"പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
: റാല്‍ഫ് ചാപ്ലിന്‍
ഇസ്രയേലിന്റെ ഫലസ്തീന്‍ ആക്രമണത്തെ ഫാസിസമായി കാണാന്‍ പല പാശ്ചാത്യ മാദ്ധ്യമങ്ങളും ശ്രമിക്കാറില്ല ഫാസിസ്റ്റ് അക്രമത്തിനിരയാകുന്ന എല്ലാ മനുഷ്യരുടെയും രോദനം സമാനമാണ്. മനുഷ്യനന്മയെയും സാംസ്കാരികപാരമ്പര്യത്തെയും തച്ചുതകര്‍ത്തു തങ്ങളുടെ മാത്രം താല്പര്യത്തെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിക്കുന്ന അവസ്ഥ. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ വിവിധരീതികളിലായി ഇത്തരം കടന്നാക്രമണങ്ങളും അധിനിവേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട് ഇപ്പോഴും പലയിടങ്ങളില്‍ നടക്കുന്നുമുണ്ട്, എന്നാല്‍ ഇരകളുടെ രോദനം പലപ്പോഴും ലോകം കണ്ടില്ലെന്നു നടിക്കുകയോ നോക്കിനില്ക്കുകയോയാണ് ചെയ്യാറുള്ളത്, വലിയവന്‍ ചെയ്യുന്ന ക്രൂരതകളെ പല കാരണങ്ങള്‍ നിരത്തി ന്യായീകരിക്കാറാനുള്ളത്. ഈ അനീതി ലോകത്ത് തുടര്ന്നു കൊണ്ടിരിക്കുന്നു. ഫലസ്തീന്റെ കാര്യത്തിലും എന്നും ഇത്തരത്തിലുള്ള നോക്കി നില്ക്കലുകളാണ് ഇക്കാലമത്രയും ഉണ്ടായിടുള്ളത്. ഇസ്രായേലിന്റെ സയണിസ്റ്റു ഭീകരവാദത്തിന് ലോകത്തെ ഒന്നാമാനെന്നവകാശപ്പെടുന്ന അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ കൂടിയാകുമ്പോള്‍ ഫലസ്തീനിലെ മനുഷ്യരുടെ പക്ഷത്ത് നില്ക്കാന്‍ ഒട്ടുമിക്ക രാജ്യങ്ങളും മുന്നോട്ട് വരുന്നില്ല എന്ന സ്ഥിതിയാണ്. ചില ഭരണകൂടങ്ങള്‍ ഒഴിച്ചാല്‍ മറ്റു രാജ്യങ്ങളൊന്നും ഇസ്രായേലിന്റെ ഭീകരതയെ എതിര്‍ക്കാന്‍ താല്പര്യം കാണിക്കാറില്ല. ഒരു ജനതയെ നിരന്തരം കൊന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ഭീകരതക്കെതിരെ ലോകം തിമിരം ബാധിച്ച കണ്ണുകളോടെയാണ് കാണുന്നത്. ഫലസ്തീന്‍ ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തെ തോക്കുകൊണ്ടും ടാങ്കുകൊണ്ടും നേരിടുന്ന ഇസ്രായേലിന്റെ കിരാതനടപടിക്കെതിരെ മൌനം പാലിക്കുന്നവര്‍ അതിജീവനത്തിനായി കല്ലുകൊണ്ട് ഇസ്രായേല്‍ പട്ടാളത്തെ നേരിടുന്നത് തീവ്രവാദമായാണ് കാണുന്നത്. "തിമിരമാണ്, നമുക്കൊക്കെ തിമിരമാണ്" എന്ന ഷൂസെ സരമാഗുവിന്റെണ വാക്കുകള്‍ അര്‍ത്ഥവത്താകുകയാണ്, ലോകത്തിന്റെ നിസ്സംഗതതയില്‍ മടുത്ത ഫലസ്തീന്‍ ജനതയ്ക്ക് ഇനിയും