Friday, 1 June 2018

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി: മറക്കാന്‍ പാടില്ലാത്ത കഥകളുടെ കഥാകാരന്‍

ഓർമ്മക്കുറിപ്പ് 

അധികംശബ്ദഘോഷങ്ങളില്ലാതെമലയാള കഥാലോകത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.പ്രത്യാശാപൂര്‍ണ്ണമായ ചിരിയോടെ കഥകളെഴുതി നമുക്കൊപ്പം നമ്മളറിയാതെ നമ്മുടെ കഥകളെന്നപോലെ മൂന്നാമതൊരാളായി കൂടെ നടന്നുകൊണ്ടിരുന്നു. തന്‍റെ എഴുത്തിനെ പറ്റി മുണ്ടൂര് മാഷ്‌ തന്നെ പറഞ്ഞത് ഇങ്ങനെയാണ് “ഞാന്‍ എന്നില്‍നിന്നും വളരെ ദൂരെയാണ് എപ്പോഴും. അതുമൂലം പലപ്പോഴും എനിക്ക് എന്നെത്തന്നെ മനസിലാകാതെ പോകുന്നു. ഈ മനസില്ലായ്മയിലിരുന്ന് ഞാന്‍ എന്നെ മനസിലാക്കാന്‍ പെടുന്ന പാടാണ് എന്‍റെ എഴുത്ത്” കഥയെ മനസിലേറ്റുന്നവര്‍ക്കൊന്നും ഈ എഴുത്തുകാരനെ മറക്കാനാകില്ല. ലോക കഥകള്‍ക്കൊപ്പം വെക്കാന്‍ ‘മൂന്നാമതൊരാള്‍’ എന്ന ഒറ്റ കഥ മതി.ലോകത്തെ മികച്ച പത്തുകഥകളിലോന്നായായാണ് ടി. പത്മനാഭന്‍ ഈ കഥയെ ഉള്‍പ്പെടുത്തിയിരികുന്നത്. വായിച്ചു കഴിഞ്ഞാല്‍ നമ്മെ പിന്തുടരുന്ന ഒരു കഥയാണ് മൂന്നാമതൊരാള്‍. 

“ഞാന്‍ പഴയപോലെ പത്തായപുരയിലേക്ക്‌ പോയി.
പുരാതനമായൊരു മണം അവിടെ നിറഞ്ഞു നിന്നിരുന്നു. മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങികിടന്നു. 
ഒരു കടവാതില്‍ ഞെട്ടിയുണര്‍ന്നു. അത് മുറിയില്‍ തലങ്ങും വിലങ്ങും പറന്നു. പിന്നെ കിളിവാതിലിലൂടെ രക്ഷപെട്ടു.
ഇപ്പോള്‍ ഈ വലിയ പുരയില്‍ ഈ മുറിയില്‍ ഞാന്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഇതുപോലൊരു രാത്രിയില്‍ ഈ മുറി തുറക്കുമ്പോള്‍ എന്‍റെ കൂടെ മറ്റൊരാളുണ്ടായിരുന്നു.” 
ഇതുപോലൊരു മറ്റൊരാള്‍ എന്നും നമുക്ക് പിന്നിലൂടെ നടന്നു വരുന്നുണ്ടാകാം മൂന്നാമതൊരാള്‍ എന്ന കഥ ഈ എല്ലാ പ്രത്യക്ഷങ്ങള്‍ക്കുമിടയില്‍മനസിന്റെ വ്യഥകളെ അതിജീവിക്കാനുള്ള അന്വേഷണമാണ് ഈ കഥ.

നിറപകിട്ടാര്‍ന്ന ജീവിതത്തിലൂടെ മാത്രമല്ല നിറം വറ്റിയ ലോകത്തെ വരച്ചുകാട്ടാനും അവിടുറെ ശബ്ദങ്ങള്‍ക്ക് സസൂഷ്മം കാതോര്‍ക്കാനും കഥാകാരന് ആകുന്നുണ്ട്, ചിലപ്പോള്‍ സ്വപ്നങ്ങളില്‍ നിന്നും തുടങ്ങുന്ന കഥകള്‍ ജീവിതത്തിന്‍റെ നേര്‍കാഴ്ച്ചകളായ് മാറുന്നു. കഥാപാത്രങ്ങളുടെമനസുകളിലൂടെ വായനക്കാരന് സഞ്ചരിക്കാനാവുന്നു അത്തരത്തില്‍ ഒരു കഥയാണ് ‘അവശേഷിപ്പിന്റെ പക്ഷി’ 

"സ്വപ്നങ്ങളുടെ ശാപകുരുക്കിൽ നിന്നും വിടുതൽ കിട്ടുമ്പോഴേക്ക് രാവ് തീർന്നിരിക്കുന്നു" അവശേഷിപ്പിന്റെ പക്ഷി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ് ജീവിത യാഥാർഥ്യങ്ങളും സ്വപ്നങ്ങളും ഇഴ ചേർന്നൊരു കഥ. ലിസിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വില്യം സ്വപ്നമോ യാതാര്‍ത്ഥ്യമോ എന്ന അങ്കലാപ്പിൽ എത്തിക്കുന്ന കഥ. "ലിസ്സി, നീതാഴേക്ക് കിടപ്പ് മാറ്റിയതോടെയാണ് എനിക്ക്, ഞാൻ പാപിയെന്നു പറഞ്ഞാൽ പോര കുറ്റക്കാരനാണ് എന്ന് തോന്നിതുടങ്ങിയത്. നാം ജനിക്കുമ്പോഴേ പാപികളാണല്ലോ. നമ്മൾ ഒന്നിച്ചു കാസറ്റ് കണ്ടതും പിന്നെ ഞാൻ നിന്റെ മുറിയിൽ വന്നതും പിന്നെ ഞാൻ തിരിച്ചുപോരുമ്പോൾ നീ എന്റെ കൈ പിടിച്ചു ഏങ്ങി പറഞ്ഞതുമെല്ലാം എന്റെ സ്വപ്നങ്ങളായാണ് ഞാൻ കരുതിയത്. നിനക്ക് പങ്കില്ലാത്ത സ്വപ്നങ്ങള്." ബന്ധങ്ങളിലെ ആത്മാര്ഥതകളെ അളക്കുന്ന മനഃശാസ്ത്രപരമായ ഒരു സമീപനം ആണ് ഈ കഥ.കഥയുടെ അവസാനം അവൾ ചോദിക്കുന്നുണ്ട്\"ഇപ്പോൾ പറയൂ കരുണേ, ഏതാ സ്വപ്നം ഏതാ പരമാർത്ഥം?\"വായനക്കാരെയും ഇത്തരത്തില്‍ ചിന്തിപ്പിക്കും ഈ കഥ. 

