Sunday, 25 December 2011

വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നുമ്പോള്‍


മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തി കൊണ്ടുവരാന്‍ അഹോരാത്രം ശ്രമിക്കുന്ന വലിയൊരു പക്ഷം നമ്മുടെ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണ വര്‍ഗ്ഗത്തിലും ഉണ്ട്. ഭരണാധികാരികള്‍ തന്നെ മുതലാളിത്ത ദല്ലാളന്മാര്‍ ആകുന്ന അവസ്ഥ ദയനീയം തന്നെ. ആഗോളവല്‍ക്കരണത്തിന്റെ പ്രകടമായ ഒരു കാര്യം മൂന്നാംലോക രാജ്യങ്ങളിലെ ഭരണ കൂടങ്ങളെ എളുപ്പത്തില്‍ വലവീശി പിടിക്കുന്നു എന്നതാണ്. ഏറെ വാഗ്ദാനങ്ങളും, കുറെ സ്വപ്നങ്ങളും നിറച്ചുകൊണ്ട് വലവീശുമ്പോള്‍ അധികാര സുഖം നുണയാന്‍, അതിനെ നിലനിര്‍ത്താന്‍ അവര്‍ തരുന്ന എന്തും തന്‍റെ ജനങ്ങള്‍ക്കുമീതെ കേട്ടിവെക്കുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് നമുക്ക് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്. ആഗോള കുത്തക കമ്പനികള്‍ ഇന്ത്യന്‍ വിപണി കൈയടക്കുന്നതിനെ വലതുപക്ഷ രാഷ്ട്രീയ ഭാഷയില്‍ ഇന്ത്യ ലോകത്തിന്‍റെ നെറുകയിലേക്ക് മുന്നേറി കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നിരവധി തവണ ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങളും പ്രസ്താവനകളും ഇന്ത്യന്‍ ജനത കേട്ട് കഴിഞ്ഞതാണ്. വര്‍ഷാവര്‍ഷം ഇന്ത്യയുടെ കടബാധ്യത വര്‍ദ്ധിച്ചുവരുന്നതല്ലാതെ ഇതുവരെ കുറഞ്ഞു വന്നതായി കണ്ടിട്ടില്ല. ഇപ്പോഴിതാ വ്യവസായിക ഉത്പാദനത്തിന്റെ ഇടിവ്  ഏറ്റവും താഴേക്ക് പോയി നെഗറ്റിവില്‍ എത്തിനില്‍ക്കുന്നു. 1992 മുതല്‍ ഇന്ത്യ സ്വീകരിച്ചു വന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ പരിണിതഫലമാണ് ഈ തകര്‍ച്ച. ഈ തകര്‍ച്ച കോര്‍പ്പറേറ്റ്‌ ശക്തികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കത്തുന്ന പുരയുടെ കൈക്കോല്‍ ഊരുന്ന നിലപാടാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റ് കുത്തകകളും നടത്തുന്നത്. അതിന്റെ ഭാഗമാണ് 2ജി സ്പെക്ട്രം പോലുള്ള വലിയ അഴിമതികള്‍.
