Tuesday 17 January 2017

“ഭംഗാസ്വനജന്മം”


നാടകം



കഥാപാത്രങ്ങൾ- വേഷം 
ആശാൻ:- എഴുപതിനോട് അടുത്ത പ്രായം,  നരച്ചതാടിയും മുടിയും, കണ്ണടനീണ്ട കാദർ ജുബ്ബ, തുണി

റഷീദ് :- മുപ്പതിനോട് അടുത്ത പ്രായം സാധാരണ വേഷം

ജോസഫ്:- നാല്പതിനോട് അടുത്ത പ്രായം സാധാരണ വേഷം 

ഒന്നാമൻ,
രണ്ടാമൻ,
മൂന്നാമൻ :- മൂന്നുപേരും യുവാക്കൾ. സാധാരണ വേഷങ്ങൾ തലയിൽ കെട്ട്
ര്‍ട്ടന്‍ ഉയരുമ്പോള്‍ മങ്ങിയ വെളിച്ചം. സമയം രാത്രി എട്ടുമണി. പശ്ചാത്തലം ഒരു വായനശാലയുടെ ഉള്‍ഭാഗം. ചുറ്റും പുസ്തകങ്ങള്‍ നിറച്ച അലമാരകള്‍, മുറിയുടെ മദ്ധ്യഭാഗത്തായി മേശയും കസേരയും മേശയുടെ ഇടതു വശത്തായി ബെഞ്ചും ഡെസ്ക്കും, ഡസ്ക്കില്‍ പരന്നു കിടക്കുന്ന പത്രങ്ങള്‍, ആനുകാലികങ്ങള്‍. അകത്തേക്ക് തുറക്കാന്‍ പാകത്തില്‍ ഉള്ള വാതില്‍. ഒരു വശത്ത് അടഞ്ഞു കിടക്കുന്ന (തുറക്കാന്‍ പറ്റാവുന്ന) ജനല്‍. പാതി മാത്രം ഉള്ള കര്‍ട്ടന്‍ (അല്പം പഴകിയത്). അടഞ്ഞു കിടക്കുന്ന വാതില്‍. താഴേക്ക് തൂങ്ങി കിടക്കുന്ന ഇലക്ട്രിക് ബള്‍ബ്. പശ്ചാത്തലത്തിൽ നേര്‍ത്ത സംഗീതം.

ആശാന്‍:-ഓരൊറ്റയെണ്ണം പുസ്തകോം, പത്രോം അടക്കി വെക്കില്ല...”

