Saturday, 27 June 2015

വിഷം വിളമ്പുന്ന ദൈവത്തിന്‍റെ സ്വന്തം നാട്

ലേഖനം 


വിഷം തിന്നാൻ ഒട്ടും മടിയില്ലാത്ത ഒരു സമൂഹം വളരുന്ന ലോകത്തെ ഒരേയൊരു ഇടത്തെ   എങ്ങനെയാണ്  നമ്മൾ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുക?. ഓരോ കാലത്തും ഓരോ വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ മാത്രം വെളിപാട് ഉണ്ടാകുന്ന മലയാളികളുടെ ഏറ്റവും പുതിയ വെളിപാട് മാത്രമാണ് ആണ് മാഗി എന്നത്!. നമ്മുടെ തനതായ ശീലത്തെ എത്ര പെട്ടെന്നാണ്  മാറ്റി മറിക്കപെട്ടത്?. നെസ്ലെ  എന്ന ആഗോള കുത്തക കമ്പനി വര്ഷങ്ങളായി നല്കി വരുന്ന ഭക്ഷണത്തിന്റെ നിജസ്ഥിതി എത്ര വൈകിയാണ് നാം മനസിലാക്കിയത്?. എന്നിട്ടും അത്രയൊന്നും കൂസലില്ലാതെ നമ്മൾ വീണ്ടും അതിനെ സ്വീകരിക്കാൻ തയ്യാറാകുന്നു എന്നത് മറ്റൊരു വ്യവസായത്തിന്റെ വളര്ച്ചയെ ഏറെ സഹായിക്കുന്നുണ്ട്. അത് മറ്റൊന്നല്ല ആതുര സേവന രംഗം തന്നെ. നാം തിരിച്ചറിയേണ്ട പലതും മനപ്പൂർവം മറക്കുന്നു അതുകൊണ്ട് തന്നെ ഭക്ഷണം ഇന്ന് നമ്മുടെ ആഘോഷമാണ് സമയക്കുറവിനെ പഴിച്ച് വിഷം കഴിക്കുന്ന ആഘോഷം. അതെ ഒരു സിനിമയിലോ മറ്റോ നമ്മൾക്ക്  കാണിച്ചു തരണം, എങ്കിൽ മാത്രമേ ഈ പ്രബുദ്ധ സമൂഹം തിരിച്ചറിയൂ, ഉടൻ നമ്മുടെ ഭരണകൂടം ചലിക്കും തീട്ടൂരം ഇറക്കും മുല്ലപെരിയാറിന്റെ വൈരാഗ്യത്തോടെ ഉത്തരവിടും അതിർത്തി കടത്തില്ല ഇനി എന്ന്!.  

