Monday, 18 June 2012

പിടയുന്ന മനസുകളുടെ മേല്‍വിലാസം



"വീടിനെക്കുറിച്ചുള്ള ഒരു നീണ്ട സ്വപ്നമാണ് പ്രവാസം"   -: വിക്ടര്‍ ഹ്യൂഗോ

ട്ടകുഞ്ഞിനെ അതിന്റെ അതിന്റെ അമ്മയില്‍ നിന്നും അകറ്റുന്ന ഹൃദയഭേദകമായ കാഴ്ച മരുഭൂമിയിലെ ഒട്ടക കൂടുകള്‍ക്കരികില്‍ നിന്നും നമുക്ക്‌ കാണാവുന്നതാണ്. അമ്മയുടെ വാല്‍സല്യം തേടി അടുത്തേക്ക് ഓടിയടുക്കുന്ന കുഞ്ഞിനെ അതിന്റെ അരികില്‍ നിന്നും ആട്ടിപ്പായിച്ചുകൊണ്ട് ബന്ധത്തിന്റെ നേര്‍രേഖ മുറിക്കുന്ന പ്രക്രിയ. വേദനയോടെ ഒട്ടകയമ്മ തന്റെ കുഞ്ഞിനെ തിരിഞ്ഞു നോക്കി നടക്കുമ്പോള്‍ സ്വന്തം കുഞ്ഞുമായുള്ള അകലമാണ് വര്‍ദ്ധിക്കുനതെന്ന് ആ പാവം അറിയാതെ പോകുന്നു. നിരവധി തവണ ഈ പ്രക്രിയ തുടരുന്നതോടെ അമ്മയും കുഞ്ഞും അപരിചിതരായി മാറുന്നു. നാലു മാസക്കാലം മാത്രമേ ഒരമ്മയുടെ ലാളന ലഭിക്കാനുള്ള ഭാഗ്യം ഒട്ടകത്തിനു വിധിച്ചിട്ടുള്ളൂ എന്ന് നമുക്കിതിനെ ലളിതവല്‍ക്കരിക്കനാകും. ഇതുപോലൊരു വേരറത്ത് മാറ്റലിന്റെ വേദന പേറിതന്നെയാണ് ഓരോ പ്രവാസിയും വീടുവിട്ടിറങ്ങുന്നത്.


കേരളത്തെ സംബന്ധിച്ച് സാമൂഹിക സാമ്പത്തിക രംഗത്ത്‌ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കിയ പ്രതിഭാസമാണ്  ഗള്‍ഫ്‌ കുടിയേറ്റം. പെട്രോ ഡോളറിന്റെ തണലില്‍ കേരളത്തെ ഏതാണ്ട് അമ്പത്‌ കൊല്ലമായി തീട്ടിപോറ്റി കൊണ്ടിരിക്കുന്നതും ഗള്‍ഫ്‌ മേഖലയില്‍ നിന്നും എത്തുന്ന പണമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ 20 ലക്ഷത്തിലധികം വരുന്ന ഗള്‍ഫ്‌ മലയാളികളെ കുറിച്ചുള്ള ചര്‍ച്ചകളത്രയും നിക്ഷേപമിറക്കുന്നതിനെ കുറിച്ചും അതിനോടു ബന്ധപ്പെട്ടു രൂപപ്പെടുന്ന ഊഹകച്ചവടത്തെ ചുറ്റിപറ്റിയും വോട്ട്‌ ബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു വഴിതെറ്റി സഞ്ചരിക്കുകയാണ്. എത്ര പേര്‍ ഗള്‍ഫ്‌ മേഖലയില്‍ കഴിയുന്നുണ്ട് എന്ന കണക്കുപോലും ശേഖരിക്കാനാവാത്ത ഗവണ്മെന്റിനു മുന്നിലാണ് പ്രവാസികള്‍  വോട്ടവകാശം തേടി കാത്തുകിടക്കുന്നത്. ഇന്നും ഗള്‍ഫ്‌ മലയാളികളുടെ ജീവിത നിലവാരത്തെ വിലയിരുത്തുന്നത് സമ്പന്ന ജീവിതം നയിക്കുന്ന അഞ്ചു ശതാമാനം  വരുന്നവരുടെ ഗണത്തിലാണ്. അതുകൊണ്ട് തന്നെയാണ് പ്രവാസി ചര്‍ച്ചകളത്രയും നിക്ഷേപ സാധ്യതകള്‍ തേടി പോകുന്നത്. ആ വഴിയില്‍ ഏറെ ലാഭങ്ങള്‍ കൊയ്യാനാവുമെന്നതിനാല്‍ ദൃശ്യ ശ്രാവ്യ പത്ര മാധ്യങ്ങള്‍ പലരും ഈ ചര്‍ച്ചകള്‍ മൊത്തം പ്രവാസികളുടെ പ്രശ്നമായി അവതരിപ്പിക്കുന്നത്. കുടിയേറ്റത്തെ കുറിച്ച് സി.ഡി.എസിന്റെ (സെന്റെര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്) പഠനങ്ങള്‍ ഒഴിച്ചാല്‍ മറ്റു കാര്യക്ഷമായ പഠനങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. അതും പ്രവാസികളുടെ സാമ്പത്തിക നിലവാരത്തെയും അതിനോട് ബന്ധപ്പെട്ട ജീവിതത്തെയും തൊഴില്‍ രംഗത്തെയും കുറിച്ചായിരുന്നു.


മറ്റുള്ള മേഖലകളില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും ഗള്‍ഫ്‌ മേഖലയില്‍ കഴിയുന്ന പ്രവാസികള്‍ നേരിടുന്നത് വെത്യസ്തവും ഏറ്റവും പ്രതികൂലമായ സാഹചര്യ വും ജീവിതത്തോട് കൂട്ടികെട്ടാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും വളരെ അധികമാണ്. എന്നാല്‍ നമ്മുടെ മലയാള സാഹിത്യത്തിലോ സിനിമയിലോ നാടകത്തിലോ ഗള്‍ഫ്‌ മലയാളികളുടെ ഉള്ളറിയുന്ന കഥാപാത്രങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ പൊങ്ങച്ചക്കാരായും കോമാളികളായും പലതവണ ഗള്‍ഫുകാരന്‍ തിരശ്ശീലയിലും മറ്റും അവതരിക്ക പെട്ടിട്ടുമുണ്ട്. ഗള്‍ഫ്‌ മലയാളികളുടെ മാനസിക പ്രശ്നങ്ങളെ കുറിച്ച് മന:ശാസ്ത്രപരമായ ഒരു പഠനം ഇതുവരെ എന്തുകൊണ്ട് ഉണ്ടായില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പൊതു കക്കൂസികളിലും തീവണ്ടിയുടെ കമ്പാര്‍ട്ട്‌മെന്റിലും ബസ്‌ സ്റ്റാന്റിലും മലയാളി എഴുതി വരച്ചു കൂട്ടുന്ന അശ്ലീലങ്ങളും അതെഴുതി വെക്കുന്നവരുടെ മാനസിക വൈകല്യങ്ങളെ കുറിച്ച് വരെ പഠനങ്ങള്‍ നടത്തി മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെ അച്ചടിച്ച്‌ വന്നിട്ടുണ്ട് എന്നത് ഇതിനോട ചേര്‍ത്ത്‌ വായിക്കേണ്ടതാണ്. (മലയാളിയുടെ നിരീക്ഷണ പാടവത്തെ ഇവിടെ ചുരുക്കി കാണുന്നില്ല) എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ്‌ മലയാളികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിലയിരുത്തുവാനോ പഠനങ്ങള്‍ നടത്തുവാനോ മനസിലാകുവാനോ പ്രവാസികളുടെ കുടുംബമോ, സമൂഹമോ, ഭരണകൂടാമോ തയ്യാറാവുന്നില്ല എന്നത് വേദനാജനകമായ കാര്യമാണ്. ഗള്‍ഫ്‌ മലയാളികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം അവന്റെ ഒറ്റപെടല്‍ തന്നെയാണ്. ജന്മനാടും ഭാഷയും സ്വത്വവും അകലുന്ന എന്നാല്‍ മറ്റൊരു സംസ്കാരത്തിലേക്ക് ലയിക്കാനുമാകാത്ത അവസ്ഥ. എന്നും നഷ്ടപെടാവുന്ന തൊഴില്‍, അങ്ങനെ സംഭവിച്ചാല്‍ വേരുകള്‍ പറിച്ചു നടാന്‍ പറ്റിയ സാഹചര്യമില്ലാത്ത ജന്മനാട്. ഇതിനിടയില്‍ നൂലുപോട്ടിയ  പട്ടമായി കാറ്റിന്റെ ഗതിക്കനുസരിച്ച് പരന്നുകൊണ്ടിരിക്കുന്ന എപ്പോഴും ചെളികുണ്ടിലേക്ക് മൂക്കുകുത്തി വീഴാന്‍ തയ്യാറായികൊണ്ട് കാത്തിരിക്കുന്ന വല്ലാത്ത ഒരു അവസ്ഥ. ഈ യാഥാര്‍ത്ഥ്യം ഒരു നിഴലായി ഓരോ ഗള്‍ഫ്‌ മലയാളിയും നിരന്തരം പിന്തുടരുന്നു. എന്നാലും ആശയറ്റ തൊഴില്‍രഹിതനായ മലയാളി യുവതീ യുവാക്കലുനെ സ്വപ്ന ഭൂമിയാണിന്നും ഗള്‍ഫ്‌.


