Monday, 10 June 2013

ജീര്‍ണതകള്‍ ഇല്ലാതാവുന്ന യാത്ര

സിനിമ
                                                  
കലാപത്തിന്റെയുള്ളില്‍ അകപ്പെടുന്നതുവരെ സവര്‍ണ ജാതിബോധത്തിന്റെ ഹുങ്ക് മീനാക്ഷിയില്‍ ഉണ്ടായിരുന്നു. പക്ഷെ, കലാപം മത-ജാതി ബോധങ്ങളെ ഇല്ലാതാക്കുന്നു. ഇരകള്‍ വെറും മനുഷ്യര്‍ മാത്രമാണ് എന്ന് വരച്ചുകാണിക്കാന്‍ സംവിധായകയ്ക്ക് കഴിയുന്നുണ്ട്. ജാതീയതയും തൊട്ടുകൂടായ്മയും ഈ സിനിമയില്‍ വിഷയമാവുന്നുണ്ട്. സവര്‍ണതയുടെ ബിംബമായ മീനാക്ഷി രാജ ചൗധരി മുസ്ലീം ആണെന്ന് പറയുമ്പോള്‍ ഞെട്ടുന്നത് അതുകൊണ്ടാണ്. ഈ സിനിമയുടെ ഏറ്റവും വലിയ സന്ദേശം മതവും ജാതിയും വരച്ചിടുന്ന മതിലുകള്‍ സ്‌നേഹത്തിനും പ്രണയത്തിനും മുന്നില്‍ അപ്രസക്തമാവുന്നു എന്ന മാനവീകതയാണ്. അത് നന്നായി ബോധ്യപ്പെടുത്തുന്നതിന് അപര്‍ണാസെന്നിന് സാധിക്കുന്നു
   
ഇന്ത്യയിലെ ഗ്രാമ, നഗരങ്ങളിലൂടെയുള്ള ഒരു ബസ് യാത്ര, ഒരു സ്ത്രീയും പുരുഷനും യാത്രയില്‍ പരിചയപ്പെടുകയാണ്. ഇന്ത്യന്‍ അവസ്ഥയില്‍ എപ്പോഴും എവിടെയും പ്രതീക്ഷിക്കാവുന്ന വര്‍ഗീയ കലാപം അവരുടെ വഴിയില്‍ കാത്തിരിക്കുന്നു. ബസും യാത്രക്കാരും കലാപത്തിനിടയില്‍ കുടുങ്ങിപ്പോവുന്നു. യാത്രക്കിടയില്‍ മീനാക്ഷി അയ്യരെന്ന സ്ത്രീയും വന്യജീവി ഫോട്ടോഗ്രാഫര്‍ ആയ രാജാ ചൗധരിയും പരിചയപ്പെടുന്നുണ്ട്. അവര്‍ക്കിടയില്‍ മതം അസ്വസ്ഥത ഉണ്ടാക്കുന്നുമുണ്ട്. കലാപം ഒരു മനുഷ്യന്‍ എന്ന നിലയില്‍ തന്റെ കൂടെ യാത്ര ചെയ്യുന്ന കുഞ്ഞിനേയും അമ്മയെയും സംരക്ഷിക്കേണ്ട ചുമതലാ ബോധം ചെറുപ്പക്കാരനില്‍ ഉണര്‍ത്തുന്നു. അവരുടെ സൗഹൃദം വളരുകയാണ്. ഇതാണ് മിസ്റ്റര്‍ & മിസിസ് അയ്യര്‍ എന്ന സിനിമ. മീനാക്ഷി അയ്യരും മകള്‍ സന്താനവും തന്റെ ഭര്‍ത്താവിന്റെ അടുത്തേക്കാണ് പോകുന്നത്. രാജാ ചൗധരിയും സിക്ക്, മുസ്ലീം ദമ്പതികളും മറ്റും അടങ്ങുന്ന സഹയാത്രികരിലൂടെ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ സ്പര്‍ശിക്കാനാണ് അപര്‍ണാ സെന്‍ പരിശ്രമിക്കുന്നത്.