25 ലക്ഷം ടണ്ണ്‍ പച്ചക്കറി ആവശ്യമുള്ള സംസ്ഥാനം ഉത്പാദിപ്പിക്കുന്നതോ വെറും 7 ടണ്ണ്‍ മാത്രവും,, ഓണക്കാലത്തും മറ്റു ആഘോഷ കാലങ്ങളിലും ഇത് 30 മുതൽ 50 ടണ്ണ്‍ വരെ ഉയരുന്നു. ഇനിയിപ്പോ നമ്മുടെ ടെരസ്സുകൾ എല്ലാം ഒത്തുപിടിച്ചാൽ അതിനെ ഒരു പത്ത് ടണ്ണാക്കാം അപ്പോഴും ബാക്കി ആവശ്യത്തിനു എവിടെ പോകും. ഇപ്പോൾ തന്നെ കീടനാശി നിയിൽ മുക്കിയെടുത്ത ഒരു സംസ്ഥാനമായി കേരളം മാറി എന്ന യാഥാർത്ഥ്യം ഇപ്പോഴാണോ നമ്മുടെ ഭരണ കൂടങ്ങൾക്ക് മനസിലായത്. ഭക്ഷണം കിട്ടാതെ മരിക്കുന്ന അനേക ജനങ്ങള് ലോകത്തിന്റെ പലയിടത്തും ഉണ്ട് എന്തിന് നമ്മുടെ ആദിവാസി ഊരുകളിൽ ഇപ്പോഴും ഉണ്ട്. എന്നാൽ ഭൂരിപക്ഷം വരുന്ന ഒരു ജനത ഇന്ന് ഭക്ഷണം കഴിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. വിഷം കുടിച്ചും കടിച്ചും ഇറക്കി  സഞ്ചരിക്കുന്ന രോഗപ്പെട്ടികളായി ഓരോ ശരീരങ്ങളും ചിരുങ്ങുകയാണ്, അതിനു പ്രധാന കാരണമോ കീടനാശിനിയിൽ മുക്കിയെടുത്ത ഭക്ഷണങ്ങളും. നമുക്ക് ഉണ്ടാവേണ്ടത് ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്ന വെളിപാടുകൾ അല്ല. മറിച്ച് സ്ഥായിയായ ഒരു പരിഹാര മാർഗ്ഗമാണ് അതിനു ചിലപ്പോള അല്പ്പം പിന്നോട്ട് നടക്കേണ്ടി വരും അതിനു തയ്യാറായില്ലെങ്കിൽ വിഷം കഴിച്ചു ജീവിച്ചു മരിക്കാൻ തായാരാകുക മാത്രമേ നമ്മുടെ മുന്നില് വഴിയുള്ളൂ. പാരമ്പര്യമായി നമ്മളിലൂടെ കൈമാറേണ്ടിയുന്ന വിലപ്പെട്ട ഒരു സംസ്കാരത്തെ ഇല്ലാതാക്കിയാണ് ആഗോള കുത്തക ഭക്ഷണ രീതികൾ  നാം സ്വീകരിച്ചത്.  ഭൂമി ശാസ്ത്രപരമായി അതാത് പ്രാദേശിക ഭക്ഷണക്രമവും രീതികളും നിലനില്ക്കേണ്ടതിന്റെ ആവശ്യകത ഇനിയും നാം മനസിലാക്കിയിട്ടില്ല. ആഗോള അടിസ്ഥാനത്തില്‍ ഒരു ഭക്ഷണക്രമം ഉണ്ടാക്കുക എന്നത് സ്വീകാര്യമായ ഒരു ആശയമല്ല. കാരണം അതാത് പ്രദേശത്തിന്റെ കാലാവസ്ഥക്കനുസരിച്ചും മണ്ണിന്റെഘടനക്കനുസരിച്ചും രൂപപ്പെട്ട ശരീര ഘടനയാണ് ഓരോരുത്തര്‍ക്കും ഉള്ളത്. അതിന് അടിസ്ഥാനപെടുത്തിയാണ് നമ്മുടെ ഭക്ഷണമുണ്ടാക്കുന്ന വിഭവങ്ങളും, ഉണ്ടാക്കുന്ന രീതിയും, കഴിക്കുന്ന രീതിയും കാലാകാലങ്ങളായി രൂപപ്പെട്ടുവന്നത്. ഏറെ കാലത്തെ അനുഭവവും നിരീക്ഷണവും ഇതിനു പിന്നില്‍ ഉണ്ട്. ഓരോ രുചിയും ഇതിനനുസരിച്ച് വ്യതസ്തമാണ്. അതാത് പ്രദേശത്തിന്റെ തനത് രുചികളുടെ അടിസ്ഥാനം പാരമ്പര്യമായി കൈമാറിവരുന്ന നാട്ടറിവിന്റെ ഭാഗമാണ്. ഈ നാട്ടറിവിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് നമ്മുടെ തന്നെ പാരമ്പര്യത്തെ തിരിച്ചറിയുകയാണ്. നമുക്കന്യമായികൊണ്ടിരിക്കുന്ന നാട്ടറിവിനെ തിരിച്ചു പിടിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്‌. ഇല്ലെങ്കില്‍ പാരമ്പര്യമായി നമുക്ക് ലഭിച്ചുവന്ന അറിവിന്റെ ശേഖരത്തെ നാം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അത് നമ്മോട്‌ മാത്രമല്ല നമ്മുടെ പൂര്‍വ്വികരോടും നമ്മുടെ വരും തലമുറയോടും ചെയ്യുന്ന അനീതിയാണ്. 