നടന്നു കഴിഞ്ഞ ഉച്ചകോടികളും നടക്കാനിരിക്കുന്ന ഉച്ചകോടികളും മുതലാളിത്ത താല്പര്യത്തെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാട് സ്വീകരിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ലോക ജനതയ്ക്ക് മനസിലായിക്കഴിഞ്ഞു. അതാണ്‌ വാള്‍സ്ട്രീറ്റിലും, ബോസ്റ്റണിലും, മോസ്ക്കോയിലും തുടങ്ങി പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. മുതലാളിത്ത താല്പര്യങ്ങള്‍ സാധാരണക്കാരനെ പരിഗണിക്കുന്നില്ല എന്ന സത്യം ഇവര്‍ക്ക് മനസിലായതോടെ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങി. സമരം ചെയ്യേണ്ട നിര്‍ബന്ധിതാവസ്ഥ ലോകത്ത് ഉരിത്തിരിയുന്ന സാഹചര്യത്തിലാണ് നമ്മുടെ ചെറുകിട വ്യാപാര മേഖല കുത്തകള്‍ക്ക് കൈമാറാന്‍ ശ്രമിച്ചത്‌. ഈ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 1991 ല്‍ മന്മോഹന്‍ സിംഗ് ധനമന്ത്രിയായി വന്ന അന്ന് മുതല്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്റണ്‍, ഇപ്പോഴത്തെ പ്രസിഡന്‍റ് ബരാക്‌ ഒബാമ എന്നിവരും മറ്റു യു. എസ് ഉദ്ദ്യോഗസ്തരും ഇതിനു വേണ്ടി മാത്രം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വാള്‍ മാര്‍ട്ട്‌ ഇന്ത്യയില്‍ കണ്ണുവെച്ച്‌ പ്രധാന മന്ത്രിയെ കൂട്ടുപിടിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കച്ചവടത്തെ ഇത്രയും കാലം ഒരു പരിധി വരെ ഇടതുപക്ഷം പ്രതിരോധിച്ചു പോന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷമാകുന്ന ഏതു സാഹചര്യത്തിലും ഈ കച്ചവടം നടക്കുമെന്ന് ഉറപ്പാണ്‌. സ്വതന്ത്ര വിപണി തുറന്നുകൊടുക്കുക എന്ന മുതലാളിത്ത ആശയത്തെ എങ്ങിനെയെങ്കിലും നടപ്പിലാക്കുവാനുള്ള തന്ത്രപ്പാടിലാണ് നമ്മുടെ പ്രധാനമന്ത്രിയും കൂട്ടരും. ഇന്ത്യയിലെ ചെറുകിട ചില്ലറ വ്യാപാര മേഖല ആഗോളീകരിക്കുക എന്നത് കൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നത് കുത്തക കമ്പനികള്‍ക്കായി വാതില്‍ തുറന്നിടുക എന്നതാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഏറെ ആഘാതം സൃഷ്ടിക്കാവുന്ന ഈ നയത്തെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ തന്നെ അനുകൂലിക്കുന്നു. 2010 ലെ കണക്ക് പ്രകാരം ഏതാണ്ട് 14000 കോടി രൂപയുടെ ക്രയവിക്രയം ചില്ലറ വ്യാപാരത്തിലൂടെ നടന്നു കഴിഞ്ഞു എന്നാണ്. ഇതിനകം തന്നെ വിവിധ തന്ത്രങ്ങളിലൂടെ ചെറുകിട ചില്ലറ വ്യാപാര മേഖലയുടെ മൂന്നു ശതമാനത്തിലധികം കുത്തക കമ്പനികളുടെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞു ബിനാമി വഴിയും മറ്റു സ്രോതസ്സുകള്‍ ഉപയോഗിച്ചും നിരന്തരം ഇന്ത്യന്‍ വിപണിയെ കയ്യടക്കി ലാഭം കൊയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഈ കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാന മന്ത്രി വാദിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല ഒരു സുരക്ഷിത വിപണിയാണ് എന്നുമാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ കടപുഴകി വീഴാവുന്ന പല ബഹുരാഷ്ട്ര കുത്തക കമ്പനികളുടെയും പ്രതീക്ഷയാണ് ഇന്ത്യന്‍ വിപണി. ഇന്ത്യയിലെ തന്നെ കുത്തക കമ്പനികള്‍ ഈ രംഗത്തേക്ക് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. കെട്ടിപ്പൊക്കിയ ഊഹക്കച്ചവടം തലയ്ക്കു വലിയ ഭാരമായി നില്‍ക്കുമ്പോള്‍ അവര്‍ക്കും പ്രതീക്ഷ ചെറുകുട വിപണി തന്നെയാണ്. ഇതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കുക എന്ന ഗൂഡലക്ഷ്യത്തെ ചെറുതായി കണ്ടുകൂടാ. നിലവില്‍ ചെറുകിട വ്യാപാര-വ്യവസായ മേഖല സാധാരണക്കാരില്‍ ചുറ്റിപറ്റി പന്തലിച്ചു കിടക്കുന്നതാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ വഴി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇതിന്റെ ലാഭ വിഹിതം പങ്കിടപ്പെടുന്നു. കേന്ദ്രം ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുമ്പോളും ഈ പങ്കിടല്‍ സാധ്യമാകില്ല. പകരം ജനങ്ങള്‍ക്ക്‌ തൊഴില്‍ വേതനം മാത്രം നല്‍കപ്പെടുമ്പോള്‍ ലാഭ വിഹിതം മുഴുവന്‍ ഒന്നോ രണ്ടോ കുത്തക കമ്പനികള്‍ മാത്രമായിരിക്കും. ഈ മുഖ്യ ലഭോക്താവ് മറ്റാരുമല്ല വിപണിയെ ആദ്യം കയ്യടക്കുന്ന ഏതെങ്കിലും കുത്തക കമ്പനികളാവും. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പ്രലോഭനങ്ങളെ മറികടക്കാനുള്ള കഴിവില്ലയ്മയെ ഇവര്‍ ചൂഷണം ചെയ്യും. മികച്ച പരസ്യ തന്ത്രങ്ങളിലൂടെ സാധാരണക്കാരെ ആകര്‍ഷിക്കുവാനും വേര് ഒരു ഉപഭോക്താവ് മാത്രമായി ചുരുക്കി കൊണ്ടുവരാനും എളുപ്പത്തില്‍ കുത്തക കമ്പനികള്‍ക്ക് സാധിക്കും. ഇതിന്‍റെ ആദ്യ ചുവടുകള്‍ നമുക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. ഇന്ന് ഷോപ്പിംഗ്‌ എന്നത് സാധാരണക്കാരന് പോലും ഇന്ന് ഹോബിയായി മാറിയത്‌ അതിനാലാണ്. ലാഭത്തിന്റെ ഒരു ശതമാനം പോലും വരാത്ത സമ്മാന മഴയില്‍ ആകൃഷ്ടരായി നാം ഈ ഷോപ്പിംഗ്‌ സംസ്കാരത്തെ അറിയാതെ പ്രോത്സാഹിപ്പിക്കുമ്പോള്‍ പെട്ടിക്കട നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളുടെ ജീവിതം നാമറിയാതെ ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒട്ടനവധി ജീവിതങ്ങളെ മുരടിപ്പിക്കുന്ന 'ഒരു കുടക്കീഴില്‍ എല്ലാമെന്ന' മുതലാളിത്ത ആശയം എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ഒന്നായതിനാല്‍ ആരും ഈ കെണിയില്‍ വേഗത്തില്‍ വീഴും. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചെറുകിട വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളുടെ പങ്കാളിത്തം നടപ്പിലായാല്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും വലിയ ഷോപ്പിംഗ്‌ മാളുകള്‍ ഉണ്ടാകും. ഇതിനെയും വികസനമായി കാണുന്നവര്‍ ചെറുകിട കച്ചവടക്കാരന്‍റെ തകര്‍ച്ച കാണാത്തവരോ, കണ്ടില്ലെന്നു നടിക്കുന്നവരോ ആണ്. ചെറുകിട വ്യാപാരം മുഴുവനായി കുത്തകകളുടെ നിയന്ത്രണത്തില്‍ ആകുന്നതോടെ വിപണിയിലെ വില നിയന്ത്രണവും അവരുടെ കൈകളിലാകും. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം അതാത് കമ്പനികള്‍ക്ക് നല്‍കിയതോടെ ഉണ്ടായ വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്. ഉത്‌പന്നങ്ങള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധനവ്‌ ഉണ്ടാകാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും.

നിലവിലെ പരസ്പരം സഹകരിച്ചു കൊണ്ടുള്ള സാമൂഹികാന്തരീക്ഷത്തില്‍ ചെറുകിട വ്യാപാരത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നമ്മുടെ വിപണിയുടെ സ്വഭാവം മാറ്റപ്പെടാം. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ സാമൂഹിക സമ്പര്‍ക്കം നിലനിര്‍ത്തുന്ന പാരസ്പര്യവും വിശ്വാസവും തകരും അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. ഈ പാരസ്പര്യവും ആത്മബന്ധവും നിലനിര്‍ത്താല്‍ ഈ ആഗോള കുത്തകള്‍ക്ക് സാധിക്കുകയില്ല എന്ന് മാത്രമല്ല ജനതയോടുള്ള സാമൂഹിക പ്രതിബദ്ധത ഇവര്‍ക്കുണ്ടാവാന്‍ സാധ്യതയുമില്ല. വലിയ കേട്ടിട സമുച്ചയങ്ങളും ഷോപ്പിംഗ്‌ മാളുകളുമാണ് വികസനത്തിന്‍റെ മുഖമെന്ന് തെറ്റിദ്ധരിക്കപെട്ട ഒരു ജനതയ്ക്ക് മീതെയാണ് ഭരണകൂടം ഇത്തരം നയങ്ങള്‍ വിതറുന്നതെന്ന ഭയാനകമായ വസ്ഥയെ തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇനിയും നമ്മളില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു നയം രൂപീകരിക്കുമ്പോള്‍ സാധാരണ ജനപക്ഷത്തെ അവഗണിക്കുകയും വന്‍കിട മുതലാളിത്ത കമ്പനികളുടെ താല്പര്യത്തെ വേണ്ടവിധം സംരക്ഷിക്കുകയും ചെയ്യുന്ന ഇന്നത്തെ ഭരണകൂടം ഇന്ത്യയെ തന്നെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. "ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ ബാധിക്കും എന്നുനോക്കി തീരുമാനമെടുക്കുക" എന്ന് പറഞ്ഞ ഗാന്ധിജിയുടെ അനുയായികള്‍ തന്നെയാണോ ഈ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നത്? ഇതാണോ മന്മോഹന്‍ സിംഗ് സാമ്പത്തിക നയങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കുമെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം‌? ഇത് സാധാരണക്കാരന്‍റെയോ ദരിദ്രന്‍റെയോ മുഖമല്ലെന്നും കോട്ടും സ്യൂട്ടുമണിഞ്ഞ മുതലാളിത്തത്തിന്‍റെ മുഖമാണെന്നും ഈ ഭരണകൂടം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുതലാളിത്തത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ സാധാരണക്കാരായ ജനങ്ങളെ പാടെ മറക്കുന്നു. ഭയപ്പെടുത്തുന്ന ഒട്ടനവധി തീരുമാനങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടായി. ആഗോളവല്‍ക്കരണത്തിന്‍റെ ഭയാനകമായ നയങ്ങളെ ഭരണകൂടം തന്നെ പ്രോത്സാഹനം നല്‍കുമ്പോള്‍ ജനങ്ങള്‍ വലയുമെന്നതിനു തെളിവാണ് ഗാട്ട്, ആണവ കരാറുകളും ഒപ്പിട്ടപ്പോള്‍ നാം കണ്ടത്ത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്ക് വഴിവെച്ച ഗാട്ട് കരാറും, ഇന്ത്യയുടെ സമ്പത്തിനും പ്രകൃതിക്കും മനുഷ്യര്‍ക്കും ഒരുപോലെ നാശം വിതക്കുന്ന ആണവ കരാറും ഇതേ ഭരണ നേതൃത്വങ്ങള്‍ തന്നെ ജനതയ്ക്കു തലയില്‍ കേട്ടിവെച്ചത്. ഫുക്കുഷിമയിലെ ദുരന്തമൊന്നും മനസിലാക്കാതെ കൂടംകുളം ആണവനിലയത്തിനായി വാദിക്കുന്നതും ഇവര്‍ തന്നെ. രണ്ടാം ഹരിത വിപ്ലവത്തിന് തയ്യാറാവാന്‍ പറഞ്ഞതും ഇതേ പ്രധാനമന്ത്രി തന്നെ. ഈ സമയം ഒന്നാം ഹരിത വിപ്ലവത്തിന്‍റെ ഗുണഭോക്താക്കള്‍ ആരായിരുന്നെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. രാസവള കമ്പനികളും കീടനാശിനി കമ്പനികളും ലാഭം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ഷകര്‍ ദിനംപ്രതി ദുരിതത്തില്‍ നിന്നും കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കപെടുകയാണ് ഉണ്ടായത്‌. ഒന്നാം ഹരിത വിപ്ലവത്തിന്റെ പോരായ്മകള്‍ ചര്‍ച്ച ചെയ്യാതെ വീണ്ടും കുത്തക കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍ ഉണ്ടാകുകയാണ്. നമ്മുടെ കാര്‍ഷിക മേഖല തകര്‍ന്നതോടെയാണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങിയതും. ഗാട്ട് കരാറും പേറ്റന്റ് നിയമങ്ങളും മുതലാളിത്ത താല്പര്യത്തിന് അനുസരിച്ച് നടപ്പിലാക്കിയത്‌ പോലെ സ്വതന്ത്ര വിപണി തുറന്നു കൊടുത്ത്‌ ചെറുകിട വ്യാപാര മേഖലയെ കൂടി ആഗോള താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കുവാനാണ് നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സഖ്യകക്ഷികളുടെ എതിര്‍പ്പുകള്‍ മറികടക്കനാവാതെ താല്‍കാലികമായി ഇതിനെ മാറ്റി വെച്ച് എങ്കിലും ഇപ്പോഴും ഈ ബില്‍ അതി ശക്തിയായി തിരിച്ചുവരാം. ഇപ്പോള്‍ എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളായ സഖ്യ കക്ഷികള്‍ക്ക് തക്കതായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ അവര്‍ ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങിയേക്കാം. ആണവ കരാറിന്‍റെ സമയത്തും അഹു തന്നെയാണല്ലോ സംഭവിച്ചത്. വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നു തീര്‍ക്കട്ടെ എന്ന് തന്നെയാണ് ഇതിനര്‍ത്ഥം. അതിന് നമ്മുടെ ഭരണകൂടം തന്നെ ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇത്തരം നയങ്ങള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ പേറുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണെന്ന സത്യം നമ്മുടെ ഭരണാധികാരികള്‍ മറക്കുന്നു. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയം നമുക്കുണ്ടായില്ലെങ്കില്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതായിരിക്കും.            


