അവനില്‍ ഉണര്‍ന്നിരിക്കാം. പക്ഷെ എല്ലാം എന്റെ പുഞ്ചിരിയില്‍ ലയിച്ചമര്‍ന്നു.
"ആപ് മലബാരി ഹെ?"
"എ ഹം മലബാരി!"
"മേരാ ദാദ* മലബാരി ഹെ" പിന്നെ അവന്‍ ഏതോ പൂര്‍വ്വകാലസ്മൃതിയില്‍ ലയിച്ചു ചേര്‍ന്നു. ഓര്‍മ്മയുടെ തുണ്ടുകള്‍ കോര്‍ത്തിണക്കാനൊരു ശ്രമം. പിന്നെ വീണ്ടും ഓര്‍മ്മയില്‍ പുറത്തേക്കിറങ്ങി അതീവസന്തോഷത്തോടെ അവന്‍
"ഹം കൊ മലബാരി മാലൂം" എന്നിട്ട് എന്തോ നേടിയെടുത്ത പോലെ നിന്നു. അപ്പോഴവന്‍ വെറും അഞ്ചുവയസ്സുള്ള കുട്ടിയായി മാറി. ഞാനവന്റെ പുറത്ത്‌ മെല്ലെ തട്ടി. സ്നേഹത്തോടെയുള്ള തലോടല്‍ അനുഭവിച്ചുകൊണ്ട് അവന്റെ കണ്ണുകള്‍ വിടര്‍ന്നു.
"നിനക്ക് മലയാളം അറിഞ്ഞിട്ടാണോ ഇത്രേം നേരം"
"സാറ് മലയാളിയാണോന്നൊരു സംശയം"
"ഇപ്പൊ സംശയം തീര്‍ന്നില്ലേ?"
"തീര്‍ന്നു! പിന്നെ ആ പാട്ട് കേട്ടപ്പോ"
"ഓ... ആ പാട്ട് പണ്ട് മദ്രാസ്സില്‍ നിന്നു പഠിച്ചതാ, അന്ന് കുറെ ബംഗ്ലാദേശ്‌ കൂട്ടുകാരുണ്ടായിരുന്നു"
"ഈ പാട്ട് മുഴുവനും അറിയോ?"
"കുറെയൊക്കെ! പിന്നെ മറന്നുപോയി, ആട്ടെ! മലയാളമെങ്ങനെ പഠിച്ചു?"
"ഞാനിവിടെ ആറുവര്‍ഷമായി. കൂടെ എല്ലാവരും മലയാളികളും. പിന്നെ ആദ്യമേ വീട്ടിലും കുറച്ചൊക്കെ"
"ഓ.. ഒരംശം മലയാളിത്തമുണ്ടല്ലേ"
"അതെ, ഒരു ഭാഗ്യം"
"പേര് ചോദിക്കാന്‍ വിട്ടു"
"സക്കീര്‍ ഹുസൈന്‍"
"ആരോക്കെയുണ്ട്"
"എല്ലാവരും! പിന്നെ അഞ്ചു വയസ്സുവരെ വളര്‍ന്നതും ദാദയ്ക്കൊപ്പം കേരളത്തിലാ"
"കേരളത്തില്‍ എവിടെ?"
"പാവറട്ടിയില്‍ - ഗുരുവായൂര്‍ അടുത്ത്‌"
"ഓ.. അറിയാം"
ഇടക്ക് ചിതറിപ്പോകുന്ന ആടുകളെ തെളിക്കാനായി അവന്‍ ഓടി. വീണ്ടും എന്റെയരികില്‍ വന്നിരുന്നു. പിന്നെ വീണ്ടും പാടാന്‍ തുടങ്ങി. ബംഗ്ലാപാട്ടുകള്‍, ഹിന്ദി, മലയാളം... കൂട്ടില്‍ നിന്നും തുറന്നുവിട്ട കിളിയെപ്പോലെ അവന്‍ പാട്ടുപാടി ഉല്ലസിക്കുകയാണ്.
യശ്പാല്‍ ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയാണ്, തോമസ്‌ സുഖനിദ്രയിലും, അവനു ഇതൊന്നും പ്രശ്നമല്ല, ജോലി കഴിഞ്ഞാല്‍ സുഖമായി ഒന്നുറങ്ങണം.
