Thursday, 30 April 2015

എഴുത്ത്

കവിത











യാത്രയാണ് 
ആനന്ദമെന്ന് 
സഞ്ചാരി,
മദ്യമാണ് 
സൗഖ്യമെന്ന് 
കുടിയൻ,
വർണ്ണങ്ങളാണ് 
ഉന്നതമെന്ന് 
ചിത്രകാരൻ,
എഴുത്ത് 
വേദനയെന്ന് 
എഴുത്തുകാരനും.

Wednesday, 8 April 2015

യാത്രാവസാനം

കവിത













ച്ചപ്പാടില്ലാതെ
ഒന്നവസാനിപ്പിക്കാൻ
ആരുടെ യൊക്കെ
കാലുപിടിക്കണം.


ഒറ്റക്കുതിപ്പിൽ
തീരുന്നതാണെങ്കിലും
കുതിക്കാനാവാതെ
വിയർക്കുന്നു
കൂർത്ത നോട്ടങ്ങൾ,
കാതു തുളക്കുന്ന
കുത്തുവാക്കുകൾ
കുതിപ്പിനാക്കം കൂട്ടുന്നു.
എന്നാലും
ദൈവത്തിന്റെ നോട്ടം-
പോലെ ചില കുഞ്ഞുക്കണ്ണുകൾ,
ജീവിത ത്തോളം
ആഴമുള്ള ചില വിളികൾ,
മന്ദമാരുത നെ തോൽപ്പികുന്ന
സ്നേഹസ്പർ ശം,
പിന്തിരിപ്പിക്കാൻ ഇങ്ങനെ
പലതും....


ക്ലാവുവീണ ജീവിത ത്തെ
ഇനിയും ഞാനെത്ര തവണ
തേച്ചു മിനുക്കണം.


ഒരു തുണ്ട്‌ ഭൂമിയിൽ
ഒതുക്കിവെക്കാൻ
ഇന്നീ ശരീരം ആവുന്നില്ല,
തിരിച്ചെടുക്കാൻ ഞാനയച്ച
നിവേദനങ്ങളത്രയും
മഴയായും മഞ്ഞായും
ആകാശത്ത്‌
നീ കീറിയെറിഞ്ഞല്ലോ...


മടുത്തവ രെ വിട്ട്‌
നീ കൊതിച്ചവ രെ
കൊത്തിയെടുക്കുന്നു.


തരിക
നിന്റെയൊടിച്ചുമടക്കിയ
ആകാശത്തിലൊരിടം.


യാത്രയുടെ അവസാനത്തിലെങ്കിലും
നിന്നെ ഞാൻ ക ണ്ടെത്തും.
നിനക്കു മുന്നിൽ
ഞാനെ ന്റെ ജീവിതം
ചോദ്യമായി തൂക്കിയിടും.

________________________

Thursday, 4 September 2014

ശുഭ്രദീപ് ചക്രവര്‍ത്തി എന്ന വഴിക്കണ്ണടഞ്ഞു

(ഈയിടെ അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ  ശുഭ്രദീപ് ചക്രവർത്തിയെ കുറിച്ച് തയ്യാറാക്കിയ ഒരു കുറിപ്പ്)


രണകൂട ഭീകരതയുടെ ഇരകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, ജനാധിപത്യത്തിന്റെ നിലനില്പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നയങ്ങളും ദീര്ഘകാലത്തെ മുന്നില് കണ്ടു കൊണ്ടുള്ള തീരുമാനങ്ങളും എടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ നിലപാടെടുക്കുകയും തന്റെ മാധ്യമമായ ചലച്ചിത്രത്തിലൂടെ ശക്തമായി പ്രതിരോധിക്കുകയും ചെയ്ത ധീരനായ സംവിധായകനാണ് ശുഭ്രദീപ് ചക്രവർത്തി. വളച്ചൊടിക്കപ്പെട്ട വാര്ത്തകളിലൂടെ നാം കേട്ടറിഞ്ഞ അർദ്ധസത്യങ്ങളെ വകഞ്ഞുമാറ്റികൊണ്ട്  നേർചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ തന്റെ ഡോക്യുമെന്റരികളിലൂടെ ശുഭ്രദീപ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. സ്വരക്ഷയോർത്തോ, പുരസ്കാര ലബ്ധിക്ക് തടസ്സം വരാതിരിക്കാനോ, മുതലാളിത്ത സുഖസൌകര്യങ്ങളുടെ താളത്തോടൊപ്പം സഞ്ചരിക്കാനോ വേണ്ടി സ്വയം തീർത്ത മൌനത്തിന്റെ വാല്മീകത്തിൽ ഇരുന്ന് സുരക്ഷിത സാംസ്കാരിക പ്രവർത്തനം നടത്തുന്ന പലരേയും ഞെട്ടിച്ചുകൊണ്ടാണ് ശുഭ്രദീപ് തന്റെ ലെൻസ്‌ തുറന്നു വെച്ചത്. പലരും പറയാൻ മടിച്ച കാര്യങ്ങൾ തുറന്നു പറയുന്നതിലൂടെ വലിയൊരു ശത്രുപക്ഷത്തെ ഉണ്ടാക്കി എന്ന് പറയാം.