 

Sunday, 11 December 2011

അവയവദാനത്തിന്റെ പ്രസക്തിയും രാഷ്ട്രീയവവും

ലേഖനം

നുഷ്യരാശിയുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് ജൈവസാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ജീനുകളുടെ കണ്ടെത്തലുകള്‍ തുടങ്ങി ക്ലോണിംഗ് വരെ നീളുന്ന ജീവശാസ്ത്രശാഖയിലെ വിപ്ലവകരമായ ഓരോ കണ്ടെത്തലുകളും അതുവരെ നാം വിശ്വസിച്ചുപോരുന്ന പലതിനെയും തകര്‍ക്കുന്നതായിരുന്നു. വ്രണത്തില്‍ നിന്ന് പൊടിയുന്ന ചലത്തില്‍ നിന്ന് ഡി. എന്‍. എയെ ആദ്യമായി വേര്‍തിരിച്ചെടുത്തത് 1856ല്‍ ജോഹാന്‍ ഫ്രീഡ്രിക്ക് മീസ്ചെര്‍ എന്ന ശാസ്ത്രജ്ഞനാണ്. ഈ കണ്ടുപിടുത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചു. തുടര്‍ന്ന് 1953ല്‍ ജെയിംസ് ഡി വാട്സണും ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്ന് ഡി. എന്‍. എയുടെ തന്മാത്രീയഘടനയെ കണ്ടുപിടിച്ച് ഇരുപതാംനൂറ്റാണ്ടിലെ ജീവശാസ്ത്രശാഖയില്‍ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കി. ജീവശാസ്ത്രരംഗത്തെ ഈ മുന്നേറ്റം ഇന്ന് വികസിച്ച് മാതൃകോശത്തില്‍ നിന്നും അവയവങ്ങള്‍ സൃഷ്ടിച്ചെടുക്കാനാവുമെന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. ഇത് ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുമെന്ന പ്രതീക്ഷ വളര്‍ത്തി. ഒരാളുടെ മാതൃകോശമുപയോഗിച്ചു തന്നെ അയാളുടെ ഏതു അവയവവും, കോശസമൂഹവും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ് സ്റ്റെംസെല്‍ ഗവേഷണരംഗം വിജയകരമാകുന്നതിലൂടെയുള്ള പ്രയോജനം. 1980ല്‍ തുടക്കമിട്ട ഈ ഗവേഷണം ഇന്ന് ഏറെ മുന്നേറിക്കഴിഞ്ഞു.
