Tuesday, 21 June 2011

പണം ഇരട്ടിപ്പിക്കാന്‍ എളുപ്പ വഴി തേടുന്ന മലയാളി


multi-level-marketing-scam-epathram
പ്രബുദ്ധരായ മലയാളികളെയാണ് പറ്റിക്കുവാന്‍ ഏറ്റവും എളുപ്പമെന്നു മനസിലാക്കിയ തട്ടിപ്പുകാര്‍ കേരളത്തിലെ പണം യഥേഷ്ടം കടത്തി കൊണ്ടു പോകുന്നു. ഏകദേശം ആയിരം കോടി രൂപ മണി ചെയിന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്തു എന്നാണു ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ വ്യക്തമാക്കിയത്‌. ആട്, തേക്ക്, മാഞ്ചിയം, ഫ്ലാറ്റ് തുടങ്ങി ഇതിനകം നിരവധി തട്ടിപ്പുകള്‍ പുറത്തായിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്ന് ചാടുന്ന മലയാളി എത്ര കണ്ടാലും കൊണ്ടാലും അനുഭവിച്ചാലും മനസിലാക്കുന്നവരെല്ലെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. നാണക്കേട് ഓര്‍ത്ത്‌ പലരും ഇക്കാര്യം പുറത്ത് പറയാതെ യിരിക്കുകയാണ്.
എന്നാല്‍ ഇതിന്റെ മറ്റൊരു വശം ഭീകരമാണ്. എങ്ങിനെയെങ്കിലും പണമുണ്ടാക്കുക എന്ന ആര്‍ത്തി മലയാളിയെ അടക്കി വാഴുകയാണോ? അദ്ധ്വാനിച്ച് പണമുണ്ടാക്കുക എന്ന ധാര്‍മ്മിക  കാഴ്ചപ്പാട് നമ്മളില്‍ നിന്നും ചോര്‍ന്നു പോകുകയാണോ? ഈയിടെ പുറത്ത് വന്ന ചില വാര്‍ത്തകള്‍ അത്ര ഗുണകരമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ ആഡംബര ജീവിതത്തെ തലയിലേറ്റി എല്ലാം ഇല്ലാതാക്കുന്ന ചിലര്‍, ആഡംബര ഭ്രമത്തില്‍ കടം കുന്നു കയറുമ്പോള്‍ തന്റെ കുഞ്ഞുങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നു കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍, എങ്ങിനെയെങ്കിലും പണമുണ്ടാക്കാന്‍ കൂടപ്പിറപ്പിനെ പോലും വിറ്റു വില പേശുന്നവര്‍, പണമിരട്ടിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുന്ന മണി ചെയിന്‍ പോലുള്ള തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്‌ ഇങ്ങനെ നീളുന്നു വിവിധ തട്ടിപ്പുകളും മലയാളിയുടെ ജീവിതവും.
മണി ചെയ്യിന്‍ രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും. ടൈക്കൂണ്‍, ബിസേര്‍ തുടങ്ങിയ കമ്പനികള്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള പരാതികള്‍ പലതും പുറത്തു വന്നതും പോലീസ് അന്വേഷണം തുടങ്ങിയതും. പി. സി. എല്‍., ആര്‍. എം. പി. തുടങ്ങിയ കമ്പനികളില്‍ പോലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തതായി അറിയുന്നു.
1978-ല്‍ കൊണ്ടു വന്ന പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ ബാനിങ്ങ് ആക്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായി പ്രതിപാതിക്കുന്നുണ്ട്. ഈ ആക്ടിന്റെ ലംഘനമായി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരവുമാണ്. എന്നാല്‍ നേരിട്ടു തന്നെ നിയമ ലംഘനം നടത്തിയും അല്ലെങ്കില്‍ മറ്റേതെങ്കിലും ഉല്‍പ്പന്നങ്ങളുടെ മറ പിടിച്ചുമാണ് വിവിധ കമ്പനികള്‍ യഥേഷ്ടം തട്ടിപ്പു നടത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ നേരിട്ടു മാര്‍ക്കറ്റില്‍ വില്‍ക്കാമെന്നിരിക്കെ അത് മള്‍ട്ടി ലെവല്‍ ബിസിനസ്സാക്കി മാറ്റി അതിന്റെ മറവില്‍ തട്ടിപ്പു നടത്തുന്ന രീതിയാണ് വ്യാപകമായുള്ളത്.