സമാധാനകരാറുകളില്‍ വിശ്വാസമുണ്ടാകാനിടയില്ല അതുകൊണ്ടാണ് തന്നെ മുസ്തഫല്‍ കുര്‍ദ്ദിന്റെ വാക്കുകള്‍ അവര്‍ക്ക് ആവേശമായി മാറുന്നത്, “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു ശക്തിയും പശ്ചിമേഷ്യയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന ജൂതവാശിയെ പിന്താങ്ങുന്ന അമേരിക്കയാണ് ലോകസമാധാനത്തിന്റെ അപ്പോസ്തലന്‍, ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കി, ജനതയുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കി ജന്മദേശത്ത് നിന്നും ആട്ടിപ്പായിക്കുന്ന ധിക്കാരം എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടാതെ പോകുന്നത് ? സമാധാനത്തിന്റെ വിപരീതമായ ഇസ്രായേല്‍ ഇക്കാലമത്രയും ചെയ്തു കൂട്ടിയ ക്രൂരതകളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് അമേരിക്ക ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. വളഞ്ഞ വഴിയിലൂടെ ആണവായുധം കൈവശമാക്കിയ ഇസ്രായേലും ലോകം മുഴുവന്‍ തങ്ങളുടെ കൈകളിലൊതുക്കാന്‍ അധിനിവേശങ്ങള്‍ തുടരുന്ന അമേരിക്കയും ചേര്‍ന്നുള്ള ഭീകരസഖ്യം ലോകത്തിനു തന്നെ ഭീഷണിയാണ്,
എന്താണ് ഫലസ്തീന്‍ ജനതയുടെ അവസ്ഥ
70 ലക്ഷത്തിലധികം ഫലസ്തീനികളാണ് ജന്മനാടുപേക്ഷിച്ച് മറ്റു രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്, ഇവരില്‍ പലര്‍ക്കും ജന്മനാട് ഒരു സ്വപ്നം മാത്രമാണ്, “ജറുസലേമിലേക്ക്... പ്രവാസിയായ ഓരോ ഫലസ്തീനിയുടെയും ഒരിക്കലും മരിക്കാത്ത മോഹവും സ്വപ്നവുമാണത്, 1948 ല്‍ സ്വന്തം ഗൃഹങ്ങളില്‍ നിന്ന് പറിച്ചറിയപ്പെടുകയും ലബനാനിലും, സിറിയയിലും, ജോര്‍ദാനിലും ലോകത്തിന്റെ അങ്ങോളമിങ്ങോളം അലഞ്ഞുതിരിയുകയും ചെയ്യുന്ന ഓരോ ഫലസ്തീനിയുടെയും ഹൃദയത്തില്‍ അതുണ്ട്. ഇസ്രായേല്‍ എന്ന് പിന്നീട് മാറ്റിവിളിക്കപ്പെട്ട സ്വന്തംഭൂമിക്കുമേലുള്ള അവകാശബോധം; ഇന്നല്ലെങ്കില്‍ നാളെ ജറുസലേമിലേക്ക് മടങ്ങിയെത്തുമെന്നുള്ള വിശ്വാസം" 1 . ജന്മനാടിന്റെ ഓര്‍മ്മകളുമായി അലഞ്ഞുതിരിയുന്ന ഒരു ജനതയുടെ നാട്ടില്‍ അവശേഷിക്കുന്നവര്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം എന്ന അവസ്ഥ എത്ര ഭീകരമാണ്. ഗാസയിലും വെസ്റ്റ്‌ബാങ്കിലും ഉള്ള 75ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്, പോഷകാഹാരക്കുറവ് മൂലം 25 ശതമാനം കുട്ടികളും വിവിധരോഗങ്ങള്‍ക്ക് അടിമപ്പെട്ട് കഷ്ടപ്പെടുന്നവരാണ്. ഫലസ്തീന്‍ ജനസംഖ്യയെ നിയന്ത്രിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ ഇസ്രായേല്‍സേനയുടെ അക്രമത്തിനിരയാകുന്നവരിലധികവും കുട്ടികളും സ്ത്രീകളുമാണ്. ആയിരത്തിലധികം കുട്ടികളായ തടവുകാരാണ് ഇസ്രായേലിന്റെ ജയിലുകളില്‍ ഉള്ളത്. ഡോക്ടര്‍ എന്ന നിലയില്‍ ആങ്ങ് സ്വീ ചായ് നേരില്‍ കണ്ട ദാരുണമായ കാഴ്ചകള്‍ തന്റെ പുസ്തകത്തില്‍ ഇങ്ങനെ വിവരിക്കുന്നു. “ ഞാന്‍ കരയാന്‍ തുടങ്ങി.... കൊലചെയ്യപ്പെടും മുമ്പെ അവരൊക്കെ ഭീകരമായി പീഡിക്കപ്പെട്ടു. കഠിനമായി മര്‍ദ്ദിക്കപ്പെട്ടവര്‍, വൈദ്യുതകമ്പി ചുറ്റി ഷോക്കേല്ക്കുപ്പെട്ടവര്‍, കണ്ണുകള്‍ പിഴുതെടുക്കപ്പെട്ടവര്‍, ബലാത്സംഗംചെയ്യപ്പെട്ട സ്ത്രീകള്‍, ജീവനോടെ ഡയ്നാമിറ്റ് വെച്ച് തകര്‍ക്കപ്പെട്ട കുഞ്ഞുങ്ങള്‍....പൊട്ടിത്തകര്‍ന്നു കിടക്കുന്ന ശരീരങ്ങള്‍ നോക്കി ഞാനോര്‍ത്തു, മരിച്ചവര്‍ മഹാഭാഗ്യവാന്മാര്‍" (2) ഫലസ്തീന്‍ ജനതക്കായി മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന മരുന്നുകള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ എല്ലാം ഇസ്രായേല്‍ തടഞ്ഞുവെക്കുന്നു, ഭക്ഷണവുമായി ഗാസയിലേക്ക് പുറപ്പെട്ട കപ്പലുകള്‍ സമുദ്രത്തില്‍ വെച്ചുതന്നെ തടഞ്ഞതിനെ ലോകം നിസ്സംഗതയോടെയാണ് കണ്ടത്. ഇത്തരം കണ്ടില്ലെന്നു നടിക്കലുകള്‍ ഫലസ്തീന്‍ജനത നിരന്തരം അനുഭവിക്കുന്നവരാണ്. ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കന്‍ നിലപാട് സാമ്രാജ്യത്വവീക്ഷണത്തിന്റെ ഭാഗമാണെന്നാണ് എഡ്വേര്‍ഡ് സെയ്ദിന്റെ അഭിപ്രായം "സാമ്രാജ്യത്വവീക്ഷണങ്ങളിലെ വക്രതകള്‍ മദ്ധ്യപൌരസ്ത്യസമൂഹത്തില്‍ വൈകൃതങ്ങള്‍ സൃഷ്ടിക്കുന്നു, അവ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെറുത്തുനില്പിന്റെ തീവ്രരൂപങ്ങള്‍ക്കും രാഷ്ട്രീയസ്വത്വനിര്‍ധാരകങ്ങള്‍ക്കും പ്രേരണനല്കുകയും ചെയ്യുന്നു" അറബികളെ ഒരു ജനത എന്ന നിലയില്‍ സ്വയം നിര്‍ണ്ണായകാവകാശം ഉപയോഗപ്പെടുത്താന്‍ അനുവദിച്ചുകൂടെന്ന ഏറെ കാലമായി നിലനില്ക്കുയന്ന ഒറിയന്റലിസ്റ്റ് കാഴ്ചപ്പാടാണ് ഈ പ്രത്യേക സാമ്രാജ്യത്വവീക്ഷണത്തിനു പിന്നിലുള്ളത്.
