Friday, 18 January 2019

ചരിത്രഗന്ധമുള്ള മയിലുകൾ




വായനാനുഭവം



(ഡോ.വി കെ മുഹമ്മദ് കുട്ടിയുടെ "സാഠ്മഹലിലെ മയിലുകൾ" എന്ന നോവലിന്റെ വായനാനുഭവം)

ചരിത്രത്തെ എങ്ങനെ ഒക്കെയാണ് വായിക്കേണ്ടത് എന്ന ചോദ്യത്തോടെയാണ് ഡോ.വി കെ. മുഹമ്മദ് കുട്ടിയുടെ ' സാഠ്മഹലിലെ മയിലുകൾ' എന്ന നോവൽ വായിക്കേണ്ടത്. ജീവിതത്തെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും ചരിത്രത്തിലെ അത്രയൊന്നും തെളിയാതെ കിടക്കുന്ന ഇടത്തിലേക്ക് സർഗാത്മകമായ സഞ്ചാരം കൂടിയാണ് ഈ നോവൽ. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ ഈ നോവലിനെ കുറിച്ചു പറഞ്ഞത് പ്രസക്തമാണ്. "ചരിത്രത്തെ ഇങ്ങനെയൊക്കെ വായിക്കാമോ എന്ന ചോദ്യം ഉയരാം, സാമ്പ്രദായിക ചരിത്രപഠന രീതികൾ ഇവിടെ പുരികം വളച്ച് കൂർപ്പിച്ചു നോക്കിയേക്കാം. ഈ പ്രതിരോധത്തിന്റെ വിവിധ മാനങ്ങൾ ഇതിലെ ഗവേഷകർ തന്നെ ചർച്ച ചെയ്യുന്നുണ്ട്. ആ ചർച്ചകൾ അവരുടെ ജീവിതവീക്ഷണത്തിലും അഭിരുചികൾക്കും നിദർശനങ്ങളായി ഭവിക്കുമ്പോൾ , അവരുടെ കരണപ്രതികരങ്ങൾ മറ്റൊരു സമാന്തര കഥയായി രൂപപ്പെടുന്നു. രണ്ടു കഥകളും ഒരുമിച്ചാണ് പുരോഗമിക്കുന്നത്. ഇവ രണ്ടും തമ്മിൽ ഒരു ബന്ധവുമില്ലെന്ന നമ്മുടെ പ്രാരംഭ ധാരണ കഥ അല്പം പുരോഗമിക്കുന്നതോടെ തകിടം മറിയുന്നു." ഈ നോവൽ ചരിത്രത്തിലേക്ക് ഇറങ്ങി ആ പൗരാണിക ഗന്ധം നമ്മളിലേക്ക് എത്തിക്കുന്നു. ഗവേഷണതിനുള്ളിലെ ഗവേഷണം നമ്മെ അത്ഭുതപ്പെടുത്തും. ചരിത്ര ഗവേഷകയായ പ്രൊഫസർ സ്നിതയും, ഗവേഷക വിദ്യാർഥിയായ അരുണും ആണ് കേന്ദ്ര കഥാപാത്രങ്ങൾ. തീക്ഷ്ണമായ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇവരുടെ ബന്ധത്തെ നാം മറ്റൊരു തരത്തിൽ മുൻവിധിയിൽ എത്തുമെങ്കിൽ, ഒരിക്കലും പ്രവചിക്കാനാവാത്ത നമ്മളെ നിരന്തരം അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു രസവിദ്യയിലൂയാണ് സ്നിത എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത്. വായന തുടരുമ്പോൾ മുൻവിധികളെല്ലാം കുടഞ്ഞു കളയേേണ്ടി വരും. ശവക്കല്ലറ തുറന്ന് മാഞ്ഞുപോയ ചരിത്രത്തിലൂടെ അതിലെ കാടും പൊന്തയും വെട്ടിമാറ്റി പുതിയൊരു തലം വായനക്കാരുടെ മുന്നിലേക്ക് ഇട്ടുതരുന്നു. നോവലിൽ
പറയുന്ന അത്ഭുതപ്പെടുത്തുന്ന ചരിത്രം പോലെ ഒരു അത്ഭുതപ്പെടുത്തുന്ന കഥാപാത്രം തന്നെയാണ് സ്നിത. പ്രവചനാതീതമായ സ്വാഭാവ വിശേഷണമുള്ള അവരുടെ രീതികളെ സ്വഭാവത്തകരാറ് എന്നാണ് അവരോട് ദേഷ്യമുള്ളവർ പറയുന്നത്. അവരെ കണ്ടാൽ അവരുടെ ബാധ കേറുമോ എന്ന ആശങ്ക അരുണിലും ഉണ്ട്. അവരുടെ സൗന്ദര്യത്തിൽ മനസ് ചാഞ്ചാടുന്നുമുണ്ട്. എന്നാൽ സ്ത്രീപക്ഷമെന്ന് വിളിക്കാവുന്ന ഒരു രീതിയിലാണ് നോവൽ പോകുന്നത്. ചരിത്രത്തെ സൃഷ്ടിക്കപ്പെട്ട സംഭവങ്ങളിൽ ഒക്കെ സ്ത്രീകളുടെ പങ്കുണ്ടെന്നും സ്നിത പറയുന്നുമുണ്ട്. പിഎച്ച്ഡിക്ക് സ്നിത തന്നെ ഗൈഡാവണം എന്ന അരുണിന്റെ ആവശ്യം അവർ സ്വീകരിക്കുന്നു. ക്രൂസേഡ്‌സ് തന്നെ വിഷയമായലോഎന്നു അരുൺ ചോദിക്കുമ്പോൾ
"ക്രൂസേഡ്‌സിൽ ക്രിസ്ത്യാനികളുടെ പക്ഷംപിടിക്കാനൊന്നും എന്നെ കിട്ടില്ല കേട്ടോ, രണ്ടു ഭാഗത്തും മുറിവുകൾ ഉണ്ടായിട്ടുണ്ട്, പക്ഷെ അതല്ല കാര്യം"
ചരിത്രത്തിൽ നിർമിതിയിൽ സ്ത്രീകളുടെ സങ്കടങ്ങൾ എവിടെയും എഴുതിചേർക്കാതെ കിടന്നു.
"അതിന്റെയൊക്കെ പിന്നിൽ ഒരുപാട് പാവം പെണ്ണുങ്ങളുടെ സങ്കടങ്ങളുണ്ട്, മനസ്സുറപ്പുള്ള പെണ്ണുങ്ങൾ! അവരെ ആരും ഗൗനിക്കാറില്ല" ഇത്തരത്തിൽ ആരും ഗൗനിക്കാത്ത സ്ത്രീകളുടെ ഒരു ലോകത്തേക്ക് നമ്മെ കൊണ്ടുപോകുമ്പോൾ സ്നിത എന്ന സ്ത്രീയുടെ മാനസികാവസ്ഥയിലൂടെ കൂടിയാണ് കടന്നുപോകുന്നത്. ഒരേ സമയം ചരിത്രത്തിൽ മാഞ്ഞുപോയ മനസ്സുറപ്പുള്ള പെണ്ണിന്റെ വിശേഷണങ്ങൾ ആവാഹിച്ച വർത്തമാനകാലത്തെ പെണ്ണായി സ്നിതയെ കാണാം. എന്നാൽ ഒരു തല തിരിഞ്ഞ പെണ്ണായി സ്നിതയെ കാണാനാണ് പലർക്കും താല്പര്യം, എന്നാൽ അവളുടെ മനസ്സുറപ്പുകൊണ്ട് അതിനെയെല്ലാം തൃണവൽക്കരിക്കുന്ന ഒരു സ്വാഭാവ രീതി അവളിൽ ഉണ്ട്. പിഎച്ച്ഡിക്കുവേണ്ടി നടത്തുന്ന ഗവേഷണം ഒരു വിനോദയാത്ര പോലെ നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് ഇറങ്ങി പോകുന്ന അവസ്ഥയാണ്. ഒരു റഫറൻസ് ഗ്രന്ഥം വായിക്കുന്ന പോലെ അനുഭവിക്കുന്ന ഒരു രചനാ തന്ത്രം നോവലിസ്റ്റ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. രസകരമല്ലാതകാൻ സാധ്യതയുള്ള ഒരു ചരിത്ര വിഷയത്തെ ഈ തന്ത്രത്തിലൂടെ മറികടക്കുന്നുമുണ്ട്. അതാണ് ഈ നോവലിന്റെ പ്രധാന വിജയം.തുർക്കിയിലെ ഭൂമികയിലേക്ക് കയറിച്ചെല്ലുന്നത് നാം അറിയുന്നേയില്ല. ഒരു കൊട്ടാരം കാണാൻ പോകുന്ന ആവേശത്തോടെ ഇസ്താംബുളിൽ വായനക്കാര് എത്തുകയും ചരിത്രപ്രാധാന്യമുള്ള ഗോൾഡൻ ഹോണ് ഹാർബർ വഴി എത്തുമ്പോൾ അത്തരം അറിവുകൾ പറഞ്ഞു തരുന്ന രീതി നമ്മെ ആലോസരപ്പെടുത്തുന്നില്ല.
"ഗോൾഡൻ ഹോണ് എന്ന പേര് വന്നതറിയില്ലേ? പണ്ട് കുരിശുയുദ്ധത്തിൽ സുൽത്താൻമാരുടെ ആക്രമം ഭയന്ന് ഓടിപ്പോയ ബൈസാന്റയിൻ ജനത ഇട്ടേച്ചു പോയ സ്വർണ്ണ ഉരുപ്പിടികൾ അവിടെയാണ്. കണ്ടില്ലേ, സൂര്യപ്രകാശത്തിൽ അവിടെ മാത്രം വെട്ടിത്തിളങ്ങുന്നത്!" ഇങ്ങനെ ചരിത്രവും ഐതിഹ്യവും കൂടികലർന്ന ഒരു നോവലാണ് സാഠ്മഹലിലെ മയിലുകൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു അടിമയുടെ ഐതിഹാസിക ജീവിതം ഒരു മിത്തായി മുളച്ചുവരുന്ന നാടകീയ രീതിയാണ് ആഖ്യാനത്തിന്റെ പ്രത്യേകത. കഥക്കുള്ളിൽ രൂപപ്പെടുന്ന സമാന്തരമായ മറ്റൊരു കഥയും അതിന്റെ മുന്നോട്ടുള്ള ഓരോ യാത്രയിലും പ്രവചിക്കാനാവാത്ത തരത്തിൽ ഉള്ള മാറ്റങ്ങൾ നടത്തി എഴുത്തുകാരൻ അപകടകരമായ വഴി സ്വീകരിക്കുന്നത്. ഇരുവശങ്ങളിലും ഉള്ള ആഴമേറിയ ഗർത്തത്തിന് മുകളിലൂടേ ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ അനായാസ യാത്ര. ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഇത് കൈവിട്ട കളിയാണ്. എന്നാൽ ആ കളിയിൽ എഴുത്തുകാരൻ വിജയിക്കുന്നുമുണ്ട്.

