Monday 11 February 2019

വൈവിധ്യമാർന്ന, വൈചിത്ര്യങ്ങളാകുന്ന കഥകൾ

വായനാനുഭവം 
ടാറ്റാപുരം സുകുമാരന്റെ കഥകളിലൂടെ

കഥകളിൽ  വൈവിധ്യമാർന്ന വൈചിത്ര്യങ്ങൾ നിറച്ചു അത്ഭുതപ്പെടുത്തിയിരുന്ന കഥാകൃത്താണ് ടാറ്റാപുരം സുകുമാരൻ.  ഇദ്ദേഹത്തിന്റെ കഥകളെ കുറിച്ച് എം ലീലാവതി പറഞ്ഞത് *"ടാറ്റാപുരം സുകുമാരന്റെ കഥകളിൽ ചിരിയും, കണ്ണീരും, ഉദ്വേഗവും, ഭയവും, സംഭ്രമവും, വേപഥുവും, രോഷവും, പ്രശാന്തിയും, ഉത്കണ്ഠയും, രതിയും, ആർദ്രതയും എല്ലാം മാറി മാറി അനുഭവപ്പെടും"* 
കഥകളുടെ അവസാനം ഉണ്ടാകുന്ന ട്വിസ്റ്റ് അതുവരെ നമ്മൾ കരുതിയതിൽ നിന്നും നമ്മെ മറ്റൊരിടത്തിൽ എത്തിച്ചു അത്ഭുതപ്പെടുത്തും. *അവൾക്കു ചുറ്റും കടൽ* എന്ന കഥ അത്തരത്തിൽ ഒരു അവസാനമാനുള്ളത്. ആശുപത്രിയിൽ എന്നും എത്തി രോഗികളെ സഹായിക്കുന്ന ചിന്നമ്മയുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്. തന്റേടിയായ ചിന്നമ്മയുടെ  ഈ  നിസ്വാർത്ഥ സേവനത്തെ അത്ഭുതത്തോടെ നോക്കി കാണുകയാണ് അയാൾ. (കഥയിൽ അയാൾക്ക് പേരില്ല) എന്നും രണ്ടു സഞ്ചിയുമായി വന്നു രോഗികൾക്ക് വേണ്ട എന്തു സഹായവും ചെയ്തുകൊടുക്കുന്നു. ചിന്നമ്മയിലൂടെ കഥ സഞ്ചരിക്കുന്നു. എന്നാൽ അവസാനം അപ്രതീക്ഷിതമായ ഒരു മാറ്റം നമ്മെ അത്ഭുതപ്പെടുത്തും. 
"ഒന്നായനിന്നെയിഹ,
രണ്ടെന്നു കണ്ടളവി-
ലുണ്ടൊയൊരണ്ടൽ ബത-
മിണ്ടാവതില്ല"
രാമചന്ദ്രൻ എന്ന ഗായകന്റെ ജീവിതത്തിലൂടെ പോകുന്ന കഥയാണ്
*ഒന്നായനിന്നെയിഹ* മരിച്ചവീട്ടിൽ ഭജന പാടുന്ന  രാമചന്ദ്രനെ കണ്ടയാൾ ഞെട്ടി. എത്രയോ ഗാനാമേളകളെ നയിച്ച, നാടകങ്ങളിൽ പാട്ടുകൾ പാടിയ ഗായകൻ വെറും 10 രൂപക്ക് വേണ്ടി മരണ വീടുകളിൽ ഭജൻ പാടാൻ പോകുന്നത് കണ്ട് അയാൾക്ക് സങ്കടം തോന്നി. അമ്പലപറമ്പിൽ ലേലംവിളിയുടെ അനൗണ്സർ ആയി രാമചന്ദ്രനെ കണ്ടതോടെ ഒരു കലാകാരന്റെ ജീവിതത്തെ കുറിച്ചു അയാൾ ഏറെ ചിന്തിച്ചു. പിന്നീട് വർക്ക് ഷോപ്പിലെ ഹെൽപറായി രാമചന്ദ്രനെ  അയാൾക്ക് തന്നെ ശുപാർശ ചെയ്യേണ്ടി വന്നു. അങ്ങനെ ഒരു ഗായകന്റെ ജീവിതത്തിലെ തകർച്ചയാണ് ഒന്നായനിന്നെയിഹ. എന്ന കഥ. 