‘നിലാപിശുക്കുള്ള ഒരു രാത്രിയിൽ’ മുണ്ടൂര് മാഷിന്റെ മികച്ച സാമൂഹിക വിമർശനകഥകളില്‍ ഒന്നാണിത്. രാത്രി വീട്ടുവളപ്പിലെ ചന്ദന മരം മോഷ്ടിക്കാൻ വരുന്ന രണ്ടു കള്ളന്മാരും അതു നോക്കി നിൽക്കുന്ന നിസംഗനായ ഗൃഹനാഥനും കുടുംബവും ആണ് കഥയുടെ പശ്ചാത്തലം. മധ്യവർഗതിന്റെ നിസംഗതയും സാമൂഹ്യ വിഷയങ്ങളിൽ നിന്നും തെന്നി മാറി തന്നിലേക്ക് ചുരുങ്ങുന്നു കുടുംബ വ്യവസ്ഥിതിയും. കഥയിൽ വ്യക്തം, കഥയുടെആഖ്യാനരീതി ശ്രദ്ധേയമാണ്. ചന്ദനംമുറിക്കുന്നത്കണ്ടുനില്‍ക്കുന്ന ഗൃഹനാഥനും കുടുംബവും “നീ എന്താ കാവിലെ ഉത്സവം കാണുമ്പോലെ ഒരേ നില്‍പ്പ്?” എന്ന് ചോദിക്കുന്നുണ്ട് തൊട്ടടുത്ത ചന്ദന ഫാക്ടറി തുറന്നത് തന്നെ ഇവിടെയുള്ള "വീട്ടുവളപ്പുകളില്‍ വളരുന്ന ചന്ദനം കണ്ടാണെന്ന് ഇടക്ക് ഗൃഹനാഥന്‍ പറയുന്നുണ്ട്  അവിടെ ഫാക്ടറി രാത്രിയെ തുറക്കൂ എന്ന് കേട്ടിട്ടുണ്ട് ബകന്‍റെ വിശപ്പുള്ള ഒരു യന്ത്രമാണ് അവിടെ ഉള്ളത് ചവയ്ക്കാന്‍ വല്ലതും കിട്ടുമോ എന്ന് നോക്കികൊണ്ട്‌ യന്ത്രം വായും പൊളിച്ചുള്ള നില്‍പ്പാണത്രേ. അപ്പോഴാണ് നമ്മുടെ ചന്ദനമരം എത്തിച്ചേര്‍ന്നത്. വന്നപാടെ അത് യന്ത്രത്തിന്റെ വായിലേക്ക് നീങ്ങിപോയി. ഒരു തുരങ്കം പോലെയായിരുന്നു വായ. അവസാനത്തെ ഏറ്റുകാരനും വായിലേക്ക് വീണുകഴിഞ്ഞു. ഒടുക്കംതോളു കാട്ടേണ്ടി വരുന്നവന്റെ ദുരന്തമാണത്.” ചന്ദന ഫാക്ടറി ഇവിടെ ഒരു പ്രതീകമാണ്‌. സമൂഹത്തില്‍ നടന്നുവരുന്ന അവസ്ഥകളെ ഗൃഹനാഥന്‍റെ കാഴ്ചകളിലൂടെ സമൂഹത്തിന്‍റെ നിസംഗത ഒരുകുടുംബത്തിലൂടെയും കാണിക്കുന്നു “നിനക്ക്ചന്ദനഫാക്ടറിയെ കുറിച്ച് വല്ലതും അറിയാമോ? ആ വരണ്ടുവിള്ളുന്ന പ്രദേശത്ത് ഇത്രയേറെ ചന്ദന ഫാക്ടറികള്‍ എന്തിനാണ് തുറന്നിട്ടുള്ളത്? മരത്തടികള്‍ ചവച്ച് ചവച്ച് ഉണ്ടാക്കുന്ന ചാറാണോ തൈലമാക്കുന്നത്? ഇവിടെയുണ്ടാക്കുന്ന ചന്ദനതൈലം വിശേഷാണെന്ന് നീയും കേട്ടിട്ടുണ്ടോ? ചന്ദനത്തടിയോടൊപ്പം മനുഷ്യത്തടിയും ചവച്ചുചേര്‍ക്കുമ്പോഴാണ് തൈലത്തിന് വിശേഷപ്പെട്ട മണം കിട്ടുന്നത്” കഥയില്‍ പ്രതികരണ ശേഷിഇല്ലാത്ത ഒരു സമൂഹത്തെ കുടുംബത്തിലൂടെ കാണിക്കുന്നു. എന്നാല്‍ എല്ലാം ഗാലറിയില്‍ ഇരുന്നു കാണുന്ന കാഴ്ച്ചക്കാരും കൂടിയാണ് കഥയുടെ അവസാനം ആ നിസംഗത നിസ്സാഹയാവസ്ഥയായി മാറുകയാണ്‌. മകന്‍റെ കരച്ചില്‍ തിരിച്ചറിയാനാവാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ “നാം അവനെ ഇന്നോളം കരായിപ്പിക്കാത്തത് തെറ്റായെന്നേ പറയേണ്ടു. നമുക്ക് അവന്റെ കരച്ചില്‍ പോലും അതുമൂലം തിരിച്ചറിയാന്‍ വയ്യാതെയായി” കഥ സാമൂഹിക വിമര്‍ശനം കൂടിയാകുമ്പോള്‍ഇത്തരം കരച്ചിലുകള്‍ തിരിച്ചറിയാതാകുന്ന അവസ്ഥ തുറന്നു കാട്ടുന്നതാകുകയാണ് കഥയുടെ ദൗത്യം. 

മുണ്ടൂര് മാഷിന്‍റെ കഥകളെ പറ്റി കെ.ഇ.എന്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്“വിരുദ്ധ ബോധത്തിന്റെ ഇരുണ്ട വഴികളിലൂടെ കണ്ണീരുപ്പിലും മധുരം നുണഞ്ഞ് നിലവിളികള്‍ക്കിടയിലെ ചിരിയറിയിച്ച്, നിരാശ നിറയുമ്പോഴും നിറം കെടാത്ത പ്രത്യാശയുടെ കാവലായി നാളെയും മലയാളം മുണ്ടൂര്‍ കൃതികളെ ഓര്‍ക്കും” അവശേഷിപ്പിന്റെ പക്ഷി എന്ന കഥയില്‍ കെ.ഇ.എന്‍ തന്നെ കഥാപാത്രമായി വരുന്നുണ്ട്. സമഗ്രമായ ജീവിതത്തിന്റെ പോരാട്ടഭൂമികയെ തന്‍റെതായ ശൈലിയില്‍ വാരച്ചിടാന്‍ മുണ്ടൂര്‍ മാഷിനായി. 

സര്‍പ്പം എന്ന ചെറിയ കഥയെ മാത്രം എടുത്തു നോക്കിയാല്‍ മതി എത്ര സൂക്ഷ്മമായാണ് അതിന്‍റെ ആഖ്യാനവും അതില്‍ പറഞ്ഞിരിക്കുന്ന വിഷയവും. അന്നും ഇന്നും പെണ്ണ് എവിടെയും ഒരു നേരിടേണ്ടി വരുന്ന സാഹചര്യത്തെ എത്ര കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നു. ഇന്റര്‍വ്യൂന് പ്രിസിപ്പല്‍ അവളോട്‌ മാര്‍ലൊവിന്റെ നാടകങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അവള്‍ക്ക് മനസിലായി ജോലി കിട്ടും എന്നുറപ്പില്ല എന്ന്.തിരിച്ചു കാറില്‍ പോകുമ്പോള്‍ അച്ഛന്‍റെ ഉള്ളില്‍ അരിച്ചുകേറിയ സംശയം അവളില്‍ പറയാതെ പറയുന്നുണ്ട്. 
“ഒരുപക്ഷേ തനിക്കു കിട്ടിയെക്കുമോ ഈ ജോലി എന്നായിരിക്കുമോ അച്ഛന്റെ വിഷമം? 
വരണ്ട പറമ്പുകളുടെ മധ്യത്തിലൂടെ നീണ്ടുപോകുന്ന കറുത്ത പാതയിലേക്ക് നോക്കി അവള്‍ അച്ഛന്റെ അരികില്‍ മിണ്ടാതിരുന്നു. ഈജിപ്തിലെ മണല്പരപുകളെ മുറിച്ച് ഒഴുകിപ്പോവുന്ന നൈല്‍നദി അവളുടെ മനസിലേക്ക് അപ്പോള്‍ കടന്നുവന്നു. 
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അവള്‍ അവളെ കണ്ടെത്തുകയായിരുന്നു. 
അച്ഛനും അവളെ കണ്ടെതിയിരിക്കുമോ? 
നേരിയദുഃഖത്തോടെ അവള്‍ ആ നല്ല കോളേജിനെക്കുറിച്ചും അവിടെയുള്ള ഒഴിവിനെക്കുറിച്ചും ഓര്‍ത്തു. 
ട്രോജന്‍യുദ്ധത്തെക്കുറിച്ചും അവള്‍ ഓര്‍ത്തുപോയി” 

സര്‍പ്പം എത്ര അര്‍ത്ഥവത്തായ തലക്കെട്ട്, സമൂഹത്തില്‍ എവിടെയും സര്‍പ്പം പ്രത്യക്ഷപ്പെടാതെ തന്നെ ആ ചീറ്റല്‍ വ്യക്തം. 

