Thursday, 12 April 2012

നടുക്കിയുണര്‍ത്തുന്ന കടമ്മനിട്ട കവിതകള്‍

 


കവിതയിലെ ആധുനികതയെ ഒഴിഞ്ഞു മാറലിന്ന് അതീതമായ ഒരാഘാതമാക്കി തീർത്ത കവിയാണ്‌ കടമ്മനിട്ട. അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന്  രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ട്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു കടമ്മനിട്ട കവിതകള്‍. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ചു കൊണ്ട് കവിതകള്‍ എഴുതിയ കടമ്മനിട്ട ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനിക കവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കു പോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വന രൗദ്രതയുടേയും വയൽ മണങ്ങളുടേയും ചന്ദനത്തൈമര യൗവനത്തിന്റേയും മൗലിക സൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടി വന്നു.
കുറത്തി, കടിഞ്ഞൂൽ‌പൊട്ടൻ, മിശ്രതാളം, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകൾ, വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം) സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം), കോഴി എന്നിവയാണ് കടമ്മനിട്ടയുടെ പ്രധാന കൃതികള്‍, 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.  2008 മാർച്ച് 31നു കടമ്മനിട്ട നമ്മെ വിട്ടകന്നു.
- ഫൈസല്‍ ബാവ

http://epathram.com/keralanews-2010/03/31/010523-kadammanitta.html   

No comments:

Post a Comment