Wednesday 18 May 2011

വിദ്യാഭ്യാസ വകുപ്പിനെ ആരാണ് നയിക്കേണ്ടത്

education-epathram
ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ സേവന മേഖലയാണ് വിദ്യാഭ്യാസം. നിര്‍ഭാഗ്യവശാല്‍ കേരളമാണ് ഈ ആഘാതത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞ പ്രധാന മേഖല. വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള ഒരു രംഗമാക്കി വളര്‍ത്തി കൊണ്ട് വരിക എന്ന മുതലാളിത്ത ആശയങ്ങള്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പ്‌ അതത് കാലങ്ങളിലെ മാറി മാറി വന്ന മന്ത്രിമാരുടെയോ സമുദായങ്ങളുടെയോ താല്പര്യത്തിലൂന്നി മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ പതിച്ചു കൊടുക്കുകയാണ് ഉണ്ടായത്‌. സമുദായങ്ങളിലെ വരേണ്യ വിഭാഗങ്ങള്‍ ഈ കച്ചവടത്തിലൂടെ തടിച്ചു കൊഴുത്തപ്പോള്‍ സാധാരണക്കാരന് വിദ്യാഭ്യാസമെന്നത് വന്‍ സാമ്പത്തിക ബാധ്യതയായി മാറി. സ്വകാര്യ വിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണ കൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെ പോലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അകറ്റിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറി. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാന ലക്ഷ്യമായതിനാല്‍ സ്വകാര്യ മേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസ കച്ചവടം സാധാരണക്കാരനിലേക്കും വളര്‍ത്തി കൊണ്ടുവന്നു. വിദ്യാഭ്യാസരംഗത്തെ കച്ചവട വല്ക്കരണവും വര്‍ഗീയ വല്ക്കരണവും വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും. വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമോഹിക പ്രതിബദ്ധതയെ ഒരു വിലയും കല്‍പ്പിക്കാതെ കുഴിച്ചു മൂടികൊണ്ടിരിക്കുകയാണ്. ധാര്‍മികതയും ധൈഷണികതയും ഉയര്‍ന്നു നിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹിക പ്രതിബദ്ധതയെ പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നു വന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും കലാലയങ്ങള്‍ കമ്പോള താല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലന കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ഥികളുടെ വിമര്‍ശന ബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോള താല്പര്യത്തെ വളര്‍ത്തി കൊണ്ട് വരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍ പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കി കൊണ്ടിരിക്കുന്നു. ബദല്‍ സാധ്യതകളൊന്നും ഉയര്‍ന്നു വരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങു കൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരി വിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്‍ക്കുകയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയം ബോധന വിദ്യ ഉള്‍കൊണ്ട്, കച്ചവട വല്‍ക്കരണത്തിലൂടെയുള്ള ദുഷ്ട ലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോള വിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസ രംഗത്തെ ഈ  മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതു സമൂഹത്തില്‍ പ്രകടമായി കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസ മാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ട് വെക്കാറില്ല. സേവന മേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്ത പോലും നമ്മളില്‍ നിന്നും മാഞ്ഞുപോയി കൊണ്ടിരിക്കുന്നു. സര്‍ക്കാരിന് ന്യായമായ  നിയന്ത്രണങ്ങള്‍ പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി വളര്‍ന്നു കഴിഞ്ഞു. ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍ പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.
വിദ്യാര്‍ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനെ നിലവിലെ വിദ്യാഭ്യാസ നയങ്ങള്‍ ഉപകരിക്കുകയുള്ളൂ. വിദ്യാര്‍ഥി രാഷ്ട്രീയം അവരുടെ യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് അടിമകളാക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രീതിയെ വിമര്‍ശന ബുദ്ധിയോടെ നേരിടാന്‍ ശക്തിയുള്ള രാഷ്ട്രീയ ബോധം വളര്‍ന്നു വരണം. അരാഷ്ട്രീയ വാദത്തെ പൂര്‍ണ്ണമായും തള്ളികളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യ നന്മക്ക് പൊതു വിദ്യാഭ്യാസ മേഖല തകരാതെ നോക്കണം. പുതുതായി അധികാരമേല്‍ക്കുന്നവര്‍ ഇനിയെങ്കിലും ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കണം. ഇനിയെങ്കിലും വിദ്യാഭ്യാസ വകുപ്പിനെ കക്ഷി രാഷ്ട്രീയ താല്പര്യമനുസരിച്ച് പങ്കുവെക്കുന്ന രീതി അവസാനിപ്പിച്ച് ഈ വകുപ്പിനെ നയിക്കാന്‍ കരുത്തുള്ള വിദ്യാഭ്യാസ വിചക്ഷണരെ വകുപ്പിന്റെ തലപ്പത്തിരുത്താന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ധൈര്യം കാണിക്കണം.

- ഫൈസല്‍ ബാവ

No comments:

Post a Comment