Thursday, 2 February 2023

കഥയുടെ ആൾകണ്ണാടി

 വായനാനുഭവം 



(ഡോ:വി.കെ അബ്ദുൾ അസീസിന്റെ  'ആൾകണ്ണാടി' എന്ന സമാഹാരത്തിലൂടെ.)

 തൃശൂരിലെ ഏറെ തിരക്കുള്ള സർജനാണ് ഡോ:വി.കെ അബ്ദുൾ അസീസ്. അദ്ദേഹം ഏറെ കാലത്തെ ജീവിതാനുഭവങ്ങളെ ആറ്റികുറുക്കി മികച്ച കഥകളാക്കിയതാണ് 'ആൾകണ്ണാടി' എന്ന സമാഹാരം. ഈ പുസ്തകം വായിക്കുമ്പോൾ അറിയാം തിരക്കേറിയ ഒരു ഡോക്ടർ ഒരു കൗതുകത്തിനു വേണ്ടി കുറിച്ചിട്ടതല്ല എന്ന്. പ്രശസ്ത എഴുത്തുകാരി സാറ ജോസഫാണ് അവതാരിക എഴുതിയത്.

സ്നേഹഖജാനകളുടെ കടൽ,  ബലൂണുകൾ പോലെ ആകാശത്തിലേക്കുയർന്ന്, നിലിച്ച ചെമ്പരത്തിപ്പൂവുകൾ, പുഴകളങ്ങനെ  പലമാതിരി, എരണ്ടകളുടെ വംശാവലി, മേജർ ഓപ്പറേഷൻ, മല്ലന്മാരുടെ ഭാഷ, മരണനന്തരം, വിപ്ലവത്തിന്റെ കാമുകൻ, കള്ളികൾ, ഹുകുമത്തെ ഇലാഹി. തുടങ്ങിയ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. തന്നിലേക്ക് തന്നെ തിരിച്ചുപിടിച്ച കണ്ണാടിയാണ് ഈ കഥകളെന്ന്  കഥാകൃത്ത് തന്നെ പറയുന്നു. ആളുകൾ നിറയുന്ന  സ്ഥലങ്ങളിലേക്ക് പടരുന്ന കാലത്തിലേക്ക് സഞ്ചരിക്കുന്ന കാഴ്ചകൾ അടയാളപ്പെടുത്തുന്ന കഥകളാണ് ഇതിലുള്ളത് അതുകൊണ്ട് തന്നേ 'ഞാൻ' തന്നെയാണ് മിക്ക കഥകളിലും കഥപറയുന്നതും. ചിലപ്പോൾ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നു, ചിലപ്പോൾ സമകാലിക ചിത്രങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പോയതിനെ ചൂണ്ടികാണിക്കുന്നു, പ്രാദേശിക ഭാഷയെ അതിന്റെ തനിമയുടെ പ്രയോജനപ്പെടുത്തുന്നു. ഒരോ വാക്കിനായും  നടത്തിയ അന്വേഷണങ്ങളുടെ ആഴം വാചകങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും. ചിലയിടങ്ങളിൽ മരങ്ങൾ സംസാരിക്കുന്നു. ചിലപ്പോൾ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും കഥകൾ പറയുന്നു ഇങ്ങനെ കഥാകൃത്ത് തെരെഞ്ഞെടുത്തിട്ടുള്ള കാലം ഭൂമിക, വിഷയം എല്ലാം പ്രാധാന്യമർഹിക്കുന്നു.