വാതില്‍ തുറന്ന് ആശാന്‍ അകത്തേക്ക് കടക്കുന്നു മുറി ആകമാനം ഒന്ന് നോക്കുന്നു പരന്നു കിടക്കുന്ന പത്രങ്ങളും പുസ്തകങ്ങളും കണ്ട് അല്പം നീരസത്തോടെ മേശപ്പുറത്ത് കിടക്കുന്ന പുസ്തകങ്ങള്‍ ഒതുക്കി വെക്കുന്നു.(ആശാന്‍ പിറുപിറുക്കുന്നു). എല്ലാം ഒതുക്കിയത്തിനു ശേഷം കസേര വലിച്ചിട്ട് അതില്‍ ഇരിക്കുന്നു മേശ വലിപ്പില്‍ നിനും രജിസ്റ്റര്‍ ബുക്ക്‌ എടുത്ത് എന്തോ എഴുതുന്നു.
അകത്തേക്ക് റഷീദും ജോസഫും കടന്നു വരുന്നു.
റഷീദ്:- “ആശാനെ... ഇത്തവണ നമുക്ക് നാടകം ചെയ്യേണ്ടേ?  
റഷീദും ജോസഫും മേശക്കരികില്‍ ഉള്ള ബെഞ്ചില്‍ വന്നിരിക്കുന്നു.
ജോസഫ്:- ആശാനേ... റഷീദ് പറഞ്ഞതിലും കാര്യണ്ട്, ആ കലാസമിതികാര് ഒരുക്കങ്ങള്‍ തൊടങ്ങി. നമ്മടെ നാടകേതാന്നാ അവര്ടെ ഒക്കെ നോട്ടം.
ആശാന്‍:- ഒരെണ്ണം മനസീകെടന്ന് പിടയുന്നുണ്ട്
റഷീദ്:- അപ്പൊ എഴുതിയിട്ടില്ലേ?...
ജോസഫ്:- അതൊക്കെ ആശാന്‍ വിചാരിച്ചാ ഒറ്റ ദിവസം മതി.!
റഷീദ്:- പക്ഷെ വിചാരിക്കണം.
ആശാന്‍:- കലാസമിതിക്കാര് തുടങ്ങട്ടെ. ഇത്തവണ നമുക്കൊരു പുതിയ നാടകം ചെയ്യാം!
ജോസഫ്:- ഏതാ നാടകം ആശാനെ. നാടകത്തിന്‍റെ പേര്?
ആശാന്‍:- പേരൊന്നും ഇട്ടിട്ടില്ല, അല്ലെങ്കിലും പേരിലൊക്കെ എന്തിരിക്കുന്നു. അതും മഹാഭാരത്തീന്ന് ആകുമ്പോള്‍!
റഷീദ്:- മഹാഭാരതത്തീന്നോ, അപ്പൊ പുരാണ നാടകമാണോ?
ആശാന്‍ ചിരിക്കുന്നു കസേരയില്‍ നിന്നെഴുന്നേറ്റ്‌ പുസ്തകങ്ങള്‍ വെച്ച അലമാരയില്‍ പുസ്തകങ്ങള്‍ തിരയുന്നു.
ജോസഫ്:- ആശാനെ ഈ മഹാഭാരതമൊക്കെ കൈകാര്യം ചെയ്യുമ്പോ സൂക്ഷിക്കേണ്ടേ, ഇതൊക്കെ എടുത്ത് കളിക്കാന്‍ പേടിയില്ലേ?
ആശാന്‍:- ഹ.. ഹ... എന്തിനു പേടിക്കണം, കടന്നല്‍ കൂട് കെട്ടിയ മരങ്ങള്‍ കണ്ട് തേനെടുക്കാന്‍ വരുന്ന വേടന്മാര്‍ ഭയന്ന് പിന്മാറാറുണ്ടോ? അതുപോലെയാ നമ്മള്‍ നാടകപ്രവര്‍ത്തകര്‍!
ജോസഫ്:- ഒന്ന് പറ ആശാനെ. മഹാഭാരതത്തില്‍ ഏതുഭാഗം? ഏതു കഥാപാത്രത്തെ പറ്റി?
ആശാന്‍:- മഹാഭാരതക്ഷീരപഥത്തില്‍ ആരും ശ്രദ്ധിക്കുന്ന പ്രമുഖ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ഏതോ വളവിലും തിരിവിലും ഒട്ടൊന്ന് ശ്രദ്ധിക്കാതെ എന്നാല്‍ പ്രാധാന്യമുള്ള ചില കഥാപാത്രങ്ങള്ണ്ട്.

റഷീദ് ഒരഭിനേതാവിനെപോലെ മുറിയുടെ മധ്യഭാഗത്തേക്ക് വരുന്നു നാടകീയത കലര്‍ന്നരീതിയില്‍ കൈകള്‍കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ച്