ചരിത്രപരമായ ചില സത്യങ്ങള്‍
അര നൂറ്റാണ്ടിലധികമായി ഫലസ്തീന്‍ ജനതയ്ക്കു നേരെയുള്ള സയണിസ്റ്റുകളുടെ ക്രൂരത തുടരുന്നു. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇസ്രായേല്‍സേന ഫലസ്തീനില്‍ നടത്തുന്ന കടന്നാക്രമണത്തിനു പിന്നില്‍ ചരിത്രപരമായ ചില വസ്തുതകള്‍ ഉണ്ടെന്ന് ഇസ്രായേല്‍ വാദിക്കുന്നു. നാസികളുടെ വളര്‍ച്ചയോടെ അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നടത്തിയ ജൂതവേട്ടയും, പോളണ്ടിലും റഷ്യയിലും ഉരിത്തിരിഞ്ഞ ജൂതവിരോധവും മുറുകിയപ്പോള്‍ കിഴക്കന്‍യൂറോപ്പിലെ ജൂതന്മാര്‍ക്ക് ചേക്കേറാന്‍ ഒരിടമായി കണ്ടെത്തിയത് അറബുവംശജര്‍ താമസിക്കുന്ന ഫലസ്തീന്‍ എന്ന 'വാഗ്ദത്തഭൂമി'യാണ്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തങ്ങളെ ആട്ടിപായിച്ച ഇടമാണിത് എന്നും ഈ ഭൂമി ദൈവം തങ്ങള്‍ക്കായി സൃഷ്ടിച്ചുവെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. ഹോളോകോസ്റ്റില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ ഭൂരിപക്ഷം വരുന്ന ജൂതന്മാന്‍ അമേരിക്കയിലോ, ഫ്രാന്‍സിലോ കുടിയേറിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുവാനാണ് അവരെ തന്ത്രപൂര്‍വ്വം ഫലസ്തീന്‍ മണ്ണിലേക്ക് തള്ളി വിട്ടത്. അതിന്റെ ദുരന്തഫലമാണ് ഇന്നും ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 1948 ല്‍ പത്തുലക്ഷത്തോളം ഫലസ്തീന്‍ അറബ് വംശജരെ ആട്ടിപ്പായിച്ചുകൊണ്ടാണ് സയണിസ്റ്റ്‌ശക്തികള്‍ വാഗ്ദത്തഭൂമിയില്‍ അവകാശമുറപ്പിക്കുന്നത്. ഇസ്രയേലിന്റെ കാര്യത്തില്‍ ഗാന്ധിജി അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ് "ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടെയും, ഫ്രാന്‍സ് ഫ്രഞ്ച്കാരുടെതുമെന്നപോലെ നിസ്സംശയം ഫലസ്തീന്‍ അറബികളുടെതാകുന്നു. യഹൂദരെ അറബിള്‍ക്കുമേല്‍ അടിച്ചേല്പിക്കുക എന്നത് മനുഷ്യത്വത്തിനു നിരക്കാത്ത അപരാധമാണ്". എന്നാല്‍ ഗാന്ധിജിയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്ട്ടി അടങ്ങുന്ന ഇപ്പോഴത്തെ ഭരണകൂടം ഇന്ന് അമേരിക്കയുടെയും ഇസ്രയേലിന്റെരയും നയങ്ങളെ അനുകൂലിച്ചുകൊണ്ട് അവരുമായി ആയുധഇടപാടുകള്‍ നടത്തിവരുന്നു. ചേരിചേരാനയത്തിന്റെണ അനുയായികള്‍ ഇന്ന് അമേരിക്കന്‍ താല്പര്യത്തെ സഹായിക്കുന്ന ആണവകരാറില്‍ ഒപ്പിട്ടു.