     അത്തരത്തിൽ ഇന്നും പ്രസക്തവും എന്നാൽ പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്ര സംഭവുമാണ്   'സ്നേഹഖജാനകളുടെ കടൽ' എന്ന കഥ,  ബഹുസ്വരവും, ബഹുസ്വരത പരസ്പരപൂരകവുമായിരിക്കുമ്പോഴാണ് ഒരു സമൂഹം ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം ജീവിക്കുക. ഒരിക്കൽ നമുക്കത് സാധ്യമായിരുന്നു എന്ന് സൂചിപ്പിക്കുന്ന കഥയാണ് “സ്നേഹഖജാനകളുടെ കടൽ. വർത്തമാനകാലത്ത് ഈ കഥയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷുകാർക്ക് നികുതി നൽകില്ല എന്ന സമരം നടത്തുന്നതിനും ഒരു നൂറ്റാണ്ടു മുമ്പ് എന്റെ ജന്മഭൂമിക്ക് പരദേശികളായ ബ്രിട്ടീഷുകാർക്ക് നികുതി നൽകില്ല എന്ന് അധികാരികളുടെ മുഖത്ത് നോക്കി പ്രഖ്യാപിച്ച   സ്വാതന്ത്ര്യസമര സേനയാനിയും വെളിയങ്കോട് ദേശത്തിന്റെ   ധീരദേശസ്നേഹി ഉമർ ഖാളിയാണ് കഥയിലെ മുഖ്യ കഥാപാത്രം.  ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ടിപ്പുസുൽത്താന്റെ പടയോട്ടത്തെ കുറിച്ചുള്ള വേറിട്ടൊരു കാഴ്ചപ്പാടാണ് ഈ കഥയുടെ മറ്റൊരു പ്രത്യേകത. വെളിയങ്കോട് എന്ന  ദേശത്തെ ഭാഷ, ഭൂമിശാസ്ത്രം, സാമൂഹിക ഘടന, വിവിധ മതസ്ഥർ തമ്മിലുള്ള ഐക്യവും  സ്നേഹവും,  മത സൗഹർദ്ദവുമൊക്കെ ചരിത്രസത്യങ്ങളായി കഥകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

"വെട്ടിത്തിളങ്ങുന്ന പഞ്ചാരമണലിൽ കാൽപ്പാദങ്ങളൂന്നി താമ വൈദ്യർ നിന്നു. ഉണങ്ങിച്ചുരുണ്ട പുകയിലക്കഷ്ണം വായിലേക്ക് തിരുകിവെച്ച്, കണ്ണടച്ച്, തലയുയർത്തി, പതിയ താളത്തിൽ ഒന്ന് ചവച്ചു. മലങ്കാട്ടിൽ നിന്നോ മറ്റോ കൊണ്ടുവന്ന പുകയിലച്ചൂര് തലയോട്ടിയിൽ ചെന്ന് ഉച്ചതെറ്റിയ ചൂടിനെ ഒന്നുകൂടി ഉലച്ചു. താമ വൈദ്യരുടെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പുമണികൾ ഇറ്റിവീണു." ഇങ്ങനെ കഥ തുടങ്ങുന്നു ആദ്യ പാരാഗ്രാഫിൽ തന്നേ ദേശത്തിന്റെ, ജനതയുടെ ചിത്രം വരച്ചു വെക്കുന്നു. കഥയുടെ പ്രധാന ഭാഗം ടിപ്പുവിന്റെ പടയോട്ടം താവളകുളത്തിൽ എത്തുന്ന ഭാഗമാണ്. കേട്ടുപതിഞ്ഞ ചരിത്രകഥയുടെ ബാക്കിപ്പത്രമല്ല അത്‌. ഒരുപക്ഷെ ആരും പറയാത്ത കാര്യം.

“സ്വർണ്ണവും സ്വത്തുമില്ലെങ്കിൽ ഇവിടെ പടച്ചോനുണ്ട്. പള്ളിയായാലും അമ്പലമായാലും ഖജാനയുണ്ടെങ്കിൽ ഞങ്ങളത് പൊളിക്കും. അവിടെ പടച്ചോനില്ല. ഇവിടെ ഞങ്ങളൊന്നും ചെയ്യില്ല. പോരേ ഉമർ ഖാളീസാഹീബ്?” സുൽത്താൻ ഖാളിയുടെ നേരെ നോക്കി." ഈ സംഭവം ചരിത്രത്തോട് ചേർത്ത് വായിക്കാം. ഉമർ ഖാളിയുടെ ജീവിതത്തിലൂടെ ടിപ്പുവിന്റെ പടയോട്ടത്തെ കൂടി കൊണ്ടുവന്നത്തോടെ ഈ കഥയുടെ പ്രസക്തി ഏറുകയാണ്.  

   ഈ സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു  കഥയാണ്  'പുഴകളങ്ങനെ  പലമാതിരി'. അനുഭവത്തിന്റെ ആഴങ്ങളിൽ നിന്നും ആവാഹിച്ച കഥയിലെ ഭാഷ ലളിതവും സുന്ദരവുമാണ്. ചുറ്റുപാടുകളെ അവിടുത്തെ മനുഷ്യരെ പ്രകൃതിയെ എല്ലാം സൂക്ഷമമായി നിരീക്ഷിച്ചുമാണ്  കഥയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.