ഓരോ അദ്ധ്യായവും പുതിയ ചരിത്രകഥകളിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ് വായനക്കാരന്. ഓട്ടോമാൻ കൊട്ടാരത്തിന്റെയും അതിനകത്തെ അന്തപ്പുര കന്യകമാരുടെ കഥ ഒരിടത്തു വിശദീകരിക്കുന്നുണ്ട്.
"സുൽത്താന്റെ ഭാര്യമാർ, വെപ്പാട്ടികൾ, സന്താനങ്ങൾ, അടിമകൾ എന്നിവർക്കായി അഞ്ഞൂറോറോളം മുറികളുള്ള കെട്ടിടം. ഒരു ഭാഗത്ത്‌ പ്രധാന ഭാര്യ വാലിദേ സുൽത്താനയുടെ ആർഭാടം നിറഞ്ഞ കൊട്ടാരം. മറുവശത്ത് ഇടുങ്ങിയ ഇടനാഴികളും ഇരുളടഞ്ഞ മുറികളുമുള്ള നിരവധി കെട്ടിടങ്ങൾ.
സാമന്തരാജ്യങ്ങളിലെ പ്രഭുക്കന്മാര് സമ്മാനികുന്ന കന്യകമാരും യുദ്ധത്തിൽ പിടിച്ചടക്കുന്ന അടിമകളുമാണ് ഒഡാലിസ്കെക്കുകൾ. ഇവരിൽ വലിദേ തിരഞ്ഞെടുക്കുന്ന സുന്ദരിമാരാണ് വെപ്പാട്ടികൾ. അതിൽത്തന്നെ സുൽത്താന് താത്പര്യമുള്ളവർക്കുമാത്രം ഭാര്യമാരുടെ കൊട്ടാരത്തിൽ പ്രവേശനം-അവരാണ് 'ഇഖ്ബാ'കൾ. ഇഖ്ബാ ഗർഭിണിയായാൽ പ്രത്യേകപദവിയാണ്-ഹാസികീൻ. അവൾ പ്രസവിച്ചത് ആണ്കുട്ടിയാണെങ്കിൽ അമ്മയ്ക്ക് സ്ഥാനക്കയറ്റം. പിന്നെ അടുത്ത സുൽത്താൻ പദവിക്ക് വേണ്ടിയുള്ള അമ്മയുടെ അങ്കമാണ്. അതിൽ എല്ലാ അടവുകളും പ്രയോഗിക്കുന്നു..." ഇത്തരത്തിൽ ഒരു ചരിത്ര പുസ്തകം പോലെ കൃത്യമായി വിശദീകരിച്ചു നോവൽ കടന്നുപോകുന്നു.

സ്നിത എഴുത്തുവെച്ച ചരിത്രക്കുറിപ്പുകളിലൂടെ ഗവേഷകനായ അരുണും സഹദയും ഹീരയുമൊക്കെ നടന്നു പോകുമ്പോൾ ഒപ്പം വായനക്കാരും അതേ അന്വേഷണത്വരയോടെ നീങ്ങും. സാഠ്മഹലിലെ ചരിത്രം തേടിയുള്ള യാത്രയിൽ മൂടപ്പെടാതെ പോയ ശവക്കല്ലറയിലേ അദ്ഭുതകരമായ കഥയും അത്ര തന്നെ വിസ്മയങ്ങളൊക്കെയുള്ള പുരാതനമിത്തുകളായ കഥാപാത്രങ്ങളായി ഇടക്ക് മാറുന്ന സ്നിത ചിലപ്പോൾ സൈനബ് ആണ്, ചിലപ്പോൾ ഗ്രാമവാസികളെ മുഴുവൻ രക്ഷിക്കുന് ബീഗം സൈദയാണ്, സൂഫി സംഗീതത്തോടൊപ്പം ഒഴുകുന്ന പ്രണയിനിയാണ്, അരുണിന്റെയും സഹദയുടെയും ഹീരയുടെയും പിഎച്ച്ഡി ഗവേഷണമുഖത്തുള്ള മനസിലാകാത്ത ഗൈഡാണ്. യൂണിവേഴ്‌സിറ്റിയിൽ അവർ തല തിരിഞ്ഞ ഗവേഷണത്തിന്റെ പേരിൽ അലഞ്ഞുതിരിയുന്ന പെണ്ണാണ്. തുർക്കിയും ഇറാനും ഇന്ത്യയും ഒക്കെ പശ്ചാത്തലമാകുന്ന മായിലുകളുടെ മണം നിറഞ്ഞു നിൽക്കുന്ന ചരിത്ര ഭൂമികയിലേക്ക് ഇറങ്ങി ചെല്ലുന്ന വ്യത്യസ്തമായ ഒരു രചനാ പാടവം ഈ എഴുത്തിൽ കാണാം.
മുഹമ്മദ്കുട്ടി എന്ന എഴുത്തുകാരന്റെ മറ്റൊരു കയ്യൊപ്പാണ് ഈ നോവൽ. ആദ്യ നോവലായ 'തസ്കിയ'യിൽ തികച്ചും വ്യത്യസ്തമായ രചനാ ശൈലിയും വിഷയവുമാണ് സാഠ്മഹലിലെ മയിലുകൾ എന്ന നോവലിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ശിശുരോഗ വിദഗ്ദ്ധൻ, ചിത്രകാരൻ എന്നീ മേഖലകളിലും തന്റെതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. ഏറെ കാലം യു.എ ഇ മിനിസ്ട്രി ഓഫ് ഹെൽത്തിൽ
ശിശുരോഗവിദഗ്ദ്ധനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോൾ മലപ്പുറം ജില്ലയിലെ എടപ്പാളിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ്. എഴുത്തും ചിത്രകലയും ചികിത്സയും എല്ലാം കൂടികലർന്ന ഒരു ബഹുമുഖ പ്രതിഭയാണ് ഡോ.വി കെ മുഹമ്മദ് കുട്ടി.

--------------------------------------------------------------------------------
Publication: National Book Stall