വീട്ടമ്മാരും ചെറുപ്പക്കാരും നിശ്ചിത വരുമാനം ലഭിക്കുന്നവരുമാണ് ഇത്തരം തട്ടിപ്പുകളില്‍ അധികവും കുടുങ്ങുന്നത്. ഒഴിവു സമയങ്ങളില്‍ അധിക വരുമാനം കണ്ടെത്തുവാനുള്ള എളുപ്പ വഴിയെന്ന രീതിയിലായിരിക്കും കമ്പനിയുടെ പ്രതിനിധികള്‍ ഇവരെ സമീപിക്കുക. വശ്യമായ രീതിയില്‍ സംസാരിക്കുന്ന ഏജന്റുമാര്‍ പ്രാഥമികമായ ‘ബോധവല്‍ക്കരണത്തിനു’ ശേഷം ഇവരെ കമ്പനിയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കും. ആഡംഭര പൂര്‍ണ്ണമായ രീതിയില്‍ വലിയ ഹോട്ടലുകളിലും മറ്റും ആയിരിക്കും ഇത്തരം മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുക. അതിഥികളായി സിനിമാ താരങ്ങളേയും മറ്റും പങ്കെടുപ്പിച്ചെന്നുമിരിക്കും. കൂടാതെ സമൂഹത്തില്‍ അറിയപ്പെടുന്നവരെ പ്രചാരകരാക്കിയും ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിച്ചും പൊതു ജനങ്ങളില്‍ വിശ്വാസ്യത വരുത്തുന്നു.
മണി ചെയിന്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നവര്‍ സ്വയം വഞ്ചിക്കുക മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടെ ചതിവില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്. അറിയാതെ തന്നെ ഇവര്‍ക്ക്‌ സമൂഹത്തില്‍ ഒരു തട്ടിപ്പുകാരന്റെ ഇമേജ് വന്നു ചേരുകയും ചെയ്യുന്നു.
അറിവും അനുഭവവും എത്ര മാത്രം ഉണ്ടായാലും മനുഷ്യന് ധനത്തോടുള്ള ആര്‍ത്തിയെ അതിജീവിക്കുവാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് മള്‍ട്ടി ലെവല്‍ തട്ടിപ്പു സംരംഭങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഒന്നര വര്‍ഷം മുമ്പ് ടോട്ടല്‍ ഫോര്‍ ‌യു തട്ടിപ്പിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ പെട്ട് ഉള്ള സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഇതിനു മുമ്പും ശേഷവും തട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. അതില്‍ പലതും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഫ്ലാറ്റ് തട്ടിപ്പും, ബിസയര്‍, ടൈക്കൂണ്‍ തുടങ്ങിയ മള്‍ട്ടി ലെവല്‍ തട്ടിപ്പും നടത്തി മലയാളിയുടെ കോടിക്കണക്കിനു രൂപ ചിലര്‍ തട്ടിയെടുത്തിരിക്കുന്നു.
അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഗുണ നിലവാരം ഉള്ളവയാണെന്നും കമ്പനി അത്തരം ഉല്പന്നങ്ങളാണ് ഇടത്തട്ടുകാരെയും പരസ്യക്കാരെയും ഒഴിവാക്കി ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെ നിങ്ങളില്‍ എത്തിക്കുന്നതെന്നും പലരും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ മണി ചെയിന്‍ / പിരമിഡ് സ്കീമിന്റെ ആവശ്യം എന്തിനാണെന്ന് പലരും ചോദിക്കാന്‍ വിട്ടു പോകുന്നു. ഉപഭോക്താവ് ഒരു ഉല്പന്നം വാങ്ങുന്നതിനോടൊപ്പം അവരുടെ ചങ്ങലയിലേക്ക് ആളുകളെ ചേര്‍ക്കുകയും വേണം എന്നതിന് എന്തു ന്യായം? കൌതുക കരമായ ഒരു കാര്യം അമേരിക്കയില്‍ ഇത്തരം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ പലതും കോടതി കയറി കൊണ്ടിരിക്കുകയാണ് എന്നതാണ്.
ചതിയുടെ കണ്ണികള്‍ ഒന്നൊന്നായി സമൂഹത്തില്‍ പടര്‍ത്തുന്നതില്‍ പിരമിഡ് സിസ്റ്റത്തില്‍ അംഗത്വം സ്വീകരിക്കുന്ന ഓരോരുത്തരും സ്വയം പങ്കാളികളാകുകയാണ് ചെയ്യുന്നത്. ഒരു സാമൂഹിക വിപത്തിനെ ചെറുക്കുക എന്നത് ഏതോരു പൌരനും സമൂഹത്തോടുള്ള ഉത്തരവാദിത്വവുമാണ്.
പ്രബുദ്ധതയുടെ പേരില്‍ നാം മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ്. എന്നാല്‍ മലയാളി കൂടുതല്‍ കൂടുതല്‍ താഴ്ചയിലേക്ക് വീണു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം നമ്മുടെയെന്നു അവകാശപ്പെട്ടിരുന്ന പല ഗുണങ്ങളും ഇല്ലാതാകും എന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കണം. ‘വെയ് രാജ വെയ് ‘ എന്ന വാചക കസര്‍ത്തില്‍ എത്ര പെട്ടെന്നാണ് നാം വീണ്‌ പോകുന്നത്?