ഗുജറാത്തിൽ നടന്ന വംശഹത്യയുടെ കറുത്ത ദിനങ്ങൾ  മനസിലുണ്ടാക്കിയ  ആഴമേറിയ മുറിവുകളാണ് പത്രപ്രവര്‍ത്തകനായ ശുഭ്രദീപിനെ  ജനങ്ങളുമായി കൂടുതൽ സംവദിക്കുന്ന ചലച്ചിത്രം എന്ന മേഖല തെരഞ്ഞെടുത്തതും. ചരിത്രത്തിലെ ആ കറുത്ത നാളുകള്‍ സൃഷ്ടിച്ചവര്‍ തന്നെ ഇന്ന് അധികാരത്തിന്റെ പിന്തുണയോടെ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശുഭ്രദീപിനെ പോലുള്ളവരുടെ വിയോഗം വലിയ  ശൂന്യതയാണ് ഉണ്ടാക്കുന്നത്.
ഏറെ ദുരൂഹതകൾ ഇപ്പോളും  ഒളിഞ്ഞുകിടക്കുന്ന ഗോധ്രയിലെ സബര്മതി തീവണ്ടിയുടെ ബോഗികൾക്ക് തീവെച്ച സംഭവവും അതിന്റെ രാഷ്ട്രീയവുമാണ് തന്റെ ആദ്യ ഡോക്യുമെന്റരിയായ 'ഗോധ്ര തകി'ലൂടെ പറയുന്നത്. കത്തികരിഞ്ഞ ബോഗിയുടെ ചിത്രങ്ങൾ നൽകുന്ന കറുത്ത ഓർമകളിലേക്ക് അതിന്റെ കാരണങ്ങളിലേക്ക് തുറന്നുവെച്ച വേദനിപ്പിക്കുന്ന സത്യങ്ങളായിരുന്നു ഈ ചിത്രം. ഈ നേര്‍ച്ചിത്രത്തില്‍ കാതലായ എന്തോ ഉണ്ടെന്നതിനാലാണ് തീവെപ്പ് സംഭവം അന്വേഷിക്കുന്ന ബാനര്‍ജി കമ്മീഷന്‍ ഗോധ്ര തക് കാണുകയും ശുഭ്രദീപിനെ കേസിലെ സാക്ഷിയായി കമ്മീഷന്‍ ഉള്‍പ്പെടുത്തിയതും. നേര് വിളിച്ചുപറയാന്‍ ആരുടേയും ഔദാര്യം ആവശ്യമില്ലെന്ന് ഈ ചിത്രം തുറന്നു കാണിക്കുന്നു. അത്യന്തം ദൌര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഗോധ്ര തീവെപ്പിന് ശേഷം അതുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ അരങ്ങേറിയത്. വര്‍ഗ്ഗീയ വിഷ വിത്തുകള്‍ ഗാന്ധിജി ജനിച്ച മണ്ണിലെ ജനമനസുകളില്‍ നേരിട്ടുപാകാന്‍ കഴിഞ്ഞത് എക്കാലത്തെയും കറുത്ത സത്യങ്ങളാണ്. ഈ സംഭവങ്ങളുടെ നേര്‍ചിത്രങ്ങള്‍ ജനങ്ങളില്‍ എത്തിച്ചതോടെ ശുഭ്രദീപ് ചക്രവര്‍ത്തി എന്ന ചലച്ചിത്രകാരന്‍ സംഘ പരിവാരങ്ങളുടെ ശത്രുവായി. ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന  ഫാഷിസത്തിന്റെ തേരോട്ടത്തെ ചെറുക്കാൻ ശുഭ്രദീപിനെ പോലുള്ള ധീരന്മാരുടെ ആവശ്യകത ഏറിവരികയാണ്. എന്നാൽ ജനാധിപത്യത്തിലൂടെ തന്നെ ഫാഷിസ്റ്റ് ശക്തികൾക്ക് അധികാരത്തിലെത്താൻ കഴിഞ്ഞെന്ന കറുത്ത സത്യം ഭാവിയെ ഇരുട്ടിലേക്ക് നയിക്കപെടുമോ? ഭയത്തിന്റെ വലക്കുള്ളിൽ ഒട്ടുമിക്ക സാമൂഹിക സാംസ്കാരിക പ്രവർത്തകരും അകപ്പെടുകയോ, പെടുത്തുകയോ ആയിരുന്നു. എന്നാൽ അതിലൊന്നും വീഴാതെ എല്ലാ ഭീഷണിയെയും തള്ളികളഞ്ഞു മരിക്കുവോളം തന്റെ ക്യാമറ നീതിക്കൊപ്പം ചലിപ്പിക്കാൻ ശുഭ്രദീപിനായി എന്നതിന് തെളിവാണ് ഈ  ഡോക്യുമെന്ററികൾ.  
ഗുജറാത്തിലെ തന്നെ വ്യാജ ഏറ്റുമുട്ടലുകളുടെ രാഷ്ട്രീയവും അതുണ്ടാക്കിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയും തുറന്നു കാണിക്കുന്ന ചിത്രമാണ്   'എന്‍ കൌണ്ടേഡ് ഓഫ് സഫ്രോന്‍ അജണ്ട'. ഈ ചിത്രം പ്രദർശിപ്പിക്കുന്നതിന് എതിരെ സംഘപരിവാർ രംഗത്ത് എത്തിയതും പ്രദർശനം നടക്കുന്ന എല്ലായിടത്തും ആക്രമണം അഴിച്ചു വിട്ടതും ഒറ്റ കോളം വാർത്തകളിൽ ഒതുങ്ങിപോന്നു. പ്രതിരോധത്തിന്റെ  നേർശബ്ദങ്ങൾക്കെന്നും മുതലാളിത്ത മാധ്യമങ്ങൾ താമസ്കരിക്കാനാണല്ലോ. ശക്തമായ ഭാഷയിൽ തന്നെ നികൃഷ്ഠമായ ഒരു രാഷ്ട്രീയ നാടകത്തിന്റെ അജണ്ട തുറന്നു കാണിക്കാൻ ഈ ചിത്രത്തിലൂടെ ശുഭ്രദീപിനായി. ഇരകളെ തന്നെ പ്രതികളാക്കി ജനാധിപത്യ വ്യവസ്ഥിതിയെയും ജനതയേയും ഒന്നടങ്കം കബളിപ്പിക്കുകയും, ചതിയുടെ നടുക്കടലിലേക്ക് നിയമത്തെ എടുത്തെറിഞ്ഞ ഞെട്ടിക്കുന്ന സംഭവമായിരുന്നു വ്യാജ ഏറ്റുമുട്ടൽ. അതിനായി നിയമത്തെയും ഉദ്യോഗസ്ഥരേയും ഒരുപോലെ ഉപയോഗപ്പെടുത്തിയ നീചമായ ഈ സംഭവത്തെയും കൊല്ലപെട്ട നിരപരാധികളായവരുടെ ജീവിതത്തെയും തകർക്കപെട്ട അവരുടെ കുടുംബങ്ങളുടെയും അവസ്ഥ തുറന്നു കാണിക്കാൻ ഈ ചിത്രത്തിലൂടെ. കുറച്ചുകാലം എല്ലാവരെയും, കുറച്ചുപേരെ എല്ലാ കാലത്തേക്കും കബളിപ്പിക്കാൻ സാധിച്ചേക്കും എന്നാൽ എല്ലാ കാലത്തും എല്ലാവരെയും കബളിപ്പിക്കാൻ സാധിക്കില്ലെന്ന സത്യമാണ് ഇതിലൂടെ തെളിയിക്കപെടുന്നത്. അസഹിഷ്ണത വക്താക്കൾക്ക് എന്നും ഇത്തരം ധീരന്മാരേ ഭയമാണ്. ഏറെ ചര്ച്ച ചെയ്യപെട്ട ചിത്രമാണ് 'എന്‍ കൌണ്ടേഡ് ഓഫ് സഫ്രോന്‍ അജണ്ട'.
ആരും അധികം പറയാത്തതും എന്നാൽ പറയേണ്ടതുമായ ഒരു വിഷയമാണ് 'ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റ്' എന്ന ഡോക്യുമെന്ററിയിലൂടെ ശുഭ്രദീപ് പറയാൻ ശ്രമിക്കുന്നത്. ടാഡ, പോട്ട തുടങ്ങിയ നിയമങ്ങളാലും അല്ലാതെയും തടവിലാക്കപെട്ട നിരവധി നിരപരാധികൾ ഇന്ത്യയിൽ ഉണ്ട്. രാഷ്ട്രീയ, മത വൈര്യം തീർക്കാൻ കെട്ടിച്ചമയ്ക്കപെട്ട കള്ളകഥയുടെ പേരില് കുടുങ്ങിയ നിരപരാധികളും അല്ലാത്തവരും. തീവവാദികൾ എന്നാ ചെല്ലപ്പേര് നൽകി എല്ലാകാലത്തും ഉള്ളിലടക്കപെടാൻ വിധിക്കപെട്ടവർ ഇത്തരം കേസുകളിൽ ഹാജരാകാൻ തയ്യാറാകുന്ന അഭിഭാഷകരെ അക്രമിക്കപെട്ട നിരവധി സംഭവങ്ങൾ.  ഇത്തരത്തിൽ ആക്രമിക്കപെട്ട അഭിഭാഷകരുടെ ജീവിതത്തെയും അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും കുറിച്ചുള്ള ഒരന്വേഷണമാണ്  'ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റ്' 
വിചാരണ തടവുകാരായി ഏറെകാലം ജയിലുകളിൽ കഴിയുകയും നിരപരാധികളെന്നുകണ്ട് കോടതി മോചിപ്പിക്കുകയും ചെയ്തവരുടെ ജീവിതവും തീവ്രവാദികളെന്ന പേരില് പിൽകാലം സമൂഹം അകറ്റിനിർത്തിയവരുടെ അവസ്ഥയിലൂടെയുള്ള സഞ്ചാരമാണ് 'ആഫ്റ്റർ ദ സ്ട്രോം' എന്ന ചിത്രം. എന്നും നിയമപാലകരുടെ നോട്ടത്തെ ഭയന്ന് ജീവിക്കുന്നവരിലൂടെ ഈ ചിത്രം കടന്നുപോകുന്നു. 
ശുഭ്രദീപ് ഏറെ വെല്ലുവിളിയോടെ എടുത്ത അവസാനത്തെ ചിത്രമാണ് 'ഇന്‍ ദിനോ മുസഫര്‍ നഗര്‍'. മോഡി സർക്കാരിന്റെ ആദ്യ നിരോധനത്തിന് ഈ ചിത്രം കാരണമായത് മുസഫര് നാഗര കലാപത്തിന്റെ നേര്ചിത്രം തുറന്നുകാണിച്ചതിനാലാണ്. യുപിയുടെ വര്ഗീയ രാഷ്ട്രീയത്തെയും ജനങ്ങളെ ഭിന്നിപ്പിച്ച് വര്ഗ്ഗീയമായി ചേരി തിരിച്ചു അധികാരം നേടാൻ  കൃതൃമമായി  ഉണ്ടാക്കിയ കലാപങ്ങളിലൂടെ വിജയ പർവ്വത്തിൽ കയറിയവരുടെ അപ്രീതിമൂലം നിരോധനം നീക്കാനുള്ള നിയമ പോരാട്ടത്തിനിടയിലാണ് ആ ധീരനെ മരണം കീഴടക്കിയത്, സിനിമാ പ്രവർത്തകയായ തന്റെ സഹധർമ്മിണി മീര ചൗധരിയോടൊപ്പം എടുക്കുന്ന ഈ ചിത്രം അധികാരത്തിൽ ഇരിക്കുന്നവരുടെ ഉറക്കം കെടുതുന്നതാണ്  