കോടാനുകോടി കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ശരീരം സൃഷിക്കപ്പെട്ടത് ഒറ്റ ഭ്രൂണത്തില്‍ നിന്നാണ്. ഭ്രൂണം വളരുംതോറും മാതൃകോശത്തില്‍ നിന്ന് പ്രത്യേക ധര്‍മങ്ങള്‍ക്കനുസരിച്ച കോശങ്ങള്‍ ഉണ്ടായി അവയവങ്ങള്‍ക്ക് രൂപം നല്‍കുന്നു. ഇങ്ങനെ രൂപപ്പെടുന്ന ശരീരത്തിലെ വിവിധഅവയവങ്ങളുടെ സര്‍വസ്വഭാവവും മാതൃകോശത്തില്‍ അടങ്ങിയിരിക്കും. അതുകൊണ്ടാണ് മാതൃകോശത്തില്‍ നിന്ന് ആവശ്യമായ കോശങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നത്. ശരീരത്തില്‍ നിന്നും നശിച്ചുപോയതോ കേടുവന്നതോ ആയ കോശങ്ങളെ സ്വന്തം മാതൃകോശത്തില്‍നിന്നുതന്നെ സ്വീകരിക്കുന്നതിനാല്‍ ശരീരം അതിനെ പുറന്തള്ളുകയില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ വളര്‍ച്ച പ്രാപിച്ച കോശസമൂഹങ്ങളില്‍ നിന്നും മാതൃകോശങ്ങളെ വേര്‍ത്തിരിച്ചെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് നവജാതശിശുക്കളുടെ പൊക്കിള്‍ക്കൊടിയില്‍നിന്നുള്ള രക്തത്തില്‍ അടങ്ങിയ മാതൃകോശം ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്ന രീതി ലോകത്ത്‌ വ്യാപിച്ചത്. ഈ രീതി വ്യാപകമാകുന്നതോടെ അവയവബാങ്കുകളെന്ന സങ്കല്‍പ്പം സാര്‍വത്രികമായി മാറി. ഇപ്പോള്‍ തന്നെ യൂറോപ്പിലും അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും സ്റ്റെംസെല്‍ ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഗുണപരമായ ഈ കണ്ടുപിടുത്തത്തെ കച്ചവടലാഭത്തിനായി ഉപയോഗിച്ചു തുടങ്ങിയാല്‍ ഉണ്ടാകുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.
പാര്‍ക്കിന്‍സന്‍സ്, ഹൃദയരോഗങ്ങള്‍, അല്‍ഷിമേഴ്സ്‌, തീപൊള്ളല്‍, പേശീ വൈകല്യങ്ങള്‍, സുഷുംനയുടെ പരിക്ക്, ഓസ്‌റ്റിയോ-റുമാറ്റോയ്സ്-ആര്‍ത്രൈറ്റിസ്‌ (സന്ധിവാതം), കരള്‍രോഗങ്ങള്‍, കണ്ണിലെ റെറ്റിനയുടെ തകരാറ് തുടങ്ങി തലമുടിയുണ്ടാക്കുന്ന സ്റ്റെംസെല്‍ പ്രവത്തിക്കാന്‍ വരെ ഈ ചികില്‍സാരീതിയിലൂടെ കഴിയും. കൂടാതെ കാന്‍സര്‍, ഉപാചയവൈകല്യങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവക്കും സ്റ്റെംസെല്‍ ഉപയോഗിച്ചു കൊണ്ടുള്ള ചികില്‍സാരീതിയും പരീക്ഷണഘട്ടത്തില്‍ നിന്നും ഏറെ മുന്നേറിക്കഴിഞ്ഞു. ഇത്രയും പ്രയോജനപ്രദമായ ചികില്‍സാരീതിയെ നാം വേണ്ടവിധത്തില്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ മുതലാളിത്തത്തിന് എളുപ്പത്തില്‍ ഹൈജാക്ക് ചെയ്യാനാവും എന്ന അവസ്ഥയെ ഭയത്തോടെ വേണം കാണാന്‍. ജനിതക എഞ്ചിനീയറിംഗ് രംഗത്തെ കോര്‍പ്പറേറ്റ്‌ ശക്തികളുടെ കടന്നുകയറ്റം പോലെ മരുന്നുല്പാദനരംഗത്തും ചികില്‍സാരംഗത്തും മുതലാളിത്തം അധിനിവേശം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ വേണം മുന്നോട്ടു നീങ്ങാന്‍. ഇവര്‍ നടത്തുന്ന അറിവിന്റെ അധിനിവേശം മൂന്നാം ലോകരാജ്യങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. പുതിയ രോഗങ്ങള്‍ താനേ സൃഷ്ടിച്ച് മരുന്നുവിപണി സജ്ജീവമാക്കുന്ന കുത്തകക്കമ്പനികളും മുതലാളിത്തരാജ്യങ്ങളും ഈ ചികില്‍സാരീതിയെ ഹൈജാക്ക്‌ ചെയ്താല്‍ മൂന്നാംലോകരാജ്യങ്ങളുടെ മനുഷ്യരുടെ അവയവങ്ങളും ജീവനും പണയംവെക്കുന്ന സ്ഥിതി സംജാതമാകും.