ഏറെ ത്യാഗങ്ങള്‍ സഹിച്ചു പ്രതികൂല സാഹചര്യങ്ങളെ തന്റെ ജീവിതവുമായി കൂട്ടികെട്ടി വളരെ കഷ്ടപെട്ട് ഉണ്ടാക്കിയെടുത്ത നേട്ടത്തെ സംശയത്തോടെ വീക്ഷിച്ച ഭരണാധികാരികള്‍ നമുക്കിടയില്‍ ഉണ്ട്. സമൂഹത്തിന്റെ അസന്തുലിതാവസ്തക്ക് കാരണം ഈ പെരും ചൂടില്‍ ജോലി ചെയ്ത്‌ വലിയോരു സമൂഹത്തെ തീറ്റിപ്പോറ്റിയാതിനാലാണ് എന്ന പഴിയും കേള്‍ക്കേണ്ടിവന്നു. ഇങ്ങനെ ഏറെ പഴികള്‍ കേട്ടും പരിഹസിക്കപെട്ടും തെട്ടിദ്ധരിക്കപെട്ട ഗള്‍ഫ്‌ മലയാളികളുടെ ജീവിത പശ്ചാത്തലം കൃത്യമായി വായിച്ചെടുക്കാന്‍ കേരളം മറന്നു പോയി എന്നതാണ് സത്യം. വളരെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെയാണ്  ഓരോ ഗള്‍ഫ്‌ മലയാളിയും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ അവസ്ഥയെ അതിന്റെ ആഴത്തിലും തീഷ്ണതയിലും നിര്‍വചിക്കുക ഏറെ പ്രയാസമാണ്. തന്റെ വേദനകള്‍ പങ്കിടാന്‍, അത് മനസിലാക്കാന്‍ തന്റെ ചുറ്റുവട്ടത്‌ ആരും തന്നെയില്ല എന്ന അവസ്ഥയാണ് ഒട്ടുമിക്കവരും അനുഭവിക്കുന്നത്. പലര്‍ക്കും മനസ് തുറക്കാന്‍ ഒരു നല്ല കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ല, ഇരുപതു വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ താനെ കുടുംബവുമായി ആകെ കഴിഞ്ഞത് രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമായിരിക്കും. ബാക്കി വരുന്ന 18 കൊല്ലവും മേല്‍പറഞ്ഞ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിയുന്നു. അങ്ങനെ ഒരാളുടെ ഏറ്റവും യൌവ്വന തീഷ്ണമായ കാലങ്ങള്‍ മരുഭൂമിയോട്‌ മല്ലിട്ട് ഉരുകി തീര്‍ക്കുന്നു. സ്വന്തം മക്കളുടെ കൊച്ചു കുസൃതികള്‍ കാണാനാവാതെ അവന്‍ അതിനെ മനസ്സിലിട്ട് താലോലിക്കുന്നു. രണ്ടു വര്‍ഷത്തിലോ മറ്റോ കുടുംബത്തിലെത്തി ഒന്നോ രണ്ടോ മാസം മാത്രം നിന്ന് തിരിച്ചു പോകുന്ന പിതാവ് പലപ്പോഴും കൊച്ചു മക്കള്‍ക്ക്‌ ഒരപരിചിതന്‍ മാത്രമായി മാറുന്നു.

മുതലാളിത്തം പടച്ചുവിട്ട ലോകക്രമത്തോടൊപ്പം ഓടിയെത്താന്‍ വെമ്പുന്നവരാണ് ഭൂരിപക്ഷം വരുന്ന ഗള്‍ഫ്‌ മലയാളികളും. മധ്യവര്‍ഗത്തോടൊപ്പമോ അതിനു മീതെയോ സഞ്ചരിക്കാനാണ് എന്നും ഗള്‍ഫ്‌ മലയാളികള്‍ ശ്രമിച്ചിട്ടുള്ളത്‌. മധ്യവര്‍ഗ്ഗത്തിലേക്കടുക്കാന്‍ വെമ്പുന്ന മനസ്സ് പ്രവാസികളില്‍ തങ്ങി കിടക്കുന്നതിനാലാണ് ഒട്ടേറെ വ്യവഹാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് ഇട നല്‍കുന്നത്. ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനായി കൂടുതല്‍ കൂടുതല്‍ കടക്കെണിയിലേക്ക് വഴുതിപോകാനുള്ള വ്യഗ്രത ഗള്‍ഫ്‌ മലയാളികളില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കിന്നു. മുതലാളിത്തത്തിന്റെ സാമ്പത്തിക സാങ്കേതിക തന്ത്രങ്ങളില്‍ ഒന്നായ ക്രെഡിറ്റ്കാര്‍ഡ് വലയില്‍ ഇരയാകുന്നവരില്‍ ഏറെയും വിദ്യാസമ്പന്നരായ പുതുതലമുറയിലെ ഗള്‍ഫ്‌ മലയാളികളാണ്. കടം പെരുകി ആത്മഹത്യയിലേക്ക് വഴി തെറ്റുന്ന പ്രവണത ഗള്‍ഫ്‌ മലയാളികളില്‍ ഏറി വരികയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിയാതെ ക്രെഡിറ്റ്കാര്‍ഡ് വിളമ്പുന്ന പ്രലോഭനങ്ങളില്‍ വീഴുന്നതിന്റെ ഫലമാണ് ഇത്. ഈ മാനസിക വൈകല്യത്തെ തടുത്തു നിര്‍ത്താനുള്ള സാമൂഹിക ബോധം ഗള്‍ഫ്‌ മലയാളികളില്‍ നിന്നും അകലുകയാണോ? ലോകത്ത്‌ തന്നെ ഏറ്റവും വലിയ ബാച്ചലര്‍ സമൂഹം താമസിക്കുന്ന ഇടം ചിലപ്പോള്‍ ഗള്‍ഫ്‌ മേഖല ആയിരിക്കും.