കറുത്തിരുണ്ട്  കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ വെളിച്ചത്തിലേക്ക് തിരിച്ചു വിടാൻ ഇത്തരം നെയ്ത്തിരി വെട്ടങ്ങൾ നല്കുന്ന സംഭാവന വളരെ വലുതാണ്‌. ശുഭ്രദീപ് ചക്രവർത്തിയുടെ വിയോഗം നമ്മുടെ  ലോകത്തിനും ജനാധിപത്യ മനസുകളെയും ഒരുപോലെ വേദനിപ്പിക്കുന്നു. നമ്മുടെ ജനാധിപത്യം കൂടുതൽ കരുത്താർജ്ജിക്കേണ്ടാതിന്റെ  ആവശ്യകതയാണ് ഈ ഓരോ ചിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നത്.
 ------------------------------------------------------------------------

Wednesday, 27 August 2014

ഛായ

കവിത
വാനില്‍ 
വിരിയും 
ഒറ്റ നക്ഷത്രത്തിന്     
നിന്റെ ഛായ

ഇടക്ക് നീ 

കാര്‍മേഘത്തുണ്ടില്‍
ഒളിച്ചു കളിക്കുമ്പോള്‍ 
എന്റെ പരിഭവം 
ഒരു മിന്നലായ് 
നിന്നെ പുണരും

നമ്മുടെ 

സമാഗമം 
നിശബ്ദമല്ലെന്ന് 
നീ 
ഇടിവെട്ടോടെ 
വിളിച്ച് പറയും

ഏഴാമാകാശത്തിന് 

മീതെയിരുന്ന്
എന്നും 
നീയെന്നെ 
നോക്കുമ്പോള്‍ 
മണല്‍ത്തരികളെ 
പുണര്‍ന്നു 
ഞാന്‍ കിടക്കും

ഒറ്റ നക്ഷത്രമേ 

എന്റെ പ്രണയത്തിനു
മിന്നലിന്റെ 
തിളക്കവും,
ഇടിയുടെ 
മുഴക്കവും, 
മഴയുടെ 
താളവും.

നിന്റെ 

ഛായ 
ഇല്ലായിരുന്നെങ്കില്‍
ഞാനില്ല
************
മലയാള നാട് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന കവിത 
http://www.malayalanatu.com/component/k2/item/1438-2014-08-07-09-59-52 
Panting by Adrian Calin : Lost Love