"കമാല്‍, പാനി ലേകി ആ"
സക്കീര്‍ ഹുസൈന്‍ പിന്നിലേക്ക്‌ തിരിഞ്ഞു വിളിച്ചുപറഞ്ഞു. കൊക്കക്കോളയുടെ വലിയ ബോട്ടിലില്‍ വെള്ളവുമായി ഒരു കൊച്ചുകുട്ടി ഓടിയെത്തി. പ്രായം ആറിലധികം ആവാനിടയില്ല. ആ കുട്ടി ഞങ്ങളുടെ മുന്നില്‍ വന്ന് ഒരത്ഭുതവസ്തുവിനെപോലെ എന്നെ നോക്കികൊണ്ടിരുന്നു. മരുഭൂമിയിലെ ഈ കൊടുംചൂടില്‍ കൊച്ചുബാലന്‍. എനിക്കൊന്നും മനസ്സിലാവാത്തതിനാല്‍ സക്കീര്‍ ഹുസൈനോട് തന്നെ കാര്യങ്ങള്‍ തിരക്കി.
"ഈ കുട്ടി?"
"ബംഗാളി തന്നെ"
"ഇവിടെ?"
"ഒട്ടകപ്പുറത്തിരുത്താന്‍ തന്നെ"
"ഈ കുട്ടിയോ?"
"അതെ സര്‍" മറ്റെന്തെല്ലാമോ അവനു പറയാനുമുണ്ടായിരുന്നു എങ്കിലും ഏതോ തടസ്സങ്ങള്‍ അവനു മുന്നില്‍ നീണ്ടുകിടന്നു.
കുസൃതിയും വികൃതിയും നിറഞ്ഞ കണ്ണുകള്‍ എന്നോ അവനില്‍ നിന്നും നഷ്ടപ്പെട്ടതായി തോന്നി. ഒട്ടിയ കവിള്‍ത്തടം, നീണ്ടുമെലിഞ്ഞ കൈകാലുകള്‍ ടി. വിയില്‍ ഇപ്പോഴും കാണിക്കാറുള്ള ദരിദ്രരാജ്യങ്ങളെ ഓര്‍മ്മിപ്പിച്ചു. ആ കുട്ടി വീണ്ടും ആട്ടിന്‍കൂട്ടത്തില്‍ ലയിച്ചുചേര്‍ന്നു.
ഞാന്‍ കാമറ എടുത്ത്‌ പരന്നുകിടക്കുന്ന മരുഭൂമിയും സക്കീറിനെയും ചിതറിയ ആട്ടിന്‍ കൂട്ടത്തെയും പകര്‍ത്തി. ഇലകൊഴിഞ്ഞ മരച്ചുവട്ടില്‍ ഇരുന്നു കമാല്‍ മണ്ണിലെന്തോ വരച്ചു കളിക്കുകയാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബാല്യകാലം ആ നിമിഷങ്ങളിലൂടെ അവന്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. അവനെ ഞാന്‍ അടുത്തേക്ക് വിളിച്ചു. പോക്കറ്റില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ അവനു നീട്ടി. പക്ഷെ അത് വാങ്ങിക്കുവാന്‍ ആ കൊച്ചു കരങ്ങള്‍ ഉയരുന്നില്ല. അപ്പോഴേക്കും സക്കീര്‍ ഹുസൈന്‍ ഓടിയെത്തി.
"വേണ്ട സര്‍"
"ഉം, എന്തെ"
"അത് പ്രശ്നമാണ്, അറിഞ്ഞാല്‍"
ഞാനാകെ വല്ലാതായി. പിന്നെ സ്നേഹപൂര്‍വ്വം അവന്റെ പുറത്ത്‌ ഞാന്‍ തലോടി. അവന്‍ ആടുകള്‍ക്കിടയിലേക്ക് ഓടിപ്പോയി. ഓലപ്പമ്പരം തിരിച്ചു ഓടിനടന്ന കാലം ഓര്‍മ്മയില്‍ തടഞ്ഞു. എന്തൊരു സ്വതന്ത്ര്യമായിരുന്നു, ചോദിച്ചതെല്ലാം വാങ്ങിത്തന്നിരുന്ന കാലം. എത്ര സുന്ദരമായിരുന്നു.
"സാറ് ഇവടെത്തന്നെ"
"അല്ല. കമ്പനി ദുബായിലാണ്. ഇന്നത്തോടെ ഇവിടുത്തെ പണി കഴിഞ്ഞു"
"അപ്പൊ പിന്നെ?"
