കവിത
ഞാന്‍ ഷൈമ*
ജനനമെന്ന
കൌതുകം എനിക്കില്ല.
മുലപ്പാലിന്‍റെ
രുചിയും എനിക്കന്യം.
എനിക്കെന്നും
അമ്മയുടെ മാറ്
നെടുകെ പിളര്‍ന്ന
ഒരു രക്തഗര്‍ത്തം,
മുഖം ചിതറിയ
പളുങ്ക്
ജീവന്‍
ഒരിറ്റായ്
നേര്‍ത്ത കുഴലിലൂടെ
അരിച്ചിറങ്ങുമ്പോള്‍
വേണ്ടായിരുന്നെന്ന്
തോന്നിപ്പോകുന്നത്
ദൈവ നിഷേധമാകുമോ?
അതേ, എന്റെ ജന്മം
ഒരു പൊട്ടിത്തെറിയാണ്
ആരോ, ആരെയോ,
എന്തോ, എന്തിനോ,
വേണ്ടി ചെയ്യുന്ന
പാതകം.
പിറവി തന്നെ
ഇരുട്ടില്‍,
ഇനി ഇരുട്ടോടിരുട്ട്.
എന്നെങ്കിലും
നിന്റെ കലി തീരുമ്പോള്‍
എനിക്കൊന്നു പറഞ്ഞു തരണം
എന്തിനാണ് നീ എന്നെ
ഒരു ബോംബിനുള്ളില്‍
നിറച്ചതെന്ന്?
----------------------
*ഷൈമ - ഗാസയില്‍ ഇസ്രയേലിന്‍റെ ബോംബാക്രമണത്തില്‍ മരിച്ച ഷൈമ എന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും ഓപറേഷന്‍ ചെയ്തെടുത്ത ഷൈമ എന്ന പേരുതന്നെയുള്ള കുട്ടി