തെക്കേ ഇന്ത്യയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്കുള്ള നീണ്ട ഒരു ബസ് യാത്രയാണ് സിനിമ. യാത്രയിലുടനീളം ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയുടെ പരിച്ഛേദമാണ്. യാത്രാ മദ്ധ്യേ കലാപബാധിത പ്രദോശത്തെത്തുന്നതോടെ ബസ് യാത്ര മുടങ്ങുന്നു. യാത്രാസംഘത്തില്‍ നിന്ന് മീനാക്ഷി അയ്യരും മകള്‍ സന്താനവും രാജാ ചൗധരിയും ഒറ്റപ്പെട്ടുപോകുന്നു. പിന്നെ അവര്‍ ചേര്‍ന്ന് രക്ഷപെടാനുള്ള യാത്രയിലേര്‍പ്പെടുകയാണ്. തന്നെ ഏല്‍പിച്ച സ്ത്രീയെയും കുഞ്ഞിനേയും സുരക്ഷിതമായി തിരികെയേല്‍പ്പിക്കാനുള്ള വ്യഗ്രതയിലാണ് രാജാ ചൗധരിയുള്ളത്. എന്നാല്‍, ഒറ്റപെടുമ്പോള്‍ മനപൂര്‍വ്വം ചതിക്കാന്‍ ഒരുക്കിയ കെണിയില്‍ താന്‍ പെട്ടുപോയതാണോ എന്ന് മീനാക്ഷി ഭയപ്പെടുന്നു. ഇത്തരത്തിലുള്ള ഭയം ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീയില്‍ കടന്നുകൂടുന്നത് സ്വാഭാവികമാണ്. പക്ഷെ, അവരിലേക്ക് വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ നീരുറവ കിനിയാന്‍ അധികം സമയം വേണ്ടിവരുന്നില്ല. മാന്യമായ ബന്ധം കാത്തു സൂക്ഷിക്കാന്‍ ചൗധരി ശ്രമിക്കുമ്പോഴും സൗഹൃദം മറക്കാനാവാത്ത നിമിഷങ്ങളിലൂടെ ഒരനുഭവമായി മാറുന്ന തരത്തില്‍ അവര്‍ ഒന്നിക്കുന്നുമുണ്ട്.
മീനാക്ഷിയുടെ ഭയം ഇന്ത്യന്‍ മനസുകളില്‍ തങ്ങികിടക്കുന്ന മതവും ജാതിയും നുരക്കുന്ന ജീര്‍ണതയുടെ ഭാഗമായുള്ളതാണ്. കലാപത്തിന്റെയുള്ളില്‍ അകപ്പെടുന്നതുവരെ സവര്‍ണ ജാതിബോധത്തിന്റെ ഹുങ്ക് മീനാക്ഷിയില്‍ ഉണ്ടായിരുന്നു. പക്ഷെ, കലാപം മത-ജാതി ബോധങ്ങളെ ഇല്ലാതാക്കുന്നു. ഇരകള്‍ വെറും മനുഷ്യര്‍ മാത്രമാണ് എന്ന് വരച്ചുകാണിക്കാന്‍ സംവിധായകയ്ക്ക് കഴിയുന്നുണ്ട്. ജാതീയതയും തൊട്ടുകൂടായ്മയും ഈ സിനിമയില്‍ വിഷയമാവുന്നുണ്ട്. സവര്‍ണതയുടെ ബിംബമായ മീനാക്ഷി രാജ ചൗധരി മുസ്ലീം ആണെന്ന് പറയുമ്പോള്‍ ഞെട്ടുന്നത് അതുകൊണ്ടാണ്. ഈ സിനിമയുടെ ഏറ്റവും വലിയ സന്ദേശം മതവും ജാതിയും വരച്ചിടുന്ന മതിലുകള്‍ സ്‌നേഹത്തിനും പ്രണയത്തിനും മുന്നില്‍ അപ്രസക്തമാവുന്നു എന്ന മാനവീകതയാണ്. അത് നന്നായി ബോധ്യപ്പെടുത്തുന്നതിന് അപര്‍ണാസെന്നിന് സാധിക്കുന്നു.
 