റഷീദ്:- സൂര്യപുത്രനായിട്ടും സൂതപുത്രനായി ജീവിക്കാന്‍ വിധിക്കപ്പെട്ടവന്‍, പാണ്ഡവജേഷ്ഠനാണെങ്കിലും കൌരവപക്ഷത്ത് നില്‍ക്കെണ്ടിവന്നവന്‍, സ്വന്തം സഹോദരനെതിരെ ശത്രുപക്ഷത്ത് നിന്ന് യുദ്ധം നയിക്കേണ്ടിവന്ന നിര്‍ഭാഗ്യവാന്‍, യോഗ്യത ഉണ്ടായിട്ടും അംഗരാജപദവി ദാനമായി വാങ്ങേണ്ടിവന്ന ദാനവ്രതന്‍. അതെ കര്‍ണ്ണനല്ലേ ആശാനേ ആ കഥാപാത്രം.
ആശാന്‍ ഒരു ചെറുപുഞ്ചിരി ചുണ്ടില്‍ ഒളിപ്പിച്ച് അല്ലെന്ന് തലയാട്ടുന്നു.റഷീദ് അതെ രീതിയില്‍ തന്നെ
റഷീദ്:- എന്നാല്‍ ഗുരുവിന് വിരല്‍ ദക്ഷിണയായി നല്‍കിയ ഏകലവ്യന്‍?
ആശാന്‍ രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കുന്നു. എന്നിട്ട് അതുമല്ലെന്ന് തലയാട്ടുന്നു.
ജോസഫ്:- എന്നാ ഞാന്‍ പറയാം, പത്മവ്യൂഹത്തിലകപെട്ട അഭിമന്യൂ?
ആശാന്‍:- അല്ല
റഷീദ്:- അതുമല്ലേ? ഇനി യയാതി ആകുമോ? അല്ലെങ്കില്‍ യൌവ്വനം അച്ഛനു ദാനം നല്‍കിയ പുരുവരസ്? ഇവര്‍ക്കിടയില്‍ അമ്മയോ ഭാര്യയോ എന്നറിയാതെ പിടയുന്ന ശര്‍മിഷ്ഠ?
ആശാന്‍:- യയാതിയൊക്കെ വിഎസ് ഖണ്ടേക്കര്‍ നമുക്ക് മുന്നിലേക്ക് ഒരു ലോകത്തെ തന്നെ തുറന്നു തന്നതല്ലേ. അതില്പരം പിന്നെ നമുക്കെന്ത് ചെയ്യാനാകും. മഹാഭാരതം കടല് പോലെ പറന്നു കിടക്കുകയല്ലേ! ഏതു തീരത്തടുത്താലും ഒരു പുതുലോകം കാണാം.
റഷീദും ജോസഫും ചിന്തിച്ചുകൊണ്ട് ഇരിക്കുന്നു. ആശാന്‍ പുസ്തകങ്ങള്‍ക്കിടയില്‍നിന്നും മഹാഭാരതം എടുക്കുന്നു. സ്റ്റേജില്‍ വെളിച്ചം കുറയുന്നു. പിന്നില്‍ നിന്നും ചെറിയ ശബ്ദത്തില്‍ മഹാഭാരത വായന, കേള്‍ക്കുന്നു മങ്ങിയ വെളിച്ചം മൂവരുടെയും മുഖത്ത് പതിയുന്നു. ആശാന്‍ അല്പം മുന്നോട്ട് വന്നുനിന്ന്
ആശാന്‍:- “യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന കുത്രച്ചില്‍”
വെളിച്ചം തെളിയുന്നു. രണ്ടുപേരും അത്ഭുതത്തോടെ ആശാന്റെ മുഖത്തേക് നോക്കുന്നു.
ആശാന്‍:- ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും, എന്നാല്‍ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടാകില്ല. അതാണ്‌ മഹാഭാരതം.
രണ്ടുപേരും മുഖത്തോട് മുഖം നോക്കുന്നു.
റഷീദ്:- ആശാനെ ഞാനൊരു സംശയം ചോദിച്ചോട്ടെ.
ആശാന്‍:- ഉം.
റഷീദ്:- ഈ പുരാണകഥ ഏശുമോ? ഇതിന്റെ സമകാലിക പ്രസക്തി ചോദ്യം ചെയ്യപ്പെടില്ലേ?