ലോകം ആഗോളമായി ചുരുങ്ങിയപ്പോള്‍ ഉണ്ടായ പ്രധാന പ്രശ്നം എന്തിനെയും വിപണിയെ അടിസ്ഥാനമാക്കി കാണുന്നു എന്നതാണ്. അതോടെ വന്‍കിട കോര്‍പ്പറേറ്റ് ശക്തികള്‍ നമ്മുടെ പ്രാദേശിക രുചികളെ പോലും എളുപ്പത്തില്‍ ഹൈജാക്ക് ചെയ്ത് വിപണിയിലേക്ക് ചുരുക്കികൊണ്ടുവന്നു. അറിവിന്റെ വ്യാപനം ഇവര്‍ ഏറ്റെടുത്തതോടെ നാട്ടറിവുകള്‍ ഇവരുടെ ബാങ്കില്‍ മാത്രമൊതുങ്ങുന്ന ഒന്നും, മറ്റെല്ലാവരും വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങുകയും ചെയ്തു. എല്ലാം വാങ്ങിക്കാന്‍ ലഭിക്കുമെന്ന ധാരണയില്‍ നാട്ടറിവുകള്‍ നാം ക്രമേണ കൈവിട്ടു. നമ്മുടെ നാടന്‍ വിത്തുകളും, നാട്ടുവൈദ്യവും അടങ്ങിയ നാട്ടറിവ് ശേഖരത്തെ കൈവിട്ടതോടൊപ്പം നമ്മുടെ തനത് രുചികളും നമുക്കന്യമായികൊണ്ടിരിക്കുകയാണ്. പകരം നമ്മുടെ അടുക്കളകള്‍ ആഗോള കുത്തക കമ്പനികള്‍ പടച്ചുവിടുന്ന ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വേവുനിലങ്ങളായി ചുരുങ്ങുകയാണ്. ഇതിനെ നാം എത്രയും വേഗം തിരിച്ചു പിടിച്ചില്ല എങ്കില്‍ നമ്മുക്ക് നല്‍കേണ്ട വില വളരെ വലുതായിരിക്കും. നമ്മുടെ ആരോഗ്യത്തെ വിപണിയില്‍ വിലപേശുന്ന സാഹചര്യത്തില്‍, മരുന്ന് വിപണി നമ്മെ കാര്‍ന്നു തിന്നുന്ന ഈ കാലത്ത്‌, ആതുരസേവനം കച്ചവടത്തിന് തീരെഴുതികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ തിരിച്ചു പിടിക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
 

നമ്മുടെ തനത് രുചികളും നാടന്‍ ഭക്ഷണവും നല്‍കുന്ന ആരോഗ്യകരമായ ഒരന്തരീക്ഷമുണ്ട്. ഇത് വെറും ഗൃഹാതുരത്വം മാത്രമായി ചുരുക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല പ്രാദേശിക മേഖലകളിലെ ചെറു ഭക്ഷണശാലകള്‍ ഉണ്ടാക്കുന്ന ഒരു പാരസ്പര്യം വളരെ വലുതാണ്‌. അവര്‍ രുചികള്‍ മാത്രമല്ല കൈമാറുന്നത് മാനസികമായ ഒരടുപ്പവും കൂടിയാണ്. ഇത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ, സമാധാനത്തെ, സാഹോദര്യത്തെ നിലനിര്‍ത്തുന്ന ഒന്നാണ്. വ്യവസായിക അടിസ്ഥാനത്തില്‍ വലിയ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ അമിത ലാഭം നേടിവാനോ ഇത്തരം ചെറു സ്ഥാപനങ്ങള്‍ക്ക് അവസരമോ താല്പര്യമോ ഉണ്ടാകാന്‍ ഇടയില്ല. മാത്രമല്ല അവര്‍ തങ്ങളുടെ സ്ഥിരം ഉപഭോക്താക്കളെ കൂടുതല്‍ തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ തങ്ങളുടെ നാട്ടറിവുകള്‍ പ്രയോജനപ്പെടുത്തി തനത് നാടന്‍ രുചികളെ നിലനിര്‍ത്താന്‍ ശ്രമിക്കും. ഈ ആവശ്യം സാധാരണ വന്‍കിട കച്ചവടക്കാര്‍ പിന്തുടരാന്‍ സാധ്യതയില്ല കാരണം അവര്‍ കാണുന്ന കച്ചവട പരിസരം ചുരുങ്ങിയ ഒരിടമല്ല, അവര്‍ പ്രതീക്ഷിക്കുന്ന ലാഭം ചെറുതുമല്ല.

