അനുഭവക്കുറിപ്പ്.
ഓരോ മനുഷ്യരുടെയും അവസാനത്തെ ശബ്ദങ്ങൾക്ക് വല്ലാത്ത മുഴക്കം ഉണ്ടാകുമെന്നു തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തെ ഇതാ റദ്ദ് ചെയ്യുന്നു എന്നൊരു ധ്വനി. അതൊരു ഒച്ചവെക്കൽ ആകില്ല, ഒരുപക്ഷെ അശക്തമായ ഒരു മൊഴിയാകാം, അവശതയിൽ നിറച്ച വാക്കുകൾ ആകാം, പക്ഷെ അതിനു ഇടിമുഴക്കം പോലെ നമ്മുടെ ഉള്ളിൽ ഇളക്കി മറിക്കാൻ സാധിക്കും. ഒരു പിടച്ചിലിന്റെ ഇളക്കം ഉണ്ടാകും, ഒരു ഇടർച്ചയോടെയുള്ളവേർപാടിന്റെ ധ്വനിയുണ്ടാകും, ആർക്കും മനസിലാകാത്ത ഒരു യാത്ര പറച്ചിലിന്റെ വ്യഥയുണ്ടാകും, പറയാനാകാത്ത സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കും, മുന്നിൽ എല്ലാം ശൂന്യമായപോലെ, എന്നും എപ്പോഴും തണലായി, ആശ്വാസമായി ഉണ്ടായിരുന്ന ഉപ്പ. ഉപ്പയിൽ നിന്നും ജീവിതത്തോളം ആഴത്തിലുള്ള അവസാന വാക്കുകൾ നമ്മളിൽ പതിയുമ്പോൾ, പിന്നെയൊരിക്കലും പറയാനാകാത്ത ലോകത്തേക്ക് ഉപ്പ പോകുമ്പോൾ, നമ്മളിൽ ഉണ്ടാകുന്ന ഒരു പിടച്ചിലുണ്ട്. അക്ഷരങ്ങൾക്കോ, നിറങ്ങൾക്കോ പങ്കുവെക്കാനാവാത്ത എത്ര വലിയ അത്യാധുനിക കേമറയിലും പകർത്താനാവാത്ത ഒന്ന്. ഒരു പക്ഷെ എന്നെ ഏറ്റവും അസ്വസ്ഥമാക്കുന്നത് ഇനിയുള്ള ഉപ്പയുടെ അസാന്നിദ്ധ്യം ആയിരിക്കാം.
ബാല്യകാല സഖിയിലെ മജീദിനോട് സുഹറ അവസാനമായി പറയാൻ ഉദ്ദേശിച്ചത് എന്തായിരിക്കും എന്ന് മജീദ് ആലോചിക്കും പോലെ ഒരു പക്ഷെ ജീവിതത്തോളം അത് നമ്മെ പിന്തുടരും. അവസാനമായി ഉപ്പ പറഞ്ഞ വാക്കുകൾ മുറിഞ്ഞുപോയത് എന്തായിരിക്കാം? ആ മുറിഞ്ഞുപോയ വാക്കുകൾ എന്റെയുള്ളിനെ എത്രമാത്രം ഉലയ്ക്കുന്നുവെന്ന് വിവരിക്കാനാവാത്ത ഒന്നായി, അന്നും, ഇന്നും, എന്നും പൂരിപ്പിക്കാതെ കിടക്കുന്നു. അങ്ങനെ പൂരിപ്പാക്കാതെ കിടക്കുന്ന ഓർമ്മയിലെ വേദനിപ്പിക്കുന്ന ഒരു ശബ്ദം. ഒട്ടനവധി വേദനിപ്പിക്കുന്ന ശബ്ദങ്ങൾക്കിടയിൽ ഒരു ശബ്ദം കൂടുതൽ കൂടുതൽ മുഴക്കത്തോടെ ആ അവശത വ്യക്തമാക്കുന്നു.