ആശാന്‍:- ഹ ഹ ഹ ... നമ്മടെ മിത്തുകളൊന്നും അത്രമോശമല്ല, അതൊക്കെ തിളക്കമുള്ളവയാ, പുരാണഇതിഹാസങ്ങളുടെ ആഴത്തെ അളക്കാന്‍ നമുക്കിന്നും ആയിട്ടില്ല.
ജോസഫ്:- ഈ ആസുരകാലത്ത്?
ആശാന്‍:- ഇപ്പോള്‍ തന്നെയാണ് പറയേണ്ടത്, ഈ കാലത്ത് തന്നെ, നിശബ്ദത നമ്മേ പടുകുഴിയില്‍ ചാടിക്കും. ഓരോ ശബ്ദവും മനുഷ്യന് വേണ്ടി ഉയരണം, അല്ലെങ്കില്‍ ഉയര്‍ത്തണം.
റഷീദ്:- ആശാനറിയാലോ? അന്ന് ഞാന്‍ കൃഷ്ണവേഷം ചെയ്തപ്പോ ഉണ്ടായ പുകില്.
ആശാന്‍:- റഷീദേ വിവരദോഷികള്‍, അവരാണോ ഈ ലോകം നിയന്ത്രിക്കുന്നത്, പോകാന്‍ പറ.
ജോസഫ്:- എന്നാലും?
ആശാന്‍ അവര്‍ക്ക് ചുറ്റും നടക്കുന്നു.
ആശാന്‍:- നിങ്ങള്‍ ഭയപ്പെടുന്ന പോലെ ജനങ്ങള്‍ അങ്ങനെയല്ല, കൂടുതല്‍ പേരും നമ ആഗ്രഹിക്കുന്നവരാ, പിന്നെ കുറച്ചുപേര്‍. ഒരു കുളം കലക്കാന്‍ ഒരു തുള്ളി വിഷം മതിയല്ലോ
റഷീദ്:- നാട്ടിലന്നെനിക്കും ഊരുവിലക്കായിരുന്നു. എന്തായിരുന്നു പ്രശ്നങ്ങള്‍, പെങ്ങള്ടെ കല്യാണം വരെ മുടക്കി,
ആശാന്‍;- ഇവര്‍ക്കൊക്കെ മനുഷ്യത്വം എന്താണെന്നറിയുമോ? ശവങ്ങള്‍!
ആശാന്‍ രോഷത്തോടെ മേശയില്‍ ഇടിക്കുന്നു. വെളിച്ചം കുറയുന്നു ചുവന്ന വെളിച്ചം തെളിയുന്നു. ആശാന്‍ മുന്നിലേക്ക് വന്നു കൈകള്‍ ഉയര്‍ത്തി
“മനുഷ്യന്‍ എത്ര സുന്ദരമായ പദം”
വെളിച്ചം കുറയുന്നു. മൂന്നുപേരും പോകുന്നു.
മേശപ്പുറത്തേക്ക് വെളിച്ചം വീഴുന്നു. ഒന്ന് രണ്ടു പുസ്തകങ്ങള്‍ തുറന്നു കിടക്കുന്നു. ആശാന്‍ ഇരുന്ന് എഴുതുന്നു ചുറ്റും ചുരുട്ടിയെറിഞ്ഞ കടലാസുകള്‍ എഴുതുന്നു കടലാസ് ചുരുട്ടി എറിയുന്നു, ഏറെ നേരം ചിന്തിച്ചിരിക്കുന്നു. ഇടക്ക് എഴുനേറ്റ് നടക്കുന്നു, അലമാരയില്‍ കൈകള്‍ വെച്ച് നില്‍ക്കുന്നു പെട്ടെന്ന് വീണ്ടും കസേരയില്‍ വന്നിരുന്ന് എഴുതുന്നു. കസേരയില്‍ ചാരി ഇരിക്കുന്നു. വെളിച്ചം കുറയുന്നു. ആശാന്‍ പുറത്തേക്ക് പോകുന്നു.

പുറത്ത് നിന്നും ബഹളം കേള്‍ക്കുന്നു. അട്ടഹാസങ്ങള്‍ കൊലവിളികള്‍ ആക്രോശങ്ങള്‍, ഒരു കലാപത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ശബ്ദ കോലാഹലങ്ങള്‍.
റഷീദും ജോസഫും ഓടിക്കിതച്ച് വാതില്‍ തള്ളിത്തുറന്ന് വാതില്‍ അടക്കുന്നു. പേടിയോടെ രണ്ടുപേരും പുറത്തേക്ക് വാതില്‍ പഴുതിലൂടെ നോക്കുന്നു. ഭയന്ന് വിറച്ച് രണ്ടുപേരും പരസ്പരം നോക്കുന്നു. പുറത്തപ്പോഴും ശബ്ദകോലാഹലങ്ങള്‍. അരണ്ട വെളിച്ചം.
റഷീദ്:- (കിതച്ചുകൊണ്ട്) ഭാഗ്യത്തിനാ രക്ഷപെട്ടത്.
ജോസഫ്:- ഞാനും, അവര്ടെ കയ്യീ കിട്ടീരുന്നെങ്കി എന്നെ വെട്ടികൊന്നെനെ?
വെളിച്ചം അണയുന്നു
ആശാന്‍ കസേരയില്‍ ഇരിക്കുന്നു. വാതിലില്‍ ശബ്ദത്തോടെ മുട്ട് കേള്‍ക്കുന്നു. ആശാന്‍ വാതില്‍ തുറക്കുന്നു. മൂന്നുപേര്‍ അകത്തേക്ക് പ്രവേശിക്കുന്നു ഒരാളുടെ കയ്യില്‍ വാളുമുണ്ട്. തബലയുടെ ദ്രുതതാളം.
തെല്ലു ഭയത്തോടെ എന്നാല്‍ ഭയം പുറത്ത് കാണിക്കാതെ
ആശാന്‍:- ആരാ നിങ്ങള്‍? നിങ്ങള്‍ക്കെന്ത്‌ വേണം?
ഒന്നാമന്‍:- എന്ത് വേണമെന്നല്ല എന്ത് വേണ്ടെന്നറിയിക്കാനാ ഞങ്ങള്‍ വന്നത്.
ആശാന്‍:- എന്നോട് എന്ത് വേണം എന്ത് വേണ്ടെന്ന് പറയാന്‍ നിങ്ങളാരാ?
രണ്ടാമന്‍:- (കൈചൂണ്ടി) വേണ്ട... ഒന്നോര്‍ത്തോ? നാടകം എന്നൊക്കെ പറഞ്ഞ് ഇനീം വന്നാല്‍ സ്വന്തം സമുദായമാണേ എന്നൊന്നും നോക്കൂലാ. (വാള് ചൂണ്ടി) തലയെടുക്കും.
ആശാന്‍:- എന്താ ഭീഷണിയാണോ?
മൂന്നാമന്‍:- അങ്ങനെതന്നെയെന്നുതന്നെ വെച്ചോ! ഇനീം ആ കള്ള റഷീദിനെ വെച്ച് നമ്മടെ മഹാഭാരതകഥ പറഞ്ഞ് നാടകം ചെയ്താ! ആ...
ആശാന്‍:- നീ പോടാ, മഹാഭാരതമെന്താ നിനക്കൊക്കെ തീറെഴുതി തന്നതാ,
രണ്ടാമന്‍ വെട്ടാന്‍ മുന്നോട്ട് അവരുന്നു ഒന്നാമന്‍ അയാളെ തടുക്കുന്നു.
ഒന്നാമന്‍:- വേണ്ടെടാ, ..ഈ മഹാഭാരതം വെച്ച്ചോണ്ടുള്ള കളി അങ്ങ് നിര്ത്തിയേക്ക്.. ട്ടഡാ.. ഉം..
ആശാന്‍:- എന്നാ ഇതുകൂടി കേട്ടോ? എന്റെ അടുത്ത നാടകം മഹാഭാരതം അടിസ്ഥാനമാക്കി തന്നെയാ, നിനക്കൊന്നും അറിയാത്ത നീയൊന്നും ജീവിതത്തില്‍ കേള്‍ക്കാത്ത അറിയാത്ത ഒരു ഭാഗത്തെ കുറിച്ച്. ആദ്യം അതൊക്കെ മുഴുവന്‍ പഠിച്ചിട്ടു വാടാ എന്നിട്ട് മതി ഈ ആവേശം.
രണ്ടാമന്‍:- (വാള് ചൂണ്ടി) നിന്നെ ഇപ്പൊ വെറുതെ വിടുന്നു, നീ ചെവിയില്‍ നുള്ളിക്കോ, ഈ നാടകമായി വന്നാല്‍, ആ......
അവര്‍ ദേഷ്യത്തില്‍ വാതില്‍ അടച്ച് അവര്‍ പോകുന്നു. സംഗീതം നിലക്കുന്നു.
അവര്‍ പോയതിനു ശേഷം പതുങ്ങി റഷീദും ജോസഫും കടന്നു വരുന്നു. രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിക്കുന്നുണ്ട്. റഷീദ് തല താഴ്ത്തി നില്‍ക്കുന്നു.
റഷീദ്:-  ആശാനെ എന്നോട് ക്ഷമിക്ക്, ഞാന്‍...
ജോസഫ്:- ഇവന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റാ ഇതിനൊക്കെ കാരണം, ആശാന്റെ നാടകത്തെപറ്റി ഇവനിട്ട പോസ്റ്റാ ഇവരെ ചൊടിപ്പിച്ചത്.
ആശാന്‍: സാരല്ലാ... എഴുതീട്ടില്ലാ, അതിനുമുമ്പേ വിലക്ക് എന്തൊരു ലോകാ ഇത്.
റഷീദ്:- ഞാന്‍ ഒരു കൌതുകത്തിനിട്ടതാ ആശാന്റെ അടുത്ത നാടകം മഹാഭാരതത്തിലെ ഇതുവരെ ആരും പറയാതെ പോയ കഥ അതിത്ര പുലിവാലാകുമെന്ന് കരുതിയില്ല.
ജോസഫ്:- ആശാനെ ഇനി നമുക്കിത് വേണോ?
ആശാന്‍:- നിനക്ക് പേടിണ്ടോ? പേടിച്ചിരിക്കേണ്ട സമയമല്ലിത്.
റഷീദ്:- ഞാനൊരു അഭിപ്രായം പറയട്ടെ ആശാനെ. നമുക്കാ അയണസ്കോയുടെ ‘കാണ്ടാമൃഗം’ കളിച്ചാലോ? അതാകുമ്പോ ഇതൊക്കെ പറയുകയുമായി എന്നാ  ഇവറ്റകള്‍ക്കൊന്നും മനസിലാകുകയുമില്ല.
ആശാന്‍: അത് നമ്മൾ തന്നെ കളിച്ചതല്ലേ ഇവറ്റകൾക്കുണ്ടോ അതൊക്കെ മനസിലാകുന്നു, മാത്രല്ല മനസിലാക്കണം, അതാണ് വേണ്ടത് പറയേണ്ടത് പറയേണ്ട സമയത്ത് പറയണം, ഇവരുടെയൊക്കെ ഭീഷണിക്ക് വഴങ്ങി ഇതൊക്കെ വേണ്ടാന്ന് വെക്കാന്‍ പറ്റോ? ഇല്ലല്ലോ?
രണ്ടുപേരും തലയാട്ടുന്നു,
ആശാന്‍:- ഇവിടേം വന്നിരുന്നു, അവന്മാര് കെടന്ന് കുരക്കട്ടെ, നമുക്കെന്താ,
റഷീദ്:- ന്നാലും ആശാനെ?
ആശാന്‍:- ഞാന്‍ എന്തെഴുതണം എന്ത് എഴുതേണ്ട, എന്ത് തിന്നണം, എന്ത് തിന്നണ്ട, എന്നൊക്കെ പറയാന്‍ ഇവന്മാരാരാ? നാടകം എഴുതീട്ടില്ല, എന്നിട്ടാ ഇപ്പൊ, ചിന്തക്ക് പോലും വിലക്ക് കഷ്ടം.
റഷീദ്:- എല്ലാവരിലും ഇത്തരത്തിലുള്ള ചിന്തകള്‍ വേഗത്തില്‍ പടരുന്നുണ്ട്, അതാ കാലം,
ആശാന്‍:- അതെ വികല ചിന്തകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന കാലം, അടിസ്ഥാനമില്ലാത്ത കലകള്‍ക്ക് ജനസമ്മിതി ലഭിക്കുന്ന കാലം,
ജോസഫ്: ആശാന്‍ നാടകത്തെ പറ്റി ഇനീം പറഞ്ഞില്ല!
റഷീദ്:- അത് ശരിയാ കേള്‍ക്കാനുള്ള ആകാംഷ കൊണ്ടാ.
ആശാന്‍:- ഞാന്‍ പറഞ്ഞില്ലേ മഹാഭാരതം ഒരു കടലാണെന്ന്, അതില്‍ നിരവധി ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും ഉണ്ട്. അതിലെ ഒരു ഉപാഖ്യാനത്തിലെ കഥാപാത്രമാണ് ഭംഗാസ്വനന്‍
റഷീദ്:- ഭംഗാസ്വനന്‍?