ഈ ഒറ്റപെടലിനിടയില്‍ അവന് / അവള്‍ക്ക് നഷടമാകുന്ന ഒന്നുണ്ട് അത് അവരുടെ ദാമ്പത്യ ജീവിതമാണ്. മനുഷ്യന്റെ ആരോഗ്യത്തിനേയും, ആയുസ്സിനേയും, വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ലൈംഗികത. എന്നാല്‍ കുടുംബമുണ്ടാകുംപോലും അവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന അവസ്ഥ അഭിമുഖീകരിക്കുന്നവര്‍ അവന്റെ / അവളുടെ ലൈംഗികതയെ അടിച്ചമര്‍ത്തുകയാണ്. ബാഹ്യമായി ഇത് പ്രകടമാകുന്നില്ല എങ്കിലും മാനസികമായി ഒരുപാട് പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. (ചിലര്‍ ആരോഗ്യകരമല്ലാത്ത രീതിയിലൂടെ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ബന്ധത്തിന്റെ മൂല്യവും സദാചാര ബോധവും പവിത്രമായ കുടുംബ സങ്കല്‍പ്പവും ഉള്ള ഭൂരിപക്ഷം പേരും ഇത്തരം വളഞ്ഞ വഴി സ്വീകരിക്കാറില്ല. മാത്രമല്ല ഇത്തരം ബന്ധങ്ങള്‍ ഒക്കെ തന്നെ പലപ്പോഴും തകര്‍ച്ചയിലേക്കാണ് എത്തിച്ചേരുന്നത്) ഇതേ ഒറ്റപെടലിന്റെ അവസ്ഥ തന്നെ ഇവരുടെ ജീവിത പങ്കാളിയും അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ്‌ മേഖലകളില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ് ജോലി തേടി എത്തിയിട്ടുള്ളത്‌. ഇവരുടെ ഭാര്യമാര്‍ നിരവധി മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സാധാരണ കുടുംബത്തില്‍ കഴിയുന്ന സ്ത്രീക്ക് കുടുംബം നോക്കി നടത്തുകയും അതിനോട് ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങള്‍, കടങ്ങള്‍ എല്ലാം തരണം ചെയ്തു വേണം ജീവിതം മുന്നോട്ട് നീക്കാന്‍. അതിനിടയില്‍ അവര്‍ അടിച്ചമര്‍ത്തിവെക്കുന്ന ലൈംഗികത അവരറിയാതെ തന്നെ മനസ്സിനെയും ബാധിക്കുന്നുണ്ട്. അതിന്റെ ഫലമായി വിവിധ രോഗങ്ങള്‍ക്ക് അവര്‍ അടിമപ്പെടുന്നു. മുപ്പത്‌ നാല്‍പ്പത്‌ വയസ്സ് ആകുംപോഴേക്കും ഒട്ടുമിക്ക സ്ത്രീകള്‍ക്കും പുറം വേദന ശരീര തളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ നിരന്തരം കണ്ടു വരുന്നു. മാനസികമായ അടിച്ചമര്‍ത്തലിന്റെ ഫലമാകാം ഇത്. ഈ വിഷയത്തെ പറ്റി ശാസ്ത്രീയമായ ഒരു പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു.


ഗള്‍ഫ്‌ മലയാളികള്‍ വിവര സാങ്കേതിക രംഗത്തെ കുറിച്ച് ഏറെ വിശാല മനസ്സ്‌ കാണിക്കുമ്പോള്‍ തന്നെ മാനവിക വിഷയങ്ങളില്‍ എത്തുമ്പോള്‍ ഇടറാറുള്ളതായി കാണാം. ഇത് അരാഷ്ട്രീയ വല്ക്കരണത്തിന് വഴി തുറക്കുന്നു ഇത്തരം മനസുകള്‍ ചെന്നെത്തിപ്പെടുന്നത് അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വര്‍ഗ്ഗീയ ചേരികളിലുമാണ്  ഗള്‍ഫ്‌ മലയാളികളുടെ ഈ രാഷ്ട്രീയ നിസ്സംഗത മുതലാളിത്തം വളരെ നന്നായി ഉപയോഗിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ വേരുകള്‍ അറേബ്യന്‍ മണ്ണില്‍ വസിക്കുന്ന മലയാളികള്‍ക്കിടയില്‍ എങ്ങിനെയെങ്കിലും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പക്ഷങ്ങള്‍ എന്നും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട്. മാറിവരുന്ന ലോക സാഹചര്യങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന രാഷ്ട്രീയ വ്യതിയാനങ്ങളും ഇത്തരക്കാരെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തായി പത്രങ്ങളിലും, പൊതു ഇടങ്ങളിലും കാണുന്ന  താമസിക്കാന്‍ മുറികള്‍ ഒഴിമുകള്‍ ഉണ്ടെന്ന പരസ്യം നിരീക്ഷിച്ചാല്‍ ഈ വ്യത്യാസം മനസിലാകാം. മുസ്ലീം മാത്രം ഹിന്ദു മാത്രം, ക്രിസ്ത്യന്‍ മാത്രം എന്നിങ്ങനെ വേര്‍തിരിച്ചു പരസ്യപ്പെടുത്തുന്നു. ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ ഈ മാനസികാന്തരം എങ്ങനെ രൂപപെട്ടു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സങ്കുചിതാവസ്തയുടെ പ്രത്യാഖാതങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ പ്രകടമാകും.