തനത് ഭക്ഷണ ശാലകള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പലതും പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതോ കൃഷിചെയ്യുന്നതോ ആയിരുന്നു .എന്നാൽ ഇന്ന്  കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം തുടങ്ങിയതോടെ ആരോഗ്യകരമായ ഭക്ഷണം എന്നത് മാറി പകരം ലാഭകരമായ ഒന്നായി ചുരുങ്ങി. അമിതമായ കീടനാശിനി പ്രയോഗം നമുക്കിടയില്‍ രോഗത്തെ വളര്‍ത്തി. കൂടാതെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ പോലും രോഗത്തെ കൊണ്ടുവരുന്ന ഒന്നായി മാറി. നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാകിയിരുന്ന മണ്‍കലങ്ങളും മറ്റു പാത്രങ്ങളും നമുക്കന്യമായി പകരം അലുമിനിയവും, അത്യാപകടകാരിയായ പ്ലാസ്റ്റിക്കും നമ്മുടെ അടുക്കളകള്‍ കയ്യടക്കി. നാടന്‍ ഭക്ഷണമായ നമ്മുടെ പുട്ടും കടലയും, കാച്ചിലും, കിഴങ്ങും, പത്തിരിയും തേങ്ങാപാലും, അങ്ങനെ പലതും നമുക്കന്യമായി.പകരം വിഷമയമായ നിറങ്ങളും മറ്റും ചേര്‍ത്ത ബേക്കറി ഉല്‍പ്പന്നങ്ങളും അപകടകാരിയായ മൈദകൊണ്ടുണ്ടാകിയ പൊറോട്ടയും,നൂഡില്‍സും, കെന്റക്കിയും  മറ്റും നമ്മുടെ നിത്യ ഭക്ഷണത്തില്‍ കടന്നുകൂടി. ദാഹം ശമിപ്പിക്കാനായി നാം വളരെ പണ്ട് മുതലേ സ്വീകരിച്ചു വന്നിരുന്ന മോരും വെള്ളവും, നന്നാരി സര്‍ബത്തും, നാരങ്ങാവെള്ളവും നാം പടിക്കു പുറത്ത്‌ നിര്‍ത്തി. പകരം വിഷം കലര്‍ന്ന കോളയുല്പന്നങ്ങളും മറ്റു പ്രിസര്‍വേറ്റീവ് ചേര്‍ത്ത ശീതളപാനീയങ്ങളും നമ്മുടെ സ്വീകരനമുറികളിലെ മേശകളില്‍ നിറഞ്ഞു. അതോടൊപ്പം  നിയോ കൊളോണിയല്‍ തന്ത്രമായ ഉപയോഗ ശേഷം വലിച്ചെറിയുകഎന്ന ചീത്ത സംസ്കാരത്തെ നാം കൂട്ടിനു പിടിച്ചു അതോടെ മാലിന്യങ്ങള്‍ കുന്നുകൂടുന്ന ഇടമായി നമ്മുടെ ഭൂമി. മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും ആര്‍ത്തിയും സുഖ ലോലുപത യോടുള്ള അമിതാവേശവും ഉണ്ടാക്കി യെടുത്ത വലിച്ചെറിയല്‍ സംസ്കാരം ലോകത്താകെ ഇന്ന്  വ്യാപിച്ചു കഴിഞ്ഞു. ഈ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. 