കൃഷിയിലും വിവരസാങ്കേതികവിദ്യയിലും അത്തരം പണയപ്പെടലുകള്‍ക്ക് ഇരയാവേണ്ടി വന്നവരാണ് മൂന്നാംലോകജനത. മനുഷ്യന് ഗുണകരമായി മാറേണ്ട പല കണ്ടുപിടുത്തങ്ങളും അവന്റെ നാശത്തിനായാണ് പലപ്പോഴും ഉപയോഗിച്ച് വരുന്നത്. തങ്ങളുടെ അധികാരവും കച്ചവടവും വ്യാപിപ്പിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ ഏറെയും ഉപയോഗിക്കുന്നത് ശാസ്ത്രസാങ്കേതികവിദ്യയെയാണ്. മൂന്നാംലോകരാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ ഗുണകരമായ ആവശ്യങ്ങള്‍ക്കുള്ള സാങ്കേതികവിദ്യയെ സ്വയം വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. സാമ്രാജ്യത്വ അധിനിവേശങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനോടൊപ്പം പുരോഗതിയിലേക്കും കുതിക്കുന്ന നയങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓരോ രാജ്യങ്ങളും ആയുധ മത്സരത്തിന് മുടക്കുന്ന സമ്പത്തിന്റെ പകുതിയെങ്കിലും ജൈവസാങ്കേതികരംഗത്തെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നില്ല എന്നതാണ് സമകാലീനാവസ്ഥ.
എന്തായാലും സ്റ്റെംസെല്‍ ബാങ്കുകള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് ഇപ്പോഴേ ഉണ്ടാവണം. ജനതയുടെ ആരോഗ്യപരിപാലനത്തിനുള്ള സ്റ്റെംസെല്‍ ബാങ്കുകള്‍ ഗവണ്മെന്റ്തന്നെ തുറക്കുന്നതില്‍ തെറ്റൊന്നുമില്ല. അതല്ലെങ്കില്‍ ഇന്നോ നാളെയോ അതും സ്വകാര്യമേഖല കയ്യടക്കും. അതോടെ വിദ്യഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ സ്വകാര്യസ്ഥാപനങ്ങള്‍ വാഴുന്നപോലെ സ്റ്റെംസെല്‍ ബാങ്കുകള്‍ രാജ്യത്താകമാനം കൂണുപോലെ പൊന്തിവരും.

എന്നാല്‍ ഇന്ത്യ ഈ രംഗത്ത്‌ അഭിമാനകരമായ മുന്നേറ്റം നടത്തിയിട്ടുണ്ട് എന്നുള്ളത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. പൂനെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ്, കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്, മുംബൈ, സി. സി. എം. ബി. ഹൈദരാബാദ് എന്നിവിടങ്ങളിലെ ബയോ ടെക്നോളജി വിഭാഗം ഏറെ നേട്ടമുണ്ടാക്കിയത് നമുക്ക്‌ അഭിമാനിക്കാം. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയാരംഗത്ത് സ്റ്റെംസെല്‍ ചികില്‍സാരീതി ഫലവത്തായി പ്രയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ജൈവവൈവിദ്ധ്യവും, മനുഷ്യശേഷിയിയുമുള്ള രാജ്യങ്ങളെയാണ് മുതലാളിത്തം കണ്ണുവെക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥ മുതലെടുത്ത്‌ എളുപ്പത്തില്‍ ഇവര്‍ക്ക് ചേക്കേറാന്‍ പറ്റുമെന്നത് ഗാട്ട്, പേറ്റന്‍റ്, ആണവകരാര്‍ എന്നിവയിലൂടെ പലവട്ടം നമുക്ക് ബോദ്ധ്യപ്പെട്ടതാണ്. ഇപ്പോഴിതാ ചെറുകിടമേഖലയെ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുന്നു. അതിനാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഇത്തരം മേഖലകളെ സമ്പന്ധിച്ച നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഏറെ ജാഗരൂകരാകണം. അല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടംവളരെ വലുതായിരിക്കുമെന്ന തിരിച്ചറിവാണ് ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവേണ്ടത്. അതിനാല്‍ സ്റ്റെംസെല്‍ ഗവേഷണം പോലുള്ള വിപ്ലവകരമായ കണ്ടിപിടുത്തങ്ങള്‍ അതിന്റെ എല്ലാ സാദ്ധ്യതകളും പഠിച്ച് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ വളര്‍ത്തികൊണ്ടുവരണം.

http://chintha.com/node/122151