"അതെ ഇനി ഒരിക്കലും കണ്ടെന്നു വരില്ല. ആറുമണിക്ക് ഞങ്ങള്‍ക്ക് വണ്ടി വരും"
സക്കീറിന്റെ മുഖത്ത്‌ മ്ലാനത പരന്നു. അതിവരെ സന്തോഷത്തോടെ പാട്ടുപാടിയിരുന്ന ആമുഖം പാടെ മാറിപോയി. പിന്നെ ദേഷ്യത്തോടെ കൂട്ടം തെറ്റിയ ഒരാടിനെ അടിച്ച് കൂട്ടത്തില്‍ ചേര്‍ത്തു. ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു.
"കമാലിന് ആരൊക്കെയുണ്ട് ?"
"എല്ലാവരും"
"പിന്നെന്താ ഇത്ര ചെറുപ്പത്തില്‍?"
"രണ്ടര വയസ്സുള്ളപ്പോള്‍ വിറ്റതാ"
"വിറ്റതോ?"
"അതെ"

ഞാന്‍ ചായ കുടിക്കില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ യശ്പാല്‍ ഒരു പാക്കറ്റ് പാലുമായി വന്നു. ഞാന്‍ കമാലിനെ അടുത്തേക്ക് വിളിച്ച് പാല് അവനു നീട്ടി.
"കമാല്‍ എ പിയോ"
"എ ദൂദ്‌ ഹേ"
"ഹ എ ദൂദ്‌ തും പിയോ"
"വേണ്ട സര്‍" സക്കീര്‍ ഓടിവന്നു തടഞ്ഞു
"ഉം എന്തേ"
"അവന്‍ പാല് കുടിക്കാന്‍ പാടില്ല"
"എന്ത് പാല് കുടിക്കാന്‍ പാടില്ലെന്നോ?" പണ്ട് വിപ്ലവചിന്തകളില്‍ മുഴുകിയ കാലത്ത്‌ മാത്രമേ ഇത്തരം ഉറച്ച ചോദ്യങ്ങള്‍ എന്നില്‍ നിന്നും ഉയര്‍ന്നിട്ടുള്ളൂ.
"അത് ഖാനൂനാണ് സര്‍"
"എന്ത് ഖാനൂന്‍* ?"
"പാല് കുടിച്ചാല്‍ ഭാരം കൂടും അപ്പൊ ഒട്ടകത്തിന്റെ സ്പീഡ്‌..." അവന്‍ മുഴുവന്‍ പറയാതെ എന്റെ മുഖത്ത്‌ നോക്കി പിന്നെ മുഖം താഴ്ത്തി "എന്ത് ചെയ്യാനാ സര്‍."
"ശ്ശെ.. എന്തൊരു..."
ഞാന്‍ കമാലിനെ നോക്കി അവന്‍ ആടുകള്‍ക്ക് പുല്ലു വിതറുകയാണ്. സക്കീര്‍ കൂടുതല്‍ മൌനിയായി. ഞങ്ങള്‍ക്കിടയിലെ ദൂരം വര്‍ദ്ധിക്കുന്നതായി തോന്നി.
"സക്കീര്‍ നമുക്കിവനെ ഇവടുന്നും രക്ഷപ്പെടുത്തിയാലോ"
ആ പറഞ്ഞത്‌ സക്കീര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവന്‍ ദൂരേക്ക്‌ നോക്കി. അവിടെ നിന്നും മണല്പരപ്പിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു നിസാന്‍ പെട്രോള്‍ കുതിച്ചു വരുന്നു. സക്കീര്‍ ഹുസൈന്‍ ഓടി ആടുകളെ തെളിക്കാന്‍ തുടങ്ങി. അതിനിടയില്‍ അവന്‍ വിളിച്ച് പറഞ്ഞു:
"കമാല്‍ അര്‍ബാബ് * ആയ ജല്‍ദി"
ചിതറിനടന്ന ആടുകള്‍ ഒറ്റക്കൂട്ടമായി, രണ്ടു മണല്‍കൂനകള്‍ക്കിടയിലൂടെ അവ അപ്രത്യക്ഷയമായികൊണ്ടിരുന്നു.
*ദാദ = മുത്തച്ചന്‍
ഖാനൂന്‍ = നിയമം
അര്‍ബാബ് = മുതലാളി

http://chintha.com/node/132436