മലയാളത്തിലെ തന്നെ മികച്ച കഥകളില്‍ ഒന്നാണ് ‘ആശ്വാസത്തിന്‍റെ മന്ത്രച്ചരട്’ എത്ര സുന്ദരമായാണ് ആലീസിന്റെയും അച്ചുതന്‍കുട്ടിയുടെയും സൌഹൃദത്തെ വരച്ചുകാട്ടിയിരിക്കുന്നത്. കഥയുടെഒതുക്കം നമ്മെ അത്ഭുതപ്പെടുത്തും ഒരു നല്ലകഥയിതാ എന്ന് കാണിക്കാന്‍ പാകത്തില്‍ ഉള്ള കഥയാണ് ഇത്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി തന്‍റെ തൂലികയില്‍ കുറിച്ചിട്ട കഥകളുടെ വഴികള്‍ ഈ കുറഞ്ഞ വാക്കുകളില്‍ തീര്‍ക്കാവുന്നതല്ല.കഥപറച്ചിലില്‍ മൂന്നാമതൊരാള്‍,നിലാപിശുക്കുള്ള ഒരു രാത്രിയിൽ, അവശേഷിപ്പിന്റെ പക്ഷി,എന്നെ വെറുതെ വിട്ടാലും, അമ്മയ്ക്ക് വേണ്ടി, ആരോ പിന്നിലുണ്ട്, കഥാപുരുഷന്‍ എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍ ഏകാകി, മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണപ്പരുന്ത് എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. കഥയുടെ ലോകത്ത് മലയാളത്തിന്‍റെ എക്കാലത്തെയും യശസ്സ് തന്നയാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി. നൂറിലധികംകഥകളില്‍ഒട്ടുമിക്കവയും നമ്മുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളാണ്. ആകഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ആര്‍ദ്രത വളരെ നന്നായി നമുക്കനുഭാവിക്കാനാവും. കഥയും ജീവിതവും ഒന്നാകുന്ന ജീവിതത്തിന്റെ വിവിധ തലങ്ങളെ കഥകള്‍ ധാരാളം. എവിടെയോ തോര്‍ന്നു തീരുന്ന മഴ, പെരുവഴിയിലെ വിശേഷങ്ങള്‍, ഒരു ലക്ഷണം കേട്ടോന്‍റെ വേദാന്തം, മറക്കാന്‍ പാടില്ലാത്ത ഒരു കഥ, മണ്ണില്‍ ആണ്ടുപോയിരുന്ന സത്യം, ദീനാനുകമ്പ, തോന്നലുകളുടെ രാജ്യഭാരം... ഇങ്ങനെഒട്ടനവധി കഥകള്‍ പറയാനുണ്ട്‌. ഹൃദയത്തിന്റെ വിശുദ്ധതതയില്‍ നിന്നും ജീവിതത്തിന്‍റെ അഗാതമായ ആഴങ്ങളിലേക്ക് ഇറങ്ങി ഇരുളും വെളിച്ചവും അടയാളപ്പെടുത്തുന്ന മികച്ചകഥകള്‍ സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും നല്ല കഥാകാരനാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.

--


2005 ജൂണ്‍ 4ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷ്‌ നമ്മോടു യാത്രപറഞ്ഞു മലയാള സാഹിത്യത്തിനു എക്കാലത്തെയും മികച്ച കഥകള്‍  മാഷിന്‍റെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം


Sunday, 27 May 2018

പി.എന്ന ഒറ്റ അക്ഷരത്താല്‍ കുറിക്കപ്പെട്ട കവിതയും പ്രകൃതിയും


പ്രകൃതിയേയും, മനുഷ്യനെയും പ്രണയത്തെയും പറ്റി ഭാഷയുടെ സൗന്ദര്യം നിറച്ച കവിതകള്‍ എഴുതി മലയാളത്തെ വാനോളം ഉയര്‍ത്തിയ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ വിട വാങ്ങിയിട്ട് നാല് പതിറ്റാണ്ട്. കേരളത്തിന്‍റെ പ്രകൃതിയും ഗ്രാമീണ ജീവിതവും, കാര്‍ഷിക സംസ്കാരവും നിറഞ്ഞാടുന്ന കവിതയില്‍, ഇതെല്ലാം ഇല്ലാതായേക്കുമോ എന്ന ആകുലതയും നമുക്ക് കാണാം. പ്രകൃതിയെ പി യോളം നിരീക്ഷിച്ച ഒരാളില്ല എന്ന് തന്നെ പറയാം.കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെയായിരുന്നു എങ്കിലും എഴുതിയ കവിത കള്‍ തുറന്നിടുന്ന വലിയലോകത്തെ എത്ര വ്യാഖാനിച്ചാലും അതധികമാകില്ല. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു.
“കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?
സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?”
എന്ന് കവി ചോദിച്ചുകൊണ്ടേയിരുന്നു.നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനംനൊന്ത് വിലപിക്കുന്ന പി ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ നാല് പതിറ്റാണ്ട്കള്‍ക്ക് മുമ്പ് ചോദിച്ചതത്രയും ഇന്നിന്റെയും യാതാര്‍ത്ഥ്യമാകുന്നു എന്നിടത്താണ് കവിയുടെ ദീര്‍ഘവീക്ഷണം പ്രസക്തമാകുന്നത്
“കന്നാലിമേയും ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?”
പ്രകൃതിയോടു ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യരെയും കവി അന്വേഷിക്കുകയാണ്. ഗ്രാമത്തിന്റെ ഇല്ലായ്മകളിലേക്കും കവി ചെന്നെത്തുന്നു. ഗ്രാമത്തെ വിട്ടൊഴിയുന്ന ഒരു മനസ്സ് ചേക്കേറുന്ന മനുഷ്യവിചാരങ്ങളെ ഇല്ലാതാകുന്ന ചിഹ്നങ്ങളിലൂടെ കാണിക്കുന്നു. ഒപ്പം അവനവന്റെ തന്നെ വീഴ്ചയും തിരിച്ചറിയുന്നു.
“മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി.”
ഇങ്ങനെ എല്ലാ കോണുകളിലൂടെയും പി. എന്നഏകാക്ഷരത്താല്‍തന്നെ പ്രസിദ്ധനായിത്തീര്‍ന്ന മഹാകവി സഞ്ചരിക്കുമ്പോള്‍ പ്രകൃതിയെ പറ്റി തന്‍റെ കാവ്യപ്രമേയത്തിന്‍റെ അപൂര്‍വതകൊണ്ടും കാവ്യശൈലിയുടെ മനോഹാര്യത കൊണ്ടും മറ്റാരുണ്ട് എന്ന ചോദ്യം ബാക്കിയാകുന്നു. കവിയെവിടെ എന്ന കവിതയില്‍ മോന്നോട്ടു വെച്ച ഈ ആകുലതകള്‍ ഇനിയും പലതുണ്ട്.
“ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?
പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?”
എന്ന് കവിക്ക് ചോദിക്കാനകുന്നു. പ്രകൃതിയുടെ മനോഹാര്യത അവിടുത്തെ മനുഷ്യരും ചേര്‍ന്നതാണ് എന്നും എന്നാല്‍ മനുഷ്യര്‍ തന്നെ തീര്‍ത്ത മതില്കെട്ടിനു പുറത്തേക്കു വലിച്ചെറിയപ്പെട്ട മനുഷ്യരുടെ വിലാപവും അതോടൊപ്പം കൂര്‍ത്ത ചോദ്യങ്ങളും കവി നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. കവി കവിയോട് തന്നെ നിരന്തന്തരം ചോദിച്ചുകൊണ്ടിരുന്നു.
“കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ -
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!”