രോഗവും ചികിത്സയും അനുഭവവും പറയുമ്പോൾ വേദനയുടെ നീണ്ട കാലവും ഇടയ്ക്ക് ആശ്വാസത്തിന്റെ ചെറിയ തീരവും ചേർന്ന് നിൽക്കുന്നു. എന്നാലും വേദനയും വിടവാങ്ങലും വേദന പേറിയ ചികിത്സയും എല്ലാ ചേർന്നൊരു കാലം ഏറെ പ്രതിസന്ധിയുടേതായിരുന്നു. ഏറെ വായിക്കുന്ന കാലം കൂടിയായതിനാൽ രോഗങ്ങൾ പ്രജ്ഞയെയും പ്രതിഭയെയും ഭാവനയെയും അവിചാരിതമേഖലകളിലേക്ക് ആനയിക്കുന്നതെങ്ങനെയെന്ന അന്വേഷണമാണ് ആദ്യം ഉള്ളിൽ കിളിർത്തത്. രോഗവും ചികിത്സയും ഏറ്റവും സർഗാത്മകരീതിയിൽ എഴുതി വിസ്മയങ്ങൾ വെളിപ്പെടുത്തികൊണ്ട് വ്യത്യസ്തമായ പല വായനകൾക്കിടയിൽ അവനവനിലെ രോഗത്തിന്റെ അനുഭവത്തിലൂടെ, ചികിത്സയിലൂടെ, അല്ലെങ്കിൽ ഏറ്റവും വേണ്ടപ്പെട്ടവരെ ചേർത്തുപിടിച്ചുള്ള അനുഭവങ്ങളിലൂടെയൊക്കെ പറയാനുണ്ടാകും. അത്തരത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകവും അത്രതന്നെ വേദനയും നൽകിയ ഉപ്പയുടെ രോഗകാലവും കൂടിപറയാൻ ശ്രമിക്കുകയാണ്. ആ വേദന നിറഞ്ഞ അനുഭവലോകത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഉള്ളിൽ വരുന്ന ചില പുസ്‌തകങ്ങൾ ഉണ്ട്. അതിൽ ഒന്ന് സോൾ ഷെനിത്സന്റെ കാൻസർ വാർഡാണ് , നീണ്ടകാലം ആശുപത്രി ജാലകത്തിലൂടെ കമ്പിവരവീണ ആകാശം നോക്കി കിടക്കുമ്പോൾ അത്തരം പുസ്തകങ്ങൾ ഉള്ളിൽ വന്നടിക്കും.
ഒരു മനുഷ്യനെ സംബന്ധിച്ചു അവന്റെ സ്വതന്ത്രമായ സഞ്ചാരം നഷ്ടപ്പെടുന്ന അവസ്ഥ എന്നത് ആരും ഇഷ്ടപെട്ടെന്നു വരില്ല. നടക്കുവാൻ ഏറെ ഇഷ്ടമുള്ള ഒരാളായിരുന്നു ഉപ്പ. നാട്ടുവഴികളിലൂടെ നടന്നു ശീലിച്ച ഉപ്പാക്ക് ഒരുപക്ഷെ ദീർഘകാലത്തെ പ്രവാസ ജീവിതത്തിൽ നടത്തം എന്നത് പരിമിതമായ ഇടങ്ങളിൽ ഒതുങ്ങുന്ന ഒന്നായി മാറിയിയിട്ടുണ്ടായിരിക്കാം. പ്രമേഹത്തിന്റെ തീവ്രമായ വേദന നൽകിയ 14 വർഷത്തെ അവസാന ഘട്ടത്തിൽ മുറിച്ചുമാറ്റിയ കാലിന്റെ വേദന നഷ്ടപെട്ട ഒരവയവത്തിലുപരി തന്റെ സ്വതന്ത്രമായ നടത്തത്തെയാണല്ലോ മുറിച്ചുമാറ്റിയത് എന്ന വ്യഥ ഉപ്പയുടെ ഉള്ളിൽ പിടയുന്നുണ്ടായിരിക്കാം. യാഥാർഥ്യം മറന്നുകൊണ്ട് കട്ടിലിൽ നിന്നും പഴയപോലെ നടക്കാനൊരുങ്ങിയപ്പോഴൊക്കെ ഉറക്കമൊഴിച്ചുള്ള എന്റെ കാത്തിരിപ്പ് രക്ഷയായി. തനിക്ക് ഇനി ഒറ്റക്ക് നടക്കാനാകില്ല എന്ന വേദന കണ്ണുകളിൽ നിറയുന്നത് ഞാൻ കണ്ടു. ഉപ്പ ഏറെനേരം എന്റെ തോളിൽ പിടിച്ചു അങ്ങനെ നിന്നു, എന്തോ പറയാൻ വെമ്പുന്നു എങ്കിലും കലങ്ങിമറിയുന്ന തിരപോലെ സങ്കടങ്ങൾ വാക്കുകളെ മുക്കിക്കളഞ്ഞിരിക്കണം. പുറത്ത് വെളിച്ചത്തെ ഇരുട്ട് കീറിയെറിഞ്ഞു, അപ്പോൾ പരന്നു കിടക്കുന്ന നിശബ്ദതയുടെ ഭീതി ഉള്ളിൽ പിടഞ്ഞു.