സ്ത്രീ പുരുഷ ബന്ധത്തിന്റെ യാത്രകള്‍ കാമനയിലേക്ക് സഞ്ചരിക്കുമ്പോള്‍ സിനിമയെ വഴി തിരിച്ചു വിടാന്‍ അപര്‍ണാ സെന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളില്‍ ഈ തിരിച്ചു വിടലുകള്‍ സുലഭമായതുകൊണ്ട് അതില്‍ നിന്നും വ്യത്യസ്തമാകാന്‍ സെന്നിനു സാധിക്കണമായിരുന്നു. പക്ഷെ, അതിന് കഴിയുന്നില്ല. ദൃശ്യ ഭംഗിയിലൂടെ സിനിമ നമ്മെ പ്രത്യേക തലത്തിലേക്ക് കൊണ്ട് പോകുന്നുണ്ട്. സക്കീര്‍ ഹുസൈന്റെ അത്ഭുത വിരലുകള്‍ തീര്‍ത്ത പശ്ചാത്തല സംഗീതം വല്ലാത്തൊരു അവസ്ഥ സൃഷ്ടിക്കുന്നു. കൃത്യതയുള്ള പശ്ചാത്തല സംഗീതത്താല്‍ ഈ സിനിമ സമ്പന്നമാണ്. കലാപം ഘോരമായ ശബ്ദത്താല്‍ നമ്മെ ഞെട്ടിപ്പിക്കുകയല്ല അതിന്റെ തീവ്രത അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ദൃശ്യവും അതുപോലെ തന്നെ വളരെ പക്വമാണ.് കത്തിയ ഒരു ടയര്‍ റോഡിലേക്ക് ഉരുണ്ടുവരുന്നതിലൂടെ, കരയുന്ന ഒരു കുഞ്ഞിലൂടെ ഒരു വലിയ കലാപത്തിന്റെ മുഴുവന്‍ ഭീകരതയും നമ്മെ അനുഭവിപ്പിക്കുന്നു. നമ്മുടെ സിനിമകള്‍ക്ക് ഇങ്ങനെ പക്വമായ സീനുകള്‍ അന്യമായി കൊണ്ടിരിക്കുകയാണ്. പകരം കോടികള്‍ മുടക്കി വലിയൊരു കലാപം തന്നെ പുന:സൃഷ്ടിക്കും. ഇന്ത്യന്‍ സിനിമയില്‍ അന്യമായി കൊണ്ടിരിക്കുന്ന പല ഗുണങ്ങളും അടങ്ങിയ ഒരു നല്ല ചിത്രമായി ഈ സിനിമയെ പരിഗണിക്കാം. തമിഴ് ബ്രാഹ്മണ്‍ യുവതി മീനാക്ഷി അയ്യരായി കൊങ്കണ സെന്നും ഫോട്ടോഗ്രാഫര്‍ ആയി എത്തിയ രാഹുല്‍ ബോസും നന്നായി അഭിനയിച്ചു. ഇതിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രഗല്ഭനായ ഗൗതം ഘോഷാണ്. 2002 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ഇതിനകം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു നല്ല ചിത്രത്തിനുള്ള നര്‍ഗ്ഗീസ് ദത്ത് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും നേടി.




 

Friday, 3 May 2013

ജീവിതാസക്തിയുടെ വര്‍ണ്ണങ്ങള്‍

സിനിമ
ര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിന്‍സന്റ് വാന്‍ഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു. ആരാലും തിരിച്ചറിയപ്പെടാതെ പോയ അദ്ദേഹം പില്‍കാലത്ത് ലോകത്ത് തന്നെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായി മാറുകയായിരുന്നു.