നിത്യ സഞ്ചാരത്തില്‍ താന്‍ കണ്ടെടുത്ത ജീവിതത്തിന്‍റെ നേര്‍ചിത്രങ്ങളിലെ ഓരോ അണുവും സൂക്ഷ്മദര്‍ശിനി വെച്ച് നോക്കുന്നതായി നമുക്ക് കാണാം. ഇന്നും ഈ ചോദ്യങ്ങള്‍ പ്രസക്തം എന്നതാണ് കാവ്യപ്രമേയത്തിലെയും അപൂര്‍വതകൊണ്ട് സ്വന്തം തട്ടകം തീര്‍ത്ത കവിയെ അനശ്വരനായിത്തീര്‍ക്കുന്നത്
“കുളിച്ചു പൂപ്പൊലിപ്പാട്ടിൽ വിളിച്ചു
മലനാടിനെ
ഒളിച്ചു പൂക്കളം തീർത്ത്
കുളിച്ചുപുലർവേളകൾ”
എന്ന് തുടങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലെ പച്ചപ്പും കേരളത്തിന്‍റെ പ്രകൃതിയും നിറയുന്നു, എന്നാല്‍ ആപോഴെല്ലാം പ്രകൃതിയെ മനുഷ്യന്‍ ഉപയോഗിച്ചുവരുന്ന രീതിയില്‍ ഉള്ള ആശങ്കയും ആകുലതയും കവിതകളിലെങ്ങും കാണാം. വര്‍ത്തമാനകാലത്ത് നാം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതുമൂലം സര്‍വ്വ ജീവികളും നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ഇതെല്ലാം അന്നേ കവിതയിലൂടെ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. .
പ്രകൃതിയുടെ ഓരോ ചലനവും കവിതയിലൂടെ അവഹിക്കുന്നു. പ്രാകൃതിയും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്നു. ഇവിടെ പ്രകൃതിയോടുള്ള പ്രണയം സൌന്ദര്യ പൂജയായ് മാറുന്നു
“പൂനിലാവിൽ മുങ്ങി
നീരുമാമ്പലപ്പൂവുപോലവേ
മലഞ്ചെരുവിലാപ്പുള്ളി
മാൻകിടാവെന്നപോലവെ
കസ്തൂരിക്കുറിപൂശുന്ന വരമ്പിൻ
വക്കിലൊക്കെയും കാൽവെപ്പിനാൽപൂനിരത്തി
രമ്യശാരദ കന്യക”
മനുഷ്യനില്‍ പ്രകൃതിയുണ്ടാവണം എങ്കിലേ പ്രകൃതിയില്‍ മനുഷ്യരുണ്ടാകൂ കവി പദ്യത്തിലും ഗദ്യത്തിലും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിയുടെ ഭാവവും നല്‍കി.
“പറന്നുപോയ്പഞ്ച
വർണ്ണകിളിക്കൂട്ടങ്ങൾ
പോലവെ
കുന്നിചെരുവിലോണപ്പൂക്കളേന്തിയ
സന്ധ്യകൾ”
എന്നെഴുതുമ്പോള്‍ ഓണപ്പൂകളവും ആ വസന്തകാലവും ഋതുഭേതങ്ങളും ഗ്രമാചിത്രങ്ങളും അനുഭവിപ്പിക്കുകയാണ്‌. പ്രകൃതിയുടെ സൗന്ദര്യവും ഭാഷയുടെ സൗന്ദര്യവും പ്രകൃതിയും മനുഷ്യനും ഇഴ ചേര്‍ന്ന് നില്‍കുന്ന ആഖ്യാന ശൈലിയില്‍ കവി വാക്കുകളുടെ പ്രപഞ്ചം തീര്‍ക്കുന്നു. വ്യാഖാനത്തിലുപരി ആസ്വാദനത്തിന്റെ തലം തുറന്നു തരുന്നു.
“സത്വവെണ്മയേഴും
കന്നിവാനിൽച്ചുറ്റിപ്പറക്കവെ
പൂമണിച്ചിറകിൻക്കാറ്റിലാടി
സ്വർഗീയസൗഭഗം
നിശതൻ ഖണ്ഡകാവ്യങ്ങൾ തിരുത്തും
സൂര്യരശ്മികൾ
നിർമ്മിച്ചുതൂവലിൻ തുമ്പാൽ
ഭാവാനാമണി പത്തനം”
പ്രകൃതിയും കൃഷിയും കാര്‍ഷിക സംസ്കാരവും ആ മനോഹാരിതയും ജീവിതവും വേദനയുമെല്ലാം പ്രകൃതിയെ അതിന്റെ സൗന്ദര്യത്തെ വര്‍ണിക്കുന്നത് ഒരു പൂജയായി കവി കാണുന്നു. കവി ഒരു നിത്യ സഞ്ചാരി ആയതിനാലാകാം പ്രകൃതിയില്‍ ഇത്രമാത്രം നയിച്ച്‌ ചേര്‍ന്ന് എഴുതനായത്.
“അർക്കന്റെകാൽക്കൽത്തലവെച്ചുറന്ന
മിഴിനീരൊലി
ഒതുക്കി നോക്കുന്ന കുട്ടി
കഴിഞ്ഞവിളഭൂമികൾ
ചളിപ്പാടത്തു താരങ്ങൾ
പിടിതാളുപെറുക്കവെ
അലക്കിത്തേച്ച കുപ്പായമിട്ടുലാത്തുന്നു
വെണ്മുകിൽ”
എന്നാല്‍ പ്രാകൃതിയുടെ സൌന്ദര്യത്തെ മാത്രമല്ല നോക്കികാണുന്നത് മനുഷ്യന്‍ തന്നെ പ്രകൃതിക്കുമേല്‍ നടത്തുന്ന ചെറിയ പ്രഹരം പോലും കവിതയില്‍ നിറയുന്നു. മനുഷ്യന്റെ രണ്ടു മുഖങ്ങളും മായാതെ തെളിയുന്നു
“സത്യപ്രകൃതിദീപത്തിൽക്കത്തും
പൊൻതിരിപോലവെ
അരിവാളെന്തിനിൽക്കുന്നു
കന്നിക്കർഷക കന്യക
കുളുർക്കെയവൾ നോക്കുമ്പോൾ
പൂത്തുവിൺപിച്ചകച്ചെടി
അവൾനീരാടാവെ നീലദർപ്പണം
പാഴ്ച്ചെളിക്കുളം”
മനുഷ്യന്‍ അവന്‍റെ ആര്‍ത്തിയാല്‍ കൈവിട്ടുപോകുന്ന പലതും കവിതയില്‍ കാണാം, കന്നിമാസത്തിന്റെ ആഹ്ളാദവും തിമിര്‍പ്പും കവിതയില്‍ നിറയുന്നു കാലം തന്നെ തീര്‍ക്കുന്ന പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ മലയാളവുമായി എത്രകണ്ട് അടുത്ത് നില്കുന്നു എന്ന് കാണാം.
‘ആ ചെന്താമരപ്പൂവ്’ എന്ന കവിതയില്‍ പെരിയാറലകളുടെ നെടുവീര്‍പ്പുകളില്‍ പ്രണയത്തിന്റെ വിരഹവും പെരിയാറിന്‍കരയുടെ ഭംഗിയും ഇഴ ചേര്‍ന്ന് നില്കുന്നു.
തള്ളുന്നൂ ലാവണ്യവെണ്‍നുര സങ്കല്പ-
പ്പുള്ളിയുലയുമാ വെള്ളസാരി!
ആ മലഞ്ചോലതന്‍ തീരത്തിലംബുജ-
ത്തുമുഖം തേടുന്നു വണ്ടിന്‍ചാരെ;
ഉള്ളംകുലുര്‍പ്പിക്കുമാദ്യത്തെത്തൂമഴ-
ത്തുള്ളിയില്‍നിന്നൊരെഴുത്തു വീണു!”
വിരിഞ്ഞു നില്‍ക്കുന്ന ചെന്താമാരയോടു ഇടറിയ ശബ്ദത്തില്‍ മൊഴിയുന്നു.
“തെക്കുനിന്നൊരാല്‍ത്തോഴാന്‍വരുംതെന്നലിന്‍-
പക്കല്‍ക്കുറിച്ചു കൊടുക്കേണമേ;
പ്രേമപ്പൂമ്പൊയ്കയില്‍ നീന്തിക്കളിക്കുമെന്‍
താമരപ്പൂവേ, നിന്‍ മേല്‍വിലാസം”
(ആ ചെന്താമരപ്പൂവ്)
കവിതയിലെവിടെയും ഭാഷയുടെ സൗന്ദര്യതലം കാണാം, അന്നത്തെ തിരുവാതിര എന്ന കവിതയില്‍
“കേറിപ്പുളച്ചുവരുമാതിരക്കുളിര്‍ത്തെന്ന-
ലാറിന്റെയലകളിലൂഞ്ഞാലിട്ടൂ;
തെല്ലിട മുങ്ങിപ്പൊങ്ങി വാര്‍മുടിയൊതുക്കുന്ന
വള്ളിതന്‍ മൃദുമേനി തൊട്ടുരുംമ്മീ.”
പി.യുടെ സൗന്ദര്യദര്‍ശനം നിറഞ്ഞ കവിതകള്‍ ധാരാളം. പ്രകൃതിയെ തന്നിലേക്കാവാഹിച്ചു നടത്തുന്ന പൂജയാണ് പിയുടെ കവിതകള്‍ മുക്കുറ്റികളുടെ കടങ്കഥകള്‍ പൂതുമ്പകളുടെ പഴഞ്ചൊല്ലുകള്‍ തോടുകളുടെ നാടോടിപ്പാട്ടുകള്‍ അങ്ങനെ പ്രകൃതി വര്‍ണ്ണന പ്രപഞ്ച ദര്‍ശനമായി കവി മാറ്റുന്നു ‘ചിതറിയ ചിത്രങ്ങള്‍’ എന്ന കവിത അത്തരത്തിലൊരു യാത്രയാണ്, മുളംക്കൂടിന്റെ ശബ്ദത്തെ കവി വര്‍ണ്ണിക്കുന്നവേലയില്ലാതെ കലമ്പി പിണങ്ങി നില്കുന്നുവെന്നാണ്.
“ഹൃദയം മീട്ടും വീണാത്ന്ധങ്കാരമുതിരുന്ന
മധുരസ്മൃതിപോലെ മങ്ങി ശാരദ സന്ധ്യ!
വാടിവീഴുന്നൂ പനീര്‍പ്പൂവിതളോരോന്നായി,
വാനില്‍ചില്ലയിലുണ്ടു ഞെട്ടിയാം പകല്‍ ദീപ്തി.
ഫുല്ലമാം പകലിന്റെ ജീവിതദാനം പാറ-
ക്കല്ലിനും കടലിനും പുല്ലിനുമുള്ളില്‍ത്തട്ടീ.
ഇല്ല പുല്ലിനും സ്വൈരം പദഘാതത്താല്‍ വേല-
യില്ലാതെ കലമ്പുന്നൂ പിണങ്ങും മുളക്കൂട്ടം.”
(ചിതറിയ ചിത്രങ്ങള്‍)