ഒരുദിവസം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരിക്കണം, ഉപ്പയുടെ നേർത്ത ശബ്ദത്തിലുള്ള വിളി. യാദൃച്ഛികം എന്ന് പറയട്ടെ ഞാൻ കെപി അപ്പന്റെ രോഗവും സാഹിത്യ ഭാവനയും എന്ന പുസ്തകത്തിലെ "ചങ്ങമ്പുഴയുടെ ക്ഷയരോഗവും 'കളിത്തോഴി' പ്രവചിച്ചിരുന്നു" എന്ന അദ്ധ്യായം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത്രേം രാത്രി നീയെന്താ വായിക്കുന്നത്? ഉപ്പയുടെ നിഷ്കളങ്കമായ ഈ ചോദ്യം ചെറുപ്പം മുതലേ കേൾക്കാറുള്ളതാണ്. റൂമിൽ രാത്രി വൈകി ലൈറ്റ് കണ്ടാൽ ചോദിക്കാറുള്ള അതേ ചോദ്യം. പുസ്തകത്തിന്റെ ചട്ട നോക്കി മിണ്ടാതെ ഉപ്പ കിടന്നു. രോഗം എന്ന വാക്ക് പോലും ഉപ്പയെ വല്ലാതെ അലട്ടിയിരുന്നു എന്ന് മനസിലായി. അതോടെ ആശുപത്രി മുറിയിലിരുന്നുള്ള വായന നിർത്തി.
ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ച ദിവസം ഇന്നും വേദനയോടെ ഓർക്കുന്നു. ആദ്യം രണ്ടാം തവണയും കാല് മുറിച്ചുമാറ്റുവാൻ ഉള്ള ഓപ്പറേഷന് മുമ്പ് ഒപ്പിടാനായി എന്നെ വിളിച്ചു. സത്യത്തിൽ വിരലുകൾ നിശ്ചലമായപോലെ എത്ര ശ്രമിച്ചിട്ടും പേന ചലിക്കുന്നില്ല. ഉള്ളും പുറവും ഒരുപോലെ ചൂട്. ഏസി മുറിയായിട്ടും മുഖത്ത് നിറയെ പൊളങ്ങൾ പോലെ വിയർപ്പ് തുള്ളികൾ. ആ ഒപ്പിടൽ ഇന്നും മറക്കാൻ ആകില്ല. അതുപോലെത്തന്നെ അന്ന് ഉപ്പാനെ സ്ഥിരമായി ഡ്രസ്സ് ചെയ്യാൻ വന്ന, മെഡിസിൻ പ്രാക്ടീസ് ചെയ്തിരുന്ന യുവാവായ ഡോക്ടർ. അദ്ദേഹത്തിന്റെ സാമീപ്യം ഉപ്പാക്ക് ഏറെ ആശ്വാസം നൽകിയിരുന്നു. കെട്ടിവെച്ചാൽ കൂടുതൽ പഴുക്കുമെന്നതിനാൽ തുറന്നിട്ട മുറിയിൽ മരുന്നുകൊണ്ട് തുടക്കുമ്പോൾ ഉപ്പയുടെ കരച്ചിൽ എന്നെ ചുറ്റിവരിഞ്ഞിരുന്നു. ഒരു കഷ്ണം മാത്രം ബാക്കിയായ കാലു പിടിച്ചു കൊടുക്കുമ്പോൾ ഉള്ള് പിടച്ചുകൊണ്ടിരുന്നു. ആ ഡോക്ടർ ഉപ്പയുടെ വേദന തിരിച്ചറിഞ്ഞു ഏറെ സമയം എടുത്ത് ഡ്രസ്സ് ചെയ്തു. ഉപ്പയുടെ നോട്ടത്തിൽ നിന്ന് തന്നെ ഡോക്ടർ വേദനയുടെ തീവ്രത തിരിച്ചറിയുമായിരുന്നു. ആ ഡോക്ടറോട് വല്ലാത്ത സ്നേഹം തോന്നി. ഒരു രോഗിയുടെ മനസ്സ് അറിയുക എന്ന ഏറ്റവും മഹത്തായ കാര്യമാണ് അദ്ദേഹം നിർവഹിച്ചത്. അതുവരെ ഡോക്ടർമാരെ കുറിച്ച് ഉള്ളിൽ കൊണ്ടുനടന്നിരുന്ന പല ധാരണകളും തിരുത്താൻ ഈ ഇടപെടലാണ് കാരണമായത്. “നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല, അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആവുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇവിടെ കുറിക്കുന്നു. ആതുരസേവനമേഖലയിൽ ഇതുപോലെയുള്ള ആത്മാർത്ഥത നിറഞ്ഞ പ്രവർത്തകരും ഡോക്ടർമാരും ഉള്ളതുകൊണ്ടാണ് ഈ ലോകം നടുക്കിയ മഹാമാരികാലത്തും മനുഷ്യരാശിയെ പ്രതീക്ഷയോടെ പിടിച്ചു നിർത്തിയത് എന്നത് ലോകത്തെ എല്ലാ ആരോഗ്യപ്രർത്തകർക്കും ഉള്ള ആദരമാണ്. “ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും കുറയും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്. ഡോക്ടർ തന്നെ ആ ഭീതി അകറ്റുമ്പോൾ രോഗി കൂടുതൽ ആശ്വാസം നേടുന്നവരായായി മാറുന്നു. ഉപ്പയുടെ ചികിത്സയുടെ അനുഭവത്തിലൂടെ അത്തരത്തിൽ ഒരു ഡോക്ടർ എങ്ങനെ ഒരു രോഗിയിൽ സ്വാധീനിക്കപ്പടുന്നു എന്നും ഡോക്ടർ തന്റെ ജീവൻ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് എന്നും രോഗി മാനസിലാക്കുന്നതോടെ ചികിത്സതന്നെ അർത്ഥവത്തായി മാറും. ഇക്കാര്യം നേരനുഭവമായതോടെ ആശുപത്രികളോടും മോഡേൺ മെഡിസിനോടുമുള്ള കാഴ്ചപ്പാട് തന്നെ മാറുകയായിരുന്നു.
എഴുത്തും വായനയും എന്നും കൂടെയുള്ളതുകൊണ്ടുതന്നെ രോഗവും ചികിത്സയും അനുഭവവും പറയുമ്പോൾ കലാകാരന്മാരുടെയും എഴുത്തുകാരുടെയും രോഗാനുഭവങ്ങൾ ഉള്ളിൽ വരാതിരിക്കില്ല. വായനയുടെ അനുഭവങ്ങൾ ചേർത്തുവെച്ചാണ് സ്വന്തം അനുഭവത്തിന്റെ പടികൾ കൂടികയറുന്നത് എന്നത് ഇതിനോട് ചേർത്ത് വെക്കുന്നു. അതുകൊണ്ട് തന്നെ 'വിഷാദോന്മാദ' രോഗികളായ എഡ്ഗാർ അല്ലൻ പോ, സിൽവിയ പ്ലാത്ത്, വെർജീനിയ വൂൾഫ്, ഏണസ്റ്റ് ഹെമിങ്‌വെ, ക്ഷയരോഗികളായ ചെഖോവും, എമിലി ബ്രോണ്ടിയും, കീറ്റ്സും, വിൻസെന്റ് വാൻഗോഗ്, റോബർട്ട് ഷൂമാൻ തുടങ്ങിയവരുടെയും 'അപസ്‌മാര'രോഗിയായ ഫ്യോയാദോർ ദസ്തേവ്സ്കിയുടെയും രോഗാനുഭവങ്ങൾ വായനയിലൂടെ അനുഭവിച്ചതിനാലാകാം