നിര്‍ഭാഗ്യ വശാല്‍ നമ്മുടെയൊക്കെ നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന, സൂക്ഷിക്കുന്ന, പാകം ചെയ്യുന്നതു വരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഇവ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും ആരും ഗൌരവത്തില്‍ എടുത്തിട്ടില്ല. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷ ത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും. 1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ കാരണക്കാരില്‍ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവകൂടാതെ ഹൃദ്രോഗം,ആമാശയരോഗങ്ങള്‍, ശ്വാസ കോശരോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. എന്താണ് പ്ലാസ്റ്റിക്‌ എന്ന് മനസിലാക്കിയാല്‍ മാത്രമേ അതിന്റെ ഗൗരവം മനസിലാകാന്‍ കഴിയൂ. 

പ്ലാസ്റ്റിക് എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ് ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000 വര്‍ഷം മുതല്‍ 5000 വരെയാണ്. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍, 135 സംയുക്തങ്ങ ളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209 സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു, മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകത്തെ ചെകുത്താന്‍ തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി വി സി പൈപ്പിലും (പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തി നുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍ സാധ്യത വളരെയധികമാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതി നാലാണിത്. കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ് കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കള ടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ രാസ വസ്തുക്കള്‍ ദീര്‍ഘ കാലം ശരീരത്തില്‍ തന്നെ നില നില്‍ക്കു ന്നതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യരാശിയെ ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാ‍ന്‍ ഉപയോഗിക്കുന്ന ബൈസനോള്‍ എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെ ന്നതിനാല്‍ ഈ രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, കുട്ടികള്‍ക്കും പ്രതികൂലമായി ബാധിക്കും, ഇതിന്റെ പ്രവത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം. താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പുരുഷന്മാരില്‍ ഈ വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണ മാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍ പറയുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വ്യാപകമായതോടെ  ഭൂമിയില്‍ മാലിന്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യ ശരീരത്തില്‍ ഡയോക്സിന്‍, ഫുറാന്‍, താലേറ്റ് പോലുള്ള വിഷങ്ങള്‍ അധികമാകാനും തുടങ്ങി. ഏറ്റവും സാധാരണമായി ഉപയോഗിച്ചു വരുന്ന പാര്‍സല്‍ പാത്രങ്ങളുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിടയ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ഇങ്ങനെ നിരന്തരം ധാരാളം വിഷം നമ്മുടെ ആമാശയ ത്തിലെത്തുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാത്രം മാലിന്യത്തെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തോടൊപ്പം ഭൂമിയേയും നാം മലിനമാക്കുന്നു. ഒട്ടു മിക്ക പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഇത്തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടം വരുത്തുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും പ്ലാസ്റ്റിക്കിന്റെ വ്യാപനം അതിവേഗത്തില്‍ വര്‍ദ്ധിച്ചു വരികയാണ് നാടന്‍ ഭക്ഷണ ശാലകള്‍ക്ക് ഇതിനെതിരെ ഒരു പ്രതിരോധം സാധ്യമാണ്.