കുളങ്ങളും അരുവികളും പച്ചവിരിച്ച പാടങ്ങളും ചെറു നീരുറവയും ഒഴുകുന്ന ചോലകളും അടങ്ങിയ ഗ്രാമീണ ദൃശ്യങ്ങള്‍ ഗള്‍ഫ്‌ മലയാളിയുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നുണ്ട് എങ്കിലും ഇവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തുവാനും പ്രകൃതിയെ നിലനിര്‍ത്തുവാനും ഉള്ള ശ്രമം വളരെ കുറവാണ് എന്നത് മനസിലാക്കുവാന്‍ കേരളത്തിലെ ഗള്‍ഫ്‌ ഭവനങ്ങളും പരിസരവും വീക്ഷിച്ചാല്‍ മനസിലാകും. പ്രകൃതിയെ കുറിച്ച് ഏറെ വാചാലമാകുകയും പ്രകൃതിയെ ഗുരുതരമായി ബാധിക്കുന്ന വികസന പദ്ധതികളെ നിര്‍ലോഭം പിന്തുണക്കുകയും ചെയ്യുന്ന ചാഞ്ചാടുന്ന മനസ്സ്‌ പെരുന്നവരാന് ഇന്നത്തെ ഒട്ടുമിക്ക ഗള്‍ഫ്‌ മലയാളികളും. അതുകൊണ്ടാണ് അതിസമ്പന്നതയില്‍ കഴിയുന്ന അറേബ്യന്‍ നഗരങ്ങളെ താരതമ്യപ്പെടുത്തി അത്തരത്തിലുള്ള വികസനമാണ് നമുക്കും വേണ്ടത് എന്ന ചിന്ത വളരുന്നത്.

കുടുംബവുമായി അകന്നു കഴിയുന്ന ഗള്‍ഫ്‌ മലയാളികളുടെ മാനസികാവസ്ഥയെ കുറിച്ച് വിശദമായ ഒരു പഠനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആത്മഹത്യയിലേക്കും, അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും, വര്‍ഗ്ഗീയ ചെരികളിലേക്കും മറ്റും ചെന്നെത്തിപ്പെടാതെ കൃത്യമായ രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹമായി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സുസ്ഥിരതയ്ക്കും ഭദ്രതയ്ക്കും അനിവാര്യമാണെന്ന ബോധം ഗള്‍ഫ്‌ മലയാളികളിലും ഒപ്പം കേരളത്തില്‍ ഉള്ളവരിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ല വേണ്ടത്‌, ഗള്‍ഫ്‌ മലയാളികളുടെ യഥാര്‍ത്ഥ പ്രശ്നത്തെ മനസ്സിലാക്കി അതിനുള്ള പരിഹാരമാണ്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അവസരമില്ലാത്തതല്ല ഗള്‍ഫ്‌ മലയാളിയുടെ യഥാര്‍ത്ഥ പ്രശ്നം മറിച്ച് അവന്റെ ജീവിതം തന്നെയാണ് എന്ന തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും, ഒപ്പം കുടുംബങ്ങള്‍ക്കും, ഭരണകൂടങ്ങള്‍ക്കും ഉണ്ടാവേണ്ടത്. മാനസിക പിന്തുണയാണ് അത്യാവശ്യം, നിര്‍ഭാഗ്യവശാല്‍ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ എവിടെയും ലഭിക്കാതെ പോകുന്നതും അതാണ്‌.
                                     **********************************
മലയാള സമീക്ഷയില്‍ 'മഷിനോട്ടം' എന്ന പംക്തിയുടെ ജൂണ്‍ ലക്കം
http://www.malayalasameeksha.com/2012/06/blog-post_8602.html 

Monday, 4 June 2012

ഭൂമിയുടെ മരണം ഒരു സാധ്യതയല്ല

 


വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്- ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചില ഓര്‍മ്മപ്പെടുത്തലുകള്‍. ഫൈസല്‍ ബാവ എഴുതുന്നു

http://www.nalamidam.com/archives/13095




“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്‍്റെ സമന്വയം ബോധനത്തിന്‍്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്‍്ത്തിയാക്കാനാകൂ. മനുഷ്യന്‍്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം                             (സരളാ ബഹന്‍:- Revive our Dying Planet)

ഫൈസല്‍ ബാവ


ജീവന്‍്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.
പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.
കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്‍്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. ആമസോണ്‍ മേഖല കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത പാരിസ്ഥിതികാഘാതമാണ് നേരിടുന്നത്.



