Tuesday 25 July 2017

പിരിയൻ ഗോവണിക്കു കീഴിലെ ഒറ്റ ജീവിതങ്ങൾ

വി.എം.ദേവദാസിെൻറ ‘അവനവൻതുരുത്ത്’ എന്ന കഥാസമാഹാരത്തിന്റെ വായനാനുഭവം... 


യു എഴുത്തുകാരിൽ ശ്രദ്ധേയനാണ് വി എം ദേവദാസ്ഇതിനകം തന്നെ വ്യത്യസ്തമായ രചനാ ശൈലിയിലൂടെ തന്റേതായ ഒരിടം തീർക്കാൻ ഈ എഴുത്തുകാരന് ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ സമാഹാരമായ അവനവൻ തുരുത്തിൽ കുളവാഴചാച്ചാനാടകാന്തംഅവനവൻ തുരുത്ത്മാന്തികപ്പിഴവ്ആഗ്രഹസ്തംനഖശിഖാന്തം എന്നിങ്ങനെ കഥകളാണ് ഉള്ളത്. ഓരോ കഥയും പുതുകാലത്തിന്റെ ഭാവുകത്വം അടയാളപ്പെടുത്തുന്നു.
അനുബന്ധ പഠനത്തിൽ വി എം ദേവദാസിനെ പറ്റി സുനിൽ സി.ഇ പറയുന്നത് കൃത്യമാണെന്ന് കഥകൾ വായിച്ചു തീരുന്നതോടെ മനസിലാകും. 
"ഫ്ലെക്സിബിളിസകാലത്തിന്റെ അഥവാ ലിംഗ്വിസ്റ്റിക് ഇലാസ്റ്റിസിസ (Linguistics elasticism) കാലത്തിന്റെ പ്രചാരകനാണ് വി.എം. ദേവദാസ് എന്ന എഴുത്തുകാരൻ. അയാൾക്ക് ഭാഷ എഴുത്തെന്ന മാധ്യമത്തിലേക്കു പ്രവേശിക്കാനുള്ള പിരിയൻഗോവണിയാണ്"    