Thursday, 9 June 2011

പി. കെ. നാണുവിന്റെ കഥകളിലൂടെ

ലേഖനം
എഴുപതുകളില്‍ രാഷ്ട്രീയ പ്രസക്തിയുള്ള കഥകളെഴുതി യു. പി ജയരാജിനും എം. സുകുമാരനുമൊപ്പം തന്റെ സാന്നിദ്ധ്യമറിയിച്ച കഥാകൃത്താണ് പി. കെ. നാണു. ഇദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത വളരെ ലളിതമായി കഥ പറയുകയും, എന്നാല്‍ ഒരോ കഥയും അതാത് തലത്തിലൂടെ സഞ്ചരിക്കുമ്പോഴും സമകാലികപ്രസക്തി ഒട്ടും ചോര്‍ന്നുപോകാതെ തന്റെ രാഷ്ട്രീയം പറയുന്നു എന്നതാണ്. ഒ. ഹെന്‍റിയുടെ കഥാന്ത്യങ്ങളില്‍ ചെറിയൊരു ട്വിസ്റ്റിലൂടെ അമ്പരപ്പിക്കുന്നത് പോലെ നാണുവിന്റെ ചില കഥകള്‍ അമ്പരപ്പിക്കും വിധം തിരിച്ചുവിടുന്നുണ്ട്. വാണിജ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികമൂല്യങ്ങളെ പിടയുന്ന മനസ്സോടെ കഥാകൃത്ത് നോക്കികാണുന്നു. ഇതിനിടയിലെ ആശങ്കകളും വീണ്ടുവിചാരങ്ങളും ആത്മപരിഹാസം കലര്‍ന്ന ആക്ഷേപഹാസ്യവും നിറഞ്ഞതാണ് പി.കെ നാണുവിന്റെ കഥകള്‍. നാണുവിന്റെ ലോകവീക്ഷണം കീഴാളന്റെ അദ്ധ്വാനവും കിതപ്പും ഭാവനയും നിറഞ്ഞ അതിശങ്ങളിലൂടെ വ്യാപിക്കുന്നവയാണ്. പ്രത്യയശാസ്ത്രപരമായ പരാജയത്തെ, അതിന്റെ നോവിനെ ധര്‍മ്മസങ്കടത്തോടെയാണ് കഥാകൃത്ത്‌ നേരിടുന്നത്. സഖാവ് കുഞ്ഞിരാമേട്ടന് പാര്‍ട്ടിയെ ധിക്കരിക്കേണ്ടിവരുന്നത് സങ്കടത്തോടെയാണെങ്കിലും 'നൂറ് പൂക്കള്‍ വിരിയട്ടെ' എന്ന കഥയില്‍ ധീരമായ തീരുമാനമെടുക്കുന്ന സഖാവിനെയാണ് വരച്ചുകാട്ടുന്നത്. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അതിലൂടെ ഒരു ബദല്‍ശക്തിയുണ്ടാകണമെന്നും പറയുന്ന സത്യനാഥനോട് സഖാവ് കുഞ്ഞിരാമേട്ടന്‍ തന്റെ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരണതീരുമാനം തുറന്നു പറയുന്നുണ്ട്. “സഖാവ് കുഞ്ഞിരാമനൊരു കളിപ്പാവയാണെന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. അല്ലെങ്കില്‍ നാളെ ഇവര്‍ക്ക്‌ പുസ്തകമെഴുതാനായി പരീക്ഷിക്കപ്പടേണ്ട ഗിനിപ്പന്നിയോ?” സഖാവ് കുഞ്ഞിരാമേട്ടന്റെ ഈ ചോദ്യം ഒരു വിമര്‍ശനശരമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലേക്ക്‌ പാഞ്ഞുവരികയാണ്.
ആധുനികതാവാദികളുടെ കേവലസൗന്ദര്യവാദത്തെ പാടെ നിരാകരിക്കുകയും ഇവരിലൂടെ പിറക്കുന്ന അരാഷ്ട്രീയമായ രാഷ്ട്രീയത്തെ നാണു കഥകളിലൂടെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഭാഷ സാധാരാണക്കാരോട് സംവദിക്കാന്‍ പാകത്തിലായിരിക്കണം എന്ന ബോധം തന്നിലുള്ളതിനാണ് നിലം തൊടാതെയുള്ള ആഖ്യാനത്തേയും അത്തരത്തിലുള്ള ഭാഷയും പാടെ നിരാകരിച്ച് ലളിതമായ ഭാഷയില്‍ കഥപറഞ്ഞ് വായനക്കാരെ അമ്പരപ്പിക്കുന്നത്. തന്റെ കഥകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് ഉത്തമമെന്നും കഥകള്‍ മാത്രമെഴുതിയാല്‍ മതി എന്നും അതിനെ പറ്റി പറയേണ്ടത്‌ ആവശ്യമില്ലാത്ത കാര്യമാണെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. പ്രശസ്ത നിരൂപകന്‍ ഇ. പി. രാജഗോപലന്‍ നാണുവിന്‍റെ കഥകളെപ്പറ്റി ഇങ്ങനെ പറയുന്നു. “നാണു കേരളത്തിന്റെ പൊതുമനസ്സിലൂടെ ഇടറികൊണ്ടാണെങ്കിലും നില്ക്കാതൊഴുകുന്ന ഒരാഖ്യാനസമ്പ്രദായത്തിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും കോലക്കാരനാണ്”