"പളുങ്കുജലത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ പുളഞ്ഞൊഴുകുന്ന മത്സ്യക്കുഞ്ഞുങ്ങൾ കാലിനു ചുറ്റും കൂടി. ചെറു കല്ലുകൾക്കിടയിൽ കാലൂന്നി മീനുകൾക്ക് സ്വയം തീറ്റയായി ഞാൻ നിന്നുകൊടുത്തു. “വെള്ളപ്പൊക്കം വന്നുപോയേപ്പിന്നെ മീനുകളൊക്കെ കുറഞ്ഞോ?" വെള്ളത്തിലേക്ക് ഇറങ്ങാൻ നിൽക്കുന്ന കമ്മപ്പയോട് ഞാൻ ചോദിച്ചു."

        ഇങ്ങനെയാണ് കഥ തുടങ്ങുന്നത്.  സൈലന്റ് വാലി സമരവും ആക്കാലത്തെ മെഡിക്കൽ വിദ്യാഭ്യാസവും എഴുപതുകളിലെ ശുബ്ധ യൗവനത്തിന്റെ ആവേശവും കഥയിലൂടെ വായിച്ചെടുക്കാം. ഒപ്പം കമ്മപ്പ എന്ന കൂട്ടുകാരനുമായുള്ള ആത്മബന്ധവും. അവരുടെ മെഡിക്കൽ പഠനകാലത്തെ അനുഭവവും, രാധ സിസ്റ്ററുടെ ജീവിതവും, പ്രസവത്തിൽ  അമ്മ നഷ്ടപെട്ട കുഞ്ഞിനെ എടുത്തു വളർത്തിയ അവരുടെ നന്മയും, എല്ലാം ചേർന്ന ജീവിതം പുഴപോലെ ഒഴുകികൊണ്ടിരിക്കുന്ന ഒന്നാണെന്നു പറയുമ്പോൾ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരു ഏടായി കഥയെ വായിക്കാം. സൈലന്റ് വാലിയുടെ  പച്ചപ്പും സ്ഫടിക സമാനമായ ജലമൊഴുകുന്ന കുന്തിപ്പുഴയും, സൈലന്റ് വാലി സമരാവേശവും കഥയിൽ  വായിക്കാം.

       “അമലിന് രാധ സിസ്റ്ററുടെ അതേ ഛായയുണ്ടല്ലേ?” ഞാൻ ആ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു. കമ്മപ്പ കേട്ടുവോ എന്നറിയില്ല. കമ്മപ്പയും കരയിലേക്ക് കയറിയിരിക്കുന്നു. വെയിൽ മങ്ങി. മുകളിൽ നിന്നും ഊർന്നിറങ്ങുന്ന കുന്തിപ്പുഴ യിലേക്ക് ഞാൻ മുങ്ങി. നിറയെ പുഴക്കുഞ്ഞുങ്ങൾ ആ അടിത്തട്ടിൽ പുതുവഴി തേടിപ്പരക്കുകയാണ്. ഞാൻ പിന്നെയും ആഴങ്ങളിലേക്ക് ഇറങ്ങി. വക്കത്തെ ഉയർന്ന മരത്തിന്റെ വേരുകൾ പുഴയെത്തേടി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നത് ഞാൻ കണ്ടു. മരങ്ങളുടെ വേരുകൾപോലെ ആഴത്തിലേക്ക് ഊർന്നിറങ്ങി പ്പോകാൻ എനിക്ക് കൊതിയായിട്ടുവയ്യ! പഴങ്ങളിലെ ഓർമ്മകൾക്ക് കുന്തിപ്പുഴയോളം കരുത്തുണ്ടാവണം എന്നും, ആഴത്തിലെ തേഞ്ഞു കറുത്ത കല്ലുകളിലേക്ക് ഞാൻ കൈതൊടാനാഞ്ഞു... " ഇങ്ങനെയാണ് കഥ അവസാനിപ്പിക്കുന്നത് കഥയിൽ ഞാനായി കഥാകൃത്ത് ഡോ. അബ്ദുൾ അസീസ് നിറഞ്ഞു നില്കുന്നു. ഒപ്പം സഹപ്രവർത്തകരും മറ്റും കഥാപാത്രങ്ങാകുന്നു.