*എഴുതാപ്പുറം* എന്ന കഥ ഒരു ഉഗ്രൻ വിമർശന കഥയാണ്. കാപട്യം ഉള്ളിൽ നിറച്ച കപട പരിസ്ഥിതി പ്രവർത്തകർക്കുള്ള ചുട്ട മറുപടി ഈ കഥയിലും പ്രധാന കഥാപാത്രം അയാൾ എന്ന കഥാകൃത്ത് തന്നെയാണ് സ്വാമിനാഥൻ എന്ന പരിസ്ഥിതി പ്രവർത്തകൻ മുന്നോട്ടുവെക്കുന്ന വികലമായ ആശയം ഇന്നും പലരും ചെയ്തുവരുന്നതാണ് എന്നത് ഈ കഥയുടെ സമകാലിക പ്രസക്തി വിളിച്ചോതുന്നു. കഥയുടെ തുടക്കം തന്നെ രസകരമാണ് 
"രോഗം വന്നാൽ ഞങ്ങളാരും ചികിൽസിക്കാറില്ല, സ്വാമിനാഥന്റെ ആ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തി. 
പിന്നെന്തു ചെയ്യും ? 
ഉള്ളിൽ അടിഞ്ഞു കൂടുന്ന അഴുക്കിനെ പുറത്തു കളയുന്ന ഒരു ഉപാധിമാത്രമാണ് രോഗം" 
ഇത്രേം കേട്ടാൽ തന്നെ സ്വാമിനാഥനെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കാണും, ഈ നിലയിൽ തികഞ്ഞ അപ്രസക്തമായ പാരിസ്ഥിതിക ചിന്ത പേറുന്ന സ്വാമിനാഥന്റെ വീട്ടിൽ അയാളുടെ ഭാര്യയും കുഞ്ഞുങ്ങളും സഹിക്കേണ്ടി വരുന്ന അവസ്ഥയും എന്നാൽ പുറത്ത് ആയാൾ സ്വീകരിക്കുന്ന രീതിയും തികഞ്ഞ കാപട്യം ആണെന്ന് തിരിച്ചറിയുന്നു, ഇത്തരത്തിൽ ഒട്ടനവധി പേര് ഇന്നും ഈ രംഗത്തുണ്ട് എന്ന സത്യം ഈ കഥയുടെ പ്രസക്തി വർധിപ്പിക്കുന്നു. 
ഇങ്ങനെ സാമൂഹിക  വിഷയങ്ങളിൽ തുറന്നടിക്കുന്നു നിരവധി കഥകൾ അതും ഒന്നിനൊന്നു വ്യത്യസ്തമായ കഥകൾ എഴുതിയ കഥാകൃത്താണ് ടാറ്റാപുരം സുകുമാരൻ. മനസ്സിന്റെ ലോലഭാവങ്ങൾ ഒപ്പിയെടുക്കുകയും അനുഭവ തീവ്രതയോടെ കഥയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന അത്ഭുതസിദ്ധിയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. *രഹസ്യം, ഭാര്യയുടെ മുഖം,  മുഴക്കം, കടൽവിളക്കുകൾ, അഞ്ചാമൻ, കവല, രക്ഷകൻ, അലമാലകളിൽ, ഉറുക്കും മാംസവും, കടൽ മനുഷ്യൻ, വണ്ടികൾ നീങ്ങുന്നു, പായസം* എന്നിങ്ങനെ ഒട്ടനവധി കഥകൾ ഉണ്ട്. കൂടാതെ നോവലുകളും നാടകവും, യാത്രാവിവരണങ്ങളും, അതിലുപരി ഒട്ടേറെ വിവർത്തനങ്ങളും ഇദ്ദേഹത്തിൻേതായി ഇറങ്ങിയിട്ടുണ്ട് എന്നാൽ  നമ്മുടെ സാഹിത്യ രംഗത്ത് ടാറ്റാപുരം സുകുമാരന് അർഹമായ സ്ഥാനം ലഭിച്ചോ എന്നതിൽ  സംശയമുണ്ട്. ഓരോ കഥകളിലൂടെ പോകുമ്പോഴും  അതിന്റെ വൈചിത്ര്യവും വൈവിധ്യവും നമുക്ക് തിരിച്ചറിയാനാകും. 
-----------------------------------------------------------------
കണ്ണാടി ഓൺലൈൻ മാഗസിനിൽ 
http://kannadimagazine.com/index.php?article=708

No comments:

Post a Comment