Published by Gulf Siraj Daily Njayarazhcha 6-1-2019

Sunday, 13 January 2019

ചേറപ്പായി കഥകൾ

വായനാനുഭവം
ഐപ്പ് പാറമേലിന്റെ ചേറപ്പായി കഥകളിലൂടെ 

കാമ്പുള്ള ഹാസ്യത്തെ കഥയിൽ കൂട്ടിച്ചേർത്തു ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന കഥകളാണ് ഐപ്പ് പാറമേലിന്റെ കഥകൾ ചേറപ്പായി വക്കീൽ ഒരു കാലഘത്തോടൊപ്പം സഞ്ചരിക്കുകയും വായനക്കാരിൽ മായാതെ നിറഞ്ഞു നിന്നതുമാണ്, തൃശൂരിന്റെ ഭാഷയുടെ  കൊളോക്കിയൽ സവിശേഷത കഥകളിൽ നിറയുന്നു ഒപ്പം ജീവിതത്തെ ആത്മാര്ഥതയുടെ തൊടുന്ന കഥകളും കൂടിയാകുന്നു. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക്‌ ഇറങ്ങുന്ന രീതിയാണ് ചേറപ്പായി കഥകൾക്ക്. 
മാത്തുണ്ണി  കുഞ്ഞിത്താണ്ടാ ദമ്പതികളിൽ പിറന്ന ചേറപ്പായി. വിഷവിത്തെന്നു മാത്തുണ്ണിയമ്മാൻ... മാത്തുണ്ണി പുരാണം തുടങ്ങുമ്പോൾ ചേറപ്പായിയെ കുറിച്ചുള്ള ഒരു ചിത്രമിതാണ്. ചേറപ്പായിക്ക് കിട്ടുന്ന ഓരോ ചൂരൽ കഷായവും കുഞ്ഞിത്തണ്ടയെ   കരയിപ്പിച്ചുകൊണ്ടിരുന്നു മാതാവിന് മെഴുകുതിരി കത്തിച്ചു ഉണ്ടായ ചേറപ്പായി നിരയാകും എന്ന് തന്നെ കുഞ്ഞിത്തണ്ടയുടെ മാതൃഹൃദയം പറഞ്ഞു. ചേറപ്പായിയുടെ പിതാവ് മാത്തുണ്ണിയുടെ ജീവിതത്തെ കുറിച്ചാണ് മാത്തുണ്ണി പുരാണം എന്ന കഥ. രണ്ടു കഥാപാത്രങ്ങളുടെ വ്യത്യാസങ്ങൾ നമുക്കതിൽ കാണാൻ ആകും 
 ചേറപ്പായിടെ വികൃതികാലമാണ് രോഗിയും വൈദ്യനും എന്ന ഭാഗത്ത്. ചേറപ്പായിക്ക് പരീക്ഷയിൽ ഫസ്റ്റ് ക്‌ളാസ്സ് കിട്ടുക എന്നത് അത്ഭുതം ആയിരിന്നു ഒരിക്കലും ജയിക്കാൻ സാധ്യത പോലുമില്ലാത്ത  ശങ്കരങ്കുട്ടി ജയിച്ചത്  ചേറപ്പായിയെ  ഓടിച്ചിട്ട് പിടിച്ചു പറഞ്ഞ ശങ്കരന്കുട്ടിയോടു ചേറപ്പായി ചോദിക്കുന്നുണ്ട് അപ്പോൾ ഞാനോ?. അവർ ഒന്നിച്ചു വേലുക്കുട്ടി മാഷിനെ കാണുന്നു അപ്പഴാണ് തനിക്ക് ഫസ്റ്റ്ക്ലാസുണ്ടെന്ന് ചേറപ്പായി അറിയുന്നത്    അപ്പോൾ ഊഹിക്കാമല്ലോ  ചേറപ്പായി കുസൃതികൾ.  ചേറപ്പായിയുടെ കള്ളുകുടിയാരംഭമാണ് അന്തിക്കളള് എന്ന ഭാഗത്തിൽ. 
*"നിലാവുപോലുള്ള പൂമണൽ വിരിച്ച തറ. ഓല കൊണ്ടുള്ള ചുവരുകൾ. അകത്തുകയറിയിരിക്കുമ്പോൾ, മുന്നിൽ കള്ളു കുപ്പികൾ. മായം ചേർക്കാത്ത അന്തിക്കളള്"* ഇങ്ങനെ ഒഴുകുന്ന ഒരു തുടർച്ചയാണ്   ചേറപ്പായി  കഥകൾ തൃശൂർ ഭാഷയുടെ ലാളിത്യവും കൊളോക്കിയൽ ഭംഗിയും ഐപ്പ് പാറമേൽ എന്ന എഴുത്തുകാരന്റെ സ്വതസിദ്ധമായ  ശൈലിയും ചേരുമ്പോൾ ചിരിയോടൊപ്പം ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് നമ്മെ എത്തിക്കുന്നു. വായിക്കുംതോറും ഹരമായി മരുന്ന് ഒരു കഥാ പരമ്പരയാണ് ചേറപ്പായി കഥകൾ. വായിക്കാതെ പോകരുത് ചേറപ്പായി കഥകൾ മാത്രം നമ്മുടെ ജീവിതത്തോട് രസകരമായി ചേർന്ന് നില്കും ചേറപ്പായി. 

ചരിത്രബോധത്തിന്റെ മൂന്നാംകണ്ണാകുന്ന കഥകൾ

വായനാനുഭവം

എം.സുകുമാരന്റെ കഥകളിലൂടെ


എം സുകുമാരന്റെ കഥകൾ കാലങ്ങളെ സാക്ഷിയാക്കി എന്നും നിലനിൽക്കും. ആദ്യകാല കഥകൾ തൊട്ട് ദീർഘകാലത്തെ നിശ്ശബ്ദതക്ക് മുമ്പ് വരെ എഴുതപ്പെട്ട കഥകളൊക്കെ അതിനുദാഹരണങ്ങളാണ്. സുകുമാരന്റെ കഥകൾ എന്ന സമാഹാരത്തിനു വേണ്ടി എഴുതിയ നീണ്ട അവതാരികയിൽ  സച്ചിദാനന്ദൻ ഇങ്ങനെ പറയുന്നു *"സാഹിത്യത്തിലെ ആധുനികതയുടെ സൗന്ദര്യാത്മകസംസ്കാരം ഉൾക്കൊണ്ട് തന്റെ കഥകളെ ലാവണ്യശില്പങ്ങളാക്കി നിർത്തിക്കൊണ്ടുതന്നെ ചരിത്രബോധത്തിന്റെ മൂന്നാംകണ്ണു തുറക്കുകയും സാമൂഹ്യ വിപ്ലവത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തയാളാണ് സുകുമാരൻ"* 
സച്ചിദാനന്ദൻ കഥകളെ 'പീഡനം', 'ചരിത്രം', 'അവസ്ഥ', 'മനസ്സ്' എന്നിങ്ങനെ നാലു വിഭാഗങ്ങൾ ആയാണ്  വിവരിച്ചിട്ടുള്ളത്.  അതിൽ ചരിത്രം എന്ന ഭാഗത്ത് ഉൾപ്പെടുത്തിയ *ചരിത്രഗാഥ, സംഘഗാനം, വിചാരണരയ്ക്കു മുമ്പ്, ഭരണകൂടം, സിംഹാസനങ്ങളിൽ തുരുമ്പ്, അയൽരാജാവ്* എന്നീ കഥകളിലൂടെ.