വാന്‍ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വര്‍ണ വൈവിദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാന്‍ഗോഗിനെ വേട്ടയാടി. വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിങ് സ്റ്റോണ്‍ എഴുതിയ പ്രശസ്ത നോവലാണ് ലസ്റ്റ് ഫോര്‍ ലൈഫ് (ജീവിതാസക്തി) ഇതിനെ ഇതെ രൂപത്തില്‍ ഇതേ പേരില്‍ വിന്‍സെന്റ് മിന്നെല്ലി അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോള്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ കലാജീവിതം എന്തെന്നു മനസിലാകാന്‍ കഴിയും വിധം ഒരു സിനിമ പിറക്കുകയായിരുന്നു.

ചിത്ര രചനയ്ക്കായ് തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായായാണ് സിനിമയിലൂടെ ആദ്യഘട്ടത്തില്‍ നമുക്ക് തോന്നുക. തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തു. അതോടെ മാനസിക രോഗങ്ങള്‍ കൂടിയ വാന്‍ഗോഗിനെ ഒരു ഭ്രാന്താലയത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നതു കൂടി കാണുമ്പോള്‍ സിനിമയാണോ അതോ ജീവിതമാണോ ഇതെന്ന് തോന്നിപോകും. ക്രിസ്റിനയായി വേഷമിട്ട പമേല ബ്രൌെണ്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാ പാത്രങ്ങളില്‍ ഒന്നാണിതെന്ന് പറഞ്ഞിട്ടുണ്ട്. വാന്‍ഗോഗ് ചിത്രങ്ങള്‍ പോലെ തന്നെയാണ് മിന്നെല്ലി ഫ്രെയിമുകളും തീര്‍ത്തിരിക്കുന്നത്. റസ്സല്‍ ഹേലന്റെ കാമറ ഈ ദൃശ്യങ്ങളെ (ഞൌലൈഹ ഒമൃഹമി) ജീവിതത്തോട് അടുപ്പിക്കുന്നു. ശരീരമാസകലം കരിപുരണ്ട വാന്‍ഗോഗ് ഖനിയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ പശ്ചാത്തലത്തില്‍ ഖനിതൊഴിലാളികള്‍ വാന്‍ഗോഗിനെ നോക്കുന്ന സീനുണ്ട്. ഇരുണ്ട നിറങ്ങളാല്‍ വെളിച്ചം കുറഞ്ഞ സന്ദര്‍ഭം നമ്മെ ഒരു ഖനിയിലേക്ക് നയിക്കുന്നു. അത്രയും ഭംഗിയായാണ് റസ്സല്‍ ഈ സീന്‍ പകര്‍ത്തിയിരിക്കുന്നത്. ഓരോ സീനും ഓരോ പെയിന്റിംഗായി പ്രേക്ഷകനില്‍ മായാതെ കിടക്കും.
തന്റെ അനുജന്‍ തിയോവുമായുള്ള ബന്ധത്തിന്റെ തീവ്രത സീനുകളിലൂടെ നമുക്ക് വ്യക്തമാവും. തിയോ ആയി അഭിനയിച്ച ജെയിംസ് ഡോനാല്‍ഡ് അവിസ്മരണീയമായ പ്രകടത്തിലൂടെ കഥാപാത്രത്തെ പ്രോജ്ജ്വലമാക്കുന്നു. വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ വാങ്ങി അത് മുഴുവന്‍ വിറ്റു പോയെന്നു കള്ളം പറയുമ്പോള്‍ തിയോയുടെ ചുണ്ടുകള വിറക്കുന്നുണ്ടായിരുന്നു.