വിക്രമ സൂര്യന്‍ കയരിനിള്‍ക്കും വിശ്വ-
ചക്രവാളമതില്‍ക്കെട്ടിന്‍മുകളിലായ്
അന്തിയുഷസ്സുകള്‍ ചന്തത്തില്‍ വില്ലീസ്സു
നെയ്തുതള്ളും നെയ്ത്തുശാലയ്ക്കരികിലായ്”
(സന്ന്യാസിയുടെ പാട്ട്)

പൊന്നണിഞ്ഞു മിന്നുമീ-
പ്പുണ്യശൈലസാനുവില്‍,
മുറ്റുമിന്നു പൊന്‍കതിര്‍-
ക്കറ്റയേറ്റി നില്‍ക്കയായ്
(വീരകേരളം)

പിയുടെ കവിതകളിലൂടെ എത്ര സഞ്ചരിച്ചാലും തീരില്ല. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം കവിതയിലൂടെ തുറന്നു വെക്കുകയും ഒപ്പം കവി മുന്നോട്ടുവെക്കുന്ന പ്രപഞ്ച ദര്‍ശനം വിശ്വലോകത്തിനു വേണ്ടി കൂടിയാണ്. കവികളുടെ ദൗത്യവും അതാണല്ലോ. വറ്റിപ്പോകരുത് ഈ പ്രകൃതിയോടുള്ള സ്നേഹം എന്ന് തന്‍റെ ജീവിത സഞ്ചാരത്തിലുടനീളം നിരന്തരം ഓര്‍മ്മിപ്പിച്ചു. ജീവിതം തന്നെ ഒരലച്ചിലായി കവിതപോലെയാകുന്നു അതുകൊണ്ടാണ് “കുയിലും മയിലും കുഞ്ഞിരാമന്‍ നായരും കൂടുകൂട്ടാറില്ല” എന്ന് കെജി ശങ്കരപിള്ള പിയെ കുറിച്ച് എഴുതിയത്. പി എവിടെയും കാത്തുനില്‍ക്കാതെ അലയുകയായിരുന്നു, കവിതക്കായി ജീവിതം മുഴുവന്‍ അലഞ്ഞു തീര്‍ത്ത ഒരു സമ്പൂര്‍ണ്ണനായ കവി. പി എന്ന കവിയെ കവിതയിലൂടെ നാം എത്രമാത്രം അറിഞ്ഞു എന്ന ചോദ്യം നമ്മോടു തന്നെ ചോദിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. പി യുടെ ജീവിതത്തിലേക്ക് നാം എത്തിനോക്കിയ അത്ര ആ കവിതയിലേക്ക് നോക്കിയോ എന്ന സംശയം ബാക്കി നില്ക്കും. സുകുമാര്‍ അഴിക്കോട് ഇക്കാര്യം കൃത്യമായി പറയുന്നു “കുഞ്ഞിരാമന്‍ നായരുടെ കവിതകളിലെ സംവിധാനശില്പത്തെ അഥവാ നാടകീയതയെ വാഴ്തേണ്ടത്ര വാഴ്ത്തിയിട്ടില്ല നമ്മുടെ നമ്മുടെ സഹൃദയലോകം.” അതെ പി.യെ നമ്മള്‍ വായിച്ചത് അധികവും ജീവിതത്തിലൂടെയാണ് ജീവിതം തന്നെ കവിതപോലെയൊന്നായതിനാല്‍ നമ്മള്‍ കവിതയിലും എത്തി. കാലമേറെ കഴിഞ്ഞാലും മലയാളം ബാക്കിവെക്കുന്ന കവിതകള്‍ ആയിരിക്കും പി.യുടേത്. മറവിയുടെ പുതപ്പില്‍ ഈ കവിതകള്‍ ഒതുങ്ങിപോകില്ല കാലമേറും തോറും കൂടുതല്‍ പ്രസക്തമാകും ഓരോ കവിതകളും. കവിതയിലെ പ്രകൃതിലൂടെ മാത്രം ഹരിതാഭമായ വാക്കുകളാല്‍ തീര്‍ത്ത കാട്ടില്‍ ദിവസങ്ങളോളം അലയേണ്ടി വരും. പദ്യത്തിലും ഗദ്യത്തിലും പി ഉണ്ടാക്കിയ ലോകം അത്രയും വിപുലമാണ്.
“ലോലവണ്ടിണ്ടപോലുള്ള വാനിന്‍
നീലിമയിങ്കല്‍ നീരാടുവാനും
വിണ്ണഴകിന്‍ മുഖത്തൂര്‍ന്നുവീഴും
കണ്ണുനീര്‍ ചുംബിച്ചെടുക്കുവാനും
വാനിന്‍റെ ദിവ്യസന്ദേശമേന്തും
ഗാനം വിവര്‍ത്തനം ചെയ്യുവാനും
അല്ലാതെ ഞാനറിഞ്ഞീലയൊന്നും
അല്ലാതെ ഞാന്‍ പഠിച്ചീലയൊന്നും
പാവനപ്രേമത്തിന്‍ പൂജയാണെന്‍
ജീവിതഗാനപ്രപഞ്ചമെല്ലാം.”
ജീവിതത്തെയും പ്രകൃതിയേയും കവിതയിലേക്ക് വിവര്‍ത്തനം ചെയ്യുകായിരുന്നു പി. കുഞ്ഞിരാമന്‍ നായര്‍ എന്ന മഹാകവി. അദ്ദേഹം വിട്ടുപോയ സിംഹാസനത്തില്‍ ഇരിക്കാന്‍ പാകത്തില്‍ ആരും പിന്നെ മലയാളത്തില്‍ ഉണ്ടായിട്ടില്ല ഉണ്ടാകുമോ, എന്നും സംശയവുമാണ്. കേരളത്തിന്റെ പച്ചപ്പ്‌,സാമൂഹികാവസ്ഥ, ക്ഷേത്രാന്തരീക്ഷം,ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെനേര്‍ ചിത്രങ്ങളെല്ലാം ഒരാത്മകഥയാക്കി തരികയായിരുന്നു പിയുടെ ഓരോ കവിതയുംനാല് പതിറ്റാണ്ടിനപ്പുറം മലയാളനാടാകെയലഞ്ഞു നടന്നിരുന്ന പച്ച മനുഷ്യന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ എക്കാലവും കൂടുതല്‍ പ്രസക്തമാകും. ഈ അനശ്വരതയാണ് പി എന്ന ഒറ്റക്ഷരത്തില്‍ അന്നും ഇന്നും തെളിഞ്ഞു നില്‍കുന്ന കവിയും കവിതയും.