വികസനത്തിന്‍്റെ വിളി കാത്ത് കിടക്കുകയാണ് സൈലന്‍്റ്വാലി. ബയോവാലി പോലുള്ള പാദ്ധതികള്‍ കാത്തു കിടക്കുന്നു. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്‍്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതി .
44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമമാണ്. കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരിക്കോരിയോഴിക്കുന്ന കീട നാശിനികള്‍, വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ് ലോബി കയ്യറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, പുത്തന്‍ രോഗങ്ങള്‍, ഇങ്ങനെ നീളുന്നു കേരളത്തിന്‍്റെ വികസന വിശേഷങ്ങള്‍.



നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ് ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹൈഡ് വളരെ മുന്‍പ് തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” പുരോഗതി തന്നെയാണ് തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടരുകയാണ്.
കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ നമ്മുടെ പടിപ്പുറത്താണ്. അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്‍്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്‍്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്‍്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്‍കീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

.

കാലാവസ്ഥ വ്യതിയാനത്തിന്‍്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ് കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും.
ജെയ്താപൂരിലും കൂടംകുളത്തും ആണവ നിലയം സ്ഥാപിച്ച േഅടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. ചെര്‍ണോബിലും, ത്രീമെന്‍ ഐലന്‍്റും നാം മറന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക് പിടിച്ചു കെട്ടാനാവുമെന്ന ചിന്ത എത്ര അപകടകരമാണ്. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവി ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ?
ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍.

Wednesday, 30 May 2012

ജോണിന്റെ വേര്‍പ്പാടിന് കാല്‍ നൂറ്റാണ്ട്

 

എവിടെ ജോൺ?
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുകുത്തി വീഴുമ്പോഴെന്‍
കരളു ചീന്തിത്തെറിക്കുന്നു വാക്കുകള്‍”

john-abraham-epathram
“ലോക സിനിമയിലെ ഒരു അത്ഭുതം”
1987 മേയ് 31നു അലച്ചിലിന്റെ പുതിയ ഇടം തേടി പോയി. അലസമായ തന്റെ മുടിയും തടിയും കാറ്റില്‍ പാറിക്കളിച്ചു…അതെ ജോണ്‍ എബ്രഹാം എന്ന തന്റേടം നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് തികയുന്നു. ഈ ലോകത്ത്‌ ഒരേയൊരു ജോണെ ഉള്ളൂ… വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ജോണിന്റെ ഓരോ സിനിമയേയും വേറിട്ടു നിർത്തി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന്‌ എതിരേയുള്ള വെല്ലുവിളി യോടെയായിരുന്നു. ശക്തമായ വിമര്‍ശനം അഭ്രപാളികളില്‍ നിറഞ്ഞ ‘അഗ്രഹാരത്തിലെ കഴുത’ ഇറങ്ങിയതോടെ ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്‌തമായ പ്രതിഷേധിച്ചു രംഗത്തിറങ്ങി.  ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ്‌ അരാജകത്വത്തെയും ജോൺ വരച്ചു കാട്ടിയ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ’  കർഷകത്തൊഴിലാളികളെ കായലിൽ മുക്കികൊല്ലുന്ന ക്രൂരകൃത്യത്തിന് സാക്ഷിയാകേണ്ടിവരുന്ന ചെറിയാച്ചൻ ആ   മരണത്തിന് താൻകൂടി ഉത്തരവാദിയാണ് എന്ന കുറ്റബോധം  ഭീതിയിലേക്കും മനോവിഭ്രാന്തിയിലേക്കും നയിച്ച  മനുഷ്യന്റെ  ആത്മസംഘര്‍ഷങ്ങളാണ്‌ തെങ്ങിന്റെ മുകളിലേക്കു കയറ്റിയത് ഒട്ടേറെ അർഥ തലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്‌ഥിതി സമത്വ വാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്‌ത നക്‌സലിസത്തിന്റെ അനന്തര ഫലമായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം.
john-abraham-amma-ariyaan-epathram
“ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട് ”
ഈ പറച്ചിലുകള്‍ പറയാന്‍ ധൈര്യമുള്ള, സിനിമ സാധാരണ ജനങ്ങള്‍ക്കുള്ളതാണ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളില്‍ നിന്ന് തന്നെ പിരിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ തന്നെ കാണിക്കാന്‍ മുതിര്‍ന്ന ഒരേയൊരു ജോണ്‍. ജോണിനെ ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്, മറക്കാതിരിക്കാന്‍ അതിലേറെയും.