കമ്പോള ശക്തികളുടെ സ്വാധീനത്തില്‍ വഴുതിവീണു കൊണ്ടിരിക്കുന്ന/കഴിഞ്ഞ ഒരു സമൂഹത്തിന്റെ ആകുലതകള്‍ പേറിയാണ് പല കഥകളും സഞ്ചരിക്കുന്നത്. വിപ്ലവപ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാലസഞ്ചാരത്തെയും ആഗോളവല്‍ക്കരണത്തെയും സ്വാഗതമോതി ദാര്‍ശനികാടിത്തറ നല്കുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും കറുത്ത ചിരിയോടെ നാണു തന്റെ കഥകളില്‍ വരച്ചുകാട്ടുന്നു.
'സാധനം' എന്ന കഥയില്‍ അണുകുടുംബം എന്ന സങ്കല്പം അനാഥമാക്കിയ വാര്‍ദ്ധക്യത്തെയാണ് വരച്ചുക്കാട്ടുന്നത്. തിരക്കേറിയ ഉദ്യാഗസ്ഥരും ബിസിനസ്സുകാരുമായ മക്കളുടെ ഇടയില്‍ വാര്‍ദ്ധക്യം നല്കിയ ഭാരം പേറി മാധവന്‍ മാഷ്‌ സ്വയം പായയില്‍ ചുരുട്ടിക്കെട്ടുന്നത് യാഥാര്‍ത്ഥ്യത്തെയും ചേര്‍ത്തുവെച്ചുകൊണ്ടാണ്.
'ബുച്ചയ്യ നൃത്തം ചെയ്യുന്നു' എന്ന കഥയിലെ ബുച്ചയ്യ നല്ല സ്വപ്നങ്ങള്‍ കാണുന്ന ദരിദ്രപ്രതിനിധിയാണ്. മുതലാളിത്തം എന്ന ഹിംസയെ അയാള്‍ ചങ്കൂറ്റത്തോടെ നേരിടുന്നുണ്ട്. ജീവിതത്തിനുമീതെ നിരന്തരം തടസ്സങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കുന്ന ഭൂപതി റെഡ്ഢിയെന്ന മുതലാളിയുടെ മുന്നില്‍ അയാള്‍ക്കുണ്ടാവുന്ന അസാധാരണമായ കരുത്ത്‌ ചങ്കൂറ്റം കൊണ്ട് ഹിംസയെയും വിപത്തുകളെയും നേരിടാനാവുമെന്ന് ചൂണ്ടികാട്ടുന്നു. ദാരിദ്ര്യവും വരള്‍ച്ചയും പേറി നാടുവിടേണ്ടി വരുന്ന ബുച്ചയ്യ നേരിടുന്നതെല്ലാം മുതലാളിത്തം വരുത്തിവെച്ച യാഥാര്‍ത്ഥ്യങ്ങളാണ്. “എന്തു പണി കിട്ടാനാ നിനക്കിവിടെ, നിന്റെ കയ്യില്‍ എന്തുണ്ട് വില്ക്കാന്‍. നടുവൊടിഞ്ഞ അദ്ധ്വാനശേഷിയോ? വരണ്ടു വിണ്ടുകീറിയ ഹൃദയമോ? അതൊന്നും ആര്‍ക്കും വേണ്ടാതായിരിക്കുന്നു." ബുച്ചയ്യ നേരിടുന്ന ഈ ചോദ്യം നാം ഓരോരുത്തരും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്.
'ഒരു കുറ്റാന്വേഷണ കഥയി'ല്‍ നാഗേന്ദ്രഡു അമ്പരക്കുന്നത് പോലെ തന്നെയാണ് വായനക്കാരും അമ്പരക്കുന്നത്. അതുവരെ പറഞ്ഞുവെച്ചതില്‍നിന്നും ഞൊടിയിടയിലാണ് കഥാന്ത്യത്തിലെ വ്യതിചലനം. ഇത്തരം ട്വിസ്റ്റുകള്‍ നാണുവിന്റെ പല കഥകളിലും കാണാം. വിശക്കുന്നവന്റെ വേദാന്തം, കൈകള്‍ക്കുള്ളിലെ ലോകം, ഇലപൊഴിയും കാടുകളില്‍, എന്നിങ്ങനെ വായനക്കാരന്റെ ഹൃദയഭിത്തികളില്‍ ചെന്നടിക്കുന്ന നിരവധി മികച്ചകഥകള്‍ പി. കെ. നാണു മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. അത്യാലങ്കാരികതയുടെ ചുവടുകളില്ലാതെ അതിലളിതമായി കഥ പറയുമ്പോഴും ഓരോ കഥയും വേറിട്ടുനില്ക്കുന്നു. എന്നാല്‍ മലയാളം എത്രകണ്ട് നാണുവിന്റെ കഥകള്‍ ചര്‍ച്ചക്കെടുത്തു എന്ന കാര്യം നാം പുന:പരിശോധന നടത്തേണ്ടതുണ്ട്. പി. കെ നാണു എന്ന കഥാകൃത്ത്‌ മുഖ്യധാരയില്‍ നിന്നും എത്രയോ അകലെയാണ്. കഥയ്ക്കപ്പുറത്ത് അദ്ദേഹം നിശബ്ദനായതാകാം ഇതിനു കാരണം. ലോകം ശബ്ദിക്കുന്നവരെ മാത്രം ശ്രദ്ധിക്കുന്ന കാലമാണല്ലോ! “കഥയെഴുത്തില്‍ വേറിട്ടൊരു വഴിപിടിച്ച് നടന്നവനാണ് യു. പി. ജയരാജ്‌. വേറിട്ട്‌ നടന്നവരെ തള്ളികളയുകയോ, നിസ്സാരമാക്കുകയോ ചെയ്യുന്നതാണല്ലോ നമ്മുടെയൊക്കെ ശീലം.” ഇത് തന്റെ സമകാലിനകഥാകൃത്തായ യു. പി. ജയരാജിനെപറ്റി പി. കെ. നാണുതന്നെ പറഞ്ഞ വാക്കുകളാണ്. ഇത് ഇദ്ദേഹത്തെയും ബാധിക്കുകയാണോ?
പി. കെ നാണുവിന്റെ കഥകളെപ്പറ്റി ഇനിയും നല്ല പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് ഈ ആകുലതയെ സാധൂകരിക്കുന്നു.