ഫൈസല്‍ ബാവ

Monday, 9 April 2018

അബുദാബിയിലെ കാടൊഴിയുന്ന അലാവുദ്ദീൻ

 "ഉയിര് കാക്കാൻ വായു വേണം വായു കാക്കാൻ മരം വേണം നമുക്കപ്പോ മരത്തിനു ഉയിര് കൊടുക്കാം" 
പാരിസ്ഥിതിക ബോധം എന്നത് ജൈവികമായി  എത്തപ്പെട്ടവർ ഭൂമിയിൽ ഉണ്ട് അവരെ സംബന്ധിച്ചു ഒരു പഠനത്തിന്റെയോ പുസ്തകങ്ങളുടെയോ ആവശ്യമില്ല അവർ തന്നെ ഒരു പുസ്തകമാണ്. ഇത്തരത്തിൽ ഉള്ള ഒരു പരിസ്ഥിതി പ്രവർത്തകനാണ് അലാവുദ്ദീൻ. 

പ്രവാസ ജീവിതം തേടി വന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ ഒരാൾ തമിഴ്നാട് തിരുവാവൂർ  ഗ്രാമത്തിൽ നിന്നും 24 വര്ഷം മുമ്പ് ദുബായ് എന്ന സ്വപ്ന നഗരത്തിൽ എത്തുമ്പോൾ കയ്യിൽ ആകെയുണ്ടായിരുന്നത് ഉള്ളിൽ ബാക്കിയായ  പച്ചപ്പ് മാത്രം. സ്‌കൂളിൽ പഠിച്ച കാലത്തൊന്നും ഓക്സിജൻ എന്ന വാക്ക് കേള്കാത്ത അലാവുദ്ദീൻ ഓക്സിജനെ പറ്റി പഠിക്കുന്ന ഉയർന്ന ക്‌ളാസുകളിൽ പഠിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പഠിച്ചത്  സൈക്കിൾ റിപ്പയറിംഗ് അതിനാണ് എങ്കിൽ ഈ മരുഭൂമിയിൽ വലിയ സാദ്ധ്യതകൾ ഇല്ല. പല ജോലികൾ ചെയ്തു പതിനാലു കൊല്ലമായി അബുദാബിയിൽ അലാവുദ്ദീൻ ഈ സ്ഥലത്ത് എത്തിയിട്ട്. ഇവിടെ വരുമ്പോൾ   കല്ലുകൾ കൂടിയില്ല കുറച്ചു മണ്ണിട്ട ഭാഗങ്ങൾ മാത്രം പച്ചപ്പ് എങ്ങുമില്ല. മണ്ണും വെള്ളവും  ഉണ്ടെങ്കിൽ  പച്ചപ്പും ഉണ്ടാക്കാം എന്ന സത്യം തിരിച്ചറിയാൻ വലിയ പുസ്തകങ്ങൾ ഒന്നും വായിക്കേണ്ടതില്ല എന്നും  ഇത്തരം ജൈവികമായ ചിന്തയിൽ നിന്നും അവർ ഇടപെടുന്ന ഇടങ്ങളിൽ അവർ ചെയ്തിരിക്കും എന്ന് തെളിയിച്ച ഒരു വ്യത്യസ്തനായ പ്രവാസി. സാധാരണ പ്രവാസിയെ പോലെ ആയിരുന്നില്ല അലാവുദ്ദീന്റെ ചിന്ത.  ഭൂമിയിൽ എവിടെയാണ് എങ്കിലും  താൻ വസിക്കുന്ന ഇടത്തിൽ ആണ് പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്ന മഹത്തായ ആശയം കൂടെകൂട്ടിയതിനാലാണ് ജോലി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലുള്ള ഒഴിഞ്ഞ കുറച്ചു ഭാഗം ചെടികൾ നാട്ടോട്ടെ എന്ന് അനുവാദം വാങ്ങുന്നു ഫഹദ് എന്ന മുതലാളി അന്ന് സ്വാപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല ഇതുപോലൊരു കൊച്ചുകാഡ് തന്റെ കെട്ടിടത്തിന് മുന്നിൽ ഉയരുമെന്ന് . എന്നാൽ അലാവുദ്ദീന് ഉറപ്പുണ്ടായിരുന്നു ഉള്ള മണ്ണിൽ പച്ചപ്പ് ഇന്നത് ഒരു കൊച്ചു കാടായി മാറിയിരിക്കുന്നു.  ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം നാമൊക്കെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യത്തിനു മീതെയാണ് ഈ പഠനങ്ങൾ ഒന്നും അറിയാതെ വായിക്കാതെ ഒരു മനുഷ്യൻ ചുട്ടുപഴുത്ത ഭൂമിയിൽ ചെടികൾ നട്ട് ഒരു കൊച്ചു കാടാക്കിയത്  വരും തലമുറക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും ക്രിയാത്മകമായ ഒരു പ്രവൃത്തി ചെയ്യാൻ അലാവുദ്ദീന് റേച്ചൽ കഴ്‌സന്റെ സൈലൻസ് സ്പ്രിങ്‌സോ മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവമോ വായിക്കേണ്ടി വന്നില്ല.  പ്രാഥമിക വിദ്യാഭാസം മാത്രം ഉള്ള ഈ അസാധാരണക്കാരൻ ആയ മനുഷ്യൻ നടത്തിയ പാരിസ്ഥിതിക പ്രവർത്തനം  എന്നാൽ   അലാവുദ്ദീൻ തന്റെ കാൽ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോൾ നൽകുന്ന സന്ദേശം വളരെ വലുതാണ്.  പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ജീവിതം ഒട്ടേറെ പേര് നയിക്കുമ്പോൾ  . ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതാകുമോ എന്ന് ആകുലത പേറുന്ന ഇക്കാലത്ത് അതിനായ് സെമിനാറുകളും സമീലനങ്ങളും നടത്തുന്ന ഇക്കാലത്ത് അലാവുദ്ദീൻ പോലുള്ള ഒറ്റ നക്ഷത്രങ്ങൾ നൽകുന്ന പ്രകാശം ആരും കാണാതെ പോകുന്നു. എന്നത് ഖേദകരം തന്നേ. പ്രവാസ ജീവിതം അവസാനിപ്പിച്ച് എയർപോട്ടിലേക്ക് വണ്ടിയിൽ കയറുമ്പോൾ ഓരോ മരവും അതിന്റെ ഓരോ ഇലത്തലപ്പുകളും   അലാവുദ്ദീനെ അവയുടെ ഭാഷയിൽ  കണ്ണീരോടെ  യാത്രയാകുന്നുണ്ടാകും പടർന്നു പന്തലിച്ച ഞാവലിൽ ഇരിക്കുന്ന കിളികളും അങ്ങിങായി വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ തേൻ നുകരുന്ന വണ്ടുകളും അലാവുദ്ദീന് വേണ്ടി പ്രാര്ഥിക്കുന്നുണ്ടാകും  ഇ പച്ച മനുഷ്യന്റെ ഹരിത സ്നേഹത്തെ നമിക്കുന്നുണ്ടാകും. വേലയും നീലയും ശംഖുപുഷ്പം വള്ളിയിൽ തൂങ്ങി കിടന്നു അഭിവാദ്യങ്ങൾ ചെയ്യുന്നുണ്ടാകും,  പ്രകൃതിക്ക് കൃത്രിമത്വം അറിയില്ലല്ലോ, മനുഷ്യൻ ഒഴികെ എല്ലാവരും അലാവുദ്ദീൻ എന്ന പച്ച മനുഷ്യനെ നമിക്കും നമ്മൾ കാൽ നൂറ്റാണ്ട് പിന്നിട്ട പ്രവാസിയായി ലക്ഷ്യങ്ങളിൽ ഒരുവൻ മാത്രം. മുഖ്യധാരയിൽ ഇല്ലാത്തതിനാൽ യാത്രയപ്പ് പോലും അന്യം. ഈ യാത്രിക ജീവിതത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു പോലും അറിയാതെ നാട്ടിൽ തമിഴ് നാട്ടിലെ ഗ്രാമത്തിൽ തന്റെ പ്രവർത്തനത്തിൽ മുഴുകാം. അവസാനം അലാവുദ്ദീൻ സൂചിപ്പിച്ചതും അതായിരുന്നു "ഉയിര് കാക്കാൻ വായു വേണം വായു കാക്കാൻ മരം വേണം നമുക്കപ്പോ 
 മരത്തിനു ഉയിര് കൊടുക്കാം"   എത്ര മഹത്തായ വാക്കുകൾ ആണ് ഈ സാധനരക്കാരനായ മനുഷ്യനിൽ നിന്നും വരുന്നത്. 