വര്‍ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിന്‍സന്റ് വാന്‍ഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും അതേ പടി പകര്‍ത്താന്‍ വാന്‍ഗോഗായി അഭിനയിച്ച കിര്‍ക്ക് ഡഗ്ളസിനായി. അദ്ദേഹത്തിന്റെ രൂപവും ഭാവവും വാന്‍ഗോഗ് എന്ന കഥാപാത്രത്തിനു യോജിച്ചതായിരുന്നു. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. ആത്മക്ഷോഭത്തിന്റെ നിറങ്ങള്‍ ചാലിച്ച വാന്‍ഗോഗ് ചിത്രങ്ങളുടെ വിസ്മയം ലസ്റ്റ് ഫോര്‍ ലൈഫ് (ജീവിതാസക്തി) എന്ന ഈ സിനിമയിലും പ്രകടമാണ്. സാങ്കേതിക മേന്മ അത്രയൊന്നും അവകാശപ്പെടാനില്ലാതെ 1956 ലാണ് ഈ ചിത്രം റിലീസ് ആയത്. എങ്കിലും കാലത്തെ അതിജീവിക്കുന്ന തരത്തിലുള്ള ചിത്രീകരണ വൈഭവം ഈ സിനിമയില്‍ കാണാനാവും. വാന്‍ഗോഗിന്റെ അത്ഭുതകരമായ ജീവിതത്തെ പകര്‍ത്തുന്നതില്‍ മിന്നെല്ലി വിജയിച്ചിരിക്കുന്നു. വാന്‍ഗോഗിനെ അടുത്തറിയാന്‍ പ്രേക്ഷകനും സാധിക്കുന്നു.
-------------------------------------------------------------------------------------------------
 
(നെല്ല് ഓണ്‍ലൈൻ മാഗസിനിൽ വന്ന കാഴ്ച എന്ന കോളം)
 
http://www.nellu.net/component/content/article/677.html

Sunday, 21 April 2013

പൊള്ളുന്ന ഭൂമി മാറുന്ന കാലാവസ്ഥ

 പരിസ്ഥിതി
                        എപ്രില്‍ 22 – ലോക ഭൌമ ദിനം - Earth Day 2013
                                           "The Face of Climate Change"
 
"ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്"
റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു. "The Face of Climate Change" എന്നാണ് ഇത്തവണത്തെ ഭൌമദിന വാക്യം പൊള്ളുന്ന നമ്മുടെ ഭൂമിയെ തണുപ്പിക്കാൻ നമുക്കാവില്ലേ ഒരു ശ്രമം നമുക്ക് നടത്ത്തിക്കോടെ, ബാക്കിയായ ഹരിത വലയത്തിന്നെ യെങ്കിലും കത്ത് സൂക്ഷിക്കാൻ എല്ലാവരും ചേർന്ന് നമുക്കൊരു നയം ഉണ്ടാക്കികൂടെ
ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് എല്ലാ പ്രതിഷേധങ്ങളെയും കാറ്റിൽ പറത്തി ആണവ നിലയം കമ്മീഷൻ ചെയ്യുമെന്നു സര്ക്കാര് തന്നെ പറയുന്നു
ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്തി പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?
ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാര കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളേയേ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.
നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനം നമ്മെ കൂടുതൽ കൂടുതൽ ചിന്തിപ്പിക്കാൻ, പ്രവര്ത്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് മാത്രം ഈ ദിനത്തിൽ ഓര്മ്മപ്പെടുത്തുന്നു

(ഇപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

http://epathram.com/pacha/04/22/090806-the-face-of-climate-change.html

Saturday, 13 April 2013

ആഘോഷം

കവിത


 
 
 
 
 
 
 
 




ണികണ്ടുണരാൻ
ചൈനയിൽ നിന്നും
സ്വര്ണ്ണം തോല്ക്കും കൊന്നപ്പൂ,
പടര്ന്നു പൊട്ടും ചൈനീസ് പടക്കം,
ഉലകം ചുറ്റി കത്തും കമ്പിത്തിരി,
സ്വര്ണനൂലുകൾ പായും
സെറ്റ് സാരി,  
പ്ലാസ്റ്റിക്‌ വാഴയില
തമിഴ് വെള്ളരി, കുമ്പളം,
ആന്ധ്ര പാലക്കടൻ മട്ടയരി.
 

കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുമ്പോൾ
അറിയാതെ പറഞ്ഞു പോയി.
ഉണ്ടാവല്ലേ
മുല്ലപെരിയാർ കശപിശ,
ചൈനീസ് നയതത്ര വീഴ്ച,
തെലുങ്കൻ ഉടക്ക്,

പിന്നെ
"നിങ്ങളില്ലാതെ
നമുക്കെന്താഘോഷം"
എന്ന പരസ്യ മൊഴിയും.
========================

Thursday, 11 April 2013

പച്ചപ്പിലൂടെ… പൊള്ളി ക്കൊണ്ട്

പരിസ്ഥിതി
 
 
കേരളം ച്ചുട്ടുപൊള്ളുകയാണ്. സൂര്യാഘാതം എല്ക്കുന്നവർ കേഴുന്ന ഇടമായി ഈ ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു. കാടും നാടും വെട്ടി വെളുപ്പാക്കാൻ മുന്നിട്ടിറങ്ങിയവര്ക്കിന്നു ഉത്തരമില്ല. കാടും കുന്നും വെട്ടി ഇടിച്ചു ഇല്ലാതാക്കുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല എന്നാൽ സ്വന്തം ശരീരം പൊള്ളുമ്പോൾ നമ്മുടെ ചർച്ചകൾ കൂടുന്നു. ഇവർ തന്നെ ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി വാശി പിടിക്കുന്നു. ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ? എന്നാ ചോദ്യം പൊള്ളുമ്പോൾ മാത്രം ചോദിക്കേണ്ടതല്ല. ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെ പറ്റി നാം ചിന്തിക്കാൻ മറക്കുന്നു. ആ ഓർമ്മപ്പെടുത്തലുകളാണ് ഈ പൊള്ളലുകൾ തരുന്നത്. “ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍” ഈ സിംഫണിയാണ് നാം മനസിലാക്കാതെ പോകുന്നത്
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം, അപ്പോൾ മുങ്ങിയില്ലാതാകാനും സാധ്യത കൂടുതലാണ് ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു.

ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ആകുലതകല്ക്കൊപ്പം നിന്നുവേണം നാം ഇപ്പോൾ നേരിടുന്ന സൂര്യതാപത്തെ പറ്റി ചിന്തിക്കാൻ. കേരളം മരതക കാന്തിയിൽ മുങ്ങികുളിച്ച് കിടക്കുന്നു എന്നൊക്കെ നാം വീമ്പിളക്കി നടക്കുമ്പോളും ദിനം പ്രതി കുറഞ്ഞത് നാല്പത് മരങ്ങൾ എങ്കിലും നാം മുറിച്ചിടുന്നു. സൈലന്റ് വാലിയടക്കം നമ്മുടെ പ്രധാനപെട്ട കാടുകൾ ഒക്കെ തന്നെ ഭീഷണിയിൽ ആണ്. അതും നാം മുറവിളി കൂട്ടുന്ന വികസന ഭീകരതയുടെ പേരിലാണ് കൂടുതലും ഭീഷണി എന്നത് നമ്മെ ഇനിയെങ്കിലും ചിന്തിപ്പിക്കണം. നദികളുടെ പ്രഭവസ്ഥാനങ്ങളിലെ വന നശീകരണം മൂലം നദികൾ വറ്റി വരളുന്നു. എന്നിട്ടും നമ്മൾ ഇപ്പോളും ചിന്തിക്കുന്നത് കാടുവെട്ടി വികസനം കൊണ്ടുവരാനാണ്. ഈ ചിന്തയില നിന്നാണ് മലയാളി മാറേണ്ടത് . സ്വന്തം വീട് നിര്മാണം മുതൽ നമ്മുടെ എല്ലാ മേഖലകളിലും മാറ്റത്തിന് മുതിരണം. ഭൂമിയുടെ നിലനില്പ്പിനു ഈ കൊച്ചു ഇടത്തിനും കാര്യമായ പങ്ക് ഉണ്ടെന്ന ബോധം ഏവരിലും ഉണ്ടാകണം. പൊള്ളുന്ന സമയത്തെങ്കിലും ഈ ചിന്ത നമ്മളിൽ പടരട്ടെ.