ജോണ്‍ എന്ന ഒറ്റ മരത്തെ പറ്റി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ  'എവിടെ ജോണ്‍ ?' എന്ന കവിത
1
തരിക നീ
പീതസായന്തനത്തിന്റെ നഗരമേ
നിന്റെ വൈദ്യുതാലിംഗനം.
കൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ -
ത്തുരിശുമീര്‍ച്ചപ്പൊടിയും നിറച്ചു, നിന്‍
തുറമുഖത്തിലണയുകയാണെന്റെ
കുപിത യൗവനത്തിന്‍ ലോഹനൗകകള്‍
അരുത്
നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്
നിന്റെ നിയോണ്‍ വസന്തത്തിന്റെ
ചുന കുടിച്ചെന്റെ ധൂര്‍ത്തകൗമാരവും
ജലഗിഥാറിന്‍റെ ലൈലാകഗാനവും
പ്രണയനൃത്തം ചവുട്ടിയ പാതിരാ-
ത്തെരുവുകള്‍ .
ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍ .
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ .
വിശക്കാത്തവന്‍ .
2
പകലോടുങ്ങുന്നുന്നു
സോഡിയം രാത്രിയില്‍ -
പ്പകരുകയാം നഗരാര്‍ത്ഥജാഗരം
തെരുവ്
രൂപങ്ങള്‍തന്‍ നദി.
വിച്ഛിന്നഘടനകള്‍ തന്‍ ഖരപ്രവാഹം
പരിക്ഷുഭിത ജീവല്‍ഗതാഗതധാരയില്‍
തിരകയാണെന്റെ പിച്ചളക്കണ്ണുകള്‍
ശിഥിലജീവിതത്തിന്‍ ഭ്രാന്തരൂപകം.
കരിപിടിച്ച ജനിതകഗോവണി-
പ്പടി കയറുന്നു രാസസന്ദേശങ്ങള്‍ .
3
ഇരുപതാം നമ്പര്‍ വീട്.
അതെ മുറി.
ഒരു മെഴുതിരി മാത്രമെരിയുന്നു.
നയനരശ്മിയാല്‍പ്പണ്ടെന്‍ ഗ്രഹങ്ങളെ-
ഭ്രമണമാര്‍ഗ്ഗത്തില്‍ നിന്നും തെറിപ്പിച്ച
മറിയ നീറിക്കിടക്കുന്നു തൃഷ്ണതന്‍
ശമനമില്ലാത്തൊരംഗാരശയ്യയില്‍
"എവിടെ ജോണ്‍..?"
സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
"അവനു ഞാനല്ല കാവലാള്‍ .പോവുക."
4
പരിചിതമായ ചാരായശാലയില്‍
നരകതീര്‍ത്ഥം പകര്‍ന്നുകൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു :
"ഇന്ന് ജോണിവിടെ വന്നുവോ..?"
പൊട്ടിച്ചിരിച്ചുകൊണ്ടൊരു പരിചയം
ഗ്ലാസു നീട്ടുന്നു:
"താനെവിടെയായിരുന്നിത്രനാളും കവേ?
ഇതു ചെകുത്താന്റെ രക്തം. കുടിക്കുക."
"ഇവിടെയുണ്ടായിരുന്നു ജോണ്‍ . എപ്പോഴോ
ഒരു ബൊഹീമിയന്‍ ഗാനം പകുതിയില്‍ -
പ്പതറി നിര്‍ത്തി, അവനിറങ്ങിപ്പോയി."
"അവനു കാവലാളാര് ?
ഈ ഞങ്ങളോ? "
ജലരഹിതമാം ചാരായം
ഓര്‍ക്കാതെയൊരു കവിള്‍ മോന്തി
അന്നനാളത്തിലൂ
ടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.
5
പഴയ ലോഡ്ജില്‍
കൊതുകുവലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.
ഞാനവിടെ മുട്ടുന്നു:
"ജോണിനെക്കണ്ടുവോ..?"
"പഴയ ജീവിതം പാടെ വെറുത്തു ഞാന്‍
ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്കു പ്രവേശനമില്ലെന്റെ മുറിയില്‍ .
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ
സര്‍പ്പസാന്നിദ്ധ്യം.
എന്റെയിപ്പടി കയറുവാന്‍ പാടില്ല
മേലില്‍ നീ.
അറിക, ജോണിന്റെ കാവലാളല്ല ഞാന്‍."
പടിയിറങ്ങുന്നു ഞാന്‍ . കശേരുക്കളില്‍ -
പ്പുകയുകയാണു ചുണ്ണാമ്പുപൂവുകള്‍.
6
വിജനമാകുന്നു പാതിരാപ്പാതകള്‍ .
ഒരു തണുത്ത കാറ്റൂതുന്നു
ദാരുണസ്മരണപോല്‍
ദൂരദേവാലയങ്ങളില്‍
മണി മുഴങ്ങുന്നു.
എന്നോട് പെട്ടന്നൊ-
രിടിമുഴക്കം വിളിച്ചു ചോദിക്കുന്നു:
"എവിടെ ജോണ്‍ ?"
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുക്കുത്തിവീഴുമ്പോഴെന്‍
കുരലു ചീന്തിത്തെറിക്കുന്നു വാക്കുകള്‍ :
"അവനെ ഞാനറിയുന്നില്ല ദൈവമേ.
അവനു കാവലാള്‍ ഞാനല്ല ദൈവമേ." ***
7
ഇവിടെ
ഈ സെമിത്തേരിയില്‍
കോണ്‍ക്രീറ്റു കുരിശുരാത്രിതന്‍ മൂര്‍ദ്ധാവില്‍
ഇംഗാല മലിനമാം മഞ്ഞു പെയത്പെയ്ത്
ആത്മാവു കിടുകിടയ്ക്കുന്നു.
മാംസം മരയ്ക്കുന്നു.
എവിടെ ജോണ്‍ ,
ഗന്ധാകാമ്ലം നിറച്ച നിന്‍
ഹൃദയഭാജനം?
ശൂന്യമീക്കല്ലറയ്ക്കരികില്‍
ആഗ്നേയ സൗഹൃദത്തിന്‍
ധൂമവസനമൂരിയെറിഞ്ഞ
ദിഗംബരജ്വലനം?
 ********