കഥകളിൽ പ്രാചീനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടും ഐതിഹ്യങ്ങളി പേരുകൾ കഥാപാത്രങ്ങൾക്ക് നല്കികൊണ്ടും കഥകളിൽ രൂപപ്പെടുത്തിയെടുക്കുന്ന പ്രാചീനതയിൽ നിന്നും ആധുനികതയിലേക്കുളള യാത്രകളാണ് കഥകൾ. ഏതു കാലത്തെയും രാഷ്ട്രീയ സാഹചര്യത്തിലൂടെ ഈ കഥകളെ വായിച്ചെക്കാം എന്നതാണ് ഒരു പ്രത്യേകത. *ചരിതഗാഥ* എന്ന കഥ  പഴങ്കഥയുടെ ഭാഷാശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വർഗ്ഗസമരത്തിന്റെ ആഴമേറിയ അർത്ഥം ലളിതമായി കഥയിൽ കൊണ്ടുവരുന്നു. പ്രിയഗുപ്തനിലൂടെയും വിശ്വരൂപനിലൂടെയും പറയാൻ ശ്രമിക്കുന്നതും അതാണ്. വിശ്വരൂപൻ സാമ്രാജ്യമായി വളരുമ്പോൾ പ്രിയഗുപ്തൻ അടിമകൾക്കിടയിൽ വളരുന്നു.  *"കനത്ത നിശ്ശബ്ദത  ചുറ്റും പരന്നു. അവർ എട്ടുപേർ പരസ്പരം നോക്കി. സമ്മതമറിയിക്കാനുള്ള സമയം അടുത്തുകൊണ്ടിരുന്നു. ഒടുവിൽ ആ കാലയളവിന്റെ അവസാനത്തെ നിമിഷത്തിൽ അവർ മൂളി. ഞങ്ങൾ അടിമകൾ. ഞങ്ങളുടെ ഉടമ താങ്കൾ"* പ്രിയഗുപ്തന്റെ പ്രതിഷേധങ്ങളെ  വിശ്വരൂപനെ ആസ്വാസ്ഥാനാക്കുന്നേയില്ല. പ്രിയഗുപ്തന്റെ ദയനീയ അവസ്ഥയെ പോലും വിശ്വരൂപൻ പരിഹാസത്തോടെയാണ് കണ്ടത്. അവസാനം പ്രിയഗുപ്തന്റെ പ്രതീക്ഷകളിലേക്ക് കഥ കടക്കുന്നു. 
*സംഘഗാനം* എന്ന കഥയിൽ കഥാകൃത്ത് വയനശാലക്ക് നൽകിയ പേരും ടൗണ്ഹാളിനു നൽകിയ  പേരും എന്നത്തേയും രാഷ്ട്രീയ വിമര്ശനമുണ്ടതിൽ ശക്തമാകുന്ന വർഗീയതക്കുളള മുന്നറിയിപ്പും താക്കീതും ഉണ്ടതിൽ. *ഗോഡ്‌സെ സ്മാരക വായനശാല, യൂദാസ് മെമ്മോറിയൽ ടൗണ്ഹാൾ* ഗൗതമനെ തേടിയുള്ള അന്വേഷണം വിവിധ സാഹചര്യങ്ങളെ  കൃത്യമായി തുറന്നു കാട്ടുന്നു. 
*വിചാരണയ്ക്കു മുമ്പ്* എന്ന കഥ ധർമ്മപാലനിലൂടെയാണ് വികസിക്കുന്നത്. താൻ അറിയാത്ത തെറ്റിന് ശിക്ഷ ഏൽകേണ്ടിവരുന്ന ധർമ്മപാലൻ തലതിരിഞ്ഞ  സാമൂഹ്യനീതിയെ പച്ചയായിതന്നെ  കഥയിൽ വരച്ചുകാണിക്കുന്നു. ലോകത്തെവിടെയും അനീതിയുടെ തുലാസിന് ഒരേ രൂപമണെന്ന സത്യംതുറന്നു പറയുന്നു. 
 *ഭരണകൂടം* എന്ന കഥയിൽ ഒരു ഭരണകൂടം സൃഷ്ടിക്കുന്ന അധികാര ലോകത്തെ ഈ കഥയിൽ കാണാം.. ശശാങ്കൻ ഗോകുലന് തോക്കുകൊടുക്കുകയും പകരം ശശാങ്കൻ ഗോകുലന്റെ ഓടക്കുഴൽ വാങ്ങിക്കുന്നതും ഒക്കെ സമകാലിക രാഷ്ട്രീയത്തോട് ചേർത്തു നിർത്താം
*"ശശാങ്കൻ കൊട്ടാരത്തിലെ ഇടനാഴികളും അകത്തളങ്ങളും ഉള്ളറകളും ചുറ്റികണ്ടശേഷം പൂമുഖത്ത് തിരിച്ചെത്തി. തോക്കുകൾ തുടച്ചു വൃത്തിയാക്കുന്ന പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന അച്ഛൻ മുഖമുയർത്തിയില്ല. ഉയർന്ന ഒരു പീഠത്തിലിരിക്കുന്ന അച്ഛന്റെ കാലുകൾ നിലം തൊടാതെ തൂങ്ങിക്കിടക്കുന്നു. കാൽ വണ്ണകളിലെ ഞരമ്പുകൾ ഇരവിഴുങ്ങി തൊലിക്കടിയിൽ ഉറങ്ങി. പാദുകങ്ങൾ രണ്ടു വർഗവൈരുദ്ധ്യങ്ങളപ്പോലെ മുഖം തിരിച്ചു ... "*   പൂജാരിയെത്തന്നെ ന്യായാധിപൻ ആക്കുന്നതിലൂടെ മതവും ഭരണകൂടവും തമ്മിലുള്ള  ബന്ധത്തെ സൂചിപ്പിക്കുമ്പോൾ സമകാലിക  രാഷ്ട്രീയത്തെ അതെത്ര കണ്ടു ചേർന്നു നിൽക്കുന്നു എന്നും അതിന്റെ അപകടവും  മനസിലാക്കാം. 
*സിംഹാസനങ്ങളിൽ തുരുമ്പ്* ആ ശീര്ഷകത്തിൽ തന്നെ നിറഞ്ഞ ഒരർത്ഥമുണ്ട്. ഒരു നഗരമാണ് കഥയുടെ പശ്ചാത്തലത്തിൽ എങ്കിലും നമുക്കതിനെ ഇന്ത്യയായി  കാണാം. കഥയുടെ അവസാനം പറയുന്ന വാക്കുകൾ മതി കഥയുടെ ആഴം തിരിച്ചറിയാൻ *"എന്റെ തലയിൽ മസ്തിഷ്കം സ്ഥിതിചെയ്യുന്ന ഭാഗത്ത് വിരലൂന്നി ഞാൻ പറഞ്ഞു: 
ഇതിവിടെയുണ്ടെന്ന കാര്യം മറന്നതാണ് നിങ്ങൾക്കും മേയർക്കും അയാളുടെ മുന്ഗാമികൾക്കും പറ്റിയ ഏറ്റവും വലിയ അബദ്ധം. ഇതിന്റെ ചലനങ്ങളെ  നിയന്ത്രിക്കാനുള്ള താക്കോൽ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു."*  

*"ഞാൻ ശിക്ഷിക്കപെടുമെന്നും, കിട്ടാതാവുന്നതിന്റെ പരമാവധി ശിക്ഷ എനിക്ക് ലഭിക്കുമെന്നും നേരത്തെ ഉറപ്പുള്ളതിനാൽ എന്റെ ശിരസ്സ് ഉയർന്നുതന്നെ നിന്നു. ഒരു ശക്തനായ ഭ്രാന്തനെയെന്നപോലെ കൈകാലുകൾ ചങ്ങലയിട്ടു ബന്ധിച്ച് വർഗ്ഗബോധമുണർന്നിട്ടില്ലാത്ത ആയുധധാരികളായ രാജഭടന്മാർ എന്നെ രാജസന്നിധിയിൽ ഹാജരാക്കി. എന്റെ ഗാംഭീര്യം നിറഞ്ഞ മുഖവും, കഠിനാധ്വാനത്തിന്റെ പാറക്കഷണങ്ങളായി മുഴച്ചു നിൽക്കുന്ന മാംസപേശികളും കണ്ടിട്ടാവണം രാജസദസ്സിൽ പൊടുന്നനെ അടക്കാനാവാത്ത അമര്ഷത്തിന്റെ പുക പരന്നത്"*  
അയൽരാജാവ് എന്ന കഥ തുടങ്ങുന്നത് തന്നേ ഇങ്ങനെയാണ്. ഈ  കഥയിലെ ആചാരലംഘനവും നമുക്കിന്ന് സമകാലിക സാഹചര്യത്തോട് ചേർത്തുവായിക്കാം. കന്യകമാരെ  അധികാരികൾക്ക് കാഴ്ചവെക്കുന്ന സഹശയനം എന്ന നാട്ടാചാരത്തെ എതിർത്തുമുന്നോട്ടു വരുന്നതും ആചാരലംഘനം  ആയി കണക്കാക്കുന്നു. മരണം മുന്നിൽ വിചാരണയായി നിൽക്കുമ്പോഴും ഉമാപതി പതറാതെ പറയുന്ന വാക്കുകൾ പ്രസക്തമാണ്
*"ജനവഞ്ചകരേ, നിങ്ങളെയും വ്യാഖ്യാനിച്ചാൽ നിങ്ങൾക്കുമാത്രം ഗുണം കിട്ടുന്ന, നിങ്ങളുണ്ടാക്കിയ നിയമങ്ങളെയും ഞാൻ പുല്ലായി കരുതുന്നു. നിങ്ങൾക്കെന്റെ ശരീരത്തെ മാത്രമേ ബന്ധിക്കാൻ കഴിയൂ, എന്റെ മനസ്സിപ്പോഴും സ്വതന്ത്രമാണ്. എന്റെ ചിന്താശക്തിയും ആവേശവും ആദർശധീരതയും നശിപ്പിക്കാൻ നിങ്ങളെകൊണ്ടാവില്ല.മരണത്തിനുമപ്പുറത്തുള്ള ഒരു ശിക്ഷ തരാൻ നിങ്ങൾ അശക്തരാണ്. ആയതിനാൽ ഈ സദസ്സിനെ എല്ലാ അവജ്ഞയോടുംകൂടി ഞാൻ പുച്ഛിച്ചുതള്ളുന്നു."*   കഥയുടെ അവസാനം കുറിച്ച വരികൾ കഥയെ കൂടുതൽ വ്യക്തമാക്കുന്നു.
*"ഞാനിവിടെ തളർന്നുവീണാൽ എനിക്ക് പരിക്കുകൾ പറ്റില്ല. കാരണം പതുപതുത്ത കട്ടിയുള്ള ചുവന്ന കംബളം നിലത്തു വിരിച്ചിരുന്നു."*

പ്രശസ്ത കവി പിഎൻ ഗോപീകൃഷ്ണൻ എം സുകുമാരനെ കുറിച്ചു പറഞ്ഞത് പ്രസക്തമാണ്.
*"എം. സുകുമാരൻ കഥകളിൽ ചെയ്തത് , സോഷ്യലിസ്റ്റ് റിയലിസത്തിൽ നിന്നും കാല്പനികതയിൽ നിന്നും അതിനെ മോചിപ്പിക്കുക മാത്രമായിരുന്നില്ല.  ആധുനികതയുടെ അരാഷ്ട്രീയ  പൊങ്ങച്ചങ്ങളെ കൂടി അത് നേരിട്ടു."*  അതേ അരാഷ്ട്രീയ പൊങ്ങച്ചങ്ങളേ തുറന്നുകാട്ടുന്ന ചരിത്രബോധത്തിലൂന്നിയുള്ള എം.സുകുമാരന്റെ കഥകൾ നടത്തുന്ന ചരിത്രപരമായ ദൗത്യത്തിന്റെ പ്രധാന്യം ഇന്നത്തെ പോലെ വരും കാലങ്ങളിലും പ്രസക്തമാകും. 
-----------------------------------------------------------------------------
http://kannadimagazine.com/index.php?article=647