Sunday, 7 April 2013

സിനാൻ എന്ന വേദന

കവിത
 
 


 നിന്റെ പ്ലാനും പ്ലാൻന്റെഷനും
എനിക്കറിയില്ല
പക്ഷെ
വേദന
എങ്ങിനെയെന്നും
എന്താണെന്നും
ചിലപ്പോൾ
നിങ്ങളെക്കാളേറെ
എനിക്കറിയാം

മരണത്തെ
കുറിച്ചും എനിക്കറിയില്ല

എന്നാൽ
മരണമുഖത്ത്
നിൽക്കുമ്പോൾ
എന്തെല്ലാമെന്നും
എനിക്കറിയാം

നിങ്ങളുടെ അത്ര
ജീവിക്കാൻ
എനിക്കായില്ലായിരിക്കാം

പക്ഷേ
നിങ്ങളെക്കാൾ
വേഗത്തിൽ
ഞാൻ ജീവിതത്തെ
കൊണ്ടറിഞ്ഞു

അമ്മിഞ്ഞപ്പാലിന്
കൈപ്പാണെന്നുപറഞ്ഞാൽ
നിങ്ങൾ സമ്മതിക്കുമോ?


എന്റെ അമ്മിഞ്ഞപ്പാലിൽ
നിന്നും ആരാണ്
മാധുര്യം വലിച്ചൂറ്റി
അതിൽ കൈപ്പ് കലര്ത്തിയത്?
നിങ്ങളാണോ?

അമ്മിഞ്ഞപ്പാലിനേക്കാൾ
ഞാൻ കുടിച്ചത്
അമ്മയുടെ കണ്ണീരാണ്
നിങ്ങളോ?

കരയാനറിയാത്ത
വേദനയെ
നിങ്ങള്ക്കറിയാമോ?


ഞാനിങ്ങനെ
ചോദിച്ചിട്ടൊന്നും
കാര്യമില്ലെന്ന് അറിയാം

എന്നാലും
എന്നെ മറവു ചെയ്ത
കബറിന് മുകളിൽ
മുളച്ച
ചെടി വളരുന്നത്
നിങ്ങൾ വെള്ളമൊഴിച്ചിട്ടല്ല
എന്റെ അമ്മയുടെ
കണ്ണീരാണ്

ഞാനിവിടെ എത്തിയപ്പോൾ
ഇങ്ങനെ
ഒരു കാടു കണ്ടു
ഒന്നും
വെള്ളമൊഴിച്ചതല്ല
എല്ലാം കണ്ണീരുകൊണ്ട്
വളർന്നത്‌ തന്നെ

====================


ണ്ണുണ്ടായിട്ടും കാണാത്ത ലോകത്തിന് ഇതാ ഒരു വിയോഗ വാർത്ത‍ കൂടി

കണ്ണേ മടങ്ങുക സിനാനെ ഒരായിരം മാപ്പ്. ഈ ഭൂമിയെ, മണ്ണിനെ, വായുവിനെ വിഷമയമാക്കി നിന്നെ പോലെ ഒരായിരം കുഞ്ഞിങ്ങളെ ഇല്ലതാകിയ കാലത്തു ജീവിച്ചതിന്, കൊല്ലങ്ങളായി ഇത് കണ്ടു നിന്നതിന്, മരിച്ചവരോട് അസൂയ തോന്നുന്ന വിധം സാഹചര്യം ഉണ്ടാക്കിയതിന്, എല്ലാത്തിനും മാപ്പ്.... കണ്ണീർ ചാലിച്ച ആദരാഞ്ജലികൾ

(സര്‍ക്കാരിന്റെ വൈകിവന്ന സഹായവാഗ്ദാനത്തിന് സിനാന്‍ കാത്തുനിന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായി മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഏഴു മാസക്കാരന്‍ കുഞ്ഞ് സിനാന്‍ ദുരിതം മാത്രം സമ്മാനിച്ച ലോകത്തോട്  കാഞ്ഞങ്ങാട്ട് അമ്പലത്തറ സലാവുദ്ദീന്റെയും ഫാത്തിമയുടെയും ഏഴു മാസം മാത്രം പ്രായമുള്ള മകന്‍ മുഹമ്മദ് സിനാന്‍ വിടപറഞ്ഞു.)