രോഗവുമായി ബന്ധെപ്പെട്ട ഏതൊരു കാര്യം അറിയുമ്പോഴും ഉള്ളിലൊരു പിടച്ചിലാണ്. ഒപ്പം അവസാനം ഉപ്പ എന്റെ കൈകൾ ചേർത്ത് പിടിച്ചതും, ദയനീയമായി നോക്കിയതും, ആ കണ്ണുകളിൽനിന്നും എന്നേക്കുമായി പ്രകാശം അകന്നുപോകുന്നതും നേരിട്ടനുഭവിക്കുമ്പോളും ചികിത്സയുടെ കാലത്ത് പലപ്പോഴും ഇത്രേം വേദന സഹിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ചുപോയത്. വിടവാങ്ങലിന്റെ വിങ്ങലും വേദനയും അതുണ്ടാക്കിയ ശൂന്യതയും ഒരു ദശകം കഴിഞ്ഞിട്ടും തുടരുമ്പോഴും അന്ന് ഉപ്പയുടെ ഒപ്പം ഞാനെന്ന പോലെ കൂടെനിന്ന ആ ഡോക്ടർ ഇന്നും ഉള്ളിൽ മായാതെ നിൽക്കുന്നു. ചില മനുഷ്യർക്ക് നമ്മുടെയുള്ളിൽ വല്ലാത്തൊരു സ്ഥാനം ലഭിക്കും. ഇനിയെന്നെങ്കിലും അയാളെ കാണുമോ എന്നൊന്നും അപ്പോൾ നമ്മെ ആകുലപ്പെടുത്തില്ല. ഏറ്റവും പ്രിയപ്പെട്ട ഉപ്പയെ സ്നേഹത്തോടെ വേദനയുടെ ഉള്ളറിഞ്ഞു അതിനനുസരിച്ചു മനസുകൾ സംവദിച്ചുകൊണ്ടുള്ള ആ ചികിത്സയിലൂടെ ആ ഡോക്ടർ ഉള്ളിൽ നേടിയ സ്ഥാനം ലോകത്താകമാനം ഉള്ള ആതുര സേവനമേഖലയിലെ പ്രവർത്തകർക്കുള്ള ആദരം കൂടിയാണ്.
കബർസ്ഥാൻ എന്നത് മരണത്തിന്റെ ശിലകളുടെ കാടാണല്ലോ, ആ കാട്ടിലേക്ക് മരിക്കാത്ത മനുഷ്യന്റെ അവയവവുമായി മരണത്തെ ഓർമ്മിപ്പിക്കും വിധം ഒരു യാത്ര എന്നത് ഇന്നും മറക്കാൻ ആകില്ല. പ്രമേഹം മൂർച്ഛിച്ചു കാല് മുറിക്കേണ്ടി വന്നപ്പോൾ ആ മുറിച്ചുമാറ്റിയയ കാല് മറവു ചെയ്യാനായി പോകുന്ന അവസ്ഥ ഇന്നും ഓർക്കാനേ വയ്യ. പിന്നീട് ഉപ്പയെ അതെ കബർസ്ഥാനിൽ കൊണ്ടുപോകുമ്പോൾ ഒരു മാസം മുമ്പ് മറാവ്‌ചെയ്യപ്പെട്ട കാലിന്റെ ഭാഗം കൊച്ചുകുട്ടിയുടെ കബർ പോലെ മണ്ണുയർന്നു നില്കുന്നു.
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറഞ്ഞത് മഞ്ഞിൽ എംടിയാണ്, എന്നാൽ മരണം മുന്നിൽ വന്നു ആടിക്കളിക്കുന്നത് കാണേണ്ടി വന്നപ്പോൾ മരണം വില്ലനായി മാറുന്നത് തിരിച്ചറിഞ്ഞു. ഉപ്പയുടെ അവസാനത്തെ ശബ്ദം ഇപ്പോഴും ഉള്ളിൽ നിറഞ്ഞു നില്കുന്നു. പാതി മുറിഞ്ഞ വാക്കും ബാക്കി പറയാനാവാതെ കുഴഞ്ഞുപോയ നാവും ആ കണ്ണുകളും ഇന്നും മായാതെ നില്കുന്നു.