     ഈ കഥാ സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു കഥയാണ് 'ഹുകൂമത്തെ ഇലാഹി'. വിവാദപരമായ ഒരു വിഷയത്തെയാണിവിടെ കഥയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഹോസ്റ്റൽ വാർഡനായി ചുമതലയേൽക്കുന്ന അസ്മയിലൂടെയാണ് കഥ പറയുന്നത്. യാഥാസ്ഥിക സമീപനങ്ങൾ അവസരത്തിനൊത്ത് നയങ്ങൾ മാറ്റികൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങൾ ഇങ്ങനെ കഥ ആത്യന്തികമായി സാമൂഹിക, മത  രാഷ്ട്രീയ വിമർശനങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകളോട്, അതും നിർധാരരായവരോട് കാണിക്കുന്ന അനുകമ്പയോടെ പേരിലുള്ള അധികാരങ്ങൾ കഥയിൽ സമർത്ഥമായി അവതരിപ്പിക്കുന്നു 

''എനിക്കിപ്പോൾ കല്യാണാലോചനകൾ വരുന്നുണ്ട്. ടീച്ചറും ഭർത്താവും ഒന്നുരണ്ടുപേരെ കൊണ്ടുവന്നിരുന്നു.''

'നിനക്കെന്താ തോന്നുന്നത്?' അസ്മയുടെ ഏതു കാര്യത്തിലും അസ്മയുടേതായിരിക്കണം അവസാന വാക്ക് എന്ന് ഞാൻ അവളോട് എന്നും പറയാറുണ്ടായിരുന്നു.

''ഒരു പങ്കാളിയുള്ളത് നല്ലതല്ലേ സാറേ... എല്ലാം ഷെയർ ചെയ്യാൻ ഒരാളാവുമല്ലോ... പക്ഷെ, ഇത്...'' അസ്മ അർദ്ധോക്തിയിൽ നിർത്തി. ബാക്കി കേൾക്കാനായി ഞങ്ങൾ കാതോർത്ത് നിന്നു.

''ശരിയാവില്ല സാറേ... വയസ്സന്മാരാണ്. വേറെ ഭാര്യയുണ്ട്. അവർ കൊണ്ടുവരുന്നതെല്ലാം ഇതുപോലത്തെയാണ്. അവർ വഴി എനിക്കൊരു ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ, ഇവളെക്കൂടി...'' അസ്മ അനിയത്തിയുടെ തലയിലൂടെ കൈവിരലോടിച്ച് ഒരു അമ്മയുടെ മക്കളോടുള്ള കരുതലെന്നപോലെ നിന്നു."

      സ്ത്രീകൾ എന്നും വിവാഹ കമ്പോളത്തിലെ ചരക്ക് മാത്രമാണ് എന്ന തോന്നലുകൾ നിനലിൽക്കുന്ന സമൂഹത്തിനെ കഥ തുറന്നു കാട്ടുന്നു, മതങ്ങളുടെ പേരിൽ ഇത്തരം ഒട്ടേറെ സംഭവങ്ങൾ നടക്കുന്നു. ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് പെൺകുട്ടികളെ അവരെക്കാൾ ഏറെ പ്രായവ്യത്യാസവും മറ്റൊരു വിവാഹം കഴിച്ചവരും കല്യാണം കഴിക്കുന്നത് സാധാരണമായ കാലം ആയിരുന്നു. പെൺകുട്ടികളുടെ ആഗ്രഹങ്ങൾക്കോ ആശകൾക്കോ അഭിപ്രായങ്ങൾക്കോ ഒരു വിലയും കല്പിച്ചിരുന്നില്ല. അത്തരം ഒരു ഇരയായിരുന്നു ഈ കഥയിലെ അസ്മ. അനാഥാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെയായിരുന്നു ജീവിതം രക്ഷിക്കാനെന്നപേരിൽ ഇത്തരത്തിൽ പലരും വിവാഹം കഴിക്കാറുള്ളത് ഇതിനോട് ചേർത്ത് വായിക്കാം.  അവസാനം അവരെ എങ്ങനെയെങ്കിലും ഇത്തരം വിവാഹങ്ങളിൽ ഉറപ്പിക്കാൻ ആരെങ്കിലുമൊക്കെ മുൻകൈ എടുക്കും.