Saturday, 26 May 2012

‘പി’ പ്രകൃതിയെ പ്രണയിച്ച കവി


Kunhiraman_nair-epathram

“കുയിലും, മയിലും,
 കുഞ്ഞിരാമന്‍ നായരും
 കൂടുകൂട്ടാറില്ല”
-: കെ. ജി. ശങ്കരപ്പിള്ള

മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.
തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.
ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ.”
(നരബലി)
ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”

പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”

അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ്
(മാഞ്ഞുപോയ മഴവില്ല്)
“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു”
(പിച്ചിച്ചീന്തിയ പുഷ്പചിത്രം)



ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത. അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,'എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.
കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.

- ഫൈസല്‍ ബാവ

Thursday, 12 April 2012

നടുക്കിയുണര്‍ത്തുന്ന കടമ്മനിട്ട കവിതകള്‍

 


കവിതയിലെ ആധുനികതയെ ഒഴിഞ്ഞു മാറലിന്ന് അതീതമായ ഒരാഘാതമാക്കി തീർത്ത കവിയാണ്‌ കടമ്മനിട്ട. അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന്  രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ട്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു കടമ്മനിട്ട കവിതകള്‍. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ചു കൊണ്ട് കവിതകള്‍ എഴുതിയ കടമ്മനിട്ട ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനിക കവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കു പോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വന രൗദ്രതയുടേയും വയൽ മണങ്ങളുടേയും ചന്ദനത്തൈമര യൗവനത്തിന്റേയും മൗലിക സൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടി വന്നു.
കുറത്തി, കടിഞ്ഞൂൽ‌പൊട്ടൻ, മിശ്രതാളം, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകൾ, വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം) സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം), കോഴി എന്നിവയാണ് കടമ്മനിട്ടയുടെ പ്രധാന കൃതികള്‍, 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.  2008 മാർച്ച് 31നു കടമ്മനിട്ട നമ്മെ വിട്ടകന്നു.
- ഫൈസല്‍ ബാവ

http://epathram.com/keralanews-2010/03/31/010523-kadammanitta.html   

Sunday, 12 February 2012

ഉപദേശം

കവിത












ഞ്ഞപ്പിത്തത്തിന്
കീഴാര്‍നെല്ലിയാണ്
ഉത്തമം
അരച്ച്
കുഴമ്പാക്കി
ഒരാഴ്ചയെങ്കിലും
സേവിക്കണം.
കണ്ണില്‍
മഞ്ഞ പടരാതെ
നോക്കണം
പഥ്യം
നിര്‍ബന്ധം
അരവൈദ്യനെ
അടുപ്പിക്കരുത്
അഷ്ടാംഗ ഹൃദയ ഹീനന്‍
ചികിത്സിക്കും ചികില്‍സയില്‍
മഞ്ഞളെല്ലാം
വയമ്പാകും
കര്‍പ്പൂരം
കൊടുവേലിയാകും

http://buffalosoldier.in/february-2012/faisal-bava/

Saturday, 11 February 2012

ആദാമിന്റെ വാരിയെല്ല്


കവിത

വേട്ടക്കാരാ
ഇര കാത്തിരിക്കുന്നു,
അമ്പിന്റെ
ദിശ നോക്കി
നിന്ന് തരും
ഇര പിടിക്കലിന്റെ
അദ്ധ്വാനമില്ലാതെ
ഭക്ഷിക്കാം.
ബാക്കിയായ
എല്ലുകള്‍
നീ
വലിച്ച്ചെറിയരുത്
നിന്റെ
വാരിയെല്ലുണ്ടതില്‍

http://buffalosoldier.in/february-2012/faisal-bava/