ഒരു വശത്ത്  പ്ലാസ്റ്റിക്‌ നമ്മുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും കാര്ന്നു തിന്നുമ്പോൾ മറുവശത്ത്  നാം ഏറെ ആരോഗ്യകരം എന്ന വിശ്വസിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും അടിക്കുന്ന കീടനാശിനി നമ്മെ നിത്യരോഗികളാക്കി മാറ്റുന്നു കാർബോ  ഫ്യൂറാൻ , കാര്ബാറിൻ, മാലത്തിയോണ്‍, ഫോറേറ്റ്, ക്ലോർപൈറിഫോസ്, എൻഡോസൾഫാൻ തുടങ്ങി എണ്ണിയാൽ തീരാത്ത കീടനാശിനികൾ നമ്മളിലേക്ക് പ്രവേശിക്കുന്നു. കൂടാതെ വിവിധ ധാന്യപ്പൊടികളിൽ ചേര്ക്കുന്ന രാസ വസ്തുക്കൾ. മുളകുപൊടിയിൽ  സുഡാൻ, പിന്നെ റെഡ് ഓക്സൈഡ്, ഇഷ്ടിക പൊടി, മഞ്ഞൾപ്പൊടിയിൽ  മേന്റയിൻ യെല്ലോ, തേയിലയിൽ വിവിധ രാസ പദാർഥങ്ങൾ അടങ്ങിയ കളർ, കാന്തപ്പൊടി, പഞ്ചസാരയിൽ യൂറിയ, ചോക്ക്പ്പൊടി, എണ്ണകളിൽ, പാലിൽ, കുപ്പിവെള്ളത്തിൽ ഏറെ പരിശുദ്ധം എന്ന് വിശ്വസിക്കുന്ന ഇളനീരിൽ  എന്ന് വേണ്ട നിലവിൽ  നാം ഉപയോഗിക്കുന്ന ഒട്ടുമിക്കവയും മാരകമായ വിഷങ്ങൾ അടങ്ങിയവയാണ് എന്ന സത്യം വൈകിയാണ് എങ്കിലും നാം തിരിച്ചറിഞ്ഞിരിക്കുന്നു. ലോകത്ത് 200000 ജനങ്ങളാണ് പ്രതി വര്ഷം ഭക്ഷണത്തിലൂടെയുള്ള കീടനാശിനി മൂലം മരിക്കുന്നു എന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്.  പ്രകൃതിയിലേക്ക് മടങ്ങുക ആരോഗ്യകരമായ കൃഷിരീതി പിൻപറ്റുക അതിഅനുസരിച്ച കാർഷിക സംസ്കാരം വളര്ത്തുക എന്നാൽ പ്രതീക്ഷകൾ  ഉയര്ത്തുമാർ  ഇപ്പോള്‍ ചിലയിടങ്ങളില്‍ എങ്കിലും ചില ബദല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ആശ്വാസം തരുന്ന വാര്‍ത്തയാണ്. പ്രകൃതിക്കനുസൃതമായ ഒരു ജീവിത സാഹചര്യത്തെ നിലനിര്‍ത്തുവാനും അതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനും ഇത്തരം ചെറു സംരംഭങ്ങള്‍ക്ക് സാധിക്കും. തനത് രുചികളെ നിലനിര്‍ത്താന്‍ ഇത്തരം ബദല്‍ സാധ്യതള്‍ ഏറെ പ്രയോജനം ചെയ്യും. ഇത്തരം സാധ്യതള്‍ നിലനിര്‍ത്തുന്നത് വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. നമ്മുടെ രുചികളും നാടന്‍ ഭക്ഷണരീതികളും വരും തലമുറയ്ക്ക് കൈമാറേണ്ട ചുമതല നമ്മളില്‍ നിക്ഷിപ്തമാണ്. അതിനാല്‍ വന്‍ കോര്‍പ്പറേറ്റ് കുത്തകള്‍ ഇത്തരം കാര്യങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതിനെ ചെറുത്ത് നമ്മുടെ ഗ്രാമങ്ങളെ സംരക്ഷികേണ്ട ചുമതല ഇന്ന് നാം എറ്റെടുത്തിലെങ്കില്‍ വരും തലമുറയോട് നാം കണക്ക് പറയേണ്ടി വരും.
   *************************************************************

മലയാളസമീക്ഷയില്‍ വന്നത് 27/06/2015

No comments:

Post a Comment