Sunday, 24 August 2014

താക്കീത്

കവിത
ർമ്മകളെ 
പെട്ടെന്ന് ചാടി  വീഴല്ലേ,
പാത്തും പതുങ്ങിയും 
മാത്രം വരിക.
ആദ്യം ചിരിച്ചും 
പ്രലോഭിപ്പിച്ചും 
നിനക്ക് മുന്നിൽ 
നിൽക്കും, 
എന്നിട്ട് 
കൂർത്ത പല്ലുകൾ  കാട്ടി
സ്വീകരിക്കും. 
എന്നാലും
കരയരുത് 
നിലവിളിക്കരുത്.
ഓർമകളെ
നിനക്ക് ഞാൻ 
വീണ്ടും താക്കീത് 
തരുന്നു.
ചുട്ടെടുത്തത്
ഒരിക്കലും 
ചികഞ്ഞെടുക്കരുത് 
ജനിക്കാതെ 
ദഹിപ്പിച്ച 
മകനെ/ മകളെ 
ഓർത്ത് 
വിലപിക്കരുത്. 
എല്ലാ ഓർമകളും 
സുന്ദരവും സുരഭിലവും 
മാത്രമായിരിക്കണമെന്നു 
വീണ്ടും താക്കീത്  തരുന്നു.
-----------------------------------------------

മലയാള സമീക്ഷയില്‍ വന്ന കവിത 
http://www.malayalasameeksha.com/2014/08/blog-post_22.html

Paintind by SalvadorDali (soldier warning illusions involved skulls 1)

Friday, 1 August 2014

അഞ്ചാംമലയിലെ ദൈവം

വായനാനുഭവം
ഫിഫ്ത് മൌണ്ടന്‍  (നോവല്‍)
പൌലോ കൊയ് ലോ


ഴിവാകാനാവാത്ത വെളിപാടുകള്‍ പോലെയാണ് പൌലോ കൊയ്‌ലോക്ക് എഴുത്ത്, വായനയെ വളരെ പെട്ടെന്നു ഉത്തേജിപ്പിക്കുകയും വിരസതയില്‍ നിന്നും ഉണര്‍ത്തുന്ന ഊര്‍ജ്ജസ്വലമായ ഒരു എഴുത്ത് വിദ്യയാണ് ഇദ്ദെഹത്തിന്റേത്. ബ്രസീലില്‍ നിന്നുള്ള എഴുത്തുകാരനായ ഇദ്ദേഹത്തിന്റെ കൃതികള്‍ 120 രാജ്യങ്ങളില്‍ 45 ഭാഷകളിലായി ദശലക്ഷക്കണക്കിന് വായനക്കാര്‍ക്ക് ആവേശം പകരുന്നു. ആല്‍കെമിസ്റ്റ് എന്ന നോവല്‍ ലോകത്താകമാനമുള്ള പൌലോ വായക്കാര്‍ക്ക്  ഊര്‍ജ്ജം പകര്‍ന്ന നോവലാണ്. പൌലോയുടെ എഴുത്തിടം മദ്ധ്യപൌരസ്ത്യ ദേശങ്ങളും അവിടുത്തെ മരുഭൂമിയും സെമറ്റിക് മതചരിത്രങ്ങളുമാണ്. ഇത്തരത്തില്‍ ഒരു പ്രവാചകന്‍റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മകമായ യാത്രയാണ് ഫിഫ്ത് മൌണ്ടന്‍ എന്ന നോവല്‍.
ജസബല്‍ രാജകുമാരിയുടെ അപ്രീതിക്കിരയാകുകയും പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എല്ലാ പ്രവാചകന്മാരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ കാലിത്തൊഴുത്തില്‍ ഒളിച്ചിരിക്കുന്ന ഏലിയാ എന്ന പ്രവാചകനിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ടയറിലെ ജസബല്‍ രാജകുമാരിയെ ആഹാബ് രാജാവ് വിവാഹം ചെയ്തതോടെ ഇസ്രയേലിന്‍റെ ഭരണചക്രം നിയന്ത്രിക്കാന്‍ ജസബല്‍ ഒരുങ്ങുന്നു. ഏകദൈവാരാധനക്കുപകരം ലെബനോനിലെ ദൈവങ്ങളെ ആരാധിക്കാന്‍ ഇസ്റയേലിനെ ജസബല്‍ തയ്യാറാക്കി കഴിഞ്ഞു അതിനു വിസമ്മതിച്ച പ്രവാചകരെ കൊല്ലാന്‍ തന്നെ ജസബലിന്‍റെ നിര്‍ബന്ധപ്രകാരം ആഹാബ് രാജാവ് ഉത്തരവിടുന്നു. ദൈവ കല്‍പനപ്രകാരം തന്‍റെ വിശ്വാസത്തെ കുറിച്ചും അതിലേക്ക് ആഹാബ് രാജാവിനോടുള്ള ക്ഷണവും തുറന്നു പറയുന്നതോടെ ഏലിയായുടെ പാലായനം സുനിശ്ചിതമാകുന്നു. മരപ്പണിക്കാരനായ ഏലിയാ ജീവിച്ചിരിക്കേണ്ടത് ദൈവത്തിന്റെ കൂടി ആവശ്യമായതിനാലാകാം കൊല്ലാന്‍ കൊണ്ടുപോയ പട്ടാളക്കാരന് തന്‍റെ അമ്പിന്റെ ലക്ഷ്യം തെറ്റിയതും അയാള്‍ക്ക് ഏലിയായേ വെറുതെ വിടാന്‍ തോന്നിയതും. ജീവന്‍ കിട്ടിയതോടെ ഏലിയാ ഓടി രക്ഷപ്പെടുകയാണ്