"കോയമ്പത്തൂരിൽ നിന്നും വന്ന ഒരാലോചനയുടെ കാര്യം പറഞ്ഞാണ് പിന്നീട് അസ്മയെ ഞങ്ങൾ കാണുന്നത്.

''അവർ കൊണ്ടുവന്നതുതന്നെയാണ്. ബിസിനസുകാരനാണ്. ചാവക്കാട്ട് ഒരു ഭാര്യയുണ്ട്. സ്വരച്ചേർച്ചയിലല്ല എന്നാണ് ടീച്ചർ പറഞ്ഞത്. എന്തായാലും വയസ്സനല്ല. ഇതൊക്കെയേ എനിക്ക് പ്രതീക്ഷിക്കാൻ കഴിയൂ...''

അസ്മ അന്ന് ഏറെനേരമൊന്നും സംസാരിക്കാൻ നിൽക്കാതെ വേഗത്തിൽ മടങ്ങിയിരുന്നു. ഞാൻ അവളുടെ പോക്ക് ശ്രദ്ധിച്ച് നിന്നു." അസ്മയുടെ ഈ വാക്കുകളിൽ ആ നിസായാവസ്ഥ തിരിച്ചറിയാം. മത പരിവർത്തനം വലിയ തോതിൽ രാഷ്ട്രീയ ചർച്ചയാകുന്നു കാലത്ത് മതപരിവർത്തനം വിഷയമായ അനുഭവം പോലുള്ള കഥ തലകെട്ടുകൊണ്ട് ഏറെ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുള്ള കഥയാണ്  'ഹുകൂമത്തെ ഇലാഹി'

       കഥാകൃത്ത് ഒട്ടുമിക്ക കഥയിലും മത സൗഹാർദ്ദമെന്ന ആശയത്തെ ചേർത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.

        മന:പൂർവ്വം സാമുദായിക സ്പർദ്ധയുണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'അഭ്യസ്തവിദ്യരായ യുവാക്കളെ  അവതരിപ്പിക്കുന്ന "മല്ലന്മാരുടെ ഭാഷ' എന്ന കഥയിൽ പൊളിറ്റിക്കൽ റിലീജിയൻ കൃത്യമായി വരച്ചുകാട്ടുന്നു. സമകാലിക രാഷ്ട്രീയത്തെ നമുക്ക് ഇതിൽ കാണാം.  നമ്മുടെ നിരന്തരാനുഭവത്തിന്റെ പ്രതിരൂപങ്ങളായി നമ്മൾ ഈ കഥയിലൂടെ കണ്ടുമുട്ടുന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ചെറിയ അടിപിടിയിൽ മത സമുദായ ഇടപെടലുകൾ ആകുന്നതോടെയുണ്ടാകുന്ന അവസ്ഥയെയാണ് അസീസിലൂടെയും സഹദേവനിലൂടെയും വരച്ചുവെക്കുന്നത്.

“ഇവിടെയൊരു സാമുദായിക ധ്രുവീകരണം വരുന്നുണ്ട്. അസീസിനെ സപ്പോർട്ട് ചെയ്യാൻ കുറേ കാക്കാന്മാർ കൂടിയിട്ടുണ്ട്. മുഹമ്മദും അബ്ദുല്ലയും പിന്നെ നിങ്ങളുടെ ബാച്ചിലുള്ള ചിലരും സഹദേവൻ അങ്ങനെയല്ലെങ്കിലും സുഭാഷ് രാമുണ്ണിയുടെയും പുഷ്പന്റെയും സഹായം തേടിയിട്ടുണ്ട്. അവരൊക്കെ ഇടപെട്ടാ എന്താകും അവസ്ഥാന്ന് ഞാമ്പറയണ്ടല്ലാ... അങ്ങനെയാവരുത്." കഥയിലെ ഈ സംഭാഷണത്തിലൂടെ തന്നെ അക്കാലത്തെയും അതിനേക്കാലേറെ ഇക്കാലത്തെയും ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുകയാണ്. കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഈ ഉണങ്ങാത്ത മുറിവുകളിൽ പുരട്ടാൻ മരുന്നില്ല. മന്ത്രമേയുള്ളൂ. മനുഷ്യൻ നന്നായാൽ മതിയെന്ന മന്ത്രം " കൂടുതൽ പറയേണ്ടതില്ലല്ലോ. 