(തര്ജനിയില്‍ വന്നതാണ് ഈ ലേഖനം) 
http://chintha.com/node/107301

Monday, 6 June 2011

ആപത്തിനെ മാടി വിളിക്കുന്നവര്‍

ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം, ജീവന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം  ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു. 
“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet)
പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്.    ജെയ്താപൂരില്‍ ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കേട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവിവേ ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു.
ഭൂമിയെ പരമാവധി നാം കാര്‍ന്നു  തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു  തിന്നാന്‍ ആക്കം കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.
പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത്‌ പ്രകൃതിയെ മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം കാടിനെ സംരക്ഷിക്കന്‍ ആഹ്വാനം ചെയ്യുന്നു, കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം  കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇനി മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു.
നമ്മുടെ സൈലന്റ്‌വാലി വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള പാദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. പച്ചപ്പ് എന്നും പൊള്ളാവുന്ന അവസ്ഥയിലാണ്. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ്‌ ഒരു കൊത് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍,         ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത്‌ ഉണ്ടാകാവുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌  നോര്‍ത്ത്‌ ‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌  തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ  അമൂമായര്‍ത്തതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക്  വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം  നാം തുടരുന്നു   കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍  ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്. .
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍  സമരം, ചക്കംകണ്ടം സമരംഎന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്, എക്സ്പ്രസ് ഹൈവേ,  കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്ക്കാ ടുകള്‍ വെട്ടി നിരത്തി  അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍  ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ‌ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ ഈ പരിസ്ഥിതി ദിനവും.

ഹൃദയത്തില്‍ പച്ചപ്പ്‌ സൂക്ഷിച്ചവരുടെ ഓര്‍മ്മക്ക് ഈ പരിസ്ഥിതി ദിനം

world-environment-day-2011-epathram
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കി വെയ്ക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.
ജീവന്റെ നിലനില്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ  മഹാന്‍, പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന  മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്ന  പ്രൊഫ. ജോണ്‍ സി. ജേക്കബ്‌ എന്ന പച്ച മനുഷ്യന്‍, ‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ  പരിസ്ഥിതി പ്രസ്ഥാനങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന  ഇന്ദുചൂഡന്‍ മാഷ്‌, തന്റെ കാമറയുമായി ഇന്ത്യയിലാകമാനം ഓടി നടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന്  അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍, കൊക്കകോളയുടെ ജലചൂഷണത്തിനെതിരെ  പ്ലാച്ചിമട സമര മുഖത്ത്‌ നിറഞ്ഞു നിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജല ചൂഷണത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി  ജീവിതം തന്നെ നല്‍കേണ്ടി വന്നവര്‍, ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി, സൈലന്റ് വാലി സമര മുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ. വി. സുരേന്ദ്രനാഥ്, ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറ സാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ    സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ. സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍, കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന്  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളയ്ക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ്. പ്രഭാകരന്‍ നായര്‍‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷ കുറുപ്പ്‌, ജലതരംഗം മാസികയിലൂടെ ജല സംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി. എസ്. ഗോപിനാഥന്‍ നായര്‍, കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷ മഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍, ഞങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം വിട്ടു പോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തു നില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ  അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും   എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ ലോക പരിസ്ഥിതി ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


Monday, 30 May 2011

പരിസ്ഥിതി വാദവും ജീവനും

പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.
- ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ?
- കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ?
- ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും?
- ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെന്ത്?
- വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ?
- കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ?
“ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”
പുതിയ സാങ്കേതിക യുഗത്തില്‍ അതേ വഴിയിലൂടെ, പരിസ്ഥിതിയെ കുറിച്ചറിയാന്‍, പറയാന്‍,  ഇനിയും നാം തയ്യാറായില്ലെങ്കില്‍?
പരിസ്ഥിതി വാദം ജീവന് വേണ്ടിയുള്ള ഒരു രാഷ്ട്രീയമാണ്. ഈ തിരിച്ചറിവ് നമ്മളില്‍ ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഒ. വി. വിജയന്‍ എന്ന ഇതിഹാസം


ov-vijayan"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച്  യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്‌. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.

ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.

വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.

മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.

പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ്‌ ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.

"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)

ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."

ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...

"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടയ്ക്കുന്നു. എന്റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്ക്‌ നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക"

എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...

വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.

- ഫൈസല്‍ ബാവ‍

Saturday, 28 May 2011

മതം


ന്നവര്‍ സ്വയം
പൊള്ളിക്കൊണ്ട്
നേടിയതിന്നിവര്‍
മറ്റുള്ളവരെ
പ്പൊള്ളിച്ചു നേടുന്നു.



ആതുര സേവന മേഖലയിലെ വേട്ടക്കാര്‍

 

“നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആ‍വുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.

ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാ‍ന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.

ആരോഗ്യ രംഗം കച്ചവട വല്‍ക്കരിച്ചതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് കുത്തക മരുന്ന് കമ്പനികള്‍ക്കും സമൂഹത്തിലെ ഒരു പറ്റം സമ്പന്ന വിഭാഗങ്ങക്കും മാത്രമാണ്. ഇറക്കിയ മുടക്കു മുതല്‍ തിരിച്ചു പിടിക്കുകയും, അമിത ലാഭം ദീര്‍ഘ കാലം നേടാനാവുന്ന ഒരു സുരക്ഷിത നിക്ഷേപ മേഖലയായി ആരോഗ്യ രംഗം ചുരുങ്ങിയിരിക്കുന്നു. ആതുര സേവന രംഗത്തു വന്ന മൂല്യ ത്തകര്‍ച്ച സ്വകാര്യ മേഖല ആധിപത്യം ഉറപ്പിച്ചതിന്റെ ഫലമായി വന്ന കച്ചവട മത്സരത്തിന്റെ ബാക്കി പത്രമാണ്. സാമ്പത്തിക താ‍ല്പര്യം മാത്രം മുന്‍ നിര്‍ത്തി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്നു വരുന്ന ആശുപത്രികള്‍ ഉണ്ടാക്കുന്ന അസന്തുലി താവസ്ഥ വളരെ വലുതാണ്. ചികിത്സയെ പഞ്ച നക്ഷത്ര തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ പിന്നിലും അമിതമായ കച്ചവട താല്പര്യം മാത്രമാണ് ഒളിഞ്ഞി രിക്കുന്നത്.