ആദ്യ കഥയായ കുളവാഴ ആഖ്യാനം കൊണ്ടും ഭാഷയുടെ പ്രയോഗവും നമ്മെ അത്ഭുതപ്പെടുത്തുംകഥയിലെ  സാഹചര്യങ്ങളെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്നതിനുള്ള രീതി മറ്റു കഥകളിൽ നിന്നും വളരെ വ്യത്യസ്‍തമാണ്. ഗർഭവതിയായകഥാ നായികയാണ് കഥ പറയുന്നത് അതും തന്റെ വയറ്റിൽ വളരുന്ന ഏതുനിമിഷവും അബോര്ഷന്റെ കൊടുങ്കാറ്റിൽ പറന്നു അലിഞ്ഞില്ലാതാകാൻ സാധ്യതയുള്ള ഒരു ജീവന്റെ തുടിപ്പിനോട്. "മെയിൽഷോവനിസത്തിന്റെ കടുത്ത മര്യാദ ലംഘനങ്ങളെ ഒരു സാമൂഹികക്കരാർ സിദ്ധാന്തമുപയോഗിച്ചാണ് ദേവദാസ് ചികില്സിക്കുന്നത്. പുരുഷമേധാവിത്വത്തിനെതിരെ ഗതിവേഗമുള്ള ഭാവനകളെയയയ്ക്കാൻ ഈ കഥാകാരൻ നടത്തുന്ന ശ്രമങ്ങൾ ഭാഷയുടെ ആയുധശേഖരമായി നാം മനസ്സിലാക്കേണ്ടതുണ്ട്" കഥയുടെ ആന്തരിക ഭംഗിയെ ഇതിനെക്കാൾ  നന്നായി വിവരിക്കാൻ ആകില്ല എന്നതിനാലാണ് അനുബന്ധ പഠനത്തിന്റെ വരികൾ ഇവിടെ കുറിച്ചിട്ടത്. സ്ത്രീ പുരുഷ ബന്ധത്തിന്റെ നേർരേഖ മുറിയുന്നത് കഥയിൽ വിവരിക്കുന്ന രീതി പെണ്ണിന്റെ കാഴ്ച മാത്രമായി ചുരുക്കി കാണേണ്ടതില്ല. "ഏറെ ഭാവി പദ്ധതികളും ജീവിതത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധമുണ്ടെന്നു കരുതിയിരുന്ന കാലത്താണ് ഞാനവനെ പ്രണയിക്കാൻ തുടങ്ങിയത്. അവന്റെയുള്ളിൽ സൂത്രശാലിയും അപകടകാരിയുമായ മറ്റൊരു ജീവിയുണ്ടെന്നു തിരിച്ചറിവുണ്ടായ കാലത്താണ് ഞാനവനെ ചെറുതായി ഭയപ്പെടാൻ തുടങ്ങിയത്. എങ്കിലും എന്നെയവൻ കൂടെകൂട്ടുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു.   കാര്യങ്ങളെങ്ങനെ മുന്നോട്ടു പോയികൊണ്ടിരിക്കെ ബന്ധത്തെ ഉറപ്പിക്കുന്നതിനും ശരീരത്തെ ശമിപ്പിക്കുന്നതിനുമായി ഞങ്ങൾ കാണിച്ച കുറുമ്പികൾക്കിടെ നേരവും സുരക്ഷയും തെറ്റിയൊരു നേരത്ത് നീയെന്റെ വയറ്റിൽ  ജീവനെടുത്തു"   സ്വാഭാവികമായും ഈ വരികളിൽ നിന്നും സെക്ടേഷ ധാരണ കിട്ടും എന്നായിരിക്കും കഥാവായനയുടെ തുടക്കത്തിൽ നമുക്ക് തോന്നുക എന്നാൽ തുടർന്നങ്ങോട്ട് കഥയുടെ ഒരു ഘട്ടം മാറുകയാണ്. ഗുണ്ടാ ആന്റണിയുടെ ഇടപെടൽ നമ്മെ സംശയം ജനിപ്പിക്കും എങ്കിലും അതും നായികയുടെ ഒരു തന്ത്രം ആയിരുന്നു എന്നത് കഥയിലെ പ്രധാന  ട്വിസ്റ്റ് ആണ്. ഗർഭസ്ഥ ശിശുവിനോട് അവർ തന്നെ പറയുന്ന കഥയാണ്. യാഥാർഥ്യവും ഭാവനയും സമന്വയിപ്പിച്ച് പക്വമായി കഥാരചന നടത്താൻ ദേവദാസിന് കഴിയുന്നുണ്ട്."മൂന്നുമാസമായി നീയെന്റെ വയറ്റിലുള്ള  കാര്യം എനിക്കും അവനും ഐകെയർ ഹോസ്പിറ്റലുകാർക്കും പിന്നെ നിനക്കും മാത്രമല്ലേ  അറിയൂ" ഇവിടെ നാലാമത്തെ ആളാണ് ഗർഭസ്ഥ ശിശുഅമ്മയും കുഞ്ഞും തമ്മിലുള്ള ജൈവികമായ ബന്ധത്തിനപ്പുറം സാമൂഹികമായ ഒരു സംവാദമാണ് അവര് തമ്മിൽ നടക്കുന്നത്. തികച്ചും അസ്വാഭികമാകാമായിരുന്ന ഈ രീതിയെ വളരെ സമർത്ഥമായി കഥയിലേക്ക്‌ ദേവദാസ് സമന്വയിപ്പിക്കുന്നു ഇവിടെയാണ് കഥ വിജയിക്കുന്നതും. ദേവദാസിന്റെ കഥയിലൊക്കെ തന്നെ അറിഞ്ഞോ അറിയാതെയോ മരണം ഒരു ഓർമ്മപ്പെടുത്തലാണ്. ഇവിടെയും ജനിച്ചില്ല എങ്കിലും നാളെയോ മറ്റന്നാളോ ആ ജീവൻ ഉദരത്തിൽ നിന്നും മുറിച്ചുമാറ്റുന്നതോടെ ഒരു ബന്ധത്തിന്റെ നേർരേഖ മുറിച്ചുമാറ്റുന്നു. ഗർഭാവസ്ഥയിൽ കഴിയുന്ന കുഞ്ഞിലേക്ക് പോലും സാമൂഹിക ജീവിതത്തിലെ ഭീഷണികൾ വിവിധ രൂപത്തിൽ ഇഴഞ്ഞുചെല്ലുകയാണ്ഗർഭസ്ഥ ശിശുവുമായുള്ള സല്ലാപം ഒരു സ്ത്രീക്ക് പറയാനുള്ള ധീരമായ കാൽവെപ്പുകളാണെന്നു പറയാതെ പറയുന്നു ഒപ്പം പുരുഷാധിപത്യത്തിന്റെ നെടുംതൂണുകളിൽ ശക്തമായ പ്രകമ്പനം ഉണ്ടാകാനും കഥയ്ക്ക് ആവുന്നുണ്ട്.  