പൌലോ കൊയ്‌ലോയുടെ സര്‍ഗാത്മക മികവ് ഏലിയായുടെ പലായന വിവരണത്തിലൂടെ നമുക്ക് മനസിലാക്കാം. വളരെ ശ്രദ്ധിക്കേണ്ട വൈകാരികമായ വിഷയമായിരുന്നിട്ടും എഴുത്തില്‍ കാണിച്ചിട്ടുള്ള സൂഷ്മത വായനക്കാരന് തിരിച്ചറിയാം.
“താനൊരു പ്രവാചകനായിരുന്നു എന്നാല്‍ പുരോഹിതന്റെ വിശ്വാസം മറികടന്ന് ഒരു ആശാരിയായി പ്രവര്‍ത്തിക്കാനാണ് താന്‍ നിശ്ചയിച്ചത് എന്നാല്‍ ദൈവമിതാ വീണ്ടും എന്നെ അതേ പാതയിലേക്കു വീണ്ടും നയിച്ചിരിക്കുന്നു” ഒരു പ്രവചകനില്‍ ഉണ്ടാകുന്ന ചിന്തയുടെ വ്യതിചലനത്തെ പൌലോ കൊയ്‌ലോ ഇതുപോലെ പലയിടത്തും വരച്ചു കാട്ടുന്നുണ്ട്.
ഓട്ടത്തിനിടയില്‍ തളര്‍ന്ന് അവശനായ ഏലിയാ അസേദിയയായിലെ അക്ബര്‍ നഗരാതിര്‍ത്തിയിലെ വറ്റികിടക്കുന്ന നദിയില്‍ എത്തുന്നു അപ്പോഴും മരണഭയം തന്നെ വല്ലാതെ അലട്ടുന്നു. മരണത്തെ വരവേല്‍ക്കുകയാണ് നല്ലതെന്നു എലിയക്ക് തോന്നുന്നു.
“മരിക്കുകയാണെങ്കില്‍ ദൈവത്തിന്‍റെ ഒരു രക്ത സാക്ഷിയായി ഞാന്‍ വാഴ്ത്തപ്പെട്ടേക്കാം, സ്വന്തം വചനങ്ങളില്‍ വിശ്വാസമില്ലാതിരുന്ന ഒരു ഭീരുവായിട്ടായിരിക്കും കണക്കാക്കപ്പെടുക” ഏറെ പരീക്ഷണങ്ങള്‍ നേരിടുമ്പോളൊക്കെ തന്നെ ചഞ്ചലമായ ഒരു മനസ് എലിയായില്‍വളരുന്നു. വളരെ വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളിലൂടെയുള്ള ദൈവകല്‍പനപ്രകാരമുള്ള യാത്രയില്‍ ദൈവദൂതന്‍ വഴി എത്തിയ സന്ദേശത്തിലെ വിധവയെ വറ്റിയ നദിക്കരയില്‍ വെച്ചു കണ്ടുമുട്ടുന്നു. ദാഹിച്ചു അവശനായ എലിയായേ അവര്‍ ദാഹജലം നല്കി ജീവിപ്പിക്കുന്നു. വിധവയുടെ കാരുണ്യം ഒരു പ്രവാചകനെ ജീവിതത്തിലേക്കും അതിലൂടെ വലിയ ആശയത്തിലേക്കും നോവലിനെ നയിക്കപ്പെടുന്നു. അഞ്ചാം മലയിലെ ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ കാത്തുകിടക്കുന്ന അക്ബറിലെ ജനതക്കിടയില്‍ ഏലിയാ ഒരു പ്രവാചകനല്ല അങ്ങിനെ മാറണമെങ്കില്‍ അവിടെ അല്‍ഭുതങ്ങള്‍ കാണിക്കണം അതിനായി ഒരവസരം ഏലിയയെ തേടി വരും അതുവരെ കാത്തിരിക്കുക എന്നാണ് ദൈവദൂതന്‍റെ സന്ദേശം.
തന്നെ സംരക്ഷിച്ച വിധവയുടെ കുട്ടിയുടെ മരണം അത്തരത്തില്‍ ഒരവസരം തന്നെയായിരുന്നു. താന്‍ അല്‍ഭുതകാരമായ കഴിവുകളുള്ള പ്രവാചകന്‍ ആണെന്ന്‍ അക്ബറിലെ ജനങ്ങള്‍ക്കിടയില്‍ ഏലിയാക്ക് കാണിച്ചു കൊടുക്കാനുള്ള അവസരം അതിലൂടെ ഇവിടുത്തെ ഗവര്‍ണ്ണര്‍ക്കും അവഗണിക്കാനാവാത്ത ഒരു അതിഥിയായി ഏലിയാക്ക് മാറാം പക്ഷേ എന്ത് അല്‍ഭുതം കാണിക്കും. മരിച്ചു കിടക്കുന്ന കുട്ടി, ഏറ്റവും അത്യാവശ്യ ഘട്ടത്തില്‍ ജീവിതം തിരിച്ചു തന്ന വിധവ ഇവര്‍ക്കിടയില്‍ അയാള്‍ അഞ്ചാം മലയുടെ മുകളിലേക്കു നടന്നു. ചിലപ്പോള്‍ ഇത് എല്ലാം അവസാനിക്കുന്ന ഒരു യാത്രയാകാം അല്ലെങ്കില്‍ ഒരു തുടക്കത്തിന്റെ! വല്ലാത്ത ഒരു നിമിഷമാണ് ഈ സമയത്ത് വായനക്കാരന് അനുഭവപ്പെടുന്നത്. നിരവധി ചോദ്യങ്ങള്‍ മുന്നിലെത്തുന്ന സമയം
എന്നാല്‍ വിധവയുടെ കുട്ടിയെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെടുത്തതോടെ അല്‍ഭുതകാരമായ ആ നിമിഷത്തിന്റെ പിന്‍ബലത്തില്‍ ഏലിയാ അവസാനം വരെ അതിജീവിക്കുക മാത്രമല്ല വിധവയുടെ പ്രണയം വരെ എത്തി നില്ക്കുന്നു
“സ്നേഹം എന്ന വാക്ക്, ആ മനുഷ്യന്‍ കുറിച്ചിട്ട ഏതാനും വരകളും വട്ടങ്ങളും നോക്കിനില്‍ക്കേ അയാള്‍ക്ക് തോന്നി ആകാശത്തു നക്ഷത്രങ്ങള്‍ തിളങ്ങുന്നതിന്റെയും ഭൂമിയില്‍ മനുഷ്യര്‍ ജീവിക്കുന്നതിന്റെയും പിറകിലുള്ള രഹസ്യം അതാണെന്ന് – സ്നേഹം”
നോവലിലെ ചില നിമിഷങ്ങള്‍, കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് നല്‍കുന്ന സന്ദേശങ്ങള്‍ അതൊരു വെളിപാട് പോലെ വായനക്കാരില്‍ നിറഞ്ഞു നില്ക്കുന്നു. അക്ഷരങ്ങളുടെ പിറവിയില്‍ ഉണ്ടാകുന്ന നാട്ടുകാരുടെ സംശയം അത്തരത്തില്‍ ഉള്ളതാണ്. അക്ഷരങ്ങളാണ് മനുഷ്യന്‍റെ ഉയര്‍ച്ചയുടെ കാതല്‍, അക്ഷരങ്ങള്‍ പഠിക്കുക എന്നാല്‍ ഒരു സംസ്കാരത്തെ നില നിര്‍ത്താനുള്ള അടിസ്ഥാനം ഉണ്ടാക്കലാണെന്ന സത്യം നോവലില്‍ സൂചിപ്പിക്കുകയാണ്. അക്ബറില്‍ അക്ഷരങ്ങള്‍ ഉണ്ടായ കഥ ഇങ്ങനെ വിവരിക്കുന്നു
ആദ്യകാലങ്ങളില്‍ ഒരു സാധനത്തെ അല്ലെങ്കില്‍ സംഭവത്തെ സൂചിപ്പിക്കാന്‍ വരച്ചു വെക്കുകയാണ് രീതിയത്രേ, എന്നാല്‍ അക്ഷരങ്ങള്‍ വന്നതോടെ എളുപ്പം കാര്യങ്ങള്‍ എഴുതി വെക്കാം എന്നായി. പഠിക്കാനും എഴുതാനും എളുപ്പമായി അതോടെ അന്നത്തെ ജനതയില്‍ സ്വാഭാവികമായ ഒരു സംശയം ഉയര്‍ന്നിരിക്കാം. ഇക്കാര്യം പൌലോ കൊയ് ലോ തന്‍റെ നോവലില്‍ ഒരു ചെറിയ പാരഗ്രാഫില്‍ ഉള്‍പ്പെടുത്തിയത് വായിച്ചാല്‍ അക്കാര്യം മനസിലാകും.
ഏലിയാ യോട് അവള്‍ ചോദിക്കുന്നു
“വാക്കുകളില്‍ നിന്ന്ദൈവികമായ ചൈതന്യം പൊയ്പോകില്ലേ” അതായിരുന്നു ആ സ്ത്രീയുടെ ആശങ്ക
“ഇല്ല ദൈവികമായ സാന്നിധ്യം എന്നും വാക്കുകളില്‍ ഉണ്ടാകും പക്ഷേ അത് എഴുതുന്നവരുടെ ഉത്തരവാദിത്വമായിരിക്കും”