ഒരു ഉല്പന്നം മാര്‍ക്കറ്റിങ്ങ് ചെയ്യുന്ന രീതിയി ലാണിന്ന് ആശുപത്രികളുടെയും, ഡോക്ടര്‍മാരുടെയും മരുന്നു കമ്പനികളുടെയും പരസ്യങ്ങള്‍ ദൃശ്യ - ശ്രാവ്യ - പത്ര മാധ്യമങ്ങളില്‍ നിറയുന്നത്. മരുന്നു കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനവും പരസ്യങ്ങ ള്‍ക്കാണ് നീക്കി വെക്കുന്നത്. ഈ വിപണിയില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറാവുന്ന ഒരാള്‍ക്ക് കൂടുതല്‍ ശ്രദ്ധ മുടക്കു മുതലും ലാഭവും തിരിച്ചെടു ക്കാനായിരിക്കും എന്നത് കുറഞ്ഞ നാളുകള്‍ക്കി ടയില്‍ തന്നെ പ്രകടമായി തുടങ്ങി. വരും നാളുകള്‍ നാട് ഇത്തരത്തിലുള്ള ഡോക്ടര്‍മാരാല്‍ നിറയ്ക്കപ്പെടുമ്പോള്‍ ഇതിലും കടുത്ത മത്സരത്തിന് സാധാരണ ക്കാരായ ജനങ്ങള്‍ കൂടുതല്‍ ഇരയാവേണ്ടി വരും.

ഇന്ത്യയിലെ 170-ല്‍ പരം മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 18,000-ത്തിലധികം എം ബി ബി എസ് ബിരുദ ധാരികളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 7000- ത്തോളം പേര്‍ ഉപരി പഠനത്തിനായി പ്രവേശിക്കുമ്പോള്‍ ബാക്കി വരുന്നവര്‍ രാജ്യത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ലയിക്കുകയാണ്. കേരളത്തില്‍ എല്ലാവരും ഡോക്ടര്‍മാരായെ അടങ്ങൂ എന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്ടര്‍ ജനസംഖ്യ അനുപാതം 1: 3000 എന്നതാണ്, എന്നാല്‍ കേരളത്തി ലിപ്പോഴത് 1;400 എന്ന അനുപാതത്തിലാണ്.

സാന്ത്വനിപ്പിക്കേണ്ടവര്‍ ഭയപ്പെടുത്തുന്നു
ഇപ്പോള്‍ തന്നെ രോഗ നിര്‍ണ്ണയങ്ങ ള്‍ക്കായി നടത്തുന്ന ടെസ്റ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ സ്വകാര്യ ലാബുകളുടെടെയും ആശുപത്രികളുടെയും നില നില്‍പ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രമുള്ള വയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങ ള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ വന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം പ്രകടമാണ്. അവരുടെ ഓരോ വാക്കുക ള്‍ക്കിടയിലും രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ഭീതി വളര്‍ത്തി യെടുക്കാനുള്ള ശ്രമമുണ്ട്. രോഗിയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തി ക്കൊണ്ട് ദീര്‍ഘ കാലത്തേക്ക് തന്റെ കൈ പ്പിടിയില്‍ ഒതുക്കി നിര്‍ത്തു വാനുള്ള കച്ചവട തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.
“ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും മുക്കാല്‍ ഭാഗാം സ്വാധീനവും നഷ്ടപ്പെടും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.
ഇന്ന് ആധുനിക ചികിത്സയുടെ മറവില്‍ ജനങ്ങളില്‍ അടിച്ചേ ല്‍പ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്പെഷലൈ സേഷന്‍, ഭാഗികമായ സമീപനം, രോഗികളെ പരിഗണി ക്കാതെയുള്ള രോഗ കേന്ദ്രീകൃത ചികിത്സ, ആവശ്യ മില്ലാത്ത മരുന്നുകള്‍ ഉപയോഗി ക്കാനുള്ള പ്രോത്സാ‍ഹനം ഇങ്ങനെ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ആരോഗ്യ രംഗം കീഴ് പ്പെടുകയാണ്.