     മരങ്ങളോട് സംസാരിക്കാമോ? മരങ്ങൾക്ക് മനസുണ്ടോ? എന്നൊക്കെയുള്ള അന്വേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കൻ പ്രകൃതി ശാസ്ത്രജ്ഞൻ ലൂഥർ ബെർബ് ബാംഗ് 'സസ്യങ്ങൾക്ക് മനസുണ്ടോ' എന്ന  വിഷയത്തിൽ പഠനങ്ങളും നടത്തി കുറെ തെളിവുകളും നിരത്തിയിട്ടുണ്ട്. കൂടാതെ പീറ്റർ വോലെബെന്റെ 'വൃക്ഷങ്ങളുടെ രഹസ്യജീവിതം' എന്ന  പ്രശസ്തമായ പുസ്തകവും ഉണ്ട്. ഇതൊക്കെ ഇവിടെ സൂചിപ്പിച്ചത് സസ്യങ്ങളും പച്ചപ്പും ചികിത്സയുമൊക്കെ ചേർന്ന 'മേജർ ഓപ്പറേഷൻ' എന്ന കഥയെ കുറിച്ചു പറയാനാണ്. ശാസ്ത്രീയ ചികിത്സയും ഒപ്പം മനുഷ്യന്റെ ആത്മവിശ്വാസവും ശരീരത്തെ  രോഗത്തിന്റെ വ്യാപനത്തിൽ നിന്നും മോചിപ്പിക്കാനുള്ള   സാദ്ധ്യതകളെ ഉപയോഗിച്ച  മനഃശാസ്ത്രപരമായ ഒരു സമീപനം ഈ കഥയിൽ കാണാം. കേണൽ അബ്ദുൾ സത്താറിന്റെ പട്ടള ജീവിതത്തിനിടയിൽ ശരീരത്തിൽ വന്ന കാൻസർ  മരണമുഖത്തേക്ക് നയിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിക്കണം എന്ന  ദൃഢനിശ്ചയത്താൽ  അത്ഭുതകരമായി  ജീവിതത്തിലേക്ക് അദ്ദേഹം  തിരിച്ചുവരുന്ന മനോഹരമായ കഥയാണ് 'മേജർ ഓപ്പറേഷൻ'. മരങ്ങൾ നട്ട് സമാധാനം കണ്ടെത്തിയ ഒരാളായി മാറുന്നു കേണൽ അബ്ദുൽ സത്താർ. മാത്രമല്ല രോഗിയും ഡോക്ടറും തമ്മിലുള്ള മാനസിക ഐക്യത്തിന്റെ പ്രാധാന്യം ഈ കഥയിൽ  സമർത്ഥമായി  അവതരിപ്പിക്കാൻ കഥാകൃത്തിന് ആയിട്ടുണ്ട്. കഥയിലെ ഡോക്ടറും കഥാകൃത്ത് ഡോക്ടറും ഒരാളായി മാറുന്നു എന്നും, അനുഭവത്തിന്റെ വലിയ പിന്തുണ കഥയിൽ ഉണ്ട് എന്നും മനസിലാക്കാം. പിറന്നാൾ മരം നടുന്ന ഒരു പരിസ്ഥിതി പ്രവർത്തകനെ കേണൽ പരിചയപ്പെടുന്നതിലൂടെയാണ് തന്റെ ജീവിതത്തിൽ പച്ചപ്പിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നത്. പിതാവ് വെച്ച മരങ്ങൾ ദയാദാക്ഷിണ്യമില്ലാതെ മുറിച്ചു മാറ്റിയ കുറ്റബോധം തന്നിൽ ഉണ്ടാകുന്നതും ഈ പരിസ്ഥിതി പ്രവർത്തകന്റെ സ്വാധീനമാണ്. കേണലിന്റെ അത്ഭുതകരമായ  മാറ്റത്തെ കുറിച്ച് ഡോക്ടർ തന്നോട് തന്നെ ചോദിക്കുന്നുണ്ട്.