ഏലിയാ വ്യക്തമാക്കി. ഇവിടെ പൌലോ കൊയ്‌ലോ ഭാഷയുടെ പ്രസക്തിയെയും ഒപ്പം എഴുത്തിന്‍റെ ആവശ്യവും പ്രയോഗവും ചൂണ്ടികാണിക്കാന്‍ താത്വികമായ ഒരു ഇടപെടല്‍ എപ്പോളും ഈ നോവലില്‍ കാണാം. വായനക്കാരെ പൂര്‍ണ്ണമായും നന്‍മയുടെ വഴിയിലൂടെ നയിക്കപ്പെടണം ഒരു വെമ്പല്‍ ദൃശ്യമാണ്. പ്രത്യേകിച്ച് ഐതിഹ്യ പൂര്‍വ്വമായ ചരിത്രത്തിലൂടെ വിചിത്രമായ ഒരു യാത്രയില്‍ അവിശ്വസനീയമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും അതിനെയൊക്കെ വളരെ പോസറ്റീവായി ചിത്രീകരിക്കാന്‍ കൊയ് ലോ പ്രത്യേകം ശ്രദ്ധിക്കുന്നു. നോവലില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ വലിയ ജ്ഞാനിപോലെയാണ് സംസാരിക്കുന്നത് ഈ രീതി പൌലോയുടെ ഒട്ടുമിക്ക സൃഷ്ടികളിലും കാണാവുന്നതാണ്. അത്തരത്തിലൊരു കഥാപാത്രമാണ് അസീറിയക്കാരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന ഏലിയായും കുട്ടിയും ചെന്നെത്തിപ്പെടുന്ന ആട്ടിടയന്‍. ഒരു പുതു ജീവിതം പുണരാന്‍ ഉതകുന്ന കാര്യങ്ങളാണ് അയാളില്‍ നിന്നും ഏലിയാ പഠിക്കുന്നത്.
ഇടയന്റെ വാക്കുകള്‍ ഏലിയായുടെ ഹൃദയത്തില്‍ തട്ടി.
ഒരു ജീവിതം വീണ്ടും വാര്‍ത്തെടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.. അതുപോലെ തന്നെയാണ് നഗരങ്ങളുടെ കാര്യവും. അമ്പേ തകര്‍ന്നിട്ടുണ്ടാകാം എന്നാലും ആ അവശിഷ്ടങ്ങളില്‍ നിന്ന് പിന്നേയും പഴയതുപോലെ ഒന്നു കെട്ടിപ്പടുക്കുക അസാധ്യമെന്ന് പറയാന്‍ വയ്യ…”
ഇടയന്‍ തുടരുകയാണ്
“ഒന്നേ ശ്രദ്ധിക്കേണ്ടൂ, സ്വന്തം ശക്തിയത്രയും പഴയതു പോലെ പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം. അത് നമുക്ക് ഗുണകരമായി തീരുകയും വേണം.” അയാള്‍ ഏലിയയുടെ കണ്ണുകളിലേക്ക് നോക്കി. “മനസ്സില്‍ മടുപ്പുളവാക്കുന്ന ഒരു ഭൂതകാലമുണ്ടെങ്കില്‍ അത് പാടെ മറന്നു കളയണം.സ്വന്തം ജീവിതത്തെ സംബന്ധിച്ച് പുതിയൊരു കഥ മെനെഞ്ഞെടുക്കുന്നതാണ് സത്യമെന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടന്ന അവസരങ്ങള്‍, പിന്നെയും പിന്നെയും ഓര്‍ത്തുനോക്കൂ. അതില്‍നിന്നു കിട്ടുന്ന ധൈര്യവും ശുഭാപ്തി വിശാസവും പുതിയ പുതിയ നേട്ടങ്ങളില്‍ നിങ്ങളെ കൊണ്ടെത്തിക്കും.” ഈ ഊര്‍ജ്ജമാണ് പിന്നീട് അക്ബര്‍ നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിക്കാനും ജീവിതം തിരിച്ചു പിടിക്കാനും ഏലിയായേ സഹായിച്ചത്. പൌലോ കൊയ് ലോയുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതിയിട്ടുള്ള ഈ കൃതി നല്‍കുന്ന മാനവിക സന്ദേശം വളരെ വലുതാണ് വിജയത്തിന്റെ പാതയിലേക്ക് നയിക്കപ്പെടാന്‍ നിങ്ങള്ക് മുന്നില്‍ വഴി ഒന്നേയുള്ളൂ. അത് ധീരമായ മുന്നേറ്റം നടത്തിയെ തീരൂ അപ്പോള്‍ എല്ലാ തടസ്സങ്ങളും താനേ വഴിമാറും.
വായനക്കാരെ എഴുത്തുകാരന്‍ സൃഷ്ടിച്ച തലത്തിലേക്ക് വായനക്കൊപ്പം കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നാല്‍ ഈ നോവല്‍ വായനാവസാനം വരെ നമ്മെ കൂടെ നടത്തുകയും ഐതിഹ്യവും ചരിത്രവും ഈ വര്‍ത്തമാന കാലത്തിലെന്നപോലെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. മലയാളിക്ക് അത്ര പരിചിത മേഖല അല്ലാതിരിന്നിട്ടും ഇവിടെ നിന്നും ആ അപരിചത്വം ഒട്ടും അനുഭവിക്കാതെ കോണ്ടുപോകുന്നുണ്ട് ഈ നോവല്‍.
(വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന വായനാനുഭവം)
http://vettamonline.com/?p=16413