ജോസഫ്:- ഞാനാദ്യമായാ ഈ പേര് കേള്‍ക്കണതെന്നെ.
ആശാന്‍:- എന്റെ മനസ്സില്‍ ചില ചിത്രങ്ങള്‍ രൂപപെട്ടിട്ടുണ്ട്,
ആശാന്‍ റഷീദിനെ നോക്കുന്നു എഴുന്നേറ്റ്നിന്ന് റഷീദിന്റെ തോളിൽ  രണ്ടു കയ്യുംവെച്ച്
ആശാന്‍:- ഇവനാ എന്‍റെ ഭംഗാസ്വനന്‍
റഷീദിനെ ആശാന്‍ വട്ടം ചുറ്റുന്നു, വെളിച്ചം മിന്നിമറയുന്നു, പശ്ചാത്തലത്തില്‍  സംഗീതം.
റഷീദ്:- എനിക്കൊരു ഐഡിയയും ഇല്ലാത്ത കഥാപാത്രാ, കേട്ടിട്ടുപോലുമില്ല
ആശാന്‍:-  ഇതാരും അധികം കേട്ടിരിക്കില്ല, ആ കഥാപാത്രത്തിന്റെ വൈചിത്ര്യമാണ് എന്നെ ആകര്‍ഷിച്ചത്. ഒരു മനുഷ്യായുസ്സില്‍ ആര്‍ക്കും ലഭിക്കാതെപോയ രണ്ടു അനുഭവ തലങ്ങളുണ്ട് ഭംഗാസ്വനന്.
ജോസഫ്:- ആരും അധികം കേള്‍ക്കാത്ത ഈ കഥ സ്വീകരിക്കപെടുമോ?
ആശാന്‍:- ഉം. സ്വീകരിക്കപ്പെടണം, അത്രക്കും വൈചിത്ര്യം കഥയില്‍ ഉണ്ട്. അനുഗ്രഹം വാങ്ങാനായി എത്തിയ യുധിഷ്ഠരനോട്‌ ശരശയ്യില്‍ കിടന്നുകൊണ്ട് ഭീഷ്മ പിതാമഹന്‍ പറഞ്ഞ ധര്‍മ്മതത്വങ്ങള്‍ക്കിടയില്‍ ഇഹജീവിതത്തിന്റെ സംശയ നിവാരണത്തിനു ഉദാഹരണമായാണ് ഭംഗാസ്വനനെപറ്റി പറഞ്ഞത്. അധികമാര്‍ക്കും ഈ ഉപാഖ്യാനത്തെ പറ്റി അറിയില്ല. ഇനി നമ്മള്‍ നാടകമായിട്ടെ കാണൂ...
റഷീദ്:- അതെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച്.
റഷീദ് ചിരിക്കുന്നു വെളിച്ചം കുറയുന്നു. എല്ലാവരും പോകുന്നു.
വായനശാലയിലെ മേശയും കസേരയും ഒരു വശത്തേക്ക് ഒതുക്കിയിട്ടിരിക്കുന്നു നേരിയ വെളിച്ചം, ആശാനും റഷീദും ജോസഫും മറ്റു നാലുപേരും ചേര്‍ന്ന് വട്ടത്തില്‍ നില്‍ക്കുന്നു. നടുവില്‍ വിവരണം നല്‍കുന്ന ആശാന്‍, ആണ്ഗ്യങ്ങള്‍ മാത്രം ചെറിയ വെളിച്ചം അവര്‍ക്ക് നടുവില്‍ വീഴുന്നു. നേര്‍ത്ത സംഗീതം. റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങുന്നു.
ആശാന്‍ കയ്യടിച്ച് എല്ലാവരുടെയും ശ്രദ്ധ കൊണ്ടുവരുന്നു