"എല്ലാവർക്കും ജീവിക്കാൻ ഓരോ പ്രതീക്ഷകളുണ്ടാവും. കേണലിനെ ചേർത്തുനിർത്തിയ ആ പ്രതീക്ഷയെന്താണ്? ഒരാളാണോ? ചിലപ്പോൾ അതായിരിക്കാം, അല്ലായിരിക്കാം!! എന്തായാലും കേണലിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തോ ഉണ്ട്"

      ഒരു രോഗി ഡോക്ടറെ സ്വാധീനിക്കുന്ന അപൂർവതയും കഥയിൽ കാണാം. സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യങ്ങളിൽ ഒന്നായ ഡോക്ടർ ഫീൽഡിന്റെ മഹത്വവും നമുക്കിതിൽ വായിച്ചെടുക്കാം. രോഗിയെ മനസിലാക്കുക, അവർക്കായി സമയം ചെലവഴിക്കുക, അവരെ ശ്രദ്ധയോടെ കേൾക്കുക, ഇതൊക്കെ കഥയിലെ ഡോക്ടർ ഭംഗിയായി നിർവഹിക്കുന്നു. കേണലിന്റെ  ആത്മവിശ്വാസം കഥയിൽ പലയിടത്തും പറയുന്നുണ്ട്. "ഞാൻ പറഞ്ഞില്ലേ, എനിക്കാ മറിക്കാൻ ഇപ്പോൾ സമയമില്ലെന്ന്. എനിക്കിവിടെ, ഈ മരങ്ങളെല്ലാം പൂത്ത് കായ്ച്ച് നിൽക്കുന്നത് കാണണം. ഞാൻ മരിച്ചാൽ പിന്നെ ഇവർക്കാരുമില്ലാതാകും. എനിക്കുറപ്പുണ്ടായിരുന്നു ഞാനിവയൊക്കെ കായ്ച്ചു കഴിഞ്ഞാലേ മരിക്കൂ എന്ന്" കേണലിന്റെ ഈ ആത്മവിശ്വാസം നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒ.ഹെൻറിയുടെ പ്രശസ്തമായ  'ദി ലാസ്റ്റ് ലീഫ്' എന്ന കഥയെയാണ്. രോഗികളുടെ ആത്മവിശ്വാസം വധിപ്പിക്കാൻ ജീവിതത്തിലേക്ക് തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന, പാരിസ്ഥിതിക ചിന്തകൾക്ക് ഊന്നൽ നൽകുന്ന  മികച്ച മോട്ടിവേറ്റഡ് കഥകളിൽ ഒന്നാണ് 'മേജർ ഓപ്പറേഷൻ' 

         അന്ധവിശ്വാസപരമായ ചികിത്സയെ  കടുത്ത രീതിയിൽ വിമർശിക്കുന്ന മരണാനന്തരം, എണ്ണമറ്റ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച പൂന്തോപ്പുള്ള 'നീലിച്ച ചെമ്പരത്തി പൂക്കൾ', വ്യത്യസ്‌തമായ ആഖ്യാനമായ 'എരണ്ടകളുടെ വംശാവലി' തുടങ്ങി പ്രകൃതിയും, മനുഷ്യരും, ശാസ്ത്രവും അന്ധവിശ്വാസവും, പ്രണയവും പ്രണയനഷ്ടവും, വിപ്ലവവും, അധികാരവും, ചരിത്രവും എല്ലാം അടങ്ങിയ കുറച്ചു കഥകൾ. 'ഞാൻ' തന്നെ കഥാപാത്രമായി കഥകൾ പറഞ്ഞു തന്റെ സഹപ്രവർത്തകരും സഹപാഠികളും ദേശക്കാരുമൊക്കെ തന്നെ പല കഥാപാത്രങ്ങളായി വരുന്ന കഥകളുടെ സമാഹാരമാണ് ഡോ: വികെ അബ്ദുൾ അസീസ് എഴുതിയ ആൾകണ്ണാടി എന്ന സമാഹാരം. കഥകൾ  തന്നെ കണ്ണാടിയാകുന്ന സമാഹാരം.

-----------------------------

January 2023

കണ്ണാടി വെബ്മാഗസിനിൽ പ്രസിഹീകരിച്ചത്, വെബ്സൈറ് ലിങ്ക്  👇🏻


 

No comments:

Post a Comment