കുളവാഴയിൽ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് അവനവൻ തുരുത്ത്ഇതുതന്നെയാണ് പുസ്തകത്തിന്റെ ശീർഷകവും. "പ്രതികാരം തീർന്നവന്റെ കൈയിലെ ആയുധം അർബുദംപോലെ അപകടമാണ്. അത് പിന്നെ കൈവശക്കാരനു  നേരെ തിരിയാനുള്ള ഉടയോനെത്തന്നെ ഇല്ലാതാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്" ഓരോ മനുഷ്യരും സ്വയം ഒരു ദ്വീപായി മാറുന്നുണ്ടോ എന്ന സംശയം ഒട്ടുമിക്കവരിലും ജനിച്ചിട്ടുണ്ടാകും സ്വയം ഒരു ദ്വീപായി ചുരുങ്ങിയ ഐസക്കിന്റെ മനോവിചാരങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. താൻ കണ്ടുതീർത്ത  ജീവിതങ്ങളിൽ നിന്നും ഉണ്ടായ  അനുഭവങ്ങൾ വരിഞ്ഞു മുറുക്കിയതിയാലാകാം തന്നിൽ പ്രതികാര വാഞ്ഛയുണ്ടാകുന്നത് നിരീശ്വരവാദത്തിൽ എത്തപ്പെടുന്നത്. കഥാ പഠനത്തിൽ സുനിൽ നൽകിയ വിവരണം വല്ല കൃത്യമാണ് "തിന്മ ശ്വസിച്ചുകഴിയുന്ന മനുഷ്യരുടെ ഏകാന്തതയ്ക്കും ഭയത്തിനും പ്രതികാരദാഹത്തിനും അധർമ്മത്തിന്റ രുചിയുണ്ടാകും" അവനവൻ തുരുത്ത് ഇക്കാര്യം വളിവാക്കുന്നത് ദേവദാസിന്റെ മികച്ച ആഖ്യാനത്തിലൂടെയാണ്. ജീവിതത്തെയും മരണത്തെയും ചുറ്റിത്തിരിഞ്ഞു നിൽക്കുന്ന ഈ മാന്ത്രികത തെല്ലൊന്നു മാറിയാൽ ഉണ്ടാകാവുന്ന വിരസതയെ  എഴുത്തിന്റെ മാന്ത്രികത കൊണ്ട് ഭംഗിയായി ഒഴിവാക്കുന്നു. 

പ്രണയ ജീവിതത്തിന്റെ വിചാരങ്ങളെ മനശാസ്ത്രപരമായി സമീപിക്കുന്ന "അഗ്രഹസ്തം" മരണമെന്ന യാഥാർഥ്യത്തെ അതിന്റെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന "നാടകാന്തം" നരകത്തിന്റെ കഥ പറയുന്ന "നഖശിഖാന്തം",  ചാച്ചാ, മാന്ത്രികപ്പിഴവ്  തുടങ്ങിയ മികച്ച ഏഴു  കഥകളുടെ സമാഹാരമാണ് അവനവൻതുരുത്ത്. ഏഴുകഥകളെയും സമഗ്രമായി വിലയിരുത്തുന്ന  സുനിൽ സി ഇ യുടെ 'വായനയുടെ പിരിയൻ ഗോവണികൾ' എന്ന അനുബന്ധ പഠനവും അനുയോജ്യനായി. പുതിയ തലമുറയിൽ ഏറെ പ്രതീക്ഷ തരുന്ന എഴുത്തുകാരനാണ് വി എം ദേവദാസ്. എഴുതുമ്പോൾ ഒക്കെ ഒരു എക്സ്ട്രാ ജീനിന്റെ പ്രതിപ്രവർത്തനം ഇപ്പോഴും ദേവദാസ് എന്ന എഴുത്തുകാരനിൽ സംഭവിക്കുന്നു എന്ന നിരീക്ഷണം അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ മനസിലാകും.   

അവനവൻതുരുത്ത്  
(കഥാ സമാഹാരം)
വി എം ദേവദാസ് 









പ്രസാധകർ:  ഡി സി ബുക്ക്സ്
112  പേജ്വില 100 

മാധ്യമം ഓൺലൈൻ മാഗസിനിൽ 2017 ജൂണിൽ വന്നത് 

http://54.186.233.57/literature/book-review/review-avanavan-thuruthu/2017/jun/12/271888