ഇതിന് ബലിയാ ടാക്കപ്പെടുന്നത് കൂടുതലും ദരിദ്രരായ രോഗിക ളാണെന്ന താണ് ഏറെ ദു:ഖകരം. ആരോഗ്യ മേഖലയില്‍ മുതലാളിത്തം വളരെ മുന്‍പു തന്നെ കൈ കടത്തിയ തിന്റെ ദുരന്ത ഫലമാണ് ഇന്ന് വന്നിരിക്കുന്ന മൂല്യ ത്തകര്‍ച്ചയ്ക്ക് മുഖ്യ ഹേതു. ആരോഗ്യ രംഗം ഇങ്ങനെ അമിത കമ്പോള വല്‍ക്കണ ത്തിലേക്ക് വഴുതിയ തിനാലാണ് സാധാരണ ക്കാരന്‍ പോലും എത്ര ലക്ഷം കോഴ കൊടുത്തും മക്കളെ ഡോക്ടറാക്കി വാഴിക്കണ മെന്ന ആഗ്രഹം നിറവേറ്റു ന്നതിനായി വിയര്‍പ്പൊ ഴുക്കുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യ ത്തില്‍ വിവാഹ കമ്പോളത്തില്‍ ഏറ്റവും വില യേറിയ ചരക്കാണിന്ന് ഡോക്ടര്‍മാ‍ര്‍.
നമ്മുടെ മാറി വന്ന ജീവിത ക്രമവും, ആഹാര രീതിയില്‍ വന്ന മാറ്റവും, അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സ്വകാര്യ വല്‍ക്കരണം കൂടുതല്‍ ഭീകരമായ കച്ചവട സാദ്ധ്യത തേടുന്നു. ഇങ്ങനെ ഒരു വിഭാഗത്തിന്റെ കീശ വീര്‍ക്കുമ്പോള്‍ രോഗങ്ങ ള്‍ക്കടിമ പ്പെടുന്ന സാധാരണ ക്കാരന്‍ നിത്യ കട ക്കെണിയി ലേക്ക് വഴുതി വീഴുന്നു.
സാമൂഹ്യ നീതിയി ലധിഷ്ഠി തമായ ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാ ക്കിയിരുന്ന അവസ്ഥ നമുക്കന്യമായി കൊണ്ടിരി ക്കുകയാണ്. പകരം പണമു ണ്ടെങ്കില്‍ മാത്രം ആരോഗ്യം സംരക്ഷി ക്കാനാവും എന്ന അവസ്ഥയി ലേക്ക് നമ്മുടെ ആരോഗ്യ മേഖല ചുരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ ചികിത്സാ ചിലവ് അഞ്ചിരട്ടിയില്‍ അധിക മായാണ് വര്‍ദ്ധിച്ചത്. പുതിയ കമ്പോള സാദ്ധ്യത അനുസരിച്ച് വരും നാളുകളില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാവു മെന്നാണ് ഈ രംഗത്തെ വിദഗ്ധന്മാരുടെ അഭിപ്രായം.

എന്തായാലും ഈ പ്രവണത അവസാനി പ്പിക്കേണ്ട ബാധ്യത അതാത് ഭരണ കൂടങ്ങ ള്‍ക്കുണ്ട്. കമ്പോള താല്പര്യ ത്തിനനുസരിച്ച് ആരോഗ്യ നയങ്ങള്‍ തീര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഭൂഷണമല്ല. ഇത് മനസ്സി ലാക്കി സമഗ്രമായ ആരോഗ്യ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. പൊതു അരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, അധുനിക വല്‍ക്കരിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ പിന് ‍ബലത്തില്‍ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയും സമഗ്രമായ പരിഷ്കാര ങ്ങള്‍ക്ക് ആരോഗ്യ മേഖല തയ്യാറാവണം. ഇല്ലെങ്കില്‍ ആതുര സേവന മേഖല ഒരു വേട്ട നിലമായി ചുരുങ്ങും!

- ഫൈസല്‍ ബാവ



കടപ്പാട്: 1. പ്രൊഫസര്‍ കെ ആര്‍ സേതുരാമന്‍ രചിച്ച ‘തന്ത്രമോ ചികിത്സയോ’(Trick or Treat) എന്ന ഗ്രന്ഥത്തോട് (EQUIP- Education for Quality Update of Indian Physicians) എന്ന സംഘടനയാണ് ഈ ഗ്രന്ഥം ഇറക്കിയിരിക്കുന്നത്
2. പി. സുന്ദരരാജന്‍