11/01/2019

Sunday, 6 January 2019

കാലത്തോട് സംവദിക്കുന്ന മുകുന്ദൻ കഥകൾ

കഥകൾ: വായനാനുഭവം



മലയാള കഥയിൽ ആധുനികതയുടെ വേരോട്ടത്തിന് തുടക്കമിട്ട മയ്യഴിയുടെ കഥാകാരൻ എം മുകുന്ദന്റെ കഥകൾ പലതും അതാത് കാലത്തിന്റെ രേഖപ്പെടുത്തലാണ്. എന്നാൽ കാലങ്ങൾ കഴിഞ്ഞു വായിക്കുമ്പോൾ വായിക്കുന്ന കാലത്തോടും കൂട്ടികെട്ടാൻ കഴിയുന്നു എന്നതാണ് ഒരു പ്രത്യേകത. ആദ്യ കാലത്ത് എഴുതിയ *അമ്മമ്മ* കഥ തന്നെ എടുക്കാം അമ്മമ്മയിൽ നിന്നും പഴയ കാലത്തോട് കൂട്ടികെട്ടാൻ പാകത്തിൽ ഉള്ള ഉത്തരം പ്രതീക്ഷിച്ചു പുതിയ കാലമല്ലേ അമ്മമ്മേ ഇത്രയൊക്കെ സാധിക്കൂ എന്നു പറയാൻ ചെല്ലുന്ന മകനോട്‌ ഏറ്റവും പുതിയകാലത്തെ പ്രതിനിധിയായി ചെല്ലാൻ പറയുന്ന അമ്മമ്മയെയാണ് കാണുന്നത്. 
മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഉൾപ്പെടുന്ന കഥയാണ് *ദൽഹി1981* ഒരു സിനിമ പോലെ ആസ്വാദിക്കുകയും എന്നാൽ പിന്നെ നമ്മെ ആലോസരപ്പെടുത്തുകയും ചെയ്യുന്ന കഥ. ഒരു ദൃശ്യം കാണുന്നപോലെയാണ് കഥയുടെ ആഖ്യാനം. ഫ്‌ളാറ്റിന്റെ ജനലിലൂടെ നോക്കുമ്പോൾ നീണ്ടുകിടക്കുന്ന ഇടുങ്ങിയ തെരുവ് അതിലൂടെ നടന്നു വരുന്ന ഒരു യുവതിയും യുവാവും അവർ ഈയിടെ കല്യാണം കഴിഞ്ഞവർ ആയിരിക്കണം  സുന്ദരിയായ പെണ്ണ് പെട്ടെന്നു മൂന്നുപേർ അവരെ കടന്നു പിടിക്കുന്നു, യുവാവിനെ അടിച്ചിട്ട് അവർ ആ യുവതിയെ ബലാത്സംഗം ചെയ്യുന്നു. എന്നാൽ ജനലിൽ കൂടി നോക്കുന്നവർ അത് സിനിമ കാണുന്ന പോലെ അടുത്തത് എന്തെന്ന ആകാംഷയോടെ കാണുന്നു. ജനൽ കാഴ്ചകൾ ഇന്ന് സ്‌ക്രീനിൽ ആയെന്നു മാത്രം നമുക്ക് വലിയ മാറ്റങ്ങൾ ഒന്നും ഇല്ല 
ബാബരി മസ്ജിദ് തകർക്കപ്പെട്ട ത്തിനു ശേഷം എഴുതപെട്ട കഥയാണ് *അപനിർമ്മാണം* . നിങ്ങൾക്കിപ്പോ എന്താ പണി എന്ന് ചോദിക്കുമ്പോൾ പള്ളിപൊളിക്കൽ എന് പറഞ്ഞവസാനിക്കുന്ന ഭാഗം ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയെ കാണിക്കുന്നു.
*കൈകുമ്പിളിലെ വെള്ളം* ഏറെ വിമർശനം ഏറ്റുവാങ്ങിയ കഥ "മനുഷ്യന്റെ ഇറച്ചി  കിട്ടിയിരുന്നു എങ്കിൽ അതും തിന്നേനേ" എന്ന സംഭാഷണം കാനിബളിസത്തെ  പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അന്ന് വിമര്ശിക്കപ്പെട്ടത്. 
*ഫോട്ടോ* ഈ കഥ പീഡനകാലം തുടരുന്ന കാലത്തോളം പ്രസക്തമാണ് കുട്ടികളുടെ വലിയ ആഗ്രഹമായ ഫോട്ടോ എടുത്ത് പൈസ കൊടുക്കാൻ ഇല്ലാതായപ്പോൾ അതിനെ ചെറിയ പെൺകുട്ടിയുടെ ഫോട്ടോ നഗ്‌നമായി എടുത്ത് സ്റ്റുഡിയോകാരൻ ആ സാഹചര്യത്തെ മുതലെടുക്കുന്നു... അഞ്ചു വയസുള്ള കുട്ടി, പ്ലാസ്റ്റിക്, സിംഹവാലൻ, തട്ടാത്തി പെണ്ണിന്റെ കല്യാണം.... മുകുന്ദൻ കഥകൾ തീരുന്നില്ല. 
ഇനിയും ഏറെ...


കണ്ണാടി ഓൺലൈൻ മാഗസിനിൽ 14/ 12/ 2018 ൽ വന്നു 

Tuesday, 20 November 2018

കാട്ടൂർക്കടവിലെ കഥാലോകം


അശോകൻ ചരുവിലിന്റെ കഥകളിലൂടെ 


ലയാള ചെറുകഥാകൃത്തുകളിൽ ശ്രദ്ധേയനാണ് അശോകൻ ചരുവിൽ. ജീവിതത്തിൽ അടർത്തിയെടുക്കുന്ന കഥകളിൽ  സമകാലിക രാഷ്ട്രീയം സാമൂഹികാവസ്ഥ,  പരിസ്ഥിതി, ഇതെല്ലാം ജീവിതത്തോട് ചേർത്തുനിർത്തി പറയുന്ന കഥകളാണ് ചരുവിലിന്റേത്.  കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയക്കാരൻ എന്നനിലയിൽ തന്റെ രാഷ്ട്രീയം പൊതുമണ്ഡലത്തിൽ പറയുമ്പോൾ കഥകളിലും അതിന്റെ അലയൊലി കാണാം. അശോകൻ ചരുവിലിന്റെ ചില കഥകളിലൂടെ ഒരു യാത്ര
*മണ്ണുവേവുന്ന മണം.*  എന്ന നീണ്ടകഥയിൽ 
*"കാലം കൊറെ കഴിഞ്ഞാൽ വറ്റിപ്പോയ പൊഴകളൊക്കെ വീണ്ടും നെറയും. വഞ്ചികൾ ഇതിലേ പോവും."* ഉറച്ച ഇടതു പക്ഷ മനസിൽ നിന്നും വന്ന പ്രത്യാശയുടെ കഥയാണിത്‌.  പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പ്രത്യാശയാണിത്‌. നർമ്മദാ വാലിയിൽ മേധാപട്കർ ജലസമാധി ചെയ്യുമെന്ന് പറഞ്ഞ ദിവസം മാര്ക്സിസ്റ്റ് വിശ്വാസികളായകുറെപേർ ഒത്തുചേർന്നതിന്റെ സ്മരണയുമായാണൂ ഈ നീണ്ട കഥ ആരംഭിക്കുന്നത്‌. രക്തസാക്ഷിത്വത്തിന്റെ ഹരിത മുഖം ഇവിടെ അനാവൃതമാകുന്നു ഒരു കാലത്ത്‌ പ്രകൃതിയുടെ ധന്യത നിന്നിരുന്ന നദീഗ്രാമമായ പുഴമ്പുള്ളത്ത്‌ കറകളഞ്ഞ മാർക്ക്സിസ്റ്റുകാരൻ പികെയുടെ ജീവിതത്തിലൂടെ യാണിത്‌ കൊണ്ടുപോകുന്നത്‌. ഹരിത-മാര്കിസ്റ്റ് ചിന്തയെ ഉണർത്തുന്ന കഥയാണിത്.