അലാവുദ്ദീൻ അബുദാബി യിലെ കാട് വിട്ട് നാട്ടിലേക്ക് പോകുമ്പോൾ ഇതിൽ പരം ഒരു സന്ദേശം നൽകാനുണ്ടോ അലാവുദ്ദീൻ  നൽകുന്ന സന്ദേശം വളരെ വലുതാണ്. കഴിഞ്ഞ പതിനാലു കൊല്ലമായി താൻ ജോലി ചെയ്തിരുന്ന കെട്ടിടത്തിന് മുന്നിൽ ഒരു ചെറു കാട് തന്നെ തീർത്താണ് അലാവുദ്ദീന്റെ മടക്കംഎന്നത് മാത്രം പോരെ ഈ ജീവിതം ധന്യമാക്കാൻ. പ്രാഥമിക വിദ്യാഭാസം മാത്രം ഉള്ള ഈ അസാധാരണക്കാരൻ ആയ മനുഷ്യൻ നടത്തിയ പാരിസ്ഥിതിക പ്രവർത്തനത്തെ നാം എങ്ങനെയാണു നമ്മുടെ നിലവിലെ അളവുകോൽ വെച്ച് അലക്കേണ്ടത്?  ഇനി ഈ കാട് ഇതേ ഭാവത്തിൽ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല അലാവുദ്ദീൻ ഇല്ലാത്ത ഈ കാടിന്റെ ഇളക്കം ഇനിയും എത്രനാൾ എന്നും അറിയില്ല. സാധാരണക്കാരനായ ഈ തമിഴ്നാട് സ്വാദേശിയിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിക്കാനായി എന്നത് വളരെ വലിയ കാര്യമാണ്.  അലാവുദ്ദീൻ എന്ന പ്രകൃതിസ്നേഹിക്ക് ഇനി നാട്ടിലും ഒരായിരം നന്മകൾ ചെയ്യാനും പച്ചപ്പ് വിരിക്കാനും ആകട്ടെ എന്നും ഈ പച്ച മനുഷ്യന്റെ ഹരിത സ്നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കാനും നമുക്കാവട്ടെ ഒപ്പം ഇത്തരം ജീവിതാങ്ങാകേ തിരിച്ചറിയാനും പഠിക്കാനും കഴിയട്ടെ.  “ജീവന്റെ അതിബ്ര്യഹത്തായ ഒരുസിംഫണിയാണ്പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”  പ്രകൃത്യാ തന്നെ ഈ സംഫണി തിരിച്ചറിഞ്ഞ പച്ച മനുഷ്യനായ അലാവുദ്ദീന്റെ ഹരിത ജീവിതത്തിൽ ഇനിയും പച്ചപ്പുകൾ തളിർക്കട്ടെ 





(മുമ്പ് മാതൃഭൂമിചാനലിൽ  വന്ന വാർത്തയുടെ ലിങ്ക് ഇതോടൊപ്പം) 

Sunday, 4 March 2018

ഒരു മഴയിൽ മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്ന കേരളം


ലേഖനം : പരിസ്ഥിതി



“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”



കൊന്ന പ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്. ഇക്കാര്യങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നിട്ടും നാം പഠിച്ചോ എന്നത് സംശയമാണ്. ജലത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രകൃതിയെ പരിഗണിക്കുന്ന കാര്യത്തിൽ നമ്മുടെ പ്രബുദ്ധതയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നു തോന്നുന്നു. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”
ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു ദൈവത്തിന്റെ  സ്വന്തം നാടെന്നു നാം പറയുകയും എന്നാൽ ദൈവം പോലും നാണിച്ചു പോകുന്നത് തരത്തിൽ പ്രവർത്തികൾ തുടരുകയും ചെയ്യുന്നു.  16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ 44 നദികളുടെ ഈ ഭൂമിയിൽ കടുത്ത ജലക്ഷാമം നേരിടുന്നു എങ്കിൽ നമുക്കെവിടെയോ പിഴച്ചിട്ടുണ്ട് ഒരു മഴയിൽ നാം മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്നു എങ്കിൽ നമ്മുടെ ആസൂത്രണം എങ്ങിനെ പിഴച്ചതെന്നു  ഇനിയെങ്കിലും നാം ചിന്തിക്കണം.  
ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്, ” ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്‌. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. 

കേരളം എന്നും ഇതൊക്കെ നിരന്തരം സെമിനാറുകളിൽ മാത്രം ഉരുവിടുകയും പ്രവർത്തന രംഗത്ത് ക്വാറി, മണൽ, ഭൂമി, തുടങ്ങിയ നാമത്തിൽ വാഴുന്ന മാഫിയകൾ നമ്മുടെ പ്രകൃതി വിഭവങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യുന്ന അവസ്തയും ഉണ്ട്, കൂടാതെ വികസനത്തിൽ ആസൂത്രണം ഇല്ലായ്മ മൂലം പ്രാദേശിക തലത്തിൽ പാരിസ്ഥിതികമായ ഒട്ടേറെ നാശങ്ങൾ ചെറുതാണ് എങ്കിൽ പോലും കേരളത്തിന്റെ പ്രകൃതിയെ മാറ്റി മറിക്കുന്ന തരത്തിൽ  രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നാട്ടിൻപുറങ്ങളിൽ നടത്തിയ ആസൂത്രണമായില്ലാത്ത വികസന പ്രവർത്തനങ്ങൾ ആണെന്ന് മനസിലാക്കാം കേരളം ഇന്ന് കാസര് കോഡ് മുതൽ തിരുവനന്തപുരം വരെ ഒരു ചെറു പട്ടണം ആണെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. ആ തരത്തിൽ ആണ് നമ്മുടെ വികസനം മുന്നേറുന്നത് എന്നാൽ ഈ കാഴചപ്പാടിൽ എവിടെയും പ്രകൃതിയും കുടിവെള്ളവും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് സങ്കടകരം. തദ്ദേഹ സ്വയം ഭരണ സ്ഥാപനങ്ങൾക്കു അധികാരം കൈവന്നപ്പോൾ നാം നടത്തിയ പ്രധാന വികസനം എല്ലാ തോടുകളും റോഡുകളാക്കി മാറ്റി എന്നതാണ് ജല മാർഗങ്ങളെ ഇല്ലാതാക്കിയത് ജലക്ഷാമത്തിനോക്കാം മഴക്കാലത്തു വെള്ളപൊക്കം ഉണ്ടാകുന്ന അവസ്ഥയ്ക്ക് കാരണമായി കായൽ നിലങ്ങൾ മണ്ണിട്ട് നികത്തിയും കുന്നുകൾ ഇടിച്ചു നിർത്തുന്നതും സർവ്വ സാധാരണയായപ്പോൾ വേലാതെ സ്പോഞ്ചുപോലെ സൂക്ഷിക്കുന്ന കുന്നുകൾ പ്രകൃതിക്കു നൽകുന്ന വലിയ സംഭാവന നാം ഓർത്തതേയില്ല ആ മാന് കൊണ്ടിട്ടു നികത്തിയ തണ്ണീർത്തടങ്ങൾ ലക്ഷക്കണക്കിന് ലിറ്റർ ജലം സംഭരിക്കുന്ന ഇടമാണെന്നു നാം ഇന്നും ഓർക്കുന്നില്ല.  


കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയ രൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.
അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.
എക്സ്പ്രസ് ഹൈവേ,  കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തൽ  ഇങ്ങനെ  തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.

നിങ്ങള്‍ വെള്ളം പാഴാക്കി കളയുന്നവരാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പു വെള്ളമാ‍ണ്. മൂന്ന് ശതമാനം മാത്രമെ ശുദ്ധ ജലമായി നിലവിലുള്ളൂ. ഇതിന്റെ തന്നെ 97.5 ശതമാനവും ഖര രൂപത്തിലുള്ള ഹിമ പാളികളാണ്. ബാക്കി വരുന്ന ശുദ്ധ ജലത്തിന്റെ ബഹു ഭൂരിപക്ഷവും മനുഷ്യന് എത്താനാവാത്ത അത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ജലമാണ്. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ നൂറിലൊരു അംശം മാത്രമേ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമുഖത്തുള്ളൂ…

നാം അനാവശ്യമായി കളയുന്ന വെള്ളം എത്ര അമൂല്യമാണെന്ന് ഓര്‍ത്തു നോക്കൂ…
ഒന്നു ശ്രമിച്ചാല്‍ വെറുതെ പാഴാക്കി കളയുന്ന വെള്ളത്തിന്റെ അളവ് എത്രയെന്ന് വളരെ അനായാസമായി നിങ്ങള്‍ക്കും കണ്ടെത്തി അത് കുറയ്ക്കാന്‍ കഴിയും. ഉദാഹരണത്തിന് ദിവസവും രാവിലെ നിങ്ങള്‍ പല്ലു തേയ്ക്കുമ്പോള്‍ തുറന്നിട്ട പൈപ്പ് നിറുത്താറുണ്ടോ? ഇല്ലെങ്കില്‍ ഈ കണക്കു കൂടി അറിയുക . ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും നിങ്ങള്‍ വെറുതെ പാഴാക്കി കളയുന്നുണ്ട്. ഇത് ഒരു ഫ്ലാറ്റിലെ എല്ലാവരും ചെയ്താലോ‍? അങ്ങനെ ഒരു ബില്‍ഡിങ്ങിലെ കണക്കു നോക്കിയലോ? ഇങ്ങനെ നാം ശ്രദ്ധിക്കാതെ എത്ര ജലം വെറുതെ പാഴാക്കി കളയുന്നു എന്ന് നാം ഓരോരുത്തരും ചിന്തിച്ചു നോക്കൂ…


ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. വരും കാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാ‍കുമെന്ന പ്രവചനത്തെ നമുക്ക് തള്ളി കളയാനാകുമോ? കമ്പോളത്തിലെ കച്ചവട മൂല്യമുള്ള ഒന്നായി വെള്ളം മാറിക്കഴിഞ്ഞു. ഇതിനിടയിലും പ്രതിവര്‍ഷം 25 ലക്ഷം പേര്‍ ശുദ്ധ ജലം ലഭിക്കാതെയോ, ഇതു മൂലമുണ്ടാകുന്ന രോഗത്താലോ മരണമടയുന്നുണ്ട് എന്ന് നാം ടാപ്പ് തിരിയ്ക്കുന്നതിനു മുമ്പ് ഓര്‍ക്കുക. നാം പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരാളുടെയെങ്കിലും ജീവന്റെ വില ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും…
ഈ അറിവ് ഒരു ഓര്‍മ്മ പ്പെടുത്തലാണ്… ജലമില്ലെങ്കില്‍ ജീവനില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍..! ഈ ഓർമ്മപ്പെടുത്തൽ ഒന്നും മലയാളിയെ സ്പർശിക്കുന്നില്ല എന്നതാണ് സത്യം പതിനഞ്ചോ ഇരുപതോ രൂപ കൊടുത്താൽ ഒരു ബോട്ടിൽ വെള്ളം കിട്ടുമെങ്കിൽ പിന്നെ ഈ പൊന്നുംവിലയുള്ള ഇടങ്ങൾ എന്തുകൊണ്ട് വിറ്റുകൂടാ! ഈ മനോഗതി നമ്മളിൽ കുടിയേറികഴിഞ്ഞു. ജല സാക്ഷരതയിൽ നാം പിന്നിലേക്ക് തന്നെ എന്ന് പറയേണ്ടി വരും എന്നാലും കടുത്ത വേനൽ വരുമ്പോൾ നാം ഓർക്കും കുടിവെള്ള ക്ഷാമത്തെ പറ്റി, രണ്ടു മഴ പെയ്തു മുങ്ങിയാൽ നാം മഴയെ പഴി പറയും.. 
ഒരു മഴയിൽ മുങ്ങുകയും ഒരു മഴയിൽ വരളുകയും ചെയ്യുന്ന കേരളം ഇന്നിതാ വരണ്ടു ഉണങ്ങുന്നു... 


“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ മനസ് ഇടവപാതി കണ്ടു ശീലിച്ച ഇന്ന്  നമുക്കുണ്ടോ ചിന്തിക്കുക. ഇടവപ്പാതികും വില പറയാൻ പോകുമോ നാം ? 
_________________________________________________
04/ 03 / 2018ൽ  ഗൾഫ് സിറാജ് ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ചത് 

Saturday, 3 March 2018

കാഴ്ച

കുഞ്ഞുകവിത

"കണ്ണു കിടന്ന 
കിണ്ണത്തില്‍ 
കാഴ്ച വെന്തു".


Thursday, 1 March 2018

സാമ്പത്തികനയം

കവിത 

ഞാനും മധുവാണ് 
ആദിവാസിയല്ല 
ഒരാധുനികൻ.
വിശന്നപ്പോൾ 
മോഷ്ടിച്ചിട്ടുണ്ട് 
നിങ്ങൾക്കാർക്കും 
എന്നെ തല്ലിക്കൊല്ലേണ്ടി വരില്ല 
സ്വയം 
തൂങ്ങി ചത്തോളും





Thursday, 22 February 2018

ഓർമ്മമരം




നടുമോ 
എനിക്കായ് 
ഒരു ഓർമ്മമരം 
എനിക്ക് മാത്രം
പൂക്കാൻ
ഒരു മരം

നിനക്കായ്
തണലും
സുഗന്ധവും
നൽകാനൊരു മരം

ആകാശത്തെ
താരമാകുമെനിക്ക്
പൂവായ്
പരകായപ്രവേശം
നടത്താനൊരുമരം
നിന്നിലെ
എൻ ഓർമ്മകളെ
ഊഞ്ഞാലാട്ടൻ
ഒരു മരം
നടുക
എന്റെ വേർപാടിന്റെ
ശൂന്യതയെ
അന്യമാക്കാൻ
ഒരുമരം