പാപമുക്തിക്ക് പരിഗണിക്കപ്പെട്ട ശ്രേഷ്ഠജനവിഭാഗമാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ജൂതയാഥാസ്ഥിതികര്‍ മറ്റുള്ളവരുടെ മൗലികാവകാശത്തെ ഹനിക്കുന്നത് ദൈവഹിതമാണെന്ന് വിശ്വസിക്കുന്നു. ദൈവം തങ്ങള്‍ക്ക് ഈ നാട് നല്കിയെന്നും അവിടുത്തെ മുഴുവന്‍ ഉല്പന്നങ്ങളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അവിടുത്തെ ഒരു തുണ്ടുഭൂമിപോലും വിദേശികള്‍ക്ക് വിട്ടുകൊടുത്താല്‍ അത് തോറയിലെ കല്പനകള്‍ ലംഘിക്കലാണെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇവിടെ വിദേശികളെന്ന് മുദ്രകുത്തപ്പെട്ട ഫലസ്തീന്‍ജനത യഥാര്‍ത്ഥത്തില്‍ തലമുറകളായി ഇതേ മണ്ണില്‍ ജീവിച്ചുവരുന്നവരാണ്. ഇസ്രയേലിലെ ജനസംഖ്യയുടെ 25 ശതമാനത്തിലധികവും. അറബ് വംശജരാണെങ്കിലും ഭൂമിയുടെ 97ശതമാനവും ജൂതവിഭാഗത്തിന്റെ കൈവശമാണ്. ഒരു ജനതയുടെ മൌലികാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ട് അവരുടെ ഭൂമികയ്യേറി അധിനിവേശം തുടരുന്ന ഇസ്രയേലിന്റെ നടപടിയെ ആരും എതിര്‍ക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? യൂറോപ്പിനും അമേരിക്കക്കും ബാദ്ധ്യത ആകേണ്ടിയിരുന്ന ജൂതരെ തന്ത്രപൂര്‍വ്വം ഒഴിവാക്കിയതിനെ ദൈവകല്പനയുടെ പിന്തുണ നല്കുന്നു. ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവടലോബിയുടെ ഒരു കണ്ണിയായ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ ദേശത്തിന്റെ സുരക്ഷക്കായുള്ള അവകാശമായി മുതലാളിത്തമാദ്ധ്യമങ്ങള്‍ വ്യാഖാനിക്കുന്നു. നിരന്തരം ആക്രമണത്തിനു വിധേയരാവുന്ന ഒരു ജനത അതിജീവനത്തിനായുള്ള പഴുത് തേടുമ്പോള്‍ അതിനെ ഭീകരമായി അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍സേന പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതാണ് ഫലസ്തീന്‍ ജനതക്കിടയില്‍ തീവ്ര നിലപാടുകളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. തികച്ചും അന്യായമായ അധിനിവേശത്തെ എതിര്‍ക്കുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു എന്നസത്യം മറച്ചുവെക്കുന്നില്ല. ഈ നിസ്സംഗത ലോകത്ത് തീവ്രവാദത്തിനു വളം നല്കുന്നു. 1982 ല്‍ ഇസ്രായേല്‍ ലബനാന്‍ ആക്രമിച്ചപ്പോള്‍ ഫലസ്തീന്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ നടത്തിയ നരനായാട്ടാണ് അന്ന് ഹിസ്ബുല്ലയുടെ ഉദയത്തിനു കാരണമായത്. ഇന്ന് ഫലസ്തീനിലെ ഓരോരുത്തരും ചാവേറുകള്‍ ആവാന്‍ തയ്യാറായി വരുന്നതിനെ ഭയത്തോടെ വേണം കാണുവാന്‍