ഈയിടെ വന്ന കഥയാണ് *അർജന്റീന. ഫാൻസ് കാട്ടൂർക്കടവ്*
(മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലായ്)
ലോകകപ്പിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അർജന്റീന. ഫാൻസ് കാട്ടൂർക്കടവ് എന്ന 
അശോകൻ ചരുവിലിന്റെ കഥ മലയാളത്തിലെ ഫുട്‌ബോൾ കഥകളിൽ ഉൾപ്പെടുത്താം. 2014 ലോകകപ്പിലെ പശ്ചാത്തലത്തെ 2018 ലോകകപ്പിന് തൊട്ടു മുമ്പ് എഴുതുമ്പോൾ ഗോഡ്‌സെ എന്ന പേര് എല്ലാ ഇന്ത്യക്കാരെയും പോലെ അർജന്റീനിയൻ ഫാൻസും വെറുപ്പോടെ ഓർക്കും. അന്ന് കൈവിട്ട ഭാഗ്യം മെസ്സിയുടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന അർജന്റീന പക്ഷെ കഥ നമ്മളിൽ എത്തുമ്പോഴേക്കും ആശകൾ വറ്റിയ മനസുകളാൽ ലോകകപ്പ് കാണേണ്ടി വരുന്ന അവസ്ഥയിൽ എത്തി എന്നത് യാഥാർഥ്യം. ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം അറംപറ്റി എന്നു പറയാം. ആ പ്രവചനം പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. അർജന്റീനയുടെ കാര്യത്തിൽ  സാക്സിന്റെ പ്രവചനം ശരിയായി എങ്കിൽ ബ്രസീലിന്റെ കാര്യത്തിൽ പിഴച്ചു. അർജന്റീനയൻ ഫാന്സിന് അർജന്റീന ടീം എന്നാൽ കളി മാത്രമല്ല അവരുടെ രാഷ്ട്രീയം  മെസ്സിയുടെ കുട്ടിക്കാല ജീവിതം ഒക്കെ ഈ കളികമ്പത്തോടൊപ്പം ഉണ്ട്.  സൂചിപ്പിക്കുന്നു കഥയിലും  *"മറഡോണയുടെ മങ്ങിയ പശ്ചാത്തലത്തിൽ ലയണൽ മെസ്സിയുടെ തിളങ്ങിനില്കുന്ന ഫ്ളക്സിൽ ചേർക്കാൻ തയ്യാറാക്കിയ ഒരു കുറിപ്പിൽ അന്ന് മെഹർ ഇങ്ങനെ എഴുതി 'ബ്യുണൻസ് അയേഴ്‌സിലെ കീഴാളച്ചേരിയിൽ നിന്ന് ഒരു ഫുട്‌ബോൾ മാന്ത്രികൻ കടന്നുവന്നുവെങ്കിൽ അത് പ്രവചനങ്ങളുടെ കരുണ കൊണ്ടല്ല. റൊസാരിയോവിലെ അടിച്ചുതെളിക്കാരിയുടെ മകൻ ഒരു പ്രവാചകന്റെയും സഹായം പ്രതീക്ഷിക്കുന്നില്ല"* മെഹർ എന്ന മെഹറുന്നീസ കാദർകുട്ടി ഈ അർജന്റീന ഫാന്സിൽ പെണ് തിളക്കമാണ്. ബ്രസീലിൽ നിന്നും കൂറുമാറി വന്നവൾ എന്നൊരു പ്രത്യേകത കൂടിയുണ്ട്. അങ്ങനെ വരുന്നവരെ പെട്ടെന്നു ചേർക്കണോ എന്ന അംഗങ്ങളുടെ സംശയത്തെ തട്ടികളഞ്ഞത്‌  അവളുടെ മറുപടി ആയിരുന്നു. *"പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ്ദെ കിർച്ചനറുടെ സാമ്രാജ്യത്ത വിരുദ്ധ നയങ്ങൾ എന്നെ ആകർഷിച്ചു"*  മെഹറിന്റെയും അജയന്റെയും പിണക്കവും പ്രണയവും കാട്ടൂർക്കടവത്തെ പ്രാദേശിക രാഷ്ട്രീയവും കളിയിലൂടെ കാര്യമായി പറയുന്ന അർജന്റീന. ഫാൻസ് കാട്ടൂർക്കടവ് എന്ന കഥ യുടെ ആഖ്യാനത്തിന്റെ ഭംഗി ഒന്നു വേറെ തന്നെ. വായിക്കുമ്പോൾ സിനിമ കാണുന്ന സുഖം അനുഭവിക്കുന്നു. മലയാളത്തിൽ ശക്തമായ രാഷ്ട്രീയകളിൽ ചേർത്തു വെക്കാവുന്ന കഥയാണ് 
'കറപ്പൻ' ദളിത് രാഷ്ട്രീയത്തിന്റെ കഴിഞ്ഞുപോയ കാലത്തിന്റെ നേർ ചിത്രങ്ങളാണ് ഈ കഥ. ഒറ്റ ദിവസംകൊണ്ട് പാർട്ടി മാറിയ കറപ്പനെ പോലുള്ള രാഷ്ട്രീയ മനുഷ്യരെ എല്ലാ കാലത്തും എല്ലായിടത്തും കാണാം. റോഡിലൂടെ നടക്കുക എന്ന അന്നത്തെ വലിയ വിപ്ലവത്തെ അവതരിപ്പിക്കുന്ന ഭാഗത്തിൽ പാർട്ടി മാറിയ രംഗം പറയുമ്പോൾ.  ജാതി വിവേചനത്തിനെതിരെ  കേരളത്തിൽ ഉണ്ടായ  മുന്നേറ്റങ്ങളെയാണ്  ഓർമ്മിപ്പിക്കുന്നത്. "റോട്ട്ക്കൂടെ താണജാതിക്കാര്ക്ക് നടക്കാന്‍ പാടില്ല.....  ഞങ്ങള്‍ പ്രജാമണ്ഡലക്കാരായിട്ടാ അവിടെ ചെല്ലുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. അപ്പൊ പി. ഗംഗാധരന്‍ പറഞ്ഞു നമുക്കൊരു കാര്യം ചെയ്യാ. എല്ലാരും കൂടെ ആ റോട്ടീക്കൂടെ നടന്നു നോക്ക്വാ. എന്താണ്ടാവ്വ്വാന്ന് അറിയ്യാലോ. അപ്പോള്‍ പുതൂര്‍ അച്ചുതമേന്‍ പറഞ്ഞു:  മഹാപാപം ചെയ്യാന്‍ ഞങ്ങളില്ല. ഞങ്ങക്ക് ദൈവഭയണ്ട്. പ്രജാമണ്ഡലം പിന്മാറി. ഗംഗാധരന്‍ ഒരു ചോന്ന കൊടീം പിടിച്ച് മുന്നില് നടന്നു. എസ്എന്‍ഡിപിക്കാരും പൊലയ സഭക്കാരും പിന്നാലെ. ഞാന്‍ ആ ജാഥേല് കേറി നടന്നു." കേരളത്തോട് ആ കാലത്തേക്ക് പിന്തിരിഞ്ഞു നടക്കാൻ 
ഒട്ടും നാണമില്ലാതെ പറയുന്ന ജാതി രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സമകാലിക അവസ്‌ഥയിൽ കറപ്പൻ എന്ന കഥ കൂടുതൽ പ്രസക്തമാകുന്നു. 
മരിച്ചവരുടെ കടൽ എന്ന കഥ ജീവിതത്തോളം ആഴമുള്ള ഒരു ആഖ്യാനമാണ്. കങ്കാരു നൃത്തം, കഥയിലെ വീട്, ചിമ്മിനി വെളിച്ചത്തില്‍ പ്രകാശിക്കുന്ന ലോകം, പരിചിതഗന്ധങ്ങൾ, നിറഭേതങ്ങൾ ഒരു പഴയ നോവൽ ഇങ്ങനെ ഒട്ടനവധി കഥകൾ ഉണ്ട്.  കഥകളിലെ ദേശം എന്ന വിഷയത്തിൽ ചർച്ച വരുമ്പോൾ കാട്ടൂർ എന്ന ഗ്രാമം മാറ്റിനിർത്താൻ ആകില്ല. അത്രകണ്ട് കാട്ടൂരും കടവും കഥളിൽ ലയിച്ചു നിൽകുന്നു. അശോകൻ ചരുവിലിന്റെ കഥകളിലേക്ക് ഇനിയും ആഴത്തിൽ പോകാൻ ഉള്ള സാധ്യതകൾ ധാരാളം നിലനിൽക്കുന്നു. പോകാന് കഴിയാത്തത് എന്റെ മാത്രം പരിമിതിയും. മലയാള കഥാ സാഹിത്യ ശാഖയിൽ മാറ്റിനിർത്താൻ ആകാത്ത കഥകളാൽ ഇന്നും നിറ സാന്നിദ്ധ്യമാണ് ഈ കാട്ടൂരിന്റെ കഥാകാരൻ