ആശാന്‍:- നമ്മുടെ നാടകം എല്ലാവരും വായിക്കണം, ഇതൊരു മഹാഭാരത കഥയിലെ ഭാഗമാണ്. പ്രധാനകഥാപാത്രം ഭംഗാസ്വനന്‍ എന്ന പേരുള്ള ഒരു രാജാവാണ്,
എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുന്നു.
ആശാന്‍:- ഒരേ ജന്മത്തില്‍ തന്നെ ആണായും പെണ്ണായും ജീവിക്കാന്‍ അവസരം ലഭിച്ച ഒരാള്‍. 100 കുട്ടികളുടെ പിതാവായും 100 മാതാവായും ജീവിച്ച ഒരാള്‍.
റഷീദ്:- ങേ.. ആണും പെണ്ണോ ഒരാളോ?
ജോസഫ്:- ഇതൊരു സംഭവമാണല്ലോ ആശാനെ.
റഷീദ്:- ഈ കാലത്ത് ഇതിനു പ്രസക്തിയുണ്ടോ?
ആശാന്‍:- ഇതിഹാസങ്ങള്‍, മിത്തുകള്‍ ഇതിനൊക്കെ എന്നും പ്രസ്കതിയുണ്ട്, ഇന്ദ്രശാപമേറ്റ ഭംഗാസ്വനന്‍ സര്‍വമംഗല ആയതോടെ മനുജാതന്റെ സഖിയായി. പിന്നെ ക്ഷാപമോക്ഷം ലഭിച്ചപ്പോള്‍ സര്‍വ മംഗലയായി ജീവിതം തുടരാനാണ് അവര്‍ തീരുമാനിച്ചത്. ആണ്‍പെണ് വ്യത്യാസം നടമാടുന്ന ഇക്കാലത്ത് പെണ്ണിനെ മൂടിപ്പുതച്ച് വീട്ടിലിരുത്തണം എന്നുപറയുന്ന കാലത്ത്, ഈ കഥക്ക് ഏറെ പ്രസക്തിയുണ്ട്
റഷീദ്:- അതെ പെണ്ണ് പ്രസവിക്കാനുള്ള യന്ത്രം മാത്രമാണെന്ന് പറഞ്ഞ ഈ കാലത്ത്
ജോസഫ്:- അപ്പൊ ലിംഗമാറ്റ ശാസ്ത്രക്ക്രിയ അന്നേ ഉണ്ടായിരുന്നോ?
എല്ലാവരും ചിരിക്കുന്നു.
ആശാന്‍:- നമ്മുടെ നാടകത്തിന്റെ പേര് “ഭംഗാസ്വനജന്മം”   
വെളിച്ചം കുറയുന്നു എല്ലാവരും ചേര്‍ന്ന് നില്‍ക്കുന്നു, കൂട്ടമായി കൈകള്‍ മേലോട്ടുയര്‍ത്തി മുഷ്ടി ചുരുട്ടി പറയുന്നു
“ഭംഗാസ്വനജന്മം”   
വെളിച്ചം കുറയുന്നു എല്ലാവരും എല്ലാവരും പോകുന്നു