ഇസ്രായേല്‍ തുടര്ന്നുവരുന്ന അധിനിവേശവും, അക്രമവും അവസാനിപ്പിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം സാദ്ധ്യമല്ല. പ്രത്യേകിച്ച് വളഞ്ഞ വഴിയിലൂടെ ആണവായുധം കൈവശപ്പെടുത്തിയ ഇസ്രയേലിനെ ഭയത്തോടെ വേണം കാണുവാന്‍. എന്ത് ക്രൂരതക്കും മടിക്കാത്ത ഭരണത്തലവന്മാര്‍ എന്നും ഇസ്രയേലില്‍ ഉണ്ടായിട്ടുണ്ട്. ആ അപക്വമായ മനസ്സുകള്‍ ആണവായുധം ഉപയോഗിക്കില്ലെന്ന് ഉറപ്പിക്കാന്‍ വയ്യ. നിരന്തരം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാതെ പ്രവര്ത്തിക്കുകയും, പ്രകോപിപ്പിക്കുകയും ചെയ്തിട്ടും അമേരിക്ക ഇസ്രായേലിനെതിരെ ഒന്നും പറയുന്നില്ല. എന്നുമാത്രമല്ല, യു എന്‍ പൊതുസഭയില്‍ ഇസ്രായേലിനെതിരെ കൊണ്ടുവരുന്ന പ്രമേയങ്ങള്‍ എല്ലാം അമേരിക്ക തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ച് തള്ളിക്കളയാറാണ് പതിവ്. ഐക്യരാഷ്ടസഭയെ പുല്ലുവില കല്പിച്ച് ഇസ്രായേല്‍ തങ്ങളുടെ ക്രൂരതകള്‍ തുടരുന്നു. ഇറാഖ് അധിനിവേശത്തിന്റെ മുറിവുണങ്ങുംമുമ്പ് ഇറാനെതിരെ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. അതിന് പുതിയ നുണക്കഥകള്‍ കെട്ടിച്ചമക്കാന്‍ തയ്യാറെടുക്കുകയാണ് അവര്‍. മുറിവില്‍ എരിവുപുരട്ടാന്‍ ഇസ്രയേലും അമേരിക്കയ്ക്ക് ഒപ്പമുണ്ട്. ഇതിനിടയില്‍ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ തുടരുന്നു. കഴിഞ്ഞ അമ്പത് വര്ഷമത്തിലധികമായി ഇസ്രയേലിന്റെ അതിക്രമങ്ങള്‍ ദിനംപ്രതി വര്ദ്ധിച്ചതല്ലാതെ കുറയുന്നില്ല. ഇസ്രായേലിനെ പിടിച്ചുകെട്ടാന്‍ ആര്ക്ക് കഴിയും? എന്നെങ്കിലും പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകുമോ? ഡോക്ടര്‍ ആങ്ങ് സ്വീ ചായ് തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "അവര്ക്കൊരു സ്വപ്നമുണ്ട്; അവരോടൊപ്പം ഞാനും ആ സ്വപ്നം കാണുന്നു. ക്യാമ്പിന്റെ എരിയുന്ന ശിഷ്ടങ്ങളിലൂടെ, കണ്ണീര്‍വാതകങ്ങളിലൂടെ, തീഷ്ണതയിലൂടെ മങ്ങിക്കാണുന്ന ഒരു പുതിയ ലോകം. സമാധാനത്തിന്റെയും, നീതിയുടെയും, സുരക്ഷിതത്വത്തിന്റേതുമായ ഒരു നവലോകം. അത്തരമൊരു ലോകമാണ് നമ്മുടെ സ്വപ്നം, നമ്മുടെ ജറുസലേം.” 3 അതെ, ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്. കൊന്നുതീര്ക്കുന്നവര്ക്ക് മുന്നില്‍ നിന്നുകൊണ്ട് ഇനിയെങ്കിലും ശബ്ദത്തോടെ പറയണം, നീ വലിയവനാകാം, സമ്പന്നനാകാം, പക്ഷെ മനുഷ്യര്ക്ക് ജീവിക്കുവാനുള്ള അവകാശം തുല്യമാണ്, എനിക്കും നിനക്കും! ഈ ലോകം സമാധാനത്തിനായി കാത്തിരിക്കുകയാണ്.
1, 2, 3 ഡോ.ആങ്ങ് സ്വീ ചായ് രചിച്ച ജറുസലേം: കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം എന്ന ഗ്രന്ഥത്തില്‍ നിന്ന് (കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി 'ഫലസ്തീന്‍ മെഡിക്കല്‍ എയ്ഡ്' എന്ന സന്നദ്ധവൈദ്യസംഘം രൂപീകരിക്കുകയും ഫലസ്തീന്‍ അഭയാര്ത്ഥിക്യാമ്പുകളില്‍ ഏറെകാലം പ്രവര്ത്തിക്കുകയും ചെയ്ത ഭിഷഗ്വര)
കടപ്പാട്: ഡോക്ടര്‍ ആങ്ങ് സ്വീ ചായുടെ ഗ്രന്ഥത്തോട്, മുഹമ്മദ് അഹമ്മദ് ബിന്‍ ഉമര്‍ എന്ന ഫലസ്തീന്‍ സുഹൃത്തിനോട്
good writings..
ReplyDeletecongrates.