കണ്ണാടി ഓൺ ലൈൻ മാഗസിനിൽ 02/11/ 2018 ൽ വന്നത്  

Monday, 19 November 2018

സമകാലികനായ ഒരു കഥാകൃത്തിന്റെ ഓർമ്മക്ക്



മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു  യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത  എഴുത്തുകാരന്‍. നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത് , സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും എണ്ണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍ , മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.'ചില സസ്തന  ജീവികൾ', 'തെയ്യങ്ങൾ', 'ശിശിരത്തിലെ ആദ്യത്തെ വെടിയൊച്ചകൾ, ഒരു പൗരന്റെ സംശയങ്ങൾ.ശവഭോജനം . വനഗീതികൾ കേട്ടുറങ്ങുന്നവർക്ക് താക്കീതുകൾ, സമകാലികമായ ഒരു കഥാകൃത്തിന്റെ ഓർമ്മക്ക് ..ഇങ്ങനെ എത്രയെത്ര കഥകൾ   
കഥകളുടെ സിദ്ധാന്തങ്ങളെ കുറിച്ച് ആകുലതകൾ പെറാത്ത ഒരെഴുത്തുകാരനായിരുന്നു യുപി ജയരാജ്.  അദ്ദേഹത്തിൽ നിറയെ കഥകളെഴുതുക എന്ന ഉത്സാഹമായിരുന്നു, 'തെയ്യങ്ങൾ'  ആ സർഗ്ഗവൈഭവത്തെ രേഖപ്പെടുത്തുന്ന കഥയാണ്. നാടിന്റെ തുടിപ്പും ജീവനും നിറഞ്ഞു നിൽക്കുന്ന കഥ, കഥയിലെ ഗുളികൻ നൽകുന്ന രാഷ്ട്രീയതലം ഒരു നാടിൻറെ തുടിപ്പാണ് കയ്യിലുള്ള വെള്ളിദണ്ഡ് ചുഴറ്റുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം നൽകുന്ന ഒരു സാഹസികതയുണ്ട് അത് കഥയിൽ നിറഞ്ഞു നില്കുന്നു. കഥ തുടങ്ങുന്നത് തന്നെ ആ ഊർജ്ജത്തോടെയാണ്, 
"പിന്നെ മധ്യാഹ്നത്തിന്റെ പാതിമയക്കത്തിൽ അലസത പൂണ്ടിരുന്ന ഗ്രാമങ്ങൾ പെട്ടെന്ന് ഞെട്ടിയുണർന്നു, ചെണ്ടകളുടെ താളാത്മകമായ തകർപ്പ ശബ്ദം ഗ്രാമത്തെയാകെ ഉണർത്തിക്കഴിഞ്ഞിരുന്നു. പിറുത്തിച്ചോലകളിലെ ചരൽകല്ലുകളെ ചവിട്ടിത്തള്ളി നഗ്നപാദരായ കുട്ടികൾ ഇടവഴികൾ കടന്ന് ചാടിയും ആർത്തുവിളിച്ചും കാവിലേക്കോടി. അതാ, അതാ ദൃഢഗാത്രരായ മലയന്മാർ തോളിൽ തൂക്കിയിട്ട ചെണ്ടയുടെ ഭാരംകൊണ്ടു അലപം കുനിഞ്ഞു കയകപ്പുരയെയും പള്ളിയറയേയും മണ്ഡപങ്ങളെയും ഭണ്ടാരങ്ങളേയും പാമ്പിൻ കാവുകളെയും വളം വെച്ച് അവയെ വിളിച്ചുണർത്തി നേർത്ത ചെണ്ടക്കോലുകൾ അത്യധികമായ വിരുതോടെ അവരുടെ കൈവിരലുകളിൽ കിടന്നു തുടിച്ചു നൃത്തംവെച്ചു. നാഗ ദേവതകളെ ഉണരുക, കാരണൻമാരെ ഭണ്ടാരങ്ങളെ ഉണരുക, ശാസ്തപ്പാ, ചാമുണ്ടീ, ഭഗവതീ, ഗുളികാ, വസൂരിമാലേ ഉണരുക, ആദ്യത്തെ വേല തുടങ്ങുകയായി. തിറകൾ ആരംഭിക്കുകയായി. കാവുകളേ ഉണരുക..." 
ഗുളികനായി  വരുന്ന നന്ദന്റെ ഉള്ളിലെ രാഷ്ട്രീയബോധത്തെ സമകാലിക രാഷ്ട്രീയത്തോട് ചേർത്തുവെക്കാൻ ആകും, നാട്ടിൻപുറത്തെ തെയ്യങ്ങൾ നൽകുന്ന ബിംബങ്ങൾ മാഞ്ഞുപോയികൊണ്ടിരിക്കുന്ന കാലത്ത് തെയ്യം കെട്ടാൻ ആളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് തെയ്യം കെട്ടിക്കുന്ന ഈ കാലത്ത് തെയ്യങ്ങൾ എന്ന കഥക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. 
ജയരാജിന്റെ കഥകളെ പറ്റി കോവിലൻ പറയുന്നു " സരളവും വ്യാകുലവുമായ ഒരു മനസ്സാണ് ജയരാജിന്റെ കഥകൾക്കു പിന്നിൽ ഞാൻ കണ്ടത്. സരളവും വ്യാകുലവുമായതുകൊണ്ടു തന്നെ ഇ മനസ്സ് വിഭ്രാമകവുമാകുന്നു".
 'നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്'  എന്ന കഥയിൽ  "നിന്റെ വാക്കുകൾ ഇത്രയും ഉചിതമായിരിക്കുന്നു, നിന്നെ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് ഈ പകലും രാത്രിയും എനിക്കിവിടെ വിശ്രമിക്കാമെന്ന് നിന്റെ വാക്കുകൾ എനിക്കുറപ്പു തരുന്നു. ഒരു അന്യവർഗ ചിന്താഗതിക്കാരന് ഒരിക്കലും ഇങ്ങനെ നിഷ്കപടമായി സംസാരിക്കാൻ ആവുകയില്ല" വാക്കുകളിൽ വിശ്വസിക്കുന്ന കഥാകാരൻ വാക്കുകൾ കൊണ്ട് തന്നെ വേദനപേറുന്ന ആകുലതകളും കുറിച്ചിട്ടു. ഒക്കിനാവയിലെ പതിവ്രതകളിൽ പറയുന്ന രാഷ്ട്രീയം ആഗോള വിഷയമാണ് കഥയുടെ അവസാനം ചോദിക്കുന്ന ചോദ്യവും പ്രസക്തം തന്നെ "എയ്ഡ്‌സ് ഇങ്ങനെ പ്രത്യഔശധമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുന്ന കാലംവരെയും ഒക്കിനാവയിലെ പതിവ്രതകളെ ആര് എങ്ങനെ സംരക്ഷിക്കും?" ജയരാജ് കഥകളിലാകെ നിറച്ചു വെക്കുന്ന ഈ ആകുലതകൾ ഉള്ളിൽ പിടയുന്ന രാഷ്ട്രീയ ബോധത്തെ തൊട്ടുണർത്തും ഒക്കിനാവ പോലുള്ള ഇടങ്ങൾ ഉണ്ടാകുന്ന സാമ്രാജ്യത്വ അധിനിവേശങ്ങളെ രാഷ്ട്രീയമായി അതിലുപരി സർഗാത്മകമായി പ്രതിരോധിക്കുന്നു എന്നതാണ് ഈ കഥയുടെ പ്രത്യേകത. 
"ഇരുട്ടിലും  നിശ്ശബ്ദതയിലും ഗ്രാമങ്ങൾ തളർന്നുറങ്ങുമ്പോൾ അവർ വന്നു. രാത്രിയുടെ സംഗീതത്തെ അവരുടെ കാലൊച്ചകൾ അലങ്കോലപ്പെടുത്തി. ശാലീനമായ ഗ്രാമ സൗന്ദര്യത്തിൽ ഈ പരിചിതരുടെ രൂപങ്ങൾ വികൃതമായി മുഴച്ചു നിന്നു. ഗ്രാമങ്ങൾ അപ്പോഴും തളർന്നുറങ്ങുകയായിരുന്നു" ഗ്രാമചിത്രങ്ങൾ എന്ന കഥയിൽ പറയുന്ന പോലെ ഗ്രാമങ്ങൾ ആ കാലൊച്ചകൾ അറിയാതെ തളർന്നുറങ്ങുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ ആയി കഥകൾ തെയ്യങ്ങളെ പോലെ നമുക്ക് മുന്നിൽ നിൽക്കുന്നു. ഇടക്ക് ഉറഞ്ഞു പറയുന്നു. പറയാനുള്ളത് വേഗത്തിൽ പറഞ്ഞു അതിനേക്കാൾ വേഗത്തിൽ കഥപറയാനാകാത്ത ലോകത്തേക്ക് അയാൾ എത്ര പെട്ടെന്നാണ് പറന്നു പോയത്.  യുപി ജയരാജിന്റെ കഥകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ തുറക്കപ്പെടുന്ന ലോകം ചിലപ്പോൾ നമ്മൾ കാണാതെ പോയ, അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച ഇടങ്ങളാണ്. പ്രതിഭയുടെ ചൈതന്യം നിറഞ്ഞ കഥകൾ മലയാളത്തിന് എന്നും അലങ്കാവുമാണ്.   