 

Wednesday, 6 March 2013

രണ്ടു വയസ്സുള്ള പെണ്‍കുട്ടി ചോദിക്കുന്നത്

കവിത


ഞാന്‍ ഷെമി*
ആദര്‍ശം,
അഭിമാനം,
സദാചാരം എന്നീ
വാക്കുകള്‍
എന്തിനാണെന്ന്
എനിക്കറിയില്ല.

നിയമം,
കോടതി,
വാദം എന്നീ
വാക്കുകള്‍ക്കിടയില്‍
ഞാന്‍ നില്‍ക്കുന്നില്ല.

പെണ്ണ്,
പീഡനം,
ലൈംഗികത
എന്നീ
വാക്കുകളാണ്
എന്നെ ചതച്ചരച്ചത്.

വാക്കുകള്‍
ഇറ്റി വീഴാറായ
എന്റെ ചുണ്ടില്‍നിന്നു
ആരാണ് അമ്മിഞ്ഞപ്പാല്‍
ഊറ്റിയെടുത്തത് ?

പൊക്കിള്‍കൊടി
മുറിച്ചപോലെ
ആരാണെന്റെ
താരാട്ടിനെ
കീറിയത് ?

എന്റെ
പുഞ്ചിരി
ആരെയാണ്
വശീകരിച്ചത്?

അമ്മതന്‍ മാറിത്ത്
പറ്റിച്ചേര്‍ന്നുറങ്ങിയ
എന്നെ
ആരാണ് കീറിയെടുത്തത്?

ബാല്യത്തിന്റെ
കുറുമ്പ്
നെഞ്ചുകീറിയ
വേദനയാക്കിയതെന്തിനാണ് ?

വെറിപൂണ്ട
ചെകുത്താനെ
സൃഷ്ടിച്ചതെന്തിനാണ് ?

ഭൂമിയുടെ
കണ്ണീരിലേക്ക്
കരയാനറിയാത്ത എന്നെ
വലിച്ചെറിഞ്ഞതെന്തിനാണ്?
----------------------------------------
ഷെമി* : സെബാസ്റ്റ്യന്‍ എന്നയാള് ബലാല്‍സംഗം ചെയ്തുകൊന്ന ‍ രണ്ടു വയസ്സായ  ബാലിക

2006 ല്‍ പാറശാലയില്‍ ചെകുത്താന്‍ സെബാസ്റ്റ്യന്‍ എന്നയാള്‍ രണ്ടു വയസ്സായ ഷെമി* എന്ന ബാലികയെ ബലാല്‍സംഗം ചെയ്തുകൊന്നശേഷം പുഴ ആറ്റി എറിഞ്ഞു കൊന്നപ്പോള്‍ എഴുതിയ കവിത (മാധ്യമം)
ഇന്നും ആ ചെകുത്താന്മാര്‍ ഇതേ വേട്ട തുടരുന്നു പൂവായ് വിരിയാത്ത മൊട്ടിനെ ചതച്ചരക്കുന്നു... ലജ്ജിക്കുന്നു ഈ ചെകുത്താന്‍ മാരുടെ കാലത്ത് ജീവിച്ചതിന് ഇവരുള്ള നാട്ടില്‍ ജനിച്ചതിന്.....
കുറെ കാമവെറി മൂത്ത വേട്ടക്കാര്‍ തിരൂരില്‍ ചവച്ചു തുപ്പി കുറ്റിക്കാട്ടിലേക്ക് വലിചെരിയപെട്ട എന്റെ കുഞ്ഞു പെങ്ങളെ മാപ്പ് ഒരായിരം മാപ്പ്
 ഈ കവിത നിനക്കായ്‌ സമര്‍പ്പിക്കുന്നു