വായനശാല പഴയ പടി തന്നെ പുറത്ത് ശബ്ദ കോലാഹലങ്ങള്‍ ആക്രോശങ്ങള്‍  കേള്‍ക്കുന്നു റഷീദ് വാനശാലയിലെക്ക് ഓടി വീഴുന്നു പിന്നില്‍ വാളുമായി മൂന്നുപേരും ദ്രുതസംഗീതം  മിന്നിമറയുന്ന വെളിച്ചം കൂട്ടം ചേര്‍ന്ന്‍ മര്‍ദ്ദിക്കുന്നു മൂന്നാമന്‍ വാള്കൊണ്ട് വെട്ടുന്നു. വെട്ടുകൊണ്ട റഷീദ് പിടയുന്നു വായനശാലയിലേക്ക് ജോസഫും ആശാനും ഓടിയടുക്കുന്നു റഷീദിനെ വാരിയെടുക്കുന്നു
റഷീദ്:- ആശാനെ.. അവരാ സ്ക്രിപ്റ്റ് ചോദിച്ചു, ഞാന്‍... ഞാ.....ഞാ
റഷീദിന്റെ കണ്ണുകള്‍ അടയുന്നു. മുറിക്കകത്ത് ചിതറികിടക്കുന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് അത് വാരി ആശാന്‍ മുന്നിലേക്ക് വരുന്നു
ആശാന്‍:- എന്തിനാടാ നിങ്ങക്കീ നാടകം ഇന്നാ കൊണ്ടുപോയി തിന്ന് തിന്ന്
ജോസഫ് റഷീദിന്റെ കണ്ണുകള്‍ അടക്കുന്നു.
ജോസഫ്:- എന്തിനാ ആശാനെ അവരീ റഷീദിനെ കൊന്നത്?
ആശാന്‍:- ഒരു കൊലക്കും കാരണങ്ങള്‍ ഇല്ല, ഒരു വിലക്കിനും കാരണങ്ങള്‍ ഇല്ല... ഇല്ല...
രണ്ടുപേരും റഷീദിന്റെ മൃതദേഹം താങ്ങി നില്‍ക്കുന്നു.   
        ---------------------------കര്‍ട്ടന്‍---------------------------