കണ്ണാടി മാഗസിനിൽ 15-11-2018ൽ പ്രസിദ്ധീകരിച്ചു   

Saturday, 20 October 2018

ജാതിചോദിക്കുന്ന കാലം തിരിച്ചു വരുമ്പോൾ 'ജാതിക്കുമ്മി'യുടെ പ്രസക്തി

ലേഖനം 
വർത്തമാനകാലത്ത് ജാതി പുതിയ രൂപത്തിൽ ഇറങ്ങിവരികയും രാഷ്ട്രീയത്തിലും സംസ്കാരത്തിലുംതിരിച്ചു വരികയും ഒപ്പം അധികാരവും കയ്യാളുന്ന ഈ കാലത്ത് മലയാളത്തിലെആദ്യകാല ജാതി വിരുദ്ധ കാവ്യം എന്ന് അറിയപ്പെടുന്ന ജാതിക്കുമ്മി എഴുതിയ കീഴാള വർഗ്ഗത്തോടൊപ്പം നിന്ന്‌ അവരും മനുഷ്യരാണെന്ന് വീറോടെ പറഞ്ഞ വ്യത്യസ്തമേഖലകളിൽ തന്റെ കയ്യൊപ്പ് പതിച്ച പണ്ഡിറ്റ് കെപി കറുപ്പൻ  എന്നവലിയ മനുഷ്യനെ പറ്റി പഠിക്കേണ്ടതും ആ ചരിത്രത്തെ തിരിച്ചറിയേണ്ടതും എന്തുകൊണ്ടും  പ്രസക്തമാണ്. എന്നാൽ ചരിത്രത്തിൽ പണ്ഡിറ്റ് കറുപ്പൻ എന്ന പേര് അത്ര തിളക്കത്തോടെ എഴുതി ചേർക്കാൻ ആയോ എന്ന സംശയം ബാക്കി നിൽക്കുന്നു. സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തു പണ്ഡിറ്റ് കറുപ്പൻ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. 'അയ്യൻകാളി മുതൽ വിടി വരെ' എന്ന അരവിന്ദൻ പണിക്കശ്ശേരിയുടെ പുസ്തകത്തിൽ പണ്ഡിറ്റ് കറുപ്പനെ പറ്റി ഇങ്ങനെ പറയുന്നു "ജാതിയുടെ പേരിൽ മനുഷ്യൻ മനുഷ്യനെ ആട്ടിയിടിക്കുകയും കീഴ്ജാതിക്കാരെ മൃഗങ്ങളെക്കാൾ ഹീനരായി കണക്കാക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽസാമൂഹിക പരിവർത്തനത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചു അനാചാരങ്ങൾക്കെതിരെ കാവ്യകലയെ പടവാളാക്കിയ ധീരനായ കവിയാണ് പണ്ഡിറ്റ് കറുപ്പൻ" കുമാരനാശാൻ ദുരവസ്ഥ എഴുതുന്നതിനും പത്തു വർഷം മുമ്പാണ് പണ്ഡിറ്റ് കറുപ്പൻ  എഴുതിയ 'ജാതിക്കുമ്മി' ഇറങ്ങുന്നത്. ജാതിക്കെതിരായ മലയാളത്തിലെ ആദ്യകാല കാവ്യങ്ങളിൽ ഒന്നാണ് ഇത്. കേരളത്തിലെ ജാതി വിവേചനവും അതിന്റെ കറുത്ത വശങ്ങളും  തുറന്നു കാട്ടുന്നതിൽ ഈ കവിത വലിയ  പങ്കു വഹിച്ചു.  എന്നാൽ നമ്മുടെ ചരിത്രവും സാഹിത്യവും പണ്ഡിറ്റ് കറുപ്പനോടും ജാതികുമ്മിയോടും അത്ര പരിഗണന നൽകിയോ എന്ന കാര്യത്തിൽ നാം ഒന്നുകൂടി പരിശോധിക്കണം. 

"ഇക്കാണും ലോകങ്ങളീശ്വന്റെ
മക്കളാണെല്ലാമൊരു ജാതി
നീക്കനിർത്താമോ സമസൃഷ്ടിയെ?
ദൈവം നോക്കിയിരിപ്പില്ലേ,യോഗപെണ്ണേ? –
തീണ്ടൽ ധിക്കാരമല്ലയോ ജ്ഞാനപെണ്ണേ?

കവിതയിലൂടെ ഇക്കാര്യങ്ങൾ ചോദിക്കുന്ന കാലഘട്ടം ഏറെ പ്രസ്കതമാണ്. ജാതി  സമസ്ത മേഖലകളിലും അരങ്ങു വാണിരുന്ന കാലത്താണ് പണ്ഡിറ്റ് കറുപ്പൻ തന്റെ ജാതിവിരുദ്ധ സാഹിത്യവുമായി രംഗത്തു വരുന്നത്. 

"കാഷ്ഠം ഭുജിച്ചു നടന്നിരുന്ന
പട്ടിക്ക് ചാരെ നടന്നുകൊള്ളാം
കഷ്ടം! മനുഷ്യർക്ക് പാടില്ല എന്നുള്ള
ചട്ടം നിരുത്തേണ്ടേ യോഗപെണ്ണേ–
നിങ്ങൾ ശിഷ്ടന്മാരല്ലയോ ജ്ഞാനപ്പെണ്ണേ!

ഇങ്ങനെ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കാൻ അക്കാലത്ത് കൊച്ചി സഭയിൽ ഒരു എം എൽ സികൂടിയായിരുന്ന കവിക്ക് ആകുന്നു എന്നത് ഏറെ പ്രസക്തമാണ്. അർഹമായ സ്ഥാനത്ത് ഇരിക്കുമ്പോഴും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ട നിരവധി ദുരനുഭവങ്ങൾ പണ്ഡിറ്റ് കറുപ്പൻ നേരിടേണ്ടി വന്നിട്ടുണ്ട്. മദിരാശി ഗവർണർ ആയിരുന്ന ഘോഷൻ പ്രഭുവിന്റെ സന്ദർഷണവുമായി ബന്ധപ്പെട്ടു മഹാരാജാവ് നടത്തിയ വിരുന്നിൽനിന്നും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ടപ്പോൾ അദ്ദേഹമെഴുതിയ വരികൾ ആ വ്യവസ്ഥയോടുള്ള കടുത്ത പ്രതിഷേധവും വിമർശനവുമായി കാണാം. 

"ചൊല്ലാളുന്നെറണാകുളത്തു മരുവു -
'ന്നെമ്മൽസി'കൾക്കൊക്കെയും
ചെല്ലാവുന്ന വിരുന്നിലീയടിയനെ-
ക്കൂടെ ക്ഷണിച്ചീടുകിൽ
വല്ലായ്മക്കിട മെന്തു? താടികലരും
മർത്ത്യൻ കരേറീടുകിൽ
കല്ലോലങ്ങളിലാഴുമോ തരണി? ആർ
ചെയ്തിവിധം ദുർവിധി?"

ഇങ്ങനെ യഥാ സമയങ്ങളിൽ തന്നെ കവിതകളിലൂടെ അദ്ദേഹം പ്രതികരിച്ചു കൊണ്ടിരുന്നു.  നവോത്ഥാന മൂല്യങ്ങൾക്ക് ഏറെ വെല്ലുവിളി നേരിടുന്ന സമകാലിക അവസ്ഥയിൽജാതിക്കുമ്മി പോലുള്ള കവിതകളുടെ പുനർവായന കാലം ആവശ്യപ്പെടുന്നുണ്ട്. അന്ന്  പുലയരും മറ്റു കീഴ്ജാതിയിൽ അനുഭവിച്ച അവസ്ഥയെ കുറിച്ചു എഴുതിയ 
"പശുക്കളെയടിച്ചെനാലുടമസ്ഥൻ തടുത്തീടും
പുലയരെയടിച്ചെന്നാലൊരുവാനുമില്ല.
റോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട്
തോട്ടിലേക്കൊന്നിറങ്ങിയാൽകല്ലേറുകൊള്ളും"
ഈ വരികളിലൂടെ പോകുമ്പോൾ ഇന്നും നാം ഉത്തരേന്ത്യയിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളോട് ഏറെ വ്യത്യാസങ്ങൾ ഇല്ല എന്നതു കൂടി ഇതിനോട് ചേർത്തു വായിക്കാം. സാമൂഹികാവസ്ഥയേ കവിതയിലൂടെ തന്നെ വിമർശനത്തിന്റെ കൂരമ്പുകളയക്കാൻ സാധിച്ചു. 

കൊച്ചി നിയമസഭയിലേക്ക് സാമാജികനായി   നടത്തിയ ആദ്യപ്രസംഗം തന്നെ നിമസഭയുടെ പ്രവർത്തനങ്ങളിൽ കഴിയുന്നതും മലയാളം തന്നെ ഉപയോഗിക്കണം എന്ന പ്രമേയംഅവതരിപ്പിച്ചുകൊണ്ടായിരുന്നു.
സമസ്ത മേഖലകളിലും പണ്ഡിറ്റ് കറുപ്പൻ തന്റെതായ ഇടപെടൽ നടത്തിയിരുന്നു. ഈ ആസുരകാലത്ത് പണ്ഡിറ്റ് കറുപ്പനെ പോലുള്ളവരുടെ ചരിത്രം പുതു തലമുറയ്ക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. സാഹിത്യത്തിൽ പണ്ഡിറ്റ് കറുപ്പൻ നൽകിയ വിലപ്പെട്ട സംഭാവനകൾഅന്നും അതുപോലെ തന്നെ ഇന്നും പ്രസക്തി ഏറിവരികയാണ്. ചരിത്രത്തിലെ ചില പുനർവായനകൾ ആവശ്യമായി കൊണ്ടിരിക്കുന്ന ഈ കാലം എന്തുകൊണ്ടും കൂടുതൽപഠിക്കേണ്ട ഒന്നാണ് പണ്ഡിറ്റ് കെപി കറുപ്പനെയും അദ്ദേഹത്തിന്റെസാഹിത്യവും. കേരളം മറക്കാൻ പാടില്ലാത്ത നവോത്ഥാന നായകരിൽ ഒരാളാണ് പണ്ഡിറ്റ് കെപി കറുപ്പൻ. 1938 മാര്‍ച്ച്‌ 23നാണ് പണ്ഡിറ്റ് കെപി കറുപ്പൻ അന്തരിച്ചത്

കണ്ണാടി മാഗസിനിൽ 20-10-2018ൽ പ്രസിദ്ധീകരിച്ചു

http://kannadimagazine.com/index.php?article=362